ADVERTISEMENT

ഷിബു ചക്രവര്‍ത്തി – അനേകമനേകം ഹിറ്റുഗാനങ്ങളിലൂടെ മലയാളിയുടെ മനസ്സിലേയ്ക്കു കസേര വലിച്ചിട്ടിരുന്ന ഗാനചക്രവര്‍ത്തി. മദ്രാസിലെ സ്റ്റുഡിയോയിൽ ഗാനഗന്ധർവൻ സാക്ഷാൽ യേശുദാസിന്റെ മുന്നിൽ പടിഞ്ഞിരുന്ന് ലജ്ജയില്ലാതെ കരഞ്ഞ ഒരോർമയുണ്ട് അദ്ദേഹത്തിന്, ഒരു ആലാപനം കേട്ടു നിറഞ്ഞ ഹൃദയവും തുളുമ്പുന്ന കണ്ണുകളുമായി കരഞ്ഞതിന്റെ. പാട്ടുകാരൻ പോലും മറന്നുപോയിരിക്കാവുന്ന ആ ആലാപനത്തെക്കുറിച്ച് ഇടറുന്ന തൊണ്ടയോടെ അദ്ദേഹം പറയും – ‘അതിനപ്പുറം സുന്ദരമായതൊന്ന് എന്റെ ജീവിതത്തിൽ ഇന്നേവരെ കേട്ടില്ല, കാലം കടന്നുപോകേ തോന്നുന്നു, ഇനിയൊട്ട് ഉണ്ടാകുകയുമില്ലെന്ന്.’

കാൽ നൂറ്റാണ്ടിന്റെ പഴക്കമുണ്ട് ഉള്ളില്‍ ഇന്നും മധുരം പൊഴിക്കുന്ന ആ ആലാപനത്തിന്റെ ഓർമയ്ക്ക്. എന്നാൽ ഗായകന്‍ പാടി നിറഞ്ഞപ്പോൾ ഹൃദയത്തിലെ മഴമേഘങ്ങളൊക്കെയും പെയ്തു തോര്‍ന്ന ആ ദിവസം ഇന്നലെയെന്ന പോലെ നിറവാര്‍ന്നു നില്‍ക്കുന്നു അദ്ദേഹത്തിന്റെ മനസ്സില്‍. ‘ഒരു പാട്ട് കേട്ട് നിയന്ത്രിക്കാനാവാതെ കരയുക, ചുറ്റും നോക്കുമ്പോൾ പ്രതിഭാധനന്മാരായ പക്കമേളക്കാരും സംവിധായകൻ ജോഷി, സംഗീതജ്ഞൻ ഔസേപ്പച്ചൻ തുടങ്ങിയ മഹാമേരുക്കളുമൊക്കെ ആ പാട്ടിലലിഞ്ഞു കണ്ണീര്‍ വാര്‍ക്കുന്നു.... എന്തൊരു ദിവസമായിരുന്നു അത്?’ കേട്ടതിലേറ്റം മനോഹരമായ പാട്ട് ഏതെന്ന ചോദ്യത്തിന്  അവിശ്വസനീയമായ ഒരു പാട്ടോർമ്മയാണ് ഷിബു ചക്രവർത്തി പങ്കുവച്ചത്.

1995ലാണ് സംഭവം. സംവിധായകന്‍ ജോഷിക്കു ലളിതാംബിക അന്തര്‍ജനത്തിന്റെ മകനും നോവലിസ്റ്റുമായ എന്‍. മോഹനന്‍ ‘അന്ന’ എന്ന കഥ തിരക്കഥാരൂപത്തില്‍ കൈമാറുന്നു. വളരെ വിശദമായ ആ തിരക്കഥ ഒന്നു ചുരുക്കാനും പാട്ടുകളെഴുതാനും ജോഷി അതു ഷിബു ചക്രവര്‍ത്തിയെ ഏല്‍പ്പിക്കുന്നു. അങ്ങനെ ഷിബു ചക്രവര്‍ത്തി സ്‌ക്രിപ്റ്റിന്റെ വലിയ കെട്ടഴിച്ചു വായന തുടങ്ങുന്നു. അന്ന ചിന്തിക്കുന്നതും പുഞ്ചിരിക്കുന്നതും ഉള്‍പ്പടെ വിശദമായാണു സ്‌ക്രിപ്റ്റ്. ഒരു നോവലു വായിക്കുന്നതു പോലെ വായിച്ചു തീര്‍ത്ത്, ജോഷിയോട് അദ്ദേഹം പറഞ്ഞു.

‘‘സമുദ്രം പോലെയാണ് വറ്റിച്ചെടുത്താല്‍ മുത്ത് കിട്ടും.’’

Shibu-Chakravarthy-ouseppachan

‘‘നിനക്ക് വറ്റിക്കാമെങ്കില്‍ വറ്റിച്ചോളൂ’’ എന്ന് ജോഷി. അങ്ങനെ അദ്ദേഹം തിരക്കഥ 80 പേജാക്കി ചുരുക്കി. ഔസേപ്പച്ചനാണ് സംഗീതം. അരവിന്ദ് സ്വാമി, മീന എന്നിവരെ പ്രധാന കഥാപാത്രങ്ങളായി നിശ്ചയിച്ചു. നായകന്റെ അമ്മാവനായ പരമേശ്വരന്‍ എന്ന കഥാപാത്രമായി നെടുമുടി വേണുവും.

നായകനായ അരവിന്ദ് സ്വാമിയുടെ കഥാപാത്രം സബ്കലക്ടറായിരിക്കേയാണ് അന്ന എന്ന യുവതിയുമായി അടുക്കുന്നത്. സുന്ദരിയായ അന്നയ്ക്കു സംഗീത വാസനയുമുണ്ട്. പള്ളി പശ്ചാത്തലത്തിലാണ് അവളുടെ സംഗീത വിദ്യാഭ്യാസം. ക്രിസ്ത്യന്‍ സംഗീതമാണ് അവള്‍ പഠിച്ചിട്ടുള്ളത്. അവളുടെ പ്രതിഭ കണ്ടു നായകന്റെ അമ്മാവനായ പരമേശ്വരന്‍ അവളെ കര്‍ണാടക സംഗീതം പഠിപ്പിക്കുന്നു. നായകനു ഫോറിന്‍ സര്‍വ്വീസിലേക്കു മാറ്റമായി ലണ്ടനിലേക്കു പോവുമ്പോള്‍ അന്നയുടെ കാര്യങ്ങള്‍ ശ്രദ്ധിക്കണമെന്ന് അമ്മാവനെ പറഞ്ഞേല്‍പ്പിക്കുന്നു.

പരമേശ്വരേട്ടന്‍ എന്ന് അന്ന വിളിക്കുന്ന ആ കഥാപാത്രം അന്നയ്ക്കു സ്‌നേഹിക്കുന്നയാളുടെ ബന്ധു മാത്രമല്ല, സംഗീതം പഠിപ്പിച്ച ഗുരു കൂടിയാണ്. വലിയ സ്‌നേഹബന്ധവും അവര്‍ക്കിടയിലുണ്ട്. നായകന്റെ യാത്രക്കു ശേഷം രണ്ടുപേരെക്കുറിച്ചും അന്നയ്ക്കു വിവരമൊന്നും ലഭിക്കുന്നില്ല. കുറെക്കാലത്തിനു ശേഷം പരമേശ്വരേട്ടന്‍ കോഴിക്കോട്ട് ഉണ്ടെന്നറിഞ്ഞ് അന്ന‍ കാണാനെത്തുന്നു. എന്നാല്‍ അദ്ദേഹം തീര്‍ത്തും അവശനായി ആശുപത്രിയിലാണ്. നായകന്റെ ലണ്ടന്‍ യാത്രക്കു ശേഷം ശരീരം തളര്‍ന്നു സംസാരിക്കാന്‍ പറ്റാത്തവിധം രോഗാവസ്ഥയിലാണ് അയാള്‍.

ആശുപത്രിയിലെ നീണ്ട കോണിപ്പടികള്‍ കയറി അന്ന വരുമ്പോള്‍ പരമേശ്വരന്‍ അവളെ പഠിപ്പിച്ച ഒരു കീര്‍ത്തനം ഉപയോഗിക്കണം. ത്യാഗരാജ കീര്‍ത്തനമായ തുളസീദളമുല എന്നു തുടങ്ങുന്ന കീര്‍ത്തനം ഉപയോഗിക്കാന്‍ ഷിബു ചക്രവര്‍ത്തിയും ഔസേപ്പച്ചനും തീരുമാനിച്ചു. ഇക്കാര്യം യേശുദാസിനോടു പറഞ്ഞപ്പോള്‍ അദ്ദേഹം പറഞ്ഞു, ‘‘എടാ, ഈ സന്ദര്‍ഭത്തില്‍ അതിനേക്കാൾ ചേരുന്നത് അദ്ദേഹത്തിന്റെ മോക്ഷമു ഗലത ആണ്. നിങ്ങളത് കേട്ടിട്ടില്ലേ?’’ കേട്ടിട്ടുണ്ടെങ്കിലും ഇരുവർക്കും അത്ര ഓര്‍മ്മയില്ല.

anna-poster

ബാക്കി ഷിബു ചക്രവർത്തിയുടെ തന്നെ വാക്കുകളിൽ, ‘‘ദാസേട്ടന്‍ വേഗം പക്കമേളക്കാരെ വിളിച്ചു റെക്കോര്‍ഡിങ് സ്റ്റുഡിയോയുടെ തറയില്‍ ചമ്രം പടിഞ്ഞിരുന്നു. പതിയെ മോക്ഷമു ഗലത പാടാന്‍ തുടങ്ങി. ആ വട്ടത്തിന് ചുറ്റുമായി ജോഷി, ഔസേപ്പച്ചൻ, ഞാന്‍‍ അങ്ങനെ കുറച്ചു പേര്‍ ഇരിക്കുകയും ആരൊക്കെയോ നില്‍ക്കുകയും ഒക്കെ ചെയ്യുന്നുണ്ട്. പല്ലവി പാടി ചരണത്തിലെത്തുമ്പോഴേക്കും തംബുരു മീട്ടിയിരുന്നയാള്‍ നിറഞ്ഞൊഴുകുന്ന കണ്ണുകള്‍ ആരും കാണാതിരിക്കാനായി ഇട്ടിരുന്ന ഷര്‍ട്ടിന്റെ കൈത്തണ്ടയിലങ്ങനെ തുടയ്ക്കുന്നു. കവിളിൽ ചാലിട്ടൊഴുകുന്ന കണ്ണീർ തുടയ്ക്കാനുള്ള അദ്ദേഹത്തിന്റ പാഴ്ശ്രമം കണ്ണീരിനിടയിലൂടെയാണ് ഞാനും കാണുന്നത്. വല്ലാത്തൊരു അവസ്ഥ ... എല്ലാവരും വിങ്ങിപ്പൊട്ടി നില്‍ക്കുകയാണ്. ഏറ്റവും വൈകാരികമായി ഒരു പാട്ടിനെ അറിയുകയാണ്. ജീവിതത്തിലെ ഏറ്റവും മനോഹരമായ ആലാപനത്തിലൂടെ, ഗാനാനുഭവത്തിലൂടെ കടന്നു പോകുകയാണെന്നു മനസ്സ് പറയുന്നുണ്ട്. നിറഞ്ഞ കണ്ണുകളോടെ ഞാന്‍ ജോഷിയെ നോക്കുമ്പോള്‍ ആ കണ്ണുകളും നിറഞ്ഞൊഴുകുകയാണ്. കരച്ചില്‍ തടയാനാകാതെ ജോഷി റെക്കോര്‍ഡിങ് റൂമിനു പുറത്തേക്കു പോയി. ആലാപനം അവസാനിപ്പിച്ച്  ‘ഇതു പോരേ’ എന്നു ദാസേട്ടന്‍ ചോദിക്കുമ്പോള്‍ ഒരു വാക്ക്  മിണ്ടാനാവുമായിരുന്നില്ല എനിക്കും ഔസേപ്പച്ചനും. 

‘‘ആ കീർത്തനം സിനിമയ്ക്കായി ദാസേട്ടന്‍ വീണ്ടും പാടി. എന്നാല്‍ ആദ്യം കേട്ട ആ ആലാപനത്തിന്റെ ഭംഗി പിന്നെയുണ്ടായില്ല. പാട്ട് നന്നാവാതെയല്ല, ആദ്യം കേട്ട ആലാപനം അത്രക്കും മനോഹരമായിരുന്നു. ആ പാട്ട് ഇനിയും കേള്‍ക്കുമായിരിക്കാം. പക്ഷേ അന്നു കേട്ട ആ മോക്ഷമു ഗലത ഇനി കേള്‍ക്കാനാകുമെന്ന പ്രതീക്ഷയില്ല. അതാകട്ടെ റെക്കോര്‍ഡ് ചെയ്യപ്പെട്ടുമില്ല. ഞങ്ങള്‍ കുറച്ചു പേരുടെ ഹൃദയത്തില്‍ മാത്രം ആ പാട്ട് എന്നുമുണ്ട്. ഒരിക്കലും മറക്കാനാവാത്ത അനുഭവമായി '' ഇതു പറയുമ്പോൾ ഷിബു ചക്രവർത്തിയ്ക്ക് ഇപ്പോഴും സ്വരമിടറുന്നു.

ഷിബു ചക്രവർത്തിയുടെതന്നെ മനോഹരമായ കുറെ പാട്ടുകളും ഉൾപ്പെടുത്തിയ ആ സിനിമ പക്ഷേ യാഥാർഥ്യമായില്ല. ഏറെ ഹിറ്റായ ‘യവന കഥയില്‍ നിന്നു വന്ന ഇടയകന്യകേ..’, ‘അരയാലിലകളില്‍ അഷ്ടപദി’ എന്നിവ ഉള്‍പ്പടെ ഒമ്പതു പാട്ടുകള്‍ സിനിമയ്ക്കായി റെക്കോര്‍ഡ് ചെയ്യപ്പെട്ടു. സിനിമയ്ക്കു മുമ്പേ പുറത്തുവന്ന പാട്ടുകളൊക്കെയും പ്രേക്ഷകർ ഇരുകൈയും നീട്ടി സ്വീകരിക്കുകയും ചെയ്തു. തീരുമാനിച്ച സമയത്ത് അരവിന്ദ് സ്വാമിയുടെ ഡേറ്റ് കിട്ടാതിരുന്നതാണു സിനിമ മുടങ്ങാൻ കാരണമെന്നും ഷിബു ചക്രവർത്തി ഓർക്കുന്നു.

എത്രയോ സിനിമകൾക്കു തിരക്കഥയും അതിലേറെ സിനിമകൾക്കു ഗാനരചനയും നിർവഹിച്ച ഷിബു ചക്രവർത്തിക്കു പക്ഷേ നടക്കാതെ പോയ ‘അന്ന’ ഏറെ പ്രിയങ്കരിയായി. ജീവിതത്തിൽ ഇന്നോളം കേട്ട എല്ലാ സുന്ദര സംഗീതത്തിനും മുകളിൽ ജീവിതകാലം മുഴുവന്‍ സുഗന്ധം വീശുന്ന ഒരു പാട്ടോര്‍മ്മയെ സമ്മാനിച്ചുകൊണ്ട്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com