sections
MORE

'ഇങ്ങനെ ചെയ്യല്ലേ ചേട്ടൻമാരേ...' എന്തിനാണ് ചിലരുടെ സ്വപ്നങ്ങൾ തകർക്കുന്നത്?

Jeenu-Nazeer-Priya Varrier
SHARE

തീയറ്ററിലെത്തും മുൻപു തന്നെ ഏറെ വിമർശനങ്ങൾ നേരിടേണ്ടി വന്നു ഒമർ ലുലു സംവിധാനം ചെയ്ത ഒരു അഡാറ് ലൗ എന്ന ചിത്രത്തിനും അതിലെ ഗാനങ്ങൾക്കും. ചിത്രത്തിലെ മാണിക്യമലരായ ബീവി എന്ന ഗാനം ആഗോളതലത്തിൽ തന്നെ ശ്രദ്ധനേടിയപ്പോഴും വിമർശനങ്ങള്‍ക്കു കുറവില്ലായിരുന്നു. പിന്നീട് റിലീസ് ചെയ്ത ഫ്രീക്കു പെണ്ണേ എന്ന ഗാനത്തിന്റെ അവസ്ഥയും വിഭിന്നമായിരുന്നില്ല. ഡിസ്‌ലൈക് പെരുമഴയായിരുന്നു ഗാനത്തിനുണ്ടായത്. സോഷ്യൽ മീഡിയ പലപ്പോഴും നിർദാക്ഷിണ്യത്തോടെയായിരുന്നു പ്രതികരിച്ചത്. എന്നാൽ ഇത്തരം ആക്രമണങ്ങളിൽ വേദനിക്കുന്ന ചിലരുണ്ട്. അറിയാതെ എങ്കിലും ഈ ആക്രമണത്തിന്റെ ഭാഗമാകേണ്ടി വരുന്നവർ. പലരും പുതുമുഖങ്ങളാണ്. അത്തരത്തിൽ ഒരാളാണ് ചിത്രത്തിലെ മാഹിയാ എന്ന ഗാനം പാടിയ ഗായിക ജിനു. ഇത്തരം ആക്രമണങ്ങളിലൊക്കെ നേരിയ നിരാശ ആദ്യം തോന്നിയെങ്കിലും ആലാപനത്തെ കുറിച്ചു കേട്ട നല്ലവാക്കുകളുടെ ത്രില്ലിലാണ് ജിനു. ജിനുവിന്റെ പാട്ടുവിശേഷങ്ങൾ.

'മാഹിയാ' പാട്ടിലേക്ക്....

പാട്ടു ഞാൻ പ്രൊഫഷണലാക്കിയിട്ടു കുറെ കാലമായി. ഏകദേശം 2004 മുതൽ. പത്താംക്ലാസ് കഴിഞ്ഞതു മുതൽ മ്യൂസിക് പ്രോഫഷനായി തിരഞ്ഞെടുത്തിരുന്നു. പക്ഷേ, ആങ്കറിങ് ആണ് കൂടുതലായി ചെയ്തിരുന്നത്. ഇഷ്ടം പാട്ടിനോടായിരുന്നെങ്കിലും അപ്പോഴൊക്കെ കൂടുതൽ അവസരങ്ങൾ കിട്ടിയത് ആങ്കറിങ്ങിലായിരുന്നു. ചാനലുകളിലും മറ്റും അവസരങ്ങൾ ലഭിച്ചു. എങ്കിൽ പിന്നെ അങ്ങനെയാകട്ടെ എന്നു കരുതി. പിന്നെ സമയം എന്നു പറഞ്ഞ ഒന്നുണ്ടല്ലോ. ചിലപ്പോൾ ഇപ്പോഴായിരിക്കും അതിന്റെ സമയം എന്നു തോന്നുന്നു. കുറെ കവർ വിഡിയോകളും മറ്റും ചെയ്തിട്ടുണ്ട്. സത്യം പറഞ്ഞാൽ സിനിമയിൽ ട്രൈ ചെയ്തിരുന്നുമില്ല. ആ മേഖലയിൽ നിന്നും കുറെ നാളായി മാറി നിൽക്കുകയായിരുന്നു. അങ്ങനെയിരിക്കെ  ഒരു ദിവസം വളരെ അപ്രതീക്ഷിതമായി ഷാനിക്ക വിളിച്ചു രണ്ടുവരി പാടി അയയ്ക്കാന്‍ പറഞ്ഞു. അങ്ങനെ പാടി അയച്ചു. അതിനു ശേഷം സ്റ്റുഡിയോയിൽ ചെന്നു. ആദ്യത്തെ റെക്കോർഡിങ് ഒരു വോയ്സ് ടെസ്റ്റ് പോലെയായിരുന്നു. പിന്നീട് പാട്ടു ഫൈനലൈസ് ചെയ്യുകയായിരുന്നു.

പാട്ടുകൂട്ടുകാർ പറഞ്ഞു; കൊള്ളാം

പാട്ടിനിപ്പോൾ നല്ല പ്രതികരണമാണു ലഭിക്കുന്നത്. എല്ലാം പോസിറ്റീവ് റെസ്പോൺസ് ആണ്. കുറെ നാളായി അഡാറ് ലൗവിനെതിരെ സമൂഹമാധ്യമങ്ങളിൽ വലിയ ക്യാമ്പെയിനുകൾ ഉണ്ടായിരുന്നു. . മോശമാണെന്ന തരത്തിൽ ഭയങ്കരമായ സോഷ്യൽ മീഡിയ ആക്രമണം ഉണ്ടായി. എന്നാൽ ഓഡിയോ ജൂക്ക് ബോക്സിൽ റിലീസ് ആയപ്പോൾ സ്ഥിതിമാറി. താഴെയുള്ള കമന്റുകൾ വായിച്ചാൽ നമുക്കു മനസ്സിനാകും. എല്ലാം പോസിറ്റീവ് പ്രതികരണങ്ങളാണ്. എല്ലാ ഗാനങ്ങൾക്കും നല്ല പ്രതികരണമാണു ലഭിച്ചത്. സിനിമയും അങ്ങനെ നന്നായി വരും എന്നു പ്രതീക്ഷിക്കുന്നു. പാട്ടുകേട്ട പാട്ടുകാരായ സുഹൃത്തുക്കളും ബാക്കി എല്ലാവരും നല്ല അഭിപ്രായം തന്നെയാണു പറയുന്നത്. 

Jeenu-Nazeer

ടെൻഷനേക്കാൾ മുന്നില്‍ ആകാംക്ഷ

സോഷ്യൽ മീഡിയയിൽ വലിയ വിമർശനം വന്നപ്പോൾ ആദ്യം അൽപം ടെൻഷനൊക്കയുണ്ടായിരുന്നു. എങ്കിലും എന്നെ സംബന്ധിച്ചിടത്തോളം ഇന്റർനാഷ്ണൽ ലവലിൽ തന്നെ ശ്രദ്ധിച്ച ഒരു മൂവിയിൽ ഷാൻ റഹ്മാന്റെ മ്യൂസിക്കിൽ പാടാൻ കഴിഞ്ഞു എന്നതു തന്നെ വളരെ വലിയൊരു കാര്യമാണ്. അതുകൊണ്ടു തന്നെ  ടെൻഷനെക്കാൾ മുന്നിൽ നിന്നത് ആകാംക്ഷയായിരുന്നു. ബിഗ് സ്ക്രീനില്‍ നമ്മുടെ പേരു കാണുക എന്നത് സ്വപ്ന സാക്ഷാത്കാരമാണ്. പിന്നെ ഇത്രയും വലിയ മ്യൂസിക് ഡയറക്ടറുടെ കീഴിൽ സിനിമയിൽ പാടി. ഇതൊക്കെ എക്സൈറ്റ്മെന്റ് ആയിരുന്നു എനിക്കു സമ്മാനിച്ചത്. ബാക്കിയൊക്കെ സിനിമ റിലീസ് ചെയ്യുമ്പോഴല്ലേ അപ്പോൾ നോക്കാം എന്നായിരുന്നു ചിന്ത. പാട്ടുമാത്രമായിരുന്നു മനസ്സിലുണ്ടായിരുന്നത്. സിനിമ നന്നാവണം, അതിനൊരു സ്വീകാര്യത വരണം എന്ന് ആഗ്രഹിക്കുന്നു. 

വിമർശനങ്ങളോടിത്ര മാത്രമേ പറയാനുള്ളൂ

ഒരാളും ഒരു കാര്യവും മോശമാകണം എന്നു വിചാരിച്ച് ചെയ്യില്ല. പ്രത്യേകിച്ച് ഒരു ആർട്ടിസ്റ്റ്. നന്നാവണം എന്നു കരുതി തന്നെയാണ് എല്ലാവരും എല്ലാ പ്രൊഡക്ടും പ്രൊഡ്യൂസ് ചെയ്യുന്നത്. ആ സിനിമയിൽ ആ സിറ്റ്വേഷന് ചേരുന്നു എന്ന ബോധ്യത്തിലാണ് സത്യജിത്തും ഫ്രീക്ക് പെണ്ണേ എന്ന ഗാനത്തിന്റെ വരികൾ എഴുതിയത്. അതിന്റെ ബാക്ഗ്രൗണ്ട് എന്താണെന്നു പോലും അറിയാതെ മോശമായ രീതിയിൽ കമന്റ് ഇടുന്നത് ഖേദകരമാണ്. പക്ഷേ, സോഷ്യല്‍ മീഡിയയ്ക്ക് ഗുണവും ദോഷവും ഉണ്ട്. ഒരുപാടു പേരെ സോഷ്യല്‍ മീഡിയ സപ്പോർട്ട് ചെയ്തു വിജയിപ്പിച്ച കുറെ കഥകൾ നമ്മൾ കേട്ടിട്ടുണ്ട്. അഭിപ്രായ സ്വാതന്ത്ര്യം എല്ലാവർക്കുമുണ്ട്. പക്ഷേ, ചീത്തപറയുക, വീട്ടിലിരിക്കുന്നവരെ പറ്റി മോശമായി പറയുക എന്നിങ്ങനെയുള്ള കാര്യങ്ങൾ അംഗീകരിക്കാൻ കഴിയുന്നതല്ല. പൂർണമായും ഡിഗ്രേഡ് ചെയ്യാനുള്ള ശ്രമം സങ്കടകരമാണ്. അതിൽ ഒന്നും ചെയ്യാനില്ലാത്തതിനാൽ നമ്മൾ ഇക്കാര്യത്തിൽ നിസ്സഹായരാണ്. ഇങ്ങനെയൊന്നും ചെയ്യല്ലേ ചേട്ടൻമാരെ എന്നു പറയുകയല്ലാതെ നമുക്കു മറ്റൊന്നും ചെയ്യാനില്ലല്ലോ. ഞാൻ കുറെ കവറുകളൊക്കെ ചെയ്തതിൽ എനിക്ക് നല്ല സപ്പോർട്ടാണ് സോഷ്യല്‍ മീഡിയയിൽ നിന്നും കിട്ടിയിട്ടുള്ളത്. പാട്ടിന്റെ ചില ബിറ്റുകളൊക്കെ  ഞാൻ പോസ്റ്റ് ചെയ്തപ്പോഴും നല്ല പ്രതികരണമാണു ലഭിച്ചത്. ഇതൊരു കലാസൃഷ്ടിക്കു നേരെയുള്ള ആക്രമണമാണ്. അരെയെങ്കിലും ഫോക്കസ് ചെയ്തു കരുതിക്കൂട്ടിയുള്ള ആക്രമണം. അത് നിരാശാജനകമാണ്. പറയുന്നവർക്ക് ഒരു സുഖമായി തോന്നുന്നുണ്ടാകും. ഇതിനു പിന്നിൽ പ്രവർത്തിച്ചവരെ സംബന്ധിച്ചിടത്തോളം വിഷമമുള്ള കാര്യമാണ്. അത് അനുഭവിച്ചവര്‍ക്കു മാത്രമേ മനസ്സിലാകൂ. 

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN INTERVIEWS
SHOW MORE
FROM ONMANORAMA