ADVERTISEMENT

വാതിക്കല് വെള്ളരിപ്രാവ്

വാക്കു കൊണ്ട് മുട്ടണ കേട്ട്

തുള്ളിയാമെന്‍ ഉള്ളില് വന്ന്

നീയാം കടല്... പ്രിയനേ... നീയാം കടല്

 

വാക്കുകളില്‍ ഒഴുകിപരക്കുന്ന പ്രണയക്കടലുണ്ട് സൂഫിയും സുജാതയും എന്ന ചിത്രത്തിലെ ഗാനത്തിന്. എം. ജയചന്ദ്രന്റെ മാജിക്കല്‍ സംഗീതത്തിന് ബി.കെ ഹരിനാരായണന്‍ വാക്കുകളിലൂടെ ജീവന്‍ പകര്‍ന്നപ്പോള്‍, അതു കേട്ടവരൊക്കെ ആ പാട്ടിന്റെ ആരാധകരായി. ഇതുവരെ കേള്‍‍ക്കാത്ത വാക്കുകളുടെ ഒരു മഹാപ്രപഞ്ചമുണ്ട് ആ പാട്ടില്‍. ഞാവല്‍പ്പഴ കണ്ണിമയ്ക്കുന്ന മൈലാഞ്ചിക്കാടും അത്തറിന്റെ കുപ്പി തുറക്കുന്ന മുല്ല ബസാറും തീര്‍ക്കുന്ന ഒരു മായികലോകം. മലയാളത്തില്‍ ഇത്രയും അഴകുള്ള വാക്കുകളുണ്ടായിരുന്നോ എന്ന് അമ്പരപ്പിക്കുന്ന തിരഞ്ഞെടുപ്പുണ്ട് ആ പാട്ടില്‍! ഈ വരികളെങ്ങനെ ഉണ്ടായെന്നു പാട്ടെഴുത്തുകാരനായ ബി.കെ ഹരിനാരായണനോടു ചോദിച്ചാല്‍ സ്വതസിദ്ധമായ പുഞ്ചിരിയോടെ അദ്ദേഹം പറയും, 'ഉത്തരമുണ്ട്, ഒത്തിരിയുണ്ട്'. ആ ഉത്തരങ്ങളുമായി ബി.കെ ഹരിനാരായണന്‍ മനോരമ ഓണ്‍ലൈനില്‍. 

 

ആ തിരക്കഥയില്‍ നിന്നു കണ്ടെത്തിയ വാക്കുകള്‍

 

പാട്ട് മാജിക്കലാണെന്നു പറഞ്ഞു കേള്‍ക്കുന്നതില്‍ സന്തോഷം. ഒരു പാട്ടിന്റെ നിര്‍മ്മിതിയില്‍ നമ്മള്‍ അനുഭവിച്ച ആനന്ദം അതു കേള്‍ക്കുന്നവര്‍ അതുപോലെ അനുഭവിക്കണമെന്ന് നിര്‍ബന്ധമില്ല. പക്ഷേ, ഈ പാട്ടില്‍ അതു സംഭവിച്ചിരിക്കുന്നു. ഇതിലെ വരികള്‍ക്കു തീര്‍ച്ചയായും കടപ്പെട്ടിരിക്കുന്നത് തിരക്കഥ എഴുതിയ ഷാനവാസ് നാരാണിപ്പുഴയോടാണ്. അതു പറയാതെ വയ്യ. ഈ പാട്ടിലെ വാക്കുകളിലേക്ക് എന്നെ എത്തിച്ചത് ഷാനവാസാണ്. ഈ പാട്ടിലെ വാക്കുകളുടെ പുതുമ, സൂഫിയും സുജാതയും എന്ന കഥയുടെ പുതുമയാണ്. അതൊരു കണ്ണാടിയിലെന്ന പോലെ പ്രതിഫലിക്കുന്നതാണ്. ഷാനവാസ് ആ സ്ക്രിപ്റ്റില്‍ എഴുതി വച്ചതില്‍ നിന്ന് ഈ പാട്ടിലേക്കുള്ളത് ഞാന്‍ കണ്ടെത്തി എന്നു മാത്രം. പാട്ട് ഗംഭീരമായിട്ടുണ്ടെന്ന് ഷാനവാസ് പറഞ്ഞപ്പോഴും, 'എന്റെ മറുപടി ഞാന്‍ ഒന്നും ചെയ്തിട്ടില്ല. ഷാനവാസിന്റെ സ്ക്രിപ്റ്റിലുള്ള ചിലതിനെ ഞാന്‍ പെറുക്കിയെടുത്ത് പാട്ടില്‍ വച്ചെന്നേയുള്ളൂ' എന്നായിരുന്നു. എം.ജയചന്ദ്രന്‍ അദ്ദേഹത്തിന്റെ സംഗീതത്തിന്റെ ചിറക് കൊടുത്ത് അതിനെ പറത്തി. 

 

തിരക്കഥ മുഴുവന്‍ വായിച്ചെഴുതിയ പാട്ട്

 

കഴിഞ്ഞ ദിവസം എം.ജെ സാറിനെ വിളിച്ചപ്പോള്‍ കൂടി പറഞ്ഞതേയുള്ളൂ, ഇത്രയധികം ആസ്വദിച്ച് ഈയടുത്ത കാലത്തൊന്നും പാട്ടെഴുതിയിട്ടില്ലെന്ന്. എന്നെ ഈ പാട്ടെഴുതാന്‍ വിളിച്ചത് എം.ജെ സര്‍ ആണ്. നമ്മുടെ കോമ്പിനേഷനില്‍ ഓര്‍ത്തിരിക്കാവുന്ന ഒരു പാട്ടു വേണം. അങ്ങനെ ചെയ്യാന്‍ കഴിയുന്ന ഒരു പാട്ടുണ്ട് ഹരീ എന്നു പറഞ്ഞാണ് അദ്ദേഹം എന്നെ വിളിക്കുന്നത്. കൊച്ചിയില്‍ വച്ചായിരുന്നു കംപോസിങ്. അതിനിടയില്‍ സംവിധായകന്‍ ഷാനവാസ് നാരാണിപ്പുഴ വിളിച്ചു. അദ്ദേഹം എനിക്ക് ഫുള്‍ സ്ക്രിപ്റ്റ് അയച്ചു തന്നു. അതു ഞാന്‍ വായിച്ചിട്ടാണ് കൊച്ചിയില്‍ എത്തുന്നത്. മുഴുവന്‍ തിരക്കഥ വായിച്ചിട്ട്, പാട്ടെഴുതാന്‍ പോകുന്നത് അപൂര്‍വമായി സംഭവിക്കുന്നതാണ്. ഒരു സിറ്റുവേഷന് പാട്ടെഴുതുക എന്നതിനേക്കാള്‍ ആ സിനിമ മുഴുവനും മനസിലുണ്ടായിരുന്നു. ഒരു ട്യൂണിന് വരിയെഴുതുന്നു... അല്ലെങ്കില്‍ വരികളെഴുതി ട്യൂണ്‍ ചെയ്യുന്നു എന്നതിനപ്പുറത്ത് ചില ഭാഗങ്ങള്‍ എഴുതുന്നു, അതിന് എം ജെ സര്‍ ട്യൂണ്‍ ഇടുന്നു... എന്നിട്ട് അടുത്ത ട്യൂണ്‍ നമുക്ക് തരുന്നു. അങ്ങനെ വളരെയധികം കൊടുക്കല്‍ വാങ്ങലുകളിലൂടെ സംഭവിച്ച പാട്ടാണ് ഇത്. 

 

റൂമി നല്‍കിയ ആത്മാവ്

 

സൂഫിയും സുജാതയും മുഴുവന്‍ വായിച്ചിട്ടാണ് ഇരിക്കുന്നത്. അവരുട കഥാലോകം അറിയാം. ഞാവല്‍പ്പഴക്കണ്ണിമയ്ക്കുന്നേ മൈലാഞ്ചിക്കാട്, അത്തറിന്റെ കുപ്പി തുറന്ന് മുല്ല ബസാറ് എല്ലാം ആ കഥാലോകവുമായി ബന്ധപ്പെട്ടതാണ്. റൂമിയുടെ എലമെന്റും അതിലുണ്ട്. തുള്ളിയാമെന്‍ ഉള്ളില് വന്ന് നീയാം കടല് എന്ന പല്ലവിയിലെ വരികളില്‍ അതുണ്ട്. നീ സമുദ്രത്തിലെ ഒരു തുള്ളിയല്ല, ഒരു തുള്ളിയിലെ കടലാണെന്നു പറയുന്ന റൂമിയുടെ വാചകത്തില്‍ നിന്നു കിട്ടിയ ഇന്‍സ്പിരേഷനില്‍ നിന്നു തന്നെയാണ് അതു വന്നിരിക്കുന്നത്. ഷാനവാസിന്റെ തിരക്കഥ വായിച്ചാല്‍ തന്നെ എന്താണ് അതിന്റെ പശ്ചാത്തലമെന്ന് കൃത്യമായി മനസിലാക്കാമായിരുന്നു. എം ജെ സര്‍ നല്‍കിയ സ്വാതന്ത്ര്യവും സംഗീതവും. അതും  വലിയൊരു പ്രചോദനമായിരുന്നു. അങ്ങനെ വളരെയധികം ആസ്വദിച്ചു ചെയ്തൊരു പാട്ടാണ്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com