sections
MORE

പുരുഷുവിന്റെ അനുഗ്രഹം വന്ന വഴി; ഇത് വേറെ ലെവൽ: ഗോപി സുന്ദർ പറയുന്നു

Gopisundar
SHARE

സംഗീതത്തിൽ സുരക്ഷിത സങ്കേതങ്ങൾ തേടിപ്പോകാത്ത സംഗീതജ്ഞനാണ് ഗോപിസുന്ദർ. സിനിമയുടെ വെള്ളിവെളിച്ചത്തിനു പുറത്തും സംഗീതവുമായി ബന്ധപ്പെട്ട പരീക്ഷണങ്ങളിലും കൂട്ടായ്മകളിലും സജീവമായി ഇടപെടുന്ന ഗോപിസുന്ദർ പുതിയൊരു സംരംഭത്തിന് തുടക്കമിട്ടിരിക്കുകയാണ്. അതാണ് 'ഗോപിസുന്ദർ ലൈവ് എൻസമ്പിൾ' എന്ന ബാൻഡ്.  അവസരങ്ങൾക്കും അർഹിക്കുന്ന അംഗീകാരത്തിനുമായി ഏറെ കഷ്ടപ്പെട്ടിരുന്ന ഒരു കാലത്തിന്റെ  വേദനയിൽ നിന്നാണ് കഴിവുള്ള പുതുതലമുറയ്ക്കായി ഇത്തരമൊരു വേദിയൊരുക്കണമെന്ന ആശയം ഗോപിസുന്ദറിന്റെ മനസിൽ നാമ്പിട്ടത്. "ഞാനൊക്കെ അനുഭവിച്ച വേദന ഇനി വരുന്ന ആളുകൾക്ക് ഉണ്ടാകരുത് എന്ന് എനിക്ക് ആഗ്രഹമുണ്ട്. ഒരു കഴിവും ആർക്കും ചോർത്തിക്കളയാൻ കഴിയില്ല. എല്ലാവരും മുൻപന്തിയിലേക്ക് വരണം. എല്ലാവർക്കും അവരുടെതായ ഇടം വേണം," ഗോപിസുന്ദർ പറയുന്നു. പുതിയ ബാൻഡിനെക്കുറിച്ചും അതിലേക്കു നയിച്ച വഴികളെക്കുറിച്ചും മനോരമ ഓൺലൈന് അനുവദിച്ച പ്രത്യേക അഭിമുഖത്തിൽ ഗോപിസുന്ദർ പങ്കുവച്ചു. 

 

ഇതൊരു ഗാനമേള സെറ്റപ്പ് അല്ല

ബാൻഡിന്റെ പേര് 'ഗോപിസുന്ദർ ലൈവ് എൻസമ്പിൾ' എന്നാണ്. ഇതിലൊരു ക്ലാസിക് സ്വഭാവമുണ്ട്. സ്റ്റൈലിങ് കൂടുതലുള്ള ബാൻഡ് ആണ്. എല്ലാ തരത്തിലുള്ള ആസ്വാദകരെയും ഉൾക്കൊള്ളുന്ന ബാൻഡ് തന്നെയാണ് ഇത്. അതിൽ പ്രായഭേദമൊന്നുമില്ല. എന്റെ പാട്ടുകളും മറ്റു സംഗീതസംവിധായകരുടെ പാട്ടുകളും പാടും. ഓരോ വേദികളിലും എന്താണോ അവിടെയുള്ള കാണികൾ ആഗ്രഹിക്കുന്നത്, അത്തരത്തിലുള്ള പാട്ടുകളാകും ബാൻഡിലൂടെ അവതരിപ്പിക്കുക. ഇതൊരു ഗാനമേള സെറ്റപ്പ് അല്ല. ആ കാറ്റഗറിയിൽ അല്ല ഇതു വരിക. സാധാരണക്കാർക്ക് പ്രാപ്യമായ ബജറ്റിലാണ് പ്രോഗ്രാമുകൾ ചെയ്യുന്നത്. നിലവാരത്തിൽ വിട്ടുവീഴ്ച വരുത്താതെയാണ് ഇതു നമ്മൾ ചെയ്യുന്നത്. സംഗീതം ജനങ്ങളിലേക്ക് എത്തിക്കുക എന്ന ആഗ്രഹത്തിലാണ് തുടങ്ങുന്നത്. അതുപോലെ, പുതിയ പാട്ടുകാർക്കും സംഗീതജ്ഞർക്കും അവസരം നൽകുക എന്നൊരു ആശയവും ഈ ഉദ്യമത്തിന് പിന്നിലുണ്ട്. 

ആ വേദന എനിക്ക് അറിയാം

ഞാൻ ഏകദേശം 14 വർഷത്തോളം അസോസിയേറ്റ് ആയി പ്രവർത്തിച്ചിട്ടാണ് മുഖ്യധാരയിലേക്ക് വന്നത്. ഒരുപാടു പേരുടെ അസിസ്റ്റന്റ് ആയും മറ്റും ജോലി ചെയ്തിട്ടുണ്ട്. ആ സമയത്തൊന്നും എന്റെ പേര് എവിടെയും വന്നിരുന്നില്ല. ഞാൻ ഉയർന്നു വരുന്നതിൽ നിന്ന് പലരും അടിച്ചു താഴ്ത്തിയിട്ടുണ്ട്. ഒന്നു പ്രോത്സാഹിപ്പിച്ചിരുന്നെങ്കിൽ കേറിപ്പോകുന്ന അവസരത്തിൽ പോലും മനഃപൂർവം മിണ്ടാതെ ഇരുന്നവരുണ്ട്. നമ്മൾ ആയിട്ടെന്തിനാ അവനെ കയറ്റി വിടുന്നത് എന്ന ദുഷ്ചിന്ത ഉണ്ടായിരുന്നവർ. അതു മനുഷ്യസഹജമാണ്. അതുള്ളവരാണ് സമൂഹത്തിൽ കൂടുതലും. ആ വേദന എനിക്കറിയാം. പുതിയ ആളുകൾക്ക് വളർന്നു വരാൻ അതിനാൽത്തന്നെ വലിയ ബുദ്ധിമുട്ടാണ്. കൂടാതെ കടുത്ത മത്സരമുള്ള രംഗമാണ്. ഇപ്പോൾ സാഹചര്യങ്ങൾ കുറച്ചെങ്കിലും മാറിയിട്ടുണ്ട്. ഒരു പാട്ടു ചെയ്ത് യുട്യൂബിൽ ഇട്ട്, അത് ഹിറ്റായാൽ ക്ലിക്ക് ആയി. അതിൽ നിന്നുള്ള വരുമാനം കൊണ്ടുപോലും ജീവിക്കാൻ പറ്റും. പണ്ട്, ഇത്തരം സാഹചര്യങ്ങൾ ഇല്ലല്ലോ! 

കഴിവുള്ളവർ വളരട്ടെ

പാട്ടിന്റെ ക്രെഡിറ്റ്സിൽ എന്റെ പേര് വരാതെ പോയ നിരവധി സിനിമകളുണ്ട്. ഇന്ന് ഒരു പാട്ടിന്റെ പിന്നണിയിൽ പ്രവർത്തിച്ച എല്ലാവരുടെയും പേരുകൾ നമ്മൾ കൊടുക്കാറുണ്ട്. ഒരു പാട്ടിന്റെ പിന്നണിയിൽ ആരുടെയൊക്കെ സംഭാവനകൾ ഉണ്ടെന്നു ജനങ്ങൾ അറിയണം. അതിനുള്ള അംഗീകാരം അവർക്ക് ലഭിക്കണം. ഇത് വെറുതെ പറഞ്ഞതുകൊണ്ട് ആയില്ല. പിന്നണിയിൽ ഏതൊരു സംഗീത ഉപകരണം വായിക്കുന്ന വ്യക്തി ആണെങ്കിലും അവർക്ക് ആ സംഗീതത്തിൽ പ്രാധാന്യമുണ്ട്. അത് അവർക്ക് നൽകുക തന്നെ വേണം. അതിന് ഞാനെപ്പോഴും ശ്രമിക്കാറുണ്ട്. എന്റെ യുട്യൂബ് ചാനലിൽ 'മി വിത്ത് പുലികൾ' എന്ന പേരിൽ ഞാനൊരു ഷോ ചെയ്യുന്നതു തന്നെ ഇത്തരത്തിലുള്ള ആളുകളെ പരിചയപ്പെടുത്താനാണ്. ഞാനൊക്കെ അനുഭവിച്ച വേദന ഇനി വരുന്ന ആളുകൾക്ക് ഉണ്ടാകരുത് എന്ന് എനിക്ക് ആഗ്രഹമുണ്ട്. ഒരു കഴിവും ആർക്കും ചോർത്തിക്കളയാൻ കഴിയില്ല. എല്ലാവരും മുൻപന്തിയിലേക്ക് വരണം. എല്ലാവർക്കും അവരുടെതായ ഇടം വേണം. 

വലിയ അവകാശവാദങ്ങളില്ല

ഗോപിസുന്ദർ എന്ന പേരുള്ളതുകൊണ്ട് ബാൻഡ് വലിയ ചെലവേറിയ പരിപാടിയൊന്നുമല്ല. എന്റെ ബ്രാൻഡ് വാല്യു അനുസരിച്ചുള്ള പണമൊന്നും ബാൻഡിന് ഈടാക്കുന്നില്ല. ഒരു പറ്റം ചെറുപ്പക്കാരായ സംഗീതജ്ഞരെ വളർത്താനുള്ള സംരംഭമാണ്. ബാൻഡിനെക്കുറിച്ച് വലിയ അവകാശവാദങ്ങൾ ഒന്നുമില്ല. ബാൻഡിന്റെ അവതരണം കണ്ട് അതു നല്ലതാണെങ്കിൽ പ്രേക്ഷകർ അതിനെ വിലയിരുത്തുകയും അതിന് അതിന്റേതായ രീതിയിൽ വളർച്ചയും തളർച്ചയും ഉണ്ടാവട്ടെ എന്നു മാത്രമാണ് ആഗ്രഹം. തളർന്നിട്ടുണ്ടെങ്കിൽ, തീർച്ചയായും അതു പരിഹരിക്കുന്നതിനു വേണ്ടി ശ്രമിക്കും. പ്രേക്ഷകർ കാണുകയാണെങ്കിൽ അതു ഇഷ്ടപ്പെടും എന്നാണ് എന്റെ വിശ്വാസം. ജനങ്ങൾക്ക് എന്റെ പാട്ടുകൾ ഇഷ്ടമാണ്. അവർക്ക് ഇഷ്ടമുള്ളതെ ഞാൻ ചെയ്യൂ എന്നും എനിക്കറിയാം. അത്ര മാത്രമെ ഗ്യാരണ്ടിയുള്ളൂ. ഇതുവരെ കാണാത്ത ഷോ ഒന്നുമല്ല ഇത്. പക്ഷേ, ഇതു കാണാൻ വരുന്നവർ സത്യമായിട്ടും എന്റെ വീട്ടിൽ ഒരു ചായ കുടിക്കാൻ വരുന്ന ഫീലിൽ ഈ ഷോ ആസ്വദിക്കാം. ഇതൊരു വലിയ സംഭവമേ അല്ല. 

പുരുഷുവിന്റെ അനുഗ്രഹം വന്ന വഴി

പ്രൊമോ വീഡിയോ യുട്യൂബിൽ റിലീസ് ചെയ്തപ്പോൾ ഏറ്റവും കൂടുതൽ ചർച്ചയായത് അതിലുള്ള പുരുഷു എന്ന വളർത്തുനായ ആണ്. എന്റെ വീട്ടിൽ നാലഞ്ച് പെറ്റ്സ് ഉണ്ട്. അതിൽ പ്രിയപ്പെട്ട ഒരു കക്ഷിയാണ് പുരുഷു എന്നു വിളിക്കുന്ന പുരുഷോത്തമൻ. ഷൂട്ടിന്റെ സമയത്ത് ഞാൻ വെറുതെ പുരുഷുവിനെ കൊണ്ടു പോയതാണ്. ആദ്യത്തെ പ്ലാനിങ്ങിൽ പുരുഷു ഉണ്ടായിരുന്നില്ല. പ്രൊമോ വിഡിയോ ഒറ്റ ഷോട്ടിലാണ് എടുത്തിരിക്കുന്നത്. രണ്ടു പ്രാവശ്യം ടെയ്ക്ക് എടുത്തിട്ടും ഷോട്ട് ശരിയായില്ല. ഒന്നുകിൽ ക്യാമറ തെറ്റും, അല്ലെങ്കിൽ ആർടിസ്റ്റിന്റെ ടൈമിങ് പോകും. മൂന്നാമത്തെ ടെയ്ക്കിലേക്ക് എത്തിയപ്പോൾ, ഇനി പുരുഷുവിന്റെ അനുഗ്രഹത്തോടെ തുടങ്ങാമെന്ന് ഞാൻ വെറുതെ പറഞ്ഞു. എന്നിട്ട്, പുരുഷുവിന് ഒരു ബിസ്കറ്റ് കൊടുത്തു കേറി വന്ന് ചെയ്യുന്ന രീതിയിൽ ശ്രമിച്ചു. ആ ടെയ്ക്ക് ഓകെ ആയി. അങ്ങനെ 'പുരുഷു എന്നെ അനുഗ്രഹിക്കണം' എന്ന ഡയലോഗും വച്ചു, പ്രൊമോ വിഡിയോ പുറത്തിറക്കി, ഗോപിസുന്ദർ പുഞ്ചിരിയോടെ പങ്കു വച്ചു. 

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN INTERVIEWS
SHOW MORE
FROM ONMANORAMA