ADVERTISEMENT

1993 കാലം. കേരള സംസ്ഥാനം ഭരിക്കുന്ന ഒരു മന്ത്രിക്ക് രാത്രി രണ്ടരയോടെ ഒരു ഫോണ്‍ കോള്‍ വരുന്നു. കവടിയാറിലെ മന്ത്രിമന്ദിരമായ അജന്തയില്‍ അലറി വിളിച്ച് ഫോണ്‍ ശബ്ദിക്കുകയാണ്. ഉറക്കത്തിന്റെ കൈപിടിച്ച് അറിയാതെ നടന്ന പൊലീസുകാരന്‍ ഊരിപോയ തൊപ്പി തപ്പി എടുത്തു. മുറിയിലുണ്ടായിരുന്ന മന്ത്രി ചാടി എഴുന്നേറ്റു. ആരാണീ നേരത്ത്? അതിലിത്ര അതിശയിക്കാനോ അസ്വസ്ഥതപ്പെടാനോ ഇല്ല, കാരണം, മന്ത്രിയുടെ സേവനത്തിന് വിശ്രമമോ നേരമോ കാലമോ ഇല്ലല്ലോ. ആരോ ആവശ്യക്കാരാണെന്ന് ഉറപ്പാണ്. ഫോണ്‍ ശബ്ദം നിലയ്ക്കും മുന്‍പ് മന്ത്രി ഫോണെടുത്തു. 'ഹലോ സുധാകരാ, ഉറങ്ങിയോ....? ' അപ്പുറത്തു നിന്നും പൊട്ടിച്ചിരികളോടെ ഒരു ശബ്ദം. അതോടെ മന്ത്രിക്ക് ആളെ പിടികിട്ടി... 'രാധാകൃഷ്ണന്‍ ചേട്ടാ എന്താ ഈ നേരത്ത്?' 'സൂര്യകിരീടം വീണുടഞ്ഞു രാവിന്‍തിരുവരങ്ങില്‍.....' പിന്നെ അതൊരു പാട്ടായി മാറി.

 

മലയാളിയുടെ മനസ്സില്‍ താണ്ഡവമാടിയ സിനിമപോലെ സൂപ്പര്‍ ഹിറ്റായിരുന്നു ദേവാസുരത്തിലെ ഗാനങ്ങളും. ഗിരീഷ് പുത്തഞ്ചേരിയും എം.ജി.രാധാകൃഷ്ണനും ഒത്തുചേര്‍ന്നപ്പോള്‍ പിറന്ന പാട്ടുകളൊക്കെയും കാലത്തേയും കടന്നു നടന്നു. ഓരോ പാട്ടും ഒന്നിനൊന്നു ശ്രേഷ്ഠം. അതില്‍ സൂര്യകിരീടം എന്ന പാട്ടിന് ആദ്യ ആസ്വാദകനും വിധികര്‍ത്താവുമായി മാറിയ കഥ പറയാനുണ്ട് ഗാനരചയിതാവും മുന്‍ മന്ത്രിയുമായ പന്തളം സുധാകരന്. പാതിരാവിലെ പനിനീര്‍ചന്ദ്രികപോലെ തന്നെ കാത്തിരുന്ന ആ ഭാഗ്യത്തിന്റെ കഥ പറയുകയാണ് അദ്ദേഹം.

 

'മന്ത്രിയായി ഇരിക്കുന്ന കാലമാണത്. രാത്രി രണ്ടരയ്ക്ക് മുറിയിലെ ലാന്‍ഡ് ഫോണ്‍ ബെല്ലടിച്ചപ്പോള്‍ തന്നെ ആരോ അത്യാവശ്യക്കാരാണെന്ന് മനസ്സിലായി. ഫോണെടുക്കുമ്പോള്‍ രാധാകൃഷ്ണന്‍ ചേട്ടനാണ്. മേടയില്‍ വീട്ടില്‍ ഗിരീഷ് പുത്തഞ്ചേരിക്കൊപ്പം പുതിയ പാട്ടൊരുക്കുകയാണെന്നും പാട്ട് പൂര്‍ത്തിയായി കഴിഞ്ഞപ്പോള്‍ വിളിച്ചതാണെന്നും പറഞ്ഞു. എന്നിട്ട് ഫോണ്‍ ഗിരീഷിന്റെ കയ്യില്‍ കൊടുത്തു. 'ചേട്ടാ എനിക്ക് സംതൃപ്തിയായി. ഞാനൊരു നല്ല പാട്ടു ചെയ്തു. എന്ന് ഗിരീഷും പറഞ്ഞതോടെ പാട്ടു കേള്‍ക്കാന്‍ എനിക്ക് ആകാംക്ഷയായി. രാധാകൃഷ്ണന്‍ ചേട്ടന്‍ പാടി തുടങ്ങി, സൂര്യകിരീടം വീണുടഞ്ഞു രാവിന്‍ തിരുവരങ്ങില്‍... അതോടെ എന്റെ ഉറക്കമെല്ലാം പോയി. ഞാന്‍ നിശബ്ദനായി നിന്നു കേട്ടു. പാട്ടു തീര്‍ന്നതുതന്നെ ഞാന്‍ അറിയാതെ പോയി. എങ്ങനെയുണ്ടെന്ന് രാധാകൃഷ്ണന്‍ ചേട്ടന്‍ ചോദിച്ചു. എന്ത് പറയണം എന്നറിയില്ലായിരുന്നു. ഇത് ഹിറ്റാകുമെന്ന് തീര്‍ത്തു പറഞ്ഞു. ആദ്യകേള്‍വിയില്‍ തന്നെ സംഗീതവും വരികളും ആഴത്തില്‍ എന്നിലേക്ക് ഇറങ്ങി ചെന്നിരുന്നു. ഉറങ്ങാന്‍ കിടക്കുമ്പോഴും ആ പാട്ടായിരുന്നു എന്റെ മനസ്സു നിറയെ. പിന്നീടാണ് അത് ദേവാസുരത്തിലെ പാട്ടാണെന്ന് അറിയുന്നത്. മദ്രാസില്‍ ഇരുന്ന് ഈ പാട്ടിന്റെ പ്രാരംഭ പ്രവര്‍ത്തനങ്ങള്‍ തുടങ്ങിവച്ചെങ്കിലും പൂര്‍ത്തിയാക്കിയത് തിരുവനന്തപുരത്തെ രാധാകൃഷ്ണന്‍ ചേട്ടന്റെ വീട്ടിലിരുന്നാണ്. അങ്ങനെ മലയാളത്തിലെ എക്കാലത്തെയും വലിയ ഹിറ്റ് ഗാനത്തിന്റെ ആദ്യ കേള്‍വിക്കാരനാകാനുള്ള ഭാഗ്യം എനിക്ക് ലഭിച്ചു.' പന്തളം സുധാകരന്‍ ഓര്‍മകളുടെ സൂര്യകിരീടം വീണ്ടുമണിഞ്ഞു.

 

എന്റെ ആദ്യ സംഗീത സംവിധായകന്‍

 

ഒരു കാലത്ത് ഞങ്ങള്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ താവളമായിരുന്നു മേടയില്‍ വീട്. രാധാകൃഷ്ണന്‍ ചേട്ടനുമായി ഞാന്‍ പരിചയപ്പെടുന്നത് അങ്ങനെയാണ്. അത്യാവശ്യം കവിതയൊക്കെ എഴുതിയിരുന്ന എനിക്ക് ഗാനരചനയിലേക്കുള്ള വലിയ പ്രോത്സാഹനം നല്‍കിയതും അദ്ദേഹമാണ്. ആദ്യമായി എന്റെ വരികള്‍ക്ക് ആകാശവാണിയിലൂടെ സംഗീതം നല്‍കി. പിന്നെ എത്രയോ ലളിതഗാനങ്ങള്‍ ഞങ്ങളൊന്നിച്ചു ചെയ്തു. പാട്ടുപോലെ ഇമ്പമുള്ളൊരു ബന്ധം ഞങ്ങള്‍ക്കിടയിലുണ്ടായിരുന്നു. അതുകൊണ്ടാകാം സൂര്യകിരീടം എന്നെ ആദ്യമായി പാടി കേള്‍പ്പിച്ചതും. അത് തന്നെ ജീവിതത്തിലെ വലിയൊരു അംഗീകാരമല്ലേ.

 

ഗിരീഷ് പുത്തഞ്ചേരിയുമായുള്ള ബന്ധം ദൃഢമാകുന്നതും രാധാകൃഷ്ണന്‍ ചേട്ടനിലൂടെയാണ്. കാണുമ്പോഴൊക്കെ ഞാനെഴുതിയ പാട്ടുകളെക്കുറിച്ച് എന്നോട് സംസാരിക്കുമായിരുന്നു. മരിക്കുന്നതിന് ആഴ്ചകള്‍ക്ക് മുന്‍പ് ഗിരീഷിന്റെ ഫോണ്‍ എനിക്കു വന്നു, താനൊരു സിനിമ സംവിധാനം ചെയ്യാന്‍ പോകുകയാണെന്നും തിരക്കഥ എഴുതി പൂര്‍ത്തിയാക്കിയെന്നും സിനിമയിലെ ഒരു ഗാനം ചേട്ടനെഴുതണമെന്നും പറഞ്ഞു. വലിയ സന്തോഷത്തോടെ ഞാനത് സ്വീകരിച്ചു. കാത്തിരുന്നു. പക്ഷേ അപ്പോഴേക്കും ഗിരീഷ് മരണത്തിനു കൂട്ടുപോയി, പന്തളം സുധാകരന്‍ പറയുന്നു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com