ADVERTISEMENT

ആകാശവാണിയുടെ സ്റ്റുഡിയോയിൽ പാട്ടു പാടാൻ വന്ന മെലിഞ്ഞ ഒരു കൊച്ചുപെൺകുട്ടിയെ സംഗീതസംവിധായകൻ എം.ജി. രാധാകൃഷ്ണൻ പരിചയപ്പെടുത്തിയത് ഗായിക സുജാത മോഹന് ഇപ്പോഴും ഓർമയുണ്ട്. ‘ഇതാണ് ചിത്ര, നല്ലോണം പാടും’. അന്നാണ് കെ.എസ്. ചിത്ര പാടുന്നത് സുജാത ആദ്യമായി കേൾക്കുന്നത്. അന്നു കേട്ട ശബ്ദം ഇപ്പോഴും സുജാതയുടെ മനസ്സിൽ മായാതെയുണ്ട്. ‘ബേബി സുജാത’യിൽ നിന്ന് ‘ഗായിക സുജാത മോഹനി’ലേക്കുള്ള വളർച്ചയുടെ പടവുകൾ രാകിമിനുക്കിയെടുക്കാൻ പ്രചോദനമായത് കെ.എസ്. ചിത്ര എന്ന പ്രതിഭാശാലിയായ ഗായികയാണെന്ന് തുറന്നു പറയാൻ സുജാതയ്ക്കു മടിയില്ല. 'ഒരിടവേളയ്ക്കു ശേഷം തിരിച്ചു വന്നപ്പോൾ എനിക്ക് എന്നെത്തന്നെ അപ്ഗ്രേഡ് ചെയ്യണമായിരുന്നു. ചിത്ര അതിന് നിമിത്തമായി,' സുജാത മോഹൻ പറയുന്നു. സംഗീതത്തിൽ രാഗവും താളവും പോലെ ഇടമുറിയാത്ത ഒരു ബന്ധമുണ്ട് ചിത്രയും സുജാതയും തമ്മിൽ. നല്ല ഒരു പാട്ടു കേട്ടാൽ, ആഹ്ലാദത്തോടെ ‘അത് ഇഷ്ടമായിട്ടോ’ എന്നു വിളിച്ചു പറയുന്ന, സ്നേഹവും കരുതലും ആരാധനയുമുള്ള ഒരു സൗഹൃദം. ചിത്രയുടെ ജന്മദിനത്തിൽ ആ സൗഹൃദത്തെക്കുറിച്ച് സുജാത മനോരമ ഓൺലൈനിൽ. 

 

ഞങ്ങൾ സമപ്രായക്കാർ

 

ഞാൻ ചിത്രയെ കണ്ടത് ഓർമയുണ്ട്. ഞാനൊരു റെക്കോർഡിങ്ങിനു പോയപ്പോൾ ആകാശവാണിയിൽ വച്ച് രാധാകൃഷ്ണൻ ചേട്ടനാണ് പരിചയപ്പെടുത്തിയത്. എന്നോടു പറഞ്ഞു, ഇതാണ് ചിത്ര. നല്ലോണം പാടും എന്ന്. അന്നു വേറെയും ചില കുട്ടികൾ ഉണ്ടായിരുന്നു. ചിത്ര പാടുന്നത് ഞാൻ കേട്ടു. ബേബി സുജാത എന്ന പേരിൽ അത്യാവശ്യം ഞാനറിയപ്പെടുന്ന സമയമാണ്. ചിത്ര പാടിയപ്പോൾത്തന്നെ എനിക്ക് മനസ്സിലായി, ഇതൊരു വലിയ പാട്ടുകാരിയാണെന്ന്. ഇപ്പോൾ എങ്ങനെയാണോ പാടുന്നത്, അതുപോലെ തന്നെ! അതാണ് ചിത്രയെക്കുറിച്ച് എന്റെ ആദ്യത്തെ ഓർമ. ഞാനന്ന് കരുതിയത്, ചിത്ര എന്നെക്കാളും ചെറുപ്പമാണെന്നായിരുന്നു. കാരണം, ചിത്ര അന്ന് മെലിഞ്ഞ് വളരെ കൊച്ചൊരു കുട്ടിയെപ്പോലെ തോന്നിച്ചിരുന്നു. പിന്നെയാണ് അറിഞ്ഞത് ഞങ്ങൾ സമപ്രായക്കാരാണ് എന്ന്. 

 

ഒരുമിച്ച് പാടിയ പാട്ടുകൾ

 

തരംഗിണിയുടെ ഒരു റെക്കോർഡിങ്ങിനാണ് ഞങ്ങൾ ഒരുമിച്ച് പാടിയത് എന്നാണ് എന്റെ ഓർമ. പാട്ടേതാണെന്ന് ഓർക്കുന്നില്ല. ഇക്കാര്യം ചിത്ര പറയുമ്പോഴാണ് ഓർക്കുന്നതു തന്നെ. ഈ പുഴയും കടന്ന് എന്ന ചിത്രത്തിൽ ഞങ്ങൾ പാടിയ ‘വൈഢൂര്യ കമ്മലണിഞ്ഞ്’ എന്ന പാട്ടാണ് ഒരുമിച്ച് പാടിയതിൽ ആദ്യത്തെ ഹിറ്റ്. അതു ഞങ്ങൾ റെക്കോർഡ് ചെയ്തതും ഒരുമിച്ചായിരുന്നു. അന്ന് ജോൺസേട്ടനൊക്കെ ഉണ്ടായിരുന്നു. എവിഎംസി സ്റ്റുഡിയോയിലായിരുന്നു റെക്കോർഡിങ്. നല്ല രസമായിരുന്നു അത്. ഇപ്പോഴത്തെ റെക്കോർഡിങ് റൂം എല്ലാം ചെറുതല്ലേ. അത് നീളമുള്ള റൂമായിരുന്നു. ഒരറ്റത്ത് ചിത്രയും മറ്റേ അറ്റത്ത് ഞാനും. രാക്കിളിപ്പാട്ടിൽ ഒരുമിച്ച് പാടിയിട്ടുണ്ടെങ്കിലും റെക്കോർഡിങ് ഒരുമിച്ചായിരുന്നില്ല. കേരളത്തിൽ ഒരുപാടു വേദികളിൽ ഞങ്ങൾ ഒരുമിച്ചു പാടിയിട്ടുണ്ട്. ദാസേട്ടന്റെ കൂടെ മെയിൻ ആയിട്ട് പാടിയിട്ടുള്ളത് 'ചന്ദ്രികയിൽ അലിയുന്നു ചന്ദ്രകാന്തം' എന്ന പാട്ടാണ്. 

 

ഒരു നിമിത്തമായി ചിത്ര

 

എന്നും സംസാരിക്കുന്ന ഫ്രണ്ട്ഷിപ്പ് പോലെയല്ല. ഒരുപാട് ആദരവ് ഉണ്ട് ഞങ്ങൾക്ക് പരസ്പരം. ചിത്ര പാടി വരുന്ന സമയത്ത് ഞാൻ ഔട്ട് ഓഫ് മ്യൂസിക് ആയിരുന്നു. ഞാൻ തിരിച്ചു സംഗീതരംഗത്തേക്ക് വരുമോ എന്നു പോലും എനിക്കറിയില്ലായിരുന്നു. തിരിച്ചു വന്നപ്പോൾ ചിത്ര വലിയ ഇൻസ്പിരേഷൻ ആയിരുന്നു. കാരണം, ജാനകിയമ്മ, സുശീലാമ്മ ഒക്കെ കത്തിനിൽക്കുന്ന സമയത്ത് ഇങ്ങനെ വേറൊരു വോയ്സ് വന്ന് എസ്റ്റാബ്ലിഷ് ആവുക എന്നു പറയുന്നത് വലിയൊരു കാര്യമാണ്. മലയാളിയായ ഒരു കുട്ടി... സിനിമയിൽ മലയാളി പാട്ടുകാർ ആ സമയത്ത് കുറവായിരുന്നു.

 

ഞാനപ്പോൾ പ്രാക്ടീസ് ഒന്നും അധികം ചെയ്യാതെ ഇരിക്കുകയായിരുന്നു, പ്രഗ്‍നെൻസി സമയം... പാട്ട് പഠിക്കുന്നുണ്ട് എന്നല്ലാതെ സിനിമയിലേക്ക് വരാൻ അങ്ങനെ പ്രത്യേകിച്ച് എഫർട്ട് ഒന്നും എടുത്തിരുന്നില്ല. തിരിച്ചു വന്നപ്പോൾ എനിക്ക് എന്നെത്തന്നെ അപ്ഗ്രേഡ് ചെയ്യണമായിരുന്നു. ഞാൻ എത്രത്തോളം പാടണം എന്നത് മനസ്സിലായി. ചിത്ര അതിന് നിമിത്തമായിത്തീർന്നു എന്നു വേണം പറയാൻ! ചിത്രയുടെ ഒപ്പം വരണമെങ്കിൽ നമ്മൾ എന്തൊക്കെ ചെയ്യണം... കാരണം വേറെ ഒരു വഴി കൊണ്ടു വരണം. ചിത്രയുടെ സിങ്ങിങ് അല്ലാത്ത ഒരു സിങ്ങിങ് കൊണ്ടു വരണം. അതൊക്കെയായിരുന്നു ആവശ്യം. നമുക്കൊപ്പം അങ്ങനെ ഒരാൾ ഉണ്ടെങ്കിൽ അതെപ്പോഴും നമ്മെ സഹായിക്കുകയേ ഉള്ളൂ. നമ്മെ അപ്ഗ്രേഡ് ചെയ്യാൻ അതു സഹായിക്കും. 

 

എനിക്കെന്നും ആരാധനയുള്ള ഗായിക

 

തിരിച്ചു വന്നപ്പോൾ എനിക്കങ്ങനെ പാടണം എന്നൊന്നും ഉണ്ടായിരുന്നില്ല. പക്ഷേ, നമുക്ക് അറിയാവുന്ന ഒരാൾ സിനിമയിൽ പാടുന്നു... അതുപോലെ നമുക്കും എന്തെങ്കിലുമൊക്കെ ചെയ്യാൻ കഴിയുമെന്ന് തോന്നി. കാരണം, ജാനകിയമ്മയും സുശീലാമ്മയുമൊക്കെയാണ് ആ സമയത്ത് നിന്നിരുന്നത്. അതിന് ഇടയിൽ ഒരു കൊച്ചു കുട്ടി പാടി തിളങ്ങുമ്പോൾ അതുപോലെ ഒരു സ്പെയ്സ് പാട്ടുകാർക്ക് ഉണ്ടെന്ന് ചിത്ര കാണിച്ചു തന്നു. ഫീൽഡിൽ ശരിക്കും സീനിയർ ഞാനാണ്. ഒരു ഗ്യാപ്പ് കഴിഞ്ഞ് തിരിച്ചു വന്നപ്പോൾ ചിത്ര വേറൊരു ലെവലിൽ എത്തിക്കഴിഞ്ഞിരുന്നു. എനിക്ക് എന്റേതായ ഐഡന്റിറ്റി ഉണ്ടാക്കണമെങ്കിൽ എന്റേതായ ശൈലിയും എക്സ്പ്രഷൻസും എല്ലാം കൊണ്ടുവരണമായിരുന്നു. അങ്ങനെ ഞാൻ ട്രൈ ചെയ്തു. അതു ക്ലിക്ക് ആയി. 

 

എനിക്ക് ഒരുപാട് ആരാധനയുള്ള ഗായികയാണ് ചിത്ര. കാരണം, അവരുടെ ഡെഡിക്കേഷൻ! ചെറിയ വയസ്സു മുതൽ പാട്ട് പഠിച്ചു തുടങ്ങി. ഒരുപാടു ഹാർഡ് വർക്ക് ചെയ്തിട്ടുണ്ട്. നമ്മൾ ഈ കാണുന്ന പാട്ടിന് പിന്നിൽ എത്രയോ വർഷത്തെ ചിത്രയുടെ ഹാർഡ് വർക്ക് ഉണ്ടെന്ന് അറിയാമോ?! അത് എത്രയുണ്ടെന്ന് എനിക്കറിയാം. ഞാൻ എന്തു നല്ലതു പാടുമ്പോഴും ചിത്ര വിളിച്ചു പറയും, ആ പാട്ട് ഇഷ്ടായിട്ടോ എന്ന്. തിരിച്ചും അങ്ങനെയാണ്. നല്ല പാട്ട് കണ്ടാൽ, ഞാൻ അപ്പോൾ മെസേജ് ചെയ്യും. ഞങ്ങൾ ഒരുമിച്ച് ചില വാരികകൾക്കുവേണ്ടി ഫോട്ടോഷൂട്ട് ഒക്കെ ചെയ്തിട്ടുണ്ട്. പല റിയാലിറ്റി ഷോകളിലും ഒരുമിച്ചുണ്ടായിട്ടുണ്ട്. ശരിക്കും എൻജോയ് ചെയ്യുന്ന കമ്പനിയാണ്. 

 

സന്തോഷമായി വാഴ്ക

 

ഇനിയും ഞങ്ങൾക്കു വേണ്ടി ഒരുപാടു നല്ല പാട്ടുകൾ പാടണം ചിത്ര. ചിത്രയുടെ ജന്മം തന്നെ സംഗീതത്തിനു വേണ്ടിയുള്ളതാണ്. നിറയെ പാടട്ടെ! സന്തോഷത്തോടെ ഇരിക്കാൻ കഴിയട്ടെ! ആയുരാരോഗ്യങ്ങൾ ഉണ്ടാകട്ടെ! 

 

English Summary: Sujatha Mohan open up about K S Chithra on her birthday

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com