ADVERTISEMENT

പോയകാലത്തിന്റെ മനോഹാരിതയുമായി ചില പാട്ടുകൾ നമ്മെ തേടി എത്താറില്ലേ? നേർത്ത മഞ്ഞു പൊഴിയുന്ന പുലർകാലങ്ങളിൽ, ഉച്ചമയക്കത്തിന്റെ ആലസ്യത്തിൽ, നിലാവു പൊഴിയുന്ന രാത്രികളിൽ എല്ലാം ആ പാട്ടുകൾ നമ്മെ തേടി വരാറുണ്ട്. കാലമെത്ര കഴിഞ്ഞാലും വീണ്ടും വീണ്ടും അവ നമ്മുടെ കാതിനിമ്പമാകും, കരളിനു കുളിരാകും. ആ പാട്ടുകളിൽ നമ്മൾ കനവുകൾ നെയ്യും. അത്തരത്തിലുള്ള ഗാനങ്ങളാണ് 1994 ൽ പുറത്തിറങ്ങിയ തേൻമാവിൻ കൊമ്പത്തിലേത്. ചിത്രമിറങ്ങി 25 വർഷം പിന്നിടുമ്പോൾ അന്ന് ഏറെ ചർച്ചകൾക്കും വിവാദങ്ങൾക്കും തിരികൊളുത്തിയ ഗാനങ്ങളുടെ പിറവിയെപ്പറ്റിയുള്ള രഹസ്യങ്ങൾ പങ്കുവയ്ക്കുകയാണ് സംഗീത സംവിധായകരായ ബേണി–ഇഗ്നേഷ്യസ്. 

 

തേൻമാവിൻ കൊമ്പത്താണ് രാശി

 

തേൻമാവിൻ കൊമ്പത്തിലേക്കുള്ള വരവിനെപ്പറ്റി ബേണി–ഇഗ്നേഷ്യസ് സഹോദരന്‍മാരിൽ ഇഗ്നേഷ്യസ് പറയുന്നത് ഇങ്ങനെ: ‘1991ൽ ഷിബു ചക്രവർത്തിയുമായി ‘കാഴ്ചയ്ക്കപ്പുറം’ എന്ന സിനിമയാണ് ആദ്യം  ചെയ്തത്. അത് പരാജയമായിരുന്നു. വീണ്ടും പടം കിട്ടുമെന്ന് പ്രതീക്ഷിച്ചിരുന്നില്ല. അങ്ങനെയിരിക്കെയാണ് ഉസ്മാൻ എന്ന നിർമാതാവിന്റെ ‘രഞ്ജിനി കാസറ്റ്സി’ല്‍ മ്യൂസിക് ചെയ്യാൻ ഞങ്ങൾക്ക് അവസരം ലഭിക്കുന്നത്. അദ്ദേഹം എല്ലാ സീസണിലും കാസെറ്റ് ഇറക്കുമായിരുന്നു. അവിടെ മ്യൂസിക് ചെയ്തു കൊണ്ടിരുന്ന കാലഘട്ടത്തിൽ 1993 ലാണ് ‘തേന്മാവിൻ കൊമ്പത്ത്’ എന്ന സിനിമയിലേക്കുള്ള വരവ്. രഞ്ജിനിയുടെ പാട്ടുകൾ അക്കാലത്ത് പ്രിയദർശൻ കേട്ടിരുന്നു. ഞങ്ങളുടെ പാട്ടുകളോട് അദ്ദേഹത്തിന് ഒരു പ്രത്യേക താൽപര്യമുണ്ടായിരുന്നതായി പിന്നീട് അറിയാൻ കഴിഞ്ഞു. എന്നെങ്കിലും ഞങ്ങളെക്കൊണ്ട് ഒരു പാട്ട് ചെയ്യിക്കാം എന്ന് പ്രിയദർശൻ ചിന്തിച്ചിരുന്നത്രെ.’

 

പ്രിയദർശന്റെ വിളി വന്നു, ആദ്യം വിശ്വസിച്ചില്ല

 

ഓണപ്പാട്ടിന്റെ റെക്കോർ‍ഡിങ്ങുമായി ബന്ധപ്പെട്ട് മദ്രാസിൽ എത്തിയതായിരുന്നു ഞങ്ങൾ. രാവിലെ തന്നെ ഒരു ഓണപ്പാട്ടിന്റെ റെക്കോർഡിങ് കഴിഞ്ഞു. പിന്നെ വൈകുന്നേരം വരെ ഞങ്ങൾ ഫ്രീയായിരുന്നു. അങ്ങനെയിരിക്കെ മോഹൻലാലിന്റെ ഒരു സിനിമയുടെ പൂജ നടക്കുന്നതായും അവിടേക്കു പോകാമെന്നും രഞ്ജിനി കാസറ്റ്സ് ഉടമ ഉസ്മാൻ ഞങ്ങളോടു പറഞ്ഞു. ഞങ്ങളൊരുമിച്ച് പൂജ നടക്കുന്നയിടത്തേക്ക് പോയി. അവിടെ വച്ച് രഞ്ജിനി ഉസ്മാനാണു ഞങ്ങളെ പ്രിയദർശനു പരിചയപ്പെടുത്തിയത്. പാട്ടൊക്കെ കേള്‍ക്കാറുണ്ടെന്നും നല്ല സബ്ജക്ട് വരുമ്പോൾ വിളിക്കാമെന്നും അദ്ദേഹം പറഞ്ഞു. 

berny-ignatius-thenmavin-kombath

 

അന്ന് അത് കാര്യമാക്കിയില്ല.  പക്ഷേ, ഒന്നരക്കൊല്ലം കഴിഞ്ഞപ്പോൾ പ്രിയദർശന്റെ വിളി വന്നു. ബേണി കെഎസ്എഫ്ഇയിലും ഞാൻ കെഎസ്ആർടിസിയിലും ജോലിചെയ്യുന്ന കാലം. ഒരു ദിവസം ഞാൻ വീട്ടിൽ പോയപ്പോൾ ഭാര്യ പറഞ്ഞു: എം.ജി.ശ്രീകുമാർ വന്നിരുന്നു. ബേണിയുമായി ഇപ്പോൾ പോയതേയുള്ളൂ. മോഹൻലാൽ അഭിനയിക്കുന്ന പ്രിയദർശൻ ചിത്രത്തിന്റെ കംപോസിങ്ങിന് നിങ്ങളോട് ചെല്ലാൻ പറഞ്ഞിട്ടുണ്ട്.  

 

തമാശ പറഞ്ഞതാണെന്നാണ് കരുതിയത്. ഞാൻ ചായയൊക്കെ കുടിച്ച് ടിവിയും കണ്ട് വീട്ടിൽ തന്നെ ഇരുന്നു. അപ്പോഴേക്കും വീട്ടിലേക്ക് ബേണിയുടെ ഫോൺകോൾ. ‘വേഗം വരണം. മോഹൻലാൽ ഇപ്പോഴെത്തും. പ്രിയൻസാർ ഇവിടെയുണ്ട്’. ഇത്രയും പറഞ്ഞ് ഫോൺ വച്ചു. അവിടെ പോയി എന്തുചെയ്യുമെന്നോർത്ത് എനിക്കാകെ പരിഭ്രമമായി. ഞാൻ അപ്പോൾതന്നെ റെഡിയായി അങ്ങോട്ട് പോയി.

 

കറുത്തപെണ്ണിന്റെ തുടക്കം ഓണപ്പാട്ടിൽ

 

സത്യത്തിൽ കറുത്തപെണ്ണേ എന്ന പാട്ടിന്റെ പല്ലവി ചെയ്തത്. ഓണപ്പാട്ടിനു വേണ്ടിയായിരുന്നു. ഷിബു ചക്രവർത്തിയുടെ വീട്ടിൽ ഓണപ്പാട്ടുകൾ ചെയ്യാനായി ഇരിക്കുമ്പോഴാണ് പഴയ നാടൻ പാട്ടുകളുടെ പുസ്തകം കണ്ടത്. അതിങ്ങനെ മറിച്ചു നോക്കുമ്പോൾ കറുത്ത പെണ്ണേ കരിങ്കുഴലീ, ആലായാൽ തറവേണം, കറുത്തപെണ്ണേ നിന്നെ എന്നിങ്ങനെ നിരവധി പാട്ടുകള്‍  കണ്ടു. അതിൽ കറുത്തപെണ്ണേ നിന്നെ കാണാഞ്ഞിട്ടൊരു നാളുണ്ടേ എന്ന ഗാനം ശ്രദ്ധയിൽപ്പെട്ടു. അതിലെ വരുത്തപ്പെട്ടേൻ എന്ന വാക്കാണ് പെട്ടന്ന് സ്ട്രൈക്ക് ചെയ്തത്.  അപ്പോൾ ചേട്ടൻ ഷിബു ചക്രവർത്തിയോട് ചോദിച്ചു: ‘ഇത് നമുക്ക് എടുക്കാമോ?’ ആ ചോദ്യത്തിന് ഇപ്രകാരമായിരുന്നു അദ്ദേഹത്തിന്റെ മറുപടി:  ‘അത് ആർക്കും എടുക്കാം. കാരണം കേരളത്തിന്റെ സമ്പത്താണ്. നിങ്ങൾക്ക് വേണമെങ്കിൽ നോക്കിയിട്ട് ഇഷ്ടമുള്ളപാട്ടെടുത്ത് ട്യൂൺ ചെയ്തോളൂ’. അങ്ങനെ ആ പാട്ടെടുത്ത് ട്യൂൺ ചെയ്തു. – ഇഗ്നേഷ്യസ് പറഞ്ഞു നിർത്തിയിടത്തു നിന്നു ബേണി തുടങ്ങി. 

 

പ്രിയദർശൻ വിളിപ്പിച്ചപ്പോൾ ചേട്ടൻ ഉണ്ടായിരുന്നില്ല. ഞാൻ മാത്രമാണ് ആദ്യം പോയത്. അപ്പോൾ അദ്ദേഹം പറഞ്ഞു: ‘കറുത്തപെണ്ണേ എന്ന പാട്ടു ചെയ്തിട്ടുണ്ടല്ലോ. അതൊന്നു കേൾക്കട്ടെ’. അക്കാലത്ത് ഓണകാസറ്റുകൾക്കു വേണ്ടി ചെയ്ത പാട്ടുകൾ സിനിമയിൽ എടുക്കുന്നത് പതിവായിരുന്നു. ഓണകാസറ്റിൽ പാട്ടു വന്നപ്പോൾത്തന്നെ ആളുകൾ ഈ ഗാനം ശ്രദ്ധിച്ചിരുന്നു. സിനിമയിൽ എടുത്താൽ ഹിറ്റാകുമെന്നു പലരും പറയുകയും ചെയ്തു. ആ സമയത്താണ് പ്രിയദർശന്റെ ചോദ്യം. ഞാൻ മടിച്ചു മടിച്ചു പാടി. പാട്ടിൽ ‘തുടിച്ചു തുള്ളും’ എന്നു കഴിഞ്ഞിട്ട് ഒരു വിറപ്പിക്കലുണ്ടായിരുന്നു. അതു കേട്ടപ്പോൾ പ്രിയൻ പറഞ്ഞു. ‘ഇതൊന്നും പാട്ടിൽ വേണ്ട. ഏത് സാധാരണക്കാരനും പാടാൻ കഴിയുന്ന പാട്ടായിരിക്കണം. നിങ്ങളുടെ സംഗീതത്തിന്റെ അറിവൊന്നും സിനിമയിലെ പാട്ടിന് ആവശ്യമില്ല. ജനങ്ങൾക്കു വേണ്ടിയുള്ള ജനകീയ പാട്ടായിരിക്കണം സിനിമയിലെ പാട്ട്’. 

 

പാട്ടു കേട്ടു കഴിഞ്ഞപ്പോൾ അതിന്റെ ചരണം മാറ്റണമെന്നും പ്രിയൻ ആവശ്യപ്പെട്ടു. അങ്ങനെ രഞ്ജിനിയുടെ കാസറ്റിലെ നാലുവരികൾ അല്ലാതെ ബാക്കിയെല്ലാം പുതുക്കി.  ബാക്കി വരികൾ എഴുതിയത് ഗിരീഷ് പുത്തഞ്ചേരിയാണ്. ഗിരീഷിന് അത് എഴുതാൻ പ്രയാസമായിരുന്നു. കാരണം പല്ലവി മുഴുവൻ വേറെയാണല്ലോ. വരുത്തപ്പെട്ടേൻ എന്ന വാക്കിന്റെ അർഥം എന്താണെന്നും മനസ്സിലായില്ല. എന്നാൽ ആ പദം മാറ്റാൻ പ്രിയദർശൻ അനുവദിച്ചുമില്ല. ഒടുവിൽ ഒഎൻവിയെ വിളിച്ച് അർഥം മനസ്സിലാക്കിയതിനു ശേഷമാണ് ബാക്കി വരികൾ ഗിരീഷ് എഴുതിച്ചേർത്തത്.’ 

 

ഈ പാട്ട് ഞങ്ങളുടെ പേരിൽ വരില്ലേ?

 

തേൻമാവിൻ കൊമ്പത്തിലെ അഞ്ചുപാട്ടുകളും കമ്പോസ് ചെയ്തു കഴിഞ്ഞ് ഇറങ്ങാൻ നേരം ഞങ്ങൾ പ്രിയദർശനോട് ചോദിച്ചു. ‘സർ, ഈ പാട്ടുകൾ ഞങ്ങളുടെ പേരിൽ വരില്ലേ?’. ‘നിങ്ങളുടെ പാട്ട് നിങ്ങളുടെ പേരിൽ തന്നെ വരും ധൈര്യമായിട്ട് പൊയ്ക്കോ’. പിന്നീട് റെക്കോർഡിങ്ങിനായി ഞങ്ങൾ മദ്രാസിൽ എത്തുകയായിരുന്നു.

 

എന്നാല്‍ റെക്കോർഡിങ്ങിന്റെ തലേദിവസം, ഓർക്കസ്ട്ര ചെയ്യാമെന്നു പറഞ്ഞയാൾ പുതിയ മ്യൂസിക് ഡയറക്ടർമാർക്ക് ഓർക്കസ്ട്ര ചെയ്യാൻ പറ്റില്ല എന്നു പറഞ്ഞു പിന്മാറി. പ്രിയദർശന്റെ പടത്തിൽക്കൂടി മ്യൂസിക് ഡയറക്ടർ ആകാൻ ആഗ്രഹിച്ചിരുന്നൊരു വ്യക്തിയായിരുന്നു അത്.  അദ്ദേഹം അങ്ങനെ പറഞ്ഞപ്പോൾ ഈ പടത്തിന്റെ ഓർക്കസ്ട്ര നിങ്ങൾക്ക് ചെയ്യാമോ എന്ന് പ്രിയദർശൻ ചോദിച്ചു. കാസറ്റിലൊക്കെ ഓർക്കസ്ട്ര ചെയ്തതിന്റെ ആത്മവിശ്വാസത്തിൽ, എം.ജി. ശ്രീകുമാറിന്റെ സഹകരണത്തോടെ തേൻമാവിൻ കൊമ്പത്തിന്റെ ഓർക്കസ്ട്ര ഞങ്ങള്‍ ചെയ്യുകയായിരുന്നു. 

 

കംപോസിങ് തുടങ്ങിയപ്പോൾ മുതൽ ഫൈനൽ മിക്സ് വരെ ഞങ്ങളുടെ കൂടെ നിന്ന വ്യക്തിയാണ് എം.ജി. ശ്രീകുമാർ. എം.ജി. ശ്രീകുമാറിനോടും രഞ്ജിനി ഉസ്മാനോടും തീർത്താൽ തീരാത്ത കടപ്പാട് ഞങ്ങൾക്കുണ്ട്. കാരണം, അവരുള്ളതുകൊണ്ടാണ് തേന്‍മാവിൻ കൊമ്പത്തിന്റെ സംഗീത സംവിധായകരാകാൻ ഞങ്ങൾക്കു സാധിച്ചത്. എൺപത്തിയഞ്ച് സിനിമകൾ ചെയ്തിട്ടുണ്ടെങ്കിലും തേൻമാവിന്റെ കൊമ്പത്തിന്റെ സംഗീത സംവിധായകരായാണ് ഇന്നും ഞങ്ങൾ അറിയപ്പെടുന്നത്. 

 

അവർ നൽകിയ ആത്മവിശ്വാസം, ആ പാട്ടുകളുടെ വിജയം

 

ഞങ്ങളെ അന്ന് അസിസ്റ്റ് ചെയ്തത് റഹ്മാന്റെ അസിസ്റ്റന്റായിരുന്നു. അദ്ദേഹം വളരെ നല്ലൊരു മനുഷ്യനായിരുന്നു. ഒന്നും പേടിക്കേണ്ട എന്ന് പറഞ്ഞു ധൈര്യം നൽകി. അങ്ങനെ ഞങ്ങളെല്ലാം റെഡിയാക്കി വന്നപ്പോഴേക്കും പതിനൊന്നുമണിയായപ്പോൾ കറന്റ് പോയി.  അന്ന് ഇന്നത്തെപ്പോലെ റിഥം ബോക്സും കീ ബോർഡും ഒന്നും സേവ് ചെയ്ത് വയ്ക്കുന്ന പരിപാടിയില്ല. എടുക്കുന്നത് അപ്പോൾ തന്നെ ട്രാൻസ്ഫർ ചെയ്യണം. അല്ലെങ്കിൽ അത് ഡിലീറ്റായി പോകും. അങ്ങനെ അവിടുത്തെ റിഥം ബോക്സ് വായിക്കുന്ന റിക്കി കറുത്ത പെണ്ണേ എന്ന പാട്ടിന്റെ റിഥം കേട്ട് ഇതു തന്നെ മതി എന്ന് പറഞ്ഞു. കറന്റ് പോയതോടെ ആ റിഥം മാഞ്ഞു പോയി. അപ്പോൾ ഞങ്ങളാകെ പരിഭ്രമിച്ചു. 

 

അന്ന് കൺസോളിൽ ഉണ്ടായിരുന്നത് ആർ.ഡി. ബർമന്റെ അസിസ്റ്റന്റായിരുന്ന ദീപൻ ചാറ്റർജിയായിരുന്നു. കൂടെ റഹ്മാന്റെ അസിസ്റ്റന്റായിരുന്ന എച്ച്. ശ്രീധറും. ഞങ്ങളുടെ മുഖം കണ്ടപ്പോൾ അദ്ദേഹം പറഞ്ഞു: ‘പേടിക്കണ്ട ഞങ്ങളുണ്ട് കൂടെ’. അങ്ങനെ ഇന്ത്യയിലെ തന്നെ നമ്പർ വൺ ആയ സംഗീത സംവിധായകരുടെ ക്വാളിറ്റിയാണ് ആ പാട്ടിന്റെ ക്വാളിറ്റിയായി നമ്മളിപ്പോൾ കേൾക്കുന്നത്. 

 

പ്രിയൻ പറഞ്ഞു, നിങ്ങള്‍ അത് കറക്ട് ചെയ്യണ്ട

 

തേൻമാവിൻ കൊമ്പത്തിലെ ‘നിലാപൊങ്കലായേല’ എന്ന ഗാനം പാടിയിരിക്കുന്നത് മാൽഗുഡി ശുഭ എന്ന ഗായികയാണ്. അവർ പാടിയപ്പോൾ മലയാളം ശരിയാകാത്തതിനാൽ ഞങ്ങൾ വീണ്ടും വീണ്ടും പാടിച്ചു. അപ്പോൾ പ്രിയദർശൻ പുറകിൽ വന്ന് എന്നോട് ചോദിച്ചു: ‘എന്താണ് ചെയ്യുന്നത്?’. ഞാൻ പറഞ്ഞു: ‘സാർ ഇവര്‍ പാടിയിട്ട് ശരിയാകുന്നില്ല. മലയാളം ശരിയായി പറയുന്നില്ല’. 

അപ്പോൾ പ്രിയദർശൻ പറഞ്ഞു: ‘എനിക്ക് ഈ പാട്ട് അങ്ങനെയാണു വേണ്ടത്.  കേരള –കർണ്ണാടക ബോർഡറിലാണ് ഈ സിനിമയുടെ ഷൂട്ടിങ്. ഇങ്ങനത്തെ ഒരു പ്രനൗൺസിയേഷൻ കിട്ടാൻ വേണ്ടിയാണ് ബാംഗ്ലൂരിൽ നിന്ന് ഇവരെ കൊണ്ടു വന്നത്. അതുകൊണ്ട് നിങ്ങളിതു കറക്ട് ചെയ്യണ്ട ഇതാണ് ഈ പാട്ടിന് ആവശ്യം.’

 

ഇങ്ങനെയായിരുന്നില്ല. ‘കള്ളിപ്പൂങ്കുയിലേ’ എന്ന പാട്ട്.

 

കള്ളിപ്പൂങ്കുയിലേ എന്ന പാട്ട് അങ്ങനെ ആയിരുന്നില്ല തുടങ്ങിയിരുന്നത്. കന്നിത്തേനുണ്ണും എന്നു പറഞ്ഞാണ് തുടങ്ങിയിരുന്നത് ‘അതൊരു സുഖക്കുറവായിട്ട് തോന്നുന്നല്ലോ’ എന്ന് ഞങ്ങൾ ഗിരീഷിനോടു പറഞ്ഞു. അപ്പോൾ അദ്ദേഹം കള്ളിപ്പൂങ്കുയിലേ കന്നിതേൻമൊഴിയേ എന്ന് എഴുതി ഇതു മതിയോ എന്നു ചോദിച്ചു. ആ നിമിഷം തന്നെ ഗിരീഷ് ഞങ്ങളോടായി പറഞ്ഞു: ‘ആദ്യത്തെ പാട്ട് പ്രിയൻ സർ കേട്ട് ഓകെ പറഞ്ഞു പോയതാണ്. അദ്ദേഹം വരുമ്പോൾ ഇത് മാറ്റിയതിനു വഴക്കു പറഞ്ഞാൽ ഏറ്റോണം’. അതു ഞങ്ങൾ പറഞ്ഞ് മനസ്സിലാക്കിക്കോളാം എന്ന് ഗിരീഷിനോട് പറഞ്ഞശേഷം എം.ജി. ശ്രീകുമാറിനെ ബൂത്തിലേക്ക് വിളിച്ചു പറഞ്ഞു: ‘ശ്രീക്കുട്ടാ ചെറിയൊരു ചെയ്ഞ്ചുണ്ട്’. ട്യൂണിലാണോ വരികളിലാണോ എന്ന് ശ്രീകുമാർ ചോദിച്ചു. വരികളിലാണെന്നു പറഞ്ഞപ്പോൾ അദ്ദേഹത്തിനും ചെറിയ ടെൻഷൻ ഉണ്ടായി. എങ്കിലും മാറ്റി റെക്കോർഡ് ചെയ്തു.  പ്രിയൻ വന്ന് പാട്ട് കേട്ടപ്പോൾ ഇഷ്ടമായി. അപ്പോൾ അദ്ദേഹം പറഞ്ഞു: ‘നമുക്ക് സീനിലും ഒരു മാറ്റം വരുത്താം. കള്ളീ കള്ളീ എന്നു മോഹൻ ലാലിനെ കൊണ്ടു വിളിപ്പിക്കാം’  അങ്ങനെ അദ്ദേഹം ഈ പാട്ട് ഇഷ്ടപ്പെട്ട് സീൻ വരെ മാറ്റിയിട്ടുണ്ട്. 

 

 

‘എന്തേ മനസ്സിലൊരു നാണ’വും, ‘പിയാ മിലൻ കോ ജാനാ’യും

 

പിയാ മിലൻ കോ ജാനാ എന്ന പഴയ ഹിന്ദി പാട്ടിൽ നിന്നാണ് ‘എന്തേ മനസ്സിലൊരു നാണം’ എന്ന ഗാനം തുടങ്ങുന്നത്. ആ സീനിനനുസരിച്ചുള്ള ഒരു പാട്ടായാണ് ഇത് ചിട്ടപ്പെടുത്തിയത്. പക്ഷേ, അതു വളരെ സ്‌ലോ ആയിരുന്നു. അത് എടുത്ത് സ്പീഡ് കൂട്ടി.  സിനിമയിൽ വന്നപ്പോൾ ഇത്രയും മനോഹരമാകുമെന്ന് പ്രിയൻ പോലും കരുതിയിരുന്നില്ല. അതിനെ കോപ്പിയടി എന്നൊക്കെ വിശേഷിപ്പിക്കുന്നത് സങ്കടകരമാണ്. നമുക്ക് പടം രക്ഷപ്പെടുത്തണം എന്ന ചിന്തയേ ഉണ്ടായിരുന്നുള്ളൂ. പണം മുടക്കുന്നയാൾക്കും അതിനു വേണ്ടി കഷ്ടപ്പെടുന്നവർക്കും നമുക്കും എല്ലാം ഗുണം കിട്ടിയാലല്ലേ നിലനിൽപുള്ളൂ. സിനിമയ്ക്കു വേണ്ടി കുറച്ച് കോംപ്രമൈസ് ചെയ്യണം. കഥകളിയോ കച്ചേരിയോ പോലെയല്ല. പലരും അങ്ങനെ ചെയ്തിട്ടുണ്ട്. സിനിമയുടെ ഗുണത്തിനുവേണ്ടി പല മ്യൂസിക് ഡയറക്ടർമാരും കോംപ്രമൈസ് ചെയ്തിട്ടുണ്ട്. അതുകൊണ്ട് ഞങ്ങളും ശുദ്ധമായ സംഗീതം തരാം എന്ന് പറഞ്ഞ് വാശി പിടിക്കാറില്ല. ചില ഡയറക്ടർമാർ ചില പാട്ടുകൾ കേട്ടിട്ട് ഇതു പോലെയുള്ള പാട്ട് വേണമെന്ന് ആവശ്യപ്പെടാറുണ്ട്. അപ്പോൾ ചില സാമ്യമൊക്കെ തോന്നാം ഡയറക്ടറുടെ ആവശ്യം നോക്കി ചെയ്യാറുണ്ട്. എന്നു വച്ച് ഒരു പാട്ട് മുഴുവൻ കോപ്പി ചെയ്യുന്നത് ശരിയല്ല. അത് ഇന്നത്തെക്കാലത്ത് നടക്കുകയുമില്ല. കാരണം പാട്ടുകൾ ആൾക്കാരുടെ വിരൽത്തുമ്പിലുണ്ട്. 

 

അവർ പറഞ്ഞു, ആ പാട്ടുകൾ കോപ്പിയടിച്ചതാണ്

 

ഈ ഗാനങ്ങളെല്ലാം കോപ്പിയടിച്ചതാണെന്ന ആരോപണം അന്ന് ശക്തമായിരുന്നു. പറയുന്നത് ദേവരാജൻ മാഷിനെപ്പോലെ മ്യൂസിക്കിന്റെ സർവ്വസ്വവും എന്നു വിശേഷിപ്പിക്കാവുന്ന ഒരാൾ ആണെന്ന് ഓർക്കണം. വലിയ വിഷമം തോന്നി അന്ന്. ദേവരാജൻ മാസ്റ്ററുമായി ഒരു സംവാദം ഉണ്ടാകുക എന്നു പറഞ്ഞാൽ പ്രയാസമായിരുന്നു . പക്ഷേ അതും നമ്മുടെ പാട്ടിന് അനുഗ്രഹമായി. തർക്കം വന്നപ്പോൾ എല്ലാവരും പാട്ട് ഒന്നുകൂടി ശ്രദ്ധിച്ചു. എന്തേ മനസ്സിലൊരു നാണം, ആ പാട്ടിൽ പഴയൊരു ഹിന്ദി ഗാനത്തിന്റെ ആദ്യ രണ്ടു വരിയാണ് എടുത്തത്. ബാക്കി ചരണവും ഓർക്കസ്ട്രേഷനുമൊക്കെ വ്യത്യാസമുണ്ട്. അത് എടുക്കാനുള്ള കാരണം ആ സിറ്റുവേഷനിൽ പഴയൊരു ഹിന്ദിപ്പാട്ട് തന്നെ വേണം എന്ന് പ്രിയദർശൻ വാശി പിടിച്ചിട്ടാണ്. അത് പറ്റില്ല എന്നു പറഞ്ഞാൽ തേന്മാവിൻ കൊമ്പത്ത് എന്ന പടം ചെയ്യാൻ പറ്റില്ല. സിനിമയ്ക്കു വേണ്ടിയാണല്ലോ നമ്മൾ പാട്ട് ചെയ്യുന്നത്. സിനിമ ഡയറക്ടറുടെ കല തന്നെയാണ്. നമ്മൾ തുടക്കക്കാരാണ്. പ്രിയദർശൻ എന്നു പറയുന്ന ഓൾ ഇന്ത്യാ ലെവലിൽ അറിയപ്പെടുന്ന ഒരു ഡയറക്ടറോട് നമ്മൾ അത് ചെയ്യില്ല എന്നു പറയാൻ പറ്റില്ല. ഡയറക്ടറുടെ ആവശ്യം എന്താണോ അത് ചെയ്യുക എന്നതാണ് നമ്മുടെ ജോലി. 

 

കാലത്തെ അതിജീവിക്കുമെന്ന് കരുതിയിരുന്നില്ല

 

തേൻമാവിൻ കൊമ്പത്തിനായി പാട്ടുകൾ ചെയ്തപ്പോള്‍ ഇത്രയും ഹിറ്റാകുമെന്ന പ്രതീക്ഷയൊന്നും ഉണ്ടായിരുന്നില്ല. പക്ഷേ പ്രിയദർശന് വലിയ വിശ്വാസമായിരുന്നു. ട്യൂൺ കേൾക്കുമ്പോൾത്തന്നെ  ആ രംഗങ്ങളിൽ മോഹൻലാലിനെ തനിക്ക് കാണാൻ പറ്റുന്നുണ്ടെന്നായിരുന്നു പ്രിയദർശൻ പറഞ്ഞത്. അദ്ദേഹത്തിന് ട്യൂൺ വളരെ ഇഷ്ടപ്പെട്ടു. അതിലെ അഞ്ചു പാട്ടുകളിൽ മൂന്നെണ്ണം നേരത്തെ കാസെറ്റിനു വേണ്ടി െചയ്തതായതുകൊണ്ട് ഞങ്ങളെ സംബന്ധിച്ചിടത്തോളം വലിയൊരു ജോലിയായി തോന്നിയിരുന്നുമില്ല.  ഒരുപാട് വെറൈറ്റികൾ പല പല കാസെറ്റിനുവേണ്ടി െചയ്തിട്ടുണ്ട്. ഈ ടൈപ്പ് പാട്ടാണ് പ്രിയദർശനു വേണ്ടിയിരുന്നത് എന്നതു കൊണ്ട് ഒരുപാട് കഷ്ടപ്പെടേണ്ടി വന്നില്ല. രണ്ടു പാട്ടുകൾ പുതിയതായി ചെയ്യേണ്ടി വന്നു. കാലത്തിനെ അതിജീവിക്കും എന്ന് അറിഞ്ഞിട്ടല്ല ഈ പാട്ട് ചെയ്തത്. പ്രിയദർശൻ ഇതിനെ വിളിച്ചിരുന്നത് സ്റ്റൈലൈസ്ഡ് ഫോക്ക് സോങ്സ് എന്നാണ്. ഞങ്ങളിവിടെ ചെയ്തത് നോർത്തിന്ത്യൻ ഫോക് സോങ്സിൽ ഉപയോഗിച്ചിട്ടുള്ള ഒരു സ്റ്റൈൽ ആണ്. പ്രിയദർശനും അത് ഇഷ്ടമായിരുന്നു.ദൈവാനുഗ്രഹം കൊണ്ട് ഈ പടത്തിലെ പാട്ടുകളെല്ലാം ഹിറ്റായി.

 

 

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com