sections
MORE

ആദ്യം കേട്ടപ്പോൾ ഞാന്‍ കരഞ്ഞു: അന്നം മുടങ്ങിപ്പോയ 'പഴംതമിഴ് പാട്ട്'...!

HIGHLIGHTS
  • മണിച്ചിത്ര താഴിലെ പാട്ടുകൾ നോവോർമയാണ്
  • എത്രമാത്രം കഷ്ടപ്പെട്ടാണ് ആ പാട്ടുകൾ ചെയ്തതെന്ന് എനിക്ക് അറിയാമായിരുന്നു
manichithrathazhu
SHARE

‘പഴംതമിഴ് പാട്ടിഴയും ശ്രുതിയിൽ

പഴയൊരു തംബുരു തേങ്ങി

മണിച്ചിത്രത്താഴിനുള്ളില്‍ വെറുതെ

നിലവറ മൈന മയങ്ങി’

പഴകും തോറും വീര്യമേറുന്ന വീഞ്ഞുപോലെയാണ് ഈ പഴംതമിഴ് പാട്ട്. പാട്ടാസ്വാദകന്റെ ഹൃദയത്തിൽ പാടിപ്പതയുന്ന ഗാനം. ഏതോ മായികതയിൽ, പണ്ടെങ്ങോ മാഞ്ഞ പ്രണയനൊമ്പരം നിറയുന്നു, ആ വരികളിലും സംഗീതത്തിലും. ഇടനെഞ്ചിലെവിടെയോ വിഷാദത്തിന്റെ വിത്തുപാകുന്ന ഗാനം. ആത്മാവുള്ളതുകൊണ്ടു തന്നെയാണ് ‘മണിച്ചിത്രത്താഴെ’ന്ന ചിത്രവും അതിലെ ഗാനങ്ങളും മലയാളിക്കെന്നും പ്രിയപ്പെട്ടതാകുന്നത്. ബിച്ചു തിരുമലയുടെ വരികൾക്ക് എം.ജി. രാധാകൃഷ്ണന്‍ ‘ആഹരി’ രാഗത്തിൽ ചിട്ടപ്പെടുത്തിയ ഗാനമാണ് പഴംതമിഴ്പാട്ട്. ചിത്രം പുറത്തിറങ്ങി ഇരുപത്തിയഞ്ചു വർഷം പിന്നിടുമ്പോൾ സംഗീത സംവിധായകൻ എം.ജി. രാധാകൃഷ്ണൻ നമുക്കൊപ്പമില്ല. പക്ഷേ, ഈ പാട്ടിനു പിന്നിൽ കുറെ ഓർമകളുണ്ട്. ആ ഓർമകൾ പങ്കുവെക്കുകയാണ് എം.ജി.രാധാകൃഷ്ണന്റെ ഭാര്യ പത്മജ രാധാകൃഷ്ണൻ.

‘താഴു’ തുറന്നു വന്ന കഥകൾ

1993 ലാണ് ‘മണിച്ചിത്രത്താഴ്’ വരുന്നത്. ചിത്രത്തിനായി ഗാനങ്ങള്‍ കമ്പോസ് ചെയ്യുന്ന കാര്യം ഫാസിൽ ചേട്ടനോട് പറഞ്ഞു. ചേട്ടൻ ഓകെ പറയുകയും  അഡ്വാൻസ് വാങ്ങുകയും ചെയ്തു. കുറച്ചു കഴിഞ്ഞപ്പോൾ ഫാസിൽ വീട്ടിൽ വന്നു. കഥപറഞ്ഞു. ഞങ്ങളെല്ലാവരും ഉള്ളപ്പോഴാണ് ഫാസിൽ കഥ പറയുന്നത്. ഫാസിലിന്റെ കഥ പറയുന്ന രീതി തികച്ചും വ്യത്യസ്തമാണ്. കാരണം ഓരോ ദൃശ്യങ്ങളും നമ്മളിങ്ങനെ കാണും. വിഷ്വലൈസ് ചെയ്താണ് അദ്ദേഹം അതു പറയുന്നത്. കറക്ട് സീൻ ബൈ സീനായാണ് അതു പറഞ്ഞത്. ഫാസിലിങ്ങനെ പറയുമ്പോൾ നമുക്കത് സിനിമ കാണുന്നതുപോലെയായിരിക്കും. കഥ മുഴുവൻ കേട്ടുകഴിഞ്ഞപ്പോൾ ചേട്ടനാകെ ഒരു വെപ്രാളമായിപോയി. തുടർന്ന് ചിത്രത്തിന്റെ അഡ്വാൻസ് തുക, അന്ന് ഫാസിലിനൊപ്പം ഉണ്ടായിരുന്ന ലത്തീഫിന് തിരികെ നൽകി ചേട്ടൻ പറഞ്ഞു. ‘എനിക്കു പറ്റുമെന്നു തോന്നുന്നില്ല. ഫാസിലിനോടു പറഞ്ഞേക്ക്’ എന്നു പറഞ്ഞു. 

‘ഈ പടം ചേട്ടനാണു ചെയ്യുന്നത്. അതിൽ ഒരു മാറ്റവുമില്ല. ദാസേട്ടൻ പാടും’ എന്നായിരുന്നു ഫാസിലിന്റെ മറുപടി.  ചേട്ടൻ ചെയ്യണേ എന്നു പോലുമല്ല. ചേട്ടനാണു ചെയ്യുന്നതെന്നാണു പറഞ്ഞത്. ഫാസിലിനെ ഒരു അനിയനെ പോലെയായിരുന്നു  അദ്ദേഹം കണ്ടിരുന്നത്. അതുകൊണ്ടുതന്നെ പറഞ്ഞു. ‘എടാ, മുന്‍പ് ഇളയരാജയൊക്കെയല്ലേ ചെയ്തത്. അവരൊക്കെ തന്നെ ചെയ്യട്ടെ. എനിക്കു പറ്റില്ല.’ എന്നാൽ ഫാസിൽ അത്രയും നിർബന്ധം പറഞ്ഞപ്പോൾ ചേട്ടനു ഒഴിഞ്ഞുമാറാൻ കഴിയാതെയായി. കാരണം അതായിരുന്നു അവർ തമ്മിലുള്ള ബന്ധം. അതിനിടയ്ക്ക് ബിച്ചു (ബിച്ചു തിരുമല)  ചേട്ടനൊരു അപകടം സംഭവിച്ച് അദ്ദേഹം ആശുപത്രിയിൽ കിടന്നിരുന്നു. ചേട്ടനും സുഖചികിത്സയ്ക്കൊക്കെ പോയി അതിനുശേഷം ഇരുവരും ചേർന്ന് ഈ ഗാനം ചെയ്യാൻ തീരുമാനിക്കുകയായിരുന്നു. 

ആ രാഗനിറവിൽ ഞാൻ കരഞ്ഞു

ചിലപാട്ടുകൾ ചെയ്യാൻ ചേട്ടന് അഞ്ചുമിനിറ്റു പോലും വേണ്ട. എന്നാൽ ഈ പാട്ടു ചെയ്യാൻ ഏകദേശം ഒരു മാസത്തോളം സമയം എടുത്തിരുന്നു. വരികൾ കിട്ടിയാൽ ഉടനെ ചെയ്യും, അതായിരുന്നു അദ്ദേഹത്തിന്റെ രീതി. എഴുതുന്ന ആൾക്കൊപ്പം ഇരുന്ന് വരികൾ മാറ്റിയും മറിച്ചും വരുമ്പോൾ ചിലപ്പോൾ വിചാരിച്ച സമയത്തു തീരില്ല. അങ്ങനെ ചേട്ടനും ബിച്ചു ചേട്ടനും ഒരുമിച്ചിരുന്നാണ് ഈ പാട്ടു ചെയ്തത്. ‘പഴംതമിഴ് പാട്ട്’ ചെയ്യുന്നതിനു മുൻപൊരു പാട്ടു ചെയ്തു. അത് അവർക്ക് അത്രയും തൃപ്തിയായില്ല. നല്ലൊരു പാട്ടായിരുന്നു അത്. മറ്റേതെങ്കിലും പടത്തിൽ ഉപയോഗിക്കാമെന്നു പറഞ്ഞു മാറ്റിവച്ചു. ബിച്ചു ചേട്ടൻ വരികൾ എഴുതിക്കഴിഞ്ഞപ്പോൾ പല്ലവി എന്നെ കേൾപ്പിച്ചു.

‘പഴംതമിഴ് പാട്ടിഴയും ശ്രുതിയിൽ, പഴയൊരു തംബുരു തേങ്ങി

മണിച്ചിത്രത്താഴിനുള്ളിൽ വെറുതെ,  നിലവറ മൈന മയങ്ങി

സരസ സുന്ദരീ മണി നീ, അലസമായ് ഉറങ്ങിയോ

വിരലിൽ നിന്നും വഴുതി വീണു അലസമായൊരാദി താളം’

ഇതുമാത്രമാണ് ആദ്യം ഉണ്ടായിരുന്നത്. അപ്പോൾ ഞാൻ പറഞ്ഞു. അതില്‍ ഉറങ്ങിയോ, മയങ്ങിയോ എന്നൊക്കെ വരുന്ന ഒരു വരികൂടി ഉണ്ടെങ്കിൽ ഒരു പൂർണത കിട്ടില്ലേ എന്നു ഞാൻ ചോദിച്ചു. അപ്പോൾ ബിച്ചു ചേട്ടൻ പറഞ്ഞു. ‘ആ നോക്കട്ടെ.’ അങ്ങനെ പിറ്റേന്ന് ആ വരികൂടി വന്നു. ‘കനവു നെയ്തൊരാത്മരാഗം മിഴികളിൽ പൊലിഞ്ഞുവോ’. അപ്പോഴാണ് അതിന്റെ കംപ്ലീറ്റ്നെസ് കിട്ടിയത്. അതിനുശേഷം ആ പാട്ടു പാടി കേട്ടപ്പോൾ സത്യത്തിൽ ഞാൻ കരഞ്ഞു പോയി. അപ്പോൾ ചേട്ടൻ ബിച്ചു ചേട്ടനോടു പറഞ്ഞു പറഞ്ഞു. ‘എടാ ഇതാണു നമുക്കു കിട്ടുന്ന ഫീഡ്ബാക്. കാരണം മൂന്നാമതൊരാൾ കേൾക്കുമ്പോഴുണ്ടാകുന്ന പ്രതികരണമാണല്ലോ പ്രേക്ഷകർക്കും ഉണ്ടാകുന്നത്. അതുമതി.’ അങ്ങനെ പാട്ട് ഫിക്സ് ചെയ്തു. ഈ പാട്ട് ഭയങ്കര ഹിറ്റാകുമെന്ന് അപ്പോൾ എനിക്കു തോന്നി. 

‘ഒരുമുറൈ വന്ത് പാത്തായ’

‘പഴംതമിഴ് പാട്ടിഴയും ശ്രുതി’യിൽ ചെയ്തതിനു ശേഷമാണ് ‘ഒരുമുറൈ വന്ത് പാത്തായ’യും, മധു മുട്ടത്തിന്റെ കവിത ‘വരുവാനില്ലാരുമീ’യുമൊക്കെ ചെയ്യുന്നത്. കവിതയായതു കൊണ്ടു തന്നെ ‘വരുവാനില്ലാരുമീ’ പെട്ടെന്നു തന്നെ ചെയ്തു. പക്ഷേ, ‘ഒരു മുറൈ വന്ത് പാത്തായ’ ചെയ്യുമ്പോൾ ചേട്ടന് അൽപം ആശങ്കയുണ്ടായിരുന്നു. കാരണം ചിത്രത്തിന്റെ ക്ലൈമാക്സ് സീനിലാണല്ലോ ഈ പാട്ടുവരുന്നത്. പണ്ടൊക്കെ പാട്ടു വരുമ്പോൾ ആളുകൾ തീയറ്ററിൽ നിന്നും ഇറങ്ങി പോകുന്ന പ്രവണത പൊതുവെ ഉണ്ടായിരുന്നു. ആ ആശങ്കയായിരുന്നു അദ്ദേഹത്തെ അലട്ടിയിരുന്നത്. ചേട്ടൻ ഫാസിലിനോടു പറഞ്ഞു. ‘ഫാസിലെ, ഇതു ചിത്രത്തിന്റെ ക്ലൈമാക്സ് സീനാണ്’. ‘ചേട്ടനൊന്നും അറിയണ്ട. നോക്കിക്കോ ആ പാട്ട് എങ്ങനെ അതിനകത്തു വരും’ എന്നായിരുന്നു ഫാസിലിന്റെ മറുപടി.  ഇപ്പോഴും ഞാൻ പാട്ടുകാണുമ്പോൾ വിചാരിക്കും. എങ്ങനെ അവർ ആ സീനുമായി ഈ പാട്ട് സിംക്രണൈസ് ചെയ്തിരിക്കുന്നു. എൽ.വൈദ്യനാഥനാണ് ഓർക്കസ്ട്രേഷനിൽ ചേട്ടനെ സഹായിച്ചത്.

മദ്രാസിലായിരുന്നു റെക്കോഡിങ്. ക്ലിയറായി കഥാസന്ദർഭം  ‌ഫാസിൽ പറഞ്ഞു കൊടുത്തതിനാലാണ് അത്രയും ഗംഭീരമായി അദ്ദേഹത്തിനു ചെയ്യാൻ കഴിഞ്ഞത്. പാട്ടിലെ മലയാളം വരികൾ മാത്രമാണ് ബിച്ചു ചേട്ടൻ എഴുതിയത്. ‘അംഗനമാർ മൗലേ മണി’ തമിഴ് വരികൾ വാലിയുടെതാണ്.  ‘കുന്ദളവരാളി’ രാഗത്തിലാണ് ഈ ഗാനം ചെയ്തിരിക്കുന്നത്. എന്നാല്‍ ഗാനം സെറ്റായപ്പോൾ ചിലർ കേൾക്കാൻ വന്നു. അതിലൊരാൾ പറഞ്ഞു. ഇത് ‘കാപ്പി’ രാഗത്തിൽ ചേയ്താലോ. ചേട്ടനാണെങ്കിൽ ആരെന്തു പറഞ്ഞാലും കേൾക്കും. അന്നേരം ഞാൻ പറഞ്ഞു. കാപ്പീം ചായേം ഒന്നും വേണ്ട. ഈ ഗാനത്തിനു ചേരുന്നത് ഈ രാഗം തന്നെയാണ്. കാരണം അത്രയും പതിഞ്ഞു കഴിഞ്ഞു മനസ്സിൽ അത്. 

അന്നം മുടക്കിയ ആഹരി, അന്ധവിശ്വാസമോ, വിശ്വാസമോ?

ആഹരി രാഗത്തിൽ ചെയ്യണമെന്നു മനഃപൂർവം ഉദ്ദേശിച്ചൊന്നുമായിരുന്നില്ല പഴംതമിഴ് പാട്ടിഴയും ചെയ്തത്. ആഹരി രാഗത്തിൽ വന്നു. ആ രാഗത്തിൽ തന്നെ എഴുതി.  സിനിമയുടെ പശ്ചാത്തലത്തിൽ നാഗവല്ലി തെക്കിനിയിലെ മുറിയിലിരുന്നു പാടുന്നത് ആഹരി രാഗത്തിലാണ്. മോഹൻലാൽ മെതിയടിയുമായി നടക്കുന്ന സമയത്ത് ചോദിക്കുന്നുണ്ട്. ‘അന്ത ആഹരിയിൽ കീർത്തനം പാടിനീങ്കളാ.’ അവിടെ ആ രാഗത്തിന്റെ പേരു വരുന്നുണ്ട്. ആ ഭാഗത്ത് സുജാത ‘ഒരു മുറൈ വന്ത് പാറായോ...’ എന്നു ആഹരിയിൽ പാടുന്നുണ്ട്. ആ ചോദ്യത്തിനു ശേഷം പിറ്റേന്ന് ഡോക്ടർ സണ്ണി മലയാളത്തിൽ പാടുന്നതാണ് ‘പഴംതമിഴ് പാട്ട്.’ അങ്ങനെ പൂർണമായും സിനിമയുടെ സിറ്റുവേഷനോട് യോജിച്ചാണ് ഈ ഗാനം ചെയ്തത്. 

പൊതുവെ ഞാൻ എന്തെങ്കിലും സജഷൻ പറഞ്ഞാലും ചേട്ടൻ അതു കേൾക്കാറുണ്ട്. ചിലപ്പോൾ ആ രാഗം വേണ്ട വേറെ രാഗത്തിൽ എടുത്താൽ മതി എന്നു പറയുമ്പോൾ ചേട്ടൻ തന്നെ എന്നോടു പറയും. ‘എങ്കിൽ നീ തന്നെ പറയൂ ഏതുരാഗമാണു വേണ്ടത്. ആ രാഗത്തിൽ ചെയ്യാം’. എനിക്കീ രാഗങ്ങളെ പറ്റി ഒരു കുന്തവും അറിഞ്ഞൂടാ. പക്ഷേ, എനിക്കു കേട്ടാൽ ഇഷ്ടമുള്ള ഒരു രാഗത്തിന്റെ പേരു ഞാൻ പറയും ആഹരിരാഗത്തിൽ കീർത്തനം ചെയ്തതു കൊണ്ട് ആഹാരം മുടങ്ങുമെന്നൊരു ചൊല്ലുണ്ട്. അന്ധവിശ്വാസമോ വിശ്വാസമോ അറിയില്ല. എന്തായാലും സംഗതി ചേട്ടനും ബിച്ചു ചേട്ടനും ചെറിയ രീതിയിലുള്ള ആരോഗ്യപ്രശ്നങ്ങൾ ഉണ്ടായി കുറച്ചുകാലം ആശുപത്രിയിൽ കിടന്നു. എന്നാൽ പാട്ടുപാടിയത് ദാസേട്ടനാണല്ലോ. തമിഴ് വരികൾ സുജുവും പാടിയിട്ടുണ്ട്. ഇവർക്കു രണ്ടുപേർക്കും ഒരു പ്രശ്നവുമുണ്ടായില്ല. അതുകൊണ്ട് അതു വിശ്വാസമോ അന്ധവിശ്വാസമോ ആകാം.

നോവോർമയായി ആ അവാർഡുകൾ

പല അവാർഡുകളും മണിച്ചിത്രത്താഴിനു ലഭിച്ചു. പക്ഷേ, സ്റ്റേറ്റ്  അവാർഡും നാഷനൽ അവാർഡും കിട്ടിയില്ല. അതിപ്പോഴും എനിക്കുള്ളിൽ ഒരു തീരാവേദനയായി ഉണ്ട്. ചേട്ടന് അതിൽ ദുഃഖമൊന്നും ഉണ്ടായിരുന്നില്ല. പക്ഷേ, എനിക്കൊരു തീരാവേദനയാണ് അത്. ഇതിന്റെ പിന്നിലുള്ള പ്രയത്നം എത്രത്തോളമായിരുന്നു എന്ന് എനിക്ക് വ്യക്തമായി അറിയാമായിരുന്നു. അങ്ങനെ ഒരു മാസ്റ്റർ പീസിനു കിട്ടാതെ പോകുമ്പോഴുണ്ടാകുന്ന വേദനയുണ്ടല്ലോ  അതെനിക്ക് എത്ര വർഷം കഴിഞ്ഞാലും മാറില്ല. ദേശീയ അവാർഡിനു പോയപ്പോൾ മണിച്ചിത്രത്താഴിന് എട്ട് അവാർഡ്. പക്ഷേ, സംഗീതത്തിനു മാത്രം ഉണ്ടായിരുന്നില്ല. ആ വർഷം മ്യൂസികിനു മലയാളത്തിനു കിട്ടി. പൊന്തൻമാടയിലെ റീ റെക്കോർഡിങ്ങിനായിരുന്നു അവാർഡ്. സ്റ്റേറ്റ് അവാർഡും നാഷനൽ അവാർഡും നമ്മൾ വലിയ ഒരു അംഗീകാരമായി കാണുന്നതാണല്ലോ. അതുകിട്ടാമായിരുന്നിട്ടും കിട്ടിയില്ല എന്നതുതന്നെയാണ് വേദന. ഞാൻ എന്നിട്ട് അപ്പോഴൊക്കെ ചിന്തിക്കുമായിരുന്നു ആഹരി പാടിയതുകൊണ്ടാണോ ഇനിയിപ്പോ അവാർഡു കിട്ടാതെ പോയത്. വേണമെങ്കില്‍ അങ്ങനെയും ചിന്തിക്കാമല്ലോ. നമ്മുടെ ആശ്വാസത്തിന്. അല്ലാതെ വിശ്വാസമുണ്ടായിട്ടല്ല. കിട്ടിയില്ല. അതുകൊണ്ട് ഇങ്ങനെ ചിന്തിച്ച് ആശ്വസിക്കുമായിരുന്നു. 

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN INTERVIEWS
SHOW MORE
FROM ONMANORAMA