ADVERTISEMENT

'എന്ന സുന്ദരം, ഉങ്കളൈ കൊഞ്ച നാളാ പാർക്കവേ മുടിയവില്ലൈയെ!'

 

മഹാഗായകൻ എം.ഡി.രാമനാഥനിൽനിന്നു പെട്ടെന്നു പുറപ്പെട്ടുവന്ന ചോദ്യത്തിൽ സുന്ദരമണി അൽപമൊന്നു സങ്കോചംകൊണ്ടുപോയി. അപ്പോഴേക്കും പുറകിൽ ഒതുങ്ങിനിന്ന ഭാര്യ ജയാമ്മയെയും രാമനാഥൻ കണ്ടുകഴിഞ്ഞു.

 

'യാരിത്, കൂടവേ ജയാമ്മാവും ഇരുക്കാങ്കളെ? ഏതുക്ക്ങ്കെ, എസ്കാർട്ടാ?'

 

'അയ്യോ അപ്പടിയൊണ്ണുമില്ലൈ സർ. ഇവർക്ക് ഒടമ്പുക്ക് മുടിയലെ. ഹാർട്ടിലെ ചിന്നതാ ഒരു പ്രാബ്ലം.'

 

ജയാമ്മയുടെ സംഘർഷം വാക്കുകളിൽ പ്രതിഫലിച്ചു.

 

'ഇന്ത പ്രോബ്ലം എനക്കും കൊഞ്ചം ഇരുക്ക് ജയാമ്മാ. റൊമ്പ കെയർഫുളാ പാരുങ്കെ.'

 

'ഡോക്ടറൈ പാർത്ത്ക്കിട്ട് താൻ ഇരുക്കേൻ സാർ.'

 

'ചുമ്മാ ഡോക്ടറൈ പാർത്താ മട്ടും പോതാത്, സുന്ദരം. അന്ത സാക്ഷാൽ വൈദ്യനാഥനെത്താൻ പാർക്ക വേണ്ടും, എല്ലാമേ അവരുടൈയെ കരുണൈ താൻ.'

 

രാമനാഥൻ സുന്ദരമണിയുടെ വിശ്വാസത്തെ ദൃഢപ്പെടുത്തി. രോഗതീവ്രത കൃത്യമായി ചോദിച്ചു മനസ്സിലാക്കി. അതൽപം ഗൗരവമുള്ളതായി രാമനാഥനും  തോന്നി. വർഷങ്ങളായി അനപത്യദുഃഖം സഹിച്ചു ജീവിക്കുന്ന ഗായകൻ, 'അപുത്രസ്യ ഗൃഹം ശൂന്യം' എന്ന വേദവചനത്തിൽ വിശ്വസിക്കുന്ന സാത്വികൻ അതേ ദുർവിധിയിലൂടെ കടന്നുപോകുന്ന സുന്ദരത്തെയും ജയാമ്മയെയും സാന്ത്വനിപ്പിച്ചു. പിന്നാലെ 'ഇന്നൈക്ക് യിതുവരൈ പാടാത ഒരു സ്‌പെഷൽ കീർത്തനൈ ഉങ്കളുക്കാക നാൻ പാടുവേൻ' എന്നുകൂടി കേട്ടതോടെ സുന്ദരമണി ക്ഷിപ്രമോക്ഷം സിദ്ധിച്ച സൗഭാഗ്യത്തിൽ കൃതാർഥനായി.

 

രാമനാഥൻ പതിയെ രാഗം മൂളിത്തുടങ്ങവേ, സംഘാടകർ വന്നുചേർന്നു, അദ്ദേഹത്തെ ആദരവോടെ വേദിയിൽ കൊണ്ടുചെന്നിരുത്തി. വേദിയെന്നു പറയാനും മാത്രമില്ല. ചെറിയൊരു പലകത്തട്ടാണ്. മുകളിൽ കുറെ പനയോലകൾ വിരിച്ചിട്ടുണ്ട്. മേൽത്തരം മൈക്കുകളുടെ ആർഭാടമില്ല. ഉള്ളവ നേരാംവണ്ണം പ്രവർത്തിക്കുമോ എന്നറിയണമെങ്കിൽ പാടിത്തന്നെ നോക്കണം. പക്ഷേ രാമനാഥൻ ഇതിലൊന്നും ശ്രദ്ധചെലുത്തുന്ന ഗായകനല്ലല്ലോ. വളരെ വേണ്ടപ്പെട്ട ചിലർ ക്ഷണിച്ചു. ഒരു പഴയ ദേവീക്ഷേത്രമല്ലേ, തൊഴുതിട്ടുപോകാം, കൂട്ടത്തിൽ കച്ചേരിയുമാകാം. അതിലപ്പുറം അദ്ദേഹവും കരുതിയില്ല. അതിനാൽ പലകമേൽ വിരിച്ചിട്ട തഴപ്പായയിൽ അദ്ദേഹം പരാതികളില്ലാതെ പാടാനിരുന്നു. പക്കത്തിൽ വയലിൻ വിദ്വാൻ ടി.എൻ.കൃഷ്ണനും മൃദംഗവാദകൻ പാലക്കാട് കുഞ്ചുമണിയുമുണ്ട്. ഗഞ്ചിറ വായിക്കാൻ നാഗർകോവിലിൽനിന്നുള്ള ഒരു കലാകാരനെത്തന്നെ ഏർപ്പാടാക്കിയിരുന്നു.

 

ഇത്തവണയും മഹാത്ഭുതങ്ങൾ യാതൊന്നുമില്ല. കച്ചേരി കേൾക്കാൻ വളരെ കുറച്ചുപേരേ ഹാജരുള്ളൂ. സുന്ദരമണിയും ജയാമ്മയും മുൻനിരയിൽ   ഇരിക്കുന്നുണ്ട്. സുന്ദരം ലക്ഷണമൊത്ത രസികനാണ്. രാമനാഥൻ നാഗർകോവിൽ സന്ദർശിക്കുമ്പോഴെല്ലാം എന്തിനും നിഴൽപോലെ ചാരെയുണ്ടാവും. ഓരോ വരവിലും പ്രിയ ഗായകനുവേണ്ടി പ്രിയപ്പെട്ടതെന്തെങ്കിലും അയാൾ കരുതാതിരിക്കില്ല. രാമനാഥൻ പ്രതീക്ഷിക്കുകയും ചെയ്യും. അങ്ങനെ അവർക്കിടയിൽ വളർച്ചയേറിയ ഹൃദയബന്ധത്തിൽ സുന്ദരമണി ഏറെ അഭിമാനംകൊണ്ടിരുന്നു. സത്യത്തിൽ രാമനാഥനോടു പുലർത്തിയ സൗഹൃദം, അത്രയൊന്നും  തീവ്രതയോടെയല്ലെങ്കിലും മറ്റു സംഗീതജ്ഞരോടും അയാൾ വച്ചുപുലർത്തിയതാണ്. അതിനാൽ സംഗീതവൃത്തങ്ങളിൽ സുന്ദരമണിയും ജയാമ്മയും പരിചിതരായിരുന്നു. അവരുടെ അതിഥിസൽക്കരപ്രിയത രാമനാഥൻ അടക്കം പല ഉന്നത കലാകാരന്മാരും ഏറെ ആസ്വദിച്ചിട്ടുണ്ട്.

 

രാമനാഥപുരം ശ്രീനിവാസ അയ്യങ്കാരുടെ 'വനജാക്ഷി' വർണത്തിൽ തുടങ്ങിയ കച്ചേരി, ത്യാഗരാജസ്വാമികളുടെ 'ജഗദാനന്ദകാരക'യിലൂടെ ദീക്ഷിതരുടെ  നവഗ്രഹകീർത്തനമായ 'ബുധമാശ്രയാമി സതത'ത്തിൽ വന്നുനിലച്ചു. പിന്നെ അഞ്ചാറു മിനിറ്റുനേരം രാമനാഥൻ ഘനമൗനം പൂണ്ടിരുന്നു. കണ്ണുകൾ അടഞ്ഞു കിടക്കുകയാണെങ്കിലും ശരീരാംഗങ്ങൾ ചെറുതായി ഇളകുന്നുണ്ട്. കച്ചേരികളിൽ രാമനാഥനോടൊപ്പം ഇരിക്കുമ്പോൾ ഇങ്ങനെ ചിലതൊക്കെ നേരത്തെ പരിചയം വന്നിട്ടുള്ളതിനാൽ ടി.എൻ.കൃഷ്ണൻ വയലിൻ താഴെ വച്ചു. കുഞ്ചുമണി ആകാംക്ഷാപൂർവം പാട്ടുകാരനെ നിരീക്ഷിച്ചുകൊണ്ടിരുന്നു. പൊടുന്നനെ ധ്യാനത്തിൽനിന്നും എന്നതുപോലെ രാമനാഥൻ ഉണർന്നു. മുന്നിലിരിക്കുന്ന സുന്ദരമണിയെ കരുണയോടെ നോക്കി. പതുക്കെ മന്ദഹസിച്ചു. അഴിഞ്ഞുപോയ കുടുമ ഒന്നു മുറുക്കിവച്ചശേഷം പാതാളശ്രുതിയിൽ രണ്ടു മൂന്നു സ്വരങ്ങൾ നീട്ടിപ്പിടിച്ചു. അതങ്ങനെ അനദിയിൽ അലിഞ്ഞു. പുറകെ അതിവിളംബിത കാലത്തിൽ ഉറവകൊണ്ട ആലാപനത്തെ പിന്തുടരാൻ കൃഷ്ണനും കുറച്ചൊന്നു പ്രയാസപ്പെട്ടു.

 

തുടക്കത്തിലെ ഏതാനും നിമിഷങ്ങളിൽ വിദ്വജ്ജനങ്ങൾക്കുപോലും രാഗം ഏതെന്നു വെളിപ്പെട്ടു കിട്ടിയില്ല. അവർ ചക്ഷുഭാഷയിൽ അന്യോന്യം ചോദിച്ചുകൊണ്ടിരിക്കെ. രാമനാഥൻ വ്യക്തമാക്കി- രാഗം ഛായാ തരംഗിണി, ത്യാഗരാജകൃതി 'ഇതര ദൈവമുല വല്ലനിലനു സൗഖ്യമാ രാമാ.' അതിനു തുടർച്ചയായി ഒരു ചെറു വിവരണവും അദ്ദേഹം കൊടുത്തു. കടുത്ത ജ്വരബാധിതനായ വേളയിൽ പൂജ മുടങ്ങുമോ എന്ന അങ്കലാപ്പോടെ ത്യാഗരാജസ്വാമികൾ  രാമനെ പ്രാർഥിക്കുന്ന രചനയാണ്. 'അല്ലയോ രാമാ, ഈ ലോകത്ത് വേറെ ദൈവങ്ങളിൽനിന്ന് സൗഖ്യം താരമാകുമോ' എന്ന വിഷാദചിന്തയോടെ തുടങ്ങുന്ന കൃതി ഇങ്ങനെ അവസാനിക്കുന്നു- 'ഹേ  രാമാ, എന്റെ മാനസികാവസ്ഥ മനസ്സിലാക്കി എന്നെ സംരക്ഷിക്കണോ അതോ മറക്കണോ എന്നുള്ളത് അങ്ങയിൽ അർപ്പിതമാണ്. പക്ഷേ, ഇതാകട്ടെ, ഞാൻ അങ്ങയുടേതാണെന്നു പ്രഖ്യാപിക്കാനുള്ള ഏറ്റവും നല്ല നിമിഷമാകുന്നു.' ഇത്രയും വിശദീകരിച്ചശേഷം രാമനാഥൻ പറഞ്ഞു- 'സുന്ദരം, ഈ 'ഇതര ദൈവമുല' നിങ്ങൾക്കുള്ളതാണ്. വേഗം സൗഖ്യമാകട്ടെ. ശ്രീരാമൻ നിങ്ങളെ അനുഗ്രഹിക്കട്ടെ'.

 

രാമനാഥൻ വളരെ വിശാലമായിത്തന്നെ രാഗം പാടി. പല്ലവി തീർപ്പാക്കി സാവധാനം അനുപല്ലവിയിലേക്കു കയറി.

 

'മത ഭേദമുലേക സദാ

 

മദനി മരുലുകൊന്ന തനാ.'

 

ഭൂമിയിൽ ജന്മംകൊണ്ടതിലുള്ള ധന്യത പ്രകടിപ്പിക്കാനെന്നോണം തൊഴുതുപിടിച്ച കൈകളുമായി സുന്ദരമണി പാട്ടിൽ ലയിച്ചിരുന്നു. അത്രമേൽ ഭക്തിഭാവം തുളുമ്പിനിന്ന സംഗീതത്തിൽ അയാൾ ഭൗതിക ലോകത്തെ മറന്നിട്ടുണ്ടാകണം. തന്നെ വിളിച്ചുകൊണ്ടുപോകാൻ സ്വർണ രഥമേറി ജനകീവല്ലഭൻ  വന്നുചേരുന്നതായി സുന്ദരമണി സങ്കൽപിച്ചിട്ടുണ്ടാകണം.

 

രാമനാഥൻ ചരണത്തിലേക്കു പ്രവേശിച്ചതേ സദസ്സിൽനിന്നും ഭയങ്കരമായൊരു നിലവിളി ഉയർന്നു കേട്ടു.

 

'അയ്യയ്യോ പോയിട്ടാരേ, എൻ കടവുൾ പോയിട്ടാരേ!'

 

ഒരു ഞെട്ടലോടെ രാമനാഥൻ പാട്ടു നിർത്തി. പക്കവാദ്യങ്ങളും ഉടനടി നിശ്ചലമായി. സംഘാടകർ ഓടിപ്പിടഞ്ഞെത്തി. ജയാമ്മയുടെ വലതുതോളിൽ തല ചാരിക്കിടക്കുന്ന സുന്ദരമണിയിൽ ജീവസ്പന്ദനങ്ങൾ യാതൊന്നുമില്ല. ടി.എൻ.കൃഷ്ണനും കുഞ്ചുമണിയും വേദിവിട്ടു ചാടിയിറങ്ങി. രാമനാഥൻമാത്രം ഇരുന്ന ഇരിപ്പിൽ  ഇരുന്നു. ജയാമ്മയുടെ ദീനവിലാപം ക്ഷേത്രമുറ്റത്തെ നെടിയ കൊടിമരത്തിനു  മുകളിൽവരെ എത്തിച്ചേർന്നിട്ടുണ്ടാവും. കാര്യഗൗരവം ഉൾക്കൊണ്ട സംഘാടകരാവട്ടെ സുന്ദരമണിയുടെ ചേതനയറ്റ ശരീരത്തെ പുറത്തേക്കു നീക്കാൻ തിടുക്കംകൂട്ടി. ക്ഷേത്രസന്നിധിയാണല്ലോ. മാമൂൽ പ്രകാരം മൃതശരീരം ഒരു നിമിഷംപോലും വച്ചുകൊണ്ടിരിക്കാൻ പാടില്ല. യാഥാസ്ഥിതികർ ഇടപെട്ടുകഴിഞ്ഞു. ആർത്തലച്ച കരച്ചിലിനിടയിലും ജയാമ്മ ദുർബലങ്ങളായ കരങ്ങളാൽ അവരെ ആവുംവിധം തടഞ്ഞുകൊണ്ടിരുന്നു. പിന്നെ രാമനാഥനെ അതീവ ദയനീയമായി നോക്കി അവർ ഇങ്ങനെ വിലപിച്ചു-

 

'സാർ അവർ പോയിട്ടില്ല സാർ. അവർ ഇവിടെത്തന്നെയുണ്ട്. നിങ്ങളുടെ കച്ചേരി തീരാതെ അവർ ഇവിടുന്നെങ്ങും പോവില്ല സർ. എല്ലാരോടും പറയൂ സാർ.' ആ സാധു സ്ത്രീ രാമനാഥന്റെ കാൽപ്പാദങ്ങളിൽ തളർന്നുവീണു. അടുത്ത നിമിഷം സകലരെയും ഞെട്ടിച്ചുകൊണ്ട്, പക്കവാദ്യങ്ങളുടെ അകമ്പടിയില്ലാതെ, കരിമ്പാറകൾ പിളരുന്നതുപോലെ രാമനാഥൻ ചരണം പാടിത്തുടങ്ങി.

 

‘മനസു തെലിസി ബ്രോചിനനു

 

മരചിനനു നീവേ രാമാ

 

തനവാഡന തരുണ മിദേ

 

ത്യാഗരാജ സന്നുത.’

 

ഏവരും പകച്ചുനിന്നു. ആചാരവിരുദ്ധമാണ്. പക്ഷേ പാട്ടു നിർത്തണമെന്നു പറയാനുള്ള ധീരത ആർക്കുമുണ്ടായില്ല. ഇതിനിടെ ജയാമ്മ സംഘാടകരിൽ ഒരാളുടെ സഹായത്തോടെ സുന്ദരമണിയെ വേദിയുടെ മുന്നിൽ വെറും തറയിൽ കിടത്തി. തലക്കലിരുന്ന് അവർ പതം പറഞ്ഞു കരഞ്ഞുകൊണ്ടിരിക്കെ, രാമനാഥൻ ഇടറിയ സ്വരത്തിൽ നിരവൽ തുടങ്ങി. ലഘുവായ സ്വരപ്രസ്തരംകൂടി നിർവഹിച്ചശേഷം രാമനാഥൻ പല്ലവിയിലേക്കു തിരികെ വന്നു-

'ഇതര ദൈവമുല വല്ലനിലനു സൗഖ്യമാ രാമാ'.

 

ജയാമ്മ ഒട്ടൊന്നു ശാന്തയായി. രാമനാഥൻ പക്ഷേ അസ്വസ്ഥനായി തുടർന്നു. നിറഞ്ഞൊഴുകിയ കണ്ണുകളോടെ സുന്ദരമണിയുടെ നിർജീവ ശരീരത്തിലേക്കു നോക്കി ഹൃദയഭാരത്തോടെ അദ്ദേഹം ചോദിച്ചു-

 

'സുന്ദരം, ഇപ്പ തൃപ്തി താനേ? ഇനി പോകലാം. ശ്രീരാമചന്ദ്രൻ ഉങ്കളുക്കാകെ സ്വർഗത്തിൽ കാത്തിരുക്ക്റാർ. ശീഘ്രം പോങ്ക സുന്ദരം. പോങ്ക.'

 

സുന്ദരമണിയെ ക്ഷേത്രമതിലിനുള്ളിൽനിന്നു പുറത്തേക്കു കൊണ്ടുപോകുംവരെ രാമനാഥൻ പരിക്ഷീണനായി വേദിയിൽ തല കുമ്പിട്ടിരുന്നു.

 

മടക്കയാത്രയിൽ കാറിലിരിക്കെ, ടി.എൻ.കൃഷ്ണൻ സ്വാഗതംപോലെ പറഞ്ഞു-

 

'ഇങ്ങനെയൊന്ന് കേട്ടിട്ടുപോലുമില്ല. വല്ലാത്തൊരു വിധിയായിപ്പോയി! രാമനാഥാ, നിങ്ങളല്ലാതെ വേറെയാരും അങ്ങനെ ഒരു സന്ദർഭത്തിൽ പാട്ടു പാടില്ല.'

 

രാമനാഥൻ ഉടനെ മറുചോദ്യം ഉന്നയിച്ചു.

 

'നിങ്ങൾ എന്താണ് പറയാൻ ആഗ്രഹിക്കുന്നത്? എനിക്കു പിഴവു പറ്റിയെന്നാണോ? പിഴവാണെങ്കിൽത്തന്നെ നിശ്ചയമായും ശ്രീരാമൻ ക്ഷമിച്ചു തന്നുകൊള്ളും.

 

'അതല്ല, മംഗളം പാടാതെയല്ലേ രാമനാഥൻ കച്ചേരി നിർത്തിയത്? അങ്ങനെ പാടില്ലാത്തതാണല്ലോ. ദോഷം പാട്ടുകാരനല്ലേ? കൂടെ ഞങ്ങളും അനുഭവിക്കണമല്ലോ!'

 

ഒരിക്കലും ക്ഷോഭിക്കാത്ത രാമനാഥൻ ശബ്ദം അൽപം ഉയർത്തി.

 

'പാവമാന സുതുടു ബട്ടു' പാടിയാൽ മാത്രമേ മംഗളമാകൂ എന്നുണ്ടോ? അങ്ങനെ കരുതേണ്ടതില്ല.  മംഗളമെന്നാൽ ശുഭം എന്നല്ലേ. ഏതു കൃതിക്കും  മംഗളമാകാൻ സാധിക്കും. ഞാൻ പാടിയതും മംഗളമാണ്, സുന്ദരമണിയുടെ ആത്മാവിനു  ശുഭം  വരാൻവേണ്ടിയുള്ള മംഗളം. ശരിതാനല്ലേ കൃഷ്ണാ?'

 

രാമനാഥൻ സമർഥിച്ച ശരിയെ കാലം എന്നേ അംഗീകരിച്ചു കഴിഞ്ഞു. അരസികർ 'മനുഷ്യ ദ്രോഹി' എന്നു വ്യാഖാനിച്ച 'എം.ഡി' യെ എ.പി.ജെ. അബ്ദുൽ കലാം 'മനുഷ്യ ദൈവം' എന്നു തിരുത്തിയിരുന്നല്ലോ. കർണാടക സംഗീതം ഇടർച്ച നേരിട്ടുകൊണ്ടിരിക്കുന്ന പ്രതിസന്ധിഘട്ടത്തിൽ, സംഗീതത്തെ മാനവികതയുടെ ഉപാസനയായി സങ്കൽപ്പിച്ച എം.ഡി.രാമനാഥൻ അവശേഷിപ്പിച്ച  മഹനീയ മാതൃക ഈ ജന്മശതാബ്ദിവർഷത്തിൽ അദ്ദേഹത്തെ കീർത്തിയുടെ ഗിരിശൃംഗങ്ങളിൽ പിന്നെയും സ്ഥാപിക്കുന്നു.

 

(ലേഖകൻ ചലച്ചിത്ര ഗാനരചയിതാവും എറണാകുളം മഹാരാജാസ് കോളജിൽ പ്രഫസറുമാണ്)

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com