ഈ കൊച്ചുഗായിക നമുക്ക് അന്യമല്ല, വർഷ രഞ്ജിത്തിനെ പരിചയപ്പെടാം

varsha-singer-new-img
SHARE

കുട്ടികള്‍ക്കിന്ന് പാടി ഉയരാന്‍ സമയവും കാലവും പറഞ്ഞുവച്ച വേദികള്‍ കാത്തിരിക്കേണ്ട കാര്യമില്ല. ഡിജിറ്റല്‍ ലോകത്തെ പ്ലാറ്റ്ഫോമുകൾ അവര്‍ക്കായി വലിയൊരു വാതായനം തന്നെ തുറന്നിട്ടിരിക്കുന്നു. അതിലൂടെ ഒഴുകിയെത്തുന്ന പാട്ടുകള്‍, സ്വരഭംഗികള്‍ നമ്മെ പലപ്പോഴും അത്ഭുതപ്പെടുത്താറുണ്ട്. അത്തരത്തിലൊരു സ്വരമാണ് വര്‍ഷ രഞ്ജിത്തിന്റേത്. പിന്നണി ഗാനരംഗത്തും ശ്രദ്ധ നേടിയ വര്‍ഷയെ പക്ഷേ പാട്ടുപ്രേമികള്‍ക്ക് കൂടുതല്‍ അറിയുക യുട്യൂബ് വഴി തന്നെ. സംഗീത സംവിധായകന്‍ ശരത്തിന്റെ സഹോദരന്‍ രഞ്ജിതിന്റെ മകളാണ് വര്‍ഷ. രഞ്ജിതും സംഗീത രംഗത്ത് സജീവമാണ്. ഒമ്പതാം ക്ലാസില്‍ പഠിക്കുന്ന വര്‍ഷ, പ്രഭുദേവയുടെ ഏറ്റവും പുതിയ ചിത്രം പൊന്‍ മാണിക്യവേലില്‍ പാടിയ ഗാനവും അറബ് മേഖലയില്‍ ശ്രദ്ധേയായ ലെബനന്‍ ഗായിക നാന്‍സി അജ്‌റമിന്റെ അറബിക് ഗാനത്തിനൊരുക്കിയ കവര്‍ വേര്‍ഷനും യുട്യൂബില്‍ വന്‍ ഹിറ്റ് ആണ്. ചെറിയ പ്രായത്തിനുള്ളില്‍ നേടിയ സംഗീത നേട്ടങ്ങളെ കുറിച്ച് വര്‍ഷ സംസാരിക്കുന്നു.

ഇഷ്ടം പാട്ടിനോടു തന്നെ

അച്ഛനും അമ്മയും സംഗീത രംഗത്തു തന്നെയാണ്. അമ്മ സംഗീതത്തില്‍ ബിരുദധാരിയാണ്. അച്ഛന്‍ രണ്ടു സിനിമകള്‍ക്ക് സംഗീതം നല്‍കിയിട്ടുണ്ട്. അതിനേക്കാളുപരി സംഗീതത്തെ അങ്ങേയറ്റം സമർപ്പണത്തോടെയാണ് സമീപിക്കുന്നത്. ഇന്നും അദ്ദേഹം ഏറ്റവും നല്ലൊരു സംഗീത വിദ്യാര്‍ഥിയെ പോലെയാണ്. അച്ഛന്‍ സ്വന്തമായി കുറേ സംഗീതോപകരണങ്ങള്‍ പഠിച്ചെടുത്തിട്ടുണ്ട്. എനിക്ക് പാട്ടുകള്‍ തിരഞ്ഞെടുത്ത് തരുന്നതും ഏറ്റവും കൂടുതൽ പ്രോത്സാഹനം തരുന്നതും അച്ഛന്‍ തന്നെയാണ്. അമ്മയും ജ്യേഷ്ഠൻ വിശാഖും ഒപ്പമുണ്ട്. ജ്യേഷ്ഠനും പാടുകയും സംഗീതോപകരണങ്ങൾ വായിക്കുകയും ചെയ്യും. 

പാട്ടിന്റെ വഴിയിലേക്ക്

ഞാന്‍ രണ്ടര വയസ്സ് മുതൽ പാടിത്തുടങ്ങിയതാണ്. രമേശ് വിനായകം ഈണമിട്ട പാട്ടാണ് ആദ്യമായി പാടിയത്. അതിനുശേഷം വിദ്യാസാഗര്‍ ഈണമിട്ട പുള്ളിപ്പുലികളും ആട്ടിന്‍കുട്ടിയും എന്ന ചിത്രത്തിലെ ടൈറ്റില്‍ ഗാനം പാടി. ഏഴ് വയസ്സുള്ളപ്പോഴാണ് ‘തീകുളിക്കും പച്ചൈമരം’ എന്ന ചിത്രത്തില്‍ പാടുന്നത്. അതിനുശേഷം വിദ്യാസാഗര്‍ സാറിന്റെ സംഗീതത്തില്‍ ‘ആരുത്ര’ എന്ന ചിത്രത്തിലും പാടി. അച്്ഛന്‍ ഈണമിട്ട ‘സെമ്മരിആട്’, പുതിയ ചിത്രമായ ‘എണ്‍പതുകളിലെ ഏഭ്യന്‍മാര്‍’ എന്നീ രണ്ടു സിനിമകളിലും കൂടി ഒരു സോളോ ഉൾപ്പെടെ മൂന്നു പാട്ടുകൾ പാടി. ഇപ്പോള്‍ ഡൊണാള്‍ഡ് ഈണമിട്ട ഇന്‍ഷാ, ഔസേപ്പച്ചന്‍ സാർ സംഗീതം നല്‍കിയ ഒരു തമിഴ് ചിത്രം എന്നിവയിലും പാടിയിട്ടുണ്ട്. അവ പുറത്തിറങ്ങാനുള്ള സിനിമകളാണ്. ഭക്തിഗാന ആല്‍ബങ്ങള്‍ ധാരാളം പാടിയിട്ടുണ്ട്. മലയാളം, തമിഴ്, തെലുങ്ക്, കന്നഡ എന്നീ ഭാഷകളില്‍ വിവിധ ഗാനങ്ങളും പാടാന്‍ സാധിച്ചു. 

വല്യച്ഛന്റെ ക്ലാസ്, അമ്മയുടെയും

സംഗീത പഠനം ആരംഭിച്ചിട്ട് കുറച്ചേ ആയിട്ടുള്ളൂ. ബിന്നി കൃഷ്ണകുമാര്‍  അവറുകള്‍ക്കു കീഴിലാണ് പഠിച്ചു തുടങ്ങിയത്. എന്റെ ചെറുപ്പത്തില്‍ അമ്മ സംഗീതം പഠിപ്പിച്ചിരുന്നു. എനിക്കും വാസനയുണ്ട് എന്നു തിരിച്ചറിഞ്ഞ അച്ഛന്‍, അമ്മയെ തന്നെയാണ് ആദ്യം ഗുരുവാക്കിയത്. പക്ഷേ അന്ന് കുസൃതി ആയിരുന്ന ഞാന്‍ അമ്മയെ എന്റെ ശിഷ്യയാക്കി. പിന്നെ വര്‍ഷങ്ങളോളം ഗുരുമുഖത്തു നിന്ന് കൃത്യമായ പഠനം ഉണ്ടായില്ല. വീട് മുഴുവന്‍ സംഗീതം ആയതുകൊണ്ടും അച്ഛന്‍ തന്നെ സ്വന്തമായി സംഗീതോപകരണങ്ങള്‍ പഠിച്ചെടുക്കുന്നതു കണ്ടും വളര്‍ന്നതു കൊണ്ട് എപ്പോഴും സംഗീതം ചുറ്റിലുമുണ്ടായിരുന്നു. ചിട്ടയായി പഠിച്ചിരുന്നില്ല എങ്കിലും വളരെ സീരിയസായി സംഗീതം മുന്നോട്ടു കൊണ്ടുപോയിരുന്നു. യൂകലേലി, ഗിത്താര്‍, കജൂര്‍ മാന്‍ഡലിന്‍ തുടങ്ങിയ സംഗീതോപകരണങ്ങളൊക്കെ ഇതിനിടയില്‍ പഠിച്ചെടുത്തു. ഗുരുമുഖത്തിരുന്ന് പഠിച്ചില്ലെങ്കിലും സംഗീത പഠനം ഉണ്ടായിരുന്നുവെന്ന് പറഞ്ഞത് അതുകൊണ്ടാണ്. പക്ഷേ ഇപ്പോള്‍ അച്ഛനു തോന്നി അങ്ങനെയൊരു പഠനത്തിന്റെ ആവശ്യം ഉണ്ട്, ഇവളെ അങ്ങനെ വിട്ടാല്‍ പറ്റില്ലല്ലോ എന്ന്. അങ്ങനെയാണ് സംഗീതം പഠിപ്പിക്കാന്‍ ചേര്‍ത്തത്. സംഗീത പഠനവും സ്‌കൂളിലെ പഠനവും നന്നായി മുന്നോട്ടുപോകുന്നു. ബാലലോക് മെട്രിക്കുലേഷന്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ ഒമ്പതാം ക്ലാസിലാണ് പഠിക്കുന്നത്. 

ആ ഹിറ്റുകള്‍

നാന്‍സി അജ്‌റമിന്റെ പാട്ടുകള്‍ പാടി ഹിറ്റ് ആയതാണ് എനിക്കു കിട്ടിയ ഏറ്റവും വലിയ സര്‍പ്രൈസും പ്രോത്സാഹനവും. വളരെ യാദൃശ്ചികമായാണ് അച്ഛനിലൂടെ അവരുടെ പാട്ടുകളെ പരിചയപ്പെടുന്നത്. എല്ലാ ഗാനങ്ങളും ഇഷ്ടമായതോടെ പഠിച്ചെടുത്ത് പാടാന്‍ കൗതുകം തോന്നി. വളരെ വര്‍ഷങ്ങള്‍ക്കു മുന്‍പ് അച്ഛന്‍ തുടങ്ങിയ യുട്യൂബ് ചാനലാണ് എന്റെയും ചേട്ടന്റെയും തട്ടകം. എങ്കിലും അടുത്ത കാലത്താണ് സീരിയസായി പാട്ട് അതില്‍ അപ്്ലോഡ് ചെയ്തു തുടങ്ങിയത്. ഈ പാട്ടുകള്‍ പഠിച്ചെടുത്ത് യുട്യൂബില്‍ റിലീസ് ചെയ്യാന്‍ തീരുമാനിച്ചപ്പോള്‍ ആദ്യം നടക്കുമോ എന്നു തന്നെയായിരുന്നു മനസ്സില്‍. അറബ് അധികം പരിചയമില്ലാത്ത ഭാഷയാണ്. പക്ഷേ ഞങ്ങളുടെ കുടുംബ സുഹൃത്തായ അഭിജിത് ചേട്ടന്‍ എല്ലാത്തിനും സഹായം നല്‍കി. അദ്ദേഹം അറബ് നാട്ടിലാണ് പഠിച്ചതൊക്കെ. ആ കവര്‍ വേര്‍ഷന്‍ യുട്യൂബില്‍ റിലീസ് ചെയ്യുമ്പോള്‍ വലിയ സന്തോഷമായിരുന്നു. ഒരു ദിവസം വീട്ടിലിരിക്കുമ്പോള്‍ ഒരു കോള്‍ വന്നു അറബ് നാട്ടിലെ ചാനലുകളില്‍ ഈ കവര്‍ വേര്‍ഷനെ കുറിച്ച് വാര്‍ത്ത വന്നു. അതിനേക്കാളുപരി നാന്‍സി അജ്‌റം അവരുടെ സോഷ്യല്‍ മീഡിയ പേജില്‍ ഈ പാട്ട് ഷെയര്‍ ചെയ്തു എന്ന്. എത്രമാത്രം സന്തോഷം ആയി എന്നു പറഞ്ഞറിയിക്കാനാകില്ല. എന്നെ സംബന്ധിച്ച് അത് വലിയൊരു കാര്യമാണ് . ഡി.ഇമ്മന്‍ സാറിന്റെ സംഗീതത്തിലാണ് പ്രഭുദേവ ചിത്രമായ പൊന്‍മാണിക്യ വേലില്‍ പാടിയത്. ആ പാട്ടും ഹിറ്റ് ആണ്. 

റിയാലിറ്റി ഷോകളോടുള്ള സമീപനം

റിയാലിറ്റി ഷോകളില്‍ പങ്കെടുക്കാമോ എന്നു ചോദിച്ച് രണ്ടു മൂന്നു ക്ഷണം വന്നിരുന്നു. എനിക്കെന്തോ അത്തരമൊരു മത്സരത്തോട് താല്‍പര്യമില്ല. അതുകൊണ്ട് വീട്ടിലും നിര്‍ബന്ധിച്ചില്ല. എന്നെ സംബന്ധിച്ച് എനിക്ക് പാട്ട് മത്സരിച്ച് നേടാനുള്ളൊരു സംഗതിയല്ല. ജനിച്ചപ്പോൾ മുതൽ ചുറ്റുമുള്ള ഒന്നല്ലേ. പിന്നെ നമ്മള്‍ സമര്‍പ്പണത്തോടെ സമീപിച്ചാല്‍ നേരത്തെ പറഞ്ഞതു പോലെ അപ്രതീക്ഷിതമായ അഭിനന്ദനങ്ങള്‍ സംഗീതം നമുക്ക് തരും. വേറൊരു കാര്യം, ഞാന്‍ പഠിക്കുന്ന സ്‌കൂളില്‍ ഇപ്പോഴൊക്കെയാണ് കുറച്ചെങ്കിലും പാട്ടു പാടുന്നതിന് പ്രോത്സാഹനം തന്നു തുടങ്ങിയത്. റിയാലിറ്റി ഷോകളില്‍ പോയാല്‍ ഒരുപാട് ക്ലാസുകള്‍ നഷ്ടമാകും. അതിനു സാധിക്കില്ല. അത് മറ്റൊരു കാരണം.

ഭാവി പരിപാടികൾ

സംഗീതം എന്നും എനിക്കൊപ്പം കാണും. ഡോക്ടര്‍ ആകണം, അതിനൊപ്പം പാട്ടും കൊണ്ടുപോകണം എന്നാണ് ആദ്യമൊക്കെ വിചാരിച്ചിരുന്നത്. പ്രൊഫഷനും പാട്ടും ഒപ്പം കൊണ്ടുപോകുക പ്രയാസമാണ്. അതുകൊണ്ട് മറ്റേതെങ്കിലും പ്രൊഫഷന്‍ തിരഞ്ഞെടുക്കണം എന്നൊക്കെയാണ് ഇപ്പോഴത്തെ ചിന്ത. നാളെ എന്താകും എന്ന് അറിയില്ല. എന്തായാലും പാട്ട് സീരിയസായി മുന്നോട്ടു കൊണ്ടുപോകും.

വല്യച്ഛന്റെ സംഗീതം

അറിയാമല്ലോ വല്യച്ഛന്‍ സംഗതികളുടെ ആളാണ്. ഓരോ പാട്ടിനെയും ഇഴകീറിയാണ് സംസാരിക്കാറ്. ഞാന്‍ യുട്യൂബില്‍ ഓരോ പാട്ട് അപ്്ലോഡ് ചെയ്യുമ്പോഴും വല്യച്ഛനെ കാണിക്കാറുണ്ട്. നന്നായിട്ടുണ്ട് മോളേ എന്നു പറഞ്ഞ് പ്രോത്സാഹിപ്പിക്കുന്നതിനോടൊപ്പം നല്ല വിലയിരുത്തലും നടത്തും. എങ്കിലും അച്ഛനാണ് എന്റെ ഏറ്റവും വലിയ പ്രോത്സാഹനവും വിമര്‍ശനവുമൊക്കെ. ഞാന്‍ പാടുന്നതിനോടുള്ള അച്ഛന്റെ ആവേശമാണ് എന്നെ മുന്നോട്ടു നയിക്കുന്നത്. അച്ഛനിലൂടെ പരിചയപ്പെട്ട സംഗീത വ്യക്തിത്വങ്ങളാണ് പാട്ടിനെ ഏറെ സീരിയസായി കാണാന്‍ പ്രേരിപ്പിച്ചത്.

ഇഷ്ടങ്ങള്‍

സുജാത ആന്റി, ചിത്ര ആന്റി എന്നിവരെയൊക്കെ എത്രയോ വര്‍ഷമായി അറിയാം. ഞങ്ങളുടെ ജീവിതവുമായി അവരൊക്കെ ഏറെ അടുത്ത് നില്‍ക്കുന്നവരാണ്. അവരുടെ എല്ലാ ഗാനങ്ങളും ഇഷ്ടമാണ്. പക്ഷേ ഞാന്‍ ആരുടെ ആരാധികയാണെന്നു ചോദിച്ചാല്‍ ഉത്തരം ശ്രേയ ഘോഷാല്‍ എന്നാണ്.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN INTERVIEWS
SHOW MORE
FROM ONMANORAMA