ADVERTISEMENT

ശാന്തിപ്രിയ എന്ന ബാവുൾ ഗായിക തന്റെ പാട്ടുയാത്രയിലാണ്. അത് അവർക്ക് പുതിയ ഭൂമികകളിലേയ്ക്കുള്ള സഞ്ചാരമാണ്, ആത്മാന്വേഷണമാണ്, തന്റെ സന്തോഷം മറ്റുള്ളവരുമായി പങ്കുവയ്ക്കലാണ്. 

 

കേരളത്തിലുള്ള പല സംഗീത പ്രേമികൾക്കും അപരിചിതമായ ഒരുഭൂമികയാണ് ബാവുളുകളുടേത്. കാറ്റിന് അധീനപ്പെട്ടവർ എന്ന അർത്ഥംവരുന്ന 'വാതുല' എന്ന വാക്കിൽ നിന്നും രൂപപ്പെട്ട ബാവുളുകൾ ഇന്ത്യയിലെ സന്ന്യസ്ഥ പാരമ്പര്യങ്ങളുമായി ചേർന്നുപോകുന്ന നാടോടി ഗായകരാണ്. വൈഷ്ണവരും സൂഫികളുമെല്ലാം ഉൾപെട്ട ആ നാടോടി സംഘം ഗ്രാമങ്ങളിൽ നിന്ന് ഗ്രാമങ്ങളിലേയ്ക്ക് സംഗീതത്തിന്റെ കനലുകളുമായി സഞ്ചരിക്കുന്നു. തന്റെ പാട്ടിലെ ഒാരോ വാക്കും തന്റെ തപസ്സിന്റെ ഉലയിലിട്ടൂതി കേൾവിക്കാരിലേക്ക് അഗ്നിയായി പടർത്തുന്നു. 

 

'കനവ്' എന്ന വ്യത്യസ്തമായ വിദ്യാഭ്യാസ പരീക്ഷണത്തിന്റെ അന്വേഷണവഴിയിലൂടെ വളർന്ന ശാന്തിപ്രിയയക്ക് തന്റെ അച്ഛൻ കെ.ജെ ബേബിയിൽ നിന്ന് പകർന്നുകിട്ടിയ പാട്ടിന്റെ തനതു സ്വരങ്ങളെ 'എക്താര' എന്ന ബാവുൾ വാദ്യത്തിലൂടെ, ഡോലക്കിലൂടെ മെരുക്കിയെടുത്ത് തന്റെ നിരന്തരമായ സാധനയിലൂടെ നമ്മെ വിസ്മയിപ്പിക്കാൻ സാധിക്കുന്നുണ്ട്. വ്യത്യസ്തമായ സംഗീതവഴിയെക്കുറിച്ചുള്ള വർത്തമാനങ്ങളുമായി ബാവുൾ ഗായിക ശാന്തിപ്രിയ മനോരമ ഓൺലൈനിൽ. 

 

എന്തുകൊണ്ട് ഈ സംഗീതവഴി?

 

തുറന്നുപാടുന്ന രീതി ഇഷ്ടമാണ്. ഹൃദയം കൊണ്ടാണ് ബാവുൾ ഗായകർ പാടുന്നതെന്നു തോന്നി. അർത്ഥവും ഇൗണവും ഒരുപോലെ പ്രധാനമായി വരുന്നത് എന്നെ വളരെ ആകർഷിച്ചു. ഒരു സാധനയായിട്ടാണ,് അന്വേഷണമായിട്ടാണ് സംഗീതം വരുന്നത്. ആദ്യമായി പാർവ്വതി ബാവുൾ സ്റ്റേജിൽ പാടുന്നത് കണ്ടപ്പോൾ ശരീരവും മനസ്സും ശബ്ദവും കവിതയും ഒക്കെ ചേർന്ന് ഒരു അവാച്യമായ അനുഭൂതിയിൽ അവർ ലയിക്കുന്നതായി തോന്നി. കുട്ടിക്കാലം മുതൽ എന്റെ അപ്പ തുറന്ന് പാടാൻ എന്നെ ശീലിപ്പിച്ചതുകൊണ്ട് അതിലേയ്ക്ക് വേഗം അടുക്കാനും സാധിച്ചു.

shanti-priya-still

 

 

എന്താണ് ബാവുൾ ഗാനരീതി?

 

ഗുരുക്കന്മാരുടെ വചനങ്ങളാണ് ഇൗ പാട്ടുകൾ. ഇൗ പാട്ടിലെ അർത്ഥത്തെയാണ് ഏറ്റവും പ്രധാനമായി കരുതുന്നത് . അർത്ഥത്തിലേയക്ക് എത്തിച്ചേരാൻ, അതിൽ ജീവിക്കുവാനുള്ള ഒരു വഴിമാത്രമാണ് പാട്ട്. മറ്റ് സംഗീതശാഖകൾ ആലാപന ശൈലിയിലും ശ്രുതിയിലും മറ്റും ശ്രദ്ധിക്കുമ്പോൾ, ഇൗ പാട്ടുകളിൽ അർത്ഥത്തെ ഹൃദയത്തിൽ നിന്നും ഹൃദയത്തിലേയ്ക്ക് ഏറ്റവും ആഴത്തിൽ എങ്ങനെ എത്തിക്കാം എന്നാണ് ശ്രദ്ധിക്കുന്നത് . ചില ഗുരുക്കന്മാരുടെ പാട്ടുകൾ പാട്ടായിട്ടുപോലും തോന്നുകിയല്ല,  ഉച്ചത്തിലുള്ള സംസാരമോ ദേഷ്യപ്പെടെലോ ആണെന്നു തോന്നാം, കാരണം അവർ ഇൗ അർത്ഥത്തെ എറ്റവും ശ്രദ്ധയോടെ നമ്മളിലേയ്ക്ക് സന്നിവേശിപ്പിക്കാൻ ശ്രമിക്കുന്നതാണ്.

 

ആദ്യം തിരസ്കാരം, പിന്നീട് ആലിംഗനം

 

ബാവുളിൽ ഗുരുവാണെല്ലാം. ഗുരുവിനെ വണങ്ങിയിട്ടാണ് എല്ലാ പാട്ടുകളും തുടങ്ങാറുള്ളത്. എന്റെ ഗുരു പാർവ്വതി ബാവുളാണ.് ദീദിയെ ഞാൻ ആദ്യം ഫോണിൽ ബന്ധപ്പെട്ടപ്പോൾ, ഞാൻ ആരെയും പഠിപ്പിക്കുന്നില്ല എന്നായിരുന്നു ലഭിച്ച മറുപടി. പലതവണ വിളിച്ചപ്പോഴും ഇത് തന്നെയായിരുന്നു മറുപടി. ഒടുവിൽ ഞാൻ ദീദിയുടെ വീട്ടിൽ പോയി എന്നാൽ അവിടെയെത്തിയപ്പോൾ ദീദി എന്നെ പുഞ്ചിരിച്ചുകൊണ്ട് കൂട്ടുകയും അന്ന് രാവിലെ തന്നെ ആദ്യത്തെ പാട്ട് പഠിപ്പിക്കുകയും ചെയ്തു. അതായിരുന്നു ജീവിതത്തിലെ ഏറ്റവും സുന്ദരമായ അനുഭവം. എന്നെ പഠിപ്പിക്കുമ്പോൾ ദീദിയുടെ കണ്ണ് നിറഞ്ഞിരുന്നു. ഹദയത്തിന്റെ ഉള്ളിൽ നിന്ന് ഒരു പാട്ടെടുത്തു തരുന്നതുപോലെയായിരുന്നു അത്. ദീദിയുമായി എന്നെന്നേക്കുമായി കണ്ണിചേർക്കപ്പെട്ടു എന്ന് അന്നെനിക്ക് തോന്നി. 

 

അനുഗ്രഹിക്കപ്പെട്ട ദിവസങ്ങൾ

 

എന്നും ദീദിയുടെ കാൽക്കൽ ഞാനെന്റെ ഹൃദയം സമർപ്പിച്ചിട്ടുണ്ട്. അത്രയും ആഴത്തിലുള്ള അനുഭവമായിരുന്നു അത്. ചിലപ്പോൾ മാസങ്ങളോളം ഒരു പാട്ടായിരിക്കും പഠിക്കുന്നത്, ചിലപ്പോൾ കൂടുതൽ പഠിപ്പിക്കുന്നില്ലല്ലോ എന്ന് തോന്നിയിരുന്നു. എന്നാൽ ഇപ്പോൾ ഞാൻ മനസ്സിലാക്കുന്നത് ദീദിയോടൊപ്പം ചിലവിട്ട സമയങ്ങൾ, ഒന്നിച്ച് പാചകം ചെയ്യുമ്പോഴും നടക്കുമ്പോഴും നിശബ്ദമായിരിക്കുമ്പോഴുമെല്ലാം ഗുരുവുമായുള്ള ആ പാരസ്പര്യം, അതായിരുന്നു എല്ലാത്തിലും പ്രധാനമായിട്ടുള്ളത്. ഞങ്ങൾ തമ്മിൽ കാണാതെയോ എഴുത്തുകളൊന്നുമില്ലാതെയോ ഉള്ള ധാരാളം സമയങ്ങളുണ്ടാവാറുണ്ട്  എന്നാൽ വീണ്ടും കാണുമ്പോൾ ഒരു തുടർച്ച ഉണ്ടാകും. ഇതൊരു വലിയ അനുഗ്രഹമായി തോന്നിയിട്ടുണ്ട്.

 

ഞാൻ ബംഗാളിയല്ല

 

ഞാൻ ബംഗാളിൽ ജനിച്ചു വളർന്നതല്ല. ബംഗാളി എന്റെ സംസാരഭാഷയല്ല. ബംഗാളിയായൊരു ബാവുളിൽ നിന്നും അതുകൊണ്ടുതന്നെ വ്യത്യസ്തയാണ് ഞാൻ. കേളത്തിലെ എന്റെ ജീവിതവും വിദ്യാഭ്യാസവും  യാത്രയുമെല്ലാം വ്യത്യസ്തമാണ്. എങ്കിലും, ഇൗ പാട്ടുകൾ എന്റെ ഹൃദയത്തോട് ചേർന്നു നില്ക്കുന്നവയാണ്. മലയാളിയായിട്ടുള്ള 'ശാന്തി' എന്നു പേരുള്ള ഞാനായിട്ട് തന്നെയാണ് ഇൗ പാട്ടുകൾ പങ്കുവെയ്ക്കുന്നത്. അങ്ങനെ പങ്കുവെയ്ക്കുമ്പോൾ ഞാൻ അനുഭവിക്കുന്ന സന്തോഷം ആളുകളിലേയ്ക്ക് പകരാനാണ് ഞാൻ ശ്രമിക്കാറുള്ളത്. ഞാൻ അനുഭവിച്ച അർത്ഥവും ചേർത്ത് വച്ചാണ് ഞാൻ ഇതു പങ്കുയ്ക്കാറുള്ളത്.  കേൾവിക്കാരനും ആ ഒരു അർത്ഥതലത്തെ അനുഭവിക്കാനാകുമെന്ന് കരുതുന്നു.  

 

ആത്മാവുള്ള പാട്ടുകൾ

 

ബാവുളിൽ പാട്ടുകളാണ് മഹാമന്ത്രങ്ങൾ. അതിലാണ് ഗുരുക്കന്മാർ അവരുടെ അറിവ് പങ്കുവച്ചിരിക്കുന്നത്. അതിലെ അർത്ഥതലങ്ങൾ പല പല അടരുകളായിട്ടാണുള്ളത്. തന്നെയിരുന്ന് പാടുമ്പോഴും പങ്കുവയ്ക്കുമ്പോഴും പല പല അർത്ഥങ്ങൾ നമുക്ക് തെളിഞ്ഞു വരും. 'പാരെ ലോയെ ജാവു' എന്ന വരികളുടെ അർത്ഥം 'എന്നെ അക്കരയ്ക്ക് കൊണ്ടുപോകൂ' എന്നാണ്. ആദ്യം അത് പാടുമ്പോൾ എനിക്ക് തോന്നിയിട്ടുള്ളത് ഒരു പുഴയുടെ അക്കരെനിന്ന് ഞാൻ പാടുന്നതായിട്ടാണ്. എന്നാൽ പിന്നീട് കൂടുതൽ പാടുമ്പോൾ തെളിയുന്ന അർത്ഥം 'ഞാൻ എന്ന കരയിൽ നിന്നും ആ ബൃഹത്തായിട്ടുള്ള ഞാനിലേയ്ക്കുള്ള യാത്ര അല്ലെങ്കിൽ വികാസമാണ്' എന്നായിത്തീർന്നു. ഇതുപോലെ എല്ലാ പാട്ടിലെയും അർത്ഥങ്ങൾ നമ്മൾക്ക് തെളിഞ്ഞുവരും. അത് പലപ്പോഴും നമ്മുടെ ധ്യാനങ്ങൾക്കും പാകതയ്ക്കും അനുസരിച്ചായിരിക്കും സംഭവിക്കുക.  കടലിൽ മുത്ത് തിരഞ്ഞ്  നടക്കുന്ന ആളെപ്പോലെയാണ് തോന്നിയിട്ടുളളത,് ഇപ്രാവശ്യം എന്തായിരിക്കും പൊന്തിവരിക എന്ന ആകാംഷ നമുക്കുണ്ടാകും. ഒരേ പാട്ട് പല സമയത്തും പാടുമ്പോൾ പലരീതിയിലാണ് നമ്മൾ അത് അനുഭവിക്കുക. ചില പാട്ടുകൾ പാടുമ്പോൾ ഇതിൽ എന്ത് അർത്ഥമാണുള്ളത് എന്ന് തോന്നും എന്നാൽ പെട്ടന്നായിരിക്കും ആ പാട്ട് നമ്മെ വിസ്മയിപ്പിക്കുക. ഒരോ പാട്ടിലെയും ജീവനാണ് എന്നെ അന്വേഷകയാക്കുന്നത്. അത് ആത്രയും ആഴത്തിൽ നമ്മുടെ ഉള്ളിനോട് സംവദിക്കുന്നതാണ്. അത് പലപ്പോഴും നമ്മെ ധ്യാനത്തിലേയ്ക്കും മൗനത്തിലേയ്ക്കും കൂട്ടികൊണ്ടുപോകുന്നതാണ്.  

 

വിസ്മയിപ്പിച്ച പാട്ടനുഭവം

 

ദീദിയുടെ ഗുരു സനാതൻ ദാസ് ബാവുളിന്റെ ഗ്രാമത്തിലെ ആശ്രമത്തിൽ  ചെന്ന് അദ്ദേഹത്തോടൊപ്പം രണ്ട് ദിവസം താമസിച്ചു. ഒരുപാട് പ്രായമാതിനാൽ അന്നദ്ദേഹം പാടുന്നുണ്ടായിരുന്നില്ല. മൗനത്തിലിരിക്കുകയായിരുന്നു. രാത്രിയിൽ പല ബാവുൾ ഗായകർ വന്ന്് പാട്ടുകൾ പാടി. ആ കൂട്ടത്തിൽ ഞാനും പാടി. ആ സമയത്ത് അദ്ദേഹത്തിന്റെ കൈത്തലം എന്റെ നെറുകയിൽ പതിഞ്ഞു. ആ അനുഗ്രഹമാണ് ആ യാത്രയിലെ ഏറ്റവും സ്പർശിച്ച സംഭവം. ഗ്രാമങ്ങളിലൂടെയുള്ള യാത്ര നമ്മളെ വിനയമുള്ളവരാക്കിതീർക്കും. പലയിടത്തും  പാട്ടുകൾ പങ്കുവയ്ക്കാനുള്ള ആനന്ദത്തിനായി മാത്രം ആളുകൾ ഒത്തുചേരുന്നതും പാടുന്നതും എന്നെ വിസ്മയിപ്പിട്ടുണ്ട്. 

 

ബാവുളിലെ മലയാളിത്തം

 

കബീർ ദോഹകളും നാരായണഗുരുവിന്റെ കൃതികളും കച്ചിലെ പാട്ടുകളും ഹിമാലയത്തിലെ പാട്ടുകളും എല്ലാം കോർത്തിണക്കാൻ ഞാൻ ശ്രമിക്കാറുണ്ട്. കാരണം കേരളത്തിൽ നിന്നുള്ള ഞാൻ ഇൗ പാട്ടുകളുടെ ഭൂപ്രദേശം മുഴുവൻ അറിഞ്ഞുകൊണ്ടാണ് ബാവുളിലേക്കു വരുന്നത്. എന്റെ തേടലുകളിൽ ഇതെല്ലാം വരുന്നുണ്ട്. ബാവുളാണ് എന്റെ മണ്ണെങ്കിലും, എന്റെ യാത്രയിൽ ഞാൻ പരിചയിച്ച മുഴുവൻ മണ്ണിനെയും പരിചയപ്പെടുത്തുള്ള ശ്രമമാണ് ഞാൻ നടത്തുന്നത്. മാൾവയിലെ കബീർ ഗായകനായ പ്രഹാദ് സിങ് ടിപ്പാനിയ ഒരു സ്കൂൾ മാഷാണ്. അദ്ദേഹം കബീർ പാട്ടുകൾ പാടുന്നത് കേൾക്കുമ്പോൾ, നമുക്ക് തോന്നും കബീർ തന്നെ മുന്നിൽ വന്ന് പാടുകയാണെന്ന്. ഇതുപോലുള്ള ഗായകരിലൂടെ കബീറും ലാലൻ ഫക്കീറും മറ്റു ഗുരുക്കന്മാരുമെല്ലാം പാടിക്കൊണ്ടേയിരിക്കുന്നു. അവരുടെ ആ പരമ്പരയിൽ കണ്ണിചേർന്ന് ഒഴുകാനാണ് ഞാൻ ആഗ്രഹിക്കുന്നത്. 

 

സ്വാതന്ത്ര്യമുള്ള പാട്ടുവഴി

 

കാറ്റിനൊപ്പം അലയാനുള്ള സാധ്യത എല്ലാവരുടെയും ഉള്ളിലുള്ളതായി തോന്നുന്നു. എല്ലാ പ്രാണന്റെയും ഉള്ളിൽ ആ സാധ്യതയുണ്ട്. അതുകൊണ്ട് ഇത്തരം പാട്ടുകൾ പങ്കുവെക്കുമ്പോൾ ആ വിശാലതയോടും ആ സാധ്യതയോടും എല്ലാവരും വേഗം അടുക്കുന്നതായി കാണാം. ഒരു കബീർ ദോഹയിൽ ഇങ്ങനെ പറയുന്നുണ്ട്, 'മനസ്സേ നീ ഫക്കീറായി കഴിഞ്ഞാൽ നാലുദിശകളിലേയ്ക്കും എന്റെ സാമ്രാജ്യം വലുതായിരിക്കുകയാണ.് എന്റെ ഒരു കയ്യിൽ ഭിക്ഷാപാത്രം ഒരു കയ്യിലൊരു വടി നാലു ദിശയും എന്റെ സാമ്രാജ്യം. ഇൗ ഭൂമി അമ്മയായിട്ടും ആകാശം അച്ഛനായിട്ടും ഞാനതിലൂടെ ഒാടി കളിക്കുന്ന ഒരുണ്ണിയായിട്ടും സങ്കൽപ്പിച്ചാൽപോലും നമുടെ ഉളളിൽ ഒരു വലിയ സ്വാതന്ത്ര്യം തോന്നും.' പാട്ടുകളും ഇൗ വഴിയും ആ സാധ്യതയെ വളരെ ഉണർത്തുന്നതാണ്. അതുകൊണ്ട് അത് എന്നെ എന്നും പ്രചോദിപ്പിക്കുകയും ചെയ്യുന്നുണ്ട്. 

 

 

 

 

 

 

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com