സിനിമയില്‍ അവസരം ലഭിക്കാന്‍ ചെയ്ത പാട്ട് കൊണ്ടു വന്നത് സംസ്ഥാന പുരസ്കാരം: സുജേഷ് ഹരിയുടെ പുലരിപ്പൂ ചിരിക്കു പിന്നില്‍

sujesh-hari
SHARE

സംസ്ഥാന പുരസ്കാരം കരസ്ഥമാക്കിയ മികച്ച ഗാനരചയിതാവിന്റെ പേര് പ്രഖ്യാപിക്കപ്പെട്ടപ്പോള്‍ പലരും തിരഞ്ഞത് ആരാണ് സുജേഷ് ഹരി എന്നായിരുന്നു. അതില്‍ അദ്ഭുതപ്പെടാനില്ല. കാരണം, ഇതുവരെ അദ്ദേഹം ഒരു സിനിമയ്ക്കു വേണ്ടിയേ പാട്ടെഴുതിയിട്ടുള്ളൂ. സത്യം പറഞ്ഞാല്‍ വിശ്വസിക്കുമോ! പിന്നീട് രണ്ടു ചിത്രങ്ങള്‍ക്കു കൂടി പാട്ടെഴുതിയെങ്കിലും കോവിഡ് മൂലം അതൊന്നും പുറത്തിറങ്ങിയിട്ടുമില്ല. 

വിചിത്രമായ ഒരു വിധിയാണ് സുജേഷ് ഹരിയെഴുതിയ 'പുലരിപ്പൂ പോലെ ചിരിച്ചും' എന്ന ഗാനത്തിന്റേത്. ഇറങ്ങിയ സമയത്ത് വേണ്ടത്ര ശ്രദ്ധിക്കപ്പെടാതെ പോയ ഗാനം പിന്നീട് സ്റ്റാറ്റസുകളിലൂടെയാണ് ജനപ്രിയമായത്. അതിനിടയില്‍ ഗായിക സിത്താര കൃഷ്ണകുമാര്‍ മകള്‍ക്കൊപ്പം ഈ പാട്ടു പാടിയത് കേട്ടപ്പോള്‍ ഇതേതു പാട്ട് എന്നായി സംഗീതപ്രേമികള്‍. മനസിരുത്തി കേട്ടാല്‍ വല്ലാതെയങ്ങ് ഇഷ്ടപ്പെട്ടുപോകുന്ന നേരുള്ള ഈ പാട്ടാണ് സുജേഷ് ഹരിയെ 2019ലെ മികച്ച ഗാനരചയിതാവ് ആക്കിയത്. ഒരു സിനിമയിലെത്താന്‍ ഈ പാട്ട് കാത്തിരുന്നത് എട്ടൊന്‍പതു വര്‍ഷങ്ങളായിരുന്നു. അധികമാര്‍ക്കും അറിയാത്ത ഒരുപാടു കഥകളുണ്ട് ഈ പാട്ടിനും പാട്ടെഴുത്തുകാരനും പിന്നില്‍. ആ വിശേഷങ്ങളുമായി സംസ്ഥാന പുരസ്കാരജേതാവ് സുജേഷ് ഹരി മനോരമ ഓണ്‍ലൈനില്‍. 

സിനിമയിലെത്താന്‍ വേണ്ടി എഴുതിയ പാട്ട്

പ്രീഡിഗ്രി സമയത്താണ് ഞാനാദ്യമായി പാട്ടെഴുതുന്നത്. അതുവരെ എഴുതാന്‍ കഴിവുണ്ടോ ഇല്ലയോ എന്നു അറിയില്ലായിരുന്നു. ചേട്ടനായിരുന്നു ഞങ്ങളുടെ വീട്ടിലെ കവി. അദ്ദേഹം മലയാളത്തില്‍ പി.എച്ച്.ഡി എടുത്തിട്ടുണ്ട്. ചേട്ടനെ കണ്ട് അസൂയ മൂത്താണ് എഴുത്തില്‍ ഒരു കൈ നോക്കിയത്. സിനിമ എന്ന മോഹം സ്വാഭാവികമായും ഉള്ളിലുണ്ടായി. അവസരം ചോദിച്ചു ചെല്ലുമ്പോള്‍ റഫറന്‍സിനായി എന്തെങ്കിലും കരുതണമല്ലോ. അതിനായി, കയ്യിലെ കാശു മുടക്കി വിരഹഗാനങ്ങളുടെ ഒരു ആല്‍ബം ചെയ്തു. 2010ലാണ് സംഭവം. ആ ആല്‍ബത്തിലെ ഒരു പാട്ടാണ് 'തുമ്പപ്പൂ പോലെ ചിരിച്ചും!' മെയില്‍ വേര്‍ഷനായിരുന്നു ആല്‍ബത്തില്‍ ഉണ്ടായിരുന്നത്. ആ പാട്ട് അത്യാവശ്യം ക്ലിക്ക് ആയി. കുറെ ആളുകളിലേക്ക് ഈ പാട്ടെത്തി. ഈ പാട്ടുകള്‍ വച്ചാണ്  സിനിമയില്‍ അവസരം തേടി നടന്നത്. കുറെ ആളുകളെ കണ്ടു. ഒന്നും ശരിയായില്ല. എങ്കിലും പരിശ്രമം തുടര്‍ന്നുകൊണ്ടിരുന്നു. 

സിത്താര പാടിക്കേട്ടപ്പോള്‍ ആ സങ്കടം മാറി

 'തുമ്പപ്പൂ പോലെ ചിരിച്ചും' എന്ന പാട്ട് നടന്‍ ബിജു മേനോനും കേട്ടിരുന്നു. അദ്ദേഹത്തിന് പാട്ടിഷ്ടപ്പെട്ടു. തിരക്കഥാകൃത്ത് സജീവ് പാഴൂരിനും ഇഷ്ടമുള്ള പാട്ടായിരുന്നു. ബിജു ചേട്ടന്‍ പറഞ്ഞിട്ടാണ് എന്നെ സത്യം പറഞ്ഞാല്‍ വിശ്വസിക്കുമോ എന്ന ചിത്രത്തിന്റെ അണിയറപ്രവര്‍ത്തകര്‍ വിളിക്കുന്നത്. അവരുടെ സിനിമയിലെ സന്ദര്‍ഭത്തിന് ഈ പാട്ടു യോജിക്കുമെന്ന് അവര്‍ക്ക് തോന്നി. അവര്‍ എന്നെ വിളിച്ചു. താല്‍പര്യമുണ്ടെങ്കില്‍ മാഹിയില്‍ വരാന്‍ പറഞ്ഞു. അവിടെയായിരുന്നു സിനിമയുടെ ഷൂട്ടിങ്. അവിടെ ചെന്നപ്പോഴാണ് അറിഞ്ഞത്, അവര്‍ക്ക് വേണ്ടത് ഈ പാട്ടിന്റെ ഫീമെയില്‍ വേര്‍ഷന്‍ ആണെന്ന്. സത്യത്തില്‍ തുമ്പപ്പൂവിന്റെ മെയില്‍ വേര്‍ഷന്‍ സിനിമയില്‍ വരണമെന്നാണ് ഞാന്‍ ആഗ്രഹിച്ചത്. പക്ഷേ, ആ സിനിമയില്‍‍ വേണ്ടത് ഫീമെയില്‍ വേര്‍ഷനും. അങ്ങനെ, അവിടെ ഇരുന്ന് ഞാന്‍ ആ പാട്ടിന്റെ വരികള്‍ മാറ്റിയെഴുതി. അങ്ങനെ തുമ്പപ്പൂ പോലെ ചിരിച്ചും എന്ന ഗാനം പുലരിപ്പൂ പോലെ ചിരിച്ചും എന്നായി. മെയില്‍ വേര്‍ഷന്റെ അത്രയും മനോഹരമായോ ഫീമെയില്‍ വേര്‍ഷന്‍ എന്നൊരു സങ്കടം എനിക്ക് തോന്നിയിരുന്നെങ്കിലും സിത്താര ആ പാട്ട് പാടി കേട്ടപ്പോള്‍  അതെല്ലാം മാറി. ഒരു പാട്ടിനു വിളിച്ച എന്നെ അവര്‍ സിനിമയിലെ മറ്റൊരു പാട്ടും കൂടി ഏല്‍പ്പിച്ചു. 

സിനിമ എന്ന മോഹം

ചേട്ടന്‍ പി.എച്ച്.ഡി എടുത്തതുകൊണ്ട് അമ്മയ്ക്ക് വലിയ നിര്‍ബന്ധമായിരുന്നു ഞാനും ബിരുദങ്ങളെടുക്കണമെന്നും അധ്യാപകനാകണമെന്നും. അതുകൊണ്ട് പിജി വരെ പഠിച്ചു. നെറ്റും സെറ്റുമെല്ലാം പാസായി. ബിഎഡ് എടുത്തു. പക്ഷേ, അധ്യാപകനാകാന്‍ വലിയ താല്‍പര്യമുണ്ടായിരുന്നില്ല. ഒരു സി.എ ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ അഡിമിനിസ്ട്രേഷന്‍ ഓഫിസറായി. സിനിമ മനസില്‍ ഉള്ളതുകൊണ്ട് അതിനു സമയം കൊടുക്കാന്‍ പറ്റുന്ന ഒരു വരുമാനമാര്‍ഗം കണ്ടെത്തുന്നതിനായിരുന്നു എന്റെ ശ്രമം. അങ്ങനെ സുഹൃത്തുക്കളുമായി ചേര്‍ന്ന് ചില ബിസിനസുകള്‍ തുടങ്ങി. എനിക്ക് ആക്ടീവ് ആകണമെന്നു തോന്നുന്ന സമയത്ത് അതു ചെയ്യാനും ഫ്രീ ആകാന്‍ തോന്നുന്ന സമയത്ത് ഫ്രീയാകാനുമുള്ള സ്വാതന്ത്ര്യമുണ്ടായിരുന്നു. സിനിമ എന്നും സ്വപ്നമായതുകൊണ്ട് അതിനുവേണ്ടി എഴുത്തും വായനയും തുടര്‍ന്നുകൊണ്ടേയിരുന്നു. ഒടുവില്‍ ആദ്യ ചിത്രത്തിലെ ഗാനത്തിനു തന്നെ പുരസ്കാരം ലഭിച്ചപ്പോള്‍ എന്തെന്നില്ലാത്ത സന്തോഷം. 

അന്ന് സ്വീകരിക്കപ്പെട്ടില്ല, ഇന്ന് പുരസ്കാരം

പുലരിപ്പൂ പോലെ ചിരിച്ചും എന്ന ഗാനം സിനിമയില്‍ വന്നിട്ടും അതു കാര്യമായി ശ്രദ്ധിക്കപ്പെട്ടിരുന്നില്ല. ഈ ഒരൊറ്റ പാട്ടോടെ എന്റെ കരിയര്‍ തെളിയുമെന്നൊക്കെ പലരും പറഞ്ഞിരുന്നു. പക്ഷേ, അങ്ങനെ ഒന്നും നടന്നില്ല. പിന്നെ, സിത്താര മകള്‍ക്കൊപ്പം ഈ പാട്ട് വെറുതെ ഒരു രസത്തിന് പാടിയ വിഡിയോ ഏറെ ശ്രദ്ധിക്കപ്പെട്ടു. എങ്കിലും പ്രതീക്ഷിച്ച പോലെ ആളുകള്‍ ഈ പാട്ട് സ്വീകരിച്ചില്ലെന്നു തോന്നിയിരുന്നു. നാട്ടിലെ പലരുടെയും സ്റ്റാറ്റസുകളില്‍ ഈ പാട്ട് കാണാറുണ്ട്. പക്ഷേ, അവര്‍ക്കൊന്നും ഞാനാണ് ഇത് എഴുതിയതെന്ന് അറിയില്ലായിരുന്നു. ആ സങ്കടമെല്ലാം ഈ പുരസ്കാരത്തോടെ മാറി കിട്ടി. പുരസ്കാരം കിട്ടിയെന്ന് അറിഞ്ഞപ്പോള്‍ ചേട്ടന്‍ എന്നെ കെട്ടിപ്പിടിച്ചു കുറെ നേരം അങ്ങനെ നിന്നു. ഞങ്ങളുടെ അച്ഛന്‍ നേരത്തെ മരിച്ചു പോയിരുന്നു. ചേട്ടനാണ് അച്ഛന്റെ സ്ഥാനത്തു നിന്ന് എന്നെ വളര്‍ത്തിയത്. എനിക്ക് ലഭിച്ച അവാര്‍ഡ് അദ്ദേഹത്തിന് കിട്ടിയ അവാര്‍ഡ് പോലെയാണ്. കലഞ്ഞൂര്‍ ഹയര്‍ സെക്കണ്ടറി സ്കൂളില്‍ മലയാളം അധ്യാപകനാണ് അദ്ദേഹം. പേര് ഡോ. വിജേഷ് പെരുകുളം. എനിക്ക് രണ്ടു പെണ്‍മക്കളാണ്- ഋതു നിലാ, ദല നീഹാര. രണ്ടു പേരും ഒരു സീരിയലില്‍ അഭിനയിക്കുന്നുണ്ട്. അനീഷ് രവിയുടെ മക്കളുടെ വേഷമാണ് ചെയ്യുന്നത്. 

പെരുംകുളത്തിന്റെ കവി

നാട് പെരുംകുളമാണ്. കൊട്ടാരക്കരയ്ക്ക് അടുത്താണ് ഞങ്ങളുടെ ഗ്രാമം.   കേരളത്തിലെ ആദ്യത്തെ പുസ്തകഗ്രാമമാണ് ഇത്. രാജ്യത്തെ രണ്ടാമത്തേതും. രണ്ടു മാസം മുന്‍പ് എം.ടി വാസുദേവന്‍ സര്‍ ആണ് ആ പ്രഖ്യാപനം നടത്തിയത്. നല്ല ആക്ടീവ് ആയ നാടാണ്. നാട്ടില്‍ മുഴുവന്‍ പുസ്തക്കൂടുകളുണ്ട്. അങ്ങനെയൊരു ഭാഗ്യമുണ്ടായി. തമാശയായി പറഞ്ഞാല്‍, സത്യന്‍ അന്തിക്കാടിന്റെ സിനിമ പോലൊരു നാട്. അവര്‍ക്ക് സമൂഹമാധ്യമങ്ങളില്‍ വലിയ താല്‍പര്യമൊന്നുമില്ല. കൂടുതലും പത്രവായനയൊക്കെയാണ്. പത്രത്തില്‍ എന്റെ പുരസ്കാര വിവരം അറിഞ്ഞപ്പോള്‍ എല്ലാവര്‍ക്കും സന്താഷമായി. മലനാടന്‍ റെട്രോ. കേശു ഈ വീടിന്റെ നാഥന്‍ എന്നീ ചിത്രങ്ങളാണ് ഇനി വരാനുള്ളത്.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN INTERVIEWS
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.