തമിഴ് സംഗീതസംവിധായകൻ ടി.എ.കല്യാണത്തിന്റെ സംഗീതസംവിധാനത്തിൽ രണ്ട് മാപ്പിളപ്പാട്ടുകൾ പാടിയ ഒരു ഗായകൻ. ഈജിപ്റ്റിൽ ഷൂട്ടിങ്ങിനായി അമിതാഭ് ബച്ചനെത്തിയപ്പോൾ നേരിട്ടുകണ്ട് മണിക്കൂറുകളോളം സംസാരിച്ചിരുന്ന സംഗീതജ്ഞൻ. ഇന്നലെ കണ്ണംപറമ്പിലെ മണ്ണിൽ അലിഞ്ഞുചേർന്ന കെ.പി.ഖാലിദ് എന്ന സംഗീതജ്ഞന്റെ ജീവിതം ഇനിയും മലയാളികൾ വായിക്കാത്ത പുസ്തകമാണ്.
കോഴിക്കോട് നഗരത്തിൽ സൗഹൃദങ്ങളിൽ പൂത്ത സംഗീതത്തിന്റെ ഒരു കാലഘട്ടമുണ്ടായിരുന്നു. ഏഴുപതുകളിലും എൺപതുകളിലും പൂത്തുലഞ്ഞ ആ കാലഘട്ടത്തിന്റെ അവസാനകണ്ണികളിലൊരാളാണ് ഇന്നലെ ഓർമയായ കെ.പി.ഖാലിദ്. തന്റെ പ്രിയസുഹൃത്തായ ഖാലിദിന്റെ അനേകം ഓർമകളിൽ മുഴുകിയിരിക്കുകയാണ് പ്രശസ്ത സംഗീതാസ്വാദകനായ കോഴിക്കോട്ടുകാരുടെ പ്രിയപ്പെട്ട റേഡിയോ കോയ.
ഒരു കാലത്ത് തന്റെ ഗിറ്റാറും ഹാർമോണിയവും അക്കോർഡിയനും കൊണ്ട് ഈ നഗരത്തെ സംഗീതത്തിൽ അലിയിപ്പിച്ച മനുഷ്യനായിരുന്നു ഖാലിദ്. എഴുപതുകളിൽ നഗരത്തിലെ രണ്ട് പ്രധാന സംഗീതകൂട്ടായ്മകളായിരുന്നു ബ്രദേഴ്സ് മ്യൂസിക് ക്ലബ്ബും ഹട്ടൻസ് ഓർക്കസ്ട്രയും. ഇതിൽ ബ്രദേഴ്സ് മ്യൂസിക് ക്ലബ്ബിന്റെ പ്രധാന സംഗീതജ്ഞനായി കെ.പി.ഖാലിദ് അനേകകാലമുണ്ടായിരുന്നു. ഹാർമോണിയം, ഗിറ്റാർ, അക്കോർഡിയൻ എന്നിവയുമായി വേദികളിൽ കയ്യടി ഏറ്റുവാങ്ങിയ കാലം.
മാപ്പിളപ്പാട്ട് ആചാര്യൻ എസ്.എം.കോയയുടെ ബന്ധുവായിരുന്നു കെ.പി.ഖാലിദ്. എസ്.എം.കോയയാണ് മദിരാശിയിലേക്ക് ഖാലിദിനെ കൂട്ടിക്കൊണ്ടുപോയത്. ആ യാത്രയിലാണ് ടി.എ.കല്യാണമെന്ന സംഗീതസംവിധായകനെ പരിചയപ്പെട്ടത്. ഇളയരാജയും കെ.വി.മഹാദേവനും വിശ്വനാഥൻരാമമൂർത്തിയുമൊക്കെ ടി.എ.കല്യാണത്തിന്റെ സഹായികളായി ജോലി ചെയ്തിട്ടുണ്ട്. എസ്.എം.കോയ എഴുതിയ ടി.എ.കല്യാണം ഈണമിട്ട മാപ്പിളപ്പാട്ടുകളുടെ റെക്കോർഡ് അക്കാലത്ത് പുറത്തിറങ്ങി. അതിൽ രണ്ടു പാട്ടുകളാണ് ഖാലിദ് പാടിയത്. അതിൽ ‘ഇനഹ് സ്വന്തം..’ എന്നു തുടങ്ങുന്ന പാട്ട് എല്ലാ കല്യാണവീടുകളിലും റെക്കോർഡ് പ്ലെയറില്‍ വച്ചിരുന്നുവെന്നും റേഡിയോ കോയ പറഞ്ഞു.
ബ്രദേഴ്സിലെ സംഗീതജീവിതകാലത്ത് കാലിക്കറ്റ് നഴ്സിങ് ഹോമിൽ ഖാലിദ് കുറച്ചുകാലം ജോലി ചെയ്തിരുന്നു. പിന്നീട് ജോലിയുമായി ഖാലിദ് ദുബായിലേക്ക് കടൽകടന്നു. അവിടെനിന്ന് ഈജിപ്റ്റിലുമെത്തി. ഖാലിദിന്റെ മകളുടെ വിവാഹത്തിന് വരന്റെ കുടുംബത്തിന്റെ അടുത്തസുഹൃത്തായ ഒ.പി.നയ്യാരുമെത്തിയിരുന്നുവെന്ന് റേഡിയോ കോയ പറഞ്ഞു. ബോളിവുഡിനെ ഇളക്കിമറിച്ച സംഗീതസംവിധായകൻ ഒ.പി.നയ്യാരുമായി ഖാലിദിന് അടുത്ത സൗഹൃദമായിരുന്നു. അതുവഴിയാണ് അദ്ദേഹം അമിതാഭ് ബച്ചനുമായി സൗഹൃദത്തിലെത്തിയത്.
ഈജിപ്റ്റിൽ സിനിമാചിത്രീകരണത്തിനായി ഒരിക്കൽ അമിതാഭ് ബച്ചനെത്തിയപ്പോൾ ഖാലിദ് ലൊക്കേഷനിലെത്തുകയും അദ്ദേഹവുമായി സൗഹൃദം പുതുക്കുകയും ചെയ്തു. ലൊക്കേഷനിൽ കയറാൻപോലും കഴിയാതെ പുറത്തുനിന്ന ആരാധകർ അമ്പരന്നുപോയെന്നും റേഡിയോ കോയ പറഞ്ഞു.
പ്രവാസജീവിതത്തിനുശേഷം തടമ്പാട്ടുതാഴത്താണ് ഖാലിദ് താമസിച്ചിരുന്നത്. റേഡിയോ കോയയുടെ വീട്ടിലെ സംഗീതസന്ധ്യകളിൽ ഖാലിദ് എത്താറുണ്ടായിരുന്നു. വീട്ടിലെ പഴയൊരു ഹാർമോണിയവുമെടുത്ത് പാട്ടുതുടങ്ങും. തലത് മെഹമ്മൂദും മുഹമ്മദ് റഫിയും കിഷോറുമൊക്കെ ഖാലിദിന്റെ പാട്ടുകളിലൂടെ വിരുന്നെത്തും. അനശ്വരതയിലേക്കു തുറന്നുവച്ച ആ പാട്ടാണ് ഇന്നലെ മണ്ണോടു മണ്ണു ചേർന്നത്.
English Summary: Remembering late singer K.P.Khalid