ADVERTISEMENT

എരിഞ്ഞൊടുങ്ങാറായ സ്വപ്നങ്ങളുടെ ചിതയിലേക്കിറ്റുവീഴുന്ന കണ്ണീർക്കണം - അതായിരുന്നു ആ ഗാനം. ഉരുകിത്തീരുന്ന സേതുമാധവന്റെ മുറുകുന്ന ശ്വാസഗതിയുടെ താളമിയലുന്ന ഗാനം. കൽപിച്ചു കിട്ടിയ കിരീടത്തിലെ തറഞ്ഞു കയറുന്ന മുള്ളുകൾ പാകിയ നോവിന്റെ ബാക്കിപത്രം! മൂന്നര ദശാബ്ദത്തിനപ്പുറവും, ഇറ്റുവീണ മോഹഭംഗത്തിന്റെ നെടുവീർപ്പിനെ ഓരോ കേൾവിയിലും ഓർമപ്പെടുത്തിക്കൊണ്ടേയിരിക്കുകയല്ലേ ആനന്ദഭൈരവിയുടെ ആ എവർഗ്രീൻ ക്ലാസിക്കൽ മാജിക്!

 

‘‘എന്റെ ആദ്യ സിനിമയിലെ പാട്ടെല്ലാം ഹിറ്റായിരുന്നു. അതുപോലെ ഇതും ഹിറ്റാവണം.’’ അന്ന് കൃഷ്ണകുമാറിന് അൽപം പരിഭ്രമമാണോ ആവേശമാണോ ഉണ്ടായിരുന്നത്? നിർമാതാവല്ലേ, സ്വാഭാവികം! സന്ദർഭം പറഞ്ഞു കൊടുത്തുകൊണ്ട് ലോഹിതദാസ് അടുത്തുണ്ട്. ഗിത്താർ തന്ത്രികളിൽ ശ്രുതി മീട്ടി ഒത്തൊരു ഈണം പരതുകയാണ് ജോൺസൺ. പൊഴിഞ്ഞു വീണുകൊണ്ടിരുന്ന താളത്തിലേക്കു കാതുകൂർപ്പിച്ച് ചിന്തയിലാണ്ട് കൈതപ്രവും. ഇതിനിടയിലാണ് നിർമാതാവിന്റെ ആ ആവേശം! ‘‘എടോ ഞങ്ങൾ ഏറ്റവും നല്ല പാട്ടിനു വേണ്ടിയാണ് ശ്രമിക്കുന്നത്. ബാക്കിയൊക്കെ തന്റെ യോഗം പോലിരിക്കും.’’ ഉള്ളതു തുറന്നു പറയാൻ ജോൺസണുണ്ടോ മടി!! ‘തന്നാനതാനാ താനാതിനാനാ താനാതിനന്താനിതാനാ...’ ഒന്നും സംഭവിക്കാത്ത മട്ടിൽ ജോൺസൺ പിന്നെയും ഈണത്തിലേക്ക്. ഇടയ്ക്കൊന്നു താഴ്ത്തിപ്പിടിച്ച ശ്രുതിയിൽ ഏവരുടേയും ആകാംക്ഷ വന്നുതടഞ്ഞത് ആ മെലഡികളുടെ മാന്ത്രികൻ കണ്ടു. അതെ, നിർമാതാവിന്റെ  'യോഗം' തെളിയാനുള്ള ഈണമായിരുന്നു അത്. ഒന്നാലോചിച്ചു നിന്ന കൈതപ്രത്തിന് ഞൊടിയിടയിൽ വാക്കുകളും വഴങ്ങി വരുകയായി - 

 

‘കണ്ണീർപ്പൂവിന്റെ കവിളിൽത്തലോടി 

ഈണം മുഴങ്ങും പഴമ്പാട്ടിൽ മുങ്ങി.....’

 

നാട്ടിൽ പറഞ്ഞു കേട്ടിരുന്ന ഒരു പഴയ സംഭവത്തിന്റെ ചുവടു പിടിച്ച് ലോഹിതദാസ് മെനഞ്ഞുണ്ടാക്കിയ കഥയുമായി 1989 ലാണ് കിരീടം പുറത്തിറങ്ങുന്നത്. നിത്യജീവിതത്തിന്റെ യാഥാർഥ്യങ്ങളോട് അങ്ങേയറ്റം പൊരുത്തപ്പെട്ടു പോകുന്ന കഥയും അവിസ്മരണീയ അഭിനയ മുഹൂർത്തങ്ങളും ചേർന്നപ്പോൾ സിനിമയ്ക്കു കൈവന്ന മാനം അണിയറക്കാരുടെ പ്രതീക്ഷകളെയും കടത്തിവെട്ടി! കാലം തള്ളിക്കളയാത്ത കിരീടത്തിന്റെ ഏറ്റവും വലിയ ഐഡന്റിറ്റിയും എം.ജി.ശ്രീകുമാറിന് സംസ്ഥാന അംഗീകാരം നേടിക്കൊടുത്ത ഈ ഗാനം തന്നെയാണ്!

സേതുമാധവന്റെ നെഞ്ചിലുണർന്ന കനലിനെ ആസ്വാദക ഹൃദയങ്ങളിലും ഊതിയാളിക്കാനുള്ള പാട്ടായിരുന്നു ലോഹിതദാസിനു വേണ്ടിയിരുന്നത്. അതാവണമല്ലോ ഷൂട്ടിങ് സഹിതം പൂർത്തിയാക്കി വച്ചിരുന്നിട്ടും, ഉണ്ടായിരുന്ന ഏക പ്രണയഗാനം നിഷ്കരുണം അന്നു വെട്ടിയെറിഞ്ഞത്! 

 

കയ്യെത്തും ദൂരത്തുനിന്ന് എല്ലാ സൗഭാഗ്യങ്ങളും തട്ടിയകറ്റപ്പെട്ട സേതുമാധവനെ ഒരു വിങ്ങലോടെയല്ലാതെ ആർക്കാവും ഓർക്കാനാവുക! തെരുവുഗുണ്ടയെന്ന പട്ടം ചാർത്തിക്കിട്ടിയതോടെ, എല്ലാവരും ഉണ്ടായിരുന്നിട്ടും ഒറ്റപ്പെട്ടവനായി കനൽ വഴികളിലലയേണ്ടിവന്ന സേതുവിനെ ലോഹിതദാസിന്റെ കഥയുറഞ്ഞ തല അസാധ്യമായി വരച്ചിട്ടു. അഭിനയത്തികവിന്റെ ആൾരൂപമാണ് സ്ക്രീനിൽ. എങ്കിലും സേതുവിന്റെ വേദനകളിലേക്ക് കാഴ്ചക്കാരന്റെയും ഗദ്ഗദം നിറയ്ക്കാൻ കൈതപ്രം ഒരുക്കിയ ആ വരികൾക്ക് സമാനതകളുണ്ടോ! വേദനകളെയും ആസ്വാദ്യമാക്കാമെന്നു തെളിയിച്ച വരികൾ കേൾവിയിടങ്ങളെ പൊള്ളിച്ച് നേർത്തൊരീണമായൊഴുകുമ്പോൾ ഉള്ളിന്റെയുള്ളിൽ സേതു ഏറ്റവും പ്രിയപ്പെട്ട ആരൊക്കെയോ ആയി മാറുന്നു. കണ്ഠനാളത്തിലെങ്ങോ എന്തോ വന്നു തടയുന്ന ഒരു പ്രതീതി. പഴമ്പാട്ടിൽ കൊരുത്ത സന്തോഷത്തിന്റെ ദിനങ്ങൾ ഇനി ഓർമകൾ മാത്രം. പിൻവിളിക്കായി കാത്തു നിൽക്കാതെ ഒക്കെയും പറന്നകന്നതിന്റെ നിരാശ ഒരു പുള്ളോർകുടത്തിന്റെ തേങ്ങലായി പാട്ടുവഴിയിൽ ആദ്യന്തം നിഴലിക്കുന്നുമുണ്ട്.

 

മകനിൽ ഒരുപാടു പ്രതീക്ഷകളർപ്പിച്ച്, അവനെ ആവോളം സ്നേഹിച്ച മാതാപിതാക്കൾക്ക് അറിഞ്ഞുകൊണ്ടായിരുന്നില്ലെങ്കിലും കണ്ണീരു നൽകാനേ സേതുവിനു കഴിയുന്നുള്ളൂ. ആ സേതുവിനെ ലോഹി പരിചയപ്പെടുത്തിയതിനും മേലെ കവി അടുത്തറിഞ്ഞുകഴിഞ്ഞു. നഷ്ടപ്പെടലുകളുടെ, തകർച്ചയുടെ നേർചിത്രമായ ആ നിസ്സഹായനോടുള്ള ഹൃദയബന്ധം നമ്പൂതിരിയിൽ എന്തെന്നില്ലാതെ വളർന്നുകഴിഞ്ഞിരുന്നു. ഇടനെഞ്ചിൽ ചുരന്നു കൊണ്ടിരുന്ന സ്നേഹത്തിന്റെ പാലാഴിയും മകന്റെ ദുർവിധിയിൽ സ്വയം തപിച്ച പിതൃഹൃദയവും ആ തൂലികയിൽ ഉണരുമ്പോൾ അവിടെ സൃഷ്ടിക്കപ്പെടുന്ന ഒരു ഭാവമുണ്ടല്ലോ.. അപാരം! 

‘കനിവേകുമീ വെണ്മേഘവും

മഴനീര്‍ക്കിനാവായ് മറഞ്ഞു ......’ 

കനിവിന്റെ വെണ്മേഘമായി തന്നെ ഒരുപാട് സ്നേഹിച്ച ദേവിയും സ്വന്തം വഴി തേടിയകന്നപ്പോൾ ആ ഉള്ളം പിടയുന്നത് എഴുത്തുകാരന്റെയും ഉറക്കം കെടുത്തിയിരുന്നോ?

 

‘പൂന്തെന്നലില്‍ പൊന്നോളമായ്

ഒരു പാഴ്കിരീടം മറഞ്ഞൂ...’ 

നെയ്തുകൂട്ടിയ സ്വപ്നങ്ങളൊക്കെയും വഴിതെറ്റി വീശിയ കാറ്റിൽ നിലം പൊത്തിയതിന്റെ നീറ്റലുണർത്തുന്ന വരികൾ. ഒരു സബ് ഇൻസ്പെക്ടറാകാൻ കൊതിച്ച് നിയമനത്തിനു കാത്തിരിക്കെ ഒരു കയ്യകലത്തിൽ എല്ലാം നഷ്ടപ്പെടുന്ന വിധിനിയോഗം. പാഴ്കിരീടം–  ദൈവമേ, ആ വാക്ക് മറ്റെങ്ങും കേൾക്കാൻ എനിക്ക് കഴിഞ്ഞിട്ടില്ല .നഷ്ടസ്വർഗ്ഗങ്ങൾ നൽകിയ ദുഃഖ സിംഹാസനമൊക്കെ കേട്ടിരിക്കുന്നു. പക്ഷേ, നഷ്ടസൗഭാഗ്യത്തെ വിളംബരം ചെയ്യുന്ന, ഹൃദയം തുളയ്ക്കാൻ പോന്ന മൂർച്ചയിൽ  മറ്റൊരു വാക്ക് പാഴ്കിരീടം പോലെ ഉണ്ടാകുമോ ഇനി? പതിച്ചുകിട്ടിയ തെമ്മാടിപ്പട്ടത്തിന് ചോർന്നുപോയ കരുത്തിന്റെ ശാപം പതിഞ്ഞ ഒരലങ്കാരം – പാഴ്കിരീടം! ഒടുവിൽ മൗനത്തിന്റെ തണലിലേക്ക് മറയ്ക്കപ്പെടുന്ന നായകന് ഒരു ഉയർത്തെഴുന്നേൽപ്പ് അസാധ്യമാണെന്ന ഉറപ്പിക്കലിലേക്ക് ചരണം കൊടുത്ത ഫോക്കസ്... അതുംകൂടിയായപ്പോൾ എല്ലാം ശുഭം!

 

"മേടപ്പൊന്നോടം കയ്യെത്തുന്നേടം

അന്തിക്കൈനീട്ടം പോലെ" .... 

ഗാനം സിനിമാ പ്രേമികൾക്ക് അത്ര പരിചിതമാവില്ല, കുറഞ്ഞ പക്ഷം ഇങ്ങനൊരു പ്രണയഗാനം കൂടി കിരീടത്തിലേതായിരുന്നു എന്നതെങ്കിലും! അതെ, നിർമാതാക്കളിൽ ഒരാളായ ദിനേശ് പണിക്കർ തന്റെ അടുത്ത സുഹൃത്തായ ബാലഗോപാലൻ തമ്പിക്ക് പിന്നണി ഗാനരംഗത്തേക്ക് അരങ്ങേറാൻ പ്രത്യേകം പറഞ്ഞൊരുക്കിയ ഗാനം. ‘‘ഈ ഗാനവും സിനിമയിലുണ്ടെന്നറിഞ്ഞ എം.ജി.ശ്രീകുമാറിന് ശോകഗാനം വേണ്ട, ഇതുതന്നെ പാടണം!’’ - ദിനേശ് പണിക്കർ തന്റെ യു ട്യൂബ് ചാനലിലൂടെ വർഷങ്ങൾക്കിപ്പുറം വെളിപ്പെടുത്തുന്നു. ‘‘അത് മറ്റൊരാൾക്കു പാടാനാണ് എന്നു പറഞ്ഞപ്പോഴേ അദ്ദേഹത്തിന് വല്ലാത്ത നീരസമുണ്ടായി. എങ്കിലും ഞാൻ അതത്ര കാര്യമാക്കിയില്ല’’-  ഒരു പുഞ്ചിരിയോടെ പണിക്കർ തുടർന്നു. ‘‘ഞാനൊരു സിനിമയെടുത്താൽ അതിൽ നിനക്കൊരു പാട്ട് തരും ...’’ – തന്റെ ബാല്യകാലത്തിലെ ഗായകനായ പ്രിയസുഹൃത്തിന് വർഷങ്ങൾക്കു മുന്നേ കൊടുത്ത വാക്ക്. അന്ന് അദ്ദേഹത്തിന് അത് പാലിക്കണമായിരുന്നു. നിർഭാഗ്യമെന്നു പറയട്ടെ, നാലു ദിവസം കൊണ്ട് തിരക്കിട്ട് സൃഷ്ടിച്ച തിരക്കഥയിൽ ഒരു പ്രണയഗാനത്തിന് സ്പേയ്സില്ലാതെ പോയി. കൈതപ്രത്തിന്റെ വരികളെ വളരെ മനോഹരമായി പാടിയെങ്കിലും ഗാനമോ ഗായകനോ ശ്രദ്ധിക്കപ്പെട്ടില്ല. സംവിധായകൻ സിബി മലയിലിന്റെ വിവാഹം പ്രമാണിച്ച് എല്ലാം ധൃതിയിലായിരുന്നതിനാൽ ഈ ഗാനത്തിനായെടുത്ത ഷോട്ടുകൾ പോലും 'കണ്ണീർ പൂവിനായി' പിന്നീട് ഉപയോഗിക്കുകയും ചെയ്തു!!

 

മടി പറഞ്ഞാണ് പാടാനൊരുങ്ങിയതെങ്കിലും ആ വർഷത്തെ മികച്ച ഗായകനുള്ള സംസ്ഥാന അവാർഡ് എം.ജി.ശ്രീകുമാറിന്റെ ആ ആലാപന ശുദ്ധിയെത്തന്നെ അന്ന് തേടിയെത്തി, അതും ആദ്യമായി! 

 

കീരിക്കാടന്റെ ക്രൂരതകളെ കുത്തി വീഴ്ത്തിയ കണ്ണീർപൂവിന്റെ കിരീടധാരണത്തിന് മൂന്നരപ്പതിറ്റാണ്ടിന്റെ പഴക്കം... പക്ഷേ, പടിയിറങ്ങാതെ ഇന്നും കേൾവികളിൽ നോവുണർത്തുന്നു ആ സേതുമാധവദുരിതപർവം.....

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com