ഞാൻ മനുഷ്യപക്ഷത്ത്; അത്തരം പാട്ടുകൾ ഇനിയുമുണ്ടാകും: ബി.കെ ഹരിനാരായണൻ

Harinarayanan-b-k-songs
SHARE

പോയ വർഷം മലയാളികൾ നെഞ്ചേറ്റിയ പാട്ടെഴുത്തുകാരിൽ മുൻപിൽ തന്നെയുണ്ട് ബി.കെ ഹരിനാരായണൻ. മെലഡിയുടെ മാന്ത്രികത അനുഭവിച്ച ഇടക്കാട് ബറ്റാലിയനിലെ 'നീ ഹിമമഴയായ് വരൂ', തൃശൂർ പൂരത്തിലെ 'സഖിയെ' തുടങ്ങിയ പാട്ടുകൾക്ക് വരികളെഴുതിയ അതേ ഹരിനാരായണൻ തന്നെയാണ് പോയ വർഷം ചെറുപ്പക്കാർ‌ ആഘോഷിച്ച വൈറൽ പാട്ടുകളായ കോടതി സമക്ഷം ബാലൻ വക്കീലിലെ 'മഞ്ഞ മഞ്ഞ ബൾബുക'ളും, മധുരരാജയിലെ 'മോഹമുന്തിരി'യും എഴുതിയത്. 

മികച്ച പാട്ടെഴുത്തുകാരനുള്ള സംസ്ഥാന പുരസ്കാരം ഹരിനാരായണന്റെ കൈകളിലെത്തിയതും 2019ൽ തന്നെയായിരുന്നു. പാട്ടെഴുത്തിൽ മറ്റൊരു അപൂർവതയും 2019ൽ ഹരിനാരായണൻ എന്ന യുവകവി എഴുതിച്ചേർത്തു. പോയ വർഷം 119 പാട്ടുകൾക്കാണ് ഹരിനാരായണൻ വരികളെഴുതിയത്. പാട്ടെഴുത്തിനെക്കുറിച്ചും പാട്ടിന്റെ രാഷ്ട്രീയത്തെക്കുറിച്ചും ബി.കെ ഹരിനാരായണൻ മനോരമ ഓൺലൈനോടു സംസാരിക്കുന്നു.  

ഈ അംഗീകാരം അവർക്കുള്ളത്

പാട്ട് എന്നു പറയുന്നത് ഒരു സംഘകലയാണ്. ഒരാളുടെ മാത്രം പ്രയത്നമല്ല. അതിൽ സംഗീതസംവിധായകരും സംവിധായകരും നിർമാതാക്കളും പങ്കുചേരുന്നുണ്ട്. ഒരു പാട്ടു പാടി അതു ആസ്വാദകരിലേക്ക് എത്തിച്ച ഗായകർ, അതിനു ദൃശ്യങ്ങൾ ഒരുക്കിയവർ... അങ്ങനെ നിരവധി പേരുണ്ട്. ഇപ്പോൾ നമ്മൾ പാട്ടുകൾ കേൾക്കുകയല്ലല്ലോ, കാണുകയല്ലേ! എന്നെ ഇത്തരം പാട്ടുകളുടെ ഭാഗമാക്കണം എന്നു തോന്നിയ സംവിധായകർക്കും സംഗീതസംവിധായകർക്കുമാണ് ഈ 119 പാട്ടുകളുടെയും ക്രെഡിറ്റ്. 

ആസ്വാദകരോടു സ്നേഹം മാത്രം

ആസ്വാദകർ വളരെ സെൻസിറ്റീവ് ആണ്. നല്ല പാട്ടെഴുതിയതിന് ഇഷ്ടവും മോശം പാട്ടെഴുതിയതിന് വിമർശനവും എനിക്ക് ലഭിച്ചിട്ടുണ്ട്. അങ്ങനെയാണ് എന്റെ കരിയറിൽ സംഭവിച്ചിട്ടുള്ളത്. അതിനു കാരണം, മലയാളികൾ അത്രമാത്രം പാട്ടിനെ ഇഷ്ടപ്പെടുകയും ജീവശ്വാസം പോലെ കൊണ്ടുനടക്കുകയും ചെയ്യുന്നതു കൊണ്ടാണ്. അങ്ങനെയുള്ള ആസ്വാദകരോടു ഒരുപാടു സ്നേഹം. 

എഴുത്ത് ആത്മാർത്ഥമാണ്

സിനിമയിൽ ആവശ്യമുള്ള സാഹചര്യങ്ങൾക്കനുസരിച്ചാണ് പാട്ടെഴുതുന്നത്. സിനിമയുടെ സംവിധായകനും സംഗീതസംവിധായകനും എന്നിൽ നിന്ന് ആവശ്യപ്പെടുന്നതിന് അനുസരിച്ച് സഞ്ചരിക്കുക എന്നതാണ് എന്റെ നിയോഗം. 'നീ ഹിമമഴയായ്' എഴുതുന്ന അതേ ആത്മാർത്ഥതയോടെയാണ് 'മഞ്ഞ മഞ്ഞ ബൾബുകൾ' എന്ന പാട്ടും എഴുതുന്നത്. പ്രണയഗാനങ്ങളോടാണ് മലയാളികൾക്ക് കൂടുതലിഷ്ടം. അതുകൊണ്ടാണ് 'നീ ഹിമമഴയായും', 'നീയില്ലാ നേരവും', 'സഖിയേ' എന്ന പാട്ടും ആൻഡ്രോയ്ഡ് കുഞ്ഞപ്പനിലെ 'ശിലയുടെ മാറിൽ' എന്ന പാട്ടുമൊക്കെ ആസ്വാദകർ കൂടുതൽ ഇഷ്ടപ്പെടുന്നത്. എന്നാൽ 'മഞ്ഞ മഞ്ഞ ബൾബുകൾ' പോലുള്ള പാട്ടുകൾ ഇഷ്ടപ്പെടുന്നവരുമുണ്ട്. ഈ വർഷം തന്നെയാണ് 'മോഹമുന്തിരി' എന്ന പാട്ടും സംഗീതപ്രേമികൾ ഏറ്റെടുത്തത്. 

ഞാനെപ്പോഴും മനുഷ്യപക്ഷത്ത് 

സിനിമാ മേഖലയിൽ എല്ലാ തരം രാഷ്ട്രീയക്കാരും ഉണ്ട്. നമ്മൾ നമ്മുടെതായ രാഷ്ട്രീയം പറഞ്ഞതുകൊണ്ട് ഈ മേഖലയിൽ നിന്ന് പുറത്താക്കപ്പെടും എന്നൊരു തോന്നൽ എനിക്ക് ഇതുവരെ അനുഭവപ്പെട്ടിട്ടില്ല. ഇടതുപക്ഷമെന്നോ വലതുപക്ഷമെന്നോ എന്നതല്ല എന്റെ രാഷ്ട്രീയം. ഞാൻ മനുഷ്യപക്ഷത്ത് നിൽക്കാൻ ആഗ്രഹിക്കുന്ന ആളാണ്. മനുഷ്യപക്ഷത്തു നിന്നാണ് ഞാൻ എപ്പോഴും പ്രതികരിച്ചിട്ടുള്ളത്. ആൺ–പെൺ എന്നു മാത്രമല്ല, മറ്റു വിഭാഗങ്ങളും നമുക്കിടയിലുണ്ട്. അവരെയെല്ലാം നമ്മൾ കാണേണ്ടതും പരിഗണിക്കേണ്ടതുമാണ്. ഞാൻ നിൽക്കുന്നത് മനുഷ്യപക്ഷത്താണ്. അങ്ങനെ തോന്നുന്ന കാര്യങ്ങളിലാണ് ഞാൻ അഭിപ്രായം പറയുന്നത്. അത്, ഒരു കലാകാരൻ എന്ന നിലയിൽ എന്റെ ബാധ്യതയാണ്. 

ആ പാട്ടുകൾ എന്റെ കടമ

ഒരു സിനിമയ്ക്കു വേണ്ടി പാട്ടെഴുതുമ്പോൾ നമ്മുടെ ഇഷ്ടങ്ങൾക്കായിരിക്കില്ല മുൻതൂക്കം. സിനിമയ്ക്കാണ് അവിടെ മുൻതൂക്കം. സ്വതന്ത്ര സംഗീതസംരംഭങ്ങളിൽ നമ്മുടെ കല എന്താണോ അതിനാണ് പ്രാധാന്യം. ഒരു കലാകാരൻ എന്ന നിലയ്ക്ക്, അതിന്റെ ആനുകൂല്യങ്ങൾ അനുഭവിക്കുന്ന ആളെന്ന നിലയിൽ സാമൂഹ്യപ്രതിബദ്ധത എന്റെ കടമയാണെന്നു വിശ്വസിക്കുന്നു. അതുകൊണ്ടാണ് അയ്യൻ, മാറ്റൊലി പോലുള്ള പാട്ടുകളുടെ ഭാഗമാകുന്നത്. പൗരത്വ ബില്ലിലെ വിഷയങ്ങൾ പരാമർശിക്കുന്ന ഒരു പാട്ടു കൂടി ഉടൻ വരും. ബിജിബാലും ചേർന്നാണ് അതു പ്ലാൻ ചെയ്യുന്നത്. ബിജിബാലും സമാനമായി ചിന്തിക്കുന്ന ഒരാളാണ്. അദ്ദേഹം സത്യത്തിൽ ഒരു ഊർജ്ജമാണ്. ഇത്തരത്തിലുള്ള എന്റെ പാട്ടുകൾ ഇനിയുമുണ്ടാകും. അതെന്റെ കടമയാണ്. 

ആരാധകനായ ജെബിസൻ തിരഞ്ഞെടുത്ത ബി.കെ ഹരിനാരായണന്റെ മികച്ച 10 പാട്ടുകൾ 

1. നീ ഹിമ മഴയായ് (എടക്കാട് ബറ്റാലിയൻ)

2. ശിലയുടെ മാറിലെ (ആൻഡ്രോയ്ഡ് കുഞ്ഞപ്പൻ)

3. മോഹ മുന്തിര വാറ്റിയ (മധുരരാജ)

4. നീയില്ലാ നേരം (ലൂക്ക)

5. ആരും കാണാതെ (അള്ള് രാമേന്ദ്രൻ)

6. നീല മാലാഖേ (പൊറിഞ്ചു മറിയം ജോസ്)

7 .പുലാരാം നേരം ജനവാതിൽ (ആൻഡ്രോയ്ഡ് കുഞ്ഞപ്പൻ)

8. സഖിയേ (തൃശൂർ പൂരം)

9. മഞ്ഞ മഞ്ഞ മഞ്ഞ മഞ്ഞ ബൾബുകൾ (കോടതി സമക്ഷം ബാലൻ വക്കീൽ)

10. എൻ ഉയിരിൻ പെൺകിളിയെ (മാർഗംകളി)

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN INTERVIEWS
SHOW MORE
FROM ONMANORAMA