‘മാറ്റി നിർത്തപ്പെട്ടതില്‍ കോംപ്ലക്സ് ഇല്ല, സമീപിക്കുന്നവർക്കു പാട്ടെഴുതിക്കൊടുക്കും’; നിലപാടിൽ വ്യക്തത വരുത്തി കൈതപ്രം

kaithapram-exclusive
SHARE

‘പാട്ടിനെക്കുറിച്ചു മാത്രമേ എനിക്കു വിചാരമുള്ളു, അന്നും ഇന്നും എന്നും ഞാൻ ജീവിക്കുന്നതും പാട്ടിൽത്തന്നെ’ സംത‍ൃപ്തിയോടെയുള്ള കൈതപ്രത്തിന്റെ ഈ വാക്കുകളിൽ ആത്മവിശ്വാസവും തെല്ലു കുറവല്ല. ദേവാങ്കണങ്ങളും ഗോപികാവസന്തവും രാജഹംസവുമെല്ലാം നാം മനസ്സോടു ചേർത്തു വച്ചത് കൈതപ്രം ദാമോദരൻ നമ്പൂതിരി എന്ന അതികായന്റെ എഴുത്തഴകു കൊണ്ടു കൂടിയാണ്. ദു:ഖത്തെക്കുറിച്ചെഴുതുമ്പോഴും മൃദുവായ വാക്കുകളുപയോഗിക്കുന്ന കവിഹൃദയത്തിനുദാഹരണമാണ് കണ്ണീര്‍ പൂവിന്റെ കവിളിൽ തലോടിയ തൂലികത്തുമ്പ്. ഇനിയും ഏറെ എഴുതാനുണ്ട് ആ കൈകൾക്ക്. പക്ഷേ ഇടയ്ക്കു വച്ചെപ്പോഴോ മലയാള സിനിമ കൈതപ്രം എന്ന എഴുത്തുകാരനെ മറന്നു. പക്ഷാഘാതത്തെത്തുടർന്ന് ദീർഘകാലം ചികിത്സയിൽക്കഴിഞ്ഞ അദ്ദേഹം മടങ്ങിയെത്തിയെങ്കിലും സിനിമയിലേക്കു സജീവമാകാൻ അവസരം ലഭിച്ചില്ല. വാർധക്യത്തിലെത്തിയപ്പോൾ, തന്നെ സിനിമാക്കാർക്കു വേണ്ടാതായി എന്നും അവർ കരുതും പോലെ താൻ അവശനല്ല എന്നും അദ്ദേഹം അടുത്തിടെ പാലക്കാട് നടന്ന പൊതു പരിപാടിയിൽ പറയുകയുണ്ടായി. തികച്ചും നിരാശയിൽ നിന്നുത്ഭവിച്ച വാക്കുകൾ! സമകാലികർ പോലും സിനിമയിലേക്കു വിളിക്കുന്നില്ല എന്നു പറയുന്ന കൈതപ്രം, പുതുതലമുറ തന്നിൽ വിശ്വസിക്കുന്നു എന്നു കൂടി പറഞ്ഞു വയ്ക്കുന്നു. മനോരമ ഓൺലൈനിന് അനുവദിച്ച പ്രത്യേക അഭിമുഖത്തിൽ കൈതപ്രം ദാമോദരൻ നമ്പൂതിരി മനസ്സ് തുറന്നത് ഇങ്ങനെ:

സിനിമാക്കാർക്കു താങ്കളെ വേണ്ടാതായി എന്ന് അടുത്തിടെ പൊതുപരിപാടിയിൽ പറഞ്ഞിരുന്നു. എന്തെങ്കിലും തിക്താനുഭവങ്ങളുടെ പശ്ചാത്തലത്തിൽ ആയിരുന്നോ ആ തുറന്നു പറച്ചിൽ? 

അപ്പോഴത്തെ നിരാശയിലാണ് അക്കാര്യം പറഞ്ഞത്. അതിന് ഒരു കാരണവുമുണ്ട്. ഒരു വർഷം തന്നെ എന്റെ 25 ഓളം ചിത്രങ്ങൾ വരെ പുറത്തിറങ്ങിയ ഒരു കാലമുണ്ട്. പക്ഷേ ഇപ്പോൾ എനിക്കു സിനിമ ഇല്ല. എന്റെ സമകാലികരിൽ പലരും ഇപ്പോൾ ജീവിച്ചിരിപ്പില്ല. എന്റെ പഴയ ആളുകൾ പോലും ഇപ്പോൾ എന്നെ സിനിമയിലേക്കു വിളിക്കുന്നുമില്ല. എനിക്കു സുഖമില്ലാത്തതുകൊണ്ട് എഴുതാന്‍ കഴിയില്ല എന്നാണ് അവരുടെ വിചാരം. പക്ഷേ അവർ കരുതുന്നതു പോലെ ഞാൻ അവശനല്ല. ഇപ്പോൾ പുതു തലമുറയ്ക്ക് എന്നിൽ വിശ്വാസമുണ്ടായിത്തുടങ്ങി. പുതിയ ആളുകൾ എന്നെ പാട്ടെഴുതാൻ വിളിക്കാറുണ്ട്. വിനീത് ശ്രീനിവാസൻ, അൽഫോൻസ് പുത്രൻ തുടങ്ങിയവരൊക്കെ സിനിമയുമായി എന്നെ സമീപിക്കുന്നുണ്ട്. 

സിനിമയിലെ സമവാക്യങ്ങൾ മാറിക്കൊണ്ടിരിക്കുമല്ലോ? കൂട്ടുകെട്ടുകളുടെ ബലത്തിലാണോ സിനിമയും സംഗീതവും സൃഷ്ടിക്കപ്പെടുന്നത്?

അങ്ങനെ പറയുന്നതിൽ കഴമ്പില്ല. കാരണം, സിനിമയിലെ കൂട്ടുകെട്ടുകൾ വെറും വാണിജ്യ ആവശ്യത്തിനായി മാത്രം പറയുന്ന കാര്യമാണ്. ആർക്കും എന്റെ കൂടെ പ്രവർത്തിക്കാം. കൂട്ടുകെട്ടൊന്നും എനിക്കു പ്രശ്നമല്ല. ആരു സമീപിച്ചാലും ഞാൻ പാട്ടെഴുതിക്കൊടുക്കും. സിനിമയിൽ കൂട്ടുകെട്ട് അത്ര പ്രധാനപ്പെട്ടതൊന്നുമല്ല. നമുക്ക് മനസ്സ് കൊണ്ട് കൂട്ടുകൂടാൻ പറ്റിയാൽ മതി. പുതിയൊരാൾ വന്നാൽ അയാളുമായി മനസ്സ് കൊണ്ടു ചേരുക. അതാണ് പ്രധാനം. ഇപ്പോൾ രവിയേട്ടൻ (രവീന്ദ്രൻ മാഷ്) ആണെങ്കിൽ അല്ലെങ്കിൽ ജോൺസൺ (ജോൺസൺ മാഷ്) ആണെങ്കിൽ അവർക്കു മനസ്സിലാകും ഞാൻ ചെയ്യുന്നത് എന്താണെന്ന്. അവർ ചെയ്യുന്നത് എനിക്കും മനസ്സിലാകും. അത്തരം കൂട്ടുകെട്ടുകൾ ഉണ്ടാകുമ്പോൾ അതിലേയ്ക്കു പെട്ടെന്ന് ഇഴുകിച്ചേർന്നു പ്രവർത്തിക്കാൻ സാധിക്കുമെന്നതു ശരി തന്നെ. പക്ഷേ അത്തരം ബന്ധങ്ങൾക്കു പ്രാധാന്യം കുറവാണ്. 

പുതു തലമുറ സിനിമാമേഖലയിൽ ചുവടുറപ്പിച്ചു കഴിഞ്ഞു. അവരുടെ വരവോടെയാണോ മാറ്റി നിർത്തപ്പെട്ടു എന്ന ചിന്തയുടെ ആക്കം കൂടിയത്?

തലമുറമാറ്റം എന്നത് എല്ലാ മേഖലയിലും സ്വഭാവികമാണ്. സിനിമയുടെ കാര്യമെടുത്താൽ ‘അന്നന്നു കണ്ടതിനെ വാഴ്ത്തുന്നു മാമുനിമാർ’ എന്ന പ്രയോഗം തികച്ചും അനുയോജ്യമാണ്. അല്ലാതെ ‘ഇന്നലെ കല്ലു ചുമന്നവളാണ്’ എന്ന പ്രയോഗത്തിനൊന്നും സിനിമയിൽ പ്രസക്തിയില്ല. മാറ്റി നിർത്തപ്പെട്ടു എന്ന കോംപ്ലക്സ് ഒന്നും എനിക്കില്ല. എന്നെ സമീപിക്കുന്നവർക്കു ഞാൻ പാട്ടെഴുതിക്കൊടുക്കും. അത്ര തന്നെ. മുൻപ് ഉണ്ടായിരുന്നതു പോലെ തന്നെ ഇപ്പോഴും എല്ലാവരുമായി ബന്ധമുണ്ട്. എഴുത്തുകാരുടെ ഒരു സമൂഹമാധ്യമ കൂട്ടായ്മയൊക്കെ ഉണ്ട്. പക്ഷേ അതൊന്നും അത്ര സജീവമല്ല. അതിലൊന്നും പ്രത്യേകിച്ച് ഒരു കാര്യവുമില്ല. കൂട്ടായ്മ എന്നതൊക്കെ യഥാർഥത്തിൽ അവകാശങ്ങൾ പിടിച്ചെടുക്കുകയാണു ചെയ്യുന്നത്. എഴുത്തുകാർക്ക് എന്ത് അവകാശമാണ് കയ്യടക്കാനുള്ളത്? അതിലൊന്നും കാര്യമില്ല. എല്ലാം വെറും നടനം മാത്രം. 

സിനിമയിൽ 35 വർഷത്തോളം പ്രവർത്തിച്ച അനുഭവസമ്പത്തുണ്ട് താങ്കൾക്ക്. പിൻതിരഞ്ഞു നോക്കുമ്പോൾ ജീവിതം എത്രത്തോളം സംതൃപ്തമാണ്? ഇനിയും സജീവമാകുമെന്നു പ്രതീക്ഷിക്കാമോ?

എന്റെ ജീവിതത്തിൽ ഞാൻ പൂർണ തൃപ്തനാണ്. എഴുതുക എന്നത് എനിക്ക് ഇഷ്ടപ്പെട്ട ജോലിയാണ്. ആ ജോലിയിൽ തന്നെ ജീവിച്ചു എന്നത് വളരെ അഭിമാനകരമായ കാര്യം തന്നെ. ഇഷ്ടമുള്ള ജോലി ചെയ്യുന്ന എല്ലാവർക്കും അങ്ങനെ തന്നെയാണ്. ഞാൻ ഇപ്പോഴും സജീവമാണ്. പക്ഷേ എന്നെ എത്രത്തോളം ഉപയോഗിക്കുന്നു എന്നതിലാണു കാര്യം. സിനിമയില്‍ ഞാൻ അവതരിപ്പിച്ച കഥാപാത്രങ്ങളെ മുൻനിർത്തിയുള്ള വിലയിരുത്തലുകൾ പാടില്ല. എന്നെ അറിയുന്നവർക്കെല്ലാം എന്റെ സ്വഭാവം അറിയാം. ഒരു പക്ഷേ പുതുതലമുറയിലെ കുട്ടികൾക്കൊക്കെ എന്റെ കഥാപാത്രങ്ങൾ കണ്ട് എന്നോടു ഭയം തോന്നിയേക്കാം. പക്ഷേ അത് വെറും തെറ്റായ ധാരണയാണ്. 

പക്ഷാഘാതത്തെത്തുടർന്ന് ദീർഘകാലം ചികിത്സയിലായിരുന്നല്ലോ? ആ കാലത്തെക്കുറിച്ചും മടങ്ങിവരവിനെക്കുറിച്ചും ഓർത്തെടുക്കാമോ?

ഞാൻ അസുഖ ബാധിതനായി വെല്ലൂരിൽ പ്രവേശിപ്പിക്കപ്പെട്ട അന്നു തന്നെ ദക്ഷിണാമൂർത്തി സ്വാമി എന്നെ വിളിക്കുകയുണ്ടായി. അദ്ദേഹം അവസാനമായി ചെയ്ത ചിത്രത്തിനു വേണ്ടി പാട്ടെഴുതാൻ വേണ്ടിയായിരുന്നു അത്. ചിത്രത്തിൽ അ‍ഞ്ച് പാട്ടുകളാണ് ഉണ്ടായിരുന്നത്. തിരുമേനി തന്നെ പാട്ടുകളെഴുതണം എന്ന് സ്വാമി എന്നോടു പറഞ്ഞു, ഇപ്പോൾ തന്നെ തുടങ്ങിക്കോളൂ എന്ന നിർദ്ദേശവും വച്ചു. അങ്ങനെ അഞ്ച് പാട്ടുകളും ഞാനെഴുതിക്കൊടുത്തു. അസുഖബാധിതനായിരിക്കുമ്പോഴുള്ള സംഗീതത്തിലെ ആദ്യ ചുവട് ആയിരുന്നു അത്. അപ്പോഴാണ് എനിക്കു മനസ്സിലായത്, ഇനിയും പാട്ടുകളെഴുതാൻ സാധിക്കും എന്ന്. അതുവരെ ജീവിതത്തിലേയ്ക്കു തിരികെ വരമെന്നോ പാട്ടുകളെഴുതാൻ കഴിയുമെന്നോ എനിക്ക് യാതൊരു പ്രതീക്ഷയും ഇല്ലായിരുന്നു. സ്വാമിയുടെ വിളിക്കു ശേഷം പാട്ടുകളെഴുതിയപ്പോൾ എന്നെ ചികിത്സിച്ചിരുന്ന ഡോക്ടർമാര്‍ എന്നെ ഒരുപാട് പ്രോത്സാഹിപ്പിക്കാൻ തുടങ്ങി. അപ്പോഴാണ് എനിക്കു മനോധൈര്യം വീണ്ടെടുക്കാൻ കഴിഞ്ഞത്. ചികിത്സയിലായിരുന്നപ്പോഴും ഞാൻ തുടർച്ചയായി പാട്ടുകൾ കേട്ടുകൊണ്ടേയിരിക്കുമായിരുന്നു. എനിക്കു വേദനിക്കുമ്പോഴൊക്കെ ഞാൻ ആശ്രയിച്ചിരുന്നത് സംഗീതത്തെയാണ്. അതു തന്നെയാണ് ഇപ്പോഴും തുടരുന്നത്. സംഗീതമാണ് എന്നെ മടക്കിക്കൊണ്ടുവന്നതെന്ന് നിസംശയം പറയാൻ കഴിയും.

താങ്കളുടെ നേതൃത്വത്തിലുള്ള സംഗീതചികിത്സ വളരെ പ്രസക്തമാണ്. പാട്ടെഴുത്തിൽ നിന്നും മാറി സംഗീതചികിത്സയിലാണോ കൂടുതൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നത്? 

ഞാൻ അസുഖബാധിതനാകുന്നതിനു മുൻപേ എന്റെ നേതൃത്വത്തിൽ സംഗീതചികിത്സ തുടങ്ങിയിരുന്നു. ഏതാണ്ട് ഇരുപത്തിയഞ്ചു വർഷമായി അതു മുന്നോട്ടു പോകുന്നു. ഇപ്പോഴത്തെ സാഹചര്യത്തിലാണ് സംഗീത ചികിത്സയ്ക്ക് ഏറ്റവും പ്രാധാന്യമുള്ളത്. കാരണം, സംഗീതത്തിനു മാത്രമേ സാന്ത്വനമേകാൻ കഴിയൂ. സംഗീതവുമായി ബന്ധപ്പെട്ടു ജീവിക്കുന്നവർക്ക് അതു തന്നെയാണ് ആശ്വാസം പകരുന്ന കാര്യം. സംഗീതം ചികിത്സയാണ്, പ്രാക്ടീസ് ആണ്. ഇപ്പോൾ മ്യൂസിക് തെറപ്പിയുടെ ഭാഗമായി ഓൺലൈൻ സെഷനുകളും നടക്കുന്നുണ്ട്. പ്രമുഖരുൾപ്പെടെ പലരും എന്റെ സംഗീതചികിത്സാകേന്ദ്രത്തിൽ വരാറുണ്ട്. 

നിലവിലെ ആരോഗ്യസ്ഥിതി എന്താണ്? രോഗാവസ്ഥയിൽ‌ നിന്നും പൂർണ മുക്തി നേടിയോ? 

സ്ട്രോക്ക് എന്നത് അത്ര പെട്ടെന്നു പൂർണമായും മാറുന്ന ഒരു രോഗാവസ്ഥയല്ല. പക്ഷേ പതിയെ പതിയെ മാറ്റങ്ങൾ വന്നു തുടങ്ങിയിട്ടുണ്ട്. അവസ്ഥ കൂടുതൽ മെച്ചപ്പെട്ടു. സംഗീതം കൊണ്ടു മാത്രമാണ് ഞാൻ തിരികെ വന്നത്. മനസ്സിന്റെ ശക്തി സംഗീതം തന്നെ. എപ്പോഴും ജീവിക്കുന്നതു സംഗീതത്തിലാണ്. മറ്റൊരു വിചാരവും എനിക്കില്ല. നിലവിൽ ആരോഗ്യസ്ഥിതി ‍‍‍‍‍‍‍‍‍മെച്ചപ്പെട്ട അവസ്ഥയിൽ തന്നെയാണ്. പ്രത്യേകിച്ചു പ്രശ്നങ്ങളൊന്നും ഇല്ല. എങ്കിലും പൂർണസൗഖ്യം നേടാനായിട്ടില്ല. ഇപ്പോഴത്തെ അവസ്ഥയിൽ പാടാനൊന്നും കഴിയില്ലെങ്കിലും ഞാൻ എപ്പോഴും പാട്ട് കേട്ടുകൊണ്ടിരിക്കും. അതിലാണ് എന്റെ ജീവിതം. 

English Summary: Interview with Veteran lyricist Kaithapram Damodaran Namboothiri

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN INTERVIEWS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

ഹരിതയോഗ ജീവിതം പറഞ്ഞ് ഷാജി ശങ്കരത്തിൽ

MORE VIDEOS
FROM ONMANORAMA