പോൾ ചിറയത്ത് : ജീവിതത്തെ പോസിറ്റീവാക്കി മാറ്റിയ പോളേട്ടൻ
Mail This Article
ഇങ്ങനെയൊരു അനുസ്മരണക്കുറിപ്പ് എഴുതണമെന്ന് ഞാൻ ഒരിക്കലും ആലോചിച്ചിരുന്നില്ല. പക്ഷേ എന്നെങ്കിലും എഴുതിയേക്കുമായിരുന്ന അനുഭവക്കുറിപ്പുകളിലെ വലിയൊരധ്യായമായി ‘പോളേട്ട’നെന്ന് ഞാൻ സ്നേഹബഹുമാനങ്ങളോടെ വിളിച്ചിരുന്ന പോൾ ചിറയത്ത് ഉണ്ടാകുമായിരുന്നു. 2003 ഡിസംബറിലെ ഒരു രാത്രിയിൽ ദുബായ് ഷോപ്പിങ് ഫെസ്റ്റിവലിലെ ഇറ്റലിയുടെ പവിലിയനിൽ വച്ചാണ് ഞങ്ങൾ കണ്ടുമുട്ടുന്നത്. എന്റെ ജീവിതത്തിലെ ഏറ്റവും വലിയ വഴിത്തിരിവും ആ കണ്ടുമുട്ടലായിരുന്നു.
ആ സമയത്ത് ദുബായ് സബീൽ പാലസിൽ ജോലി ചെയ്യുകയായിരുന്നു ഞാൻ. ഫെസ്റ്റിവൽ സിറ്റിയിൽ നടക്കുന്ന, ‘റേഡിയോ ഏഷ്യ’യിലെ അവതാരകരായ ചന്തുവിന്റെയും എന്റെ സുഹൃത്ത് കൂടിയായ മഞ്ജുവിന്റെയും സ്റ്റേജ് ഷോ കാണാനാണ് ഞാനവിടെ പോയത്. അങ്ങോട്ട് നടക്കുന്നതിനിടയിൽ കാണുന്ന രാജ്യങ്ങളുടെ പവിലിയനുകളിലൊക്കെ കയറിയിറങ്ങുന്ന കൂട്ടത്തിൽ ഇറ്റലിയുടെയും പവിലിയനിൽ കയറി. അവിടെ കരകൗശലവസ്തുക്കൾ പ്രദർശിപ്പിച്ചിരുന്ന കടയിലുണ്ടായിരുന്ന ഗ്രാമഫോണിൽ ആദ്യം തന്നെ എന്റെ കണ്ണുകളുടക്കി. പുതിയ തരം റെക്കോർഡ് പ്ലെയറുകളിൽ ഉപയോഗിക്കുന്ന 12" വിനൈൽ റെക്കോർഡാണ് ആ കോളാമ്പിപ്പെട്ടിയിൽ ഉണ്ടായിരുന്നത്.
അത്തരം റെക്കോർഡ് ഗ്രാമഫോണിൽ ഉപയോഗിക്കാൻ കഴിയില്ല. അക്കാര്യം സൂചിപ്പിച്ച് വിൽപനക്കാരനുമായി ഞാൻ സംസാരിച്ചുകൊണ്ടിരുന്നപ്പോഴാണ് ‘ഫ്രഞ്ച് താടി’യുമായി അദ്ദേഹം കടന്നു വന്നത്. ഇംഗ്ലിഷിൽ നടന്നിരുന്ന വാദപ്രതിവാദങ്ങൾക്കിടയിൽ എന്റെ വാദങ്ങളിലേയ്ക്ക് അദ്ദേഹവും കൂട്ടുവാദിയായി. കച്ചവടക്കാരന് കാര്യം മനസ്സിലായാലും ഇല്ലെങ്കിലും മലയാളികളാണെന്നു തിരിച്ചറിഞ്ഞ ഞങ്ങൾ പരസ്പരം പരിചയപ്പെട്ടുകൊണ്ട് കടയുടെ പുറത്തേക്കിറങ്ങി.
തൃശൂർ സ്വദേശിയാണെന്നും മലയാളിയാണെന്നും മനസ്സിലാക്കിയപ്പോൾ പേരു ചോദിച്ച് പേരിനൊപ്പം 'ചേട്ടനെ'യും ചേർത്ത് ‘പോളേട്ടാ’ എന്ന് വിളിച്ചാണ് പിന്നീട് സംസാരിച്ചതത്രയും. റേഡിയോ കണ്ടുപിടിച്ച മാർക്കോണിയുടെ നാടായതുകൊണ്ടാണ് ഇറ്റലിയുടെ പവിലിയനിൽ കയറിയതെന്ന് പറഞ്ഞാണ് പോളേട്ടൻ സംസാരിച്ചുതുടങ്ങിയത്. 'പോൾ ചിറയത്ത്' എന്ന പേരിനേക്കാളും അദ്ദേഹം ജോലി ചെയ്തിരുന്ന സ്ഥാപനമാണ് എന്നെ ആകർഷിച്ചത്. അക്കാലത്ത് ഞാൻ സ്ഥിരമായി കേൾക്കാറുണ്ടായിരുന്ന സിറ്റി 101.6' എന്ന ഹിന്ദി റേഡിയോ സ്റ്റേഷനിലെ ചീഫ് എൻജിനീയറായിരുന്നു അദ്ദേഹം.
സിറ്റി എഫ്എമ്മിൽ രാത്രികാലങ്ങളിലുണ്ടായിരുന്ന ‘ടൈംലെസ് ക്ലാസിക്സ്’ എന്ന ഷോയിലൂടെയാണ് ഞാൻ പഴയകാല ഹിന്ദിഗാനങ്ങളെല്ലാം ആസ്വദിച്ചുതുടങ്ങിയത്. ആ പരിപാടിയുടെ അവതാരകരായിരുന്ന സയീദ് അർഷദും ഗഗൻ മുദ്ഗലും അവതരണശൈലിയാൽ അദ്ഭുതപ്പെടുത്തിയിരുന്നു. അവരോടൊപ്പം ജോലി ചെയ്യുന്ന പോളേട്ടനോട് തെല്ലൊരാദരവോടെയാണ് പിന്നെ ഞാൻ ഇടപെട്ടത്.
റേഡിയോ ഏഷ്യയുടെ പരിപാടി കാണാനാണ് ഞാൻ വന്നതെന്നും അവതാരകയായ മഞ്ജു എന്റെ സുഹൃത്താണെന്നും പറഞ്ഞപ്പോൾ പോളേട്ടൻ വലിയ സന്തോഷം പ്രകടിപ്പിച്ചു. ആ സമയത്ത് ഗൾഫിലുള്ള മൂന്ന് മലയാളം റേഡിയോകളും എഎം (മീഡിയം വേവ്) സ്റ്റേഷനുകളായിരുന്നു. അദ്ദേഹം ജോലി ചെയ്യുന്ന എആർഎൻ (Arabian Radio Network) മലയാളത്തിൽ ഒരു എഫ്എം റേഡിയോ തുടങ്ങാൻ തീരുമാനിച്ചിട്ടുണ്ടെന്ന് പറഞ്ഞതോടൊപ്പം മഞ്ജുവിന്റെ ശബ്ദം എഫ്എമ്മിന് അനുയോജ്യമായ ആഹ്ലാദകരമായൊരു ശബ്ദമാണെന്നും പോളേട്ടൻ കൂട്ടിച്ചേർത്തു. മഞ്ജുവിനെയും ചന്തുവിനെയും കാണാൻ ആഗ്രഹം പ്രകടിപ്പിച്ചുകൊണ്ട് അദ്ദേഹം എന്നോടൊപ്പം നടക്കുവാൻ തുടങ്ങി.
കുറേ ദൂരം നടക്കുവാനുണ്ടായിരുന്നു. ആൾക്കൂട്ടത്തിരക്കുകൾക്കിടയിലൂടെ സാവധാനം നടക്കുന്നതിനിടയിൽ റെക്കോർഡുകളോടും പാട്ടിനോടും പാട്ടുസംബന്ധിയായ വിഷയങ്ങളോടും എനിക്കുള്ള താൽപര്യങ്ങളെപ്പറ്റി അദ്ദേഹം ചോദിച്ചുകൊണ്ടിരുന്നു. എന്റെ വ്യക്തിപരവും ജോലിസംബന്ധവുമായ കാര്യങ്ങളെക്കുറിച്ച് അന്വേഷിച്ചറിഞ്ഞിട്ടൊടുവിൽ പോളേട്ടൻ പറഞ്ഞത് ജീവിതത്തിൽ ഞാൻ കേട്ട ഏറ്റവും സുന്ദരമായ വാചകമാണ് : ‘‘ഷിജോ റേഡിയോയ്ക്ക് വേണ്ടിയാണ് ജനിച്ചതെന്ന് തോന്നുന്നു’’
പക്ഷേ, തങ്ങൾ തുടങ്ങാൻ പോകുന്ന മലയാളം എഫ്എം റേഡിയോയിൽ ജോയിൻ ചെയ്യാൻ താൽപര്യമുണ്ടോയെന്ന് ചോദിച്ചപ്പോൾ മുതൽ എനിക്ക് പോളേട്ടനോട് ഒരു അവിശ്വസനീയത തോന്നിത്തുടങ്ങി. എആർഎന്നിന്റെ ചീഫ് എൻജീനീയറാണെന്ന് പരിചയപ്പെടുത്തിയ, എന്റെ ആരാധനാമൂർത്തികൾക്കൊപ്പം ജോലി ചെയ്യുന്ന അദ്ദേഹം കാര്യമായ വിദ്യാഭ്യാസമില്ലാത്ത, ചില പാട്ടുകൾ എഴുതിയിട്ടുണ്ടെന്നതല്ലാതെ മറ്റൊരു യോഗ്യതയുമില്ലാത്ത എന്നോട് റേഡിയോയിൽ ജോലി വാഗ്ദാനം ചെയ്തതിൽ എനിക്കൊരു പന്തികേട് തോന്നി. ഇത്രയും വലിയ സ്ഥാനത്തിരിക്കുന്നൊരു വ്യക്തി പ്രക്ഷേപണരംഗത്ത് താരതമ്യേന പുതുമുഖമായ മഞ്ജുവിനെക്കാണാനായി എന്നോടൊപ്പം ഈ ദൂരമത്രയും നടക്കാൻ തുടങ്ങിയപ്പോഴേ സംശയിക്കണമായിരുന്നുവെന്ന് മനസ്സ് സൂചിപ്പിച്ചു.
തന്റെ പാട്ടിഷ്ടങ്ങളെക്കുറിച്ചും സംഗീതരംഗത്തെ മഹദ് വ്യക്തിത്വങ്ങളെ നേരിട്ട് കണ്ട കാര്യങ്ങളെപ്പറ്റിയുമൊക്കെ പോളേട്ടൻ വാചാലനായിത്തുടങ്ങിയപ്പോഴേക്കും ഞാൻ തികച്ചും സംശയാലുവായിക്കഴിഞ്ഞിരുന്നു. ബോംബെ ടെലിവിഷനിൽ ജോലി ചെയ്തിരുന്ന കാലത്ത് മുഹമ്മദ് റാഫിയുടെ ശബ്ദം പോളേട്ടൻ നേരിട്ട് റെക്കോർഡ് ചെയ്ത സംഭവം വിവരിച്ചപ്പോൾ സത്യമാണെന്ന് വ്യക്തമായെങ്കിലും എനിക്ക് വിശ്വസിക്കാൻ മടിയായിരുന്നു. താൻ ഒമാനിൽ ജോലി ചെയ്തിരുന്ന കാലത്ത് യേശുദാസ് തന്റെ വീട്ടിൽ വന്നതും തരംഗിണി സ്റ്റുഡിയോ വെള്ളയമ്പലത്ത് ആരംഭിച്ച സമയത്ത് താൻ അവിടം സന്ദർശിച്ച കഥയുമൊക്കെയായപ്പോൾ എന്റെ സംശയം കൂടിക്കൊണ്ടേയിരുന്നു. കാരണം ഇത്രയും വലിയൊരാൾ അടുത്തിടപഴകുവാൻ മാത്രം എന്റെയുള്ളിൽ ഞാൻ ഒന്നുമല്ലാത്തവനായിരുന്നു.
സംസാരങ്ങൾക്കിടെ ഞങ്ങൾ പരിപാടി നടക്കുന്ന സ്ഥലത്തെത്തി. വലിയ ജനത്തിരക്കിൽ ചന്തുവിനെയും മഞ്ജുവിനെയും ദൂരെ നിന്ന് കാണാനേ ഞങ്ങൾക്കു കഴിഞ്ഞുള്ളൂ. ഖേദമറിയിച്ചുകൊണ്ട് മഞ്ജുവിന്റെ മൊബൈലിലേക്ക് ഞാൻ മെസേജ് അയയ്ക്കുന്നതു കണ്ടപ്പോൾ പോളേട്ടൻ എന്റെ മൊബൈൽ നമ്പർ വാങ്ങിച്ചു. ഒപ്പം പഴ്സിൽനിന്ന് അദ്ദേഹത്തിന്റെ വിസിറ്റിങ് കാർഡ് എടുത്തു തന്നു. ആരുടെയും പേര് വയ്ക്കാത്ത എആർഎന്നിന്റെ പൊതുവായൊരു കാർഡ് ആയിരുന്നു അത്.
മൊബൈൽ നമ്പർ ഇല്ലെന്ന കാര്യം ശ്രദ്ധയിൽപ്പെടുത്തിയപ്പോൾ ക്ഷമാപണത്തോടെ ആ കാർഡ് തിരികെ വാങ്ങി പേരും മൊബൈൽ നമ്പറും അതിൽത്തന്നെ എഴുതിച്ചേർത്തിട്ട് മടക്കിത്തന്നു. തൊഴിൽസ്ഥാപനത്തിലെ ഉന്നതസ്ഥാനത്തിരിക്കുന്നൊരു വ്യക്തിക്ക് പേര് അച്ചടിക്കാത്തൊരു വിസിറ്റിങ് കാർഡാണുള്ളതെന്നു കൂടി കണ്ടപ്പോൾ എന്റെ സംശയം പൂർണ്ണമായി - എന്തോ തട്ടിപ്പിനാണ് അദ്ദേഹം കൂടെക്കൂടിയിരിക്കുന്നതെന്നും ഞാൻ തീർച്ചയാക്കി.
തിരികെ താമസസ്ഥലമായ അൽ ഖൂസിലേക്കു മടങ്ങാനൊരുങ്ങിയ എനിക്ക് ബർദുബൈ വരെ പോളേട്ടൻ ലിഫ്റ്റ് ഓഫർ ചെയ്തു. ഷാർജയിൽ താമസിക്കുന്ന അദ്ദേഹം എനിക്കു വേണ്ടി ബർദുബൈയ്ക്ക് വരുന്നതെന്തിനാണെന്ന് എനിക്ക് മനസ്സിലാകുന്നുണ്ടായിരുന്നില്ല. വളരെ ജാഗരൂകനായിക്കഴിഞ്ഞെങ്കിലും അത്രയും ടാക്സിക്കൂലി ലാഭിക്കാമെന്ന അത്യാഗ്രഹത്തെ എനിക്കടക്കാനും കഴിഞ്ഞില്ല. ‘ഭയമല്ല, ജാഗ്രതയാണ് വേണ്ടതെന്ന്’ ലാഭേച്ഛയെ സാധൂകരിച്ചു മനസ്സിൽ പറഞ്ഞു കൊണ്ട് ആ ലിഫ്റ്റ് സ്വീകരിക്കാൻ ഞാൻ തീരുമാനിച്ചു.
ആ വർഷങ്ങളിൽ ഷോപ്പിങ് ഫെസ്റ്റിവൽ സിറ്റി താൽക്കാലികമായൊരു സംവിധാനമായിരുന്നു. അവിടെയുണ്ടായിരുന്ന വിശാലമായ കാർ പാർക്കിങ്ങിൽ ഞങ്ങളെത്തുമ്പോൾ അവിടെ ആയിരക്കണക്കിന് വണ്ടികളാണുണ്ടായിരുന്നത്. തന്റെ വണ്ടിയെവിടെയാണ് പാർക്ക് ചെയ്തിരിക്കുന്നതെന്ന് കണ്ടെത്താൻ പെട്ടെന്നു പോളേട്ടന് കഴിഞ്ഞതുമില്ല. അത് അന്വേഷിച്ച് അങ്ങോട്ടുമിങ്ങോട്ടുമലയുമ്പോൾ അന്ന് മാത്രം പരിചയപ്പെട്ട, ആകെയൊരു പന്തികേട് തോന്നിയ ഒരപരിചിതനോടൊപ്പം യാത്ര ചെയ്യാനെടുത്ത തീരുമാനത്തെയോർത്ത് ഞാൻ സ്വയം ശപിച്ചു. കുറെ സമയം കഴിഞ്ഞാണ് കാർ കണ്ടെത്തിയത്.
ഞാൻ നോക്കിയപ്പോൾ വണ്ടി റജിസ്ട്രേഷൻ ഒമാനിലെയാണ്! മൊത്തത്തിലുളള എന്റെ കൺഫ്യൂഷൻ കണ്ടിട്ടാവണം, താൻ ഒമാൻ ടെലിവിഷനിൽ ജോലിയെടുത്തിരുന്ന കാലത്ത് വാങ്ങിച്ച വണ്ടിയാണെന്നും വിട്ടുകളയാൻ തോന്നാത്തതുകൊണ്ട് ഇവിടെയും ഉപയോഗിക്കുകയാണെന്നും പോളേട്ടൻ ചിരിച്ചു കൊണ്ട് പറഞ്ഞു. സുരക്ഷിതമായി എന്നെ ബർദുബൈ ടാക്സി സ്റ്റേഷനിൽ എത്തിച്ചിട്ട് സമയം പോലെ ഫോൺ ചെയ്യാമെന്ന് പറഞ്ഞ് അദ്ദേഹം പിരിഞ്ഞു. അങ്ങനെയൊരു വിളി ഒരിക്കലുമുണ്ടാവില്ലെന്ന് മനസ്സിൽ തീരുമാനിച്ച് ടാക്സിയിൽ കയറി ഞാൻ താമസസ്ഥലത്തെത്തി കിടന്നുറങ്ങി.
പിറ്റേന്ന് വെള്ളിയാഴ്ചയായിരുന്നു. അവധിയാണെങ്കിലും ജോലി ചെയ്താൽ അധികവരുമാനം കിട്ടുമെന്നതിനാൽ ഉച്ചവരേയ്ക്കുള്ള ജോലിക്കായി അതിരാവിലെതന്നെ ഞാൻ പോയി. കൂടെ ജോലി ചെയ്തിരുന്ന അടുത്ത സുഹൃത്തുക്കളിലൊരാളായ ജോബിനോട് തലേരാത്രിയിലുണ്ടായ വിശേഷങ്ങളെല്ലാം പറഞ്ഞു. പേരെഴുതിത്തന്ന വിസിറ്റിങ് കാർഡ് കാണിച്ച് പോളേട്ടൻ പറഞ്ഞ കാര്യങ്ങളത്രയും കള്ളമാണെന്ന് സ്ഥാപിച്ചുകൊണ്ട് എന്റെ ഡിറ്റക്ടീവ് ബുദ്ധിയിൽ അഭിമാനിക്കുകയും ചെയ്തു.
പക്ഷേ പതിനൊന്ന് മണിയോടെ പോളേട്ടന്റെ വിളി എന്റെ മൊബൈലിലെത്തി. ഉച്ചയ്ക്ക് ശേഷം അദ്ദേഹം എന്റെ താമസസ്ഥലത്ത് വരാമെന്നും എനിക്ക് സൗകര്യമാണെങ്കിൽ തന്നോടൊപ്പം എആർഎന്നിന്റെ ഓഫിസിലേക്കു കുട്ടിക്കൊണ്ടു പോകാമെന്നും റേഡിയോയിൽ എനിക്ക് ചെയ്യേണ്ടി വരുന്ന ജോലിയെന്താണെന്ന് പറഞ്ഞുതരാമെന്നുമായിരുന്നു ആ ഫോൺ വിളിയുടെ കാതൽ.
ഞാനാകെ ആശയക്കുഴപ്പത്തിലായി. എഴുതിയ പാട്ടുകൾ പ്രക്ഷേപണം ചെയ്യാമോയെന്ന് ചോദിച്ച് കൊച്ചി ആകാശവാണിയിലും പിൽക്കാലത്ത് വിവിധ കാര്യങ്ങൾക്കായി റേഡിയോ ഏഷ്യയുടെ ദുബായിലേയും റാസൽ ഖൈമയിലേയും സ്റ്റുഡിയോകളിലും പല തവണ പോയിട്ടുണ്ടെങ്കിലും ഒരു റേഡിയോ നിലയത്തിൽ ജോലി ചെയ്യുകയെന്ന് ആഗ്രഹിക്കാൻ പോലും എനിക്ക് കഴിയുമായിരുന്നില്ല. ഹൈസ്കൂൾ കാലത്തുണ്ടായ ചില ജീവിതാനുഭവങ്ങൾ കൊണ്ട് അങ്ങേയറ്റം ആത്മവിശ്വാസമില്ലാതെയും പ്രീഡിഗ്രി പൂർത്തിയാക്കാൻ കഴിയാത്തതിലുള്ള കടുത്ത അപകർഷതാബോധത്താൽ മിക്കവാറും ഉൾവലിഞ്ഞുമായിരുന്നു അതുവരെ ഞാൻ കഴിഞ്ഞിരുന്നത്. ജോബിനുമായി ആലോചിച്ചപ്പോൾ പോളേട്ടൻ ഉദ്ദേശിക്കുന്നതെന്താണെന്നറിയാനെങ്കിലും ഒന്ന് പോയിനോക്കാമെന്ന തീരുമാനത്തിലെത്തി.
ഷാർജയിൽനിന്നു മൂന്നുമണിയോടെ അൽ ഖൂസിലെത്തി എന്നെയും കൂട്ടി പോളേട്ടൻ മീഡിയാ സിറ്റിയിലുള്ള എആർഎന്നിലേക്കു പുറപ്പെട്ടു. ദൂരെ നിന്നുമാത്രം ഞാൻ കണ്ടിട്ടുള്ള അന്നത്തെ മീഡിയാ സിറ്റി എനിക്കൊരു അദ്ഭുതലോകമായിരുന്നു. അതിനുള്ളിൽ എത്തിയപ്പോൾ മാത്രമാണ് പോളേട്ടൻ യഥാർഥത്തിൽ ആരാണെന്ന് എനിക്ക് മനസ്സിലായിത്തുടങ്ങിയത്. അവധിദിവസമായതിനാൽ അവിടെ സ്റ്റാഫുകൾ വളരെ കുറവായിരുന്നു. എങ്കിലും കാണുന്ന ഓരോരുത്തരും ഗുഡ് ആഫ്റ്റർനൂൺ പോൾ സാർ' എന്ന് അദ്ദേഹത്തെ വിഷ് ചെയ്യുന്നത് കണ്ടപ്പോൾ ഒരൗപചാരികതയുമില്ലാതെ 'പോളേട്ടാ' എന്ന് മാത്രം വിളിക്കുന്ന എന്റെ വിവരക്കേടിനെയോർത്ത് ഞാൻ ലജ്ജിച്ചു.
പോളേട്ടന്റെ കാബിനിൽ എന്നെ കാത്തിരുന്നത് എനിക്കൊരു പരിചയവുമില്ലാത്ത കംപ്യൂട്ടർ എന്ന ഉപകരണമായിരുന്നു. അറിവില്ലാത്ത എന്തിനെയും പേടിയോടെ മാത്രം കണ്ടിരുന്ന ഞാൻ കൗതുകത്തിന് പോലും കംപ്യൂട്ടർ ശ്രദ്ധിച്ചിരുന്നില്ല. അതുവരെ കാസറ്റിലും സിഡിയിലും അപൂർവമായി റെക്കോർഡിലും പാട്ടുകേട്ടിരുന്ന എന്നെ കംപ്യൂട്ടറിലെ 'റിയൽ പ്ലയർ' എന്ന സോഫ്റ്റ്‌വെയർ പരിചയപ്പെടുത്തിക്കൊണ്ട് പുതിയ റേഡിയോ സ്‌റ്റേഷനുകൾ പ്രവർത്തിക്കുന്നനെങ്ങിനെയെന്ന് പറഞ്ഞുതരാൻ ശ്രമിച്ചു. Ripping, Wav file, Mp3, Playlist, Soundforge, Digitising , Crossfading എന്നിങ്ങനെയുള്ള പുതിയ വാക്കുകൾ എന്നെ പരിഭ്രമിപ്പിച്ചു. എല്ലാം കൊണ്ടും ഞാനാകെ കുഴങ്ങിനിൽക്കുമ്പോഴാണ് പെട്ടെന്നൊരാൾ അങ്ങോട്ട് കടന്നുവരുന്നത്.
കൈയിൽ ഒരു കേബിളുമായി വിഷ് ചെയ്തുകൊണ്ട് പോളേട്ടനോട് അയാൾ ഇംഗ്ലിഷിൽ എന്തോ ചോദിക്കുമ്പോൾ ശബ്ദത്തിന് ഒരു പരിചയച്ഛായ തോന്നി. അതിനിടയിൽ പോളേട്ടൻ എന്നെ ചൂണ്ടി 'Meet Mr.Shijo, he is going to join with our new Malayalam venture' എന്ന് പറഞ്ഞു. അത് കേട്ട് അന്ധാളിച്ചുപോയ എനിക്ക് കൈ തന്നുകൊണ്ട് വന്നയാൾ 'Welcome to ARN, I am Saeed Arshad' എന്ന് സ്വാഗതം ചെയ്തു. അപ്പോഴത്തെ എന്റെ ഹൃദയമിടിപ്പ് ഇപ്പോഴും എനിക്ക് കേൾക്കാം !
പിന്നീടവർ സംസാരിച്ചുകൊണ്ടിരുന്നതൊന്നും ഞാൻ കേട്ടില്ല. സിറ്റി എഫ്എമ്മിലെ സയീദ് അർഷദിനെ നേരിൽ കണ്ട് സംസാരിച്ചുവെന്ന് പറഞ്ഞാൽ ആരും വിശ്വസിക്കില്ലല്ലോ എന്ന ആകുലതയിലായിരുന്നു ഞാൻ. നോക്കിയ 3310യുടെ ആ കാലത്ത് സെൽഫി എന്നൊരു വാക്ക് പോലും എനിക്കറിയില്ല. പെട്ടെന്നുണ്ടായൊരു തോന്നലിൽ എനിക്കിഷ്ടപ്പെട്ടൊരു ഹിന്ദിപ്പാട്ട് റേഡിയോയിൽ രാത്രി കേൾപ്പിക്കാമോ എന്ന് അവരുടെ സംസാരത്തിനിടയിൽ കയറി ഞാൻ സയീദിനോട് ചോദിച്ചു. ടൈംലെസ് ക്ലാസിക്സിൽ മിക്കവാറും കേൾക്കാറുണ്ടായിരുന്ന 'പ്യാർ ഹോത്താ രഹേഗാ' എന്നാവർത്തിക്കാറുണ്ടായിരുന്ന ആ പാട്ടിന്റെ തുടക്കം പോലും എനിക്കറിയില്ലായിരുന്നു. പിറ്റേന്ന് രാത്രി പത്ത് മണിക്ക് ഷോയിലെ ആദ്യഗാനമായി അത് കേൾപ്പിക്കാമെന്ന് സയീദ് വാക്ക് തന്നു.
സയീദ് പോയിക്കഴിഞ്ഞപ്പോൾ പോളേട്ടൻ പറഞ്ഞു തരാൻ ശ്രമിച്ച കാര്യങ്ങളൊന്നും എനിക്ക് ശ്രദ്ധിക്കാനേ കഴിഞ്ഞില്ല. പിറ്റേന്ന് രാത്രി പത്ത് മണിയുടെ റേഡിയോ ഷോ ആയിരുന്നു എന്റെ ചിന്തകൾ നിറയെ! റേഡിയോയിലെ പണി എനിക്ക് പറ്റില്ലെന്ന് ഞാൻ ഉറപ്പിച്ചുകഴിഞ്ഞിരുന്നു. കാര്യം മനസ്സിലാക്കിയ അദ്ദേഹം കംപ്യൂട്ടർ ഉപയോഗിക്കാനറിയാവുന്ന സുഹൃത്തുക്കൾ ആരെങ്കിലുമുണ്ടോയെന്നാരാഞ്ഞു. എനിക്ക് ഓഡിയോ സിഡികൾ കംപ്യൂട്ടർ ഉപയോഗിച്ച് കോപ്പി ചെയ്തുതരാറുള്ളത് ജോബിൻ ആയിരുന്നു. എന്റെ ഫോണിൽനിന്നു ജോബിനോട് എന്തൊക്കെയോ സംസാരിച്ച പോളേട്ടൻ ഒടുവിൽ പറഞ്ഞത് മാത്രം എനിക്ക് വ്യക്തമായി - ഞാൻ കംപ്യൂട്ടർ ഉപയോഗിക്കാൻ പഠിക്കേണ്ടിയിരിക്കുന്നു.
മീഡിയാ സിറ്റിയിലെ ആശ്ചര്യങ്ങളിൽ നിന്നും പോളേട്ടനോടൊപ്പം തിരികെ അൽ ഖൂസിലെത്തുമ്പോൾ ഗേറ്റിന് വെളിയിൽ ജോബിൻ കാത്തുനില്പുണ്ടായിരുന്നു. കംപ്യൂട്ടറിനോടുള്ള എന്റെ പേടി മാറ്റേണ്ട ഉത്തരവാദിത്വം ജോബിനിൽ ഏൽപിക്കപ്പെട്ടു. എനിക്ക് വേണ്ടി പുതിയൊരു കംപ്യൂട്ടർ തയാറാക്കിയെടുക്കാമെന്ന് ജോബിൻ തീരുമാനിച്ചു. മാസം കഷ്ടി ആയിരം ദിർഹം മാത്രം ശമ്പളമുണ്ടായിരുന്ന എനിക്ക് അതിനുള്ള പണച്ചിലവ് (മൂവായിരത്തിയിരുന്നൂറ് ദിർഹം ) ചോദ്യചിഹ്നമായിരുന്നു. എന്റെ പ്രതികരണങ്ങളൊന്നുമില്ലാതെ തന്നെ തൽക്കാലം അവിടെ വച്ച് മൂവരും പിരിഞ്ഞു. മുറിയിലെത്തിയ ഞാൻ കൂടെയുള്ളവരോട് വിശേഷങ്ങൾ പറഞ്ഞെങ്കിലും ആരും ഗൗനിച്ചില്ല. പിറ്റേന്ന് രാത്രി പത്താകട്ടെയെന്ന് കരുതി ഞാനുറങ്ങാൻ കിടന്നു.
പിറ്റേന്ന് ജോലിസ്ഥലത്ത് വച്ച് 'വിജയൻഭായി' എന്ന് എല്ലാവരും വിളിക്കുന്ന കൊടുങ്ങല്ലൂർകാരനായ കെ.വിജയൻ എന്ന സഹപ്രവർത്തകനോട് എല്ലാ വിവരങ്ങളും ഞാൻ പങ്ക് വച്ചു. ഹിന്ദിസിനിമകളുടെയും പാട്ടുകളുടെയും വലിയൊരാരാധകനായ അദ്ദേഹം ടൈംലെസ് ക്ലാസിക്സിന്റെയും ആസ്വാദകനാണ്. തലേന്ന് രാത്രിയിൽ കേട്ട പാട്ടുകളെക്കുറിച്ച് ഞങ്ങൾ സംസാരിക്കാറുണ്ടായിരുന്നു. കംപ്യൂട്ടർ ഉപയോഗിക്കാൻ പഠിച്ചാൽ എനിക്ക് റേഡിയോയിൽ ജോലി കിട്ടാൻ സാധ്യതയുണ്ടെന്ന് കേട്ടപ്പോൾ അത് വാങ്ങാനുള്ള പണം കടമായി തരാമെന്ന് വിജയൻഭായി ഇങ്ങോട്ട് പറഞ്ഞു. അതൊരു വലിയ വാഗ്ദാനമായിരുന്നെങ്കിലും എനിക്ക് ആത്മവിശ്വാസം തീരെയുണ്ടായിരുന്നില്ല. അത്കൊണ്ടു തന്നെ അന്ന് വൈകിട്ട് പോളേട്ടൻ ഫോൺ ചെയ്തപ്പോൾ ഞാനെടുത്തില്ല.
പക്ഷേ അന്ന് രാത്രി പത്തു മണിക്ക് സിറ്റി എഫ് എമ്മിൽ ആദ്യം കേൾക്കാൻ പോകുന്ന പാട്ട് ഏതായിരിക്കുമെന്ന് അറിയാവുന്ന സുഹൃത്തുക്കളോടൊക്കെ ഞാൻ പ്രവചിച്ചുകഴിഞ്ഞിരുന്നു ! എങ്ങാനും റേഡിയോയിൽ ആ പാട്ട് വന്നില്ലെങ്കിലോ എന്നൊന്നും ഞാനാലോചിച്ചേയില്ല. അക്കാര്യത്തിൽ അത്രയ്ക്കായിരുന്നു ആത്മവിശ്വാസം.
രാത്രി പത്ത് മണിക്ക് റൂമിലെ സുഹൃത്തുക്കളോടൊപ്പം റേഡിയോ കേൾക്കാനിരിക്കുമ്പോൾ എന്റെ ചങ്ക് പടപടാ മിടിക്കുകയായിരുന്നു. സയീദ് അർഷദ് ആദ്യം പറഞ്ഞ ഒരു വാക്കും മനസ്സിലായില്ല. ഒടുവിൽ ഞാൻ ആഗ്രഹിച്ച പാട്ട് 'ദോസ്ത് ഷിജു'വിന് ഡെഡിക്കേറ്റ് ചെയ്തുകൊണ്ട് അദ്ദേഹം പ്ലേ ചെയ്തു - വാരിസ് എന്ന ഹിന്ദിചിത്രത്തിൽ കിഷോർ കുമാറും ലതാ മങ്കേഷ്കറും ചേർന്ന് പാടിയ 'Husn Ki Vaadiyon Mein’
എല്ലാവരുടെയും മുഖം വിടർന്നു, എന്റെയും. പിറ്റേന്ന് മുതൽ എനിക്ക് വേണ്ടതായ കാര്യങ്ങളൊക്കെ പോളേട്ടന്റെ നിർദ്ദേശപ്രകാരം മറ്റു ചിലർ ചേർന്ന് ചെയ്യുകയായിരുന്നു. വിജയൻഭായി പണം കൊടുക്കുന്നു, ജോബിൻ കംപ്യൂട്ടർ വാങ്ങുന്നു, ഞാനതിൽ ചെറിയ ചെറിയ കാര്യങ്ങൾ ചെയ്യാൻ പഠിക്കുന്നു..
എആർഎൻ മലയാളം സ്റ്റേഷനായ ഹിറ്റ് എഫ്എം തുടങ്ങുന്നതിനുളള പ്രാരംഭപ്രവർത്തനങ്ങൾ തുടങ്ങിയ കാലമാണതെന്ന് എആർഎന്നിന്റെ തലവനായ അബ്ദുൽ ലത്തീഫിന്റെയടുത്ത് പോളേട്ടൻ എന്നെ കൊണ്ടുപോയപ്പോഴാണ് ഞാൻ മനസ്സിലാക്കുന്നത്. സബീൽ പാലസുമായി ബന്ധപ്പെട്ട് ജോലി ചെയ്യുന്നതിനാൽ എആർഎന്നിലേയ്ക്ക് മാറുവാൻ വലിയ സാങ്കേതികതടസ്സങ്ങളുണ്ടാകില്ലെന്നും പോളേട്ടൻ കരുതി.
വാരാന്ത്യങ്ങളിൽ ചിലപ്പോഴൊക്കെ ഷാർജയിലെ ഫ്ലാറ്റിലേക്ക് പോളേട്ടൻ എന്നെ കൂട്ടാൻ തുടങ്ങി. ആ സന്ദർശനസമയങ്ങളിലെല്ലാം എന്റെ അപകർഷതാബോധം മാറ്റി ആത്മവിശ്വാസം വർദ്ധിപ്പിക്കുന്നതിനുമായി പോളേട്ടൻ ഒരുപാട് കഥകളും കാര്യങ്ങളും പറഞ്ഞിരുന്നു. പോളേട്ടന്റെ ഭാര്യ മല്ലികച്ചേച്ചി (വലിയൊരു ചിത്രകാരിയും കരകൗശലനിർമാണവിദഗ്ദയും പാചകനിപുണയുമാണവർ) ഉണ്ടാക്കിത്തന്നിരുന്ന ഭക്ഷണവും കഴിച്ച് രാത്രിയിൽ മടങ്ങുമ്പോഴേക്കും അടുത്ത സന്ദർശനം വരേയ്ക്കുമുള്ള ഊർജ്ജം ഉള്ളിൽ നിറഞ്ഞിട്ടുണ്ടാവും.
അധികം വൈകാതെ തന്നെ പോളേട്ടന്റെ കൂടി സ്വപ്നസാഫല്യമായിരുന്ന Hit fm 96.7 യാഥാർത്ഥ്യമായി. പക്ഷേ എനിക്കറിയാത്ത കാരണങ്ങളാൽ ആ ടീമിൽ ഞാനുണ്ടായിരുന്നില്ല. ആശിക്കാത്തതുകൊണ്ടുതന്നെ എനിക്ക് നിരാശയും തോന്നിയില്ല. എങ്കിലും ഞാൻ വിഷമിക്കുന്നുണ്ടാവുമെന്നോർത്ത് പോളേട്ടന് വിഷമമുള്ളതായി എനിക്ക് പലപ്പോഴും തോന്നിയിരുന്നു. അതേസമയത്ത് തന്നെ റേഡിയോ ഏഷ്യയുടെ FM 94.8 ഫ്രീക്വൻസിയിൽ പ്രക്ഷേപണം തുടങ്ങി. ചന്തുവിന്റെയും മഞ്ജുവിന്റെയും ശബ്ദം FMൽ കേട്ടപ്പോൾ ആ സന്തോഷം പോളേട്ടൻ എന്നെ വിളിച്ചറിയിച്ചു. കഴിയുന്നതുപോലെ സ്റ്റേഷൻ മാറിമാറി എല്ലാ റേഡിയോകളും കേട്ടുകൊണ്ട് ചെയ്തു കൊണ്ടിരുന്ന ജോലിയിൽ സന്തോഷവാനായിത്തന്നെ ഞാൻ തുടർന്നു.
സുഹൃത്തായ ജോഷ് പ്രകാശ് സംഗീതം നൽകി ഞാനെഴുതിയ പത്ത് ഗാനങ്ങൾ ഉൾപ്പെടുത്തി 'ഇനിയും' എന്നൊരാൽബം ആ സമയത്ത് മജീദ് കാസെറ്റ്സ് ദുബായിൽ റിലീസ് ചെയ്തിരുന്നു. ആ കാസറ്റിന്റെ ഓഡിയോ റിലീസിന് ആദ്യകാസറ്റ് ഏറ്റുവാങ്ങിയത് പോളേട്ടനായിരുന്നു. അതിൽ ഞാനെഴുതിയ തമിഴ്പാട്ട് മിൻമിനിയോടൊപ്പം പാടിയത് എസ് പി ബാലസുബ്രഹ്മണ്യമാണ്. എന്റെ 'ലൈഫ് ടൈം അച്ചീവ്മെന്റ്' എന്ന് ഞാനാ പാട്ടിനെ വിശേഷിപ്പിച്ചപ്പോൾ 'ലൈഫ് തുടങ്ങുന്നതല്ലേയുള്ളൂ, അച്ചീവ്‌മെന്റ് ഇനിയും വരാനുണ്ട്' എന്നാണ് പോളേട്ടൻ ചിരിച്ചുകൊണ്ട് പറഞ്ഞത്.
അധികം വൈകാതെ തന്നെ 2005 ജൂലൈയിൽ ഞാൻ റേഡിയോ ഏഷ്യയിൽ മ്യൂസിക് മാനേജറായി ജോലി തുടങ്ങിയപ്പോൾ എന്നേക്കാളേറെ സന്തോഷിച്ചത് പോളേട്ടനായിരുന്നു. കാരണം, ആ ജോലിക്കായി എന്നെ കണ്ടെത്തി പരിശീലിപ്പിച്ച് പ്രാപ്തനാക്കിയെടുത്തത് പോളേട്ടൻ മാത്രമാണ് - പിന്നീടുള്ള എന്റെ വളർച്ചയിൽ വഴികാട്ടികളായും തളർച്ചയിൽ താങ്ങുകളായും രവിസാറും ചന്തുവും ഒക്കെയുണ്ടെങ്കിലും.. (ആ കഥകളൊക്കെ ജീവിതാനുഭവങ്ങളിലെ മറ്റൊരു വലിയ അദ്ധ്യായമാണ്).
2006 നവംബർ 30ന് റേഡിയോ ഏഷ്യയിൽ നിന്നു പിരിഞ്ഞ് നാട്ടിലെത്തി റേഡിയോ മാംഗോയിൽ ജോയിൻ ചെയ്യാൻ പുറപ്പെടുമ്പോൾ ആഹ്ലാദത്തോടെത്തന്നെയാണ് പോളേട്ടൻ എന്നെ യാത്രയാക്കിയത്. പോരാൻ നേരത്ത് ചിരിച്ചുകൊണ്ട് പുതിയൊരു വിസിറ്റിംഗ് കാർഡും തന്നു - അതിൽ പേര് അച്ചടിച്ചിരുന്നു! ആദ്യദിവസം കണ്ടപ്പോൾ തോന്നിയ മണ്ടത്തരങ്ങളൊക്കെ പിന്നീട് പോളേട്ടനോട് തമാശയായി പറയാറുണ്ടായിരുന്നു.
പിന്നീട് അദ്ദേഹം നാട്ടിൽ വരുമ്പോഴും ഇടയ്ക്കൊക്കെ പരസ്പരം കണ്ടിരുന്നു. അധികം വൈകാതെ മക്കളോടൊപ്പം പോളേട്ടനും മല്ലികേച്ചിയും അമേരിക്കയിൽ സ്ഥിരതാമസമാക്കി. അതിന് ശേഷം രണ്ടുമൂന്ന് തവണയേ തമ്മിൽ കാണാൻ കഴിഞ്ഞിട്ടുള്ളൂ. 2021ൽ ഞാനയച്ച ഈമെയിലിന് മറുപടി കിട്ടാതായപ്പോൾ ഞാൻ ഫോൺ വഴി ബന്ധപ്പെടാൻ ശ്രമിച്ചെങ്കിലും കഴിഞ്ഞില്ല. പോളേട്ടൻ ഇവിടെ വരുമ്പോൾ എന്നെ കോൺടാക്ട് ചെയ്യാതിരിക്കില്ല എന്ന വിശ്വാസത്തിൽ ഞാനുമിരുന്നു. (ആരോഗ്യപ്രശ്നങ്ങളാലാണ് ഈമെയിൽ ചെയ്യാതിരുന്നതെന്ന് മകൻ വിനോദ് പിന്നീട് പറഞ്ഞറിഞ്ഞു).
എന്തുകൊണ്ടോ ഞായറാഴ്ച പോളേട്ടനെക്കുറിച്ച് ഞാൻ കുറേനേരം ഓർക്കുകയും കോൺടാക്ട് ചെയ്യാൻ ഫേസ്ബുക്ക് വഴി ശ്രമിക്കുകയും ചെയ്തിരുന്നു. പക്ഷേ പോളേട്ടന്റെ മരണവാർത്തയാണ് ചൊവ്വാഴ്ച രാവിലെ ചന്തു പറഞ്ഞ് ഞാനറിയുന്നത്. ഞായറാഴ്ച പോളേട്ടൻ ചിലപ്പോൾ എന്നെക്കുറിച്ചും ഓർത്തിട്ടുണ്ടാകുമെന്ന് ഞാൻ വിശ്വസിക്കുകയാണ്. ഓഗസ്റ്റ് ഏഴാം തീയതി അമേരിക്കയിൽ വച്ചാണ് പോളേട്ടൻ ഈ ലോകത്ത് നിന്ന് യാത്രയായത്. ഓഗസ്റ്റ് പത്താം തീയതി തൃശൂരുള്ള വീട്ടിലെത്തി പോളേട്ടനെ അവസാനമായി കണ്ടു.
ഓഗസ്റ്റ് പത്ത് എന്നെഴുതിയപ്പോഴാണ് ഒരു യാദൃച്ഛികത ഓർത്തത്. റേഡിയോ ഏഷ്യയിൽ ജോയിൻ ചെയ്യുന്നതിന് മുൻപ് ഇടയ്ക്കൊക്കെ പോളേട്ടൻ വിളിക്കുമ്പോൾ ഞാൻ ARNൽ പോകാറുണ്ടായിരുന്നു. ആ സ്റ്റുഡിയോയിലേയ്ക്ക് അങ്ങനെയുള്ള എന്റെ അവസാനസന്ദർശനം 2004 ഓഗസ്റ്റ് പത്തിന് ഗായകൻ ബ്രഹ്മാനന്ദൻ മരിച്ച ദിവസമായിരുന്നു. പോളേട്ടൻ പറഞ്ഞിട്ട് ബ്രഹ്മാനന്ദന് ആദരാഞ്ജലിയർപ്പിച്ച് ഹിറ്റ് എഫ്.എം അവതരിപ്പിക്കുന്ന പരിപാടിക്കായി ബ്രഹ്മാനന്ദൻ പാടിയ പാട്ടുകളടങ്ങിയ കാസറ്റുമായി പോയതായിരുന്നു അത്. പിന്നീടൊരിക്കലും പോളേട്ടനെ കാണുവാനായി ഞാനങ്ങോട്ട് പോയിട്ടില്ല.
ഞാൻ മാത്രമല്ല പോളേട്ടനിലൂടെ വളർന്നതെന്ന് എനിക്കറിയാം. ഞാൻ നേരിട്ടറിയുന്ന നടരാജനെന്ന തമിഴ്നാട്ടുകാരനുൾപ്പെടെ വേറെയും പ്രതിഭകൾ ഉണ്ടാകും. മുഹമ്മദ് റാഫി, നൗഷാദ്, യേശുദാസ് തുടങ്ങിയ ലെജൻഡുകളോടൊത്ത് പ്രവർത്തിച്ചിട്ടുള്ള അദ്ദേഹം തീർച്ചയായും ഒരു ‘Unsung Hero’ തന്നെയാണ്. അതിലുപരി ഒരു മാർഗദർശി എന്ന് വിളിക്കുവാൻ ഏറ്റവും യോഗ്യതയുള്ളൊരാൾ. എന്റെയും അതുവഴി എന്റെ പ്രിയപ്പെട്ടവരുടെയും ജീവിതത്തെ പോസിറ്റീവാക്കി മാറ്റിയ പോളേട്ടാ...
റേഡിയോ മാംഗോ എഫ്എം മ്യൂസിക് മാനേജറാണ് ലേഖകൻ