ADVERTISEMENT

‘‘അദ്ദേഹം വരുമോ? വർഷങ്ങളായി ഒഴിഞ്ഞു നിൽക്കുന്ന ആളല്ലേ...’’ സൃഷ്ടിച്ച പാട്ടുകളുടെ കണക്കെടുത്താൽ ഉമ്മറത്താണെങ്കിലും സാന്നിധ്യം കൊണ്ട് ബോളിവുഡിന്റെ പിന്നാമ്പുറത്തായിപ്പോയ ശർമാജിയെ തന്റെ സിനിമയ്ക്കായി പാട്ടൊരുക്കാൻ കിട്ടുമോ എന്നാണ് എംടിയുടെ ആശങ്ക. ‘‘എന്തായാലും അവിടെവരെയൊന്ന് പോകണമെന്നല്ലേയുള്ളൂ. നമുക്ക് പോയിനോക്കാം’’ മലയാളത്തിന്റെ എക്കാലത്തെയും മികച്ച സംവിധായകരിൽ ഒരാളായ ഹരിഹരന് പക്ഷേ അത്ര ആശങ്കയില്ല. തന്നെയുമല്ല ഹരിഹരൻ തന്നെയാണല്ലോ ശർമാജിയെ കൊണ്ടുവരാമെന്ന ആശയം മുന്നോട്ടുവച്ചതു പോലും. അതു നന്നേ ബോധിച്ചുവെങ്കിലും ഒരു ‘വനവാസ’ത്തിലായ ശർമാജി തനിക്ക് ഒട്ടും പരിചിതമല്ലാത്ത ഒരന്തരീക്ഷത്തിലേക്കു വരുമോ എന്നതാണ് കഥ തയാറാക്കി കാത്തിരിക്കുന്ന എംടി യെ അലട്ടുന്നത്. എന്തായാലും ചർച്ചകൾ അധികം നീണ്ടില്ല. ശർമാജിയെ നേരിൽ കാണാനുറപ്പിച്ച ഇരുവരും ഒട്ടും വൈകാതെ മുംബെയ്ക്കു വണ്ടി കയറി. ‘‘ചൗദവിം കാ ചാംദ് ഹോ യാ ആഫ്താബ് ഹോ....’’ പറിച്ചു മാറ്റപ്പെടാനാവാത്ത ആ ഈണം ഇരുവരുടെയും ഹൃദയത്തിൽ എന്തിനെയോ മോഹിച്ചിട്ടെന്നവണ്ണം അപ്പോഴും അലയടിച്ചു കൊണ്ടേയിരുന്നു.  

 

മുംബൈ അന്ധേരിയിലെ 14th മീരാബാഗിലെ വസതിയായ ‘വചനി’ൽ തന്നെ തിരക്കിയെത്തിയ രണ്ടു മലയാളികളെ കണ്ട് ശർമാജിക്ക് അദ്ഭുതം. വന്നകാര്യം പറഞ്ഞപ്പോൾ ആ അദ്ഭുതം ഏറി. ‘‘ഐ ഡോണ്ട് നോ യുവർ ലാംഗ്വേജ് ആൻഡ് ഐ വോണ്ട് ഗിവ് യു എ ട്യൂൺ വിത്തൗട്ട് ലിറ്ററേച്ചർ!’’ ഉത്തരേന്ത്യയിൽനിന്നു ‘വിരുന്നെത്തിയവർ’ മലയാളത്തിൽ സൃഷ്ടിച്ച അദ്ഭുതങ്ങളെപ്പറ്റി ശർമാജിയും കേട്ടിട്ടുണ്ട്. അവർ ഒരുക്കുന്ന ഈണത്തിനനുസരിച്ചാണു പാട്ടുകൾ പിറക്കുന്നതെന്നും അറിഞ്ഞുവച്ചിട്ടുള്ളതു കൊണ്ട് അത്തരമൊരു രീതിയെ ഉൾക്കൊള്ളാനാവാത്ത, നിരവധി ഹിറ്റുകൾ സൃഷ്ടിച്ച ആ പ്രതിഭ തന്നെ തിരക്കിയെത്തിയവരോടു തുറന്നു പറയാൻ അന്ന് മടിച്ചില്ല.

 

പക്ഷേ ശർമാജിയുടെ ഈണങ്ങളെ ഏറെ ആരാധിച്ചുപോന്ന എംടിയും ഹരിഹരനും എന്തു വിട്ടുവീഴ്ചയ്ക്കും ഒരുക്കമായിരുന്നു. ആദ്യം വരികൾ കൊടുക്കണം, അതിന്റെ കഥാസന്ദർഭവും സിനിമയ്ക്കു പശ്ചാത്തലമാക്കുന്ന നാടിന്റെ പ്രത്യേകതകളും കൃത്യമായി മനസ്സിലാക്കിക്കൊടുക്കണം - ശർമാജി തന്റെ ഡിമാൻഡുകൾ മുന്നോട്ടുവച്ചു. എന്നാൽ ശർമാജിയിലെ പ്രതിഭയെ വർഷങ്ങൾക്കു മുമ്പേ തിരിച്ചറിഞ്ഞ് ആരാധിച്ചു പോരുകയായിരുന്ന അവർക്ക് അത് നൂറുവട്ടം സമ്മതമായിരുന്നു! ‘‘ശർമാജി, ഞങ്ങൾക്കുമുണ്ട് ഒരു എളിയ ഡിമാൻഡ്.’’ ഹരിഹരൻ പെട്ടെന്ന് അതു പറയുമ്പോൾ ഇരുവരുടേയും മുഖത്തേക്ക് പാട്ടുവഴിയിലെ ഉത്തരേന്ത്യൻ ലെജൻഡ് മാറി മാറിയൊന്നു നോക്കി. ‘‘ടൈറ്റിലിൽ അങ്ങയുടെ പേര് ഞങ്ങൾ 'ബോംബെ രവി' എന്നാക്കും. വിരോധമില്ലല്ലോ!’’ ദില്ലിയിൽ ജനിച്ചു വളർന്ന് മുംബൈ മഹാനഗരത്തെ സ്വന്തം തട്ടകമാക്കിയ രവിശങ്കർ ശർമയെന്ന, ദാരിദ്ര്യം വളർത്തിയ മഹാപ്രതിഭയ്ക്ക്, തനിക്കായി വച്ചു നീട്ടിയ രണ്ടാമൂഴത്തിൽ പേരിൽ വരുന്ന മാറ്റം ഗുണമാകുമെന്നു തോന്നിയിട്ടോ എന്തോ ..... ‘‘നോ പ്രോബ്ലം’’ - ഒരു പുഞ്ചിരിയായിരുന്നു ശർമാജിയുടെ മറുപടി. 

 

‘‘കൊള്ളാം’’ – ഒഎൻവി കുറിച്ചു കൊടുത്ത  കടലാസ് വായിച്ച എംടിക്ക് എതിരഭിപ്രായമില്ല. ‘‘ഒന്നുകൂടി ശരിയാവാനുണ്ട്...’’ - പക്ഷേ കവിക്ക് തൃപ്തി പോരാ! വരികൾ തിരുത്തി വീണ്ടും എഴുതി... പിന്നെയും വെട്ടുന്നു, തിരുത്തുന്നു. ‘‘വരികൾ നന്നായിരുന്നു. പിന്നെന്തിനാണ് ഇങ്ങനെ ഈ വെട്ടിത്തിരുത്തൽ?’’ കവിയുടെ മുമ്പിലിരുന്ന കടലാസിലേക്കു കണ്ണോടിച്ച എംടി ഒടുവിൽ അൽപം അക്ഷമനായോ? ‘‘അതേയ്, ഒരു പത്താം ക്ലാസുകാരനാണ് കഥയിലെ നമ്മുടെ കവി. ആ പ്രായത്തിനപ്പുറത്തേക്ക് അവന്റെ കൽപനകളെ വിടാൻ പറ്റുമോ?’’ കഥാവഴിയിൽ കാതമേറെ നടന്നു കഴിഞ്ഞ ഒഎൻവിയിലെ സിനിമാപ്രേമി തന്നിലെ മഹാകവിയെ അൽപനേരത്തേക്കൊന്ന് പുറത്തിരുത്തി. എന്നിട്ടോ.... എഴുത്തുവഴിയിൽ കേവലം കൗമാരക്കാരനായ രാമുവായി!

 

എംടി -  ഹരിഹരൻ കൂട്ടുകെട്ടിൽ 1986ൽ പുറത്തിറങ്ങിയ ‘നഖക്ഷതങ്ങൾ’ എന്ന സിനിമയിലെ ‘മഞ്ഞൾ പ്രസാദവും നെറ്റിയിൽ ചാർത്തി....’ എന്ന ഗാനം അവിടെ പിറക്കുകയായിരുന്നു. കഥയിൽ തെളിയുന്ന രാമുവും ഗൗരിയും ലക്ഷ്മിയും ചേർന്നു പ്രേക്ഷക ഹൃദയങ്ങളിലേക്കും ജീവിതത്തിലെ ഏറ്റവും നല്ല ഒരു കാലഘട്ടത്തിന്റെ നിറച്ചാർത്ത് അണിയിച്ചു. 

 

എന്തു രസമായിട്ടാണ് കൗമാരക്കാഴ്ചകളിലൂടെ ഉദയാസ്തമയങ്ങളെ കവി വരച്ചിടുന്നത്! എന്നോ കടന്നുപോയ, തിരിച്ചുവരവില്ലാത്ത, മഞ്ഞക്കുറി മുണ്ട് ചുറ്റിയ ആ ആഘോഷക്കാലത്തെയല്ലേ കവി കണ്മുന്നിലെത്തിക്കുന്നത്. കുന്നിമണിച്ചെപ്പിൽ കുസൃതി കുരുത്ത പകലുകളും അതിന്റെ ഓർമകളുമൊക്കെ ഭൂതകാലത്തിന്റെ ശേഷിപ്പുകൾ മാത്രം. പൊടിമീശ കുരുക്കുന്ന ചിന്തകളിൽ ഈണം പകരുന്നു ഒരു ഗൗരി. ഇടവഴികളിൽ ഇതളിട്ട കണ്ണേറുകളിൽ ചിതറി വീണ നാണത്തിന്റെ നാട്ടുചേലിനെ കാലം കൈവിടുമോ? അവിടെ പാറിവീണ വർണരേണുക്കൾ കാലങ്ങൾക്കിപ്പുറവും നെഞ്ചാകെ പടരുന്നു.

 

‘പിന്നെ ഞാൻ പാടിയൊരീണങ്ങളൊക്കെയും നിന്നെക്കുറിച്ചായിരുന്നു..’ കവിമനസ്സിൽ കടന്നു കൂടിയ കാമുകഹൃദയത്തിന്റെ വെളിപ്പെടലല്ലേ അക്ഷരങ്ങളാൽ കോർത്തെടുത്തിരിക്കുന്നത്. കേൾവിക്കാരന്റെ ചിന്തകൾക്കു സ്വാതന്ത്ര്യം കൊടുക്കാൻ മഹാകവിക്കുണ്ടോ മടി! പ്രണയത്തിന്റെ ബാലപാഠങ്ങളെ പഠിച്ചു വരുന്ന മനസ്സുകളിലേക്കു പക്ഷേ ഒരു തുറന്ന പ്രണയത്തെ സന്നിവേശിപ്പിക്കാൻ കവി ഒരുക്കമല്ല. എങ്കിലും പകലിനെ മോഹിച്ച പെണ്ണിൽ പകലോന്റെ പോക്ക് ഒരു വിരഹത്തെ പകരുന്നുമുണ്ട്. ‘എന്റെ നെഞ്ചിലെ മൈനയും തേങ്ങി....’ വല്ലാത്ത എഴുത്തുതന്നെ! പ്രതീക്ഷയുടെ പകലുകളിലേക്ക് ഇരുളിന്റെ മൂടൽ, എങ്ങോ ഒരു നുറുങ്ങലിന്റെ തേങ്ങൽ.... 

 

അന്ന് ചെന്നൈയിലെ താജ് കോറമാൻഡലിൽ രവി ബോംബെ എന്ന ശർമാജിയെ കാണാൻ ഒഎൻവി എത്തുന്നത് തികച്ചും പ്രസന്നവദനനായാണ്. മഞ്ഞുരുകൽ കൂടിക്കാഴ്ച നേരത്തേ കഴിഞ്ഞിരുന്നതിനാൽ വന്നപാടെ കാര്യങ്ങളിലേക്കു കടന്നു. പറഞ്ഞുകൊടുത്ത വരികളും അതിന്റെ അർഥവുമൊക്കെ ഇംഗ്ലിഷിലും ഹിന്ദിയിലുമായി ശർമാജി എഴുതിയെടുത്തു. കഥയും പശ്‌ചാത്തലവുമൊക്കെ നേരത്തേ മനസ്സിലായിക്കഴിഞ്ഞ ആ ഈണങ്ങളുടെ തോഴന് കവി ഉപയോഗിച്ചിരുന്ന ബിംബങ്ങളും പാട്ടിന്റെ ലൊക്കേഷനും കൂടി അറിയണം. കവി തന്നെ എല്ലാം മനസ്സിലാക്കിക്കൊടുത്തെങ്കിലും മലയാളിത്തവും ക്ഷേത്ര പശ്ചാത്തലവുമൊക്കെ ഗാനത്തിലേക്കു സന്നിവേശിപ്പിക്കുന്നതിനെപ്പറ്റിയായി ശർമാജിയുടെ അടുത്ത ചിന്ത. അസിസ്റ്റ് ചെയ്യാൻ നിയോഗിക്കപ്പെട്ട ശ്രീക്കുട്ടനെ നേരെ ഗുരുവായൂർ ക്ഷേത്രത്തിലേക്കു പറഞ്ഞയച്ചു. നട തുറക്കുന്നതുമുതൽ നട അടയ്ക്കുന്നതു വരെ ക്ഷേത്രത്തിനുള്ളിലുള്ള സകല ശബ്ദങ്ങളും അതേപടി റെക്കോർഡ് ചെയ്തുകൊണ്ടുവരാനായിരുന്നു ശ്രീക്കുട്ടനുള്ള ശർമാജിയുടെ നിർദ്ദേശം! മണിക്കൂറുകളോളം അതു കേട്ടു പഠിച്ച ആ അതുല്യ പ്രതിഭ താനൊരുക്കിയ ഓർക്കസ്ട്രേഷനിൽ തികച്ചും തന്മയത്വത്തോടെ അതേ അന്തരീക്ഷം ഒരുക്കുകയും ചെയ്തു. പാട്ടൊഴുക്കിൽ അനുഭവവേദ്യമാകുന്ന മലയാളിത്തവും കേരളീയ ക്ഷേത്ര സംസ്കാരത്തിന്റെ പരിച്ഛേദവുമൊക്കെ ഒരു ഉത്തരേന്ത്യക്കാരന്റെ സൃഷ്ടിയോ എന്ന് അതിശയിക്കുന്നവർ ഇന്നും ഏറെയാണ്. 

 

ശർമാജിയുടെ ഉയർത്തെഴുന്നേൽപിൽ ആദ്യം സ്വരം പകരാനുള്ള നിയോഗം മലയാളത്തിന്റെ വാനമ്പാടിക്കായിരുന്നു. ‘‘തുടക്കക്കാരനായ എന്നെ മനസ്സിലാക്കുന്നതിനു ബുദ്ധിമുട്ടാകുമെന്നു കരുതിയെങ്കിലും ഞാൻ ഉദ്ദേശിച്ചതിലും ഭംഗിയായി ചിത്ര പാടിയിരുന്നു’’ - ചിത്രയുടെ സ്വരഭംഗിക്ക് ആശാ ഭോസ്‍ലേയെ വിഖ്യാതയാക്കിയ ഉത്തരേന്ത്യൻ ലെജൻഡിന്റെ സാക്ഷ്യപത്രം,! ആ ആലാപനത്തിനു ചിത്രയെ തേടിയെത്തിയതോ, മികച്ച ഗായികയ്ക്കുള്ള ദേശീയ അവാർഡും! മലയാളത്തിലൂടെ ചിത്രയ്ക്കു ലഭിച്ച ആദ്യ ദേശീയാംഗീകാരവും അതായിരുന്നു. 6 തവണ മികച്ച ഗായികയ്ക്കുള്ള ദേശീയ പുരസ്കാരം നേടിയിട്ടുള്ള പ്രിയ ഗായിക മലയാളത്തിലൂടെയാണ് രണ്ടു തവണ അംഗീകാരത്തിന് അർഹയായത്. അദ്ഭുതമെന്നു പറയട്ടെ, രണ്ടും ബോംബെ രവിയുടെ ഈണങ്ങളെ ഏറ്റുപാടിയപ്പോഴും!!

 

ഇന്ത്യൻ ചലച്ചിത്ര ഗാനരംഗത്തg തന്റേതായ വ്യക്തിമുദ്ര പതിപ്പിച്ച ബോംബെ രവി ഒഎൻവിയുടെ കാൽപനികതയ്ക്ക് ഈണം പകർന്ന് നടന്നുകയറിയത് മലയാളത്തിന്റെ ഹൃദയത്തിലേക്കാണ്. സലിൽ ദായും നൗഷാദും രവീന്ദ്ര ജയിനും ജിതിൻ ശ്യാമുമൊക്കെ മലയാളത്തിനായി ഈണം പകർന്നിരുന്നുവെങ്കിലും രവി ബോംബെ എന്ന ഉത്തരേന്ത്യൻ സുകൃതം മലയാളിക്കg പ്രിയപ്പെട്ടവനാകുന്നത് മലയാളത്തനിമ കൈവിടാതെ, സംഗീതത്തിന്റെ ആത്മാവറിഞ്ഞ്, നെഞ്ചകം തൊട്ട ഈണങ്ങളൊരുക്കിയതു കൊണ്ടു മാത്രമാണ്. 

 

മുഖ്യ കഥാപാത്രങ്ങളെ അവതരിപ്പിച്ച മോനിഷ, വിനീത്, സലീമ എന്നിവരുടെ അരങ്ങേറ്റ ചിത്രം കൂടിയായിരുന്നു ‘നഖക്ഷതങ്ങൾ’. അരങ്ങേറ്റത്തിലൂടെത്തന്നെ അഭിനയ മികവിന്റെ പടവുകൾ കീഴടക്കാൻ മോനിഷയ്ക്കായി. ഫലമോ, മികച്ച നടിക്കുള്ള ദേശീയാംഗീകാരവും ആ കൗമാരക്കാരിയെ അന്ന് തേടിയെത്തി! പതിനഞ്ചാം വയസ്സിൽ മികച്ച നടിയായി തെരഞ്ഞെടുക്കപ്പെടുമ്പോൾ ആ ബഹുമതിക്ക് അർഹയാകുന്ന പ്രായം കുറഞ്ഞ ആദ്യ താരവും ആ കോഴിക്കോട്ടുകാരി തന്നെ. ചിത്രത്തിലേക്ക് അന്ന് നായികയായി മോനിഷ എന്ന നർത്തകിയെ നിർദ്ദേശിച്ചതോ, എംടിയുടെ സഹധർമിണി സാക്ഷാൽ കലാമണ്ഡലം സരസ്വതിയും!

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com