ADVERTISEMENT

സംവിധായകൻ ഷാനവാസ് നരണിപ്പുഴയുടെ അപ്രതീക്ഷിത വിയോഗത്തിന്റെ ഞെട്ടലിലാണ് മലയാള ചലച്ചിത്രലോകം. കോയമ്പത്തൂരിലെ ആശുപത്രിയിൽ അതീവഗുരുതരാവസ്ഥയിൽ കഴിഞ്ഞിരുന്ന അദ്ദേഹം ജീവിതത്തിലേക്ക് തിരികെ എത്തുമെന്ന പ്രതീക്ഷയിൽ അവസാന നിമിഷം വരെ പ്രാർത്ഥനയോടെ പ്രിയപ്പെട്ടവരും സുഹൃത്തുക്കളും കാത്തിരുന്നു. ആ പ്രാർത്ഥനകൾ വിഫലമായി. അത്തറിന്റെ മണം പരക്കുന്ന മറ്റൊരു ദുനിയാവിലേക്ക് പ്രിയപ്പെട്ട ചലച്ചിത്രകാരൻ യാത്രയായി. പ്രിയ സുഹൃത്തിന്റെ ഓർമകളുമായി കവിയും ഗാനരചയിതാവുമായ ബി.കെ ഹരിനാരായണൻ മനോരമ ഓൺലൈനിൽ. 

തൊട്ടടുത്ത നാട്ടുകാരൻ

പാട്ടെഴുത്തുമായി ബന്ധപ്പെട്ടാണ് എനിക്ക് ഷാനവാസിനെ പരിചയം. പറഞ്ഞു വരുമ്പോൾ അദ്ദേഹം എന്റെ അടുത്ത നാട്ടുകാരനാണ്. അദ്ദേഹം ചങ്ങരംകുളവും ഞാൻ പെരിമ്പിലാവും. ഷാനവാസിന്റെ ജീവിതവും അദ്ദേഹത്തെ സിനിമകളും ഞാൻ കൂടുതലായി അറിഞ്ഞത് സുഹൃത്ത് സുദീപ് പലനാട് വഴിയാണ്. സുദീപുമായി ദീർഘകാലത്തെ സൗഹൃദമുണ്ടായിരുന്നു ഷാനവാസിന്. പ്രതിഭയുള്ള എഴുത്തുകാരൻ കൂടിയായിരുന്നു അദ്ദേഹം. സൂഫിയും സുജാതയും അസലായി എഴുതപ്പെട്ട സ്ക്രിപ്റ്റ് ആയിരുന്നു. 

സൗഹൃദം ആ പാട്ടിലൂടെ

സൂഫിയും സുജാതയും എന്ന സിനിമയിലെ പാട്ടിനു വേണ്ടിയാണ് ഷാനവാസ് ആദ്യമായി എന്നെ വിളിക്കുന്നത്. എം.ജെ സർ വിളിച്ചതിനുശേഷമായിരുന്നു ഷാനവാസിന്റെ ആ കോൾ. സ്ക്രിപ്റ്റ് അയച്ചു തരാമെന്ന് പറഞ്ഞു. അങ്ങനെയാണ് ഞാൻ സ്ക്രിപ്റ്റ് വായിക്കുന്നത്. പിന്നീട് 'വാതിക്കല് വെള്ളരിപ്രാവ്' സംഭവിച്ചു. ആ പാട്ട് കേൾക്കാനായി എത്തിയപ്പോഴാണ് ഞാൻ ഷാനവാസിനെ ആദ്യമായി നേരിൽ കാണുന്നത്. അതിനുമുൻപെ ഫോണിൽ ഒരുപാട് സംസാരിച്ചിട്ടുണ്ട്. ഷാനവാസ് എഴുതി വച്ച സ്ഥലത്തു നിന്നാണ് ആ പാട്ടിലെ വരികൾ ഞാൻ എടുത്തതെന്ന് പറഞ്ഞു. പിന്നീട് അവിചാരിതമായി അദ്ദേഹത്തെ കണ്ടത് ആ ചിത്രത്തിന്റെ സെറ്റിൽ വച്ചാണ്. കോഴിക്കോടുള്ള ഒരു സുഹൃത്തിന്റെ കൂടെ ലൊക്കേഷനിൽ എത്തിയതായിരുന്നു. ഈ സിനിമയുടെ ലൊക്കേഷൻ ആണെന്ന് അറി‍ഞ്ഞ് പോയതായിരുന്നില്ല. ഷൂട്ടിന്റെ ഇടയിൽ പെട്ടെന്ന് എന്നെ കണ്ടപ്പോൾ ഷാനവാസ് സന്തോഷത്തോടെ വന്നു സംസാരിച്ചു. നമ്മുടെ പാട്ട് ചിത്രീകരിച്ചെന്നൊക്കെ വളരെ സന്തോഷത്തോടെ പറഞ്ഞു. 

കൂടുതൽ സംസാരിച്ചത് ഫോണിൽ

മനോരമ ഓൺലൈനിൽ വാതിക്കല്‍ വെള്ളരിപ്രാവ് എന്ന പാട്ടിനെക്കുറിച്ച് എന്റെ അഭിമുഖം വന്നപ്പോൾ അതു കണ്ടിട്ട് ഷാനവാസ് എന്നെ വിളിച്ചു. അതിൽ, ആ പാട്ടിന്റെ വരികൾക്ക് ഞാൻ കടപ്പെട്ടിരിക്കുന്നത് ഷാനവാസിനോടാണെന്ന് പറഞ്ഞിരുന്നു. നേരിൽ രണ്ടു തവണയേ കണ്ടിട്ടുള്ളൂവെങ്കിലും ഫോണിൽ ധാരാളം സംസാരിച്ചിട്ടുണ്ട്. ആ സിനിമയിൽ തന്നെ സുദീപ് പലനാട് ഈണം നൽകിയ പാട്ടിന് വരികളെഴുതുമ്പോഴും ഫോണിൽ ഒരുപാട് സംസാരിച്ചിരുന്നു. ഇതിന്റെ ഇടയിലൊരിക്കൽ വിളിച്ചപ്പോൾ ഒരു പുതിയ സിനിമയുടെ വർക്കുകളുമായി അട്ടപ്പാടിയിലാണ് എന്നു പറഞ്ഞു. പിന്നീട് അറിയുന്നത് ദുഃഖകരമായ വാർത്തയാണ്. ചില വിയോഗങ്ങൾ അത്രമേൽ നമ്മളെ ഉലച്ചു കളയില്ലേ... ഒടുവിൽ കുറിക്കാൻ ഇത്രമാത്രം....

പടിവാതിലോളം അഴൽ

പടരുന്നനേരം

ചരടൂർന്നു പോയീടും

ജപമാലയായ്.....   

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com