ഒഎൻവി പുരസ്കാരം തമിഴിന് ലഭിച്ച അംഗീകാരം; വിവാദങ്ങളോട് അവഗണന മാത്രം: വൈരമുത്തു

Vairamuthu
SHARE

ഒഎൻവി സാഹിത്യ പുരസ്കാരം തമിഴിനും തമിഴർക്കും മലയാളം നൽകിയ ആദരവെന്ന് കവിയും ഗാനരചയിതാവുമായ വൈരമുത്തു. ഒരു വ്യക്തിക്കല്ല തമിഴകത്തിനു നൽകിയ അംഗീകാരമായാണ് പുരസ്കാരത്തെ കാണുന്നത്. അതുമായി ബന്ധപ്പെട്ട വിവാദങ്ങൾ അലട്ടുന്നില്ല. നുണകളെ അവഗണിക്കുന്നതാണ് ഉചിതം. "പൊയ്യെ എതിർത്ത് റൊമ്പ പോരാട മുടിയാത്", മനോരമ ഓൺലൈന് അനുവദിച്ച പ്രത്യേക അഭിമുഖത്തിൽ വൈരമുത്തു പറഞ്ഞു. 

ഞാൻ മലയാളത്തിന്റെ ആരാധകൻ

എക്കാലവും മലയാള സാഹിത്യത്തിന്റെയും എഴുത്തുകാരുടെയും കടുത്ത ആരാധകനാണ് ഞാൻ. തമിഴർ ഏറെ സ്നേഹിക്കുന്ന ഒരു സംസ്ഥാനമാണ് കേരളം. ചെറുപ്പകാലത്ത് തകഴി ശിവശങ്കരപ്പിള്ളയുടെ വലിയൊരു വായനക്കാരനായിരുന്നു. എം.ടി വാസുദേവൻ നായർ, വള്ളത്തോൾ, കുമാരനാശാൻ എന്നിങ്ങനെ മലയാള സാഹിത്യത്തിലെ പ്രഗത്ഭരുടെ സാഹിത്യസൃഷ്ടികൾ തമിഴിൽ മൊഴിമാറ്റം ചെയ്തത് ഏറെ വായിച്ചിട്ടുണ്ട്. എനിക്ക് മലയാളം വായിക്കാൻ അറിയില്ല. പക്ഷേ, മൊഴിമാറ്റം നടത്തിയ കൃതികളിലൂടെ ആ എഴുത്തുകാരെ ബാല്യകാലത്തിൽ തന്നെ പരിചയപ്പെടാനും വായിക്കാനും കഴിഞ്ഞു. കേരളത്തോടും അതിന്റെ സാംസ്കാരിക പ്രബുദ്ധതയോടും എന്നും ആദരവാണ് ഉള്ളത്. അതുകൊണ്ട് ഈ പുരസ്കാരം വലിയൊരു അംഗീകാരമായാണ് ഞാൻ കാണുന്നത്. ഞാൻ എന്ന വ്യക്തിക്കു മാത്രമല്ല, തമിഴകത്തിനു കൂടി നൽകപ്പെട്ട അംഗീകാരമായാണ് ഈ പുരസ്കാരത്തെ കാണുന്നത്. കേരളത്തിൽ നിന്ന് ഒൻഎൻവി സാഹിത്യ പുരസ്കാരം നൽകപ്പെട്ടതിൽ തമിഴർ ഏറെ സന്തോഷത്തിലാണ്. തമിഴകം എന്നും മലയാള സാഹിത്യത്തെ ഏറെ ആദരവോടെയാണ് വീക്ഷിച്ചിട്ടുള്ളത്. 

സംഗീതത്തിലെ മലയാളിക്കൂട്ട്

യേശുദാസിനെപ്പോലെയുള്ള ഇതിഹാസ ഗായകരുടെ ആരാധകനാണ് ഞാൻ. കെ.എസ് ചിത്ര തമിഴിൽ ആദ്യമായി പാടിയ ഗാനം എഴുതിയത് ഞാനായിരുന്നു. പൂജൈക്കേട്ട പൂവിത് എന്ന പാട്ട്! സാഹിത്യമാണെങ്കിലും സിനിമയാണെങ്കിലും തമിഴകം മലയാളവുമായി ഏറെ ബന്ധപ്പെട്ടു കിടക്കുന്ന ഒന്നാണ്. എം.ടി വാസുദേവൻ നായർ എഴുതിയ 'അടിയൊഴുക്കുകൾ' തമിഴിൽ 'വണ്ണക്കനവുകൾ' എന്ന ചിത്രമായി എടുത്തപ്പോൾ അതിനു വേണ്ടി തിരക്കഥ എഴുതിയത് ഞാനായിരുന്നു. മമ്മൂട്ടിയായിരുന്നു അടിയൊഴുക്കുകളിലെ നായകൻ. തമിഴിൽ ആ വേഷം ചെയ്തത് കാർത്തിക് ആയിരുന്നു. ഒരുപാടു മലയാളി സംഗീത സംവിധായകർക്കു വേണ്ടി ഞാൻ പാട്ടെഴുതിയിട്ടുണ്ട്. സംഗീത രാജൻ (എസ്.പി വെങ്കിടേഷ്), ജെറി അമൽദേവ്, ശ്യാം.... അതിൽ ശ്യാം ഏറെ പ്രിയപ്പെട്ട മ്യൂസിക് ഡയറക്ടർ ആണ്. 

ഒഎൻവിയുടെ എഴുത്തിലെ മാജിക്

മലയാളം പാട്ടുകൾ കേൾക്കാറുണ്ട്. പഴയ സിനിമാപ്പാട്ടുകളാണ് കൂടുതലും കേൾക്കുന്നത്. ചെമ്മീനിലെ പാട്ടുകൾ കേൾക്കാറുണ്ട്. സലിൽ ചൗധരിയുടെ പാട്ടുകൾ ഏറെ ഇഷ്ടമാണ്. ഭാസ്കരൻ മാഷുടെ നീലക്കുയിൽ, വയലാറിന്റെ പാട്ടുകൾ, ഒൻഎൻവി കുറുപ്പിന്റെ പാട്ടുകൾ... അങ്ങനെ ഇഷ്ടമുള്ള ഏറെ പാട്ടുകളുണ്ട്. ഒഎൻവി കുറുപ്പിനെ പ്രത്യേകമായി ഇഷ്ടപ്പെടാൻ കാരണമുണ്ട്. അദ്ദേഹം കവിതയും പാട്ടും തമ്മിലുള്ള അകലം ഇല്ലാതാക്കി. ഒൻഎൻവി എഴുതിയ പാട്ടുകളൊക്കെയും കവിതകളായിരുന്നു. അതായിരുന്നു അദ്ദേഹത്തിന്റെ മാജിക്. അടിസ്ഥാനപരമായി അദ്ദേഹം ഒരു കവിയായിരുന്നല്ലോ! ഉജ്ജയിനി, സ്വയംവരം തുടങ്ങിയവയൊക്കെ ഒൻഎൻവിയുടെ മികച്ച കൃതികളാണ്. കവിതയുടെ ആത്മാവിനെ പാട്ടിലേക്ക് ആവാഹിക്കുന്നതിൽ അദ്ദേഹത്തിന് സവിശേഷമായൊരു കഴിവുണ്ടായിരുന്നു.

കേരളത്തിലെ 'തമിഴ് രസികർ'

തമിഴും മലയാളവും സഹോദരിമാരാണ്. ദ്രാവിഡ ഭാഷകളിൽ തമിഴുമായി ഏറെ അടുത്തു നിൽക്കുന്നത് മലയാളമാണ്. മലയാളികൾ നന്നായി തമിഴ് പറയും. എന്നാൽ തമിഴർ അത്ര നന്നായി മലയാളം സംസാരിക്കുന്നത് കുറവാണ്. തമിഴ് സിനിമയ്ക്കും ഗാനങ്ങൾക്കും കേരളത്തിൽ ഒരുപാടു ആരാധകരുണ്ട്. എനിക്കു തോന്നുന്നു നടൻ വിജയ്ക്ക് തമിഴ്നാട്ടിലുള്ളതിനേക്കാൾ ആരാധകരുള്ളത് കേരളത്തിലാണെന്ന്! അത്രയധികം തമിഴ് സിനിമകൾ ഇഷ്ടപ്പെടുകയും പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്നവരാണ് മലയാളികൾ. മലയാള സിനിമയെ ഇഷ്ടപ്പെടുന്നതു പോലെ തന്നെ മലയാളികൾ തമിഴ് സിനിമ കാണുകയും അംഗീകരിക്കുകയും ചെയ്യാറുണ്ട്. 

ആ ആനന്ദം മിസ് ചെയ്യുന്നു

ലോക്ഡൗണിൽ നാട്പടു തേറൽ എന്നൊരു മ്യൂസിക് പ്രൊജക്ടിന്റെ പണികളിലാണ്. ഈ പ്രൊജക്ടിന്റെ ഭാഗമായി മഹാമാരിയുടെ ഈ കാലത്ത് 100 പാട്ടുകൾ ഒരുക്കുകയാണ്. 100 സംഗീതസംവിധായകർ, 100 ഗായകർ, 100 സംവിധായകർ, ഒരു ഗാനരചയിതാവ്! ഇതാണ് ആ പ്രൊജക്ട്. ഇതിനകം ഏഴു പാട്ടുകൾ ഈ സീരിസിൽ പുറത്തിറങ്ങി. അതിൽ 'എൻ കാതലാ' എന്ന പാട്ടിൽ അഭിനയിച്ചിരിക്കുന്നത് മലയാളിയായ അനിഖയാണ്. തമിഴിൽ ഏറെ ആരാധകരുള്ള ഒരു താരമാണ് അനിഖ. പാട്ടുളുടെ കംപോസിങ് എല്ലാം ഇപ്പോൾ ഓൺലൈനാണ്. റെക്കോർഡിങ്ങും ഓൺലൈനായിട്ടാണ് നടക്കുന്നത്. ആരെയും പരസ്പരം കാണുന്നില്ല. ഫോണിലൂടെയാണ് ചർച്ചകളും സംസാരങ്ങളും. ഈ മഹാമാരിക്കാലത്തെ നിർദേശങ്ങളും നിബന്ധനകളും പാലിക്കണമല്ലോ! എങ്കിലും എല്ലാവരെയും നേരിൽ കണ്ടും സംസാരിച്ചും തമാശ പറഞ്ഞു പൊട്ടിച്ചിരിച്ചും ചെയ്യുന്ന ആ റെക്കോർഡിങ്ങുകൾ മിസ് ചെയ്യാറുണ്ട്. റെക്കോർഡിങ് തിയറ്ററിൽ പോയി ചെയ്യുന്നത് ഒരു സന്തോഷമാണ്. അതൊരു ആഘോഷമാണ്. ആ ആനന്ദം ഏറെ മിസ് ചെയ്യുന്നു.

വിവാദങ്ങളിൽ ആശങ്കയില്ല

വിവാദങ്ങൾ എന്നെ അലട്ടുന്നില്ല. ഒരു കാര്യം പറയാം. നുണകൾ കണ്ടാൽ ഞാൻ മാറി നടക്കും. നുണകളോട് ഏറെ പോരടിക്കാൻ കഴിയില്ല. നുണകൾ അധികമായി വരുമ്പോൾ അതു അവഗണിക്കുന്നതാണ് ഉചിതം. നുണകളെ അവഗണിച്ച് ഞാനെന്റെ ജോലികളിൽ ശ്രദ്ധിക്കുന്നു. അത്തരം കാര്യങ്ങൾ ശ്രദ്ധിക്കാറില്ല. അതൊരു ആവശ്യമായി തോന്നിയിട്ടില്ല. എനിക്ക് വേറെ നിരവധി ജോലികളുണ്ട്.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN INTERVIEWS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

എന്നെ വിമർശിച്ചോളൂ, എന്തിനു വീട്ടുകാരെ പറയണം? | Anusree | Manorama Online

MORE VIDEOS
FROM ONMANORAMA