സ്റ്റേജിൽ നിമിഷ കവി; പക്ഷേ, കീരവാണി വിളിച്ചപ്പോൾ അഞ്ജുവിന്റെ കിളിപോയി!

SHARE

റിയാലിറ്റി ഷോയിലൂടെ മലയാളികൾക്ക് സുപരിചിതയാണ് അഞ്ജു ജോസഫ്. അന്നു മുതൽ വീട്ടിലെ ഒരു കുട്ടിയെപ്പോലെയാണ് പലർക്കും ഈ ഗായിക. ബാഹുബലിയിലെ ധീവര എന്ന ബ്രഹ്മാണ്ഡ ഗാനത്തിന് അതിശയിപ്പിക്കുന്ന കവർ ഒരുക്കി അഞ്ജു മലയാളിയെ ഞെട്ടിപ്പിച്ചു. 'എവിടെയായിരുന്നു ഇതു വരെ' എന്നായിരുന്നു, മലയാളികൾ അപ്പോൾ അഞ്ജുവിനോട് ചോദിച്ചത്. കാരണം, ഒരു പാട്ടുകാരി എന്നതിലുമപ്പുറം സംഗീതത്തിലും അവതരണത്തിലും സ്വന്തം പ്രതിഭ അടയാളപ്പെടുത്തുന്നതാണ് അഞ്ജുവിന്റെ ഓരോ സംഗീത പരീക്ഷണങ്ങളും. ഒന്നിലധികം തവണ കാണാൻ പ്രേരിപ്പിക്കുന്ന എന്തോ ഒരു മാജിക്കുണ്ട് അഞ്ജുവിന്റെ പാട്ടിലും അവതരണത്തിലും. പാട്ടുകാരിയിൽ നിന്ന് വ്ലോഗറായും യുട്യൂബറായും ശ്രദ്ധ നേടുന്ന അഞ്ജു ജോസഫിന്റെ പാട്ടു വിശേഷങ്ങൾ മനോരമ ഓൺലൈനിൽ.

'ധീവര' ചെയ്യാൻ കുറെ കഷ്ടപ്പെട്ടു

മറ്റൊരു പ്രൊജക്ടിനു വേണ്ടിയാണ് ബാഹുബലിയിലെ ധീവര ഗാനത്തിന് അക്കാപ്പെല്ല വേർഷൻ ഒരുക്കിയത്. സംഗീതസംവിധായകൻ മെജോ ജോസഫിന്റെ നേതൃത്വത്തിൽ കുറെ പണിപ്പെട്ടാണ് അത് സെറ്റ് ചെയ്തെടുത്തത്. പെന്റാടോണിക്സിന്റെ അക്കാപ്പെല്ല പാട്ടുകൾ കേട്ട പരിചയം മാത്രമേ എനിക്ക് അതിനു മുൻപുള്ളൂ. ഞാനും മെജോ ചേട്ടനും കൂടി ഇരുന്ന് സില്ലബളുകളൊക്കെ ചർച്ച ചെയ്തു. ഏതൊക്കെ ശബ്ദങ്ങൾ ഉപയോഗിക്കണം... ആ ശബ്ദം അവിടെ അനുയോജ്യമാകുമോ... ഓരോന്നും ഇട്ടു നോക്കും. ചിലത് ശരിയാകും. ചിലത് മാറ്റേണ്ടി വരും. സ്റ്റുഡിയോയിൽ റെക്കോർഡ് ചെയ്യാൻ പോയതും പുതിയ അനുഭവമായിരുന്നു. മൈ സ്റ്റുഡിയോയിലെ ഹരിശങ്കർ ആണ് മിക്സ് ചെയ്തത്. എല്ലാവരും ആദ്യമായി അക്കാപ്പെല്ല ചെയ്യുന്നതിനാൽ കുറെ ആശയക്കുഴപ്പങ്ങൾ ഉണ്ടായിരുന്നു. കുറെ ദിവസം എടുത്താണ് റെക്കോർഡ് ചെയ്തത്. എന്തായാലും അതോടെ കാര്യങ്ങൾ പഠിച്ചു. കുറെ അക്കാപ്പെല്ല ഗാനങ്ങൾ അതിനു ശേഷം ചെയ്തു. യുട്യൂബ് ചാനലിൽ രണ്ടോ മൂന്നോ അക്കാപ്പെല്ല പാട്ടുകളെയുള്ളൂ. പക്ഷേ, സ്റ്റേജുകളിൽ അത്തരം ഗാനങ്ങൾ അവതരിപ്പിക്കാറുണ്ട്.  

കീരവാണിസർ വിളിച്ചു, എന്റെ കിളി പോയി

കീരവാണി സർ നേരിട്ട് വിളിച്ചപ്പോൾ കിളി പോയ അവസ്ഥയായിരുന്നു. നമ്മൾ ഒരു കവർ ചെയ്തിട്ട്, ആ ഗാനത്തിന്റെ സ്രഷ്ടാക്കാൾ നേരിട്ട് വിളിച്ച് അഭിനന്ദിക്കുക എന്നു പറയുന്നത് ഒട്ടും പ്രതീക്ഷിക്കാത്ത കാര്യമാണ്. അദ്ദേഹത്തിന് എന്റെ നമ്പർ എവിടെ നിന്നു കിട്ടി എന്നൊക്കെയാണ് ഞാൻ ആലോചിച്ചത്. ഫോണിൽ സംസാരിക്കുന്നതിന് ഇടയിൽ ഞാൻ കുറെ തവണ അദ്ദേഹത്തോട് ചോദിച്ചു, ശരിയ്ക്കും കീരവാണി സർ തന്നെയാണോ എന്ന്. 

പ്ലീസ് നോട്ട്... എനിക്ക് കുട്ടിയില്ല 

ഞങ്ങളുടെ പ്രണയ വിവാഹമായിരുന്നു. ഭർത്താവ് അനൂപ് തൃശൂർക്കാരനാണ്. അഞ്ചു വർഷം പ്രേമിച്ചു. ഇപ്പോൾ വിവാഹം കഴിഞ്ഞിട്ട് നാലു വർഷമായി. ഞങ്ങൾ രണ്ടുപേരും കൂടി എറണാകുളത്താണ് താമസം. എനിക്ക് കുട്ടിയില്ല. അതു പ്രത്യേകിച്ചു പറയാൻ കാരണമുണ്ട്. 'മേലെ... മേലെ വാനം' എന്ന പാട്ടിന്റെ കവർ വിഡിയോയിൽ ഒരു കുട്ടിയെ കാണിക്കുന്നുണ്ട്. അതു എന്റെ കുട്ടിയാണെന്നാണ് പലരും ധരിച്ചിരിക്കുന്നത്. അത് എന്റെ കുട്ടിയല്ല. എന്റെ സുഹൃത്തിന്റെ മകളാണ് വിഡിയോയിൽ കാണിക്കുന്നത്. 

എന്തിനാ ലിപ് സിങ്കിങ്? ലൈവ് പാടിയാൽ പോരെ?

ലിപ് സിങ്കിങ് പരിപാടിയോട് എനിക്ക് തീരെ യോജിപ്പില്ല. സത്യത്തിൽ ലിപ് സിങ്ക് ചെയ്തു പാടുന്നതിനെക്കാൾ എളുപ്പമാണ് ലൈവ് ആയി പാടാൻ! പാടി വച്ച പോലെ വൃത്തിയായി ലിപ് സിങ്ക് ചെയ്തില്ലെങ്കിൽ മൊത്തം കയ്യിൽ നിന്നു പോകും. അതിലും എളുപ്പം ലൈവ് പാടുന്നതാണ്. 

സ്റ്റേജിൽ ഞാൻ നിമിഷ കവിയാ!

ലൈവ് പാടുമ്പോൾ തെറ്റുകുറ്റങ്ങൾ സംഭവിക്കും. അതു സാധാരണമാണ്. ഞാനൊക്കെ സ്റ്റേജിൽ നിമിഷകവിയാണ്. പാട്ടിന്റെ വരികളൊക്കെ മറന്നു പോകുമ്പോൾ അപ്പോൾ നാവിൽ വരുന്നത് ആകും പാടുക. ഇപ്പോഴും സ്റ്റേജിൽ ഞാൻ തെറ്റായി പാടുന്ന ഒരു പാട്ടുണ്ട്. 'ജൂം ജൂം ജൂംബബാ' എന്ന പാട്ടിന്റെ ചരണം സത്യത്തിൽ എനിക്കിപ്പോഴും അറിയില്ല. എന്റെ സ്വന്തം ലിറിക്സ് ആണ് ഞാൻ വേദിയിൽ പാടാറുള്ളത്. എത്ര കഷ്ടപ്പെട്ടിരുന്ന് ഒറിജിനൽ പഠിച്ചാലും, സ്റ്റേജിൽ എത്തുമ്പോൾ എന്റെ ലിറിക്സ് ആകും പാടുക. എനിക്ക് ഹിന്ദിയൊന്നും അറിയില്ല. ഏകദേശം എട്ടു വർഷമായി ഞാനീ പാട്ട് പാടുന്നു. ഇതുവരെ ആരും എന്നോടു ഈ കാര്യം ചോദിച്ചിട്ടില്ല. 

ഇപ്പോൾ എല്ലാം ഞാൻ തന്നെ!

യുട്യൂബർ ആയിക്കഴിഞ്ഞപ്പോൾ എല്ലാം പഠിക്കേണ്ടി വന്നു. ക്യാമറ, എഡിറ്റ്, ഗ്രാഫിക്സ്, കളറിങ്... അങ്ങനെ എല്ലാം. വേറെ ആരുടെയും സഹായമില്ലാതെ തന്നെ വിഡിയോകൾ പുറത്തിറക്കാൻ കഴിയുന്നുണ്ട്. പലതും പഠിച്ചതു പോലും യുട്യൂബിൽ നോക്കിയാണ്. വേറെ നിവൃത്തി ഇല്ലാത്തതുകൊണ്ട് പഠിച്ചു പോയതാണ്! ഭർത്താവ് അനൂപ് ജോൺ ഒരു സ്വകാര്യ ചാനലിൽ പ്രൊഡ്യൂസർ ആണ്. അദ്ദേഹത്തിൽ നിന്നാണ് ക്യാമറയുടെ ബാലപാഠങ്ങൾ പഠിച്ചത്. മ്യൂസിക് പ്രൊഡക്ഷൻ ഞാൻ വളരെയധികം ആസ്വദിച്ച് ചെയ്യുന്ന കാര്യമാണ്. യുട്യൂബ് സബ്സ്ക്രൈബേഴ്സ് ഒരു ലക്ഷം ആയാൽ സ്വതന്ത്രമായ ഒരു ഗാനം പുറത്തിറക്കണം എന്നാണ് ആഗ്രഹം. ഞാൻ തന്നെ എഴുതി ഈണമിട്ടു വച്ചിരിക്കുന്ന കുറെ പാട്ടുകളുണ്ട്. പക്ഷേ, അത് പുറത്തു കാണിക്കാൻ സത്യത്തിൽ പേടിയാണ്. പക്ഷേ, അങ്ങനെയൊരു പ്രൊഡക്ഷൻ ഉണ്ടാകും, തീർച്ച.  

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN INTERVIEWS
SHOW MORE
FROM ONMANORAMA