ജോൺസൺ മാഷിനു വേണ്ടി ആ ഈണങ്ങൾ വായിച്ചത് ആരാണ്? മലയാള സിനിമാശബ്ദ ചരിത്രം തേടി ഒരു കൂട്ടം സിനിമാപ്രേമികൾ

johnson-sreenivasan-kpac-lalitha
SHARE

തൂവാനത്തുമ്പികൾ എന്ന ചിത്രത്തെ മലയാളികൾക്ക് പ്രിയപ്പെട്ടതാക്കുന്നത് അതിലെ പശ്ചാത്തലസംഗീതം കൂടിയാണ്. 'മഴ, ചായ, ജോൺസൺ മാഷ്... ഹാ അന്തസ്' എന്ന് ദുൽഖറിന്റെ കഥാപാത്രം പറയുന്ന പോലെ അത്രമേൽ മലയാളികളുടെ ഇഷ്ടം നേടിയതാണ് ജോൺസൺ മാഷുടെ കയ്യൊപ്പ് പതിഞ്ഞ ചിത്രത്തിലെ പശ്ചാത്തലസംഗീതം. എന്നാൽ, ജോൺസൺ മാഷിനു വേണ്ടി ആ ഈണങ്ങളൊക്കെ വായിച്ചതരാണ്? അതുപോലെ വേറെയും ചില ചോദ്യങ്ങളുണ്ട്. ശ്രീനിവാസൻ ഡബ്ബിംഗ് ചെയ്ത സിനിമകൾ ഏതൊക്കെ ആണ്? ഡബ്ബിംഗ് ആർട്ടിസ്റ്റായ ആന്ദന്ദവല്ലി അഭിനയിച്ച സിനിമകളേതൊക്കെ ആണ്? കെപിഎസി ലളിത ശബ്ദം കൊടുത്ത സിനിമളേതൊക്കെ? ഒരു ഗൂഗിൾ സെർച്ചിൽ പോലും കിട്ടാത്ത അത്തരം വിവരങ്ങൾ തേടിയാണ് മലയാളം മൂവീസ് ആന്റ് മ്യൂസിക് ഡാറ്റ ബേസ് എന്ന എംത്രിഡിബി (M3db- https://m3db.com/) യുടെ 'വോയ്സ് ലൈബ്രറി' പ്രൊജക്ട്. 

സിനിമയുടെ ശബ്ദരംഗത്ത് പ്രവർത്തിക്കുന്നവരുടെ വിവരങ്ങൾ ആധികാരികതയോടെ കണ്ടെത്താനുള്ള ബൃഹത്തായ പദ്ധതി. ഗായകർ മുതൽ പിന്നണിയിലെ സംഗീതജ്ഞരും സൗണ്ട് ഡിസൈനർമാരും റെക്കോർഡിസ്റ്റുകളും ബൂം ഓപ്പറേറ്റർമാരുമെല്ലാം ഉൾപ്പെടുന്നവരുടെ വിവരങ്ങൾ ശേഖരിച്ച് ഒരു പബ്ലിക് പ്ലാറ്റ്ഫോമിൽ ലഭ്യമാക്കാനാണ് ഇവരുടെ ശ്രമം. സിനിമയിലെ ശബ്ദമാകുമ്പോഴും പിന്നണിയിൽ നിശബ്ദരായി നിൽക്കുന്ന ഇവരെ കണ്ടെത്താനുള്ള ശ്രമങ്ങളെക്കുറിച്ച് എംത്രിഡിബി സ്ഥാപക അംഗവും വോയ്സ് ലൈബ്രറി പ്രൊജക്ട് കോർ‍ഡിനേറ്ററുമായ കിരൺ മനോരമ ഓൺലൈനിൽ. 

എന്താണ് എംത്രിഡിബി (M3db)?

മലയാള സിനിമയുടെയും സംഗീതത്തിന്റെയും വിവരങ്ങൾ... ക്യാമറയ്ക്കും മുൻപിലും പിൻപിലുമുള്ള എല്ലാ ആർടിസ്റ്റുകളെക്കുറിച്ചുമുള്ള വിവരങ്ങൾ, അതായത്, ടൈറ്റിൽ ക്രെഡിറ്റിലുള്ള എല്ലാവരുടെയും വ്യക്തിവിവരങ്ങളും സിനിമാവിവരങ്ങളുമൊക്കെ ലഭ്യമാക്കാനുള്ള പ്ലാറ്റ്ഫോമാണ് എംത്രീഡിബി (M3db) എന്നത്. 2010ൽ സംഗീതസംവിധായകൻ ജോൺസൺ മാഷും സംവിധായകൻ പിടി കുഞ്ഞുമുഹമ്മദും കൂടിയാണ് ഡിസംബർ 20ന് പാലക്കാട് വച്ച് ഇത് ഉദ്ഘാടനം ചെയ്തത്. കഴിഞ്ഞ പത്തു വർഷമായി ഞങ്ങൾ വിവരങ്ങൾ ശേഖരിച്ചു വരുന്നു. സിനിമയെക്കുറിച്ചും സിനിമാക്കാരെക്കുറിച്ചുമുള്ള 60 ശതമാനം വിവരങ്ങൾ ഇപ്പോൾ ശേഖരിച്ചു കഴിഞ്ഞു. ഇനി ഞങ്ങൾ അടുത്ത ഘട്ടത്തിലേക്ക് കടക്കുകയാണ്. എംത്രീഡിബി വോയ്സ് ലൈബ്രറി എന്ന പ്രൊജക്ട് ആണ് ഈ ഘട്ടത്തിൽ പ്രധാനപ്പെട്ടത്. 

ഡബിങും പാട്ടും മാത്രമല്ല സിനിമയിലെ ശബ്ദങ്ങൾ

സിനിമയിലെ ശബ്ദമേഖല വളരെയധികം വികസിച്ചിട്ടുണ്ട്. ഡബിങ്, പശ്ചാത്തലസംഗീതം എന്നതു മാത്രമല്ല ഇതിൽ. ഒരുപാടു ലെയറുകളുണ്ട്. ഡബ്ബിങ്, തത്സമയശബ്ദലേഖനം, സൗണ്ട് എഡിറ്റിങ്, മിക്സിങ്, സൗണ്ട് ഡിസൈനിങ്, റെക്കോർഡിങ്, ബൂം ഓപ്പറേറ്റേഴ്സ്, ഫോളി ആർട്ടിസ്റ്റ്സ് ഇങ്ങനെ തുടങ്ങി ശബ്ദമേഖലയിൽ ഒരു വിപ്ലവം തന്നെ ഇപ്പോൾ നടക്കുന്നുണ്ട്. ഇക്കാര്യങ്ങൾ സിനിമാപ്രേമികളിലേക്ക് എത്തിക്കാനാണ് ഈ ശ്രമം. കൂടാതെ, ഇവരെക്കുറിച്ചുള്ള കൃത്യമായ വിവരങ്ങൾ ശേഖരിക്കുക എന്നതും വോയ്സ് ലൈബ്രറി ലക്ഷ്യം വയ്ക്കുന്നു. ഡബിങ് ആർടിസ്റ്റുകളുടെ പേരുകൾ സിനിമയിൽ വരുമെങ്കിലും ഇവർ ആർക്കൊക്കെ ശബ്ദം കൊടുത്തെന്ന് കൃത്യമായി രേഖപ്പെടുത്തി വയ്ക്കാറില്ല. ഭാഗ്യലക്ഷ്മി, ശ്രീജ തുടങ്ങി പ്രശസ്തരായവരുടെ ശബ്ദങ്ങൾ പ്രേക്ഷകർ എളുപ്പത്തിൽ തിരിച്ചറിയുമെങ്കിലും പ്രൊഫഷണൽ ആർടിസ്റ്റുകളല്ലാത്ത നിരവധി പേർ ഈ മേഖലയിലുണ്ട്. അതെല്ലാം കണ്ടെത്തേണ്ടതുണ്ട്. കൂടാതെ പുതിയ ഗായകരെക്കുറിച്ചുള്ള വിവരങ്ങൾ. കഴിഞ്ഞ വർഷം 472 ഗായകർ പാട്ടുകൾ പാടിയിട്ടുണ്ട്. അതിൽ മുന്നൂറിലധികം പേരും പുതിയ ഗായകരാണ്. പിന്നണിഗായകരുടെ സംഘടനയായ 'സമ'ത്തിൽ നൂറിൽ താഴെ ഗായകരേ ഉള്ളൂ. അപ്പോൾ ബാക്കിയുള്ള ഗായകർ എവിടെയാണ് എന്ന ചോദ്യം സ്വാഭാവികമായും വരും. ഇവരെക്കുറിച്ചുള്ള വിവരങ്ങൾ ശേഖരിക്കണം. 

അറിയപ്പെടാതെ പോകുന്നവർ

ശബ്ദരംഗത്ത് പ്രവർത്തിക്കുന്നവരുടെ കൃത്യമായ വിവരങ്ങൾ എവിടെയും കൃത്യമായി രേഖപ്പെടുത്തുന്നില്ല. പലരും അവരുടെ വർക്കുകളെക്കുറിച്ചുള്ള വിവരങ്ങൾ വച്ച് സ്വന്തമായി ഒരു വെബ്സൈറ്റ് ചെയ്യും. അല്ലെങ്കിൽ പോർട്ട്ഫോളിയോ ചെയ്യും. എംത്രിഡിബി എന്നത് വിക്കിപീഡിയ പോലെ വളർന്നുകൊണ്ടിരിക്കുന്ന ഡാറ്റാബേസ് ആണ്. അതിൽ വിവരങ്ങൾ അനുദിനം ചേർത്തുകൊണ്ടിരിക്കും. ഓരോ ആർടിസ്റ്റിനും ടെക്നീഷ്യനും അവരുടെ പേജ് ഇവിടെയുണ്ടാകും. ലോകത്തെവിടെയുള്ളവർക്കും ഒറ്റ ക്ലിക്കിൽ ഈ വിവരങ്ങൾ അറിയാൻ കഴിയും. ഇതൊരു സ്വതന്ത്ര ഡാറ്റാ ബേസ് ആണ്. ചലച്ചിത്രത്തെയും സംഗീതത്തെയും അക്കാദമിക് ആയി സമീപിക്കുന്ന ഒരു സംഘമാണ് ഇതിനു പിന്നിൽ പ്രവർത്തിക്കുന്നത്. ഇതിലേക്ക് വരുന്ന വിവരങ്ങൾ അന്വേഷിച്ച്, ആധികാരികമായ വിവരങ്ങളാണെന്ന് ഉറപ്പു വരുത്തിയാണ് പ്രസിദ്ധീകരിക്കുന്നത്. ഗവേഷകർക്കും വിദ്യാർത്ഥികൾക്കും മാധ്യമപ്രവർത്തകർക്കുമെല്ലാം ഇത്തരം വിവരങ്ങൾ പലതരത്തിൽ ഉപയോഗപ്രദമാണ്. 

ശ്രമകരമായ വിവരശേഖരണം

ഒരുപരിധി വരെ ടൈറ്റിൽ ക്രെഡിറ്റിൽ നിന്നു തന്നെ എംത്രിഡിബിയുടെ ടീം വിവരങ്ങൾ ശേഖരിക്കും. ആ വിവരങ്ങൾ പൂർണമാകില്ല. അതിനാൽ, സംവിധായകരെയും സാങ്കേതികപ്രവർത്തകരെയും നേരിട്ട് വിളിച്ചും മറ്റുമാണ് കൂടുതൽ വിവരങ്ങൾ ശേഖരിക്കുന്നത്. കൂടാതെ, സമൂഹമാധ്യമങ്ങളും വിവരശേഖരണത്തിനു വേണ്ടി ഉപയോഗിക്കും. 45000 അംഗങ്ങളുള്ള ഒരു ഫെയ്സ്ബുക്ക് ഗ്രൂപ്പ് എംത്രിഡിബിക്ക് ഉണ്ട്. ഇതിലേക്ക് ആർടിസ്റ്റുകളെയും ടെക്നീഷ്യൻസിനേയുമൊക്കെ ക്ഷണിക്കുകയും അവരുടെ വർക്കുകളെക്കുറിച്ച് ചർച്ച നടത്തുകയും ചെയ്യുന്നത് വഴിയും പല വിവരങ്ങളും ലഭിക്കാറുണ്ട്. ആധികാരികത ഉറപ്പാക്കാൻ ഈ ചർച്ചകൾ സഹായിക്കാറുണ്ട്. വിവരങ്ങൾ ക്രോഡീകരിക്കാൻ നിലവിൽ ഒരു ടീം ഞങ്ങൾക്കുണ്ട്. അതിലേക്ക് പുതിയ ആളുകളെയും ചേർത്ത് വിപുലമാക്കാനാണ് ശ്രമിക്കുന്നത്. വോയ്സ് ലൈബ്രറി പോലെ എഡിറ്റിംഗ്, കലാസംവിധാനം, കൊറിയോഗ്രഫി, മെയ്ക്കപ്പ് തുടങ്ങി സിനിമയിലെ മറ്റു മേഖലകളിലെ കൂടുതൽ വിവരങ്ങൾ സമാനമായ പ്രൊജക്ടുകൾ വഴി ശേഖരിക്കാൻ പദ്ധതിയുണ്ട്. 

നിങ്ങൾക്കും പങ്കാളിയാകാം

ഇപ്പോൾ ഒരു ലക്ഷം എൻട്രികൾ എംത്രിബി കടന്നിരിക്കുന്നു. ഇതിൽ സിനിമകളുണ്ട്, പാട്ടുകളുണ്ട്, സംഗീതജ്ഞർ, ആർടിസ്റ്റ്, ടെക്നീഷ്യൻസ്, സ്റ്റുഡിയോ, പ്രൊഡക്ഷൻ ഹൗസ്, വിതരണക്കാർ എന്നു തുടങ്ങി സിനിമയുടെ സമസ്ത തൊഴിൽമേഖലയിലുമുള്ള ആളുകളുടെ വിവരങ്ങളുണ്ട്. ഒരു ജനകീയ ഡാറ്റാബേസായതിനാൽ തന്നെ ഈ പ്രൊജക്ടിൽ പൊതുജനങ്ങൾക്ക് നന്നായി സഹായിക്കാൻ കഴിയും. കുറച്ചുപേർ അതിന് നേതൃത്വം കൊടുക്കുന്നു എന്നുണ്ടെങ്കിലും സിനിമയും സംഗീതവും അതിന്റെ ഡോക്യുമെന്റേഷനും താൽപര്യമുള്ള നിരവധി പേർ ഇതിലേക്ക് വിവരങ്ങൾ ചേർക്കാറുണ്ട്. അതിനായി എത്രിഡിബിയിൽ ഒരു ഐഡി ഉണ്ടാക്കണം. അതു എളുപ്പത്തിൽ ചെയ്യാവുന്നതാണ്. അതിലൂടെ വിവരങ്ങൾ ചേർക്കാം. അല്ലെങ്കിൽ ഫെയ്സ്ബുക്ക് ഗ്രൂപ്പിലൂടെ ഈ വിവരശേഖരണത്തിൽ പങ്കു ചേരാം. പലതുള്ളി പെരുവെള്ളം എന്നാണല്ലോ!

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN INTERVIEWS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA