ADVERTISEMENT

നല്ല പാട്ടുകളുടെ ചന്ദ്രനുദിക്കുന്ന ദിക്കില്‍ നിന്ന് ലാല്‍ജോസിന്റെ സിനിമകളെന്നും എത്തിനോക്കും. അത് കേള്‍വിയിലും ചിത്രീകരണത്തിലുമൊക്കെ ഡയമണ്ട് നെക്ളേസ്പോലെ തിളങ്ങുകയും മുല്ല പോലെ സുഗന്ധം പരത്തുകയുംചെയ്യും. ലാല്‍ജോസും പാട്ടുകളും തമ്മില്‍ അത്രമേല്‍ ചേര്‍ന്നിരിക്കുന്നതുകൊണ്ടാകാം അത്. രസികര്‍ക്ക് എന്നും നീലത്താമരപോലെ പ്രിയപ്പെട്ടതായിരുന്നു ലാല്‍ജോസ് ചിത്രത്തിലെ ഗാനങ്ങള്‍. സംഗീതവും അക്ഷരങ്ങളും ഞാന്‍ മുന്‍പേ, ഞാന്‍ മുന്‍പേ എന്ന ഭാവത്തില്‍ മത്സരിച്ച ഗാനങ്ങള്‍. മലയാളികളുടെ ഈ പ്രിയപ്പെട്ട സംവിധായകന്‍ തന്റെ ചിത്രത്തിലടക്കം ഗാനങ്ങള്‍ എഴുതിയിട്ടുണ്ട് എന്നു പറഞ്ഞാല്‍ വിശ്വസിക്കുമോ? അവിശ്വസനീയതയുടെ ഒരു മറവത്തൂര്‍ കനവൊന്നുമല്ല ഈ പറഞ്ഞത്. ലാല്‍ജോസ് സംവിധായകനും നടനും കഥാകൃത്തും നിര്‍മാതാവും മാത്രമല്ല, നല്ല പാട്ടെഴുത്തുകാരനുമാണ്.

 

ഗാനരചനയും നടത്തിയായിരുന്നു മലയാള സിനിമയിലേക്കുള്ള ലാല്‍ജോസിന്റെ രംഗപ്രവേശം എന്നു പറഞ്ഞാലും തെറ്റുപറയാന്‍ പറ്റില്ല. അതും ആദ്യഗാനത്തിനു സംഗീതം നല്‍കുന്നതു സാക്ഷാല്‍ ജോണ്‍സണ്‍ മാസ്റ്ററും. അവിശ്വസനീയമായ ആ മുഹൂര്‍ത്തത്തിലേക്ക് എത്തിച്ചേര്‍ന്നതാകട്ടെ തീര്‍ത്തും അവിചാരിതമായി. സാഹചര്യംകൊണ്ട് പാട്ടെഴുത്തുകാരനായതോ, സംവിധാന സഹായിയായി ഹരിശ്രീ കുറിച്ച ആദ്യ സിനിമയിലും.

 

1989 കാലഘട്ടം. കമലിന്റെ പ്രദേശിക വാര്‍ത്തകളെന്ന സിനിമയുടെ റീ റെക്കോര്‍ഡിങ് മദ്രാസില്‍ പുരോഗമിക്കുകയാണ്. ലാല്‍ജോസും കമലിനൊപ്പം തന്നെയുണ്ട്. പെരുവണ്ണാപുരത്തെ വിശേഷങ്ങളിലെ ടൈറ്റില്‍ ഗാനമായ 'ഏലപുല ഏലോ' പോലെ നാടന്‍ ശൈലിയിലുള്ള ഒരു പാട്ട് ഈ ചിത്രത്തിലും വേണം. കമല്‍ തന്റെ ആഗ്രഹം ജോണ്‍സനോടു പങ്കുവച്ചു. നേരം വൈകിയ നേരമാണ്. ആരെക്കൊണ്ട് ഉടനെ ഒരു പാട്ടെഴുതിയ്ക്കാനാണ്! മറ്റു ഗാനങ്ങളെഴുതിയ ഷിബു ചക്രവര്‍ത്തി നാട്ടിലേക്കു മടങ്ങുകയും ചെയ്തു. എല്ലാവരും ധര്‍മസങ്കടത്തിലായതോടെ അതിനൊരു പരിഹാരം കണ്ടെത്തിയത് ലാല്‍ജോസാണ്. തന്റെ സഹവാസിയും ഗാനരചയിതാവാകാന്‍ കൊതിച്ചു നടക്കുന്നതുമായ വേണുഗോപാല്‍ ചൊക്ലിയുടെ പേര് നിര്‍ദേശിച്ചു. കമലും അതിന് എതിര്‍പ്പൊന്നും പറഞ്ഞില്ല. അങ്ങനെയെങ്കില്‍ അടുത്ത ദിവസംതന്നെ നാലുവരി നാടന്‍പാട്ടെഴുതി വാങ്ങാന്‍ നിര്‍ദേശവും നല്‍കി.

 

മുറിയിലെത്തിയിട്ടും സുഹൃത്തിനെ കാണാനില്ല. ഒടുവില്‍ തപ്പി കണ്ടെത്തി കാര്യം പറഞ്ഞു. 'ജോണ്‍സണ്‍ മാഷിന്റെ സംഗീതം, കമല്‍ സാറിന്റെ സിനിമ... നിനക്കിത് രക്ഷപ്പെടാന്‍ നല്ലൊരു ചാന്‍സാണ്.' വേണുഗോപാലിനും അതിന്റെ ഗൗരവം പിടികിട്ടി. സുഹൃത്തിനെ കെട്ടി പിടിച്ചു. സിനിമയുടെ കഥാസാരവും ടൈറ്റില്‍ ഗാനമാണെന്നുമൊക്കെ വിശദമായി പറഞ്ഞുകൊടുത്തു. പക്ഷേ നിര്‍ഭാഗ്യമെന്നു പറയട്ടെ, പേപ്പറും പേനയും വന്നതോടെ വേണുവിനെ വിറയ്ക്കാന്‍ തുടങ്ങി. ഇത് ശരിയാകുമോ എന്ന ആശങ്ക അതിലും ഏറെ. ഒടുവില്‍ എന്താണീ നാടന്‍പാട്ടെന്നു വരെയായി കൂട്ടുകാരന്റെ ചോദ്യം. കോളജ് കാലഘട്ടത്തില്‍ അഭിനയിച്ച നാടകത്തിലെ ഒരു നാടന്‍പാട്ട് ലാല്‍ജോസിന്റെ മനസ്സിലേക്ക് ഓടിയെത്തി. ആ വരികള്‍ മൂളിക്കേള്‍പ്പിച്ചു. അതിലെ 'താരികം താരോ...' എന്ന വായ്ത്താരി പിടിച്ച് എഴുതാനും നിര്‍ദേശം നല്‍കി. മനസ്സില്‍ എന്തൊക്കയോ മിന്നി മറഞ്ഞു. പിന്നെ ബീഡിയും വലിച്ച് ആ രാത്രി പകലാക്കി. മുഴുവന്‍ നാടന്‍പാട്ടുകളേയും ആവാഹിച്ച് പേപ്പറിലേക്ക് എത്തിക്കാനുള്ള ഭാവത്തില്‍ വേണുഗോപാല്‍ ഇരുന്നു.

 

നേരം പുലര്‍ന്നതോടെ ലാല്‍ജോസ് ഉണര്‍ന്നതു തന്നെ നാടന്‍പാട്ടു പ്രതീക്ഷിച്ചാണ്. പാട്ടായിട്ടില്ല, കൂട്ടുകാരന്‍ കൂട്ടുകാരനെ കൈമലര്‍ത്തി കാണിച്ചു. എന്തായാലും പിടിച്ചത് പുലിവാലാണെന്നു ലാല്‍ജോസിനു മനസ്സിലായി. പാട്ടില്ലാതെ ചെന്നാല്‍ കടുത്ത അപമാനം ഏറ്റുവാങ്ങേണ്ടി വരും. അതും ആദ്യ സിനിമ. എന്തായാലും പേരിനെങ്കിലും ഒരു പാട്ടുമായി പോയേ മതിയാവു. അങ്ങനെ രക്ഷപ്പെടാനായി ലാല്‍ജോസ് ഗാനരചയിതാവായി. 'താരികം താരെ' തന്നെ പിടിച്ചു തുടങ്ങി.

 

താരികം താരോ... താരികം താരോ....

കൂമന്മാര്‍ ഊരിന്റെ അതിരുതാണ്ട്യേ

പിന്നെന്തേ പിന്നെന്തേ ചൊല്ലു മൂപ്പാ...

പിന്നെ പലകുറി വര്‍ഷം വന്നേ...

പിന്നെന്തേ പിന്നെന്തേ ചൊല്ലു മൂപ്പാ...

പിന്നെ പലകുറി തെയ്യം വന്നേ...

പിന്നെന്തേ പിന്നെന്തേ ചൊല്ലു മൂപ്പാ...

പിന്നേ പറയേണ്ട കാര്യമില്ലാ....

 

 

ലാല്‍ജോസ് കയ്യില്‍ മുറുകെ പിടിച്ച പേപ്പറുമായി സ്റ്റുഡിയോയിലെത്തി. പാട്ടെഴുതിയത് കമലിന് നേരെ നീട്ടി. 'സാര്‍ ഇങ്ങനെ മതിയോ?' കമല്‍ ഗൗരവത്തോടെ പാട്ടുവായിച്ചു. മുഖത്ത് പുഞ്ചിരി വിരിഞ്ഞു. 'തന്റെ കൂട്ടുകാരന്‍ കൊള്ളാമല്ലോടാ...' ലാല്‍ജോസിന് അതോടെ ആശ്വാസമായി. അപ്പോഴേക്കും ജോണ്‍സനും എത്തി. വരികള്‍ വായിച്ച ജോണ്‍സണ്‍ അതിവേഗത്തില്‍ ട്യൂണുമിട്ടു. ലാല്‍ജോസിന്റെ ഹൃദയം സന്തോഷംകൊണ്ടു നിറഞ്ഞു. തന്റെ വരികള്‍ക്കു ജീവന്‍ വച്ചിരിക്കുന്നു. അതും ജോണ്‍സണ്‍ മാഷുടെ സംഗീതത്തില്‍, എന്തൊരു ഭാഗ്യമാണിത്... വരികള്‍ അവസാനിച്ചതോടെ ജോണ്‍സണും ചിരിച്ചു. 'സംഭവം ഇതുമതി, പക്ഷേ രണ്ടുവരികൂടി വേണം' എന്നു മാത്രം പറഞ്ഞു. അങ്ങനെ എങ്കില്‍ പാട്ടെഴുതിയ കൂട്ടുകാരനെ വിളിക്കാന്‍ കമല്‍ നിര്‍ദേശവും നല്‍കി. ലാല്‍ജോസിന് വീണ്ടും ടെന്‍ഷനായി. 'ഇത് ഞാനെഴുതിയതാണ് സര്‍, ഇനി രണ്ടുവരികൂടി എഴുതാന്‍ എനിക്കാകില്ലെന്ന'് പുഞ്ചിരിച്ചുകൊണ്ടു പറഞ്ഞു. പിന്നീട് കമലിന്റെയും സഹായത്തോടെയാണ് ലാല്‍ജോസ് ഈ ഗാനം പൂര്‍ത്തിയാക്കുന്നത്. അങ്ങനെ ലാല്‍ജോസ് ആദ്യമായി പാട്ടെഴുത്തുകാരനായി. 'സത്യത്തില്‍ അന്നത്തെ സാഹചര്യംകൊണ്ട് എഴുതിപോയതാണ്. വേറെ വഴിയില്ലല്ലോ. മുന്‍പങ്ങനെ പാട്ടെഴുതിയ ശീലവും ഇല്ല എനിക്ക്. എന്തോ ഭാഗ്യത്തിന് അത് ശരിയായി വന്നുവെന്നു മാത്രം. പിന്നെ അതിനെ പാട്ടെഴുത്തായിട്ടൊന്നും കാണാനും കഴിയില്ലല്ലോ' താന്‍ ആദ്യമായി പാട്ടെഴുതിയ കഥ ലാല്‍ജോസ് ഓര്‍ത്തെടുത്തു.

 

സിനിമയുടെ ടൈറ്റിലിലും എന്‍ഡ് ടൈറ്റിലിലും ആ ഗാനം വന്നു. ഗാനമടക്കം എഴുതിയിട്ടും ആ സിനിമയില്‍ ലാല്‍ജോസിന്റെ പേരു വന്നില്ല. 'അന്ന് ടൈറ്റിലിലൊക്കെ പേരു ചേര്‍ക്കണമെങ്കില്‍ വലിയ ചെലവാണ്. ചിത്രത്തില്‍ അസിസ്റ്റന്റായിട്ട് ഞാന്‍ മാത്രമേയുള്ളു. എന്റെ പേരുമാത്രമായിട്ട് ചേര്‍ക്കണമെങ്കില്‍ അതൊരു ചെലവാണല്ലോ. ഒഴിവാക്കേണ്ട പേരുകളുടെ കൂട്ടത്തില്‍ എന്റെ പേരും വന്നു. അങ്ങനെ ആദ്യമായി വര്‍ക്കു ചെയ്ത സിനിമയില്‍ എന്റെ പേരു വന്നില്ല. അന്ന് അത് വലിയ സങ്കടമായി. പക്ഷേ ആ പാട്ടുവന്നത് വലിയ സന്തോഷമായി,' ലാല്‍ജോസ് പറയുന്നു.

 

മാധവന്റെ മീശതൊട്ട പാട്ട്

 

കള്ളന്‍മാധവന്റെ കഥ പറഞ്ഞ മീശമാധവനിലെ ഗാനങ്ങള്‍ എഴുതിയത് ഗിരീഷ് പുത്തഞ്ചേരി മാത്രമാണെന്നു പറയാന്‍ വരട്ടെ. മീശമാധവനിലും ഗാനരചയിതാവായി മാറിയ കഥ പറയാനുണ്ട് ലാല്‍ജോസിന്. ചിത്രത്തിന്റെ റീറെക്കോര്‍ഡിങ് ചെന്നൈയില്‍ നടക്കുന്ന സമയം. കള്ളന്‍ മാധവന്‍ കൃഷണവിലാസം ഭഗീരഥന്‍പിള്ളയുടെ വീട്ടിലെത്തി ആധാരം മോഷ്ടിക്കുന്ന രംഗം സംഗീതമയമാക്കന്‍ വിദ്യാസാഗര്‍ ഒരുങ്ങുകയാണ്. കള്ളന്‍മാധവന്റെ ഓടിളക്കിയുള്ള വരവും താക്കോല്‍ മോഷണവുമൊക്കെ അടക്കം വലിയൊരു ഭാഗമാണത്. സംഭാഷണങ്ങളില്ലാത്തതുകൊണ്ട് അത്രയും നേരം മ്യൂസിക് മാത്രമായാല്‍ ബോറാകും. 'നമുക്കവിടെ ഒരു ചെറിയ പാട്ടിട്ടാലോ...' വിദ്യാസാഗറിന്റെ ആശയം ലാല്‍ജോസിനും ഇഷ്ടപ്പെട്ടു. പക്ഷേ ആര് പാട്ടെഴുതാനാണ്? ചിത്രത്തിലെ പാട്ടുകളൊക്കെ നേരത്തെ തന്നെ ഗിരീഷ് പുത്തഞ്ചേരി എഴുതിയതാണ്. പക്ഷേ അന്നിങ്ങനെയൊരു പദ്ധതിയില്ലായിരുന്നു. റിലീസ് തീയതി അടക്കം നിശ്ചയിച്ച സിനിമയാണ്. ഈ പാട്ടിനുവേണ്ടി ആരേയും കാത്തിരിക്കാനും നേരമില്ല. ഒടുവില്‍ നേരമില്ലാത്ത നേരത്ത് ലാല്‍ജോസ് വീണ്ടും പാട്ടെഴുത്തുകാരനായി.

 

മീശ മീശ മീശപിരിച്ചാല്‍

വാശി വാശി വാശി പിടിച്ചാല്‍

പഠിച്ചകള്ളന്‍ പണിപറ്റിക്കും

കണ്ടാല്‍ മിണ്ടണ്ടാ...

കടകണ്ണിലൊരു തിളക്കം കണ്ടാല്‍

മിണ്ടാന്‍ പോകണ്ട...

 

മീശമാധവന്‍ സിനിമയ്ക്കൊപ്പം ഈ പാട്ടും ഹിറ്റായി. പക്ഷേ പാട്ടെഴുതിയത് ലാല്‍ജോസാണെന്ന് ആരും തിരിച്ചറിഞ്ഞില്ല. അത് അദ്ദേഹം ആഗ്രഹിച്ചിരുന്നില്ല എന്നതു മറ്റൊരു സത്യം. ചിത്രത്തിലെ മറ്റു ഗാനങ്ങളെഴുതിയ ഗിരീഷ് പുത്തഞ്ചേരി തന്നെയാണ് ഈ ഗാനവും എഴുതിയത് എന്ന് പലരും കരുതി. മീശമാധവനില്‍  ഈപ്പന്‍പാപ്പച്ചി മാധവനെക്കൊണ്ട് മീശ പിരിപ്പിക്കുമ്പോഴുള്ള 'പാറാവുഷാര്‍' എന്ന വരിയും എഴുതിയത് ലാല്‍ജോസാണ്.

 

പുള്ളിപ്പുലികളും ആട്ടിന്‍കുട്ടികളുമെന്ന ചിത്രത്തിന്റെ റീറെക്കോര്‍ഡിങ്ങിന് ഇടയിലാണ് ലാല്‍ജോസ് വീണ്ടും ഗാനരചയിതാവാകുന്നത്. ചിത്രത്തിന്റെ ടൈറ്റില്‍ രംഗങ്ങള്‍ കണ്ടപ്പോള്‍ ഇവിടെയും ചെറിയൊരു പാട്ടുവന്നാല്‍ നന്നായിരിക്കുമന്നു നിര്‍ദേശിച്ചതു സംഗീതസംവിധായകനായ വിദ്യാസാഗര്‍ തന്നെ.

 

മാനം കറുക്കണേ...

കുറുകുറുകുനേ മേഘം കുറുകണേ

ചേമ്പിലക്കുട കൊണ്ടുത്തായോ....

 

നാടന്‍പാട്ടിന്റെ ഛായയുള്ള പാട്ടെഴുതാന്‍ ലാല്‍ജോസിനും അധികം നേരം വേണ്ടിവന്നില്ല. 'ഇതൊക്കെ അവിചാരിതമായി സംഭവിച്ചതാണ്. മറ്റൊരു എഴുത്തുകാരനെ കാത്തിരിക്കാന്‍ സമയമില്ലെന്നു തിരിച്ചറിയുമ്പോള്‍ മാത്രം. പുള്ളിപ്പുലികളും ആട്ടിന്‍കുട്ടിയും എന്ന ചിത്രത്തില്‍ ഗോപന്റെ ഹൗസ് ബോട്ട് കരയിലേക്ക് എത്തുമ്പോഴുള്ള 'ഷാപ്പിന്റെ മുറ്റത്തെ ആടുന്ന തേങ്ങേ... ഒരുകുടം കള്ളു കടം തരാമോ...' എന്ന കുഞ്ഞുപാട്ടും സാഹചര്യംകൊണ്ട് എഴുതി പോയതാണ്,' ലാല്‍ജോസ് പറയുന്നു.

 

ഹല്‍വയെ വെണ്ണിലാവാക്കിയ ലാല്‍ജോസ്

 

ഏതെങ്കിലും ട്യൂണ്‍ കേട്ടപ്പോള്‍ ഉള്ളിലെ ഗാനരചയിതാവ് അറിയാതെ ഉണര്‍ന്നോ എന്ന ചോദ്യത്തിന് ലാല്‍ജോസിന്റെ നിറഞ്ഞ ചിരിയായിരുന്നു ആദ്യ മറുപടി. 'ക്ലാസ്മേറ്റ്സിലെ 'എന്റെ ഖല്‍ബിലെ വെണ്ണിലാവു നീ നല്ല പാട്ടുകാരാ' എന്ന പാട്ടില്‍ 'വെണ്ണിലാവിനു' പകരം ശരത് ആദ്യം എഴുതിയത് 'ഹല്‍വ' എന്നാണ്. ഞാനാകെ പറഞ്ഞത് 'ഹല്‍വ' നമുക്ക് വെണ്ണിലാവാക്കാം എന്നു മാത്രമാണ്,' ലാല്‍ജോസ് പറയുന്നു.  

 

'മീശമാധവനിലേക്ക് ഒരു ടൈറ്റില്‍ സോങ് ഉള്‍പ്പെടുത്താം എന്ന തീരുമാനവും പെട്ടെന്നു വന്നതായിരുന്നു. അങ്ങനെ തിരക്കഥാകൃത്ത് സിന്ധുരാജാണ് 'എലവത്തൂര് കായലിന്റെ' എന്ന ഗാനം നിര്‍ദേശിക്കുന്നത്. എഴുതിയത് ആരെന്ന് അറിയാത്ത ഒരു പഴയ നാടന്‍പാട്ടാണ് അതെന്നാണ് ഞങ്ങള്‍ കരുതിയിരുന്നത്. അങ്ങനെ മാധുരിയുടെ ശബ്ദത്തില്‍ ആ ഗാനം സിനിമയിലെത്തി. പിന്നീട് അറുമുഖന്‍ വെങ്കിടങ്ങ് അത് താന്‍ എഴുതിയ ഗാനമാണതെന്നു പറഞ്ഞു. സത്യത്തില്‍ അതുവരെ ഞങ്ങള്‍ക്ക് അത് അറിയില്ലായിരുന്നു. പകരം മറ്റൊരു ചിത്രത്തില്‍ അദ്ദേഹത്തിന് അവസരം നല്‍കാനും തീരുമാനിച്ചു. എന്തായാലും അടുത്തൊരു ചിത്രത്തില്‍ നാടന്‍പാട്ടിന്റെ ശൈലിയിലൊരു ഗാനം ആവശ്യമായി വന്നു. അന്ന് ഞാനാദ്യം ഓര്‍ത്തത് അറുമുഖന്‍ ചേട്ടനെയായിരുന്നു. പക്ഷേ നിര്‍ഭാഗ്യമെന്നു പറയട്ടെ ഞാന്‍ കണ്‍ട്രോളറോട് പറഞ്ഞ പേരു മാറി പോയി. അങ്ങനെ ആ ഗാനം എഴുതാനെത്തിയത് മറ്റൊരു ഗാനരചയിതാവാണ്.  എന്തായാലും അറുമുഖന്‍ ചേട്ടന്റെ കടം അങ്ങനെ നില്‍ക്കുകയാണ്. അത് വീട്ടുക തന്നെ ചെയ്യും,' ലാല്‍ജോസ് പറയുന്നു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com