sections
MORE

വരികൾ തീക്ഷ്ണമാണ്; പക്ഷേ അർഹിക്കുന്ന അംഗീകാരം കിട്ടില്ല; പ്രിയപാട്ടിന്റെ രചയിതാവ് പറയുന്നു

Vinayakan-Song
SHARE

ഒരു സിനിമ അതിന്റെ പ്രമേയം കൊണ്ട് എത്രമാത്രം ഹൃദ്യമാകുമോ അതുപോലെ തന്നെയാകണല്ലോ പാട്ടുകളും. തൊട്ടപ്പൻ എന്ന വിനായകൻ സിനിമ അറിഞ്ഞ നാൾ മുതൽ സംഗീത പ്രേമികൾ കാത്തിരിക്കുകയാണ് പാട്ടുകൾക്കായി. ചിത്രത്തിലെ ഗാനങ്ങളിൽ ഒന്ന് രചിച്ച അജീഷ് ദാസൻ സംസാരിക്കുന്നു. ചിത്രത്തിലെ ഏറ്റവും ഹൃദയസ്പർശിയായ ഇടത്തെ പ്രതിനിധാനം ചെയ്യുന്ന ‘കായലേ...കായലേ...’ എന്ന പാട്ട് തന്റെ കരിയർ ബെസ്റ്റ് ആണെന്നാണ് അദ്ദേഹം വിലയിരുത്തുന്നത്

തൊട്ടപ്പന്‍ എത്രയോ മുന്‍പ് വന്നത്!

എനിക്കൊപ്പം എത്രയോ മുൻപ്  കൂടിയതാണ് ‘തൊട്ടപ്പനി’ലെ പാട്ടെന്ന് അറിയാമോ. ‘പൂമുത്തോളെ’ എന്ന പാട്ട് എഴുതുന്നതിനും കുറേ മുന്‍പ് എഴുതി തുടങ്ങിയ ഗാനമാണിത്. പൂമരത്തിലെ പാട്ടെഴുത്തിന് കിട്ടിയ ഏറ്റവും നല്ല പ്രതികരണമാണ് തൊട്ടപ്പനിലെ ഗാനം എന്നു പറയാം. ആ പാട്ട് കേട്ടിട്ടാണ് ഈ ചിത്രത്തിന്റെ സംവിധായകന്‍ ഷാനവാസ് കെ.ബാവക്കുട്ടി എന്നെയും ഗിരീഷ് കുട്ടനേയും തേടി വരുന്നത്. നിങ്ങളൊരുമിച്ച് ഒരു പാട്ട് ചെയ്തു തരണം എന്നു പറഞ്ഞു. ആദ്യം ഗിരിക്കുട്ടന്റെ അടുത്താണ് എത്തിയത്. പിന്നീട് എനിക്കരികിലേക്ക്. കുറേ വട്ടം തിരുത്തിയും വെട്ടിയും എഴുതിയ ഗാനമാണിത്.

പാട്ടിന്റെ മൂഡ്

ഞാന്‍ പറഞ്ഞില്ലേ ചിത്രത്തിന്റെ സംവിധായകന്‍ വളരെ ശ്രദ്ധാലുവായിരുന്നു പാട്ടിന്റെ കാര്യത്തില്‍. അതുകൊണ്ടു തന്നെ പാട്ടെഴുത്തും കുറേ തിരുത്തിക്കുറിക്കലുകളിലൂടെയാണ് കടന്നുപോയത്. രസകരമായൊരു പ്രോസസ് ആയിരുന്നു അത്.

കായല് കണ്ടിട്ടില്ലേ...സന്ധ്യമയങ്ങുമ്പോള്‍ അതിനൊരു തരം വിഷാദമായ നിഗൂഢമനായ ആപാരമായ ദുംഖത്തിന്റെയൊക്കെ ഛായ വരാറില്ലേ. അതേ മൂഡ് ആണ് ഈ പാട്ടിനും. കായലു പോലെ കലങ്ങിമറിഞ്ഞത്. എല്ലാവരും ഇഷ്ടപ്പെട്ടെങ്കില്‍ എന്നാഗ്രഹിച്ചു പോകുന്ന ഗാനം.

ഗൗരവകരമായ എഴുത്ത്

അങ്ങനെയുള്ളൊരു ആശങ്കയില്ല. സീരിയസ് എഴുത്തെന്നും പറയാനാകില്ല. ഞാന്‍ സീരിയസ് ആയി എഴുതി എന്നേയുള്ളൂ. പക്ഷേ അതുകൊണ്ട് അത് ഗൗരവകരമായ എഴുത്ത് ആകുന്നില്ലല്ലോ. ഹൃദയസ്പര്‍ശിയായൊരു ഗാനമാണിത്. ഞാന്‍ ഇതുവരെ എഴുതിയ ഗാനങ്ങളില്‍ വച്ച് ഏറ്റവും ഉയരെ നില്‍ക്കുന്നത് എന്ന് ഞാന്‍ വിശ്വസിക്കുന്ന ഗാനമാണിത്. പിന്നെ നമ്മള്‍ പ്രതീക്ഷിക്കുന്നതു പോലെയല്ല ഒന്നും നടക്കുന്നത്. ‘പൂമുത്തോളെ’ ഇത്രയും ഹിറ്റ് ആകും എന്ന് ഒരിക്കലും ഞാന്‍ കരുതിയതല്ലല്ലോ.

പൂമുത്തോളെ ഇഫക്ട് 

ഞാന്‍ ആ ഹിറ്റ് തീര്‍ത്ത വലയത്തില്‍ നിന്ന് എന്നേ പുറത്തു കടന്ന ആളാണെന്നോ. ഞാന്‍ പറഞ്ഞില്ലേ അത് ഇത്രയും ശ്രദ്ധ നേടും എന്നു കരുതിയതല്ല. ഇപ്പോള്‍ ചില നേരം ബസില്‍ പോകുമ്പോള്‍ തീയറ്ററില്‍ ക്യൂ നില്‍ക്കുമ്പോള്‍ സൂപ്പര്‍ മാര്‍ക്കറ്റില്‍ പോകുമ്പോള്‍ പലരുടെയും കോളര്‍ ട്യൂണ്‍, റിങ് ടോണ്‍ ഒക്കെയായി ആ പാട്ട് കേള്‍ക്കാറുണ്ട്. അതൊരു സുഖകരമായ അനുഭവമാണ്. നമുക്കും നമ്മളെയും അറിയാത്ത ആളുകള്‍ നമ്മുടെ അരികിലിരുന്ന് നമ്മുടെ ഒരു പാട്ട് കേള്‍ക്കുന്ന ഒരു പ്രത്യേക അനുഭവമല്ലേ. അത് ആസ്വദിക്കുന്നുണ്ട്. അതിനപ്പുറം അത് എളുപ്പത്തില്‍ എഴുതി തീര്‍ന്ന ഒരു ഗാനമാണ്. അതിനേക്കാള്‍ ഒരുപാട് ആഴമുള്ള വരികളാണ് ഈ പാട്ടിന്റെതെന്നാണ് എനിക്ക് തോന്നുന്നത്.

മലയാള ചലച്ചിത്ര ലോകത്തെ ജീവിതം

അങ്ങനെ പറയാനൊന്നും തന്നെയില്ല. ഞാനൊരു സാധാരണ എഴുത്തുകാരന്‍, അതേപോലെ തന്നെയാണ് ജീവിതവും. ഒരൊറ്റ സിനിമയില്‍ പാട്ടെഴുതണം എന്നേ ആഗ്രഹിച്ചിട്ടുള്ളൂ. പറഞ്ഞാല്‍ ആരും വിശ്വസിക്കില്ല. സത്യമാണ് അത്. അങ്ങനെ ചിന്തിച്ച എനിക്ക് പൂമുത്തോളെ എന്ന ഗാനത്തിനു ശേഷം കിട്ടിയതെല്ലാം ബോണസ് ആണ്. അതിന്റെ സന്തോഷമുണ്ട്. നാളെ എന്താകും എന്നറിയില്ല. 

പൂമുത്തോളിനു ശേഷം അതേ പോലെയുളള പാട്ട് വേണം എന്നു പറഞ്ഞിട്ട് കുറേ ഓഫറുകള്‍ വന്നിരുന്നു. ഞാന്‍ അത് നിരസിച്ചു. വേറൊന്നും കൊണ്ടല്ല അതുപോലെയുള്ളത് തന്നെ ഇനിയും എഴുതുക തീര്‍ത്തും വിരസമായ അനുഭവമാണ്. ആ എഴുത്ത് തീര്‍ത്തും യാന്ത്രികമായിപ്പോകും. എനിക്ക് ഒരുപാട് സിനിമകളില്‍ പാട്ടെഴുതണം എന്നതിനേക്കാള്‍ കുറച്ച് ഗാനങ്ങള്‍ മതി. പക്ഷേ അതെല്ലാം ഞാന്‍ ഉദ്ദേശിക്കുന്ന ഒരു നിലവാരത്തിലുള്ളതാകണം എന്ന നിര്‍ബന്ധമുണ്ട്. 

പാട്ടെഴുത്തുകാരന് സിനിമയിലുള്ള സ്ഥാനവും സ്വീകരണവും

കാലം മാറിയില്ലേ. അതിന്റേതായ മാറ്റവും ഉണ്ട്. പാട്ടെഴുത്തുകാരന് വേണ്ട സ്ഥാനം സിനിമാ ലോകത്ത് നല്‍കപ്പെടുന്നില്ല എന്നത് സത്യമാണ്. അതേപ്പറ്റി കൂടുതലൊന്നും പറയുന്നില്ല. ഒരു ഉദാഹരണം പറയാം. ഒരിക്കല്‍ തമിഴ് ഗാനരചയിതാവ് വൈരമുത്തു സാറിനെ പാട്ടിനായി ഒരു നവാഗത സംവിധായകന്‍ സമീപിച്ചു. ആ സംവിധായകനെ അത്ര പരിചയമില്ലാത്തിനാല്‍ അദ്ദേഹം അത് നിരസിച്ചു. എന്നിട്ടു പറഞ്ഞു, നിങ്ങളുടെ രണ്ടാം സിനിമയ്ക്ക് ഞാന്‍ പാട്ടെഴുതാം എന്ന്. അദ്ദേഹം മടങ്ങിപ്പോകുകയും രണ്ടാമത്തെ സിനിമയായപ്പോള്‍ എത്തുകയും ചെയ്തു. അദ്ദേഹം പാട്ടെഴുതി കൊടുത്തു. അതേ നിലപാട് ഇവിടെ ഉണ്ടാകണം എന്നില്ല. അതാണ് എനിക്ക് അതേപ്പറ്റി പറയാനുള്ള കാര്യം. പക്ഷേ ഞാന്‍ അതൊന്നും ശ്രദ്ധിക്കുകയോ അതില്‍ പരിതപിക്കുകയോ ചെയ്യുന്ന ആളല്ല. നമ്മുടെ മനസ്സില്‍ വരുന്നത് എഴുതാനും, വ്യത്യസ്തമായ സിനിമകളില്‍ എന്നെ എനിക്കു തന്നെ കൂടുതല്‍ നന്നായി പരുവപ്പെടുത്താന്‍ പാകത്തില്‍ എഴുത്ത് മുന്നോട്ടു കൊണ്ടുപോകാനും കഴിഞ്ഞാല്‍ മതി.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN INTERVIEWS
SHOW MORE
FROM ONMANORAMA