തലക്കെട്ട് വായിച്ച് തെറ്റിദ്ധരിക്കപ്പെടരുത്; സത്യം ഇതാണ്, ഗായിക അഞ്ജു ജോസഫിന് പറയാനുള്ളത്

anju-joseph-image-1
SHARE

ഒരു അഭിമുഖത്തിൽ ഉന്നയിച്ച ഗോസിപ്പുകളെക്കുറിച്ചുള്ള ചോദ്യം അടുത്ത ഗോസിപ്പായി മാറുമെന്ന് സ്വപ്നത്തിൽ പോലും ഗായിക അഞ്ജു ജോസഫ് വിചാരിച്ചു കാണില്ല. പക്ഷെ, നടന്നത് അതായിരുന്നു. 'ഞാൻ ഒരു വിശ്വാസത്തിനും എതിരല്ല. എന്നാൽ എന്നെക്കുറിച്ച് ഇല്ലാത്ത കാര്യങ്ങൾ പ്രചരിപ്പിക്കുമ്പോൾ എനിക്ക് പ്രതികരിക്കാതിരിക്കാൻ കഴിയില്ല,' അഞ്ജു ജോസഫ് പറഞ്ഞു. കഴിഞ്ഞ കുറച്ചു ദിവസങ്ങളായി ഓൺലൈൻ മാധ്യമങ്ങളിൽ പ്രചരിക്കുന്ന തെറ്റിദ്ധാരണജനകമായ വാർത്തയെക്കുറിച്ച് അഞ്ജു ജോസഫ് മനോരമ ഓൺലൈനിന് അനുവദിച്ച പ്രത്യേക അഭിമുഖത്തിൽ തുറന്നു പറയുന്നു. 

അഞ്ചു വർഷം മുൻപു വന്ന ഗോസിപ്

ഞാൻ പ്രണയിച്ചാണ് വിവാഹം ചെയ്തത്. ഇപ്പോൾ വിവാഹം കഴിഞ്ഞിട്ട് അഞ്ചു വർഷമായി. അഞ്ചു വർഷത്തെ പ്രണയത്തിനു ശേഷമായിരുന്നു വിവാഹം. ആ സമയത്താണ് ഇങ്ങനെയൊരു ഗോസിപ് വന്നത്. അതായത്, ഞാൻ ഒളിച്ചോടി വിവാഹം കഴിച്ചെന്ന രീതിയിലുള്ള വാർത്തകൾ. എന്റെ നാട്ടിലൊക്കെയാണ് ഇതിനു കൂടുതൽ പ്രചാരം കിട്ടിയത്. ഞാൻ മതം മാറിയെന്നൊക്കെയുള്ള വാർത്തകൾ വരാൻ തുടങ്ങി. വീട്ടുകാരെ പള്ളിയിൽ വിളിപ്പിച്ച് ഇതൊക്കെ സത്യമാണോ എന്നു അന്വേഷിച്ചു. ഈ ഗോസിപ് വന്നിട്ടു തന്നെ അഞ്ചു വർഷം കഴിഞ്ഞു. 

തെറ്റിദ്ധരിപ്പിക്കുന്ന തലക്കെട്ട്

ഒരു ഓൺലൈൻ മാധ്യമത്തിന് അനുവദിച്ച അഭിമുഖത്തിൽ എന്നെക്കുറിച്ചുള്ള രസകരമായ ഗോസുപ്പുകളെക്കുറിച്ച് ചോദിച്ചിരുന്നു. അതിനു മറുപടിയായി ഞാൻ പറഞ്ഞ കാര്യങ്ങൾ വളച്ചൊടിച്ച് വേറെ ചില ഓൺലൈൻ മാധ്യമങ്ങൾ വാർത്തയാക്കുകയായിരുന്നു. എന്നിട്ട്, തെറ്റിദ്ധരിപ്പിക്കും വിധം തലക്കെട്ട് നൽകുകയും ചെയ്തു. ആളുകൾ തലക്കെട്ട് മാത്രം വായിച്ച് അതു സത്യമാണെന്ന് വിചാരിച്ച് ആ വിഡിയോക്ക് താഴെ കമന്റുകൾ ഇടാനും തുടങ്ങി. അതുകൊണ്ടാണ് ഇതിനു പിന്നിലെ കാര്യങ്ങൾ വിശദീകരിക്കാമെന്നു കരുതിയത്. 

ഇല്ലാത്ത കാര്യങ്ങൾ പ്രചരിപ്പിക്കുന്നതെന്തിന്?

അന്നും ഇക്കാര്യം കേൾക്കുമ്പോൾ എനിക്ക് വലിയ കൂസലൊന്നും ഉണ്ടായിരുന്നില്ല. പുറത്തിറങ്ങുമ്പോൾ പക്ഷെ, മാതാപിതാക്കളോടു ആളുകൾ ചോദിക്കുമായിരുന്നു. എന്നോടും പലരും നേരിട്ട് ചോദിച്ചിട്ടുണ്ട്. അവരോടു ഞാൻ സത്യം എന്താണെന്ന് പറയുകയും ചെയ്തിട്ടുണ്ട്. ആ സമയത്ത് യു.എസിൽ പരിപാടിക്ക് പോയപ്പോൾ വരെ എന്നോടു അവിടെയുള്ളവർ ഇക്കാര്യം ചോദിച്ചു. ആ ഗോസിപ് അത്രയും പ്രചരിച്ചെന്ന് അപ്പോഴാണ് എനിക്ക് മനസിലായത്. ഞാൻ ഒരു മതത്തിനും എതിരൊന്നും അല്ല. പക്ഷെ, ഇല്ലാത്ത കാര്യങ്ങൾ പ്രചരിപ്പിക്കുമ്പോൾ എനിക്ക് പ്രതികരിക്കാതിരിക്കാൻ കഴിയില്ല. 

വേദനിപ്പിക്കുന്ന കമന്റുകൾ

രണ്ടു ദിവസം മുൻപ് എന്റെ ഭർത്താവ് ഈ തെറ്റിദ്ധരിപ്പിക്കുന്ന വിഡിയോ കണ്ടിരുന്നു. അദ്ദേഹം അതത്ര കാര്യമാക്കിയില്ല. പക്ഷെ, ഇന്നലെ നോക്കുമ്പോൾ ആ വിഡിയോയുടെ താഴെ പല രീതിയിലുള്ള കമന്റുകൾ വന്നു കിടക്കുന്നു. 'അച്ഛനെയും അമ്മയെയും ഉപേക്ഷിച്ച് പോകുന്ന നിന്നോട് ദൈവം ചോദിക്കും' എന്ന തരത്തിലാണ് കമന്റുകൾ! പലരും വിഡിയോയുടെ തലക്കെട്ട് കണ്ട് തെറ്റിദ്ധരിച്ച് ഇടുന്നതാണ്. ഇതിനു കൂടുതൽ പ്രചാരം കിട്ടുന്നതിനു മുൻപ് കാര്യങ്ങൾക്ക് വ്യക്തത വരുത്തണമെന്നു തോന്നിയിട്ടാണ് പ്രതികരിച്ചത്. 

അത് അവസരങ്ങൾ നഷ്ടപ്പെടുത്തി

ഞാൻ ക്രിസ്ത്യൻ ഭക്തിഗാനങ്ങൾ പാടുന്ന ഒരു വ്യക്തിയാണ്. അന്ന് അങ്ങനെയൊരു വാർത്ത പ്രചരിച്ചതു മൂലം പല അവസരങ്ങളും എനിക്ക് നഷ്ടപ്പെട്ടിരുന്നു. പലരും ഞാൻ മതം മാറിയെന്ന് തെറ്റിദ്ധരിച്ചതു മൂലമാണ് അതു സംഭവിച്ചതെന്ന് പിന്നീടാണ് ഞാൻ തിരിച്ചറിഞ്ഞത്. ഇപ്പോൾ ഞാൻ അതെല്ലാം തമാശ ആയാണ് ഓർക്കുന്നതു പോലും! ഇതുവരെ ഞാൻ ആ ഗോസിപ്പിനെക്കുറിച്ച് പൊതു ഇടത്തിൽ വച്ച് പ്രതികരിച്ചിട്ടില്ല. പക്ഷെ, ഇപ്പോൾ ഒരു ഗോസിപ്പിനെക്കുറിച്ച് ഞാൻ പറഞ്ഞതു തന്നെ അടുത്ത ഗോസിപ്പായി ചില ഓൺലൈൻ മാധ്യമങ്ങൾ പ്രചരിപ്പിക്കുന്നത് കാണുമ്പോൾ പ്രതികരിച്ചു പോകുന്നതാണ്. 

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN INTERVIEWS
SHOW MORE
FROM ONMANORAMA