ADVERTISEMENT

പിഞ്ചിളം ചുണ്ടില്‍ അമ്മിഞ്ഞപ്പാലോടൊപ്പം അമൃതായി ഒഴുകി വന്ന താരാട്ടു പാട്ടുകള്‍. എന്നോ മറന്നിട്ട ബാല്യകാലത്തില്‍ ഏലേലം കാറ്റിന്റെ കൈപിടിച്ച് ആദ്യമായി പാടാന്‍ ശ്രമിച്ച കണ്ണാംതുമ്പി പാട്ടുകള്‍. മഞ്ഞമന്ദാരം പൂത്തുലഞ്ഞ കൗമാരകാലത്ത് പറന്നകന്ന പൈങ്കിളിയെ ഓര്‍ത്തുപാടിയ ആയിരം കണ്ണുള്ള പാട്ടുകള്‍, മൈലാഞ്ചി കുന്നില്‍ സിന്ദൂരം തൂകിയ യൗവ്വനകാലത്ത് ചൂളമടിച്ചു കറങ്ങി നടന്നു പാടിയ പാട്ടുകള്‍, പിന്നെ ചീരപ്പൂവുകള്‍ക്ക് ഉമ്മകൊടുത്തും കണ്ണാടിക്കൂടുകൂട്ടിയുമൊക്കെ ഒത്തിരി ഒത്തിരി സ്വപ്നം കാണിച്ച പാട്ടുകള്‍... അത്രമേല്‍ മലയാളികളുടെ വികാരങ്ങളുമായി അലിഞ്ഞുചേര്‍ന്ന കേരളത്തിന്റെ ശബ്ദമായിരുന്നു കെ.എസ്.ചിത്ര. ആ പാട്ടിലലിയാത്ത ഹൃദയവും കാലവുമില്ല. എം.ജി.രാധാകൃഷ്ണന്റെ കൈപിടിച്ച് സിനിമാ സംഗീതലോകത്തെത്തി. മലയാളിയുടെ കാതില്‍ നിന്ന് മനസ്സിലേക്ക് ആ ശബ്ദം കുടിയിരുന്നു. ഒരു തുളസിക്കതിര്‍ പോലെ അതിന്റെ നൈര്‍മല്യം അറിയാത്ത സംഗീതാസ്വാദകരില്ല. പതിറ്റാണ്ടുകള്‍ പിന്നിട്ട ആ ശബ്ദമിന്ന് ഇന്ത്യന്‍ സംഗീതത്തിന്റെ തന്നെ അടയാളമാണ്.

 

അഞ്ചാം വയസ്സില്‍ ചിത്രയെന്ന മിടുക്കി റെക്കോര്‍ഡിങ് മൈക്കിനു മുന്നിലെത്തി. ആകാശവാണി ഒരുക്കിയ സംഗീത ശില്‍പ്പത്തില്‍ കൃഷ്ണനുവേണ്ടി ശബ്ദം നല്‍കാനായിരുന്നു അത്. എം.ജി.രാധാകൃഷ്ണന്റെ തോളിലേറി അവിടേക്കെത്തിയ ചിത്ര അക്കാലം മുതല്‍ തന്നെ എല്ലാവര്‍ക്കും അതിശയമായിരുന്നു. പിന്നീട് 1979ല്‍ അരവിന്ദന്റെ ‘കുമ്മാട്ടി’ എന്ന ചിത്രത്തില്‍ കോറസ് പാടിയാണ് ചിത്രയുടെ സിനിമാ പ്രവേശനം. എം.ജി.രാധാകൃഷ്ണന്റെ സംഗീതത്തില്‍ പിറന്ന മുത്തശ്ശിക്കഥയിലെ 'കുമ്മാട്ടീടെഴുന്നള്ളത്ത്' എന്ന പാട്ടിനാണ് കോറസ് പാടുന്നത്. കുട്ടികളായ ചിത്രയെയും സഹോദരി ബീനയെയുമൊക്കെ പാടാന്‍ വിളിക്കുന്നത് എം.ജി.രാധാകൃഷ്ണനാണ്.

 

കൗമാരക്കാരിയായ ചിത്ര ആദ്യമായി പാടുന്ന ഗാനം 'അട്ടഹാസം' എന്ന ചിത്രത്തിനുവേണ്ടിയാണ്. പൂവച്ചല്‍ ഖാദര്‍ - എം.ജി.രാധാകൃഷ്ണന്‍ കൂട്ടുകെട്ടില്‍ പിറന്ന 'അട്ടഹാസ'ത്തിലെ 'ചെല്ലം ചെല്ലം' എന്ന ഗാനം ആലപിക്കാനെത്തുമ്പോള്‍ ചിത്ര ഒന്‍പതാം ക്ലാസ് വിദ്യാർഥിനിയാണ്. തിരുവനന്തപുരം ചിത്രാഞ്ജലി സ്റ്റുഡിയോയില്‍ നിറിചിരിയോടെ നിന്ന് ഈ ഗാനം ആലപിച്ച ചിത്രയെ ഇന്നും ഓര്‍മയുണ്ട് 'അട്ടഹാസ'ത്തിന്റെ സംവിധായകനായ കെ.എസ്.ഗോപാലകൃഷ്ണന്. 'ഇത്രയും വലിയൊരു മഹാഗായികയുടെ തുടക്കമാണതെന്ന് അറിയില്ലായിരുന്നു, എല്ലാം യാദൃശ്ചികം മാത്രം.' കെ.എസ്.ഗോപാലകൃഷ്ണന്‍ ചിത്രാഞ്ജലിയിലേക്ക് ഓടിയെത്തിയ പതിനാലുകാരിയെ ഓര്‍ത്തെടുത്തു. 'വഴുതക്കാട്ടെ എം.ജി.രാധാകൃഷ്ണന്റെ വീട്ടിലാണ് അന്ന് ചിത്രത്തിലെ ഗാനങ്ങളുടെ കമ്പോസിങ് നടന്നത്. 'ചെല്ലം ചെല്ലം' എന്ന പാട്ടു ചെയ്തപ്പോള്‍ തന്നെ രാധാകൃഷ്ണന്‍ എന്നോടു ചിത്രയുടെ കാര്യം പറഞ്ഞു. പുതിയൊരു കുട്ടിയുണ്ട് പാടിച്ചു നോക്കിയാലോ എന്നാണ് അദ്ദേഹമെന്നോടു ചോദിച്ചത്. രാധാകൃഷ്ണന്റെ പാട്ടുകളൊക്കെ അന്ന് ആകാശവാണിയിലൂടെ പ്രശസ്തമായ കാലമാണല്ലോ. ഞാനദ്ദേഹത്തിലേക്ക് എത്തിയതും അങ്ങനെയാണ്. അപ്പോള്‍ പുതിയ ഗായികയുടെ കാര്യത്തിലും രാധാകൃഷ്ണന് തെറ്റില്ല എന്നൊരു ഉറപ്പ് എനിക്കുണ്ടായിരുന്നു. അങ്ങനെയാണ് ചിത്ര അട്ടഹാസത്തിലേക്ക് എത്തുന്നത്.'

 

'താരുണ്യം' എന്നായിരുന്നു ചിത്രത്തിന് ആദ്യം ഇട്ടിരുന്ന പേര്. ചിത്രത്തിന്റെ പൂജയും റെക്കോര്‍ഡിങ്ങുമൊക്കെ ചിത്രാഞ്ജലിയില്‍ നടത്താനും തീരുമാനമായി. അന്ന് ചിത്രാജ്ഞലി തുടങ്ങിയെങ്കിലും അത്ര കാര്യമായി ഒന്നും അവിടുത്തെ പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചിട്ടില്ല. പാട്ടുപാടാനുള്ള സ്റ്റുഡിയോയൊക്കെ അപൂര്‍ണമാണ്. എന്നിട്ടും പാട്ടുകള്‍ അവിടെ തന്നെ ചെയ്യാം എന്ന് ഞങ്ങള്‍ തീരുമാനിച്ചു. സ്റ്റുഡിയോയുടെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ വേഗത്തിലാക്കാന്‍ സര്‍ക്കാരില്‍ സമ്മര്‍ദ്ദം ചെലുത്തി. നായനാരാണ് അന്ന് മുഖ്യമന്ത്രി. അദ്ദേഹം എല്ലാ പിന്തുണയും നല്‍കി. നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ വേഗത്തിലാക്കി അന്നത്തെ ഗവര്‍ണര്‍ ജ്യോതി വെങ്കിടാചലത്തെ കൊണ്ടുവന്ന് നവീകരണ പ്രവര്‍ത്തനങ്ങളുടെ ഉദ്ഘാടനം നടത്താനും തീരുമാനിച്ചു.'

 

'അങ്ങനെ ആ ഉദ്ഘാടന ദിവസമാണ് താരുണ്യത്തിലെ പാട്ടുകളുടെ റെക്കോര്‍ഡിങ്ങും നടക്കുന്നത്. പൊലീസും ഉദ്യോഗസ്ഥരുമൊക്കെയായി വലിയൊരു ആള്‍ക്കൂട്ടം അന്നവിടെയുണ്ട്. യേശുദാസും അന്ന് വിശിഷ്ഠാതിഥിയായി അവിടെ വന്നിരുന്നു. അവിടേക്ക് ചിരിച്ച മുഖവുമായി വന്നു കയറിയ ചിത്രയെ ഇന്നും ഓര്‍മയുണ്ട്. ഫ്രോക്കൊക്കെ ഇട്ട് നില്‍ക്കുന്ന ആ പെണ്‍കുട്ടിയുടെ ചിരി അന്നേ എല്ലാവരും ശ്രദ്ധിച്ചിരുന്നു. അതിവേഗത്തില്‍ പാട്ടുപഠിച്ച് മിടുക്കിയാണെന്ന് എല്ലാവര്‍ക്കും അന്നു തന്നെ മനസ്സിലായി. അതും വളരെ ചെറുപ്രായത്തില്‍ തന്നെ. പക്ഷേ മലയാള സിനിമാസംഗീതത്തിന്റെ ചരിത്രമായി ഈ പെണ്‍കുട്ടി മാറുമെന്ന് അന്ന് ആരും ചിന്തിച്ചിട്ടുപോലുമില്ല. റെക്കോര്‍ഡിങ്ങൊക്കെ കഴിഞ്ഞ് പിതാവ് കൃഷ്ണന്‍ നായര്‍ക്കൊപ്പം മടങ്ങുമ്പോഴും ഞങ്ങള്‍ ശ്രദ്ധിച്ചത് ആ എളിമയായിരുന്നു. 'താരുണ്യ'ത്തിലെ പാട്ടുകളൊക്കെ റെക്കോര്‍ഡ് ചെയ്തെങ്കിലും ചിത്രം റിലീസാകാന്‍ വൈകി. പിന്നെയും രണ്ടുവര്‍ഷത്തോളം കഴിഞ്ഞാണ് സിനിമയുടെ ചിത്രീകരണം പൂര്‍ത്തിയായത്. അപ്പോഴേക്കും സിനിമയുടെ പേര് 'അട്ടഹാസം' എന്നാക്കി മാറ്റി. കാലങ്ങള്‍ക്കു ശേഷം മഹാഗായികയായി ചിത്രയെ ഞാന്‍ കാണുമ്പോഴും ആ രീതികള്‍ക്ക് ഒരു മാറ്റവും സംഭവിച്ചിട്ടില്ല. പഴയ അതേ സ്നേഹം, എളിമ, ശബ്ദം...' സംവിധായകന്‍ കെ.എസ്.ഗോപാലകൃഷ്ണന്‍ ചിത്രയെ ഓര്‍ത്തെടുത്തു.

 

ചിത്ര ആദ്യമായി ആലപിച്ച ഹിന്ദി ഗാനം കെ.എസ്.ഗോപാലകൃഷ്ണന്‍ സംവിധാനം ചെയ്ത 'ഹസിന്‍ വാദിയോം മേം' എന്ന ചിത്രത്തിനുവേണ്ടിയായിരുന്നു. സംഗീതസംവിധായകനായ എസ്.പി.വെങ്കടേഷിനോട് ചിത്രയുടെ പേര് നിര്‍ദേശിക്കുന്നതും കെ.എസ്.ഗോപാലകൃഷ്ണന്‍ തന്നെയാണ്. ഗാനങ്ങള്‍ റെക്കോര്‍ഡ് ചെയ്‌തെങ്കിലും ചിത്രം റിലീസ് ചെയ്യാതെ പോയി. 

 

ആഘോഷത്തിന്റെ അട്ടഹാസം മുഴക്കി മഹാഗായകന്റെ സാന്നിധ്യത്തില്‍ ചിത്ര പിന്നണി ഗായികയായി പിറന്നത് അവിചാരിതം. എങ്കിലും അതൊരു നിമിത്തമായിരുന്നു. ആ കാല്‍വയ്പ്പിന് അത്രമേല്‍ രാജകീയത കാലം ആവശ്യപ്പെടുന്ന ഒന്നായിരുന്നു. 'അട്ടഹാസം' പുറത്തിറങ്ങും മുന്‍പ് പി.ചന്ദ്രകുമാര്‍ സംവിധാനം ചെയ്ത 'ഞാന്‍ ഏകനാണ'് എന്ന ചിത്രത്തിലൂടെ ചിത്രയുടെ ശബ്ദം മലയാളി അനുഭവിച്ചറിഞ്ഞു. ചിത്രത്തിലെ സത്യന്‍ അന്തിക്കാട് - എം.ജി.രാധാകൃഷ്ണന്‍ കൂട്ടുകെട്ടില്‍ പിറന്ന 'രജനീ പറയൂ,' യേശുദാസിനൊപ്പം പാടിയ 'പ്രണയവസന്തം തളിരണിയുമ്പോള്‍..' എന്നി ഗാനങ്ങള്‍ സൂപ്പര്‍ ഹിറ്റുകളായി മാറി. പക്ഷേ അപ്പോഴും മലയാളി അറിഞ്ഞില്ല ഇനി വരാനിരിക്കുന്നത് പാട്ടിലെ ചിത്രയുഗമാണെന്ന്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com