മ്യൂസിക് വിത് ബോഡി മസിൽസ്

p-jayachandran-style
SHARE

ജയചന്ദ്രനെ അടുത്തറിയുന്നവർ സാധാരണ ഞെട്ടാറില്ല. ഇത്തവണ പക്ഷേ, അവരും ഞെട്ടി. നിറമുള്ള ടി ഷർട്ടിട്ട് ഇരുകൈകളിലെയും മസിലു പെരുപ്പിച്ചുള്ള ജയചന്ദ്രന്റെ പടം. 76 വയസ്സായ ഗായകന്റെ ചിത്രം കണ്ടു ന്യൂജെൻ കുട്ടികളിൽ പലരും കണ്ണാടിയിൽ സ്വന്തം സ്റ്റൈൽ നോക്കി, സ്വന്തം ചിത്രങ്ങൾ നോക്കി. പാട്ടുകാരനെ മനസ്സുകൊണ്ട് ലൈക് ചെയ്തു.

ജയചന്ദ്രൻ അതീവ ഗൗരവക്കാരനാണ്. അതീവ കർക്കശക്കാരൻ. പരിചയമില്ലാത്തവർ ഇടപഴകുന്നതു പോലും ഇഷ്ടമാകില്ല. അത് അപ്പോൾത്തന്നെ തുറന്നുപറയുകയും ചെയ്യും. എന്നാൽ, ജയചന്ദ്രനു ‘ഹായ് ബ്രോ’ എന്നൊരു ന്യൂജെൻ മുഖമുണ്ട്. അതാണ് ഇപ്പോൾ കണ്ടത്. ഇതു മഞ്ഞുമലയുടെ തുമ്പു മാത്രം.

ഈ പടങ്ങൾ പുറത്തുവന്നപ്പോൾ ജയേട്ടന് അന്വേഷണങ്ങളുടെ പെരുമഴയാണെന്നു കേട്ടല്ലോ?

അമേരിക്കയിൽനിന്നു മുതൽ തൃശൂരിൽനിന്നു വരെ വിളിച്ചു. തമിഴ് പത്രക്കാർ വിളിച്ചു. എല്ലാവർക്കും അറിയേണ്ടതു ബോഡി ഇങ്ങനെ ആയതിന്റെ സൂത്രമാണ്. ഇതിലൊരു സൂത്രവുമില്ല. മസിലുമില്ല, പെരുപ്പിച്ചിട്ടുമില്ല. ജിമ്മിലും പോയിട്ടില്ല. വീട്ടിൽ കിട്ടുന്നതു മിതമായി കഴിക്കും. സുഖമായിട്ടിരിക്കും. എന്നും മിതമായി എക്സർസൈസ് ചെയ്യും. ഇതൊരു തമാശ കാണിച്ചതാണ്.

പക്ഷേ, ജനം സീരിയസാണെന്നു കരുതി..

അതെ, അവർ സീരിയസാണ്. ഇനി ഷോകൾ തുടങ്ങിയാൽ ഞാൻ ഓരോ പാട്ടിനു ശേഷവും മസിലു കാണിക്കേണ്ടിവരും. പലർക്കും അതുമതി. വിളിച്ച ഒരാളോടു ഞാൻ പറഞ്ഞു, ഇനി പാട്ടുനിർത്തി ഈ മസിൽ ഷോ മാത്രമാക്കാമെന്ന്. അതോടെ ഫോണുവച്ചിട്ടു പോയി. ബ്യൂട്ടിഫുളായൊരു പാട്ടുപാടിയാൽപോലും ഇതുപോലെ ആളുകൾ ഏറ്റെടുക്കില്ല. ഇതുപോലെ കോമാളിത്തരം കാട്ടിയാൽ ഏറ്റെടുക്കുന്ന കാലമാണിത്. 55 വർഷമായി പാടുന്നയാളാണു ഞാൻ.

പലപ്പോഴും ജയചന്ദ്രന്റെ വേഷമൊക്കെ ഒരു ഫാഷൻ സ്റ്റേറ്റ്മെന്റാണ്...

ഉദ്ദേശിച്ചതു മനസ്സിലായില്ല. നിറമുള്ള ഷർട്ടിടുന്ന കാര്യത്തിലാണെങ്കിൽ അതു കുറെക്കാലമായി ഞാനിടുന്നതാണ്. എനിക്കു കിട്ടിയതെല്ലാം ഇടും. നിറമോ അളവോ ഒന്നും നോക്കില്ല. എറണാകുളത്തെ ഹാരിസ് കുറെ ഷർട്ടും ടീ ഷർട്ടും ജീൻസും തരും. അതെല്ലാം ഇടുമോ എന്ന് അയാൾക്കു സംശയം. അയാളുടെ കയ്യിലുള്ളതെല്ലാം ന്യൂജെൻ ആണ്. ഞാനതെല്ലാം ഇട്ടു. ഇനി വേണമെങ്കിൽ ലുങ്കിയും ബനിയനുമിട്ടും ഞാൻ പാടും. അതൊരു വേഷമല്ലേ. അതിനെ മാനിക്കണ്ടേ?

മനസ്സുകൊണ്ടു ന്യൂജെൻ ആണോ?

ഞാനവരെ കുറ്റം പറഞ്ഞിരുന്ന ആളാണ്. ഊശാൻ മുടിയും താടിയും വളർത്തി തോന്നിയ ഡ്രസെല്ലാം ഇടുന്നവരെന്നാണു വിളിച്ചിരുന്നത്. ഇപ്പോൾ ഞാനും അതായി. മൊട്ടയടിച്ച ശേഷം കുറച്ചു മുടി മുകളിലേക്കു നിർത്തി. താടിയുടെ ഷേപ് മാറ്റി. അവരിടുന്ന ഡ്രസെല്ലാം ഇടാനും തുടങ്ങി. ആസനത്തിനു താഴെ ഊരിവീഴാൻ നിൽക്കുന്ന ജീൻസു മാത്രം ഇതുവരെ ഇട്ടിട്ടില്ല. ഇടാൻ തൽക്കാലം ഉദ്ദേശ്യവുമില്ല. ഇനി രണ്ടു കാലും രണ്ടു നിറമായ ജീൻസ് ഇടാൻ തോന്നിയാൽ അതും ഇടും. ഇടത്തേക്കാലിൽ പച്ച, വലത്തേതു ചുവപ്പ്, കറുത്ത ബനിയനും. ഇതൊന്നുമല്ലടോ കാര്യം, പാടുന്നുണ്ടോ എന്നതു മാത്രമാണു കാര്യം.

ആരും ഇത്രത്തോളം പ്രതീക്ഷിച്ചില്ല...

എത്ര പ്രതീക്ഷിക്കുന്നു എന്നു നമുക്കറിയില്ലല്ലോ. മോഹൻലാൽ വിളിച്ചു കുറെ സംസാരിച്ചു. അയാൾക്കിഷ്ടമായി. പിന്നെ ചില പുതിയ പാട്ടുകാർ വിളിച്ചു. റിമി ടോമി വിളിച്ച് എന്തൊക്കെയോ ചോദിച്ചു, ഞാൻ എന്തൊക്കെയോ മറുപടിയും പറഞ്ഞു. ഇതൊന്നും പ്ലാൻ ചെയ്തു ചെയ്യുന്നതല്ലല്ലോ. സതീഷ് എന്നൊരു സുഹൃത്താണു പടമെടുത്തു പുറത്തുവിട്ടത്. അത് ഇത്രത്തോളമാകുമെന്നു കരുതിയില്ല. ഇതു കളി കാര്യമായിപ്പോയതാണ്. ഒരു ചാനലുകാരൻ ചോദിച്ചു എന്താണു പ്രചോദനമെന്ന്. ഷർട്ടിടാൻ എന്തിനാണു പ്രചോദനം! എന്തു ചോദ്യമാണ്, അല്ലേ..!

ലോക്ഡൗൺ കാലത്ത് ഇത്രയും സന്തോഷത്തോടെ കഴിഞ്ഞുവെന്നതു വലിയ കാര്യമല്ലേ?

ഒരു സന്തോഷവുമില്ല. മുറിയടച്ചിരുന്നാൽ എന്തു സന്തോഷം? ബോറടിച്ചു ചത്തു. കുറെനേരം കട്ടിലിൽ കിടക്കും, പിന്നെ സോഫയിൽ വന്നിരിക്കും. വീണ്ടും ഇതുതന്നെ ചെയ്യും. കട്ടിലും സോഫയുമെല്ലാം ഇരുന്നിരുന്നു കുഴിഞ്ഞു. എന്റെ കുറെ പാട്ടുകൾ പുതിയ പുസ്തകത്തിലേക്കു പകർത്തിയെഴുതാൻ സമയം കിട്ടി. അതു നടന്നു എന്നു പറയാം.ഞാൻ 55 വർഷമായി പാടുന്നു. എന്നെ അറിയേണ്ടതും ഓർക്കേണ്ടതും പാട്ടിലൂടെ മാത്രമാണ്. അല്ലാതെ, മസിലിലൂടെയും തുണിയുടുത്തതിലൂടെയുമല്ല. പക്ഷേ, ഇതൊക്കെ രസമാണെന്നു മാത്രം. സ്ഥിരം പണിയല്ല.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN INTERVIEWS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA