ADVERTISEMENT

ഷോർട് വിഡിയോ, ലിപ് സിങ്ക് ആപ്പുകളുടെ പ്രചാരം വർധിച്ചതോടെ ഒരു പാട്ടിന്റെ ഏറ്റവും രസകരമായ ഭാഗം മാത്രമെടുത്തു നൃത്തം ചെയ്യുന്ന രീതി ട്രെൻഡ് ആയി. സമീപകാലത്ത് ആ രീതിയിൽ വൈറൽ ആയത് പുറത്തിറങ്ങി 20 വർഷങ്ങൾ കഴിഞ്ഞ 2 മലയാളം ഫാസ്റ്റ് നമ്പറുകൾ ആണ്. മാത്രമല്ല, ഈ രണ്ടു പാട്ടുകളുടെയും സെക്കൻഡ് ബിജിഎം ആണ് ആളുകൾ 20 വർഷങ്ങൾക്കിപ്പുറം ഏറ്റെടുത്തത്. 2 പാട്ടുകളുടെയും ശിൽപികൾ തങ്ങളുടെ ഗാനങ്ങൾ അൽപം ലേറ്റായി വൈറൽ ആയതിനെക്കുറിച്ച്...

 

 

അത്യുഗ്രൻ നൃത്തമത്സരം: മമ്മൂട്ടി X ശ്രീനിവാസൻ

 

ശ്രീനിവാസന്റെ രജനികാന്ത് സ്റ്റൈൽ പാട്ടും ഡാൻസും കണ്ട് ആഹ്ലാദം കൊണ്ടു മതിമറന്ന്, ‘വെറുമൊരു സാധാരണ ഗായകനും സുന്ദരനു’മായ മമ്മൂട്ടിയുടെ കൈ കുതറിച്ചു പ്രിയാ ഗിൽ എന്ന സുന്ദരി ഓടി... നേരെ ചെന്നു ശ്രീനിയുമൊത്ത് ‘മാർഗഴിയേ മല്ലികയേ മന്ദാരപ്പൂങ്കുരുവിയേ...’ എന്നു പാടി ആടി. സ്റ്റെപ്പുകൾ പഠിപ്പിച്ച കലാ മാസ്റ്ററെ മനസ്സിൽ ധ്യാനിച്ച് 2 കിടിലൻ നൃത്തച്ചുവടുകളുമായി ഇടയ്ക്കൊന്നു തിരിച്ചുവരവിനു ശ്രമിച്ച മമ്മൂട്ടിയുടെ മുതുകിനൊരു ചവിട്ടു കൊടുത്തു ശ്രീനിവാസൻ. വീണു കിടക്കുന്ന മമ്മൂട്ടിയോട് ഗാനരൂപത്തിൽ ശ്രീനിയുടെ താക്കീതും, ‘ഏതു തമ്പ്രാൻ വന്നാലും വലയിൽ വീഴും മാൻ അല്ലാ...’ എന്റെ പെണ്ണ് (പ്രിയ ഗിൽ) എന്ന്. മേഘം എന്ന മമ്മൂട്ടി – പ്രിയദർശൻ – ടി.ദാമോദരൻ ചിത്രത്തിലെ ഈ ഗാനരംഗം കണ്ട് വെട്ടുകിളിപ്പടകളൊന്നും ആക്രോശിച്ചില്ല, സമൂഹ മാധ്യമങ്ങളിൽ ഇന്റർവ്യൂ പ്രളയം ഉണ്ടായില്ല, നാട്ടിലെ അസംഖ്യം കലാകാരൻമാരൊന്നും ഇതു ‘റീക്രിയേറ്റ്’ ചെയ്തു വിഡിയോ എടുത്ത് സമൂഹമാധ്യമങ്ങളിൽ ഇട്ടില്ല. കാരണം, അതു വർഷം 1999 ആയിരുന്നു. പകരം, അന്നത്തെ ‘മ്യൂസിക് ആപ്’ ആയ ഗാനമേളകളിലും റീൽസ് പ്ലാറ്റ്ഫോം ആയ ‘ലൈവ് നൃത്തവേദി’കളിലും ഈ പാട്ട് തുടരെത്തുടരെ ‘പ്ലേ’ ചെയ്യപ്പെട്ടു. ഇന്റർവെൽ...

 

24 വർഷങ്ങൾക്കിപ്പുറം ഇപ്പോൾ ഇൻസ്റ്റഗ്രാം റീൽസിലും യൂട്യൂബ് ഷോർട്സിലും (രണ്ടും ഷോർട് വിഡിയോ പ്ലാറ്റ്ഫോമുകൾ) ഈ പാട്ടിന്റെ സെക്കൻഡ് ബിജിഎം (ഒരു പാട്ടിന്റെ രണ്ടാമത്തെ പശ്ചാത്തല സംഗീത ഭാഗം) ആഘോഷമാകുകയാണ്. ഷൺമുഖനെ (ശ്രീനിവാസൻ) വെല്ലുവിളിച്ചുകൊണ്ടും മീനാക്ഷിയെയും (പ്രിയ ഗിൽ) പ്രേക്ഷകരെയും അമ്പരപ്പിച്ചുകൊണ്ടും രവി വർമ തമ്പുരാൻ‌ (മമ്മൂട്ടി) ചുവടുകൾ വയ്ക്കുന്ന ആ ഭാഗം പ്രായഭേദമില്ലാതെ റീൽസ് സമൂഹം ഏറ്റെടുത്തിരിക്കുന്നു. ചിലർ പാട്ടിനൊപ്പിച്ച് അതേ ചുവടുകൾ തന്നെ വയ്ക്കുന്നു. മറ്റു ചിലർ ഒരു പടി കൂടി കടന്ന് ഗാനരംഗത്തിലെ അഭിനേതാക്കൾ ഉപയോഗിച്ചതുപോലെയുള്ള വസ്ത്രങ്ങൾ ധരിച്ചു വരെ നൃത്തം ചെയ്യുന്നു. വേറെ ഒരു ഭാഗത്ത് ഈ സെക്കൻഡ് ബിജിഎം എടുത്ത് സംഘനൃത്തം കളിക്കുന്നു ചിലർ. ഒരു കാലത്ത് മിമിക്രി കലാകാരൻമാർ മമ്മൂട്ടിയുടെ ഫിഗർ ഷോ നടത്തിയിരുന്നത് ഈ പാട്ടിൽ താരം ചെയ്ത ‘വലതുകൈ കൊണ്ട് നെറ്റിയിൽ തൊട്ട് അതേ കൈ കൊണ്ട് വലതു കാലിൽ തൊടുന്ന ചുവട്’ കൂടി ചേർത്താണ്. അതും അനുകരിക്കപ്പെടുന്നു. അന്നത്തെ കാലത്ത് ഈ പാട്ട് തങ്ങൾക്കു വൈറൽ ആക്കാൻ കഴിഞ്ഞില്ലല്ലോ എന്ന ‘നെറ്റിസൺസിന്റെ’ വിഷമത്തിന് അവർ തന്നെ പരിഹാരം കാണുംപോലെ...

 

മേഘം എന്ന സിനിമയിലെ ഏറ്റവും രസകരമായ നിമിഷങ്ങളാണ് ഈ പാട്ടിനൊപ്പം വന്നുപോയതെന്നു നിസ്സംശയം പറയും ആരാധകർ. പാലക്കാട്ടെ ഒരു കുഗ്രാമത്തിലെ തമിഴ് പടങ്ങൾ മാത്രം കളിക്കുന്ന ടാക്കീസിന്റെ (തിയറ്റർ) മുതലാളിയും ധനികനുമാണ് ഷൺമുഖൻ. തനിക്ക് ഏറ്റവും ഇഷ്ടമുള്ള മീനാക്ഷി എന്ന സുന്ദരിക്കുട്ടിയുടെ ജീവിതത്തിലേക്ക് കടന്നുവന്നു എന്ന് ഷൺമുഖൻ തെറ്റിധരിക്കുന്ന ലഫ്റ്റനന്റ് കേണൽ രവി വർമ തമ്പുരാനെ എതിരിട്ടു തോൽപ്പിക്കുകയാണ് അയാളുടെ ലക്ഷ്യം. അതു പകൽക്കിനാവ് കാണാൻ രജനി ചിത്രങ്ങളുടെ ഗാനരംഗങ്ങൾ അല്ലാതെ ഷൺമുഖൻ വേറെ എന്ത് അടിച്ചുമാറ്റും? ഈ സന്ദർഭത്തിൽ ഒരു പാട്ട് വേണമെന്ന് പ്രിയദർശൻ പറഞ്ഞപ്പോൾ ഔസേപ്പച്ചൻ ഇനി ചിത്രീകരിക്കപ്പെടാൻ സാധ്യതയുള്ള രംഗങ്ങൾ ഓർത്തു ചിരിച്ചു. ശേഷം ചിന്തിച്ചുറപ്പിച്ചു – എപ്പോഴും കയ്യിൽ വരാൻ സാധ്യതയില്ലാത്ത ഈ സന്ദർഭത്തെ ഒന്നു പൊലിപ്പിക്കണം. കാര്യം ഗാനരചയിതാവ് ഗിരീഷ് പുത്തഞ്ചേരിയോടു പറഞ്ഞപ്പോൾ അദ്ദേഹത്തിന് ‘ഞാൻ ഇന്നലെയെ റെഡി’ എന്ന മനോഭാവം. ചിരിച്ചുകൊണ്ട് ഔസേപ്പച്ചൻ ആ പാട്ടുകഥ പറഞ്ഞു തുടങ്ങി:

‘ദേഷ്യക്കാരനെന്നു മുദ്രകുത്തപ്പെട്ട ഗിരീഷിന് ഒരു മറുവശമുണ്ട്. തമാശകളുടെ കലവറയാണ് അദ്ദേഹം. ഇത്രയും തമാശകൾ ഉള്ളിലുള്ള ഗിരീഷിനോട് ഇത്തരമൊരു സാഹചര്യത്തിനു പാട്ടെഴുതാൻ പറഞ്ഞാൽ എന്തു സംഭവിക്കുമെന്ന് എനിക്ക് ഊഹിക്കാവുന്നതേ ഉണ്ടായിരുന്നുള്ളു. ട്യൂൺ കൊടുത്ത് ഏതാനും മണിക്കൂറുകൾക്കുള്ളിൽ തന്നെ ‘വില്ല് വച്ചൊരു വണ്ടിക്ക് സ്വന്തക്കാരൻ താൻ’ എന്നതുപോലെയുള്ള എക്സ്പ്രഷനുകളാൽ സമ്പന്നമായ വരികൾ കിട്ടി. അപ്പോഴാണ് എനിക്കൊരു ഐഡിയ വന്നത്. തമിഴ് ഫോക് ടച്ചുള്ള പാട്ടിന് ഒരു മെലോഡിയസ് തുടക്കം നൽകിയാൽ വ്യത്യസ്തമായിരിക്കും. അതു ഞാൻ സംവിധായകൻ പ്രിയദർശനോടു പറഞ്ഞു. പൊതുവേ മെലഡികളോടു കുറച്ചു താൽപര്യം കൂടുതലുള്ള ആളാണ് ഞാൻ എന്നതുകൊണ്ടോ എന്തോ പ്രിയദർശൻ കുറച്ചു നേരം ആലോചിച്ചിട്ട്, ‘അതു തന്നെയാണു നമുക്ക് വേണ്ടത്’ എന്നു പറഞ്ഞു. അപ്പോൾ എനിക്കു മനസ്സിലായി ഞങ്ങൾ രണ്ടും ഒരേ ദിശയിലാണ് ചിന്തിക്കുന്നത് എന്ന്. അടിപൊളി ഭാഗം പാടാൻ ശ്രീക്കുട്ടനെയും (എം.ജി.ശ്രീകുമാർ) ചിത്രയെയും ഏൽപ്പിക്കാമെന്നു തീരുമാനിച്ചു. പക്ഷേ, ആദ്യത്തെ ‘കോടി ജന്മങ്ങളായ് നിന്നെ കാത്തുനിൽക്കുന്നു ഞാൻ’ എന്ന ഭാഗം പാടാൻ കുറച്ചുകൂടി മെലൻകളിക് (വിഷാദഭാവം) ഉള്ള ശബ്ദം വേണമെന്നു തോന്നി. അപ്പോഴാണു പ്രശ്നം. 4 വരി പാടാൻ ആരെ വിളിക്കും. അവിടെയാണ് അടുത്ത സുഹൃത്തും ഗായകനുമായ ശ്രീനിവാസ് സഹായത്തിനെത്തിയത്. ശ്രീനി അതിമനോഹരമായി അതു പാടി തന്നു. ആദ്യത്തെ 4 വരികൾ കേട്ടാൽ പിന്നാലെ ഒരു ഫാസ്റ്റ് നമ്പർ ആണു വരുന്നതെന്നു തോന്നില്ല എന്നു പലരും പിന്നീട് ആ പാട്ടിനെക്കുറിച്ചു പറഞ്ഞിട്ടുണ്ട്. അതിനു കാരണക്കാരൻ ശ്രീനിവാസ് ആണ്’.

 

നാടൻ പാട്ടുകളിൽ നിന്നു പ്രചോദനം ഉൾക്കൊണ്ട് സൃഷ്ടിക്കപ്പെട്ട തമിഴ് സിനിമാ ഗാനങ്ങളെ ഓർമിപ്പിക്കുന്നതാകണം ‘നമ്മുടെ പാട്ട്’ എന്നു പ്രിയദർശൻ പറഞ്ഞപ്പോൾ പെട്ടെന്നു മനസ്സിൽ വന്ന ഈണമാണ് ‘മാർഗഴിയേ...’ എന്ന ഗാനത്തിന്റേത്. എന്നാൽ, ആ ഈണത്തിന്റെ അടിസ്ഥാനം ഖരഹരപ്രിയ, ആഭേരി രാഗങ്ങളാണ്. അതു മനഃപ്പൂർവം ചെയ്തതല്ലെന്നും അങ്ങു സംഭവിച്ചു പോയതാണെന്നും ഔസേപ്പച്ചൻ. പാട്ടിൽ ഉപയോഗിച്ചിരിക്കുന്ന ചില റിഥം സാംപിൾസ് ഒഴികെ ബാക്കി മുഴുവൻ ഓർക്കസ്ട്രയും ലൈവ് വായിച്ചിരിക്കുന്നതാണ്. നാദസ്വരത്തിനു പകരം ഷെഹനായ് ആണ് ഉപയോഗിച്ചിരിക്കുന്നത്. കീബോർഡിനു പകരം ലൈവ് വയലിനും. ഇപ്പോൾ ട്രെൻഡിങ് ആയ ആ ബിജിഎമ്മിൽ ഉൾപ്പെടെ 25 വയലിനുകൾ ആണ് ആ പാട്ടിനായി പ്രവർത്തിച്ചിരിക്കുന്നത്. വയലിൻ എന്ന സംഗീത ഉപകരണത്തിന്റെ സാധ്യത എത്രത്തോളം ആണെന്ന് അടിവരയിടുന്ന ഗാനം കൂടിയാണ് ഇത്. 

 

മലയാളത്തിൽ വേഗപ്പാട്ടുകളുടെ എണ്ണം ഇതര ഇന്ത്യൻ ഭാഷകളിലെ സിനിമ സംഗീതത്തിലേത് അപേക്ഷിച്ചു കുറവായതും ഈ പാട്ടിന്റെ ജനകീയത ഇത്രയും നാൾ നിലനിൽക്കാൻ കാരണമായിട്ടുണ്ട്. മലയാള ചലച്ചിത്ര സംഗീത ശാഖയിൽ പാട്ടിന്റെ ശബ്ദവിന്യാസവും ഗുണവും വർധിപ്പിക്കുന്നതിനു മുന്നിട്ടിറങ്ങിയ സംഗീതജ്ഞൻമാരിൽ പ്രധാനിയാണ് ഔസേപ്പച്ചൻ. മേഘത്തിലെ ഗാനങ്ങൾ അതിന് ഉത്തമ ഉദാഹരണങ്ങളാണ്. 1999ൽ പുറത്തിറങ്ങിയ ഈ ആൽബം ഇന്നും മികച്ച സൗണ്ടിങ്ങിനു പ്രശംസിക്കപ്പെടുന്നു.

 

ചെന്നൈയിലെ പ്രശസ്തമായ വിജിപി സ്റ്റുഡിയോയിലായിരുന്നു ഈ പാട്ടിന്റെ പിറവി. ബാലു എന്ന എൻജിനീയറാണ് അന്നു സഹകരിച്ചത്. ഇളയരാജയുടെ ഓർക്കസ്ട്ര കണ്ടക്ടറായ പ്രഭാകർ ആണ് മേഘത്തിലെ എല്ലാ പാട്ടുകളുടെയും ഓർക്കസ്ട്രേഷനു പിന്നിൽ. പ്രോഗ്രാം ചെയ്തത് ഔസേപ്പച്ചന്റെ കരിയർ ബെസ്റ്റ് പാട്ടുകളിൽ ഒന്നായ ‘ഒരു രാജമല്ലി’ പോലുള്ള സൂപ്പർഹിറ്റുകൾക്കു വേണ്ടി പ്രവർത്തിച്ച രാജു എന്ന ടെക്‌നിഷ്യൻ മ്യുസിഷനും.

 

ഫൺ ഫാക്ട് – മാർഗഴിയെ പാട്ടിന്റെ അവസാനം ‘നാൻ ഷൺമുഖം’ എന്നു ശ്രീനിവാസൻ പ്രഖ്യാപിക്കുന്ന ഒരു രംഗമുണ്ട്. അത് എം.ജി.ശ്രീകുമാറിന്റെ മനോധർമം ആയിരുന്നു. അതു കേട്ട് പ്രിയദർശൻ ചിരിച്ചു. അതുൾപ്പെടെ ആ പാട്ടുമായി ബന്ധപ്പെട്ട് ഉണ്ടായ വ്യത്യസ്ത ചിന്തകൾ മിക്കതും സംവിധായകൻ എടുത്തുപയോഗിച്ചു എന്നതാകാം ഇപ്പോഴും ആ പാട്ടിന്റെ ഫ്രഷ്നസ് നഷ്ടപ്പെടാതെയിരിക്കാൻ കാരണം എന്ന് ഔസേപ്പച്ചൻ. 

 

മേഘം എന്ന സിനിമയിലെ എല്ലാ പാട്ടുകളും ഹിറ്റ് ആയിരുന്നു. എന്നാൽ, ‘തുമ്പയും തുളസിയും’, ‘ഞാനൊരു പാട്ടു പാടാം’ എന്നീ പാട്ടുകൾ കുറച്ചു കൂടുതൽ ജനകീയമായതോടെ ബാക്കി 3 പാട്ടുകൾ അതിന്റെ നിഴലിലായിപ്പോയി. ഇപ്പോൾ അടുത്ത തലമുറയിൽപ്പെട്ട ശ്രോതാക്കൾ ഇത് ഇഷ്ടപ്പെടുന്നു എന്നു കേൾക്കുമ്പോൾ അന്നു കഷ്ടപ്പെട്ടതിന് കുറച്ചു വൈകി ആണെങ്കിലും ഫലം ലഭിച്ചു എന്നു കരുതാനാണ് ഇഷ്ടം. 

 

റീൽസ് അധികം ശ്രദ്ധിക്കാറില്ല. അടുപ്പമുള്ളവർ ഇതു കാട്ടി തന്നപ്പോഴാണ് ഇങ്ങനെയൊരു ട്രെൻഡ് ഉണ്ടെന്നു മനസ്സിലായത്. വേറെയൊരു സന്തോഷം കൂടിയുണ്ട്. മേഘത്തിലെ ‘വിളക്കു വയ്ക്കും വിണ്ണിൽ...’ എന്ന പാട്ട് ഏറെ ഇഷ്ടപ്പെടുന്ന പുതുമുഖ സംവിധായകൻ സിന്റോ സണ്ണിക്കൊപ്പം ഈയടുത്തു പ്രവർത്തിച്ചു. മേഘത്തിലെ പാട്ടു പാടിയ അതേ ഗായകർ, എം.ജി.ശ്രീകുമാറും സുജാതയും, സിന്റോയുടെ ‘പാപ്പച്ചൻ ഒളിവിലാണ്’ എന്ന സിനിമയിലെ ഒരു ഗാനത്തിനായി ഒന്നിച്ചിട്ടുണ്ട്. വൈകാതെ കൂടുതൽ വിവരങ്ങൾ പങ്കുവയ്ക്കാം. സംഗീത സംവിധായകൻ ഔസേപ്പച്ചൻ പറയുന്നു.

 

വൈറൽ ഡാൻസർ രാക്ഷസി

 

ഒപ്പം നൃത്തം ചെയ്യാൻ തോന്നുന്ന ഒരൊറ്റ രാക്ഷസിയെ മലയാള സിനിമയിൽ ഉള്ളു. അത് 21 വർഷങ്ങൾക്കു മുൻപ് സംവിധായകൻ കമലും സംഘവും കൂടി ‘നമ്മൾ’ എന്ന സിനിമയിലെ ‘എൻ കരളിൽ താമസിച്ചാൽ’ എന്ന പാട്ട് ഷൂട്ട് ചെയ്യുന്നതിനായി ജന്മം കൊടുത്ത ‘രാക്ഷസി’യാണ്. ഈ സത്യം കേരളത്തിലെ ‘റീൽസ് ഫാമിലി’ തിരിച്ചറിഞ്ഞിട്ട് ഏതാനും മാസങ്ങളേ ആയുള്ളു എന്നു വേണം മനസ്സിലാക്കാൻ. കാരണം, കഴിഞ്ഞ ഏതാനും ആഴ്ചകളായി ആ പാട്ടിന്റെ ഏറ്റവും രസകരമായ ഭാഗമായ സെക്കൻഡ് ബിജിഎം (ഒരു ഗാനത്തിന്റെ രണ്ടാമത്തെ പശ്ചാത്തല സംഗീത ഭാഗം) വീണ്ടും സമൂഹമാധ്യമങ്ങളിൽ മുഴങ്ങിക്കൊണ്ടിരിക്കുകയാണ്. നൃത്തം ചെയ്യാൻ അറിയാവുന്ന ഒട്ടുമിക്ക റീൽസ് താരങ്ങളും അതിനൊപ്പം ചുവടു വച്ചു കഴിഞ്ഞു. 2002ൽ കേരളത്തിലെ കലാലയ അങ്കണങ്ങളിലും മ്യൂസിക് ചാനലുകളിലും റേഡിയോയിലും ഗാനമേള വേദികളിലുമൊക്കെ തരംഗമായി മാറിയ ‘രാക്ഷസീ...’ എന്ന ഗാനത്തിന്റെ ബിജിഎം ചില ഇതര ഭാഷക്കാരായ റീൽസ് താരങ്ങൾ പാട്ട് ഏതെന്നു പോലും മനസ്സിലാകാതെ നൃത്തത്തിനായി ഉപയോഗിച്ചിട്ടുണ്ട്. അതെ, ആ നോട്ടി ഡാൻസിങ് രാക്ഷസി വൈറൽ ആയിരിക്കുന്നു!

 

പാട്ട് പുറത്തുവന്ന കാലത്ത് ‘ഇതൊക്കെ കോളജ് പിള്ളേരുടെ പാട്ട് അല്ലെ’ എന്നു ചോദിച്ചവർ പോലും ഇന്ന് ഈ ബിജിഎമ്മിനൊപ്പം മക്കളും കൊച്ചുമക്കളുമൊക്കെയായി നൃത്തം ചെയ്യുന്നു. ‘രാക്ഷസീ...’ എന്ന വിളിയിലൂടെയാണ് ആ ഗാനം പ്രശസ്തമായത്. സംവിധായകൻ കമൽ സിനിമയിലെ സന്ദർഭം വിവരിച്ചു കഴിഞ്ഞപ്പോൾ ഗാനരചയിതാവ് കൈതപ്രം ദാമോദരൻ നമ്പൂതിരി മനസ്സിൽ ഇങ്ങനെ തീരുമാനിക്കുന്നു: പെൺകുട്ടികൾക്കു തങ്ങളെ അപമാനിച്ചു എന്നു തോന്നാതെയിരിക്കണം. എന്നാൽ, സിനിമയിലെ കഥാപാത്രങ്ങളായ കുറച്ചു കുരുത്തംകെട്ട ആൺകുട്ടികൾക്ക് പുതുതായി ചേരാൻ വരുന്ന ഒരു അഹങ്കാരി പെൺകുട്ടിയെ കളിയാക്കുകയും വേണം. അതിനായുള്ള കുറുക്കുവഴി ആയാണ് ‘രാക്ഷസീ...’ എന്നു പ്രയോഗിച്ചത്. ‘രാക്ഷസിയെ ഞങ്ങൾ സ്നേഹിക്കാൻ പഠിപ്പിക്കാം’ എന്ന ധ്വനിയാണ് ആ പാട്ടിന്റെ തുടക്കം മുതൽ ഒടുക്കം വരെ. അതു കൈതപ്രത്തിന്റെ ഭാവനയായിരുന്നു. ഗാനത്തിന്റെ പല്ലവി (ആദ്യ ഭാഗം) ശരിയായതോടെ കമൽ കൈതപ്രത്തിനും മോഹൻ സിതാരയ്ക്കും പൂർണ സ്വാതന്ത്ര്യം നൽകി. 

 

സെക്കൻഡ് ബിജിഎമ്മിലെ സ്വരങ്ങൾ ഉൾപ്പെടുന്ന ഭാഗത്തിന് എങ്ങനെയാണ് ഇത്ര ഡിമാൻഡ് വന്നതെന്നു പാട്ടിന്റെ സൃഷ്ടാവായ മോഹൻ സിതാരയോടു ചോദിച്ചപ്പോൾ ‘ആ പാട്ട് ഉണ്ടാക്കിയത് നല്ല സമയത്താണ്...’ എന്നായിരുന്നു ചിരിച്ചുകൊണ്ടുള്ള മറുപടി. ‘സംവിധായകൻ പറഞ്ഞ സന്ദർഭം എടുത്തു സംഗീതരൂപം കൊടുക്കുക മാത്രമാണു ചെയ്തത്. ഈണത്തിനായി ഏറെ പണിപ്പെടേണ്ടി വന്നില്ല. അതിന്റെ റെക്കോർഡിങ് സമയത്തു തോന്നിയ ആശയമാണ് ആ സ്വരം ഗായകനെക്കൊണ്ടു പാടിക്കാം എന്ന്. ആദ്യം ഓർക്കെസ്ട്രയ്ക്കു നൊട്ടേഷൻ എഴുതി കൊടുത്തതാണ്, ആ ഭാഗം വായിക്കാൻ. തലയിൽ ബൾബ് കത്തിയതുപോലെ വന്ന ഐഡിയ ആണ് സ്വരം ഗായകനെക്കൊണ്ടു പാടിക്കുക എന്നത്. ആ ഭാഗം പാടിയിരിക്കുന്നത് അഫ്സൽ ആണ്. അത്രയും നേരം ചടുലതാളത്തിൽ പാടിക്കൊണ്ടിരുന്ന അഫ്സലിനോട് കുറച്ചു ക്ലാസിക്കൽ ശൈലിയിൽ പാടാൻ പറഞ്ഞു. വലിയ സംഗീതജ്ഞൻ സാമ്പ്രദായികമായി സ്വരം പാടുന്ന രീതിയെ അനുസ്മരിപ്പിച്ചുകൊണ്ട് അതു പാടി അഫ്സൽ അതു ഗംഭീരമാക്കി’, മോഹൻ സിതാരയുടെ വാക്കുകളിൽ സന്തോഷം മാത്രം.

തൃശൂർ ചേതന സ്റ്റുഡിയോയിൽ ആണ് ‘നമ്മൾ’ സിനിമയുടെ സംഗീത ജോലികൾ നടന്നത്. അന്ന് സ്റ്റുഡിയോ കാണാൻ വന്നതാണു ഗായകൻ ഫ്രാങ്കോ. അപ്പോൾ അവിടുത്തെ എൻജിനീയർ മോഹൻ സിതാരയോട് ഫ്രാങ്കോ പാടുന്ന ആൾ ആണെന്നു പറയുകയായിരുന്നു. ഉടൻ തന്നെ ഫ്രാങ്കോയുമായി സംസാരിച്ചു. അന്നു കുറച്ചു സാംപിൾ പാട്ടുകൾ പാടിച്ചുനോക്കിയ മോഹൻ സിതാര ഉറപ്പിച്ചു, ‘രാക്ഷസീ...’ പാടാനുള്ള ഒരു ഗായകൻ ഫ്രാങ്കോ തന്നെ. ഒന്നിലേറെ പേർ പാടുന്നതായി ആണ് സിനിമയിലെ സന്ദർഭം. അങ്ങനെയാണ് പാട്ടു പാടാൻ 2 ഗായകർ വേണമെന്നുറപ്പിക്കുന്നത്. മുൻപ് തനിക്കുവേണ്ടി താളവാദ്യം വായിക്കാൻ വരികയും പിന്നീട് വല്യേട്ടൻ എന്ന സിനിമയ്ക്കായി പാടുകയും ചെയ്ത അഫ്സലിനെയും അങ്ങനെ മോഹൻ സിതാര ഈ പാട്ടിലേക്ക് വിളിക്കുകയായിരുന്നു. 

 

ഓഡിയോ കസെറ്റിൽ ഗായകരായി അഫ്സൽ, ഫ്രാങ്കോ, കോറസ് എന്നാണ് എഴുതിയിരിക്കുന്നതെങ്കിലും കോറസ് പ്രധാനഗായകർ തന്നെയാണു പാടിയതെന്നും മോഹൻ സിതാര പറഞ്ഞു. അവരുടെ ടോൺ കംപ്യൂട്ടറിന്റെ സഹായത്തോടെ അൽപമൊന്നു മാറ്റം വരുത്തിയാണ് ഉപയോഗിച്ചതെന്നു മാത്രം.

‘കാപി’ രാഗ ഛായ ആണ് ഈ പാട്ടിന്റെ അടിസ്ഥാനം. ‘ഒരു രാഗത്തിന്റെ മാത്രം അടിസ്ഥാനത്തിലായിരിക്കണം പാട്ട് എന്നു തോന്നിയില്ല. അങ്ങനെയായാൽ പെട്ടെന്നു പഴമ തോന്നിക്കുമോയെന്നൊരു സംശയം പിടികൂടിയിരുന്നു അന്ന്. അതുകാരണം മനഃപൂർവം അങ്ങനെ ചെയ്യാതിരുന്നതാണ്’ മോഹൻ സിതാര പറഞ്ഞു. കുറഞ്ഞത് 4 സിനിമകളുടെ ജോലികൾ ഒരുപോലെ നടന്ന സമയം ആയിരുന്നു അത്. അതുകൊണ്ട് റെക്കോർഡിങ് സമയത്തു കിട്ടിയ ആശയങ്ങൾ മാത്രമാണ് അതിൽ മോഹൻ സിതാര ഉൾപ്പെടുത്തിയിരിക്കുന്നത്. അങ്ങനെയൊക്കെ പറയുമ്പോഴും വായ്ത്താരിയും സംഭാഷണവും ജതിയും ആളുകളുടെ ആരവവും പുതിയതും പഴയതുമായ വാദ്യോപകരണങ്ങളുടെ ഫ്യൂഷനും എല്ലാം ചേർന്നൊരു ‘പ്രഥമൻ’ തന്നെയാണ് ആ സെക്കൻഡ് ബിജിഎമ്മിൽ ശ്രോതാക്കൾക്കു ലഭിച്ചത്. കുമാർ ശാന്തിയാണ് പാട്ടിന്റെ നൃത്തസംവിധാനം നിർവഹിച്ചിരിക്കുന്നത്. 

 

‘രാക്ഷസീ...’ എന്നു കുറച്ചുകൂടി ഉറക്കെ ഗായകരെക്കൊണ്ട് പാടിച്ചു. എന്നിട്ട്, ഒരു ഒക്ടേവ് കൂടി ഹൈ ആക്കിയപ്പോൾ ഇപ്പോൾ നമ്മൾ കേൾക്കുന്ന രീതിയിലായി. അൽപം കോമിക്കൽ ആയി അതു സൗണ്ട് ചെയ്യണം എന്നു തോന്നിയപ്പോൾ ചെയ്ത പരീക്ഷണം ആയിരുന്നു അത്. ആ പാട്ടു കേൾക്കുമ്പോൾ ആളുകളുടെ മുഖത്ത് ചെറുചിരി വരാൻ‌ കാരണവും ആ രാക്ഷസി തന്നെയാണ്. സംഗീത സംവിധായകൻ മോഹൻ സിതാര പറയുന്നു. 

 

കോളജിലെ ഒരു കൂട്ടം കുസൃതികളായ ആൺകുട്ടികൾ ഒരു പെൺകുട്ടിയെ കളിയാക്കി പാട്ടു പാടുന്നതും നൃത്തം ചെയ്യുന്നതുമാണല്ലോ ‘രാക്ഷസീ...’ എന്ന പാട്ടിന്റെ സന്ദർഭം. പാട്ട് എഴുതാൻ തുടങ്ങും മുൻപ് തന്നെ ‘ഈ പാട്ട് കേട്ട് ഒരു പെൺകുട്ടി പോലും മനസ്സു വിഷമിച്ച് ഇരിക്കരുത്’ എന്നുറപ്പിച്ചിരുന്നു. അതുകൊണ്ടാണ് നാടൻ ഭാഷയിലെ അൽപം കടുപ്പം കൂടുതലുള്ള വാക്കുകളൊന്നും പാട്ടിൽ ഉപയോഗിക്കാതിരുന്നത്. ‘എൻ കരളിൽ താമസിച്ചാൽ മാപ്പു തരാം രാക്ഷസീ...’ എന്ന തുടക്കം പോലും ഉണ്ടായത് ആ ജാഗ്രതയിൽ നിന്നാണ്. മാപ്പു തരാം എന്നാണു പറഞ്ഞത്. അല്ലാതെ, ഇല്ലാണ്ടാക്കിക്കളയും എന്നല്ലല്ലോ... 

പാട്ടിറങ്ങി ഹിറ്റ് ആയാൽ അന്നത്തെ ക്യാംപസുകളിലെ സ്മാർട് ആയ പെൺകുട്ടികളിൽ പലരും സാന്ദർഭികമായി ഈ പാട്ട് അവിടുത്തെ ആൺകുട്ടികളിൽ നിന്നു കളിയാക്കൽ പോലെ കേൾക്കേണ്ടി വരുമെന്ന് ഉറപ്പായിരുന്നു. അതുകൊണ്ടാണ് അങ്ങനെ ഒരു കരുതൽ എടുത്തത്. പാട്ട് എല്ലാവരിലേക്കും എത്തുന്നതിനു ഞാൻ ഉപയോഗിച്ച സൂചകപദം ആയിരുന്നു ‘രാക്ഷസീ’ എന്നത്. ആ ആശയത്തിൽ ഊന്നി തന്നെ പാട്ട് ചിത്രീകരിക്കപ്പെടുന്നതു കണ്ടപ്പോൾ വലിയ സന്തോഷം തോന്നി. ‘രാക്ഷസീ’ എന്ന ഭാഗം ഒരു ഫോൾസ് വോയ്‌സിലാണല്ലോ നമ്മൾ കേൾക്കുന്നത്. അതു മോഹന്റെ (മോഹൻ സിതാര) സംഭാവനയാണ്. സംവിധായകൻ കമൽ വലിയ സ്വാതന്ത്ര്യമാണു ഗാനശിൽപികൾ എന്ന നിലയ്ക്കു ഞങ്ങൾക്കു നൽകിയത്. പാട്ട് പൂർത്തിയായപ്പോൾ അദ്ദേഹം ചിരിച്ചുകൊണ്ട് ആണ് ‘ഒകെ’ പറഞ്ഞത്. ഗാനരചയിതാവ് കൈതപ്രം ദാമോദരൻ നമ്പൂതിരി ഓർത്തെടുത്തു. 

 

പ്രചാരമേറുന്ന ഹൂക്ക് മാജിക് 

 

ഒരു പാട്ടിലേക്കും അതിന്റെ ദൃശ്യങ്ങളിലേക്കും പ്രേക്ഷകന്റെ ശ്രദ്ധയെ കൊളുത്തിവലിച്ചെടുത്തുകൊണ്ടു പോകാനായി ഉപയോഗിക്കുന്ന സംഗീത ശകലവും ചുവടുകളും ചേർന്ന ഭാഗമാണ് ‘ഹൂക്ക്’. സമീപകാലത്ത് ഷോർട് വിഡിയോ ആപ്പുകളിൽ തരംഗമായി മാറിയ വാരിസ് എന്ന വിജയ് ചിത്രത്തിലെ ‘ജിമിക്കി പൊണ്ണ്’ എന്ന പാട്ടിലെ ആദ്യത്തെ ബിജിഎമ്മിനോടു ചേർന്നു വരുന്ന കോറസ് ഭാഗം സ്വാഭാവികമായി ജനശ്രദ്ധയാകർഷിച്ച ഇത്തരമൊരു ഹൂക്ക് ആണ്. സിനിമയുടെ പിന്നണിപ്രവർത്തകർ അതേ സിനിമയിലെ ‘രഞ്ജിതമേ...’ എന്ന പാട്ടിൽ ഹൂക്കുകളുടെ ഘോഷയാത്ര തന്നെ ഒരുക്കിയിരുന്നു. അതു വൈറൽ ആയി കഴിഞ്ഞ ശേഷം പതുക്കെ ഉയർന്നു വരികയായിരുന്നു ‘ജിമിക്കി പൊണ്ണ്’ എന്ന പാട്ടിലെ ഹൂക്ക്. ചടുലമായ ഓർക്കസ്ട്രയ്ക്കൊപ്പം അൽപം ക്ലാസിക്കൽ രീതിയിലുള്ള ഈണം കൂടി ചേർന്നു വന്നതാണ് ഇതു ഹിറ്റ് ആകാൻ കാരണം എന്നു സംഗീതപ്രേമികൾ കമന്റുകളിലൂടെ അഭിപ്രായപ്പെടുകയും ചെയ്തു. ദക്ഷിണേന്ത്യയിൽ ക്ലാസിക്കൽ ഇണങ്ങൾക്ക് എല്ലായ്പ്പോഴും പിന്തണ ലഭിക്കുമെന്നതിന്റെ ഉദാഹരണം കൂടിയായി മാറി ഇത്. എസ്.തമൻ ഈണമിട്ട ഗാനം എഴുതിയത് വിവേക് വേൽമുരുഗനാണ്. ഷോബി പോൾരാജ് ആണ് ഈ ഗാനത്തിനു നൃത്തസംവിധാനം നിർവഹിച്ചിരിക്കുന്നത്.

ദസറ എന്ന തെലുങ്ക് സിനിമയിലെ സന്തോഷ് നാരായണൻ (വരികൾ കസർല ശ്യാം) ഈണമിട്ട ‘ചംകീല അംഗീലേശി...’ എന്ന പാട്ടിന്റെ തുടക്കഭാഗം തന്നെ ‘ഹൂക്ക്’ ചെയ്യണമെന്ന നിർബന്ധബുദ്ധിയോടെ തയാറാക്കിയതാണ്. ചിത്രത്തിന്റെ പ്രചാരണത്തിനു കേരളത്തിൽ വന്നപ്പോൾ നായകൻ നാനി ഇൻസ്റ്റഗ്രാം താരങ്ങൾക്കൊപ്പം ഈ ഭാഗം എടുത്തു നൃത്തം ചെയ്തിരുന്നു. അന്നു തയാറാക്കിയ ഒരു മിനിറ്റിൽ താഴെയുള്ള ‘റീലുകൾ’ ആണു പിന്നീട് ചിത്രത്തിന്റെ പ്രചാരണം നിർവഹിച്ചത് എന്നു തന്നെ പറയാം. ഈ രീതിക്കു പ്രചാരം ഏറിയതോടെയാണ് ഒരു പാട്ടിന്റെ ഏറ്റവും നൃത്ത, അഭിനയ സാധ്യതയുള്ള ഭാഗം എടുത്ത് അവതരിപ്പിക്കുന്നതു വർധിച്ചത്. 

 

റാ വൺ എന്ന ഷാറൂഖ് ഖാൻ ചിത്രത്തിൽ വന്നു ഹിറ്റ് ആയ ‘ചമ്മക് ചലോ’ എന്ന ഗാനം ഇപ്പോൾ വീണ്ടും കത്തിക്കയറിക്കൊണ്ടിരിക്കുകയാണു സമൂഹമാധ്യമങ്ങളിൽ. ഹിന്ദി, തമിഴ്, ഇംഗ്ലിഷ് വരികൾ ഉള്ള ഗാനത്തിലെ തമിഴ് വരികളുടെ ഭാഗമാണ് ഇവിടെ വീണ്ടും ഹിറ്റ് ആയിരിക്കുന്നത്. ഹംസിക അയ്യരാണ് ഈ ഭാഗം പാടിയിരിക്കുന്നത്. പാട്ടിൽ രണ്ടാമത്തെ ചരണം ആയാണ് ഇതു വരിക. കരീന കപൂർ നൃത്തം ചെയ്യുന്ന ചുവടുകളും ആ ഭാഗത്തെ സംഗീതവും ചേർന്ന ഭാഗം ഹൂക്ക് ആയി രൂപാന്തരപ്പെട്ടിരിക്കുന്നു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com