sections
MORE

ഇങ്ങനെയുണ്ടോ ഒരു പ്രേമം? മാത്യുവിന്റെ 'ഗ്രാമഫോൺ' പ്രണയിനികൾ

HIGHLIGHTS
  • ഇന്ത്യക്കാരിയുടെ ശബ്ദം പതിഞ്ഞ ഗ്രാമഫോൺ റെക്കോർഡ് ആക്രിക്കടയിൽ നിന്നു കണ്ടെടുത്ത മലയാളി
  • രണ്ടു നിലകളിലായി ഗ്രാമഫോൺ മ്യൂസിയം
SHARE

പോയ കാലത്തിലെ പാട്ടുപ്രേമത്തിന്റെ അടയാളപ്പെടുത്തലാണ് ഗ്രാമഫോണുകൾ. കാഴ്ചയുടെ കൗതുകവും ഗൃഹാതുരത്വവും കൈകോർക്കുന്ന ഗ്രാമഫോണുകൾ ഇന്നു വീട്ടിലെ അലങ്കാരവസ്തുക്കളുടെ കൂട്ടത്തിലാണു പുതിയ കാലം ചേർത്തു വയ്ക്കുന്നത്. ഈ സ്വർണകോളാമ്പിയിൽ നിന്നും ഉയർന്ന മധുരഗാനങ്ങൾ കേട്ടു  സ്വപ്നം കാണുകയും പ്രണയിക്കുകയും ചെയ്തിരുന്ന ഒരു തലമുറ ഇവിടെയുണ്ടായിരുന്നു. ആ പാട്ടോർമകൾക്ക് ഒരു കൂടാരമൊരുക്കി കാവലൊരുക്കുകയാണ് പാലാക്കാരനായ സണ്ണി മാത്യു ഗ്രാമഫോൺ റെക്കോർഡുകളുടെ അപൂർവശേഖരമാണ് സണ്ണി മാത്യുവിന്റെ ശേഖരത്തിലുള്ളത്. 

ഗ്രാമഫോൺ റെക്കോർഡുകളെക്കുറിച്ചു പറഞ്ഞു തുടങ്ങിയാൽ സണ്ണി മാത്യു വാചാലനാകും. ഒരു ലക്ഷത്തിൽപ്പരം ഗ്രാമഫോൺ റെക്കോർഡുകളുണ്ട് സണ്ണിയുടെ ശേഖരത്തിൽ. അതിൽ ഓരോന്നിനെക്കുറിച്ചും സണ്ണിയ്ക്കു പറയാൻ ഓരോ കഥകളുണ്ട്. 

കൊൽക്കത്ത തെരുവിൽ നിന്നും കണ്ടെടുത്ത അപൂർവ റെക്കോർഡ്

ഇന്ത്യയിലെ ഗ്രാമഫോൺ റെക്കോർഡുകളുടെ ചരിത്രം പേറുന്ന നിരവധി കണ്ടെത്തലുകൾ സണ്ണി നടത്തിയിട്ടുണ്ട്. യാദൃച്ഛികമായി തന്റെ ശേഖരത്തിലേക്കു എത്തിയ അത്തരമൊരു റെക്കോർഡിനെക്കുറിച്ചു സണ്ണി പറഞ്ഞു തുടങ്ങി. "രണ്ടു വർഷം മുൻപാണ് അതു സംഭവിച്ചത്. ഗ്രാമഫോൺ റെക്കോർഡുകൾ ശേഖരിക്കുന്നതിന്റെ ഭാഗമായി ഇന്ത്യയ്ക്കകത്തും പുറത്തും നിരവധി യാത്രകൾ നടത്താറുണ്ട്. അങ്ങനെയൊരു യാത്രയിലാണ് കൊൽക്കത്തയിൽ എത്തുന്നത്. പൊട്ടിയ റെക്കോർഡുകൾ കൂട്ടിയിട്ടിരിക്കുന്നതു കണ്ട് കൊൽക്കത്തയിലെ ഒരു ആക്രിക്കടയിൽ കയറിയതായിരുന്നു. ആ കൂട്ടത്തിൽ ഒരു റെക്കോർഡ് ശ്രദ്ധയിൽപ്പെട്ടു. അവിടെ നിന്ന് അതു വാങ്ങി, വീട്ടിലെത്തി ക്ലീൻ ചെയ്തു നോക്കിയപ്പോഴാണ് എന്റെ കയ്യിലിരിക്കുന്നത് വിലമതിക്കാനാവാത്ത ഒരു നിധിയാണെന്നു മനസിലായത്. ആദ്യമായി ഒരു ഇന്ത്യക്കാരിയുടെ ശബ്ദം പതിഞ്ഞ അപൂർവ റെക്കോർഡായിരുന്നു അത്," സണ്ണി മാത്യു പുഞ്ചിരിയോടെ ഓർത്തെടുത്തു. 

ആ റെക്കോർഡിങ്ങിനു പിന്നിലുമുണ്ടൊരു കഥ

ഇന്ത്യക്കാരിയുടെ ശബ്ദം ആദ്യമായി പതിഞ്ഞ ആ റെക്കോർഡിനു പിന്നിൽ വലിയൊരു പോരാട്ടത്തിന്റെ കഥയുണ്ട്. അന്നത്തെ അന്ധവിശ്വാസങ്ങൾ നിറഞ്ഞ അന്നത്തെ സാമൂഹികവ്യവസ്ഥയ്ക്കെതിരെ പോരാടിയാണ് ആ ശബ്ദം രേഖപ്പെടുത്തപ്പെട്ടത്. ഇന്ത്യയിൽ ഗ്രാമഫോൺ കമ്പനി പ്രവർത്തനം ആരംഭിച്ചത് 1901ലായിരുന്നു. 1902ൽ അവരുടെ റെക്കോർഡിങ് എഞ്ചിനീയർ ഗെയ്‌സ്ബർഗ് കൊൽക്കത്തയിലെത്തി. ഗ്രാമഫോണിനു വേണ്ടി പാടാൻ ഗായകരെ അന്വേഷിച്ച അദ്ദേഹത്തിന് ആരെയും കണ്ടെത്താൻ കഴിഞ്ഞില്ല. ശബ്ദം റെക്കോർഡ് ചെയ്യുന്നതിന് സംശയത്തോടെയായിരുന്നു അന്നത്തെ ആളുകൾ കണ്ടത്. അതുകൊണ്ട്, ശബ്ദം റെക്കോർഡ് ചെയ്യാൻ പ്രധാന ഗായകരൊന്നും തയ്യാറായില്ല. 

ഒടുവിൽ രക്ഷക്കെത്തിയത് മൂന്നു പെൺകുട്ടികളാണ്. കൊൽക്കത്ത ക്ലാസിക് തിയ്യറ്ററിലെ നർത്തകിമാരായിരുന്നു അവർ. പതിനാലു വയസുള്ള സോഷിമുഖി എന്ന പെൺകുട്ടിക്കായിരുന്നു ആ ചരിത്ര നിയോഗം. ഗ്രാമഫോൺ റെക്കോർഡിനു വേണ്ടി സോഷിമുഖി പാടി. രാജ്യത്തെ സംഗീത ചക്രവർത്തിമാർ ആദ്യം വിമുഖത കാണിച്ച റെക്കോർഡിങ് രംഗത്തേക്ക് അങ്ങനെ ആ പതിനാലുകാരി പാട്ടും പാടി കയറിച്ചെന്നു. അപൂർവമായ ആ റെക്കോർഡാണ് കൊൽക്കത്തയിലെ ആക്രിക്കടയിൽ നിന്നു സണ്ണി മാത്യു കണ്ടെടുത്തത്. 

ആദ്യം ഹോബി, ഇപ്പോൾ ജീവിതം

ഒരു 32 വർഷം മുൻപ് ഹോബിയായി തുടങ്ങിയതായിരുന്നു ഗ്രാമഫോണിന്റെയും റെക്കോർഡിന്റെയും കളക്ഷൻ. അത് പരിധിവിട്ടു സൂക്ഷിക്കാൻ സ്ഥലമില്ലാതെ വന്നപ്പോഴാണ് അതിനായി ഒരു വീടുണ്ടാകാം എന്ന ചിന്തയിൽ എത്തിയത്. ഇതിന്റെ പ്രാധ്യാന്യം ശരിക്കും മനസിലാക്കാൻ സാധിച്ചത് 'ഇന്ത്യൻ സൊസൈറ്റി ഓഫ് റെക്കോർഡ് കളക്ടേഴ്സിൽ' അംഗം ആയപ്പോഴാണ്, സണ്ണി മാത്യു പറയുന്നു. "അതിനു മുൻപുള്ള ഹോബി ചരിത്ര പുസ്തകങ്ങൾ വായിക്കുകയായിരുന്നു. ഗ്രാമഫോൺ ഹോബി തുടങ്ങിയപ്പോൾ ഇതിനെപ്പറ്റി അറിയാൻ തുടങ്ങിയപ്പോഴാണ് ഈ സൊസൈറ്റിയിൽ അംഗത്വം എടുക്കുന്നത് . അതിനു ശേഷം 2012ൽ കോഴിക്കോട് വെച്ച് എക്സിബിഷനും സെമിനാറും നടത്തി അന്ന് നിയന്ത്രിക്കാൻ ആവാത്ത രീതിയിൽ ഉള്ള തിരക്കാണ് കണ്ടത്. ഗ്രാമഫോൺ ആദ്യമായി നേരിട്ട് കാണുന്ന ഏറെ പേർ അന്ന് വന്നിരുന്നു. ആ ഒരു അനുഭവത്തിൽ നിന്നാണ് പൊതുജനങ്ങൾക്കുക്കായി പ്രദർശിപ്പിക്കുക എന്ന ആശയത്തിലേക്ക് എത്തിച്ചേർന്നത്," സണ്ണി പറഞ്ഞു. 

ഗ്രാമഫോൺ മ്യൂസിയം: അറിയാം, പഠിക്കാം

രണ്ടു നിലകളിലായാണ് മ്യൂസിയം. താഴത്തേത് ആർകൈവ് സെക്ഷൻ ആണ്. ഒരു ലക്ഷത്തിൽപ്പരം റെക്കോർഡും മറ്റു ടേപ്പ്, സിഡി മുതലായ വസ്തുക്കൾ ഇവിടെ സൂക്ഷിക്കുന്നു. ക്ലാസുകളും സെമിനാറുകളും ഒക്കെ നടത്താനുള്ള ഇടം ഇവിടെയുണ്ട്. ഇതിനു മുകളിലാണ് 'മഷീൻസ്' സൂക്ഷിക്കുന്നത്. ഇതിൽ പ്രധാനം ഗ്രാമഫോൺ, സിലിണ്ടർ പ്ലയെർ, ടേപ്പ് റെക്കോർഡർ മുതലായവയാണ്‌. ഇത് കൂടാതെ പുരാവസ്തുകളോട് താത്പര്യം ഉള്ളത് കൊണ്ട് പഴയ ഫോണുകൾ, ക്ലോക്ക്, സ്റ്റിൽ ക്യാമറ, വാദ്യോപകരങ്ങൾ, ആരാച്ചാരുടെ കത്തി തുടങ്ങിയവ ശേഖരിച്ചിരുന്നു.ഇവയ്ക്കായി പ്രത്യേകം ഇടങ്ങളും മ്യൂസിയത്തിലുണ്ട്. കേരളത്തിനു പുറത്തു നിന്നാണ് കൂടുതൽ സന്ദർശകർ ഗ്രാമഫോണുകളുടെ ചരിത്രം തേടി ഇവിടെ എത്തുന്നത്. വരുന്നവരിൽ കൂടുതലും വിദേശികളാണ്. ഞായറാഴ്ച രണ്ടു മണി മുതലാണ് പൊതുജനങ്ങൾക്കു പ്രവേശനം. മറ്റു ദിവസങ്ങളിൽ പ്രത്യേകം അനുമതി എടുക്കണം, സണ്ണി മാത്യൂ കൂട്ടിച്ചേർത്തു. 

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN INTERVIEWS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA