sections
MORE

‘സ്വീറ്റ് മാൻ’, അന്നത്തെ പേടി; എന്തുകൊണ്ട് പാടിയില്ല: ആശ മേനോൻ പറയുന്നു

HIGHLIGHTS
  • സംസ്ഥാന പുരസ്‌കാരമൊക്കെ എനിക്ക് ഒരു ട്രോഫി മാതിരിയായിരുന്നു
  • രവീന്ദ്രന്‍ മാഷ് വഴക്കൊക്കെ പറയുന്ന ആളാണെന്ന് കേട്ടിട്ടുണ്ടായിരുന്നു
asha-raveendran-master
SHARE

കാലാതിവർത്തികളായ എത്രയോ പാട്ടുകൾ പാടിയവരും കുറച്ചു നല്ല പാട്ടുകൾ പാടി പിന്നീട് സിനിമാ സംഗീതത്തിൽ സജീവമാകാതെ പതിയെ പിൻവാങ്ങിയവരുമുണ്ട്. അവരിൽ ചില പാട്ടുകാരെ നമ്മളെന്നും ഓർക്കുക ഒരൊറ്റ പാട്ടിന്റെ പേരിലായിരിക്കും. അവരെപ്പറ്റിയുള്ള ഓർമകൾക്കു പിന്നണി ആ പാട്ടു മാത്രമായിരിക്കും. ആദ്യമായൊരു ഗാനം പാടുകയും അതിനു സംസ്ഥാന സര്‍ക്കാരിന്റെ പുരസ്‌കാരം നേടുകയും ചെയ്ത ആശാ ജി. മേനോന്‍ എന്ന പാട്ടുകാരി അക്കൂട്ടത്തിലുള്ളൊരാളാണ്. രവീന്ദ്രന്‍ മാഷിന്റെ ആ ഗാനം പാടുമ്പോള്‍ ഒമ്പതില്‍ പഠിക്കുന്നേയുണ്ടായിരുന്നുള്ളൂ ആശ. വിവാഹിതയായി, അമ്മുവിന്റെ അമ്മയായി ഇപ്പോള്‍ ദുബായില്‍ ജീവിക്കുമ്പോഴും ആശാ ജി. മേനോന്‍ നമുക്കിന്നും ആ പാട്ടുപാടിയ കുട്ടിയാണ്. ഇടയ്ക്കിടെ ഓര്‍ക്കാറില്ലേ ‘ആരാദ്യം പറയും’ എന്ന, മുല്ലപ്പൂ മണമുള്ള ആ പാട്ടിനെയും അതിന്റെ പാട്ടുകാരിയെയും. 

 

ആദ്യ പാട്ട്...മധുരഗീതം

അന്ന് ഞാന്‍ ഒന്‍പതില്‍ പഠിക്കുകയാണ്. സ്‌കൂളിലും പി.ജയചന്ദ്രന്‍ മാഷിനൊപ്പം നാട്ടിലുമൊക്കെ സംഗീത പരിപാടികളില്‍ പങ്കെടുത്തിട്ടാകണം, അവിടൊക്കെ പാട്ടുകാരിയായി അന്നേ കുറച്ചൊക്കെ പ്രശസ്തയായിരുന്നു. ഞങ്ങളെ അറിയാവുന്ന എല്ലാവര്‍ക്കും എന്റെ പാട്ടിനെപ്പറ്റിയും അറിവുണ്ടായിരുന്നു. അങ്ങനെയാണ് മഴയില്‍ പാടാന്‍ അവസരം കിട്ടുന്നത്. ഞങ്ങളുടെ കുടുംബ സുഹൃത്തായ കരീം വെങ്കിടങ്ങ് ആ ചിത്രത്തിന്റെ നിര്‍മാതാക്കളില്‍ ഒരാളായിരുന്നു. എന്നെങ്കിലും സിനിമ എടുക്കുന്നുവെങ്കില്‍ എനിക്ക് പാടാനൊരു പാട്ടു തരാം എന്നൊക്കെ പറഞ്ഞിരുന്നു. വെറുതെ പറഞ്ഞതാണെന്നാണ് ഞാന്‍ കരുതിയത്. പക്ഷേ മഴ എടുക്കാന്‍ തീരുമാനിച്ചപ്പോള്‍ അദ്ദേഹം പാട്ടിന്റെ കാര്യം മറന്നില്ല. ലെനിന്‍ രാജേന്ദ്രന്‍ ആയിരുന്നല്ലോ സംവിധായകന്‍. ‘ലെനിന്‍ സാറിന് വിരോധോന്നൂല്യ... രവീന്ദ്രന്‍ മാഷിനോട് ചോദിക്കേണ്ടതേയുള്ളൂ...’ എന്ന് അദ്ദേഹം പറഞ്ഞു. പിന്നെ മാഷിനെ കാണാന്‍ ചെന്നു. അദ്ദേഹം കുറച്ച് കീര്‍ത്തനങ്ങളും പാട്ടും പാടിച്ചു. ഇഷ്ടമായോ ഇല്ലയോ എന്നൊന്നും പറഞ്ഞില്ല. പിന്നെ റിക്കോർഡിങ്ങിനായിരുന്നു ചെന്നത്. അതില്‍ സംയുക്ത ചേച്ചി ഒരു സ്‌കൂള്‍ കുട്ടിയായിട്ടായിരുന്നല്ലോ അഭിനയിച്ചത്. ഞാനും അന്ന് സ്‌കൂളിലായിരുന്നു. അപ്പോള്‍ സ്വരചേര്‍ച്ച വന്നിട്ടുണ്ടാകണം. എന്തായാലും പാട്ടു പാടി. വര്‍ഷങ്ങള്‍ക്കിപ്പുറവും അത് ആളുകള്‍ ഓര്‍ത്തിരിക്കുന്നുവെന്നതില്‍ സന്തോഷം. വളരെ ലളിതമായ ഗാനമായതുകൊണ്ടുതന്നെ റിക്കോർഡിങ്ങൊക്കെ വേഗം കഴിഞ്ഞു. രവീന്ദ്രന്‍ മാഷ് വഴക്കൊക്കെ പറയുന്ന ആളാണെന്ന് കേട്ടിട്ടുണ്ടായിരുന്നു. ഞാനും പേടിച്ചാണ് പോയത്. പക്ഷേ മാഷ് വളരെ സ്വീറ്റ് ആയിരുന്നു. പാടിത്തന്ന് പാടിപ്പിക്കുന്നതും സ്‌നേഹം മാത്രമുള്ള സംസാരവും നോട്ടവും ഇടയ്ക്കിടെ അല്‍പം ഗൗരവത്തിലാകുന്നതുമെല്ലാം നല്ല ഓര്‍മകളായി മനസ്സിലുണ്ട്.

Asha-State Award

ആ അവാര്‍ഡ് കാലം!

അന്ന് കുട്ടിയായിരുന്നില്ലേ. അതുകൊണ്ട് സംസ്ഥാന പുരസ്‌കാരമൊക്കെ എനിക്ക് ഒരു ട്രോഫി മാതിരിയായിരുന്നു. അത്ര വിലയേ കൊടുത്തുള്ളൂ. പത്തിൽ‌ പഠിക്കുന്നേയുള്ളൂ. പക്ഷേ സിനിമയില്‍ പാടിയതുകൊണ്ട് അന്നേ ചെറിയൊരു താരമായിരുന്നു. അന്നൊക്കെ ഇന്നത്തെയത്ര സിനിമകളുമില്ല, പാട്ടുകാരുമില്ലല്ലോ. അതുകൊണ്ട് സിനിമാപ്പാട്ട് പാടിയത് വലിയ സംഭവമായി. ഞാനും അമ്മയും ചേച്ചിയും എന്റെ ബെസ്റ്റ് ഫ്രണ്ട് അശ്വതിയും കൂടിയായിരുന്നു സിനിമ കാണാൻ തിയറ്ററില്‍ പോയത്. അശ്വതി എന്റെ പാട്ടൊക്കെ വന്നപ്പോള്‍ സന്തോഷവും ആകാംക്ഷയും കൊണ്ടു കരഞ്ഞുപോയി. അത്രയ്ക്ക് വലിയ കാര്യമായിരുന്നു അന്നൊക്കെ ഒരു സിനിമയില്‍  പാടുകയെന്നാല്‍. പത്താം ക്ലാസ് പഠിക്കുമ്പോഴായിരുന്നു സംസ്ഥാന അവാര്‍ഡ് കിട്ടുന്നത്. ആ പ്രായത്തില്‍ അതിന്റെ ഗൗരവവമൊന്നും കാണിക്കാനറിയില്ലല്ലോ. അതുകൊണ്ട് അതൊന്നും അന്നു തലയ്ക്കു പിടിച്ചില്ല. ഇപ്പോഴുമില്ല. അങ്ങനെയൊരു പാട്ട്, അതും ആദ്യ ഗാനം തന്നെ രവീന്ദ്രന്‍ മാസ്റ്ററില്‍നിന്നു പാടാനായി എന്നതാണ് ഏറ്റവും വലിയ കാര്യം. ഒ.വി. ഉഷ മാഡം ആയിരുന്നു എഴുത്ത്. വളരെ മനോഹരമായ, കാവ്യാത്മകമായ വരികളായിരുന്നു അത്. ആ സിനിമ മൊത്തത്തില്‍ മികച്ച ടീമിന്റേതും ആയിരുന്നല്ലോ. അതിന്റെ ഭാഗമാകാനായത് അതിലും വലിയ കാര്യം. 

ചേച്ചിക്കായി വന്ന മാഷ് പക്ഷേ...

അച്ഛന്റെ വീട്ടില്‍ എല്ലാവര്‍ക്കും കലാവാസനയുണ്ടായിരുന്നു. അച്ഛമ്മ പി.സി. നാരായണിയമ്മ ഗ്രാമഫോണിലൊക്കെ പാട്ട് റിക്കോർഡ് ചെയ്ത ആദ്യത്തെ ആളുകളിലൊരാളായിരുന്നുവെന്ന് കേട്ടിട്ടുണ്ട്. അതുപോലെ അച്ഛച്ഛന്‍ കോമാട്ടില്‍ അച്യുത മേനോന്‍ വള്ളത്തോളിനു ശേഷം കലാമണ്ഡലത്തിന്റെ ചുമതലയില്‍ വന്നയാളാണ്. അമ്മയുടെ വീട്ടില്‍ അങ്ങനെയാരും തന്നെയില്ല. പക്ഷേ അമ്മയ്ക്ക് ഞങ്ങള്‍ കലയില്‍ വരുന്നത് വലിയ ഇഷ്ടമായിരുന്നു. അമ്മുടെ പേര് നന്ദിനി മേനോന്‍. അച്ഛന്‍ എനിക്ക് രണ്ടര വയസ്സുള്ളപ്പോള്‍ മരിച്ചതാണ്. പിന്നെ അമ്മയായിരുന്നു എല്ലാം. നാട്ടില്‍ തൃശൂരാണ് വീട്. 

അമ്മ ചേച്ചിയെ പഠിപ്പിക്കാന്‍ തൃശൂരില്‍ തന്നെയുള്ള വൈദ്യനാഥ ഭാഗവതരെ വീട്ടിൽ വരുത്തിയിരുന്നു. എല്ലാ ആഴ്ചയും മാഷ് പഠിപ്പിക്കാന്‍ വരും. പക്ഷേ ചേച്ചിക്കെന്തോ പാട്ടില്‍ വലിയ താല്‍പര്യമില്ലായിരുന്നു. മാഷ് വരുമ്പോള്‍ ചേച്ചി എന്തെങ്കിലുമൊക്കെ പറഞ്ഞ് ക്ലാസ് മുടക്കാന്‍ നോക്കും. ചേച്ചി ഉഴപ്പിയിരിക്കുമ്പോഴൊക്കെ അമ്മ എന്നെ പഠിപ്പിക്കാനിരുത്തി. എന്റെ സ്വരവും താളവും മാഷിന് ഇഷ്ടമായി. ഈ കുട്ടി താളം പിടിക്കുന്നത്, കാലുകൊണ്ടൊക്കെ താളംപിടിക്കുന്നത് കൃത്യമാണെന്നും ഈ കുട്ടിയെ പഠിപ്പിക്കാമെന്നും അദ്ദേഹം പറഞ്ഞുവത്രേ. അങ്ങനെയാണ് ഞാന്‍ പാട്ട് പഠിക്കുന്നത്. ചേച്ചി ഡാന്‍സിലും ഞാന്‍ പാട്ടിലുമായി. കുറച്ചു നാള്‍ കഴിഞ്ഞപ്പോള്‍ രാഘവന്‍ മാഷിനടുത്തായി പഠനം. അദ്ദേഹവും വീട്ടില്‍ വന്നു പഠിപ്പിക്കുമായിരുന്നു. പിന്നീട് പി.ജയചന്ദ്രന്‍ സാറിനൊപ്പം ഭക്തിഗാനമേളകള്‍ക്കൊക്കെ പോയപ്പോഴാണ് പുതിയ മാഷിന്റെ അടുത്തെത്തുന്നത്. മാങ്ങാട് നടേശന്‍ സാർ. അദ്ദേഹത്തിനടുത്ത് പാട്ട് പഠിക്കാന്‍ വിടാന്‍ അമ്മയോടു പറയുന്നത് ജയചന്ദ്രന്‍ സാറാണ്. കല്യാണം കഴിഞ്ഞ് ദുബായിലേക്ക് പോകും വരെ അദ്ദേഹമായിരുന്നു എന്റെ ഗുരു.

3

പാട്ടിലെ ഇടവേള

ഞാനിപ്പോഴും പാട്ടില്‍ത്തന്നെയാണ്. അതിനോടൊപ്പം തന്നെയാണ് ജീവിതം. കല്യാണം കഴിഞ്ഞ് മോള്‍ വന്ന സമയത്തു മാത്രമാണ് കുറച്ച് ഇടവേള വന്നത്. പിന്നീടു ജോലിക്കു ശ്രമം തുടങ്ങി. അങ്ങനെയാണ് ദുബായില്‍ തന്നെയുള്ള ഇന്ത്യന്‍ ഹൈസ്‌കൂളില്‍ സംഗീത അധ്യാപികയായത്. ജോലിയും പാട്ടു തന്നെയായില്ലേ അപ്പോള്‍. പിന്നെ വീട്ടിലും ഞാന്‍ പ്രാക്ടീസ് ചെയ്യുന്നുണ്ട്. കരാമയില്‍ കാവ്യ ആര്‍ട്‌സ് സെന്ററിലും കുറച്ച് കുട്ടികളെ സംഗീതം പഠിപ്പിക്കുന്നു. ദുബായിലെ ഒരു ചാനലില്‍ സംഗീതപരിപാടി അവതരിപ്പിക്കുന്നുമുണ്ട്. സിനിമയിലും വേദികളിലും തിരക്കല്ലെങ്കിലും പാട്ട് എനിക്കൊപ്പം തന്നെയുണ്ട്. അതിനിടയില്‍ ചില പാട്ടുകള്‍ കിട്ടിയതു പാടുകയും ചെയ്തു. മുല്ലനേഴി മാഷിന്റെ മകന്‍ പ്രദീപന്‍ മുല്ലനേഴി സിനിമ സംവിധാനം ചെയ്തപ്പോള്‍ ഇങ്ങോട്ടു വിളിച്ച് പാട്ടു തന്നു. ഞാന്‍ ഇവിടെനിന്നു പാടി അയച്ചു കൊടുക്കുകയായിരുന്നു.

മഴയിലെ പാട്ടിനു ശേഷം തമ്പി ആന്റണി സാറിന്റെ ഒന്നാമന്‍ എന്ന ചിത്രത്തിലായിരുന്നു പാടിയത്. പിന്നെ കുറേ സിനിമകളില്‍ പാടാനായി. ഇടയ്ക്ക് ചെന്നൈയിലുള്ള വല്യമ്മയുടെ അടുത്തുപോയി നിന്നതോടെ കുറച്ച് തമിഴ് സിനിമകളിലും പാടാനായി. അന്നേരമാണ് ഇളയരാജ സാറിന്റെ തിരുവാസഗം സിംഫണിയുടെ ഭാഗമാകുന്നത്. 20 ദിവസം അദ്ദേഹത്തിനു കീഴില്‍ പരിശീലിച്ച ശേഷമായിരുന്നു ആ പരിപാടി. അതില്‍ കേരളത്തില്‍നിന്ന് ഞാന്‍, വിജയ് യേശുദാസ്, മഞ്ജരി, ഗായത്രി, മധു ബാലകൃഷ്ണന്‍, വിധു പ്രതാപ് അങ്ങനെ കുറച്ചാളുകളേ ഉണ്ടായിരുന്നുള്ളൂ. അതൊരു വലിയ അനുഭവമായിരുന്നു. സിനിമയില്‍ എത്തിയശേഷം കുറേയധികം വേദികളില്‍ പാടിയിട്ടുണ്ട്. ഗാനമേളകളേക്കാള്‍ നല്ല കുറേ പരിപാടികളായിരുന്നു അതെല്ലാം. അനുസ്മരണം പോലെയുള്ള വേദികള്‍. കോളജില്‍ പഠിക്കുകയാണ് അന്ന്. അപ്പോ അറ്റന്‍ഡസിന്റെ പ്രശ്‌നം വന്നിരുന്നു. ഫൈനല്‍ ഇയര്‍ പ്രൈവറ്റ് ആയിട്ടാണ് ചെയ്തത്. പിന്നീട് സ്റ്റേജ് പെര്‍ഫോമന്‍സിന്റെ കാലമായില്ലേ. ‘നമ്മള്‍’ സിനിമയൊക്കെ വന്ന സമയം. അതോടെ പെപ്പി നമ്പരുകളും ഡാന്‍സ് ചെയ്ത് പാടലുമൊക്കെ ട്രെന്‍ഡ് ആയി. എനിക്ക് ഒരിടത്തുനിന്നു പാടുകയേ അറിയുള്ളൂ. അങ്ങനെ ഞാന്‍ തന്നെ കുറേ വേദികള്‍ വേണ്ടെന്നു വച്ചു. ഇതിനിടയില്‍ മൂന്നു വര്‍ഷം ഒരു ചാനലില്‍ പരിപാടി അവതരിപ്പിക്കുകയും ചെയ്തു. അതിനു ശേഷം കല്യാണം, കുഞ്ഞ് അങ്ങനെയൊക്കെ. പിന്നെ, സിനിമയില്‍ സജീവമാകണം എന്ന ചിന്തയും വന്നില്ല. വേദികളും മോഹിപ്പിച്ചില്ല. സാധാരണ പോലെയങ്ങു പോയാല്‍ മതിയെന്നു തോന്നി. സിനിമയില്ലെങ്കിലും വേദികളില്‍ അധികം വന്നില്ലെങ്കിലും സംഗീതം എന്നോടു കൂടെയുണ്ട്.

Asha-Ilayaraja (2)

ഇപ്പോഴും അവര്‍ക്കു ഞാന്‍ മഴയിലെ പാട്ടുകാരി

ഇന്നും ആളുകള്‍ ഓര്‍ത്തിരിക്കുന്നത് ആ പാട്ടിലൂടെയാണ്. പുറത്തു പോകുമ്പോള്‍ ആളുകള്‍ തിരിച്ചറിഞ്ഞാല്‍ മിക്കപ്പോഴും ആദ്യം ചോദിക്കുക ആ പാട്ടിനെക്കുറിച്ചാണ്. രണ്ടു വരി ഒന്നു പാടുമോ എന്നു ചോദിക്കും. അവര്‍ക്കിപ്പോഴും ഞാന്‍ മഴയിലെ പാട്ടുകാരിയാണ്. 

മനസ്സിനക്കരെ എന്ന ചിത്രത്തില്‍ വിജയ് യേശുദാസിനൊപ്പം ‘തങ്കത്തിങ്കള്‍ വാനിലൊരുക്കും’ പാടി. പിന്നെ കാര്‍ത്തിക്കിനൊപ്പം തമിഴിലും മലയാളത്തിലും പാടിയ ‘പൂഞ്ചോെൈല കിളിയേ’, ഇന്ത്യൻ ‌റു‌പ്പിയില്‍ വേണുഗോപാല്‍ അങ്കിളിനൊപ്പം പാടിയ ‘പോകയായ് വിരുന്നുകാരന്‍’.... അതൊക്കെയാണ് എന്റെ ഹിറ്റുകള്‍. പക്ഷേ ആളുകളിപ്പോഴും ഓര്‍ത്തിരിക്കുന്നത് ആ പാട്ടിലൂടെയാണ്. 

ഇവരോടു പ്രിയം, മറക്കില്ല ആ വാക്കുകള്‍

ഇന്ന് ടിവിയില്‍ വരികയോ ഒരു പാട്ട് പാടുകയോ ചെയ്താല്‍ സെലിബ്രിറ്റി ആയതു പോലെയാണ് മിക്കവര്‍ക്കും. അതേസമയം ശരിക്കും സെലിബ്രിറ്റികൾക്ക് അത്തരമൊരു തലക്കനമില്ലെന്ന് പലപ്പോഴും തോന്നിയിട്ടുണ്ട്. പാട്ടിലും വ്യക്തിത്വത്തിലും ഒരേ ക്വാളിറ്റിയുള്ളവരാണ് അവരെല്ലാം. ദുബായില്‍ രണ്ടു മൂന്നു മാസം മുന്‍പ് ഒരു സംഗീത പരിപാടിയില്‍ പങ്കെടുക്കാന്‍ പോയിരുന്നു. ഹരിഹരന്‍ സര്‍ ആയിരുന്നു പാടാന്‍ വന്നത്. പരിപാടിക്കു ശേഷം ഞാന്‍ മകള്‍ക്ക് സാറിന്റെ അനുഗ്രഹം വാങ്ങാന്‍ ചെന്നു. സാറ് എന്നെത്തന്നെ നോക്കുകയായിരുന്നു. പണ്ടൊരിക്കല്‍ സാറിനൊപ്പം ദുബായില്‍ ഞാനൊരു സ്റ്റേജ് ഷെയര്‍ ചെയ്തിട്ടുണ്ട്. സാറ് എന്നെ പരിചിതഭാവത്തില്‍ നോക്കുന്നതു കണ്ട് ഞാനിക്കാര്യം പറഞ്ഞു. ‘സാറ് ഓര്‍ക്കുന്നുണ്ടോയെന്ന് അറിയില്ല...’ എന്നു പറഞ്ഞാണ് തുടങ്ങിയത്. അദ്ദേഹം അന്നേരം പറഞ്ഞു, ‘ഞാനും അതിശയിച്ചു പോയി ഈ കുട്ടിയെ എവിടെയോ കണ്ടിട്ടുണ്ടല്ലോ എന്നോര്‍ത്ത്’. അത്രയും വലിയ ആളുകളൊക്കെ നമ്മളെ ഓര്‍ത്തിരിക്കുക, അതു പറയാന്‍ മനസ്സു കാണിക്കുക എന്നതൊക്കെ വലിയ കാര്യമല്ലേ. ‌അവരുടെയൊക്കെ ആ നിലപാട് കാണുമ്പോള്‍ ഒരിക്കലും തലക്കനം തോന്നില്ല. 

അതുപോലെ, അവാര്‍ഡ് കിട്ടിയ സമയത്ത് രവീന്ദ്രന്‍ മാഷ് വിളിച്ചിരുന്നു. ‘ഞാന്‍ അന്നേ പറഞ്ഞില്ലേ ഈ പാട്ടിന് എന്തെങ്കിലുമൊരു അംഗീകാരം കിട്ടുമെന്ന്.’ അന്നേരം ഞാന്‍ ഇതെങ്ങനെ സംഭവിച്ചുവെന്നോര്‍ത്ത് അതിശയിച്ചിരിക്കുകയായിരുന്നു. മാഷ് പറഞ്ഞു, ‘അങ്ങനെ ചിന്തിക്കരുത്. ആ സ്വരം ആ കഥാപാത്രത്തിന് അങ്ങേയറ്റം ചേരുന്നതാണ്. പിന്നെ നിഷ്‌കളങ്കമായ സ്വരമായിരുന്നില്ലേ’. അതുപോലെ ചിത്ര ചേച്ചിയോട് ആത്മബന്ധമാണ്. നേരിട്ടു കാണാന്‍ കിട്ടുന്ന അവസരങ്ങളൊന്നും പാഴാക്കാറില്ല. 

ചിത്ര ചേച്ചി, ശ്രേയ ഘോഷാല്‍, യേശുദാസ് സര്‍, ജയചന്ദ്രന്‍ സര്‍ എന്നിവരുടെ പാട്ടുകളാണ് മലയാളത്തില്‍ ഏറ്റവുമിഷ്ടം. പിന്നെ എം. ജയചന്ദ്രന്‍ സാറിന്റെ എല്ലാ പാട്ടുകളോടും വലിയ ഇഷ്ടം. ഗിരീഷ് പുത്തഞ്ചേരി എഴുതിയ വരികളോടും അങ്ങേയറ്റം ഇഷ്ടം. രവീന്ദ്രന്‍ മാസ്റ്ററിന്റെ പാട്ടുകള്‍, ഹരിഹരന്‍ സാറിന്റെ ഗസല്‍, എ.ആര്‍.റഹ്മാന്‍ ഗാനങ്ങള്‍ എല്ലാം നമ്മെ മറ്റേതോ ലോകത്തേക്കു കൊണ്ടുപോകുമല്ലോ. എണ്‍പത്-തൊണ്ണൂറുകളിലെ ഗാനങ്ങളെല്ലാം എനിക്കിഷ്ടമാണ്. മകളെ അതൊക്കെ കേള്‍പ്പിക്കാറുണ്ട്.

Asha-Chithra

സമയമായില്ലെന്നു തോന്നുന്നു

സ്വതന്ത്ര സംഗീത രംഗം ഇഷ്ടമാണ്. ചില മ്യൂസിക് ആല്‍ബങ്ങള്‍ കാണുമ്പോള്‍ എനിക്കും ചെയ്യണം എന്നു തോന്നും. പക്ഷേ ആഗ്രഹത്തിനു വലിയ തീവ്രത ഇല്ലാത്തതിനാലാവണം ഒന്നും നടന്നില്ല. ദുബായില്‍ പരിപാടി അവതരിപ്പിക്കുന്ന ചാനല്‍ പറഞ്ഞിട്ട്, കൊഹിനൂറിലെ ‘ഹേമന്ദമെന്‍’ പാട്ടിനൊരു കവര്‍ വേര്‍ഷന്‍ ചെയ്തിരുന്നു. അതല്ലാതെ വേറൊന്നും ഇന്‍ഡിപെന്‍ഡന്റ് ആയി നടന്നില്ല. സമയമായിക്കാണില്ല എന്നാണെന്റെ വിശ്വാസം. 

വീട്ടില്‍...

ഭര്‍ത്താവ് സുജിത്. വീട് ഒറ്റപ്പാലത്താണെങ്കിലും പഠിച്ചതും വളര്‍ന്നതുമെല്ലാം ദുബായിലാണ്. മകള്‍ സംവേദ്യ. അമ്മു എന്നു വിളിക്കും. ചേച്ചി നിഷ കുടുംബത്തോടൊപ്പം ലണ്ടനിലാണ്. നാട്ടിലെ വീട്ടിലിപ്പോള്‍ അമ്മ മാത്രമേയുള്ളൂ.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN INTERVIEWS
SHOW MORE
FROM ONMANORAMA