ADVERTISEMENT

‘വഷളൻ’– ആരുടെയെങ്കിലും സൗന്ദര്യമൊന്നു മതിമറന്നു നോക്കിനിന്നുപോയാൽ കിട്ടാവുന്ന വിളിപ്പേര്! പക്ഷേ, മുംബൈയിലെ തിരക്കേറിയ തെരുവുകളിൽ തലങ്ങും വിലങ്ങും നിർത്താതെ പാഞ്ഞ ലോക്കൽ ബസിലെ കണ്ടക്ടർ ഇഖ്ബാൽ ഹുസൈൻ എന്ന ചെറുപ്പക്കാരന് സൗന്ദര്യം വല്ലാത്ത ഹരമായിരുന്നു. ബസിൽ കയറുന്ന സുന്ദരികളെ ആരാധനയോടെ അവൻ നോക്കിനിന്നു. ആ നിൽപിൽ, ടിക്കറ്റ് കൊടുക്കാൻ പലപ്പോഴും അവൻ മറക്കും. ടിക്കറ്റു കൊടുത്താലോ, പണം വാങ്ങാൻ മറക്കുന്നതും പതിവായി. എന്നാൽ അവനെ അടുത്തറിയാവുന്നവർക്ക് അറിയാം - മറന്നതല്ല, മനഃപൂർവമാണ്! അത്രമേൽ സൗന്ദര്യാരാധകനാണ് അവൻ. ‘‘എനിക്കു കവിത എഴുതാനായി ദൈവം പറഞ്ഞുവിട്ട സുന്ദരികളാണ് അവർ. അവരോട് പണം വാങ്ങുന്നത് തെറ്റാണ്!’’ - ശുദ്ധനായ അവന്റെ മനസ്സു നിറയെ കവിതകളായിരുന്നു. തുളുമ്പുന്ന സൗന്ദര്യത്തെ അവൻ വാക്കുകളാൽ വരച്ചിട്ടു കൊണ്ടേയിരുന്നു. ഒടുവിൽ ആ ‘വര’ ചെന്നുനിന്നതോ, ബോളിവുഡിന്റെ ഉമ്മറത്തിണ്ണയിലെ വിജയികൾക്കായി പറഞ്ഞുവച്ച, പട്ടുവിരിപ്പിട്ട ചാരുകസേരയിൽ! അതിലൊന്നു നീണ്ടുനിവർന്നു കിടക്കെ കാലം അവനു പേരിട്ടു - ഹസ്രത് ജയ്പുരി. ആ തൂലികയിൽ കുറിയ്ക്കപ്പെടുന്ന സൗന്ദര്യവർണനകൾക്കായി അന്ന് കാത്തുനിന്നതോ, ഹിറ്റുകൾ പതിവാക്കിയ വമ്പൻമാരും!

 

എത്രവട്ടം കേട്ടിരിക്കുന്നു. കേട്ടുകേട്ട് കേൾവിയിടങ്ങൾ തഴമ്പിച്ചിട്ടുണ്ടാവും, എങ്കിലും ലവലേശം മടുത്തിട്ടില്ല ആ പരുക്കൻ ശബ്ദത്തിൽ തുളുമ്പുന്ന പ്രണയത്തിന്റെ തേനിമ്പം, വരികളിൽ തുടിക്കുന്ന കാമുക ഭാവനകൾ, പ്രിയതമയെ ചേർത്തു പിടിച്ച്, ഉയർന്നുലയുന്ന ഓളം കണക്കെ ചുവടു വയ്ക്കാനുള്ള ആവേശവുമായി ദാദ്രാതാളത്തിന്റെ ആ നതോന്നത . ഹൊ! ശങ്കർ - ജയ്കിഷൻ മെനഞ്ഞ ഈണത്തിൽ അഭ്രപാളികളിലെ സുവർണ ശബ്ദം - മുഹമ്മദ് റാഫി പാടുകയാണ് - ‘‘ബഹാരോം ഫൂൽ ബർസാവോ മേരാ മഹബൂബ് ആയാ ഹേ..’’ കനവുകളിൽ പൂത്തുലയുന്നു വസന്തം. കാതിൽ പ്രണയത്തിന്റെ മർമരം. പ്രിയതമയുടെ വരവിനെ ഇത്രമേൽ ആഘോഷിക്കുന്നതു കേൾക്കുമ്പോൾ മതിമറന്നു പോകാത്ത ഹൃദയങ്ങളുണ്ടാവുമോ? ഉണ്ടെങ്കിൽ ഉറപ്പ്, അവ നിർജീവമാണ്! അല്ലെങ്കിൽ അവ സഹൃദയത്വത്തിനോട് മുമ്പേ വിടപറഞ്ഞവയാകും, തീർച്ച! 

 

1966 ൽ പുറത്തിറങ്ങിയ പ്രകാശ് റാവു ചിത്രമായ സൂരജിലേതാണ് ഗാനം. റാഫിക്ക് മികച്ച ഗായകനുള്ള ഫിലിം ഫെയർ അവാർഡ്‌ നേടിക്കൊടുത്ത ഗാനം അസാധ്യമായൊരു ഭാവതലത്തിലേക്കല്ലേ കേൾവിക്കാരെയും കൂടെ കൂട്ടുന്നത്! പ്രണയ രംഗത്ത് രാജേന്ദ്ര കുമാറിനൊപ്പം തെളിയുന്നതോ - വൈജയന്തിമാലയുടെ മോഹിപ്പിക്കുന്ന വശ്യചാരുത. അത്യാഹ്ലാദത്താൽ തുടിക്കുന്ന ഹൃദയവുമായി നായകന്റെ അഭ്യർഥനയാണ് - വസന്തമേ നീ പുഷ്പമാരി ചൊരിയൂ, ഇളം തെന്നലേ നീയൊരു മൃദുരാഗം പാടൂ, ദാ എന്റെ പ്രിയതമ വന്നിരിക്കുന്നു! അർഥമറിയാതിരുന്ന കേൾവികളുടെ പിന്നാമ്പുറത്ത്, ഭാവം കൊണ്ട് മനസ്സിലായതും വച്ച് ആരെയൊക്കെയോ നോക്കി വെറുതെ പാടിയിരുന്ന കലാലയ പകലുകൾക്ക് ഇന്നും വല്ലാത്ത ചെറുപ്പം!

 

mohammed-rafi-new-1
മുഹമ്മദ് റഫി ഫയൽ ചിത്രം

‘ഓ ലാലി ഫൂൽ കി മെഹന്ദി ലഗാ ഇൻ ഗോരേ ഹാഥോം മേം.’ പ്രാകൃതിക സൗന്ദര്യത്തെ മാനുഷിക സൗന്ദര്യത്തോട് ചേർത്തുവയ്ക്കാനും അത് ആസ്വാദ്യകരമാക്കാനുമുള്ള സാമർഥ്യം ജയ്പുരി ജീ പലവട്ടം തെളിയിച്ചതാണ്. ഓരോ തവണയും ആ വാക്കുകൾക്കു കൈവരുന്ന പുതുമയാണ് അപാരം. അതുവരെ കണ്ട സൗന്ദര്യമല്ല ആസ്വാദകനെ പിന്നീടു കാത്തിരിക്കുന്നത്; വരച്ചിടുന്നത് സ്ത്രീസൗന്ദര്യത്തെയാണെങ്കിലും നായകന്റെ വികാരത്തള്ളിച്ചയെ അതീവ ഹൃദ്യമായി കേൾവിക്കാരിലേക്ക് എത്തിക്കുന്ന എഴുത്തു തന്ത്രം. സബാഷ് ഹസ്രത് ജീ! ആ മനസ്സിൽ പ്രണയം തുളുമ്പവേ പ്രിയപ്പെട്ടവളുടെ ചാരുകരങ്ങളിൽ മൈലാഞ്ചി അണിയിക്കാൻ ചുവന്ന പൂക്കൾതന്നെ വരണം, കണ്ണുകളിൽ മഷിയെഴുതാൻ കാർമേഘങ്ങൾ വരണം, മുടിയിഴകൾക്ക് പകിട്ടേകാനോ, നക്ഷത്ര നിരകൾ തന്നെ താഴേക്കെത്തണം! കൽപനകൾ കാടുകയറുകയാണോ. കേൾവികൾക്കപ്പുറത്തേക്കു കടന്ന കാഴ്ചകൾ വസന്തം വിരുന്നെത്തിയ ഏതോ വനികയിലേക്കു ചെന്നെത്തുന്നു. അവിടെ കാണാനാവുന്നുണ്ട് എനിക്കും ആ മുഗ്ധസൗന്ദര്യം.

 

sankar-jaikishan3
ശങ്കർ–ജയ്കിഷൻ Image credit: Imprints and images of Indian film music

‘നസാരോം ഹർ തരഫ് അബ് താൻ ദോ ഇക് നൂർ കി ചാദർ.’ കവി കാണുന്ന യൗവനാംഗിയുടെ കണ്ണുകൾക്കു വല്ലാത്ത തെളിച്ചമായിരുന്നു. ആ നോട്ടമെത്തുന്നിടമാകെ അവ വെളിച്ചം വിതറുകയാണ്. എഴുത്തിന്റെ തെളിച്ചമോ റാഫീജിയുടെ സ്വരത്തിന്റെ മാന്ത്രികതയോ ആ വെളിച്ചത്തിനു പിന്നിൽ? കുന്ദൻലാൽ സെയ്ഗാളിന്റെ പിൻമുറക്കാരന് പ്രണയത്തിന്റെ ആർദ്രതയോ വിരഹത്തിന്റെ വേദനയോ സന്തോഷത്തിന്റെ പ്രസന്നതയോ, എന്തും നിഷ്പ്രയാസം വഴങ്ങുന്നതാണല്ലോ പതിവ്. കവിയുടെ ഉള്ളറിഞ്ഞ് ഭാവത്തിലേക്ക് ഊന്നൽ നൽകി ആലാപനം കൊഴുക്കെ കഥയിലെ അനുരാധ എന്ന രാജകുമാരി കണ്മുന്നിലേക്കിറങ്ങി വരുന്നു; സ്വർഗീയ വാടികയിലെ മറ്റൊരു പൂവായി! നാണിച്ചു നിൽക്കുന്ന അവളിലേക്ക് ഓടിയണയാൻ വെമ്പുന്ന ഹൃദയത്തെ ഒന്നടക്കാൻ പാടുപെടുന്ന നായകനായി കേൾവിക്കാരനും പിന്നെ മാറാതെ തരമില്ലല്ലോ!

 

ശുഭാപ്തിവിശ്വാസം ഹസ്രത് ജീക്ക് എന്നും കൂടെപ്പിറപ്പായിരുന്നു. വസന്തം തൽപമൊരുക്കിയ വനികയിൽ ഒരുനാൾ പ്രണയം വന്നിറങ്ങുമെന്നതിൽ അദ്ദേഹത്തിനു സംശയമേയില്ല! ‘ആയേഗി ഇക് ദിൻ ഋതു മുഹബത് കി’ - എന്ന് ഏറെ വിശ്വാസത്തോടെ പ്രണയത്തിന്റെ ആ പ്രവാചകൻ ഉറപ്പിക്കുമ്പോൾ കേൾവിക്കാരനും അത് വിശ്വസിക്കാതിരിക്കാൻ തരമില്ല. തളിരിടാൻ പോകുന്ന പ്രണയത്തിനെ  തളിർമൊട്ടിനോടുപമിക്കുക വഴി രണ്ടിനുമിടയിൽ അന്തരമില്ലാതാകുന്നു. മൊട്ടുകൾ വിടർന്ന് ഇതളുകൾ മിഴി തുറന്നാൽ കാഴ്ചകൾക്ക് പിന്നെ അതിരെവിടെ? നീണ്ടു പരന്നുപായുന്ന അവ ചക്രവാളം തൊടുകയായി. പ്രിയപ്പെട്ടവളുടെ വരവിൽ ആഹ്ലാദം സീമകൾക്കപ്പുറത്തേക്കു നീങ്ങവേ നിറങ്ങൾ ഉത്സവം കൂടുന്ന ചക്രവാളത്തോടും ആ കവിഹൃദയം ഉള്ളു തുറക്കുകയായി- നിങ്ങൾ വർണങ്ങൾ വാരിവിതറൂ. എന്റെ പ്രിയതമ എത്തിയിരിക്കുകയാണ്!

 

ആസ്വാദനത്തിന്റെ ചിറകേറി ഉള്ളിൽ ആഹ്ലാദം കൊഴുക്കുമ്പോൾ അറിയാതെ ശരിവച്ചു പോവുകയാണ് - ഇതാണ് പ്രണയം! പ്രകടമാക്കപ്പെടുമ്പോൾ പ്രണയത്തിനു മാധുര്യമേറുമെന്ന് പിന്നെയും പിന്നെയും ഓർമപ്പെടുത്തുന്ന ഗാനം വിസ്മൃതിയുടെ കല്ലറയിലേക്ക് എങ്ങനെ പോകാൻ! മികച്ച ഗാനരചയിതാവിനുള്ള ഫിലിംഫെയർ പുരസ്കാരം ഹസ്രത്ജിയെ തേടിയെത്തിയപ്പോൾ മികച്ച ഗായകനായി റാഫീ ജീയും മികച്ച സംഗീത സംവിധാനത്തിന് ശങ്കർ - ജയ്കിഷൻ ജോടിയും ഈ ഗാനത്തിലൂടെ അന്ന് തെരഞ്ഞെടുക്കപ്പെട്ടിരുന്നു! അംഗീകാരങ്ങൾ അവിടെ തീർന്നില്ല. ഗാനം പിറന്നിട്ട് അഞ്ച് പതിറ്റാണ്ടോടടുക്കവേ,  2013 ൽ, ബിബിസി റേഡിയോ നടത്തിയ ഒരു സർവേയിൽ ഏറ്റവും മികച്ച 100 ഹിന്ദി ഗാനങ്ങൾ തെരഞ്ഞെടുത്തിരുന്നു, അതിൽ ഏറ്റവും ജനപ്രിയ ഗാനമെന്ന അംഗീകാരം കിട്ടിയതോ, ഈ ഗാനത്തിനുതന്നെ!! 

 

കാലം അൽപം പുറകിലേക്ക്. ഉത്തരേന്ത്യയിൽ വീശിയടിച്ചുകൊണ്ടിരുന്ന സെയ്ഗാൾ തരംഗം നേരിട്ടനുഭവിക്കാനുള്ള ഭാഗ്യം അന്ന് ലഹോറിനും തെളിയുകയാണ്. ആകാശവാണി സംഘടിപ്പിച്ച ഒരു വേദിയിൽ സാക്ഷാൽ സെയ്ഗാൾ എത്തുന്നു. പാട്ടുകളെ ജീവശ്വാസം പോലെ കണ്ടിരുന്ന ഫീകോ എന്ന പഞ്ചാബി ജാട്ട് മുസ്‌ലിം ബാലനും സെയ്ഗാൾ മാജിക് കാണണം. പക്ഷേ നിനച്ചിരിക്കാതെ എല്ലാം തകിടം മറിഞ്ഞു. എന്തോ സാങ്കേതിക പ്രശ്നത്താൽ വിഖ്യാത ഗായകൻ അന്ന് പാടാൻ വിസമ്മതിച്ച് തിരികെപ്പോയി! നിറഞ്ഞ സദസും ഒഴിഞ്ഞ വേദിയും കണ്ട, പാട്ടുകേൾക്കാനെത്തിയ ആ പതിമൂന്നുകാരന് ഒരാഗ്രഹം– ഈ വേദിയിൽ പാടണം. ഉസ്താദ് അബ്ദുൽ വാഹിദ് ഖാൻ, പണ്ഡിറ്റ് ജീവൻ ലാൽ മട്ടൂ എന്നിവരിൽനിന്നു സംഗീതമഭ്യസിച്ച അനിയന്റെ ആഗ്രഹം ജ്യേഷ്ഠൻ സംഘാടകരെ അറിയിച്ചപ്പോൾ അവർക്കും സന്തോഷം! പിന്നെയെല്ലാം ചരിത്രമായിരുന്നു. ആ അരങ്ങേറ്റ വേദിയിൽനിന്നു ഫീകോ നടന്നുകയറിയതോ, ബോളിവുഡിനെ ത്രസിപ്പിച്ച മുഹമ്മദ് റാഫി എന്ന പൂർണതയിലേക്കായിരുന്നു! ഒരു ദേശീയാംഗീകാരം ഉൾപ്പെടെ നിരവധി അംഗീകാരങ്ങളാണ് ആ സ്വരഭംഗിയെ പിന്നീട് കാത്തിരുന്നത്. 

 

ഈണത്തിൽ പോലും പ്രണയത്തിന്റെ ഫീൽ അനുഭവവേദ്യമാക്കാൻ ശങ്കർ - ജയകിഷൻ ജോടി ആദ്യമേ ഉറപ്പിച്ചിട്ടുണ്ടാവണം. ഓർക്കസ്ട്രേഷനിൽ വയലിനൊപ്പം ബാലൻസ് ചെയ്ത് ഷെഹനായിയിൽ പെയ്തുവീഴുന്ന പ്രണയത്തിന്റെ നൂലിഴകളിൽ ഇഷ്ടങ്ങളെ ദീപ്തമാക്കാൻ പോന്നൊരു എനർജിയുണ്ടായിരുന്നു.

 

ആറു തവണ മികച്ച ഗായകനുള്ള ഫിലിം ഫെയർ അവാർഡ് ലഭിച്ചിട്ടുള്ള റാഫീജീക്ക് മൂന്നു തവണയും ഈ അംഗീകാരം ലഭിച്ചത് - ശങ്കർ - ജയ്കിഷന്റെ ഈണങ്ങളെ ഏറ്റുപാടിയപ്പോഴാണ്!!

ബസുകയറിവരുന്ന സൗന്ദര്യക്കാഴ്ചകളെപ്പരതി കണ്ണുകഴച്ചതെത്ര യാത്രകൾ. നിനച്ചിരിക്കാതെ വന്നുപെടുന്ന ചില കാഴ്ചകളിൽ കണ്ണുകുളിരുമ്പോൾ അറിയാതെ ഉള്ളിലുണരും ആ  ദാദ്രാതാളത്തിന്റെ ഒരു കയറ്റിറക്കം. പൊടിക്കൊരു മധുരത്തിൽ ചുണ്ടത്തൊരീണവും - ‘മേരാ മെഹബൂബ് ആയാ ഹെ.’

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com