ചേട്ടന്റെ പിറന്നാൾ ദിനത്തിൽ ആ മെസേജ് ഞാൻ‌ മിസ് ചെയ്യും: ബാലഭാസ്കറിന്റെ ഓര്‍മയില്‍ വിതുമ്പി ഇഷാന്‍ ദേവ്

ishan-dev-balabhaskar
SHARE

ജീവിതത്തിലെ വസന്തകാലം അവസാനിച്ചു എന്ന് സംഗീതസംവിധായകൻ ഇഷാൻ ദേവ് ഇടറുന്ന സ്വരത്തിൽ പറയുമ്പോൾ വേദനയോടെയാണെങ്കിലും അത് കേട്ടിരുന്നേ പറ്റൂ. കാരണം ബാലഭാസ്കർ എന്ന ഉദയസൂര്യന്‍ അസ്തമിച്ച ദിനത്തിൽ ഇഷാന്റെ സന്തോഷങ്ങൾക്കു മേലെ ഇരുട്ട് പടരുകയായിരുന്നു. കലാകാരൻ എന്ന നിലയിലുള്ള ബന്ധമായിരുന്നില്ല ഇരുവരും തമ്മിൽ. കലാലായ കാലത്തു തുടങ്ങിയ സൗഹൃദം വർഷങ്ങൾ പിന്നിട്ടപ്പോഴേക്കും ഏറെ വീര്യമുള്ളതായി തീർന്നിരുന്നു. ഇഷാന് ബാലു അച്ഛനായിരുന്നു, ജ്യേഷ്ഠനായിരുന്നു പിന്നെ നിർണയിക്കാനാകാത്ത ആരൊക്കെയോ ആയിരുന്നു. എല്ലാ സ്നേഹവും ആദരവും നൽകി ഇഷാൻ സ്നേഹത്തോടെ വിളിച്ചിരുന്ന ‘ബാലു അണ്ണൻ’ ഹൃദയത്തെ മുറിപ്പെടുത്തി കടന്നു പോയത് ഇന്നും വിശ്വസിക്കാനാവുന്നില്ല അദ്ദേഹത്തിന്. എല്ലാ നോവിന്റെയും മറുമരുന്നായി സംഗീതത്തെ ചേർത്തു പിടിക്കുമ്പോഴും പ്രിയപ്പെട്ട ബാലു അണ്ണൻ തിരികെ വന്നിരുന്നുവെങ്കിൽ എന്ന് വിങ്ങുന്ന മനസ്സോടെ ആഗ്രഹിക്കുകയാണ് ഇഷാൻ. ബാലഭാസ്കറിന്റെ ജന്മദിനത്തിൽ അദ്ദേഹത്തെക്കുറിച്ചുള്ള തീരാ ഓർമകളുമായി ഇഷാൻ ദേവ് മനോരമ ഓൺലൈനിനൊപ്പം. 

എന്റെ വസന്തം കൊഴിഞ്ഞു

എല്ലാവരുടെയും ജീവിതത്തിൽ ഒരു വസന്ത കാലം ഉണ്ടാകുമല്ലോ. എന്റെ ജീവിതത്തിൽ അത് ബാലു അണ്ണനും ആ കോളേജും പിന്നെ ഞങ്ങളുടെ കുടുംബവും ആയിരുന്നു. ബാലു ചേട്ടൻ മരിക്കുന്നത് വരെയുള്ള കാലമായിരുന്നു ജീവിതത്തിലെ വസന്ത കാലം. അത് അവസാനിച്ചു. എന്റെ വ്യക്തിത്വത്തിന്റെ പ്രതിഫലനം ആയിരുന്നു ബാലു അണ്ണൻ. അതിനു പകരം വയ്ക്കാൻ മറ്റാരുമില്ല. ആ നഷ്ടം ഒരിക്കലും നികത്താനും ആകില്ല. 

ആ മെസേജ് ഇനി വരില്ലല്ലോ

എല്ലാവരും ഒത്തുകൂടുന്നതും ആഘോഷങ്ങൾ നടത്തുന്നതുമൊക്കെ ബാലു അണ്ണന് വലിയ ഇഷ്ടമായിരുന്നു. പിറന്നാൾ ദിനത്തിൽ ഞാൻ ആശംസകൾ നേർന്നു കഴിയുമ്പോൾ ‘താങ്ക്യു ഡാ’ എന്ന് ഉടൻ മറുപടി വരും. ചേട്ടന്റെ പിറന്നാൾ ദിനത്തിൽ ആ മെസേജ് ഞാൻ‌ മിസ് ചെയ്യും. ആ ദിനത്തെക്കുറിച്ച് ഓർക്കുമ്പോഴും പറയുമ്പോഴുമൊക്കെ എന്റെ കണ്ണുകൾ നിറയും. എന്റെ പിറന്നാളിന് ബാലു അണ്ണൻ വീട്ടിൽ വരുമായിരുന്നു. അദ്ദേഹത്തിന്റെ പിറന്നാളുകൾ അധികം ആഘോഷിക്കാൻ സാധിച്ചിട്ടില്ല. കാരണം അണ്ണൻ എപ്പോഴും സംഗീതപരിപാടികളുമായി തിരക്കിലായിരിക്കും. എങ്കിലും ഒരുമിച്ചുള്ളപ്പോൾ ആഘോഷിക്കും. ഞങ്ങൾ അണ്ണന് സർപ്രൈസുകൾ കൊടുക്കുമായിരുന്നു. എല്ലാവരും വിഷ് ചെയ്യുന്നതും സമ്മാനങ്ങൾ കൊടുക്കുന്നതുമൊക്കെ അദ്ദേഹത്തിന് വലിയ ഇഷ്ടമായിരുന്നു. ഒരു കൊച്ചുകുട്ടിയുടെ കൗതുകത്തോടെ അണ്ണൻ അതെല്ലാം ആസ്വദിക്കുമായിരുന്നു. 

എന്റെ സ്വരം കേൾക്കുമായിരിക്കും

കോളജ് കാലം മുതലേ ഞങ്ങളുടെ ജീവിതവും സൗഹൃദവും സംഗീതത്തിൽ ആഴപ്പെട്ടതായിരുന്നു. എന്നാൽ കലാലയ ജീവിതം കഴിഞ്ഞതോടെ ഞങ്ങൾ സുഹൃത്തുക്കൾ ഒരുമിച്ച് സംഗീതരംഗത്തു പ്രവർത്തിച്ചിട്ടില്ല. ഓരോരുത്തരും സംഗീതവുമായി പല വഴിയിൽ സഞ്ചരിച്ചുവെങ്കിലും എല്ലാവരും തമ്മിലുള്ള സൗഹൃദം അതേപടി നിലനിൽക്കുന്നുണ്ടായിരുന്നു. എനിക്ക് പക്ഷെ ബാലു അണ്ണന്റെ കൂടെ പ്രവർത്തിക്കണം എന്ന് വലിയ ആഗ്രഹം ആയിരുന്നു. ഒരു പാട്ടിനെക്കുറിച്ച് ഞങ്ങൾ തമ്മില്‍ ചർച്ചകളും നടത്തിയിരുന്നു. പക്ഷേ ആ ആഗ്രഹം സാധിക്കുന്നതിനു മുന്‍പേ ബാലു അണ്ണൻ പോയി. അദ്ദേഹത്തിനു വേണ്ടി കഴിഞ്ഞ വർഷം ഞാൻ ഒരു പാട്ട് ചെയ്തിരുന്നു  ഈ തവണയും അത് മുടക്കുന്നില്ല. ഞാൻ പാടുന്നത് ബാലു അണ്ണൻ എവിടെയെങ്കിലുമിരുന്ന് കേൾക്കുമായിരിക്കും. 

ഞാൻ ഇതെങ്ങനെ സഹിക്കും

ജീവിതത്തിൽ എനിക്ക് പല നഷ്ട്ടങ്ങളും സംഭവിച്ചിട്ടുണ്ട്. എന്റെ പതിനെട്ടാം വയസ്സിൽ അമ്മ മരിച്ചു. ആ ദുഃഖത്തിൽ നിന്ന് മുക്തി നേടാൻ അഞ്ചു വർഷത്തോളം വേണ്ടി വന്നു. ഇപ്പോൾ വീണ്ടും അതുപോലെ മറ്റൊരു ദുഃഖം അഭിമുഖീകരിക്കേണ്ടി വന്നു. ഒരിക്കൽ ഞാനും ബാലു അണ്ണനും സംസാരിക്കുന്നതിനിടയിൽ, നമുക്ക് ഏറ്റവും പ്രിയപ്പെട്ടവർ നമ്മെ വിട്ടു പോയാൽ എങ്ങനെ ആ അവസ്ഥ അംഗീകരിക്കാൻ സാധിക്കും എന്ന് ഞാൻ ചോദിച്ചു. എടാ തമാശക്ക് പോലും അങ്ങനെ പറയല്ലേ എന്നായിരുന്നു അന്ന് അദ്ദേഹത്തിന്റെ മറുപടി. എന്നിട്ട് അതേ വേദന അദ്ദേഹം എനിക്കു തന്നിട്ട് പോകുമ്പോൾ ഞാൻ അത് എങ്ങനെ സഹിക്കും. 

പഴയ എന്നെ എനിക്ക് മിസ് ചെയ്യുന്നു

ജീവിതത്തിൽ മറ്റൊരാളെ പകരം വച്ചു നികത്താനാകുന്ന നഷ്ട്ടം അല്ല ബാലു ചേട്ടൻ എന്നില്‍ ഏൽപ്പിച്ചത്. എന്റെ വ്യക്തിത്വത്തിന്റെ പ്രതിഫലനം ആയിരുന്നു അദ്ദേഹം. ഞങ്ങളുടേത് ഒരു പ്രൊഫഷണൽ ബന്ധമേയല്ല. ആത്മ ബന്ധം ആയിരുന്നു. എന്റെ ഒരു പകുതിയും കൊണ്ടാണ് ബാലു അണ്ണൻ പോയത്. ഞാൻ പഴയതു പോലെ ആകാൻ ശ്രമിക്കുന്നുണ്ട്. പക്ഷേ കഴിയുന്നില്ല. പലപ്പോഴും പഴയ എന്നെ എനിക്ക് മിസ് ചെയ്യുന്നു. സംഗീതത്തിലൂടെ എല്ലാം മറക്കാൻ ശ്രമിക്കുകയാണ് ഇപ്പോൾ.

അവർക്ക് ഞങ്ങൾ ‘അലമ്പൻമാർ’

എന്നെയും ബാലു അണ്ണനെയും ലക്ഷ്മി ചേച്ചിയും എന്റെ ഭാര്യ ജീനയും ‘അലമ്പന്മാർ’ എന്നാണ് വിളിച്ചിരുന്നത്. ഞങ്ങൾ നാലു പേരും ചേർന്ന് എപ്പോഴും യാത്രകൾ പോകുമായിരുന്നു. ഒരുമിച്ച് ഒരു വീട്ടിൽ ഒത്തുകൂടുകയും ഭക്ഷണം കഴിക്കുകയുമൊക്കെ ചെയ്യുമായിരുന്നു. എനിക്ക് ജീവിതത്തിൽ എല്ലാം പങ്കു വയ്ക്കാനുള്ള ആളായിരുന്നു ബാലു അണ്ണൻ. ഗുരു എന്ന നിലയിലും സുഹൃത്ത് എന്ന നിലയിലും എല്ലാം അദ്ദേഹം എന്നോട് ഇടപെട്ടിട്ടുണ്ട്. ഇരുപത് മണിക്കൂർ ഞങ്ങൾ പരസ്പരം സംസാരിച്ചിരുന്നിട്ടുണ്ട്. അതു കേട്ടാൽ ആരും വിശ്വസിക്കില്ല. ഞങ്ങൾക്ക് അത്രയേറെ കാര്യങ്ങൾ സംസാരിക്കാനുണ്ടായിരുന്നു. ലക്ഷ്മി ചേച്ചിയുമായി ഇപ്പോഴും കോൺടാക്ട് ഉണ്ട്. ഞാൻ പൊതുവേ എപ്പോഴും വിളിച്ചു സംസാരിക്കുന്ന ആൾ അല്ല. പക്ഷേ എന്റെ ഭാര്യ ചേച്ചിയെ എന്നും വിളിക്കുകയും സംസാരിക്കുകയും ചെയ്യാറുണ്ട്. 

ആ സ്വപ്നം അവശേഷിക്കുന്നു

ബാലു അണ്ണൻ ആരോഗ്യപരമായ കാര്യങ്ങളും ഏറെ ശ്രദ്ധിച്ചിരുന്നു അദ്ദേഹം സിക്സ് പാക് ആയിരുന്നു. സിക്സ് പാക് കാണിച്ചു വേദിയിൽ വയലിൻ വായിക്കുകയും ഡാൻസ് ചെയ്യുകയും വേണമെന്ന് ഇടക്കിടക്ക് പറയുമായിരുന്നു. അങ്ങനെ ഇതുവരെ ആരും ചെയ്തിട്ടില്ല. പക്ഷെ ചേട്ടന് അത് വലിയ ആഗ്രഹമായിരുന്നു. ഇപ്പോൾ അദ്ദേഹം ജീവിച്ചിരുപ്പുണ്ടായിരുന്നുവെങ്കിൽ ആ കലാകാരനിൽ നിന്ന് അദ്ഭുതാവഹമായ ആ പ്രകടനവും നമുക്ക് കാണാമായിരുന്നു. ആ ആഗ്രഹം സാധിക്കാതെ അണ്ണൻ പോയി. ഒരു വാക്കു പോലും പറയാതെ.   

പദ്മശ്രീയും ഗ്രാമിയും നേടേണ്ടിയിരുന്ന പ്രതിഭ

ലോകം അറിയുന്ന രീതിയിൽ വളരേണ്ട കലാകാരൻ ആയിരുന്നു എന്റെ ബാലു അണ്ണൻ. പക്ഷേ ആ സ്ഥാനത്തേയ്ക്ക് അദ്ദേഹത്തെ എത്തിക്കാൻ നമ്മൾ മലയാളികൾ ശ്രമിച്ചില്ല. ഒരാൾ ഉയർച്ചയിലേക്ക് എത്തുമ്പോൾ അയാളെ താഴ്ത്തുക എന്നത് മനുഷ്യരുടെ പൊതു സ്വഭാവം ആണല്ലോ. സ്വന്തം കഴിവും അധ്വാനവും കൊണ്ടാണ് ബാലു അണ്ണൻ ഉയരങ്ങളിൽ എത്തിയത്. കേരളത്തിന് അഭിമാനിക്കാൻ പാകത്തിന് ലോകത്തിന്റെ മുൻപിൽ കാഴ്ച വയ്ക്കാൻ ഒരു അതുല്യനായ കലാകാരനെ നമ്മൾ വളർത്തിയില്ല. അത് മലയാളികളുടെ വലിയ കുറവു തന്നെയാണ്. ഇനി ബാലു ചേട്ടനെ പോലൊരു കലാകരൻ ഉണ്ടാകാൻ കുറഞ്ഞത് അമ്പത് വർഷമെങ്കിലുമെടുക്കുമെന്ന് തീർച്ചയാണ്. പദ്മശ്രീ പുരസ്കാരം ലഭിക്കാൻ അർഹതയുള്ള ആളാണ് ബാലു അണ്ണൻ എന്ന് ഞങ്ങൾ സുഹൃത്തുക്കൾ പറയുമായിരുന്നു. ഉന്നതിയിൽ എത്താൻ ബാലു അണ്ണനും ഒരുപാട് ശ്രമിച്ചിരുന്നു. അദ്ദേഹം മരിച്ച സമയത്ത് ഗ്രാമി പുരസ്കാരം സ്വന്തമാക്കി ആയിരക്കണക്കിന് ആളുകളുടെ മുന്നിൽ അഭിമാനത്തോടെ നിൽക്കുന്ന ബാലു അണ്ണന്റെ ചിത്രമായിരുന്നു എന്റെ മനസിൽ. 

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN INTERVIEWS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA