ADVERTISEMENT

ദക്ഷിണേന്ത്യയിലെ ശാന്തിനികേതന്‍ അഥവാ ആര്‍എല്‍വി എന്ന കലാലയത്തില്‍ പാട്ടിനും പാട്ടുകൂട്ടത്തിനുമിടയില്‍ വിരിഞ്ഞൊരു സൗഹൃദമായിരുന്നു അത്. പിന്നീട് ആ ജീവിതത്തിനു തിരശ്ശീല വീഴാറായ നേരം ഇനിയങ്ങോട്ടും ഒരുമിച്ച് പോയാല്‍ മതിയെന്ന് അവര്‍ തീരുമാനിച്ചു. അങ്ങനെയൊരു നാള്‍ ഒന്നിച്ചു പാടിത്തുടങ്ങിയ ഇരുവരും പാട്ടുപാടലും ശിഷ്യഗണങ്ങളുമായി മലയാള സംഗീത രംഗത്ത് തങ്ങളുടേതായ ഇടം നേടുകയാണ് ഇപ്പോള്‍. ഗായകന്‍ മിഥുന്‍ ജയരാജിനേയും ഭാര്യയും സംഗീത അധ്യാപികയുമായ ഇന്ദുവിനേയും കുറിച്ച് വായിക്കാം സംഗീതത്തിനു വേണ്ടി ലോകം മാറ്റിവച്ച ഈ ദിനത്തില്‍.

 

അമ്മ വഴി അറിഞ്ഞ പ്രണയം

 

വലിയ ട്വിസ്റ്റുകളൊന്നുമില്ലാത്തൊരു പ്രണയകഥയാണ് തങ്ങളുടേതെന്നാണ് മിഥുന് പറയാനുള്ളത്. കോളജ് ജീവിതം അവിസ്മരണീയമായിരുന്നു. പാട്ടും അതിനോട് അനുബന്ധിച്ചുള്ള കാര്യങ്ങളും മാത്രം. ഇതു തന്നെയാണ് എന്റെ ഇടം എന്ന തിരിച്ചറിവു തന്ന കലാലയമായിരുന്നു അത്. ഞങ്ങളൊരു വലിയ കൂട്ടം ഉണ്ടായിരുന്നു. ഒന്നിച്ചിരുന്ന് പാട്ടു പാടലും പരിപാടികളും നടത്തവും ചായകുടിയുമൊക്കെയായി കടന്നുപോയിരുന്ന കാലം. ആ ചങ്ങാതിക്കൂട്ടത്തിലെ ഒരാളായിരുന്നു ഇന്ദു. കോളജില്‍ ജൂനിയര്‍. പക്ഷേ, പിന്നീടെപ്പോഴോ തിരിച്ചറിഞ്ഞു ഈ നല്ല സുഹൃത്തിനെ പിരിയാനാവില്ല എന്ന്. അതായിരുന്നു പ്രണയകാലം. 

 

സൗഹൃദത്തിനപ്പുറം എന്തോ ഒരു ഇഷ്ടം ഞങ്ങള്‍ക്കിടയില്‍ ഉണ്ടായിരുന്നുവെന്ന് തോന്നിയിരുന്നു. ഇന്ദു, മിഥുന്‍ പറഞ്ഞതിന്റെ തുടര്‍ച്ചയായി പറഞ്ഞു തുടങ്ങി. ഏറ്റവും വലിയ രസം അതൊരു പ്രണയമായി മാറിയെന്ന് അറിഞ്ഞത് മിഥുന്റെ അമ്മ വഴിയായിരുന്നു. തിരിച്ചങ്ങോട്ട് വീട്ടുകാര്‍ വഴിയാണ് ഞാനും ഇഷ്ടമാണെന്നു പറഞ്ഞത്. മിഥുന്‍ പറഞ്ഞതു പോലെ ആ നല്ല ചങ്ങാതിയെ ക്യാംപസില്‍ ഉപേക്ഷിച്ച് ആ ഓര്‍മകളുടെ ഭാഗമാക്കി മാത്രം നിര്‍ത്തേണ്ട എന്നങ്ങു തീരുമാനിച്ചു. അതായിരുന്നു തുടക്കം.

 

ആ ധൈര്യം

 

എല്ലാവരും ചോദിക്കാറുണ്ട് ഇത്രയേറെ മത്സരങ്ങളും തിരക്കുകളുമുള്ള ലോകത്ത് സംഗീതം മതിയെന്ന് രണ്ടുപേരും ഒരുപോലെ തീരുമാനിച്ചത് എന്തു ധൈര്യത്തിലാണെന്ന്. ഒരാള്‍ക്കെങ്കിലും കുറച്ചു കൂടി സ്ഥിരതയുള്ളൊരു മേഖലയിലേക്ക് തിരിഞ്ഞു കൂടെയെന്നൊക്കെ. പക്ഷേ ഞങ്ങള്‍ രണ്ടാള്‍ക്കും സംഗീതം അല്ലാതെ മറ്റൊന്നും ചെയ്യാന്‍ അറിയില്ല എന്നതാണു വാസ്തവം. ഞാനും വേറെ കോഴ്‌സ് ചെയ്താലോ എന്നൊന്നും ചിന്തിക്കാതിരുന്നിട്ടില്ല. പക്ഷേ, ആ ആലോചന അത്ര വലിയ സന്തോഷമോ ആവേശമോ തന്നിരുന്നേയില്ല. അന്നേരം തിരിച്ചറിഞ്ഞു ഇതു തന്നെയാണ് എന്റെ വഴിയെന്ന്. ധൈര്യം, വെല്ലുവിളി അതൊന്നും അന്നേരം മുന്‍പില്‍ വന്നതേയില്ല. 

 

സിഎ പഠനം പാതിവഴിയില്‍ ഉപേക്ഷിച്ചാണ് ഇന്ദു സംഗീത രംഗത്തേക്ക് വരുന്നത്. ചെറുപ്പം മുതല്‍ക്കേ പാട്ടുകളോടും പാട്ടുകാരോടും വലിയ ഇഷ്ടമായിരുന്നു. പക്ഷേ ഒരിക്കലും പിന്നണി ഗാനരംഗത്ത് നേട്ടമുണ്ടാക്കണം എന്നൊന്നും വിദൂര സ്വപ്‌നമായി പോലുമില്ല. പാട്ട് പഠിപ്പിക്കുന്നതിനോടായിരുന്നു അന്നേയിഷ്ടം. അങ്ങനെ പാട്ടു പഠിപ്പിക്കുന്ന ടീച്ചര്‍ എങ്ങനെയാകാം എന്ന അന്വേഷണങ്ങളിലൊക്കെ വന്നു ചേര്‍ന്നിരുന്നൊരു പേരായിരുന്നു ആര്‍എല്‍വി. പിന്നെ എനിക്ക് സന്തോഷമുള്ളത് എന്താണോ അത് തിരഞ്ഞെടുക്കാനുള്ള സ്വാതന്ത്ര്യം വീട്ടില്‍ നിന്ന് കിട്ടിയതോടെ പിന്നൊന്നും ആലോചിച്ചേയില്ല. മിഥുന് പെര്‍ഫോമന്‍സുകളോടാണ് കുറേയിഷ്ടം. എനിക്ക് പാട്ട് പഠിപ്പിക്കുന്നതിനോടും.

 

വീട്ടിലെ പാട്ട് പഠനം

 

സത്യം പറഞ്ഞാല്‍ അതിനു കൃത്യമായ സമയമോ സമയക്രമമോ ഇല്ല മിഥുന്‍ പറയുന്നു. എനിക്കെപ്പോഴാണോ തോന്നുന്നത് അപ്പോള്‍ ഞാനും ഇന്ദുവിന് എപ്പോഴാണോ അന്നേരം അവളും പാട്ട് പഠിക്കാന്‍ തുടങ്ങും. സത്യം പറഞ്ഞാല്‍ അത് ഞങ്ങളുടെ ജീവിതത്തിന്റെ ഭാഗമായി എന്നോ മാറിയതാണ്. അതില്‍ നിന്ന് തെന്നിമാറാനോ ഉഴപ്പാനോ ശ്രമിച്ചാലും കഴിയില്ല എന്നതാണു വാസ്തവം. പിന്നെ ഇപ്പോള്‍ ഞാന്‍ ഗിത്താറും ഇന്ദു വയലിനും പഠിച്ചു തുടങ്ങിയിട്ടുണ്ട്. അത് രണ്ടും ഓരോ മണിക്കൂര്‍ പ്രാക്ടീസ് ചെയ്യുക എന്നതാണു സംഗീത രംഗത്ത് ഇതേവരെ ഞങ്ങള്‍ എടുത്തിട്ടുള്ളൊരു ടൈം ടേബിള്‍ അല്ലാതെ ഒന്നും തന്നെയില്ല.

 

പാട്ട് പഠിപ്പിക്കല്‍

 

എനിക്ക് ചേരുന്നതല്ലെന്ന് എനിക്കറിയാം. അതുകൊണ്ടാണ് ആ വഴിക്ക് തിരിയാത്തത്. മിഥുന്‍ പറയുന്നു.ഭവന്‍സ് സ്‌കൂളിലാണ് ഇന്ദു സംഗീതം പഠിപ്പിക്കുന്നത്. ശാസ്ത്രീയ സംഗീതത്തിൽ ഏറെ പ്രധാന്യം നല്‍കുന്നൊരു സ്‌കൂളാണ്. അതുകൊണ്ട് ആ അന്തരീക്ഷം അത്രമാത്രം ഇഷ്ടമാണ്. ചെറുപ്പത്തില്‍ എന്താണോ സ്വപ്‌നം കണ്ടത് അങ്ങനെയുള്ളൊരു ഇടം. അത്രമാത്രം കൊതിച്ചു വന്നതായതു കൊണ്ട് അത്രമാത്രം നന്നായി ചെയ്യണമെന്നും ആഗ്രഹമുണ്ട്. ആ ആഗ്രഹമാണ് എന്നെയൊരു വിദ്യാര്‍ഥിനിയായി ഇപ്പോഴും നിലനിര്‍ത്തുന്നത്. ഗായിക അഭയ ഹിരണ്‍മയി ഉള്‍പ്പെടെയുള്ള ശിഷ്യര്‍ സ്‌കൂളിനു പുറത്തുമുണ്ട്.– ഇന്ദു പറയുന്നു.

 

പഠിച്ചില്ലെങ്കിലും പാടാം

 

നേരത്തെ ചോദിച്ചിരുന്നില്ലേ സംഗീതം മാത്രം ജീവിതത്തില്‍ എന്നു തീരുമാനിച്ച ധൈര്യം എന്തെന്ന്. ദക്ഷിണാമൂര്‍ത്തി സ്വാമിക്കു കീഴിലാണ് ഞാന്‍ സംഗീതം പഠിച്ചത്. അതൊരു നിയോഗമോ നിമിത്തമോ ഒക്കെയാണ്. അല്ലായെങ്കില്‍ കണ്ണൂരിലെ ഒരു കുഗ്രാമത്തില്‍ ജനിച്ച ഞാന്‍ ഇന്ത്യ മുഴുവന്‍ ആദരിക്കുന്ന പരമസാത്വികനായ ഒരു സംഗീത ദൈവത്തിനു കീഴില്‍ എത്തില്ല. അമ്മയാണ് എന്റെ പാട്ടിനു പിറകില്‍. അമ്മയ്ക്ക് പാടാന്‍ ഒന്നും അറിയില്ല. പക്ഷേ എനിക്ക് അങ്ങനെയൊരു വാസനയുണ്ടെന്നു തിരിച്ചറിഞ്ഞ അന്നുമുതല്‍ സംഗീതം പഠിപ്പാക്കാനും പരിപാടികളില്‍ പങ്കെടുപ്പിക്കാനും അമ്മയായിരുന്നു മുന്‍പില്‍. അമ്മയ്ക്ക് അങ്ങനെയൊരു നിലപാട് ഇല്ലായിരുന്നുവെങ്കില്‍ എന്നിലേക്ക് ഒരിക്കലും സംഗീതം വരില്ല. അങ്ങനെയൊരിക്കല്‍ മുകാംബികയില്‍ പാടിക്കാന്‍ കൊണ്ടുപോയതായിരുന്നു. അന്ന് പരിപാടി കാണാന്‍ വന്ന പ്രമോദ് എന്ന വ്യക്തിയുമായി അമ്മ പരിചയപ്പെട്ടു. ചെന്നൈയില്‍ എവിടെയെങ്കിലും എന്നെ സംഗീതം പഠിപ്പിക്കണം എന്നാണ് ആഗ്രഹമെന്ന് അമ്മ പറഞ്ഞു. അന്നേരം അദ്ദേഹം വെറുതെ ഒരു ഗിമ്മിക്കിന് പറഞ്ഞതാണ് ദക്ഷിണാമൂര്‍ത്തി സ്വാമിക്ക് കീഴില്‍ പഠിപ്പിക്കാം എന്ന്. അദ്ദേഹത്തിന് സ്വാമിയെ അന്നുവരെ അറിയില്ലായിരുന്നു. പക്ഷേ മുന്‍പൊരിക്കലും പരിചയമോ ബാധ്യതയോ ഇല്ലാത്ത ആ മനുഷ്യന്‍ അമ്മയ്ക്ക് കൊടുത്ത വാക്കു പാലിക്കാന്‍ അന്നുമുതല്‍ സ്വാമിക്കു പിന്നാലെയായി. സ്വാമി പോകുന്നിടത്തെല്ലാം ഒപ്പം പോകും. അദ്ദേഹത്തിന്റെ അടുപ്പക്കാരോടൊക്കെ എന്റെ കാര്യം പറഞ്ഞു. ഒടുവില്‍ സഹികെട്ട് സ്വാമി പറഞ്ഞു, എങ്കില്‍ വരാന്‍ പറയൂ. പക്ഷേ പാട്ട് ഇഷ്ടമായാലേ തനിക്കൊപ്പം നിര്‍ത്തൂവെന്ന്. ഞാന്‍ മുന്‍പില്‍ നിന്നു പാടി. സ്വാമിക്ക് ഇഷ്ടമായി. അതെന്റെ ജീവിതത്തിലെ പുണ്യമായി മാറി. ഇതൊക്കെ ഒരു നിമിത്തമല്ലെങ്കില്‍ പിന്നെന്താണ്.

 

സംഗീതം ഇപ്പോഴും ഞാന്‍ പഠിക്കുന്നുണ്ട്. അത് വലിയ ഉത്തരവാദിത്തമുള്ള ജോലിയാണ്. പക്ഷേ എനിക്കു പലപ്പോഴും തോന്നിയിട്ടുള്ളത് എത്ര നാള്‍ പാട്ട് പഠിച്ചു എന്നതിനേക്കാള്‍ നമ്മുടെ കണ്ഠത്തില്‍ നിന്നു പുറത്തുവരുന്നത് എത്രമാത്രം ആളുകളെ സ്വാധീനിക്കുന്നവെന്നതിലാണ് കാര്യം. അവരുടെ ഇഷ്ടം കിട്ടുന്നതില്‍ സംഗീത പഠനം ഒരു വിഷയമേയല്ല. കലാഭവന്‍ മണിച്ചേട്ടന്റെ കാര്യം എടുത്തു നോക്കൂ...അദ്ദേഹം ആര്‍ക്കു കീഴിലും സംഗീതം പഠിച്ചൊരാള്‍ അല്ല. പക്ഷേ അദ്ദേഹത്തിനോടും ആ പാട്ടുകളോടും നമുക്കൊരു പ്രത്യേക ഇഷ്ടമില്ലേ. അത് എല്ലാവര്‍ക്കും കിട്ടുന്ന കാര്യമല്ല. പക്ഷേ സംഗീത പഠനം എന്നത് എപ്പോഴും നല്ലതാണ്. നമ്മുടെ അറിവ് കൂടുക എന്നത് എല്ലാ തലത്തിലും നമ്മള്‍ വളരുന്നൊരു പ്രോസസ് കൂടിയാണ്. 

‘ഗോവിന്ദൻ സാറും സുബ്രഹ്മണ്യൻ സാറും ഞങ്ങള്‍ രണ്ടുപേരുടെയും ഗുരുക്കൻമാരാണ്. ഇവരെ കൂടാതെ ജയന്തി ടീച്ചറിനു കീഴിലും ഇന്ദു സംഗീതം അഭ്യസിച്ചിട്ടുണ്ട്.’–മിഥുൻ പറഞ്ഞു

 

ഹരീഷ്, സിത്താര, രഞ്ജിത് മേലേപ്പാട്ട്...അങ്ങനെയങ്ങനെ

 

ഇവര്‍ മൂന്നാളും എന്റെ അടുത്ത സുഹൃത്തുക്കളാണ്. ഒരുപാട് ഇഷ്ടമുള്ള വ്യക്തികള്‍. സോഷ്യല്‍ മീഡിയയില്‍ ഞാനും ഹരീഷ് ചേട്ടനും രഞ്ജിത് ചേട്ടനും ചേര്‍ന്നുള്ള സംഗീത പരിപാടി അത്യാവശ്യം ശ്രദ്ധ നേടുന്നത്. ഇഷ്ടമായി, പ്രത്യേക ഫീല്‍ ആണ് എന്നൊക്കെ മെസേജുകള്‍ കിട്ടാറുണ്ട്. അതിന്റെ ക്രെഡിറ്റ് രഞ്ജിത് ചേട്ടനാണ്. അദ്ദേഹത്തിന്റെ ഫ്‌ളാറ്റില്‍ വച്ചാണ് ഈ പരിപാടിയൊക്കെ. സത്യം പറഞ്ഞാല്‍ ഇതിനു വേണ്ടി മാത്രമാണ് ആ ഫ്‌ളാറ്റ് തുറക്കുന്നതു തന്നെ. അദ്ദേഹമാണ് ഞങ്ങള്‍ കുറേ മ്യൂസിഷ്യന്‍സിനെ ഒന്നിപ്പിക്കുന്ന കണ്ണി. കടുത്ത സംഗീത ആരാധകരുടെ ഒരു കൂട്ടമാണ് അത്. അന്നേരം ഉള്ളിന്റെയുള്ളില്‍ നിന്നാണ് ആ പാട്ടുകളൊക്കെ വരിക. ഹരീഷ് ചേട്ടന്റെ കാര്യം പറയേണ്ടതില്ലല്ലോ. അത്രയ്്ക്കു വലിയ പ്രതിഭയാണ്. സിനിമ സംഗീത രംഗത്ത് വലിയ പാട്ടുകളൊന്നും പാടിയിട്ടില്ലെങ്കിലും ആളുകളുടെ മനസ്സില്‍ ചേക്കേറാന്‍ അദ്ദേഹത്തിനു കഴിഞ്ഞത് ആ കഴിവു കൊണ്ടാണ്. പിന്നെ സിത്താര ഞങ്ങള്‍ രണ്ടാളുടെയും ഏറ്റവും വലിയ പ്രചോദനമാണ്. ഇത്രമാത്രം കഠിനാധ്വാനിയായ, സംഗീതത്തില്‍ പുതിയ കാര്യങ്ങള്‍ പഠിക്കാന്‍ ആവേശമുള്ളൊരാളെ ഞാന്‍ കണ്ടിട്ടേയില്ല. എന്നെ ഗസലിലേക്ക് കൈപിടിച്ചയാള്‍ സിത്താരയാണ്. നിങ്ങള്‍ക്കു കഴിയും എന്ന് പറഞ്ഞ് മുന്നില്‍ നില്‍ക്കുന്നയാളാണ് സിത്താര.

 

മനസ്സില്‍

 

പിന്നണി ഗാനരംഗത്തെ കുറിച്ചാണെങ്കില്‍ കഴിഞ്ഞ വര്‍ഷം ആറോളം ഗാനങ്ങള്‍ പാടി. ഈ വര്‍ഷവും കുറച്ചു പാട്ടുകള്‍ പാടാനായി. കഴിഞ്ഞ വര്‍ഷം സിത്താരയോടൊപ്പം ചേര്‍ന്ന് ഉടലാഴം എന്ന സിനിമയ്ക്ക് സംഗീതം നല്‍കിയിരുന്നു. എനിക്കും ഇന്ദുവിനും അങ്ങനെ വലിയ കണക്കൂ കൂട്ടലുകള്‍ ഒന്നും തന്നെയില്ല. ഒരാളില്‍ നിന്നു കേള്‍ക്കുന്ന പാട്ടും അയാളില്‍ നിന്നു വരുന്ന സംഗീതവുമൊക്കെ എത്രയോ വര്‍ഷങ്ങളുടെ സാധനയുടെ ഫലമാണ്. ഒരു മഞ്ഞു മലയുടെ ഒരു ചെറു കണിക കാണുന്ന അത്രയേ നമ്മള്‍ അവരില്‍ നിന്ന് അറിയുന്നുള്ളൂ. പതിനഞ്ച് മിനിട്ട് മാത്രം നീളുന്നൊരു കച്ചേരി അവതരിപ്പിക്കാന്‍ എത്ര വര്‍ഷം നമ്മള്‍ പഠിക്കണം. അതുകൊണ്ട് അങ്ങനെ പഠിച്ച് ഈ രംഗത്തേക്ക് കടന്നുവരുന്ന ഓരോരുത്തരോടും ഇഷ്ടവും ബഹുമാനവുമേയുള്ളൂ. പുതിയ ആള്‍ക്കാര്‍ എപ്പോഴും വന്നാലല്ലേ പുതുസ്വരങ്ങള്‍ നമുക്ക് അറിയാനാകൂ. അങ്ങനെയുള്ള ഈ യാത്രയില്‍ ഒരു ചെറു ഇടം കിട്ടണം എന്നേയുള്ളൂ. സംഗീതവുമായി ബന്ധപ്പെട്ട് എന്ത് മുന്നിലേക്കു വന്നാലും കഴിയുന്നതാണെങ്കില്‍ ചെയ്യണം അതാണ് മനസ്സില്‍.

 

ഇഷ്ടം ഇവരോട്

 

സംഗീതത്തിലെ എല്ലാ പ്രതിഭകളോടും എനിക്കിഷ്ടമാണ്. അതിന് ഭാഷയോ നാടോ വ്യത്യാസമില്ല. ബാബുരാജ് മാഷിനേയും മൈക്കിള്‍ ജാക്‌സണേയും നുസ്രത് ഫത്തേ അലീഖാനേയും ഒരുപോലെയിഷ്ടം. ഇന്ദുവിനും അങ്ങനെ തന്നെ. പക്ഷേ അവള്‍ പറയുന്നത് ഞാന്‍ കുറച്ചു കൂടി സീരിയസ് സംഗീതമാണ് ആസ്വദിക്കുന്നത് എന്നാണ്. അവള്‍ക്ക് ലാല്‍ഗുഡിയുടെ കച്ചേരികളെല്ലാം വലിയ ഇഷ്ടമാണ്. അതിനേക്കാളുപരി ഹരീഷ് ചേട്ടന്‍ പാടിയ രംഗ്പുരവിഹാര എന്ന കീര്‍ത്തനത്തിന്റെ കവര്‍ കേട്ടുകൊണ്ടാണ് പലപ്പോഴും ഉണരുന്നതു തന്നെ. 

 

എല്ലാം ദക്ഷിണ

 

എന്റെ മകളുടെ പേരും ബാന്‍ഡിന്റെ പേരും ദക്ഷിണ എന്നാണ്. രണ്ടും ദക്ഷിണാമൂര്‍ത്തി സ്വാമിയെ അനുസ്മരിച്ചു കൊണ്ടുള്ളതാണ്. മകളെ ഇന്ദു അഞ്ചു മാസം ഗര്‍ഭം ധരിച്ചിരുന്നപ്പോഴായിരുന്നു സ്വാമി പോയത്. അത് ഒട്ടും പ്രതീക്ഷിക്കാത്തൊരു പോക്കായിരുന്നു. വേറെ കുറേ പേരുകളൊക്കെ അവള്‍ക്കായി നോക്കി വച്ചിരുന്നുവെങ്കിലും ഒടുവില്‍ ഈ പേരു മതിയെന്ന് തീരുമാനിക്കുകയായിരുന്നു.

 

സിത്താരയ്ക്കു പറയാനുള്ളത്

 

അവര് രണ്ടാളും ചേർന്നാല്‍ സംഗീതത്തില് മാജിക് തീര്‍ക്കാനാകും എന്ന് ഞാന്‍ എപ്പോഴും പറയാറുണ്ട്. അത്രമാത്രം ടാലന്റ്ഡ് ആണ്. ഇന്ദു അധ്യാപികയായും മിഥുന്‍ സംഗീതജ്ഞനായും ഒരുപോലെ തിളങ്ങുന്നു. ഞാനും മിഥുനും ഒരുപാട് വര്‍ഷത്തെ പരിചയക്കാരാണ്. സംഗീതപരിപാടികളൊക്കെയായി ഒന്നിച്ചു വളര്‍ന്നവര്‍. സംഗീതത്തില്‍ അപാര ജ്ഞാനമുള്ളൊരു കുട്ടി എന്നാണ് അന്നേ മിഥുന്റെ ടാഗ് ലൈൻ. എന്റെ ഫ്രണ്ട് എന്നതിനേക്കാൾ ഒരു സഹോദരനാണ് അവന്‍. ഇടയ്ക്ക് അവന്റെ ജീവിതത്തിലേക്ക് ഇന്ദു കൂടി വന്നു. എനിക്കൊരു സഹോദരിയെ പോലെ. എന്റെ മകളെ ശാസ്ത്രീയ സംഗീതം പഠിപ്പിക്കാന്‍ തീരുമാനിച്ചാല്‍ ഞാന്‍ ആദ്യം തിരഞ്ഞെടുക്കുന്ന പേര് ഇന്ദുവിന്റേതാണ്. മിഥുന്റെ സംഗീത ജീവിതത്തിന്റെ നെടുംതൂണാണ് ഇന്ദു. ഇടയ്ക്ക് മിഥുനൊപ്പം ഞാനൊരു ചിത്രത്തിനു സംഗീതം നല്കിയിരുന്നു. മാനസ്സികമായി ഞങ്ങള് എത്രമാത്രം ആഴത്തില് ചേര്ന്നുനില്ക്കുന്നുവെന്ന് മനസ്സിലാക്കിയ നാളുകളായിരുന്നു അത്. എന്റെ മനസ്സിലുള്ളത് ഞാന് പറയാതെ തന്നെ മനസ്സിലാക്കിയെടുത്ത് വായിച്ചും പാടിയും മിഥുന് കേള്പ്പിക്കുമായിരുന്നു.മിഥുനും ഇന്ദുവിനും മകള് ദക്ഷിണയ്ക്കും എന്നും സന്തോഷം നല്കണമെന്നത് എന്റെ പ്രാര്ഥനയില് നിത്യേനയുള്ള ഒരു കാര്യമാണ്

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com