'ദേഷ്യം വരുമ്പോൾ ചേച്ചിയുടെ മുഖം മാറും; അപ്പോൾ ഞാനൊരു പേരു വിളിക്കും'; കെ.എസ് ചിത്രയെക്കുറിച്ച് സംഗീതസംവിധായകൻ ശരത്

sharreth-chithra-new
SHARE

കെ.എസ്.ചിത്രയുമൊത്തുള്ള സ്നേഹത്തെയും സൗഹൃദത്തെയും കുറിച്ചു സംസാരിക്കാമോ എന്നു സംഗീതസംവിധായകൻ ശരത്തിനോടു ചോദിച്ചാൽ എവിടെ തുടങ്ങണം എന്ന ആശയക്കുഴപ്പത്തോടെ അൽപനേരം ആലോച്ചിച്ചു നിൽക്കും. കാരണം വർഷങ്ങൾ നീണ്ട പരിചയത്തിൽ ഇരുവരും തമ്മിൽ അത്രമേൽ തീവ്രമായ ആത്മബന്ധമാണ്. ഇരുവരുടെയും കുടുംബങ്ങൾ തമ്മിലും അഭേദ്യമായ അടുപ്പമുണ്ട്. പ്രിയപ്പെട്ട ചിത്ര ചേച്ചി എന്നുള്ള ശരത്തിന്റെ അകമഴിഞ്ഞ അഭിസംബോധനയിൽ തന്നെ കെ.എസ്.ചിത്രയോടുള്ള മുഴുവൻ സ്നേഹവും ആദരവും പ്രകടമാണ്. കാരണങ്ങളില്ലാത്ത പിണക്കവും ഇണക്കവും സമം കലർന്നതാണ് ചിത്രയുടെയും ശരത്തിന്റെയും സ്നേഹസൗഹൃദം. ശരത്തിന്റെ ആദ്യ പാട്ടിന്റെ റെക്കോർഡിങ് സമയത്തു തുടങ്ങിയ പരിചയമാണിത്. ശരത് സ്വതന്ത്ര സംഗീതസംവിധായകനായ ശേഷവും തന്റെ ഗാനങ്ങളിൽ പെൺസ്വരമായി മറ്റൊരാളെക്കുറിച്ചു ചിന്തിച്ചില്ല. പ്രിയ ഗായികയുടെ പിറന്നാൾ ദിനത്തില്‍ പ്രിയപ്പെട്ട ‘ചിത്ര ചേച്ചി’യെക്കുറിച്ച് പറഞ്ഞാൽ തീരാത്ത വിശേഷങ്ങളുമായി ശരത് മനോരമ ഓൺലൈനിനൊപ്പം. 

ആത്മബന്ധത്തിന്റെ ആദ്യ കാലം

ചെന്നൈ തരംഗിണി സ്റ്റുഡിയോയിൽ റെക്കോർഡിങ്ങിനു പോയപ്പോഴാണ് ഞാൻ ചിത്ര ചേച്ചിയെ ആദ്യമായി കാണുന്നത്. എന്റെ ആദ്യ ഗാനം തന്നെ ‘ഒന്നിങ്ങു വന്നെങ്കിൽ’ എന്ന ചിത്രത്തിൽ ശ്യാം സാറിന്റെ സംഗീതത്തിൽ ചേച്ചിക്കൊപ്പമുള്ള ഡ്യൂയറ്റ് ആയിരുന്നു. റെക്കോർഡിങ്ങിനു പോയപ്പോൾ ഒരു തുടക്കക്കാരൻ എന്ന നിലയിൽ എന്നെ പേടിപ്പെടുത്തുന്ന ഒരുപാട് കാര്യങ്ങൾ അന്ന് സ്റ്റുഡിയോയിൽ ഉണ്ടായിരുന്നു. ഞങ്ങൾ അന്ന് പതിനാലു ടേക്ക് പാടി. ആരെങ്കിലും ഒരാൾ തെറ്റിച്ചാൽ വീണ്ടും എടുക്കണമല്ലോ. കുറേ കഴിഞ്ഞപ്പോൾ ശ്യാം സർ പറഞ്ഞു ആദ്യ ടേക്ക് ഓക്കേ ആണെന്ന്. അന്ന് ഞാൻ പാടാൻ നിൽക്കുമ്പോൾ തന്നെ ചേച്ചി എല്ലാ പ്രോത്സാഹനവും നൽകി ഒപ്പം നിന്നു. ഞങ്ങൾ തമ്മിൽ അന്നു തുടങ്ങിയ ആത്മബന്ധം ഇപ്പോഴും തുടരുന്നു. 

ചിത്ര എന്ന ഗായികയും ഞാൻ എന്ന സംഗീതസംവിധായകനും

ആത്മബന്ധം മാറ്റി സംഗീതരംഗത്തേയ്ക്ക് എത്തിയാൽ തന്നെ ഒരു സംഗീതസംവിധായകൻ എന്ന നിലയിൽ കെ.എസ്.ചിത്ര എന്ന ഗായികയെ എനിക്ക് ഒരുപാട് ഇഷ്ടമാണ്. എന്തു പറഞ്ഞു കൊടുത്താലും ഉഷാറാക്കി പാടി തിരിച്ചു തരും. അതാണ് ചിത്ര ചേച്ചി. എന്റെ ഭൂരിഭാഗം ഗാനങ്ങളും പാടിയത് ചിത്ര ചേച്ചിയാണ്. സിനിമ മേഖലയിൽ എന്നെ ശാസിക്കുകയും അതുപോലെ സ്നേഹത്തോടെ ഇടപെടുകയും ചെയ്തിട്ടുള്ള ആളാണ് ചിത്ര ചേച്ചി. ചേച്ചി എന്നോട് എല്ലാ കാര്യങ്ങളും പങ്കു വയ്ക്കാറുണ്ട്. 

ഇണക്കവും പിണക്കവും പതിവ്

ഞാനും ചിത്ര ചേച്ചിയും തമ്മിൽ പലപ്പോഴും വഴക്കുണ്ടാക്കിയിട്ടുണ്ട്. അതെല്ലാം നിസ്സാര കാര്യങ്ങൾക്കാണ്. പ്രത്യേകിച്ച് കാരണങ്ങൾ പോലുമില്ലാതെ ഞങ്ങൾ തമ്മിൽ തമാശയ്ക്കു തല്ലുണ്ടാക്കി പിണങ്ങിയിരിക്കുന്നത് പതിവാണ്. പക്ഷേ ഞാൻ മിണ്ടാതിരിക്കുമ്പോൾ ചേച്ചിയ്ക്കു സങ്കടം വരും. ഞങ്ങളുടെ രണ്ടു പേരുടെയും വീട്ടുകാർ തമ്മിലും വലിയ അടുപ്പമാണ്. എന്നെക്കുറിച്ചുള്ള പരാതികൾ എന്റെ ഭാര്യ സീത, ചിത്ര ചേച്ചിയോടാണു പറയുക. അപ്പോൾ ചേച്ചി എന്നെ വിളിച്ചു ചീത്ത പറയും. ദേഷ്യം വരുമ്പോൾ ചേച്ചിയുടെ മുഖം മാറും. അപ്പോൾ ഞാൻ ചേച്ചിയെ കാലിയ എന്നാണ് തമാശയ്ക്കു വിളിക്കുക. അത് ബാലരമയിലെ ഒരു കാക്കയുടെ കഥാപാത്രത്തിന്റെ പേരാണ്. ചിത്ര ചേച്ചിയെ കുറിച്ച് പറഞ്ഞാൽ തീരില്ല. വാക്കുകൾക്കപ്പുറമുള്ള ബന്ധമാണ് ഞങ്ങൾ തമ്മിൽ. 

സ്നേഹം വിളമ്പുന്ന ചിത്ര ചേച്ചി

എന്റെയും ചിത്ര ചേച്ചിയുടെയും കുടുംബങ്ങൾ തമ്മിലും വലിയ സൗഹൃദത്തിലാണ്. എന്റെ ഭാര്യയുടെ അച്ഛൻ കണ്ണൂർ രാജൻ മാഷിന് ചിത്ര ചേച്ചി സ്വന്തം മകളെ പോലെ ആയിരുന്നു. അങ്ങനെയൊരു പ്രത്യേക അടുപ്പം കൂടി ഞങ്ങൾക്ക് ചേച്ചിയോടുണ്ട്. എന്റെ വീട്ടിൽ നിന്ന് ചേച്ചിയുടെ വീട്ടിലേക്ക് നടന്നു പോകാനുള്ള ദൂരമേയുള്ളൂ. ഞാൻ ഇടക്കിടെ അവിടെ പോകുകയും കാണുകയും സംസാരിക്കുകയും ചെയ്യാറുണ്ട്. ചേച്ചിയുടെ ഭർത്താവ് വിജയൻ ചേട്ടനുമായി എനിക്ക് വലിയ അടുപ്പമാണ്. ചേച്ചി സസ്യാഹാരം മാത്രമേ കഴിക്കു. വീട്ടിൽ എന്ത് ഉണ്ടാക്കിയാലും എന്നെ വിളിക്കും. സ്നേഹത്തോടെ എല്ലാം വിളമ്പിത്തരും. എനിക്ക് മധുരം ഒരുപാട് ഇഷ്ടമാണ്. എവിടെ പോയി വന്നാലും എനിക്ക് പ്രത്യേകമായി കുറേ മധുരപലഹാരങ്ങൾ കൊണ്ടു തരും. ചേച്ചിയെക്കുറിച്ചു സംസാരിച്ചാൽ അത് അങ്ങു നീണ്ടു പോകും. സ്നേഹത്താൽ വളരെ തീവ്രമായ ഒരു ബന്ധമാണ് എനിക്ക് ചേച്ചിയുമായിട്ടുള്ളത്. 

യാത്രയിലെ സ്നേഹഗായിക

ചിത്ര ചേച്ചിക്കൊപ്പം പല വിദേശ രാജ്യങ്ങളിലും സംഗീത പരിപാടിക്കായി യാത്ര ചെയ്തിട്ടുണ്ട്. യാത്രയിൽ എല്ലാവരെയും കാണുമ്പോൾ ചേച്ചി വളരെ സന്തോഷവതിയാകും. യാത്ര പോകുമ്പോൾ കൂടെയുള്ളവർ ആരും കയ്യിൽ ഒന്നും കരുതേണ്ട ആവശ്യമില്ല. കാരണം ചിത്ര ചേച്ചിയുടെ കൈവശം എല്ലാ സാധനങ്ങളും ഉണ്ടാകും. വളരെ സ്നേഹവും കരുതലുമാണ് ചേച്ചിയ്ക്ക്. ഒരു സഞ്ചരിക്കുന്ന മെഡിക്കൽ ഷോപ്പ് ആണ് ചേച്ചിയെന്നു പറയാം. തലവേദന, തൊണ്ടവേദന, ജലദോഷം എന്നിങ്ങനെ എന്തെങ്കിലും അസുഖമുണ്ടെങ്കിൽ അതിനെല്ലാം ചേച്ചി മരുന്ന് തരും. മരുന്നു മാത്രമല്ല ആഹാരകാര്യവും അങ്ങനെ തന്നെയാണ്. ചേച്ചിക്ക് എല്ലാവരോടും സ്നേഹമാണ്. ആരോടും ഒന്നും കടുപ്പിച്ചു പറയില്ല. വളരെ കരുതലോടെയാണ് ഇടപെടുന്നത്. 

വേദിയിലെ എനർജി

ചിത്ര ചേച്ചിയ്ക്കൊപ്പം ഒരുപാട് വേദികളിൽ പരിപാടികൾ അവതരിപ്പിച്ചിട്ടുണ്ട്. ചേച്ചിയ്ക്കൊപ്പം വേദിയിൽ നിൽക്കുമ്പോൾ തന്നെ ഒരു പോസിറ്റീവ് എനർജി തോന്നും. പരിപാടികൾക്കായി സ്റ്റേജിൽ കയറുന്നതിനു മുൻപ് ഞങ്ങൾ എല്ലാവരും ഒരുമിച്ചു പ്രാർഥിക്കും. വേദിയിൽ എന്റെ പാട്ടുകൾ ചേച്ചി പാടുന്നതിനു മുൻപ് ആ പാട്ടിനു പിന്നിലുള്ള കഥകൾ ഞാൻ പ്രേക്ഷകരുമായി പങ്കുവയ്ക്കും. അതൊക്കെ ചേച്ചിയ്ക്കും വലിയ ഇഷ്ടമാണ്. അതുപോലെ റിയാലിറ്റി ഷോകളിലും ഞങ്ങൾ ഒരുമിച്ചു വിധികർത്താക്കളായിരുന്നിട്ടുണ്ട്. ചേച്ചിയ്ക്കൊപ്പം ഒരുപാട് രസകരമായ അനുഭവങ്ങൾ ഉണ്ടായിട്ടുണ്ട്.  

എന്റെ ചേച്ചിയോട് എന്നും സ്നേഹം

ചിത്ര ചേച്ചിയെക്കുറിച്ച് പറഞ്ഞു തുടങ്ങിയാൽ എവിടെ തുടങ്ങണമെന്ന കാര്യത്തിൽ ആശയക്കുഴപ്പം തോന്നും. അത്രയേറെ തീവ്രമായ ബന്ധമാണ് ഞങ്ങൾ തമ്മില്‍. ഈ പിറന്നാൾ ദിനത്തിൽ പ്രിയപ്പെട്ട ചേച്ചിയ്ക്ക് എല്ലാവിധ ആശംസകളും നേരുകയാണ്. ചേച്ചി ഇനിയും ആയുരാരോഗ്യ സൗഖ്യത്തോടെ ഒരുപാട് കാലം ജീവിക്കട്ടെ എന്നാശംസിക്കുന്നു. ഇനിയും കുറേ പാട്ടുകൾ പാടി നമ്മളെയൊക്കെ അദ്ഭുതപ്പെടുത്തട്ടെ. ചിത്ര ചേച്ചിയുടെ പാട്ട് കേൾക്കാനുള്ള ഭാഗ്യം നമുക്കെല്ലാവർക്കും ഉണ്ടാകട്ടെ. പ്രിയപ്പെട്ട ചേച്ചിയ്ക്ക് ഹൃദയം നിറഞ്ഞ സ്നേഹം. 

English Summary: Music director Sharreth open up about K S Chithra on her birthday

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN INTERVIEWS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA