ADVERTISEMENT

മൃതവർഷിണി പാടുകയായിരുന്നു മന്ദ്രസ്ഥായിയിൽ പ്രഭാതമഴ. പെട്ടെന്ന് വെയിലുദിച്ചു. മഴയുടെ സ്ഫടികതന്ത്രികളിൽ പുലർവെയിലിന്റെ വിരലോടുന്നു. കരിംപച്ചപ്പായൽ പടർന്ന വെട്ടുകൽമതിലിലും മുറ്റത്തിനതിരിൽ തെഴുത്തു കിടന്ന കോളാമ്പിച്ചെടിയുടെ ഇളംപച്ചയിലകളിലും വെയിലും മഴയും ചേർന്ന രാഗമാലിക. ഇലകളിലെ ഇളംവെയിലിൽ വീണ് വജ്രത്തരികൾപോലെ തിളങ്ങിച്ചിതറുന്ന മഴ കൗതുകത്തോടെ കണ്ടുനിൽക്കുന്ന പെൺകുട്ടിയോട് ആദ്യത്തെ ചോദ്യം: ഈ മഴ ഏതു രാഗത്തിലാണ്?

സൂര്യഗായത്രി ഇങ്ങനെ ഉത്തരം പറഞ്ഞു: ‘പെട്ടെന്നു കേട്ടാൽ അറിയില്ല. കുറേനേരം കേട്ടിരുന്നാൽ, ഓരോ നേരത്തും ഓരോ രാഗം.’ 

സൂര്യഗായത്രിയുടെ പാട്ടും അങ്ങനെയാണ്. ചിലർക്കു സംഗീതത്തിന്റെ മാസ്മരികത, ചിലർക്ക് സങ്കടങ്ങൾ കഴുകിനീക്കുന്ന പ്രവാഹം, മറ്റു ചിലർക്ക് ഭക്തിയുടെ ആനന്ദം.

വടകരയ്ക്കടുത്ത് പുറമേരി ഗ്രാമക്കാരിയാണ് സൂര്യഗായത്രി. കടത്തനാട് രാജാസ് ഹൈസ്കൂളിലെ ഒൻപതാംതരം വിദ്യാർഥിനി. മൃദംഗവിദ്വാൻ അനിൽകുമാറിന്റെയും കവയിത്രി പി.കെ. ദിവ്യയുടെയും മകൾ. സാക്ഷാൽ എം.എസ്. സുബ്ബലക്ഷ്മിയുടെ പിൻമുറക്കാരിയെന്നാണ് ആരാധകർ നൽകുന്ന വിശേഷണം. ദക്ഷിണേന്ത്യയിലെ പ്രധാന സംഗീതസഭകളിലെല്ലാം പാടിയ സൂര്യഗായത്രിയുടെ പാട്ടുകൾ യുട്യൂബിൽ തരംഗമാണ്. ഓരോ പാട്ടും കോടിക്കണക്കിനു തവണയാണ് ആസ്വാദകർ കണ്ടിരിക്കുന്നത്. കലോൽസവങ്ങളിലും റിയാലിറ്റി ഷോകളിലുംനിന്ന് അകന്നു നിൽക്കുന്ന, എംഎസ് അമ്മയാണു വലിയ പ്രചോദനവും വഴിവിളക്കുമെന്നു പറയുന്ന സൂര്യഗായത്രിയുമായുള്ള വർത്തമാനം. 

ദിവസവും എത്രയോ പേരാണ് സൂര്യഗായത്രിയുടെ പാട്ടു കേൾക്കുന്നത്. എന്തുതോന്നുന്നു?

ഒരുപാടു സന്തോഷം തോന്നുന്നു എല്ലാവർക്കും ഇഷ്ടപ്പെടുന്ന രീതിയിൽ പാടാൻ പറ്റുന്നതിൽ. ഒരുപാടു പേരുടെ അനുഗ്രഹമില്ലാതെ ഇങ്ങനെയൊന്നും  സംഭവിക്കില്ല. എല്ലാവരുടെയും അനുഗ്രഹവും പിന്തുണയുമുണ്ടാവണം. 

ജൂനിയർ എം.എസ്. സുബ്ബലക്ഷ്മി എന്നാണ് ആരാധകർ വിളിക്കുന്നത്. 

അങ്ങനെ കേട്ടിട്ടുണ്ട്. ഞാൻ ആദ്യമായിട്ടു പാടിയത് ഹനൂമാൻ ചാലിസയാണ്. അത് എംഎസ് അമ്മ പാടി വലിയ രീതിയിലാക്കിവച്ചിട്ടുണ്ട്. അത് ഇങ്ങനെയേ പാടാൻ പറ്റൂ എന്നൊന്നും എനിക്കറിയില്ലായിരുന്നു. എന്റെ എക്കാലത്തെയും ഇൻസ്പിറേഷൻ എംഎസ് അമ്മ തന്നെയാണ്. അതുകൊണ്ടുതന്നെ ഒരുപാടു സന്തോഷമുണ്ട്.

എം.എസ്. അമ്മയുടെ ഏതു പാട്ടാണ് കൂടുതൽ ഇഷ്ടം? 

surya-gayathri-1

അമ്മയുടെ സിനിമാ ഗാനങ്ങളിൽ ഇഷ്ടം ഭക്തമീരയിലെ ‘കാട്രിനിലേ വരും ഗീതം’ ആണ്. ഞാനത് ഇടയ്ക്കിടയ്ക്കു കേൾക്കാറുണ്ട്. പിന്നെ ജ്ഞാനപ്പാന. അത് എംഎസ് അമ്മ മുഴുവൻ പാടിയിട്ടില്ല. മൂന്നു സ്റ്റാൻസയോളമാണ് പാടിയിട്ടുള്ളത്. ഞാനത് ലൈവിൽ പാടാറുണ്ട്. പിന്നെ ‘കുറൈ ഒൻട്രും ഇല്ലൈ’. അമ്മയുടെ കച്ചേരികളും കേൾക്കാറുണ്ട്.

പാട്ടിനോട് ഇഷ്ടം തുടങ്ങിയത് എപ്പോഴാണെന്നോർക്കുന്നുണ്ടോ? 

അച്ഛൻ മൃദംഗം ആർട്ടിസ്റ്റായതുകൊണ്ടുതന്നെ വീട്ടിൽ എപ്പോഴും പാട്ടുണ്ട്. അതിങ്ങനെ കേട്ടുകേട്ടിരിക്കുകയാണല്ലോ. എനിക്ക് പാട്ട് ഇഷ്ടമാണെന്നു കണ്ടുപിടിച്ചത് അച്ഛനും അമ്മയുമാണ്. ഒന്നു പാടൂ എന്നു പറഞ്ഞ് അച്ഛനിങ്ങനെ എന്നെക്കൊണ്ടു പാടിച്ചുകൊണ്ടിരിക്കും. ഞങ്ങളൊരുമിച്ച് ബൈക്കിൽ പോകുമ്പോ അച്ഛൻ എനിക്കു പാടിത്തരും. ഞാൻ തീരെ ചെറുതായിരുന്നപ്പോ ബൈക്കിൽ മുന്നിലിരുത്തി അച്ഛൻ പാടിക്കുമായിരുന്നെന്നു കേട്ടിട്ടുണ്ട്. എനിക്കത്ര ഓർമയില്ല. അഞ്ചുവയസ്സു തൊട്ട് പാട്ടു പഠിക്കാൻ തുടങ്ങി. 

ഗുരുക്കന്മാരെപ്പറ്റി?

ഞാൻ പഠിച്ചുതുടങ്ങിയത് നിഷാന്ത് സാറിന്റെ അടുത്താണ്. നാദാപുരത്താണ് അദ്ദേഹം. ഇപ്പോഴും അദ്ദേഹത്തിന്റെ അടുത്ത് പഠിക്കുന്നുണ്ട്. നാലു വർഷമായി കോഴിക്കോട് എസ്. ആനന്ദി ടീച്ചറിന്റെ അടുത്തും പഠിക്കുന്നുണ്ട്. പിന്നെ കുൽദീപ് ഏട്ടന്റെ അടുത്തും പഠിക്കുന്നുണ്ട്. റെക്കോർഡിങ്ങും യുട്യൂബിലേക്കു വേണ്ട കാര്യങ്ങളുമൊക്കെ ചെയ്യുന്നത് അദ്ദേഹമാണ്. എന്റെ മെന്റർ എന്നുതന്നെ പറയാം. വോക്കൽ ട്രെയിനിങ്ങിനായി ചെന്നൈയിൽ ശ്യാമള വിനോദ് മാഡത്തിന്റെ അടുത്തു പോകുന്നുണ്ട്. 

കുൽദീപ്  എം. പൈയുമായുള്ള പരിചയം?

കുൽദീപ് ഏട്ടനെ ആദ്യം കാണുന്നത് ഒരു മൂന്നു വയസ്സൊക്കെ ഉള്ളപ്പോഴാണ്. വളരെ ചെറിയൊരു ഓർമയുണ്ട്. അച്ഛനും അദ്ദേഹവും മുൻപു തന്നെ  നല്ല സുഹൃത്തുക്കളാണ്. അച്ഛൻ അദ്ദേഹത്തിനു വേണ്ടി മൃദംഗം വായിച്ചിട്ടുണ്ട്. എനിക്കു വലിയ പരിചയമില്ലെങ്കിലും അച്ഛൻ പറഞ്ഞ് അറിയാമായിരുന്നു. അന്ന് സംസാരിച്ചിട്ടൊന്നുമില്ല. ഞാൻ രണ്ടിലോ മൂന്നിലോ പഠിക്കുന്ന സമയത്ത് പാടിയ ഒരു പാട്ട് അച്ഛൻ കുൽദീപ് ഏട്ടന് അയച്ചുകൊടുത്തിരുന്നു. പിന്നെയൊരു രണ്ടു വർഷം കഴിഞ്ഞ് ഒരു മൊബൈൽ കമ്പനിക്കു വേണ്ടി ഹനൂമാൻ ചാലിസ പാടിക്കാൻ അദ്ദേഹം ആളെ അന്വേഷിക്കുന്ന സമയത്താണ് എന്റെ പാട്ടിന്റെ ഓഡിയോ ക്ലിപ്പിനെപ്പറ്റി ഓർമ വന്നത്. അച്ഛനെ വിളിച്ച് എന്നെക്കൊണ്ടു പാടിക്കണമെന്നു പറഞ്ഞു. എം.എസ്. അമ്മയുടെ വേർഷൻ കേട്ടാണ് അതു പഠിച്ചത്. ഒരാഴ്ച കൊണ്ടു പഠിച്ചു റെക്കോർഡ് ചെയ്തെങ്കിലും അത്ര നന്നായി വന്നില്ല. അപ്പോൾ കുൽദീപ് ഏട്ടൻ പറഞ്ഞു, 108 ദിവസം അത് ഉപാസന പോലെ ചൊല്ലിയിട്ട് 109 ാമത്തെ ദിവസം റെക്കോർഡ് ചെയ്യാമെന്ന്. അങ്ങനെ ചെയ്തു. ആ വേർഷനാണ് ഇപ്പോൾ യുട്യൂബിലുള്ളത്. ആദ്യം റെക്കോർഡ് ചെയ്തത് ഹനൂമാൻ ചാലിസയാണെങ്കിലും ആദ്യം റിലീസ് ചെയ്തത് ഗണേശപഞ്ചരത്നമായിരുന്നു. 

കലോൽസവത്തിനോ റിയാലിറ്റി ഷോകളിലോ ഇല്ലല്ലോ? 

അഞ്ചാം ക്ലാസുവരെ കലോൽസവത്തിൽ പങ്കെടുത്തിരുന്നു. പാട്ടിനെ ഒരു ഡിവൈൻ കാര്യമായാണ് ഞാൻ കാണുന്നത്. അതിൽ മൽസരിക്കണ്ടാ എന്നു കരുതിയാണ് പോകാത്തത്. തിരുവണ്ണാമലയിലെ നൊച്ചൂർ വെങ്കിട്ടരാമൻ സ്വാമിജിയെ കാണാൻ പോയപ്പോൾ അദ്ദേഹം പറഞ്ഞു, മൽസരത്തിനൊന്നും നിൽക്കണ്ടാ, പ്രോഗ്രാമൊക്കെയുണ്ടല്ലോ, പിന്നെന്തിനാ, വേറേ കുട്ടികൾ പാടിക്കോട്ടെ എന്ന്. അപ്പൊ ഞാൻ അമ്മയോടും അച്ഛനോടും പറഞ്ഞു, ഇനി മൽസരത്തിനൊന്നും പാടുന്നില്ല എന്ന്. ആദ്യമൊക്കെ സ്കൂളിലെ ടീച്ചർമാർ അതെന്താ എന്നു ചോദിച്ചു. ഇപ്പോൾ മൽസരിക്കാറില്ലെങ്കിലും സ്കൂളിലെ കൂട്ടുകാർ ഗ്രൂപ്പ് ഐറ്റത്തിനൊക്കെ മൽസരിക്കുമ്പോൾ അവരെ സപ്പോർട്ട് ചെയ്യാൻ പോവാറുണ്ട്. 

രാഹുൽ വെള്ളാളുമായി ചേർന്നുള്ള പാട്ടുകൾക്ക് ധാരാളം ആരാധകരുണ്ട്.

soorya-gayathri-2

രാഹുൽ ബെംഗളൂരുവിലാണ്. റെക്കോർഡിങ്ങിനൊന്നും തമ്മിൽ കാണാറില്ല. ഷൂട്ടിങ് സമയത്താണ് കാണുക. ആദ്യം ഞങ്ങൾ ഒരുമിച്ചു പാടിയത് ‘ബ്രഹ്മമൊകടേ’ എന്ന അന്നമയ്യ കൃതിയാണ്. അന്നാണ് ഞങ്ങൾ ആദ്യമായി കാണുന്നത്. ഇപ്പൊ നല്ല ഫ്രണ്ട്സാണ്.

ആദ്യത്തെ കച്ചേരി?

ആദ്യത്തെ കച്ചേരി ചെയ്യുന്നത് ഒൻപതാമത്തെ വയസ്സിലാണ്. അതിനു മുമ്പ് യുട്യൂബിൽ ഗണേശപഞ്ചരത്നം ചെയ്തിരുന്നു. കോഴിക്കോട് തളി മഹാഗണപതി ക്ഷേത്രത്തിലായിരുന്നു കച്ചേരി. അത് ഒന്നര മണിക്കൂറായിരുന്നു.

തിരുപ്പതി ബ്രഹ്മോൽസവത്തിനു പാടാൻ വിളി വന്നത് അപ്രീതീക്ഷിതമായാണെന്നു കേട്ടിട്ടുണ്ട്.

എന്റെ ഗുരു ആനന്ദി ടീച്ചർ എന്നെ ആദ്യമായി പഠിപ്പിച്ച അന്നമയ്യ കീർത്തനമാണ് ‘ഭാവമുലോനാ’. അതു പഠിപ്പിച്ചിട്ട് ടീച്ചർ എന്നോടത് നല്ലവണ്ണം പഠിക്കണമെന്നു പറഞ്ഞു. വലിയൊരു ആർട്ടിസ്റ്റായി തിരുപ്പതിയിലെ നാദനീരാജനം സ്റ്റേജിലൊക്കെ പാടാൻ അവസരം കിട്ടട്ടെ എന്നും പറഞ്ഞു. അതു ഞാൻ വീട്ടിൽവന്നു പ്രാക്ടീസ് ചെയ്തു നോക്കി. പിറ്റേന്ന് തിരുപ്പതിയിൽനിന്ന് അമ്മയെ വിളിച്ചു. പാടാൻ ചെല്ലണമെന്നു പറഞ്ഞു. ഒരുപാട് സന്തോഷം തോന്നി. അപ്പൊത്തന്നെ ടീച്ചറെ വിളിച്ചു പറഞ്ഞു.

സ്വാധീനിച്ച, ഇഷ്ടം തോന്നുന്ന പാട്ടുകാർ ആരൊക്കെയാണ്? 

ഓരോ കാര്യങ്ങളിലും ഓരോരുത്തരാണ് ഇൻസ്പയർ ചെയ്തത്. ഭക്തി എന്നതു നോക്കുമ്പോൾ എം.എസ്. സുബ്ബലക്ഷ്മി അമ്മയാണ്. എംഎസ് അമ്മ തന്നെയാണ് പണ്ടുതൊട്ടേയുള്ള ഏറ്റവും വലിയ പ്രചോദനം. പെർഫെക്‌ഷൻ എന്ന രീതിയിൽ നോക്കിയാൽ കുൽദീപ് ഏട്ടൻ ഒരുപാടു സഹായിച്ചിട്ടുണ്ട്. പിന്നെ എന്റെ ഗുരുക്കന്മാരൊക്കെ വലിയ ഇൻസ്പിറേഷൻ തന്നെയാണ്.

ഏറ്റവും ഇഷ്ടം എംഎസ് അമ്മയെത്തന്നെയാണ്. പിന്നെ പഴയ കർണാട്ടിക് സംഗീതജ്ഞരെയൊക്കെ ഇഷ്ടമാണ്. എപ്പോഴും കേൾക്കാറുണ്ട്. മധുരൈ എസ്. സോമസുന്ദരം സർ, ജി.എൻ. ബാലസുബ്രഹ്മണ്യം സർ, ഇപ്പോഴത്തെ രഞ്ജനി-ഗായത്രിമാർ, അഭിഷേക് രഘുറാം സർ എന്നിങ്ങനെ ഒരുപാടുപേരുണ്ട്. കർണാട്ടിക് മാത്രമല്ല സിനിമാ സംഗീതവും കേൾക്കാറുണ്ട്. യേശുദാസ് സാറിനെയും ശ്രേയ ഘോഷാൽ മാമിനെയും ചിത്രച്ചേച്ചിയേയുമൊക്കെ ഇഷ്ടമാണ്. ചെന്നൈയിൽ ഒരു പ്രോഗ്രാമിനു പോയപ്പോൾ യേശുദാസ് സാറിനെ നേരിട്ടു കണ്ടിട്ടുണ്ട്. സാറിന്റെ പ്രോഗ്രാമിനു മുമ്പ് എന്റെ പ്രോഗ്രാമുണ്ടായിരുന്നു. എന്റെ പാട്ട് യുട്യൂബിൽ കണ്ടിട്ടുണ്ടെന്നു പറഞ്ഞു. ഞാൻ അനുഗ്രഹം വാങ്ങി. പിന്നെയൊരുവട്ടം കൂടി കണ്ടിട്ടുണ്ട്. 

സിനിമയിൽ പാടണമെന്നു തോന്നിയിട്ടില്ലേ? 

എനിക്ക് ഫിലിം മ്യൂസിക് നല്ല ഇഷ്ടമാണ്. കേൾക്കാറുണ്ട്, വീട്ടിലൊക്കെ പാടാറുണ്ട്. അതല്ലാതെ ഒരു ക്രേസ് ആയിട്ടൊന്നും തോന്നിയിട്ടില്ല. എന്റെ ഇൻസ്പിറേഷൻ കർണാട്ടിക് മ്യൂസിക് തന്നെയാണ്. പിന്നെ നല്ല പാട്ടുകൾ എനിക്കിഷ്ടപ്പെട്ടവ വന്നാൽ ഞാൻ പാടും. അല്ലാതെ അതിനോട് അകൽച്ചയോ ഇഷ്ടക്കുറവോ ഒന്നുമില്ല. അതും പാട്ടുതന്നെയല്ലേ.

ഒറ്റയ്ക്കിരിക്കുമ്പോൾ ഏതു പാട്ടാണു മൂളുക?

ഒറ്റയ്ക്കിരിക്കുമ്പോ പാടാറുണ്ട്. അതങ്ങനെയൊരു പാട്ട് എന്നില്ല. സിനിമാപ്പാട്ടും പാടിനോക്കും. ഓരോ സമയത്തെ മൂഡ് അനുസരിച്ചാണ്. 

ഏറ്റവും ഇഷ്ടമുള്ള സിനിമാപ്പാട്ട് ഏതാണ്?

Sooryagayathri

ഒരുപാട് പാട്ടുകൾ ഇഷ്ടമുള്ളതുണ്ട്. കൂടുതൽ ഇഷ്ടമുള്ളത് ‘തംബുരു കുളിർ ചൂടിയോ’ ആണ്. അത് ഇടയ്ക്കൊക്കെ പാടും. 

അച്ഛനും അമ്മയ്ക്കും അനിയനും മാത്രമായി പാടിക്കൊടുക്കുന്ന പാട്ടുകളേതാണ്?

അമ്മയ്ക്കൊക്കെ ഇഷ്ടമുള്ള പാട്ട് ഇടയ്ക്കു പറയും. അത് അപ്പോ തോന്നുന്ന പാട്ടാണ്. അതു പാടിക്കൊടുക്കും.  വീട്ടിൽ വൈകിട്ട് പ്രക്ടീസ് ചെയ്യുമ്പോൾ അവരൊക്കെ വന്നു കേൾക്കാറുണ്ട്. അനിയൻ രണ്ടാം ക്ലാസിലാണ്. അവന് എന്റെ പാട്ട് അത്ര ഇഷ്ടമാണോന്നറിയില്ല. അവൻ അങ്ങനെ വന്നിരുന്നു കേൾക്കാറൊന്നുമില്ല. പാട്ട് പാടാൻ പറയാറുമില്ല.  പിന്നെ ഞങ്ങൾ രണ്ടും കൂടി ഇടയ്ക്കൊക്കെ പാടാറുണ്ട്. പ്രാക്ടീസ് ചെയ്യുമ്പോൾ അവനെയും പിടിച്ചിരുത്തും. അവനും പഠിക്കുന്നുണ്ട്. ആദ്യമൊക്കെ അവനു കളിക്കാൻ പോകാനായിരുന്നു ഇഷ്ടം. ഇപ്പോ പാട്ടിൽ താൽപര്യം കാണിക്കുന്നുണ്ട്. 

പാട്ടല്ലാത്ത ഇഷ്ടങ്ങളെന്തൊക്കെയാണ്? 

പാട്ട് കംപോസ് ചെയ്യാനിഷ്ടമാണ്. ഡ്രോയിങ് ഇഷ്ടമാണ്. സ്കൂളിൽ ഡ്രാമയിലൊക്കെ പങ്കെടുക്കാറുണ്ട്. കോംപറ്റീഷനായൊന്നുമല്ല, അല്ലാതെ നാടകം ചെയ്യുമ്പോഴൊക്കെ. അതൊക്കെ ഇഷ്ടമാണ്. കംപോസിങ്ങിനോട് ഇഷ്ടം വന്നത് അച്ഛനിൽനിന്നാണ്. എന്റെ അമ്മ എഴുതിയ പാട്ടുകളൊക്കെ അച്ഛൻ കംപോസ് ചെയ്യാറുണ്ട്.  ഞാൻ രണ്ടാം ക്ലാസിൽ പഠിക്കുന്ന സമയത്ത് അച്ഛൻ കമ്പോസ് ചെയ്ത പാട്ടുകളായിരുന്നു ലൈറ്റ് മ്യൂസിക്കിനൊക്കെ പാടിയിരുന്നത്. അങ്ങനെയാണ് കംപോസ് ചെയ്യാൻ ഇഷ്ടം തോന്നിയത്. അമ്മ കവിതയെഴുതും. സ്കൂളിൽ കവിതയെഴുത്തിൽ സ്റ്റേറ്റ് ഫസ്റ്റായിരുന്നു. ഞാൻ മുൻപ് മൽസരത്തിനൊക്കെ പോകുമ്പോൾ ചില കുട്ടികൾ അമ്മയെഴുതിയ കവിതകൾ ചൊല്ലുന്നതു കണ്ടിട്ടുണ്ട്. 

സൂര്യ പാട്ടുകൾ ചിട്ടപ്പെടുത്തിയിട്ടുണ്ടോ?

ഉണ്ട്. ഞാൻ ഏഴാംക്ലാസ് വരെ പഠിച്ചത് നരിക്കുന്ന് യുപി സ്കൂളിലായിരുന്നു. അവിടുത്തെ പ്രാർഥന ഒന്നു മാറ്റണമെന്നു പറഞ്ഞിട്ട് അമ്മ എഴുതി ഞാൻ കംപോസ് ചെയ്തു. ഇപ്പോഴും ആ പ്രാർഥനയാണ് അവിടെ പാടുന്നത്. അതു വലിയ സന്തോഷമാണ്. വേറെയും കുറച്ചു പാട്ടുകൾ ചിട്ടപ്പെടുത്തിയിട്ടുണ്ട്.

ചില പാട്ടുകളിൽ സ്വയംമറന്ന് അതിൽ ലയിക്കുന്നതുപോലെ തോന്നാറില്ലേ, ഏതു പാട്ടാണത്? 

എല്ലാ പാട്ടുപാടുമ്പോഴും അങ്ങനെ തോന്നിയിട്ടുണ്ട്. ചില പാട്ടുകൾക്ക് അവയുടെ രാഗങ്ങൾ അനുസരിച്ച് ഭക്തിയോ സന്തോഷമോ ഒക്കെ തോന്നും. 

ഏതാണ് പാടാൻ ഏറ്റവും പ്രിയമുള്ള രാഗം? 

എല്ലാ രാഗവും ഇഷ്ടമാണ്. ഓരോ രാഗത്തിനും അതിന്റേതായ സ്ട്രക്ചറാണല്ലോ. പിന്നെ ഓരോ സമയത്തെ മൂഡ് അനുസരിച്ചു പാടാൻ തോന്നും. ഇപ്പൊ, ഉച്ചയ്ക്ക് ഒരു രാഗം മൂളാൻ തോന്നും, അതു പാടും, രാവിലെ തോന്നുക വേറൊന്നായിരിക്കും. അപ്പൊ അതു പാടും. അങ്ങനെ പോകും.

സൂര്യഗായത്രിയുടെ പാട്ട് ഭക്തിയുടെ ആനന്ദമാണെന്ന് ചില ആസ്വാദകർ പറയാറുണ്ട്. ശ്രീരാമഭജൻ പാടുമ്പോൾ തികഞ്ഞ രാമഭക്ത, കൃഷ്ണനെപ്പറ്റി പാടുമ്പോൾ കൃഷ്ണഭക്തി നിറയുന്നു. 

Surya-Gayathri-Singer-4.jpg.image.784.410

അത് ഓരോ പാട്ടിനുമനുസരിച്ചാണ്. എനിക്ക് എല്ലാ ദൈവങ്ങളേയും ഇഷ്ടമാണ്. പിന്നെ എടുത്തുചോദിച്ചാൽ ഇഷ്ടദൈവം ഹനൂമാൻ സ്വാമിയാണ്. ഓരോ പാട്ടു പാടുമ്പോഴും അതിനനുസരിച്ച് ഫീൽ കൊണ്ടുവരാൻ ശ്രമിക്കാറുണ്ട്. പാടിത്തുടങ്ങിയാൽ പാട്ടിനുള്ളിലേക്കു പോകും. അതു ദൈവാനുഗ്രഹം കൊണ്ടാകും.

ഹനൂമാൻ പാടി പാറയെ അലിയിച്ചു എന്നൊരു കഥയുണ്ട്. സൂര്യയുടെ പാട്ടു കേട്ടിരിക്കെ സ്വയം അലിഞ്ഞുപോകുന്നതുപോലെ തോന്നും എന്നൊക്കെ ആരാധകർ പറയുന്നുണ്ട്. 

അയ്യോ. അങ്ങനെയൊന്നും എനിക്കറിയില്ല. പ്രോഗ്രാമുകളൊക്കെ കഴിഞ്ഞ് ചിലരൊക്കെ വന്നു പറയാറുണ്ട്, നന്നായി,  പാടുന്നതൊക്കെ യുട്യൂബിൽ ദിവസവും കേൾക്കാറുണ്ട് എന്നൊക്കെ. അപ്പോൾ ഒരുപാടു സന്തോഷം തോന്നും. അങ്ങനെയൊക്കെ സപ്പോർട്ടും എല്ലാവരുടെയും അനുഗ്രഹവും ഉള്ളതുകൊണ്ടാണ് മുന്നോട്ടുപോകുന്നത്. ഞാൻ അപ്പോഴത്തെ ഫീലിൽ പാടുന്നതാണ്. അല്ലാതൊന്നും എനിക്കറിയില്ല. 

ഹിന്ദുസ്ഥാനി സംഗീതം കേൾക്കാറുണ്ടോ? 

എല്ലാത്തരം മ്യൂസിക്കും കേൾക്കാറുണ്ട്. ഹിന്ദുസ്ഥാനി  നന്നായി കേൾക്കാറുണ്ട്. പഠിക്കാൻ താൽപര്യവുമുണ്ട്. ഹിന്ദുസ്ഥാനി കേൾക്കുന്നതിന്റെ ഗുണം കർണാട്ടിക് പാടുമ്പോൾ സഹായിക്കാറുണ്ട്. സലാമത്ത് അലി ഖാൻ സർ, റാഷിദ് ഖാൻ സർ, കൗശികി ചക്രവർത്തി മാം ഇവരെയൊക്കെ ഇഷ്ടമാണ്. പഴയത് കുറെയേറെ കേൾക്കാറുണ്ട്. 

സോഷ്യൽ മീഡിയയിൽ ഒരുപാട് ഫോളോവേഴ്സുണ്ട്. 

സോഷ്യൽ മീഡിയയിലൊന്നും ഞാനത്ര ആക്ടീവല്ല. യുട്യൂബിൽ റിലീസ് ആകുന്ന ദിവസം കേൾക്കുമെന്നല്ലാതെ എന്റെ പാട്ട് അധികം കേൾക്കാറില്ല.

സംഗീതത്തിലെ ഭാവിപരിപാടി എന്താണ്?

Singer-Surya-Gayathri-3

എനിക്കു ലൈവ് കൺസേർട്ട് ചെയ്യാൻതന്നെയാണ് ഇഷ്ടം. പിന്നെ പഠിപ്പിക്കാനും ഇഷ്ടമാണ്. ഇപ്പോൾ പ്രോഗ്രാം ചെയ്യുന്നത് ഭജൻസൊക്കെ ചേർത്താണ്. പ്യൂവർ കർണാട്ടിക് അല്ല. എനിക്ക് പ്യുവർ കർണാട്ടിക് മ്യൂസിക് നല്ല ഇഷ്ടമാണ്. അതിലേക്കു പോകാനാണ് താൽപര്യം. എം.എസ്്. അമ്മയേയും ജിഎൻ. ബാലസുബ്രഹ്മണ്യം സാറിനെയുമൊക്ക ഇൻസ്പിറേഷനായി കരുതുന്നതുതന്നെ അങ്ങനെയൊരു ആഗ്രഹം കൊണ്ടാണ്. അതിനുവേണ്ടി ഹാർഡ് വർക്ക് ചെയ്യുന്നുമുണ്ട്. 

പാട്ടിനൊടുവിൽ ആസ്വാദകരുടെ മനസ്സുപോലെ, മഴ കഴിഞ്ഞ് നീലാകാശം തെളിഞ്ഞുതിളങ്ങുന്നു. വെട്ടുകല്ലുപാകിയ കുളത്തിന്റെ പടവിലിരുന്ന് സൂര്യഗായത്രി പാടുകയാണ്... 

‘കുറൈ ഒൻട്രും ഇല്ലൈ, മറൈമൂർത്തി കണ്ണാ 

കുറൈ ഒൻട്രും ഇല്ലൈ കണ്ണാ...’ 

ശിവരഞ്ജിനി യമുന പോലെ ഒഴുകിത്തുടങ്ങുന്നു. അതിന്റെ തീരത്ത് സമയവും സർവവും നിശ്ചലം. ആനന്ദം.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com