'അന്നു പറഞ്ഞത് തിരുത്തുന്നു, ശരീരഭാരമല്ല നമ്മുടെ തലക്കനമാണ് കുറയ്ക്കേണ്ടത്'; എസ്പിബി മനീഷയോടു പറഞ്ഞത്

maneesha-spb
SHARE

എസ്.പി. ബാലസുബ്രഹ്മണ്യം, തെന്നിന്ത്യയുടെ സ്വന്തം എസ്പിബി. റെക്കോർഡിങ്ങായാലും വേദിയിൽ ലൈവായി പാടുകയാണെങ്കിലും എസ്പിബിയുടെ ശബ്ദത്തിന്റെ മാന്ത്രികതയ്ക്ക് ഒരു മാറ്റവുമുമില്ല. ആരാധകർക്ക് മുൻപിൽ ലൈവായി എസ്പിബി പാടുമ്പോൾ ഒരു പ്രത്യേക സൗന്ദര്യമുണ്ട്. അദ്ദേഹം പാടി തുടങ്ങുമ്പോൾ ഈശ്വരസാന്നിധ്യം അടുത്തറിയുന്നതുപോലെയാണെന്ന് ആരാധകർ പറയും. അതിൽ അൽപം കാര്യവുമുണ്ട്. കഴിഞ്ഞ നംവബറിൽ തൃശൂർ ചേതന അക്കാദമിയുടെ പുരസ്കാര വേദിയിൽ വച്ച് എസ്പി ബാലസുബ്രഹ്മണ്യത്തിനൊപ്പം ‘മലരേ മൗനമാ’പാടിയ മനീഷ, വേദിയിൽ പൊട്ടിക്കരഞ്ഞതും എസ്പിബി ഗായികയുടെ കണ്ണീരൊപ്പി ആശ്വസിപ്പിച്ചതും വലിയ വാർത്താ പ്രാധാന്യം നേടിയിരുന്നു. ‘ജീവിതത്തിൽ ഈശ്വരസാന്നിധ്യം അറിഞ്ഞ നിമിഷം’ എന്നാണ് ഗായിക ആ ‌അനുഭവത്തെ വിശേഷിപ്പിച്ചത്. ഈറൻമിഴികളോടെ പാടി മുഴുവിപ്പിച്ച ഗായിക ഒടുവിൽ ആരാധ്യ ഗായകന്റെ പാദം തൊട്ടു വണങ്ങി. എസ്പിബിയുടെ ജന്മദിനത്തോടനുബന്ധിച്ച് അദ്ദേഹത്തോടൊപ്പമുള്ള ഓർമകൾ ചോദിക്കാനായി മനോരമ ഓൺലൈനിൽ നിന്നു വിളിച്ചപ്പോൾ മനീഷയുടെ വാക്കുകളിൽ ആരാധനാപാത്രത്തോടുള്ള സ്നേഹവും ബഹുമാനവും ആദരവും ഒരുപോലെ തുളുമ്പി. എത്ര പറഞ്ഞാലും മതി വരാത്ത അത്ര ആവേശം. ഈശ്വരതുല്യനായി കാണുന്ന ഗായകനെക്കുറിച്ചു മനീഷ മനോരമ ഓൺലൈനിനോടു മനസ്സു തുറന്നപ്പോൾ.  

ഞാൻ എന്ന ‘വലിയ ആരാധിക’യോട് അദ്ദേഹം അന്നു പറഞ്ഞത്

ചെറുപ്രായം മുതൽ ഞാൻ എസ്പിബി സാറിന്റെ സംഗീത പരിപാടികളിൽ പാടിയിട്ടുണ്ട്. 1998–99 കാലഘട്ടത്തിൽ ദുബായിൽ വച്ച് എസ്പിബി സാറും ദാസ് അങ്കിളും (യേശുദാസ്) ഒരുമിച്ചുള്ള ഒരു സംഗീതപരിപാടി നടന്നു. അന്നു ഞാൻ ദുബായിലായിരുന്നു താമസം. റേഡിയോയിൽ ജോലി ചെയ്യുകയായിരുന്നു. അന്നത്തെ സംഗീതപരിപാടിയുമായി ബന്ധപ്പെട്ട്  എസ്പിബി സർ ദുബായിൽ എത്തിയപ്പോൾ ഞാൻ അദ്ദേഹവുമായി അഭിമുഖം നടത്താൻ പോയി. അഭിമുഖമൊക്കെ കഴിഞ്ഞ് പുറത്തിറങ്ങി സംസാരിച്ചു നിൽക്കുന്നതിനിടയിൽ ഞാൻ അദ്ദേഹത്തോടു പറഞ്ഞു, സർ ഞാൻ താങ്കളുടെ വലിയ ആരാധികയാണെന്ന്. അപ്പോൾ അദ്ദേഹം എന്നെ മുഴുവനായി ഒന്നു വീക്ഷിച്ചിട്ടു പറഞ്ഞു‘പാത്താലേ തെരിയും’ (കണ്ടാൽ തന്നെ മനസിലാകും) എന്ന്. അന്ന് എനിക്കു വണ്ണം ഉണ്ടായിരുന്നു. അദ്ദേഹവും വണ്ണം ഉള്ളയാളാണല്ലോ. അപ്പോൾ എന്റെ ശരീരപ്രകൃതം കണ്ടിട്ട് വളരെ സരസമായി അദ്ദേഹം എന്നോടു പറഞ്ഞതാണ്. ‘വലിയ ആരാധിക’യാണെന്നു കണ്ടാൽ മനസിലാകുമെന്ന്.

അവസരം ചോദിച്ചു വാങ്ങി പാടി

അന്ന് ദുബായിൽ വച്ച് അദ്ദേഹത്തെ കണ്ടു പിരിഞ്ഞ് പത്തു പതിമൂന്നു വര്‍ഷങ്ങൾക്കു ശേഷമാണ് കഴിഞ്ഞ നവംബറിൽ തൃശ്ശൂരിൽ വച്ച് വീണ്ടും കാണാൻ അവസരം ലഭിച്ചത്. പതിമൂന്നു വർഷത്തോളം ഞാൻ ദുബായിൽ ആയിരുന്നു താമസം. നാട്ടിൽ സ്ഥിരതാമസമായിട്ട് പതിനൊന്നു വർഷമായി. ഇത്രയും കാലത്തിനിടയിൽ ഞാൻ ഇപ്പോഴാണ് വേദികളിൽ സജീവമായിത്തുടങ്ങിയത്. തൃശൂർ ചേതന അക്കാദമിയുടെ പുരസ്കാര വേദിയിൽ പാടാനുള്ള അവസരം ഞാൻ ചോദിച്ചു വാങ്ങിയതാണ്. എസ്പിബി സാറിനൊപ്പം പാടിയിട്ട് വർഷങ്ങളായതിനാൽ പരിപാടിയുടെ സംഘാടകരോടു ഞാൻ അവസരം ചോദിച്ചു. അന്നു ഞാൻ സ്റ്റേജിലേക്കു കയറുന്നതിന്റെ കുറച്ചു നിമിഷങ്ങൾക്കു മുൻപു വരെ മനീഷ പാടിയാൽ ശരിയാകില്ല എന്നു പറഞ്ഞ ഒരു സമൂഹമുണ്ടായിരുന്നു. അത് എന്തുകൊണ്ടാണ് എന്ന് എനിക്കു മനസിലായിട്ടില്ല.   

ആ നിമിഷം ഞാൻ അറിഞ്ഞു, ഈശ്വരന്റെ സാന്നിധ്യം

അന്ന് എസ്പിബി സർ വേദിയിൽ സംസാരിച്ചു കൊണ്ടു നിൽക്കുന്ന സമയത്താണ് ഞാൻ വേദിയിലേക്കെത്തിയത്. റിഹേഴ്സലിനൊന്നും അദ്ദേഹം ഇല്ലാതിരുന്നതിനാൽ സ്റ്റേജിൽ വച്ചാണ് ‍ഞാൻ അദ്ദേഹത്തെ അദ്യം കണ്ടത്. ആ നിമിഷത്തെക്കുറിച്ച് എങ്ങനെ വിവരിക്കണമെന്ന് എനിക്കറിയില്ല. അദ്ദേഹത്തിന്റെ ചുറ്റും ഒരു പ്രകാശമുള്ളതായി എനിക്ക് അനുഭവപ്പെട്ടു. ആ സമയം ദൈവികസാന്നിധ്യം ഞാൻ അറിഞ്ഞു. അദ്ദേഹത്തിന് എന്നെ ഓർമയുണ്ടാകില്ല എന്നെനിക്കറിയാമായിരുന്നു. എങ്കിലും പാടാൻ തുടങ്ങുന്നതിനു മുന്‍പ് ഒരു കാര്യം പറയാനുണ്ട് എന്നു ഞാൻ അദ്ദേഹത്തോടു പറഞ്ഞു. എന്നിട്ട് വർഷങ്ങൾക്കു മുന്‍പ് ദുബായിൽ വച്ചു കണ്ടതിനെക്കുറിച്ചും അഭിമുഖം നടത്തിയതിനെക്കുറിച്ചുമൊക്കെ ഞാൻ സംസാരിച്ചു. ഞാൻ സാറിന്റെ ആരാധികയാണെന്നു പറഞ്ഞപ്പോഴുണ്ടായ സാറിന്റെ രസകരമായ പ്രതികരണത്തെക്കുറിച്ചും പറഞ്ഞപ്പോൾ അദ്ദേഹം എന്നോടു പറഞ്ഞു, അന്നു ഞാൻ അങ്ങനെ പറഞ്ഞു. പക്ഷേ ഇപ്പോൾ ആരോടും പറയില്ല എന്ന്. ശരീരഭാരം ഒരിക്കലും കുറയ്ക്കരുത്. അത് ഓരോരുത്തരുടെയും പ്രത്യേക പ്രകൃതമാണ്. ശരീരത്തിനുള്ള ഭാരമല്ല, മറിച്ച് തലക്കനം ആണ് കുറയ്ക്കേണ്ടതെന്നും അദ്ദേഹം പറഞ്ഞു.  

അവഹേളിച്ചവർക്കു മുന്നിൽ കണ്ണീരൊപ്പിയ സ്നേഹം

ഒരുപാട് പിന്തള്ളപ്പെടലുകളും അവഹേളനങ്ങളും ഒഴിവാക്കപ്പെടലുകളുമൊക്കെ അനുഭവിച്ച കലാകാരിയാണു ഞാൻ. പ്രത്യേകിച്ച് എന്റെ നാട്ടിൽ. എന്നെ അവഗണിച്ച സമൂഹത്തിനു മുൻപിൽ വച്ചാണ് എസ്പിബി സർ എന്നെ ചേർത്തു നിർത്തി കണ്ണുനീർ തുടച്ചത്. അത് യഥാർഥത്തിൽ ദൈവം ചെയ്ത പ്രവൃത്തിയാണെന്നാണു ഞാൻ വിശ്വസിക്കുന്നത്. അന്നു വികാരഭരിതയാകാൻ മറ്റൊരു കാരണം കൂടിയുണ്ട്. ഒരു ഗായിക എന്ന നിലയിലേക്ക് എന്നെ പരുവപ്പെടുത്തിയെടുത്തത് ചേതന അക്കാദമിയാണ്. സംഗീത ജീവിതത്തിൽ എന്നെ വളരെയധികം സ്വാധീനിച്ച രണ്ടു വ്യക്തികളാണ് ഫാ.പോൾ, വയലിനിസ്റ്റ് ജേക്കബ് എന്നിവർ. അവർ രണ്ടു പേരും പിന്നെ എന്റെ അച്ഛനും ആ വേദിയിൽ നക്ഷത്രങ്ങളായി ഉദിച്ചു നിൽക്കുന്നതു പോലെ എനിക്ക് അന്ന് അനുഭവപ്പെട്ടു. പൊതുവേ ഞാൻ വളരെ വൈകാരികമായി ഇടപെടുന്ന ആളാണ്. പെട്ടെന്നു സങ്കടം വരും. അന്ന് സന്തോഷവും ഭാഗ്യവും എല്ലാം ലഭിച്ച ആ അവസരത്തിൽ വേദിയിൽ വച്ചു പൊട്ടിക്കരഞ്ഞു.  

ആരാധനയ്ക്ക് അതിരുകളില്ല

എസ്പിബി സർ എല്ലാ ഗായകരെയും ഒരുപോലെ പ്രോത്സാഹിക്കുന്നയാളാണ്. ഒരു കോറസ് പാടിയാൽ പോലും ആ കലാകാരന്മാരെ സ്റ്റേജിനു മുന്നിൽ നിന്ന് അഭിനന്ദിക്കാൻ യാതൊരു മടിയും കാണിക്കാത്തയാള്‍. അത്രയും വലിയ മനസിന്റെ ഉടമയാണദ്ദേഹം. മറ്റു ഗായകർക്കൊപ്പം പരിപാടികളിൽ പങ്കെടുക്കാൻ പോകുന്നതിനേക്കാൾ വ്യത്യസ്തമായ അനുഭവമാണ് എസ്പിബി സാറിനൊപ്പം പാടുമ്പോൾ ലഭിക്കുക. കാരണം അദ്ദേഹത്തിനൊപ്പം നിൽക്കുമ്പോൾ നമുക്ക് വളരെയധികം ആത്മവിശ്വാസം തോന്നും. വേദികളിൽ പാടിയതിനു പുറമേ, പണ്ടൊക്കെ ഞാൻ അദ്ദേഹത്തോടൊപ്പം കാസറ്റുകളിൽ പാടിയിട്ടുണ്ട്. എനിക്കു സംഗീതബോധം വന്ന കാലം മുതൽ ഞാൻ ആരാധിക്കുന്ന ഗായകനാണ് അദ്ദേഹം.  

‘മലരേ മൗനമാ...’ എന്നും പ്രണയം തോന്നുന്ന ഗാനം

എസ്പിബി സാറിനെക്കുറിച്ചോർക്കുമ്പോൾ ആദ്യം മനസിൽ വരുന്നത് ‘മലരേ മൗനമാ’ എന്ന ഗാനമാണ്. ഈ പാട്ടിനോടുള്ള ഇഷ്ടം ഒരുപാട് വർഷം മുൻപേ തുടങ്ങിയതാണ്. പിന്നെ നവംബറിലെ സ്റ്റേജ് അനുഭവം കൂടിയായപ്പോൾ അതിനോടു വീണ്ടും പ്രണയം തോന്നി. ഇനിയെന്റെ മരണം വരെ ആ പാട്ട് അതേ ഇഷ്ടത്തോടെ നിലനിൽക്കും. അന്ന് വേദിയിൽ ആ പാട്ടു പാടണമെന്ന് എനിക്കു വളരെ വലിയ ആഗ്രഹമുണ്ടായിരുന്നു. അത് അദ്ദേഹം പാടിവച്ചരിക്കുന്നതിനെക്കുറിച്ച് വാക്കുകൾ കൊണ്ടു വർണിക്കാനാകില്ല. എസ്പിബി സാറും ജാനകിയമ്മയും ചേർന്നാലപിച്ച് അനശ്വരമാക്കിയ ഗാനം. പാട്ട് യൂട്യൂബില്‍ വന്നതിനു ശേഷമുള്ള പ്രേക്ഷകരുടെ പ്രതികരണങ്ങൾ വായിച്ചാൽ തന്നെ മനസിലാകും എത്രത്തേളം മധുരഗീതമാണതെന്ന്. 

‘മലരേ മൗനമാ’ കേട്ടാൽ പ്രണയിക്കാത്തവർ പോലും പ്രണയിക്കുമെന്നു തീർച്ചയാണ്. ആ പാട്ടിന് ഈണം കൊരുത്ത വിദ്യാസാഗർ സാറിന് ഒരു വലിയ സല്യൂട്ട് നൽകണം. കാരണം ഇത്രയും സുന്ദരമായ ഒരു പാട്ട് ജനങ്ങൾക്കു നൽകിയ അതുല്യനായ പ്രതിഭയാണ് അദ്ദേഹം. ‘മലരേ മൗനമാ’ എന്റെ എക്കാലത്തെയും പ്രിയപ്പെട്ട പാട്ടാണ്. അതുപോലെ എസ്പിബി സാറിന്റെ വേറെയും ഒരുപാട് പാട്ടുകൾ എന്റെ ഇഷ്ടങ്ങളുടെ പട്ടികയിലുണ്ട്. അദ്ദേഹത്തിന്റെ പാട്ടുകൾക്കൊക്കെ വല്ലാത്ത ഒരു ഫീൽ ആണ്. കേരളത്തില്‍ യേശുദാസ് സാറിന്റെ സ്ഥാനം എന്താണോ അതുപോലെയാണ് തമിഴ്നാട്ടിൽ എസ്പിബി സർ. അദ്ദേഹത്തിന്റെ പാട്ടുകളോടുള്ള പ്രിയം എങ്ങനെ വിവരിക്കുമെന്നറിയില്ല. കേൾക്കുന്നവരുടെ ഉള്ളിലേക്ക് ഇറങ്ങിച്ചെല്ലുന്ന, നെഞ്ചിൽ കയറുന്ന ഫീൽ ആണത്. ശബ്ദത്തേക്കാളുപരി ഫീൽ കൊണ്ടാണ് അദ്ദേഹം ജനങ്ങളിലേക്കെത്തുന്നത്. 

ആശംസയല്ല, പ്രാർഥനയാണ്

ദൈവത്തിനു നമ്മൾ ആശംസകൾ നേരാറില്ലല്ലോ. ദൈവത്തോടു പ്രാർഥിക്കുകയല്ലെ ചെയ്യുക. അതുപോലെ എസ്പിബി സാറിന്റെ ജന്മദിനത്തിൽ എനിക്ക് അദ്ദേഹത്തോടു പ്രാർഥനയാണ്. ഒരുപാട് വർഷം സന്തോഷത്തോടെയും സമാധാനത്തോടെയും സംതൃപ്തിയോടെ കുടുംബത്തോടൊപ്പം സംഗീതത്തിനോടൊപ്പം അദ്ദേഹം ഇനിയും ഒരുപാട് നാൾ ജീവിക്കട്ടെ. അദ്ദേഹത്തിന്റെ കണ്ഠനാളത്തിൽ നിന്നും ഒഴുകിയിറങ്ങുന്ന നല്ല നല്ല ഗാനങ്ങൾ ഇനിയും കേൾക്കാൻ നമുക്കു ഭാഗ്യം ഉണ്ടാകട്ടെ എന്ന് ആഗ്രഹിക്കുന്നു. അദ്ദേഹത്തോട് എത്രത്തോളം ആരാധനയുണ്ട് എന്ന് എനിക്കു വിവരിക്കാനാകുന്നില്ല. അദ്ദേഹത്തെ നേരിട്ട് ഒരു തവണയെങ്കിലും കണ്ടിട്ടുള്ളവർക്ക് ആ പ്രതിഭയോട് വല്ലാത്ത ഒരു മാനസിക അടുപ്പം തോന്നും. കാരണം, വേദിയിൽ നിന്ന് സർ പാടുമ്പോൾ കേൾക്കുന്ന ഓരോരുത്തർക്കും പ്രത്യേക ഫീൽ ആണ് ഉണ്ടാവുക. അതു സാറിന്റെ പെരുമാറ്റത്തിന്റെയും ശരീരഭാഷയുടെയും മുഖഭാവത്തിന്റെയുമൊക്കെ പ്രതിഫലനമാണ്.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN INTERVIEWS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA