കല്യാണിയുടെ ശബ്ദമാകാൻ രണ്ടാമതൊന്നു ചിന്തിക്കേണ്ടി വന്നില്ല; ഡബ്ബിങ് അനുഭവത്തെക്കുറിച്ച് ഗായിക ആൻ ആമി

anne-amie-still
SHARE

മലയാളികളുടെ മനസിനെ കോൾമയിർ കൊള്ളിച്ച ഗാനമാണ് കുമ്പളങ്ങി നൈറ്റ്സിലെ ‘ഉയിരിൽ തൊടും’. ആ ഗാനം ആസ്വദിച്ചവര്‍ ആൻ ആമി എന്ന ഗായികയെ മറക്കാനിടയില്ല. റിയാലിറ്റി ഷോയിലൂടെ കടന്നു വന്ന് ചലച്ചിത്ര സംഗീത ലോകത്ത് തന്റേതായ ഇടം കണ്ടെത്തിയ യുവഗായിക. 2016–ൽ പുറത്തിറങ്ങിയ ‘കൊച്ചവ്വ പൗലോ അയ്യപ്പ കൊയ്‌ലോ’ എന്ന ചിത്രത്തിലൂടെയാണ് ഗായിക പിന്നണി ഗാനരംഗത്തേക്കു ചുവടു വച്ചത്. ഇപ്പോൾ അനൂപ് സത്യന്റെ ആദ്യ സംവിധാന സംരംഭമായ ‘വരനെ ആവശ്യമുണ്ട്’ വരെ എത്തി നിൽക്കുന്നു ആൻ ആമിയുടെ യാത്ര. അതു പക്ഷേ ഗായികയായി മാത്രമല്ല. ഡബ്ബിങ് ആർട്ടിസ്റ്റ് ആയിക്കൂടിയാണ്. ചിത്രത്തിൽ കല്യാണി പ്രിയദർശനു ശബ്ദം നൽകിയത് ആൻ ആണ്. മികച്ച പിന്നണി ഗായികയ്ക്കുള്ള ഫിലിം ഫെയർ പുരസ്കാരം ഏറ്റുവാങ്ങിയതിന്റെ ആനന്ദ നിമിഷത്തിലാണ് ഡബ്ബിങ്ങിൽ ഹരിശ്രീ കുറിക്കാനുള്ള അവസരം ആൻ ആമിയെ തേടിയെത്തിയത്. ഗായികയിൽ നിന്നു ഡബ്ബിങ് ആർട്ടിസ്റ്റിലേക്കുള്ള യാത്രയിലെ അനുഭവങ്ങളുമായി ആൻ ആമി മനോരമ ഓൺലൈനിനൊപ്പം. 

‘ഫിലിം ഫെയർ പുരസ്കാരം ഏറ്റുവാങ്ങാനായി ഞാൻ ചെന്നൈയിൽ പോയിരുന്നു. എന്റെ ആദ്യ ഫിലിം ഫെയർ ആണ്. കൂടെ എന്ന ചിത്രത്തിലെ ‘ആരോരം..’ എന്ന പാട്ടിനാണ് പുരസ്കാരം ലഭിച്ചത്. ആ അമൂല്യ നിമിഷത്തിന്റെ സന്തോഷത്തിൽ നിൽക്കുമ്പോഴാണ് ‘വരനെ ആവശ്യമുണ്ട്’ എന്ന ചിത്രത്തിനു വേണ്ടി ഡബ്ബ് ചെയ്യാമോ എന്നു ചോദിച്ച് എനിക്ക് കോൾ വന്നത്. ചിത്രത്തിന്റെ ലൈൻ പ്രൊഡ്യൂസർ ഹാരിസ് ആണ് വിളിച്ചത്. അനൂപ് സത്യൻ പറഞ്ഞിട്ടാണ് വിളിക്കുന്നതെന്നും കല്യാണി പ്രിയദർശനു വേണ്ടിയാണ് ശബ്ദം കൊടുക്കേണ്ടത് എന്നും പറഞ്ഞു. ഹാരിസുമായി എനിക്കു നേരത്തെ പരിചയം ഉണ്ടായിരുന്നു. 

ഉടൻ ഞാൻ ഡബ്ബ് ചെയ്യാൻ സമ്മതമാണെന്നു പറഞ്ഞു. കാരണം ഡബ്ബ് ചെയ്യണം എന്ന് എനിക്ക് ആഗ്രഹമുണ്ടായിരുന്നു. ഡബ്ബിങ്ങിൽ മുൻ പരിചയം ഇല്ലെങ്കിലും ശ്രമിച്ചു നോക്കാം എന്നു തീരുമാനിച്ചു. പിന്നീടൊരു ദിവസം അനൂപ് സത്യൻ എന്നെ വിളിച്ചു. ചില സാഹചര്യങ്ങളൊക്കെ പറഞ്ഞു തന്ന് അതനുസരിച്ച് ഡബ്ബ് ചെയ്യിപ്പിച്ച് ചെറിയ പരീക്ഷണങ്ങൾ നടത്തി. എന്നെ സംബന്ധിച്ച് അത് ഒരു ഓഡിഷൻ ആയിരുന്നു. അതൊക്കെ കഴി‍ഞ്ഞ് ഡിസംബറിൽ ഡബ്ബിങ് തുടങ്ങി. ആദ്യദിവസം തന്നെ അനൂപും സഹസംവിധായകരും സ്റ്റുഡിയോയിൽ ഉണ്ടായിരുന്നു. അന്ന് എനിക്കു ചെറിയ പേടിയുണ്ടായിരുന്നു. ഒരു തുടക്കക്കാരി എന്ന നിലയിൽ ആവശ്യത്തിലധികം സമയം അവർ എനിക്കു അനുവദിച്ചു. 

ചില രംഗങ്ങൾക്കു ശബ്ദം കൊടുത്ത ശേഷമാണ് അനൂപ് എനിക്കു കഥ പറഞ്ഞു തന്നത്. പിന്നീടിങ്ങോട്ട് ഒരു വലിയ യാത്ര ആയിരുന്നു. ആ യാത്ര ഒരുപാട് നല്ല അനുഭവങ്ങൾ എനിക്കു സമ്മാനിച്ചു. ഞാൻ ഏഴാം വയസ്സിൽ പാടിത്തുടങ്ങിയതാണ്. ഡബ്ബിങ്ങിലേക്കു കടന്നപ്പോൾ വേറിട്ട അനുഭവങ്ങളായിരുന്നു. 

ഞാൻ ചെയ്യുന്നത് എത്രത്തോളം മികച്ചതാണെന്നൊന്നും എനിക്ക് അറിയില്ലായിരുന്നു. ധൈര്യം നൽകി അനൂപ് എപ്പോഴും കൂടെയുണ്ടായിരുന്നു. അത് എന്റെ ആത്മവിശ്വാസം വർധിപ്പിച്ചു. യഥാർഥത്തിൽ ഡബ്ബിങ് വലിയ വെല്ലുവിളി ആയിരുന്നു. എങ്കിലും ചെയ്തു. ഡബ്ബ് ചെയ്യുന്നവരെ സ്ക്രീനിൽ ആരും കാണുന്നില്ലെങ്കിലും സ്റ്റുഡിയോയിൽനിന്ന് സാഹചര്യങ്ങൾക്കനുസരിച്ച് അഭിനയിച്ചു തന്നെയാണ് ‍ശബ്ദം കൊടുക്കുന്നത്. എങ്കിൽ മാത്രമേ ഓരോ ഇമോഷനും യോജിക്കുന്ന രീതിയിലേക്ക് എത്തൂ. 

സുരേഷ് ഗോപി സാർ, ശോഭന മാം, ദുൽഖർ സൽമാൻ, കല്യാണി തുടങ്ങി വൻ താരനിര അണിനിരന്ന ചിത്രത്തിൽ പ്രധാന കഥാപാത്രത്തിനു തന്നെ ശബ്ദം കൊടുക്കാൻ സാധിച്ചതിൽ ഒരുപാട് സന്തോഷം. ഭാഗ്യലക്ഷ്മി മാഡം ആണ് ശോഭന മാഡത്തിനു ശബ്ദം കൊടുത്തത്. ഒരു ദിവസം ഡബ്ബിങ്ങിനിടയിൽ സ്റ്റുഡിയോയിൽ വച്ച് ഭാഗ്യലക്ഷമി മാഡത്തിനെ പരിചയപ്പെട്ടിരുന്നു. ഈ ചിത്രത്തിൽ ഞാൻ പാട്ടും പാടിയിട്ടുണ്ട്. അൽഫോൻസ് ജോസഫ് ആണ് ചിത്രത്തിന്റെ സംഗീതസംവിധായകൻ. അദ്ദേഹവുമായി വളരെ വർഷത്തെ പരിചയം ഉണ്ടെങ്കിലും ഒരുമിച്ച് പ്രവർത്തിക്കാൻ അവസരം ലഭിച്ചത് ഇപ്പോഴാണ്. അതിൽ വളരെയധികം സന്തോഷം തോന്നുന്നു. 

ചിത്രം റിലീസ് ചെയ്തപ്പോൾ ചെറിയ ആശങ്ക ഉണ്ടായിരുന്നുവെങ്കിലും പിന്നീട് അതൊക്കെ സന്തോഷത്തിലേക്കു വഴി തെളിച്ചു. ഡബ്ബിങ്ങിനു നല്ല പ്രതികരണങ്ങളാണു ലഭിച്ചത്. ദുൽഖർ സൽമാനും കല്യാണിയും ഉൾപ്പെടെ പ്രശംസിച്ചു. പ്രിയദർശൻ സാറും സത്യൻ അന്തിക്കാട് സാറും നടൻ വിനീതും ഒക്കെ അനൂപിനെ വിളിച്ച് ഡബ്ബിങ്ങിനെക്കുറിച്ച് നല്ല അഭിപ്രായങ്ങൾ പറഞ്ഞു. ആ പ്രശംസയും ആശംസയുമെല്ലാം എന്റെ ആത്മവിശ്വാസം വർധിപ്പിച്ചു.  

ഞാൻ ഡബ്ബ് ചെയ്ത കാര്യം വളരെ കുറച്ചു പേർ മാത്രമേ അറിഞ്ഞിരുന്നുള്ളു. പക്ഷേ സിനിമ കണ്ടവരിൽ ചിലർ എന്റെ ശബ്ദം കേട്ടപ്പോൾ തിരിച്ചറിഞ്ഞു. അങ്ങനെ പലരും എന്നോടു ചോദിച്ചു. അതിൽ എനിക്ക് വളരെ അദ്ഭുതം തോന്നി. എന്റെ ശബ്ദം കേട്ടപ്പോൾ അവർ തിരിച്ചറിഞ്ഞല്ലോ എന്നോർത്ത് വളരെ സന്തോഷം തോന്നി. ഇനിയും ഡബ്ബ് ചെയ്യാൻ അവസരം ലഭിച്ചാൽ തീർച്ചയായും ചെയ്യും. പക്ഷേ പാട്ടിനു തന്നെയാണ് പ്രഥമസ്ഥാനം. 

ഞാൻ ഇത്രയധികം ഭാഗമായ മറ്റൊരു പ്രോജക്ട് എന്റെ ജീവിതത്തിൽ ഉണ്ടായിട്ടില്ല. സാധാരണയായി പാട്ടു പാടാൻ സംഗീതസംവിധായകർ വിളിക്കും. ഈണവും വരികളും പാട്ടിന്റെ സാഹചര്യങ്ങളും പറഞ്ഞു തരും. അതനുസരിച്ച് പാടും. അതിൽ നിന്നൊക്കെ വ്യത്യസ്തമായ അനുഭവങ്ങളാണ് എനിക്ക് ഈ ചിത്രത്തിലൂടെ ലഭിച്ചത്. ഈ ചിത്രത്തിനു വേണ്ടി ഞാൻ പാട്ടു പാടിയിട്ടുണ്ട്. അത് കഴിഞ്ഞ വർഷം ഒക്ടോബറിൽ റെക്കോർഡ് ചെയ്തതാണ്. പിന്നീടാണ് എന്നെ തേടി ഡബ്ബിങ് അവസരം എത്തുന്നത്. സിനിമയുടെ പോസ്റ്റ് പ്രൊഡക്്ഷൻ ഘട്ടത്തിലുള്ള എല്ലാ കാര്യങ്ങളിലും ഞാൻ പങ്കാളിയായിരുന്നു. അതുകൊണ്ടു തന്നെ സഹസംവിധായികയുടെ സ്ഥാനത്തെത്തിയല്ലോ എന്ന് തമാശയ്ക്ക് അനൂപ് പറയാൻ തുടങ്ങി. വരനെ ആവശ്യമുണ്ട് എനിക്കു സമ്മാനിച്ചത് ഒരിക്കലും മറക്കാനാവാത്ത നിമിഷങ്ങളാണ്’.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN INTERVIEWS
SHOW MORE
FROM ONMANORAMA