sections
MORE

'പേടിപ്പിക്കണമെന്ന് മിഥുൻ പറഞ്ഞില്ല', അഞ്ചാം പാതിരയെക്കുറിച്ച് സുഷിൻ ശ്യാം

sushin-shyam-anchampathira
SHARE

പുതുവർഷപ്പുലരിയിൽ എല്ലാവരും ആഘോഷങ്ങളിൽ മുഴുകിയിരുന്നപ്പോൾ അഞ്ചാം പാതിരയുടെ തിരക്കിട്ട പണികളിലായിരുന്നു സംഗീതസംവിധായകൻ സുഷിൻ ശ്യാം. ആ പണികൾ വെറുതെ ആയില്ല. 2020ലെ ആദ്യ സൂപ്പർഹിറ്റിലേക്കുള്ള കുതിപ്പിലാണ് മിഥുൻ മാനുവൽ തോമസ് തിരക്കഥയെഴുതി സംവിധാനം ചെയ്ത 'അഞ്ചാം പാതിര'. നിറഞ്ഞ സദസുകളിൽ പ്രദർശനം തുടരുമ്പോൾ, ത്രില്ലർ സ്വഭാവമുള്ള ചിത്രത്തിന്റെ കഥയ്ക്കൊപ്പം ചർച്ചയാകുന്നത് സിനിമയുടെ പശ്ചാത്തലസംഗീതമാണ്. 

തിയറ്ററിൽ നിന്നു പുറത്തിറങ്ങിയാലും സിനിമയിലെ ശബ്ദങ്ങൾ നൽകിയ ഞെട്ടലിൽ നിന്നു പലരും പുറത്തു കടന്നിട്ടുണ്ടാകില്ല. അത്രമേൽ പ്രേക്ഷകർക്കൊപ്പം കൂടെ പോരുന്നതാണ് സിനിമയുടെ പശ്ചാത്തലസംഗീതമുണ്ടാക്കിയ ഇംപാക്ട്. സൈക്കോളജിക്കൽ ത്രില്ലർ സിനിമയായ അഞ്ചാം പാതിരയിലെ യഥാർത്ഥ 'ഫിയർ ഫാക്ടർ' അതിന്റെ ശബ്ദങ്ങളാണ്. തുടക്കം മുതൽ ഒടുക്കം വരെ പ്രേക്ഷകരെ ഭീതിയുടെ മുൾമുനയിൽ നിറുത്തുന്ന ആ അനുഭവം സാധ്യമാക്കിയതിനെക്കുറിച്ച് മനോരമ ഓൺലൈന് അനുവദിച്ച പ്രത്യേക അഭിമുഖത്തിൽ പശ്ചാത്തലസംഗീതം നിർവഹിച്ച സുഷിൻ ശ്യാം മനസു തുറക്കുന്നു. 

sushin-shyam-image-2

ആദ്യം കണ്ടപ്പോൾ അവരും ഞെട്ടി

ഫൈനൽ മിക്സ് എല്ലാം കഴിഞ്ഞ് ടീം അംഗങ്ങളെ സിനിമ കാണിച്ചപ്പോൾ, കണ്ടുകൊണ്ടിരിക്കുന്നതിന് ഇടയിൽ പലരും ഞെട്ടുന്നത് ഞാൻ ശ്രദ്ധിച്ചിരുന്നു. അവർ പല പ്രാവശ്യം സിനിമ കണ്ടിട്ടുള്ളവരാണ്. അടുത്ത െസക്കൻഡിൽ എന്തു സംഭവിക്കും എന്നതു വരെ അറിയുന്നവരാണ്. എന്നിട്ടും സിനിമ കണ്ടപ്പോൾ അവർ പലയിടങ്ങളിലും ഞെട്ടി. അതോടെ, സംഭവം വർക്ക് ഔട്ട് ആയെന്നു മനസിലായി.  

പേടിപ്പിക്കലല്ല, പിടിച്ചിരുത്തൽ

ഈ സൗണ്ടും പരിപാടികളുമൊക്കെ ആളുകളെ പിടിച്ചിരുത്താൻ ചെയ്യുന്നതാണ്. അപ്പോൾ പ്രേക്ഷകർക്ക് സിനിമയുടെ കഥയിലേക്ക് പെട്ടെന്ന് ഇറങ്ങിച്ചെല്ലാൻ കഴിയും. അഡ്രിനാലിൻ കൂട്ടുക എന്നതാണല്ലോ പ്രധാനമായും ത്രില്ലർ സിനിമ ചെയ്യുന്നത്. അതിനുവേണ്ടി ഇവിടെ ശബ്ദത്തെ ഉപയോഗപ്പെടുത്തുന്നു. ചെറിയൊരു പേടിപ്പിക്കലും പരിപാടിയുമൊക്കെ ഉണ്ടെങ്കിലേ പ്രേക്ഷകർക്ക് ആ ത്രില്ലിലേക്ക് കയറാൻ പറ്റൂ. കറന്റ് പോകുമ്പോൾ പ്രത്യേകിച്ച് ഒരു ശബ്ദവും വരില്ല. എന്നാൽ സിനിമയിൽ അങ്ങനെയൊരു അവസ്ഥയിൽ ചിലപ്പോൾ സൗണ്ട് ഇഫക്ട് ഉപയോഗിക്കേണ്ടി വരും. 'ഡും' എന്നൊരു സൗണ്ട് ഇഫക്ടോടെ സാധാരണ കറന്റ് പോകില്ലല്ലോ! ഇതൊക്കെ ഒരു ഫാന്റസിയാണ്. ഒരു സിനിമാനുഭവം സാധ്യമാക്കുന്നതിന് യാഥാർത്ഥ്യത്തെക്കാൾ അൽപം കൂടിയ മീറ്ററിൽ കാണിക്കും.  

'മച്ചാൻ വേണ്ടത് ചെയ്തോ', സംവിധായകൻ പറഞ്ഞത്

പേടിപ്പിക്കണമെന്നൊന്നും സംവിധായകൻ പറഞ്ഞിരുന്നില്ല. ആകെ പറഞ്ഞ കാര്യം സിനിമയുടെ ത്രില്ലർ സ്വഭാവം നിലനിറുത്തണം എന്നാണ്. 'മച്ചാന് വേണ്ടത് ചെയ്തോ' എന്ന ലൈനിലായിരുന്നു മിഥുൻ. ഫുൾ ഫ്രീഡം ഉണ്ടായിരുന്നു. പിന്നെ, അധിക സമയം ഇതിന്റെ ചർച്ചകൾക്കും മറ്റുമായി നീക്കിവയ്ക്കാനുള്ള സാവകാശം ഉണ്ടായിരുന്നില്ല. ക്ലൈമാക്സ് രംഗങ്ങളായിരുന്നു വെല്ലുവിളി സൃഷ്ടിച്ചത്. ആ സീക്വൻസ് അൽപം ദൈർഘ്യമേറിയതായിരുന്നു. ഒറ്റ സ്കോർ ആയാണ് അതു ചെയ്തിട്ടുള്ളത്. അതു മാത്രമാണ് ഒന്നിലധികം പ്രാവശ്യം മാറ്റി ചെയ്യേണ്ടി വന്നിട്ടുള്ളൂ. സിനിമയിൽ പാട്ടുകൾ ഉണ്ടാകുമ്പോൾ ഓരോ ഘട്ടത്തിലെയും മൂഡ്സ് നമുക്ക് ആദ്യമെ തന്നെ അറിയാൻ കഴിയും. പക്ഷേ, അഞ്ചാം പാതിരയിൽ പാട്ടില്ല. ത്രില്ലർ സിനിമയാണ്. സിനിമയുടെ കഥ നേരത്തെ സംവിധായകൻ മിഥുൻ പറഞ്ഞിരുന്നെങ്കിലും കൃത്യമായ കഥാഗതി എനിക്ക് ഓർമയുണ്ടായിരുന്നില്ല. സ്കോർ ചെയ്യാൻ എനിക്ക് ആദ്യം ലഭിക്കുന്നത് ഇടവേള വരെയുള്ള ഭാഗമാണ്. അതു കണ്ടു കണ്ടങ്ങനെ ചെയ്യുകയായിരുന്നു. 

sushin-shyam-image-1

'രാക്ഷസൻ' സ്വാധീനിച്ചിട്ടില്ല

ഞാൻ രാക്ഷസൻ എന്ന സിനിമ കണ്ടിട്ടില്ല. ട്രെയിലർ ഇറങ്ങിയപ്പോൾ തന്നെ രാക്ഷസനെക്കുറിച്ചുള്ള പരാമർശങ്ങൾ വന്നിരുന്നു. പിന്നെ, സാധാരണ ക്രൈം ത്രില്ലറുകളിൽ ഉപയോഗിക്കുന്ന പാറ്റേൺ ഉണ്ട്. അതായിരിക്കും സമാനമായി തോന്നിയത്. ക്ലീഷേ ശബ്ദങ്ങൾ കുറച്ചൊക്കെ ഒഴിവാക്കാൻ ശ്രമിച്ചിരുന്നു. തുടക്കത്തിൽ ഞാനും ആ ക്ലീഷേ പാറ്റേണുകളിലായിരുന്നു പോയിക്കൊണ്ടിരുന്നത്. ഫൈനൽ മിക്സ് എത്തിയപ്പോൾ അതിൽ മാറ്റം വന്നു. വാക്കി–ടോക്കിയിൽ നിന്നുള്ള സീരിയൽ കില്ലറിന്റെ ചൂളമടിയൊക്കെ അങ്ങനെ മാറ്റി ചെയ്തതാണ്. അതു കുറച്ചൂടെ യാഥാർത്ഥ്യത്തോട് അടുത്തു നിൽക്കുന്നതായി തോന്നി. 

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN INTERVIEWS
SHOW MORE
FROM ONMANORAMA