ADVERTISEMENT

ഇന്ന് ഡോക്ടേഴ്സ് ദിനം . ഡോക്ടർമാരോടുള്ള ആദരസൂചകമായി മാറ്റി വയ്ക്കപ്പെടുന്ന ദിനം. എല്ലാ വർഷവും ഈ ദിനം ആചരിക്കപ്പെടാറുണ്ടെങ്കിലും ഇത്തവണ അതിനു പ്രാധാന്യം ഏറെയാണ്. ലോകം മുഴുവൻ കോവിഡ് മഹാമാരിക്കെതിരെ പോരാടുന്ന വേളയിൽ സ്വന്തം ആരോഗ്യം പോലും വക വയ്ക്കാതെ രാപകൽ കഠിനാധ്വാനം ചെയ്യുന്ന ഡോക്ടർമാരെ സ്മരിക്കാനും അവരുടെ സേവനങ്ങൾക്കു നന്ദി പറയാനും ഈ ദിനം മതിയാകാതെ വരും. അവരുടെ അകമഴിഞ്ഞ അർപ്പണ ബോധത്തിനു മുന്നിൽ പ്രണമിക്കാം. 

 

ഡോക്ടർമാരുടെ നിസ്വാർത്ഥ സേവനങ്ങളെ കുറിച്ചും അവരുടെ സമർപ്പണ മനോഭാവത്തെ കുറിച്ചും ഈ ലോക്ഡൗൺ കാലയളവിൽ നിരവധി പേർ പറയുകയും എഴുതുകയും പാടുകയും ചെയ്തു. ഈ ദിനത്തിൽ ഡോക്ടർമാരെക്കുറിച്ചും അവരുടെ ജീവിതാവസ്ഥകളെ കുറിച്ചും വിശദമാക്കാൻ സംഗീത രംഗത്തു നിന്നുള്ള അനുയോജ്യനായ വ്യക്തിയെ തേടിയുള്ള അന്വേഷണം ചെന്നെത്തിയത് യുവ പാട്ടെഴുത്തുകാരൻ മനു മഞ്ജിത്തിൽ ആണ്. ചുരുങ്ങിയ കാലയളവിൽ തന്നെ എണ്ണമറ്റ വിധം ഗാനങ്ങൾ തൂലിക തുമ്പിൽ വിരിയിച്ച ഈ രചയിതാവ് ഒരു ഡോക്ടർ ആണ്. ആരോഗ്യ മേഖലയിലെ തിരക്കുകൾക്കു നടുവിലും പാട്ടെഴുതി മലയാളികളെ ആസ്വാദന ചരടിൽ കോർത്തിട്ട പ്രതിഭ. ഡോക്ടേഴ്സ് ദിനത്തിൽ സംഗീത ജീവിതത്തിലേയും ജോലി മേഖലയിലെയും വിശേഷങ്ങളും രണ്ടു വ്യത്യസ്ത ജീവിതാനുഭവങ്ങളും മനു മഞ്ജിത്ത് മനോരമ ഓൺലൈനിനോടു പങ്കു വയ്ക്കുന്നു.

 

ഞാൻ ഡോക്ടർ, പാട്ടെഴുത്ത് പാഷൻ മാത്രം

 

ഡോക്ടർ ആയി അറിയപ്പെടാനാണ് ഇഷ്ടം. പാട്ടെഴുത്ത് ഒരിക്കലും ഒരു പ്രൊഫഷൻ ആക്കില്ല. കാരണം അത് എന്റെ പാഷൻ മാത്രമാണ്. ഡോക്ടർ എന്ന നിലയിൽ തിരക്കുകളിലേയ്ക്ക് എത്തുന്നതിനു മുൻപേ ഞാൻ പാട്ടെഴുത്തിൽ സജീവമായിരുന്നു. പഠനം പൂർത്തിയാക്കി ഒരു വർഷത്തിനകം തന്നെ സിനിമയിലേക്കെത്തി. ഓം ശാന്തി ഓശാനയിലാണ് ആദ്യമായി പാട്ടെഴുതിയത്. ആ കാലത്ത് ഞാൻ ഒരു ക്ലിനിക് ആരംഭിക്കുകയും പ്രൊഫഷൻ മുന്നോട്ടു കൊണ്ടു പോകാമെന്നു തീരുമാനിക്കുകയും ചെയ്തു. അതിനു പിൻതുണ നൽകി വീട്ടുകാരും സുഹൃത്തുക്കളും കൂടെ നിന്നു. 

 

സിനിമയിലും സുഹൃത്തുക്കൾ ഉണ്ടായിരുന്നുവെങ്കിലും ഡോക്ടർ ആയി തന്നെ തുടരാൻ തീരുമാനിച്ചു. ജോലിതിരക്കുകൾ കാരണം പാഷൻ ഒഴിവാക്കി എന്ന് പിന്നീട് തോന്നാന്‍ പാടില്ല എന്ന് എനിക്കാഗ്രഹമുണ്ടായിരുന്നു. ഗാനരചനയിൽ സജീവമായപ്പോഴും ഞാൻ ജോലിയിൽ ഇടവേള എടുത്തിരുന്നില്ല. സംഗീതത്തിൽ തിരക്കു പിടിച്ച സമയത്താണ് സൈക്കാട്രിയിൽ എംഡി എടുക്കാൻ തീരുമാനിക്കുന്നത്. അങ്ങനെ 2016–ൽ  ഞാൻ പഠിക്കാൻ പോയി. കഴിഞ്ഞ വർഷമാണ് പഠനം പൂർത്തിയാക്കി തിരിച്ചെത്തിയത്. 

 

അവർ ആദ്യം എതിർത്തു

 

ഞങ്ങളുടേത് സിനിമാ കുടുംബമല്ല. അതുകൊണ്ടു തന്നെ സിനിമ പാട്ടെഴുത്തിലേയ്ക്കു കടന്നപ്പോഴും വീട്ടുകാർ താത്പര്യം പ്രകടിപ്പിച്ചിരുന്നില്ല. കാരണം, ജോലി ഉപേക്ഷിച്ചു പൂർണമായും സിനിമയിലേക്കു മാറുമോ എന്ന പേടിയായിരുന്നു അവർക്ക്. പിന്നെ ഒരുപാട് നല്ല സിനിമയിലാണ് അവസരങ്ങൾ ലഭിച്ചത്. അതുകൊണ്ടു തന്നെ വീട്ടുകാർക്കും ഒരു വിശ്വാസവും പ്രതീക്ഷയുമൊക്കെ തോന്നി. അങ്ങനെ അവരുടെയും പിന്തുണ ലഭിക്കാൻ തുടങ്ങി.

 

കലയും കരിയറും ഒരുമിച്ചു വളരട്ടെ

 

എല്ലാ കോളജുകളിലുമുള്ളതു പോലെ മെഡിക്കൽ കോളജുകളിലും കലാപരമായ കഴിവുള്ള ഒരുപാട് പേരുണ്ട്. പക്ഷേ അവരിൽ ഭൂരിഭാഗം പേര്‍ക്കും ജോലിതിരക്കുകൾ കാരണം കഴിവുകൾ പ്രകടിപ്പിക്കാൻ സാധിക്കാറില്ല. അതുകൊണ്ടു തന്നെ പലരും പാഷൻ മാറ്റി നിർത്തി ജോലിയിലേക്കു തന്നെ ശ്രദ്ധ കേന്ദ്രീകരിക്കുന്നു. ജോലിയിലേക്കു കടക്കുമ്പോൾ തന്നെ കലാപരമായ ഇഷ്ടങ്ങളും താത്പര്യങ്ങളും പാടേ ഒഴിവാക്കുന്ന പ്രവണതയാണ് കണ്ടുവരുന്നത്. രണ്ടും കൂടെ ഒരുമിച്ചു കൊണ്ടു പോവുക എന്നത് വളരെ പ്രയാസമേറിയ കാര്യമാണ്. 

 

കഴിവുള്ള പലരും ജോലിയ്ക്കൊപ്പം കലയെയും കൊണ്ടുപോകാൻ പറ്റാതെ മാറി നിന്നിട്ടുണ്ട്. അക്കാര്യത്തിൽ എന്നെ ഒരുപാട് സ്വാധീനിച്ച വ്യക്തിയാണ് എന്റെ പ്രൊഫസർ സുഗതൻ സർ. അദ്ദേഹം സംഗീതത്തോടു വളരെ താത്പര്യമുള്ള ആളാണ്. അദ്ദേഹം പഠനത്തിലും പ്രഗത്ഭനായിരുന്നു. വളരെ പ്രവൃത്തി പരിചയുമുള്ള ആളാണ് സർ. ഞാൻ പഠിച്ചുകൊണ്ടിരുന്നു കാലത്ത് ഒരിക്കൽ അദ്ദേഹം എന്നോടു പറഞ്ഞു, നമ്മൾ എല്ലാ തിരക്കുകളും കഴിഞ്ഞ് മനസിനെ ശാന്തമാക്കാനായി ഏറ്റവുമധികം ആശ്രയിക്കുന്നത് സംഗീതത്തെയാണ് എന്ന്. ഇപ്പോൾ കഴിവുള്ള കുട്ടികൾ പോലും പത്താം ക്ലാസ് എത്തുമ്പോഴേക്കും കലാപരമായ എല്ലാ കാര്യങ്ങളും ഒഴിവാക്കുകയാണെന്ന് വളരെ സങ്കടത്തോടെ അദ്ദേഹം പറഞ്ഞു. അതു ഞാൻ ഇപ്പോഴും ഓർക്കുന്നു. അവരവർക്ക് കഴിവുണ്ട് എന്നു തോന്നിയാൽ അതിനെ ഒരിക്കലും മാറ്റിനിർത്തരുത്. ജോലിയും കലയും ഒരുമിച്ചു കൊണ്ടുപോകുന്ന നിരവധി പേർ നമുക്കു ചുറ്റുമുണ്ട്.

 

റൗണ്ട്സ് കഴിഞ്ഞ് ഉടൻ രചന

 

ഗാനരചനയും ജോലിയും ഒരുമിച്ചു കൊണ്ടു പോകുമ്പോൾ വളരെ പ്രയാസങ്ങൾ നേരിട്ടിട്ടുണ്ട്. ആശുപത്രിയിൽ റൗണ്ട്സ് കഴിഞ്ഞു വന്ന ഉടൻ പാട്ടുകളെഴുതി കൊടുക്കേണ്ടി വന്നിട്ടുണ്ട്. സ്വന്തമായ സൃഷ്ടികളിലേയ്ക്കാണെങ്കിൽ നമ്മുടെ സൗകര്യം അനുസരിച്ച് എഴുതിയാൽ മതി. പക്ഷേ സിനിമയ്ക്കു വേണ്ടി എഴുതുമ്പോൾ അങ്ങനെ പറ്റില്ലല്ലോ. ഒരു ദിവസം റൗണ്ട്സ് കഴിഞ്ഞു വന്നയുടനെയാണ് വിനീതേട്ടന്റെ ‘അരവിന്ദന്റെ അതിഥികൾ’ എന്ന ചിത്രത്തിലെ ഗാനം എഴുതാനുള്ള വിളി വന്നത്. അന്ന് റെക്കോർഡിങ്ങിനായി എല്ലാവരും സ്റ്റുഡിയോയിൽ തയ്യാറായിരിക്കുകയായിരുന്നു. അപ്പോഴാണ് എന്നെ വിളിച്ചു പറഞ്ഞത്. സമാനമായ സാഹചര്യത്തിലൂടെ പല പാട്ടുകൾ ഉണ്ടായിട്ടുണ്ട്. ട്യൂൺ മനസിൽ കയറിക്കഴിഞ്ഞാൽ പിന്നെ എഴുത്തിന്റെ ഒരാശയം തോന്നും. അങ്ങനെ എഴുതിത്തുടങ്ങും. 

 

അർപ്പണ ബോധം അവിസ്മരണീയം

 

ഡോക്ടർമാർക്കു വേണ്ടി ഞാൻ ഒരുപാട് പാട്ടുകൾ എഴുതിയിട്ടുണ്ട്. അതിൽ കൂടുതലും ഈ മഹാമാരിക്കാലത്താണ്. അവരുടെ സേവനങ്ങളെയും ജീവിതത്തെയും കുറിച്ചൊക്കെ എഴുതിയെങ്കിലും സിനിമയിൽ ഇതുവരെ അങ്ങനെ എഴുതാനുള്ള സാഹചര്യമുണ്ടായിട്ടില്ല. 

 

ഡോക്ടർ ആയതുകൊണ്ടുതന്നെ ഡോക്ടർമാരുടെ തിരക്കുകളും അവരുടെ ജീവിതാവസ്ഥയും എനിക്കറിയാം. ഈ കാലയളവിൽ എത്രയോ ആഘോഷങ്ങൾ നടന്നു. അതിലൊന്നും ഡോക്ടർമാർക്കു ഭാഗാമാകാൻ സാധിച്ചില്ല എന്നു മാത്രമല്ല, ജീവൻ പണയം വച്ചാണ് ഓരോ ഡോക്ടറും ജോലി ചെയ്യുന്നത്. എന്റെ സഹോദരി ഇപ്പോൾ കോഴിക്കോട് മെഡിക്കൽ കോളജിൽ എംഡി ചെയ്യുകയാണ്. അവൾ കോവിഡ് ഡ്യൂട്ടിയിൽ ആണ്. എത്രത്തോളം റിസ്ക് എടുത്താണ് ഓരോ ദിവസവും ജോലി ചെയ്യുന്നതെന്ന് എനിക്കറിയാം. ഡോക്ടർമാരുടെ അർപ്പണബോധം ഇതിനു മുൻപ് നിപ്പ വൈറസിന്റെ സമയത്ത് എല്ലാവർക്കും ബോധ്യമായതാണല്ലോ. ഒരു മിനിട്ടു പോലും വിശ്രമിക്കാതെയാണ് അവർ കാര്യങ്ങൾ നിർവഹിക്കുന്നത്. 

 

ഉത്തരവാദിത്തം സമൂഹത്തിനും ഉണ്ടാകട്ടെ

 

ഡോക്ടർമാർ അവരുടെ ജോലി ചെയ്യുമ്പോൾ അവരോടു ചില ഉത്തരവാദിത്തങ്ങളും കടമകളും മറ്റുള്ളവർക്കുണ്ട്. ഇപ്പോൾ ലോക്ഡൗൺ ഇളവുകൾ പ്രഖ്യാപിക്കപ്പെട്ടപ്പോൾ തന്നെ പലരും ഡോക്ടർമാരുടെ സേവനങ്ങളെക്കുറിച്ചോ അവരുടെ കഷ്ടപ്പാടുകളെക്കുറിച്ചോ ഓർക്കാതെ പുറത്തിറങ്ങുകയും നിരുത്തരവാദപരമായി പെരുമാറുകയും ചെയ്യുന്നുണ്ട്. കോവിഡ് വ്യാപനം തുടരുന്ന സാഹചര്യത്തിൽ ഡ്യൂട്ടി കഴിഞ്ഞാൽ പോലും വീട്ടിൽ കയറാനോ കുടുംബാംഗങ്ങൾക്കൊപ്പം സമയം ചിലവിടാനോ ഡോക്ടർമാർക്കു സാധിക്കില്ല. അവർ എത്രത്തോളം കഷ്ടപ്പെടുന്നുണ്ടെന്നും എന്തൊക്കെ ത്യാഗങ്ങൾ സഹിക്കുന്നുണ്ടെന്നും മറ്റുള്ളവർ ചിന്തിക്കേണ്ടത് ആവശ്യമാണ്. ഊണും ഉറക്കവുമില്ലാതെ, രാപകൽ വ്യത്യാസമില്ലാതെയാണ് ഓരോ ഡോക്ടറും അധ്വാനിക്കുന്നത്. അപ്പോൾ അവരുടെ പ്രയത്നം ഓരോരുത്തരും മനസിലാക്കേണ്ടതുണ്ട്. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com