ADVERTISEMENT

നിസ്സാരതയിൽനിന്ന് വിലമതിക്കാനാവാത്ത വൈഢൂര്യത്തിലേക്കുള്ള മാറ്റം. അതത്ര നിസ്സാരമല്ല. സ്വന്തം ജീവിതത്തിലേക്കാണ് അങ്ങനൊരു മാറ്റം വരുന്നതെങ്കിലോ? അത് പകർന്നേകുന്ന സന്തോഷം വാക്കുകൾക്കുമെത്രയോ അതീതമാവും. കൈവന്ന സൗഭാഗ്യത്തിൽ മനം കുളിർക്കുമ്പോൾ കണ്മുന്നിൽ കാണുന്നവയ്ക്കൊക്കെ ഭംഗിയേറും. കേൾവികളിൽ സംഗീതത്തിന്റെ താളമുയരും. പ്രിയപ്പെട്ടവരോട് എന്ത്, എങ്ങനെ പറയണമെന്നറിയാതെ, പറഞ്ഞു പോകുന്നതൊക്കെയും ഉന്മാദം കൊണ്ടുള്ള ആർത്തുവിളികളാവും. ഇങ്ങനൊരു സന്തോഷത്തെ പകർന്നേകാൻ പറ്റിയ ആളെയൊന്ന് പറഞ്ഞുറപ്പിക്കാനാണ് അന്ന് ചെറിയാൻ കൽപകവാടി നഗരമധ്യത്തിലുള്ള ആ ടെന്നിസ് ക്ലബിലെത്തുന്നത്. ഐഎഎസ് പദവിയുടെ ആഭിജാത്യത്തിനുമപ്പുറം ഉള്ളിലുറയുന്ന സഹൃദയത്വത്തെ തൂലികത്തുമ്പിലേക്ക് ആവാഹിക്കാൻപോന്ന പ്രതിഭയെത്തിരഞ്ഞുള്ള വരവ് വെറുതെയായില്ല. അവധി കൊടുക്കാനാവാത്ത ഔദ്യോഗിക പിരിമുറുക്കങ്ങളിൽനിന്ന് ഒളിച്ചോടിവന്ന കെ.ജയകുമാറിന് സുഹൃത്തിന്റെ ആവശ്യം കേട്ടപ്പോൾ രോഗി ഇച്ഛിച്ചതുതന്നെ വൈദ്യൻ കൽപിച്ചതുപോലുള്ള സന്തോഷം!

 

jayakumar-biju
കെ.ജയകുമാറിനൊപ്പം ലേഖകൻ.

‘‘ഐഎഎസ് കിട്ടുന്ന ഒരു ചെറുപ്പക്കാരന്റെ ഉള്ളിലുണരുന്ന പ്രഹർഷത്തെ വരികളാക്കണം.’’ ഇല്ലായ്മകളുടെ വല്ലായ്മകളിൽപ്പെട്ടുഴറുന്ന ബാലചന്ദ്രന് ഐഎഎസ് കിട്ടുന്നതും തുടർന്നുണ്ടാകുന്ന സംഭവ വികാസങ്ങളുമൊക്കെ ഏറെക്കുറെ പറഞ്ഞവസാനിപ്പിച്ച് തന്റെ ആവശ്യം കൽപകവാടി സുഹൃത്തിനെ അറിയിച്ചു. ‘‘അനുഭവിച്ചറിഞ്ഞ ആളാകുമ്പോൾ ആ ഒറിജിനൽ ഫീൽ വരികളിൽ ഉറപ്പിക്കാനാകും.’’ - കഥാകാരന് സംശയമില്ല. ഭരണതന്ത്രജ്ഞതയിൽനിന്നു വഴിതെറ്റിയ സർഗോപാസനയല്ല തന്റേത് എന്നുറച്ചു വിശ്വസിക്കുന്ന എഴുത്തുകാരനിൽ ഒരു പുഞ്ചിരിയായിരുന്നു ആദ്യം ഉണർന്നത്. ‘പക്ഷേ’ (1994) യിലെ ബാലചന്ദ്രന് നേരിടേണ്ടി വന്ന അഗ്നിപരീക്ഷണങ്ങൾ എം.കൃഷ്ണൻ നായർ എന്ന സിനിമാലോകത്തെ അതികായന്റെ മകന് ഒരു ഘട്ടത്തിലും അനുഭവിക്കേണ്ടി വന്നിട്ടില്ലല്ലോ! ഉള്ള സാമ്യം ഇരുവർക്കും ഐഎഎസ് കിട്ടി എന്നതു മാത്രം. ആ അനുഭവം മതി കഥാകാരനെ തൃപ്തനാക്കാൻ. ‘‘പിന്നെന്താ ചെറിയാനേ, നമുക്ക് എഴുതിക്കളയാം.’’ - വാങ്മയം കൊണ്ട് വിസ്മയം തീർക്കുന്ന എഴുത്തുകാരൻ ഔദ്യോഗികതയുടെ മുഖംമൂടിയില്ലാതെ പ്രിയകൂട്ടുകാരന് വാക്കു കൊടുത്തു.

 

‘സൂര്യാംശുവോരോ വയൽപൂവിലും വൈരം പതിക്കുന്നുവോ....’ വാക്കുകളിൽ പോലും പതിച്ചു വച്ചിരിക്കുകയല്ലേ ഒരു വൈരത്തിളക്കം! ഉള്ളിന്റെയുള്ളിൽ ഉണർന്നുയരുന്ന ആത്മഹർഷത്തെ ഏറ്റവും നന്നായി ദ്യോതിപ്പിക്കാൻ പോന്ന ബിംബത്തെ തിരഞ്ഞെടുത്തതുതന്നെ എത്ര ബുദ്ധിപൂർവമായാണ്. ഒരു സാധാരണക്കാരന് പഠിച്ചെഴുതിയെത്താവുന്ന പരമോന്നത പദവിയാണല്ലോ ബാലചന്ദ്രനെ തേടിയെത്തിയിരിക്കുന്നത്. വിടാതെ പിന്തുടർന്ന ദുരിതപർവങ്ങൾ ഇതോടെ അവനെ വിട്ടൊഴിയുകയാണ്. സന്തോഷം അതിരുവിടുക അപ്പോൾ സ്വാഭാവികം. പുൽക്കൊടിത്തുമ്പിലെ മഞ്ഞുതുള്ളിയെപ്പോലും വൈരമാക്കാൻ പോന്ന പ്രകൃതിയുടെ അദ്ഭുതത്തെ വാക്കുകളുടെ നിറം ചാലിച്ച്, പാവം ബാലചന്ദ്രന്റെ നേട്ടത്തോടു ചേർത്തു വയ്ക്കുമ്പോൾ കേൾവികളിലും പൂത്തുലഞ്ഞ ചെമ്പകത്തിന്റെ വല്ലാത്ത നിറപ്പെയ്ത്ത്. കാത്തിരുന്ന മുറപ്പെണ്ണിനും ഇത് സന്തോഷത്തിന്റെ നിമിഷങ്ങളാണ്. ഒന്നാകലിൽ ആണ് പ്രണയത്തിന്റെ പൂർണത എന്നറിയാവുന്ന കവിക്ക് ആ പ്രതീക്ഷകളിലൂടെ കാവ്യചിന്തകളേയും ഒന്ന് കടത്തിവിടണമെന്ന് തോന്നിയിട്ടുണ്ടാവണം. 

പൂത്ത ചെമ്പകം സീമന്ത കുങ്കുമശ്രീ അണിഞ്ഞത് അത്തരമൊരു ചിന്തയിൽ നിന്നുമാകാനേ തരമുള്ളു! എഴുത്തിന്റെ ആ പ്രയോഗഭംഗി പ്രണയത്തിന്റെ സൗന്ദര്യക്കാഴ്ചളെ ഏറെ ആഘോഷിക്കുകയും ചെയ്യുന്നുണ്ട്.

 

‘‘നേട്ടങ്ങൾ എല്ലാം തുടങ്ങുന്നത് താഴെ നിന്നാണ്. മണ്ണിലാണ് അതിന്റെ അടിസ്ഥാനം. മണ്ണിന്റെ പ്രാർഥനയുണ്ടെങ്കിലേ ചുവടു പിഴയ്ക്കാതെ മുന്നേറാനാവൂ.’’ - വിജയങ്ങളുടെ കൂടപ്പിറപ്പായ കവിക്ക് സംശയമേയില്ല. മണ്ണിന്റെ പ്രാർഥനയും വിണ്ണിന്റെ ആശംസയും ഉണ്ടെങ്കിലേ ലക്ഷ്യപ്രാപ്തിയിലേക്ക് എത്തിച്ചേരാനാവൂ എന്ന നേരറിവിനെ പറഞ്ഞുവച്ച് പല്ലവി പൂർത്തിയാവുമ്പോൾ ആ ദാർശനികത അകം തൊടാതെ പോകുമോ?

 

അനുപല്ലവി കൈ പിടിച്ചു കൊണ്ടുപോകുന്നതോ, ഇലഞ്ഞിപ്പൂവും മാമ്പൂവുമൊക്കെ മണം പരത്തിയിരുന്ന ഏതോ നഷ്ടയൗവനത്തിന്റെ ഗൃഹാതുരതയിലേക്ക്! തിരിച്ചുകിട്ടാത്ത പാൽക്കതിർപ്പാടവും ആതിരാക്കാലവും വയൽക്കിളിപ്പാട്ടുമൊക്കെ ബിംബ കൽപനകളുടെ നീണ്ട ശ്രേണി തീർക്കുന്നു. അത് എന്റെ കേൾവികളിൽ മാത്രമാവില്ല ഇലഞ്ഞികൾ പൂക്കുന്ന മാധവമാസത്തെയും മാമ്പൂ മണക്കുന്ന വെയിലിനെയും പകരുക. ഭൂതകാലക്കുളിരിന്റെ കൂട്ടുമായി മോഹങ്ങളെത്ര വട്ടമിങ്ങനെ ഓർമകളുടെ നടവരമ്പേറുന്നു!

 

ഇന്ത്യൻ സിവിൽ സർവീസിന്റെ പടിചവിട്ടാൻ നിയോഗം ലഭിക്കുമ്പോൾ ഉള്ളിലൂടെ അന്ന് കടന്നുപോയ ആത്മനിർവൃതിയെ ഇന്നലത്തെപ്പോലെ ഓർത്തെടുക്കാൻ കവിക്കാകുന്നു. കേൾക്കാനാഗ്രഹിക്കുന്നവരിലേക്ക് കാവ്യവഴിയിലൂടെത്തന്നെ ആ ആനന്ദനിമിഷങ്ങളെ പകർന്നേകാൻ കഴിഞ്ഞതിൽ കവി തൃപ്തനുമാണ്. ഗാനത്തിലേക്കു പകർന്ന ആത്മാംശവും കഥയുമായുള്ള ചില സാമ്യങ്ങളും കാഴ്ചയ്ക്ക് ഒരു സ്വാഭാവികത പകർന്നതോടെ കഥ കവിയുടേതുതന്നെയെന്ന് ഉറപ്പിച്ചവരും ഏറെയാണ്. ആ ധാരണയെ തിരുത്താൻ കവി ഇന്നും പ്രയാസപ്പെടുന്നുണ്ടത്രേ! 

 

സ്വന്തം പ്രയത്നത്തിലൂടെ ബാലൻ എത്തിപ്പിടിച്ച പദവിക്ക് മാറ്റേറെയാണ്. അഭിമാനത്തോടൊപ്പം പറഞ്ഞറിയിക്കാനാവാത്ത സന്തോഷവും നായകനിൽ അലതല്ലുന്നത് ഹൃദയതാളത്തിന്റെ പകർത്തിയെഴുത്തിൽ അസാമാന്യ പാടവമുള്ള തൂലിക നന്നായി ആഘോഷിച്ചു. നായകന്റെ ഉൾത്തുടിപ്പിനെ പ്രകൃതിയിലേക്ക് ആരോപിച്ച് അസാധ്യ വാങ്മയം തീർക്കെ, തിരിച്ചറിയപ്പെടാതെപോയ എന്തെന്തു കാഴ്ചകളും കൂടിയാണ് കേൾവിക്കു കൂട്ടാവുന്നത്. തോവാളയിലും പരിസരങ്ങളിലുമായി ചിത്രീകരിച്ചതായതുകൊണ്ട് സ്ക്രീനിൽ കാണുന്ന കാഴ്ചകൾക്കു മനോഹാരിത ഒട്ടും കുറവല്ല. പക്ഷേ, കേൾവികൾ പകരുന്ന കലർപ്പില്ലാത്ത കാഴ്ചകൾ അതിനേക്കാൾ ഗംഭീരം! ആതിരാക്കാറ്റിനു കൈവരുന്ന ശാലീനഭാവം എഴുത്തൊഴുക്കിൽ അടർന്നുവീണ കേവലം ഭംഗിവാക്കാവില്ല. സ്വപ്ന സാക്ഷാത്കാരത്തിന്റെ പകൽപക്ഷിപ്പാട്ടുകളിൽ കിനാവുകൾ ഒന്നൊന്നായി തളിർക്കുമ്പോൾ നാട്ടുനന്മകളുടെ ശീലുറഞ്ഞ ചിന്തകൾക്കും വല്ലാത്തൊരു കുളിരുതന്നെ. 

‘സോപാന ദീപം തെളിയുന്ന ദിക്കിൽ

സൗഭാഗ്യ താരോദയം ..’ 

വാക്കുകളുടെ പെയ്ത്തിൽ കുതിർന്ന് പാഞ്ഞോടുന്ന മനസ്സിന്റെ പടിക്കെട്ടുകളിലെങ്ങോ സോപാനദീപം തെളിയുമ്പോൾ സംശയമേയില്ല, അത് ബ്യൂറോക്രസിയുടെ കെട്ടുറപ്പുകൾ ഭേദിച്ച് കാൽപനികതയുടെ കടിഞ്ഞാൺ കയ്യിലേന്തിയ മലയാളത്തിന്റെ സൗഭാഗ്യ താരം ഉദിച്ചതു തന്നെ!

 

*        *       *       *        *        *

 

‘‘രവീന്ദ്രൻ ഇളകി മറിയുന്ന കടലാണെങ്കിൽ ജോൺസൺ താളം കൊണ്ട് ആന്ദോളനങ്ങൾ സൃഷ്ടിക്കുന്ന ശാന്തജലാശയമാണ്. നമ്മൾ എഴുതിക്കൊടുക്കുന്ന വരികളിലെ സംഗീതത്തെ അരിച്ചെടുക്കുകയാണ് ജോൺസൺ.’’ മലയാള ഹൃദയങ്ങളുടെ സങ്കോചവികാസങ്ങൾക്കു പോലും സംഗീതത്തിന്റെ താളം പകർന്ന രണ്ട് അദ്വിതീയരെ തുലനം ചെയ്യുകയാണ് കാവ്യവഴിയിലെ ഐഎഎസ് പെരുമ കെ.ജയകുമാർ. രവീന്ദ്രസംഗീതത്തിന്റെ മാസ്മരികതയും ജോൺസൺടച്ചിന്റെ ഹൃദ്യതയും അടുത്തറിയാവുന്നവർക്ക് അക്കാര്യം ശരിവയ്ക്കാതെ തരമില്ല. ആരാണു മികച്ചതെന്ന ചോദ്യത്തിനേ പ്രസക്തിയില്ല, എങ്കിലും ദേവരാജശിഷ്യന്റെ ഹൃദ്യത.... ആ ആന്ദോളനം തീർക്കൽ, പലപ്പോഴും ഒരു അനിവാര്യതയാണെന്ന് അനുഭവിച്ചറിഞ്ഞവർക്ക് നന്നായി അറിയാം. എഴുത്തുകാരന്റെ സ്വാതന്ത്ര്യത്തിലേക്ക് അതിക്രമിച്ചുകടക്കാൻ അത്ര ഉത്സാഹം കാട്ടാത്ത ജോൺസൺ അന്നു കവി എഴുതിക്കൊടുത്ത വരികൾക്ക് അണുവിട മാറ്റം വരുത്താതെ അണിയിച്ചൊരുക്കിയതാണ് ഗാനം. 

 

യുഗ്മഗാന ശ്രേണിയിലെ മികച്ചവയിലൊന്നായ ഗാനത്തിൽ യേശുദാസിനൊപ്പം മലയാളത്തിന് അതുവരെ പരിചിതമല്ലാതിരുന്ന ഗംഗ സിത്തരശു ആയിരുന്നു ഫീമെയിൽ സിങ്ങർ. മികച്ച ഒരു മലയാള ഗാനത്തിലൂടെ അരങ്ങേറ്റം കുറിച്ചെങ്കിലും കീരവാണിയുടേയും എ.ആർ.റഹ്മാന്റെയുമൊക്കെ സൂപ്പർ പെറ്റ് ആയ തെന്നിന്ത്യൻ സൂപ്പർ സിങ്ങർ ഗംഗയ്ക്കു പക്ഷേ ജനിച്ചുവളർന്ന മലയാള നാട്ടിൽ അത്ര ശ്രദ്ധേയയാവാൻ കഴിഞ്ഞിട്ടില്ല.

 

ചന്തുവിന്റെ ആണഴകിനെയും ഉണ്ണിയാർച്ചയുടെ പെണ്ണഴകിനെയും കുറിച്ചിട്ട് മലയാളത്തിന്റെ മനം കവർന്ന എഴുത്തുവഴിയിലെ ആ ഐഎഎസ് ചേല് അന്നു പകർന്നേകിയ ഈ വൈരത്തിളക്കത്തിന് മൂന്നു പതിറ്റാണ്ടിനിപ്പുറവും അസൂയപ്പെടുത്തുന്ന ചെറുപ്പം തന്നെ!

 

English Summary: Back story of super hit song Sooryamshuvoro 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com