‘ആദ്യത്തെ രണ്ട് വരി ഞാൻ എടുത്തോട്ടെ’ ഷിബു ച‌‌‌‌ക്രവർത്തിയോട് പാട്ട് ചോദിച്ചു മേടിച്ച പുത്തഞ്ചേരി; ‘കറുത്തപ്പെണ്ണേ’ പാട്ടിലെ അപൂർവ കൂട്ടുകെട്ട്

karutha-penne
SHARE

കറുത്ത പെണ്ണേ നിന്നെ കാണാഞ്ഞിട്ടൊരു നാളുണ്ടേ..

വരുത്തപ്പെട്ടേന്‍ ഞാനൊരു വണ്ടായ് ചമഞ്ഞേനെടി.

തുടിച്ചു തുള്ളും മനസ്സിനുള്ളില്‍

തനിച്ചു നിന്നെ ഞാന്‍ നിനച്ചിരുപ്പുണ്ടേ....

പ്രിയദര്‍ശന്റെ എക്കാലത്തെയും മികച്ച ചിത്രങ്ങളിലൊന്നായി പരിഗണിക്കപ്പെടുന്ന തേന്‍മാവിന്‍കൊമ്പത്തിലെ ഗാനം. തേന്‍മാവിന്‍ കൊമ്പത്തിനെ ജനപ്രിയമാക്കിയതിലെ പ്രധാന ഘടകങ്ങളിലൊന്ന് അതിലെ പാട്ടുകള്‍ തന്നെയായിരുന്നു. ചിത്രത്തിലെ മറ്റു പാട്ടുകളും ഹിറ്റായെങ്കിലും കറുത്ത പെണ്ണ് ഉണ്ടാക്കിയ ഓളം വളരെ വലുതാണ്. കുറുമ്പും കുസൃതിയുമുള്ള ഒരു പ്രണയ സന്ദര്‍ഭത്തെ അഴകുള്ള ഒരു പാട്ടിലാക്കിയപ്പോള്‍ അത് എക്കാലത്തെയും മികച്ച ഹിറ്റായി മാറി. ഗിരീഷ് പുത്തഞ്ചേരിയും ബേണി ഇഗ്നേഷ്യസുമാണ് വരിയും ഈണവുമായി പാട്ടിനു ജീവന്‍ നല്‍കിയത്. .  

     

എന്നാല്‍ കറുത്ത പെണ്ണ് ആദ്യം പ്രത്യക്ഷപ്പെട്ടത് രഞ്ജിനി കാസറ്റ്‌സ് ഇറക്കിയ 91ലെ ഓണപ്പാട്ടിലാണ്. ബേണി ഇഗ്നേഷ്യസ് സംഗീതമൊരുക്കി ഷിബു ചക്രവര്‍ത്തിയെഴുതിയതായിരുന്നു പാട്ടുകള്‍. താന്‍ എഴുതിയ ഓണപ്പാട്ട് സിനിമയിലുള്‍പ്പെടുത്തി ഇത്രയും ഹിറ്റായ ഒരു ഗാനമായി മാറിയതിലെ വിസ്മയവും സന്തോഷവും പങ്കുവയ്ക്കുകയാണ് ഗാനരചയിതാവും തിരക്കഥാകൃത്തുമായ ഷിബു ചക്രവര്‍ത്തി.

''രഞ്ജിനി കാസറ്റിനു വേണ്ടി ഞാനെഴുതിയ ഓണപ്പാട്ടായിരുന്നു ‘കറുത്ത പെണ്ണേ നിന്നെ കാണാഞ്ഞിട്ടൊരു നാളുണ്ടേ.. വരുത്തപ്പെട്ടേന്‍  ഞാനൊരു വണ്ടായ് ചമഞ്ഞേനെടി..’ എന്ന ഗാനം. എറണാംകുളത്തെ എന്റെ വീട്ടിലിരുന്നാണ് ആ പാട്ടുണ്ടാക്കിയത്. സഹോദരങ്ങളായ ബേണിയും ഇഗ്നേഷ്യസുമാണ് അന്ന് രഞ്ജിനി കാസറ്റിനു സംഗീതം ചെയ്തിരുന്നത് .എല്ലാ വര്‍ഷവും ഓണപ്പാട്ടുകൾ ഇറക്കുന്നതിനാല്‍ എന്തെങ്കിലും പുതുമ വേണമെന്ന ചര്‍ച്ച നടക്കുമ്പോഴാണ് ' ‘കറുത്ത പെണ്ണേ കരിങ്കുഴലീ നിനക്കൊരുത്തന്‍ കിഴക്കുദിച്ചു’ എന്ന നാടോടി ഗാനത്തെ ദേവരാജന്‍ മാസ്റ്റര്‍ പുതിയ ഭാവം നല്‍കി പരിഷ്‌ക്കരിച്ച കഥ ഞാനവരോടു പറഞ്ഞത്. ഉടനെ നമുക്കും അങ്ങനെ വല്ല പാട്ടുകളും ചെയ്യാന്‍ പറ്റുമോ എന്നായി. കേരള ഭാഷാ ഇന്‍സ്റ്റിറ്റ്യൂട്ട് പുറത്തിറക്കിയ കേരളത്തിലെ നാടോടി ഗാനങ്ങള്‍ എന്ന പുസ്തകത്തിലെ ചില പാട്ടുകള്‍ അവരെ കാണിച്ചു. അതിലെ കറുത്തപെണ്ണേ എന്ന പാട്ടിന്റെ പല്ലവി അവര്‍ക്കിഷ്ടമായി. അതിനു ബേണി ഇഗ്നേഷ്യസ് ഈണം നല്‍കി കേള്‍പ്പിച്ചപ്പോള്‍  മനോഹരമായിരുന്നു. രഞ്ജിനി കാസറ്റ്‌സ് ഉടമ ഉസ്മാനും താത്പര്യമായി. അങ്ങനെ അവര്‍ ട്യൂണിട്ടതിനനുസരിച്ച് പല്ലവിക്കു ശേഷമുള്ള വരികള്‍ ഞാനെഴുതി ചേര്‍ത്തു. ഓണപ്പാട്ടായതിനാല്‍ വരികള്‍ ആ രീതിയിലാണ് എഴുതിയത്.

‘കിഴക്ക് വേലി പടര്‍പ്പിനുള്ളില്‍

ഒടിച്ചു കുത്തി പൂവൊളിച്ചിരിപ്പുണ്ടേ..

വണ്ടായ് ചമഞ്ഞും കൊണ്ട് പള്ളി വാതുക്കല്‍ ചെന്നപ്പോള്‍

പൂമാലപ്പൈതലെന്നെ പൂ കൊണ്ടെറിഞ്ഞേനെടി...

ആ പൂചൂടി ഞാനാറും കടന്ന്

ആറ്റുമണമ്മേല്‍ ചെല്ലണനേരം...’ അങ്ങനെയായിരുന്നു  വരികള്‍..

ഓണപ്പാട്ടുകളെല്ലാം എം.ജി ശ്രീകുമാറും സുജാതയുമാണ് പാടിയിരുന്നത്. ശ്രീകുമാര്‍ പാടുന്ന പാട്ടുകള്‍ പ്രിയന്‍ കേള്‍ക്കാതിരിക്കില്ലല്ലോ. കാസറ്റിലെ രണ്ട് പാട്ടുകള്‍ പ്രിയന് വളരെ ഇഷ്ടമായി. ഈ പാട്ടുകളുടെ ട്യൂണ്‍ തേന്‍മാവിന്‍ കൊമ്പത്തിലേക്ക് ഉപയോഗിക്കാന്‍ തീരുമാനിച്ചു. സംഗീതസംവിധാനം  ബേണി ഇഗ്നേഷ്യസിനെ തന്നെ പ്രിയന്‍ ചുമതലപ്പെടുത്തി. കറുത്ത പെണ്ണിന്റെ പല്ലവി സിനിമയിലെ പാട്ടിലും വേണമെന്ന് പ്രിയന്‍ ബേണി ഇഗ്നേഷ്യസിനോട് പറഞ്ഞിരുന്നു. ഗിരീഷാണ് പാട്ടെഴുതുന്നത്. ഗിരീഷ് ചെറിയ വെപ്രാളത്തോടെ എന്നെ വിളിച്ചു. ''ആദ്യത്തെ രണ്ട് വരി എടുത്തോട്ടെ, പ്രിയന് ഭയങ്കര നിര്‍ബന്ധം ആ വരികള്‍ വേണമെന്ന്'' എന്നു പറഞ്ഞു. ഞാന്‍ പറഞ്ഞു അതില്‍ നീ ഫീല്‍ ചെയ്യേണ്ട കാര്യമെന്താ അത് എന്റെയൊന്നുമല്ലല്ലോ.''

''അത് എനിക്കറിയാം. എങ്കിലും നീ കോരിവെച്ച വെള്ളമല്ലേ..''  എന്ന് ഗീരീഷ്. ''അത് ആര്‍ക്കു വേണമെങ്കിലും കോരാവുന്ന വെള്ളമാണെന്ന്'' ഞാനും പറഞ്ഞു.

കാസറ്റിലെ മറ്റൊരു പാട്ടായ ‘കാതില്‍പ്പൂവിന്റെ നീലക്കല്ലിന്‍മേല്‍ നാണം നീ ചൂടും നേരത്ത്...’ എന്ന ട്യൂണിനനുസരിച്ചാണ് 'കള്ളിപ്പൂങ്കുയിലേ കന്നിത്തേന്‍മൊഴിയില്‍ കാതില്‍ നീ ചൊല്ലുമോ'  എന്ന പാട്ടുണ്ടാക്കിയത്.

താരതമ്യം ചെയ്യാന്‍ പറ്റാത്ത രീതിയില്‍ പാട്ടുകൾക്കു മാറ്റമുണ്ടായി. കറുത്ത പെണ്ണേ എന്ന ഗാനത്തെ ഒരുപാട് കളറാക്കി ഗിരീഷ്.  ഒരുപാട് നിറങ്ങളുള്ള ഒരു സാങ്കല്‍പിക ഗ്രാമത്തിലെ കഥയാണത്. ഗിരീഷ് എഴുതിയ പാട്ടുകൾ കേട്ടപ്പോള്‍ ഞാന്‍ അത്ഭുതപ്പെട്ടുപോയി. ആ പടത്തിലെ സന്ദര്‍ഭവുമായി അത്രക്കിണങ്ങിയിരുന്നു അവ. അത്രയും നന്നായി എനിക്കെഴുതാന്‍ പറ്റുമോ എന്നെനിക്കറിയില്ല. പാട്ടിലിങ്ങനെ നിറങ്ങള്‍ കോരിയൊഴിക്കാന്‍ എന്തായാലും എനിക്കാവില്ല.

അത് പ്രിയനും കൃത്യമായി മനസ്സിലാക്കിയിരുന്നു. എന്റെ പാട്ടുകള്‍ ഭാസ്‌ക്കരന്‍ മാഷുടെ പാട്ടിന്റെയൊക്കെ ചുവടു പിടിച്ച് മണ്ണില്‍ തൊട്ടു നില്‍ക്കുന്നതാണ്.  എന്നാല്‍ ഗിരീഷ് അങ്ങനെയല്ല. വല്ലാത്ത ഒരു ഫാന്റസി കൊണ്ടു വരാന്‍ എന്നും എന്നേക്കാള്‍ ഏറെ മിടുക്കനാണ് ഗിരീഷ്. തുടിച്ചു തുള്ളും മനസ്സിനുള്ളില്‍ തനിച്ചു നിന്നെ ഞാന്‍ നിനച്ചിരുപ്പുണ്ടേ... ആ വരികള്‍ ഒക്കെ തരുന്ന ശബ്ദഭംഗിയും നിറങ്ങളും ഒന്നു വേറെയാണ്.  

പാട്ടു മാത്രമല്ല ആ സിനിമയിലെ എല്ലാ ഘടകങ്ങളും ഒന്നിനൊന്നു മികച്ചു നിന്നു. തേന്‍മാവിന്‍ കൊമ്പത്തിന് മുമ്പ് അതു പോലൊരു പടം മലയാളത്തിലുണ്ടായിട്ടില്ല. പ്രിയന്റെ എനിക്കേറ്റവും ഇഷ്ടപ്പെട്ട പടമാണ് തേന്‍മാവിന്‍ കൊമ്പത്ത്. ഞാന്‍ പാട്ടെഴുതിയ ചിത്രം സിനിമയേക്കാളും എനിക്ക് പ്രിയം തോന്നിയിട്ടുള്ളത് തേന്‍മാവിന്‍കൊമ്പത്തിനോടാണ്. സത്യം പറഞ്ഞാല്‍ പടം കണ്ട് പ്രിയനോട് അസൂയ തോന്നി. സിനിമ നമ്മുടെ മുമ്പിലേക്ക് ഒരു സ്വപ്‌നം കൊണ്ടുവരികയാണ്. എന്റെ പാട്ടുകള്‍ ആ മനോഹരമായ ചിത്രത്തിലെ പാട്ടിന് ഒരു പ്രചോദനമായതില്‍ എനിക്ക് സന്തോഷം മാത്രമേയുള്ളൂ. ''ഷിബു ചക്രവര്‍ത്തി പറയുന്നു.

1994ല്‍ ഇറങ്ങിയ ‘തേന്‍മാവിന്‍ കൊമ്പത്ത്’ എത്രവട്ടം കണ്ടാലും ഇന്നും കയ്യടിച്ച് കണ്ടിരിക്കും പ്രേക്ഷകര്‍. മലയാളികളൊന്നാകെ ഇത്രമേല്‍ ആസ്വദിച്ചു കണ്ട ഒരു ചിത്രവും പാട്ടുകളും വേറേയുണ്ടോ എന്നും സംശയം. അത്രമേല്‍ ഇഷ്ടപ്പെടുത്തിക്കളഞ്ഞു ആ സിനിമ. ആ സങ്കല്‍പ ഭൂമിയിലെ നര്‍മ്മവും പാട്ടും ആട്ടവും അതിമനോഹരങ്ങളായ ഫ്രെയിമുകളിലാക്കി സംവിധായകന്‍ പ്രിയദര്‍ശന്‍ നമ്മെ കൊതിപ്പിച്ചു. ഈ ദൃശ്യവിരുന്ന് ഒരുക്കിയതിന് കെ.വി ആനന്ദിന് മികച്ച ഛായാഗ്രാഹകനുള്ള ദേശീയ പുരസ്‌ക്കാരവും സാബു സിറിളിന് മികച്ച കലാസംവിധായകനുള്ള ദേശീയ പുരസ്‌ക്കാരവും ലഭിച്ചു. മികച്ച സംഗീത സംവിധായകനുള്ള സംസ്ഥാന പുരസ്‌ക്കാരം ബേണി ഇഗ്നേഷ്യസിനു ലഭിച്ചു. പാട്ടുകള്‍ ഏറെ ഹിറ്റായെങ്കിലും മൂന്നു പാട്ടുകളുടെ ട്യൂണിനെച്ചൊല്ലി ഏറെ വിവാദങ്ങളും ഉയര്‍ന്നു. ‘പിയാ മിലന്‍ കോ ജാനാ’ എന്ന ഹിന്ദിപ്പാട്ടിന്റെയും ‘എന്തേ മനസ്സിലൊരു നാണം’ എന്ന ഗാനമെന്നും ‘സുന്‍ മേരെ ബന്ധുരേ’  എന്ന ബംഗാളിഗാനമാണ് ‘നിലാപൊങ്കലായേലോ’ എന്നും ഇളയരാജയുടെ ‘ആസൈ അതികം വെച്ച്’ എന്ന ഗാനമാണ് ‘മാനം തെളിഞ്ഞേ വന്നാല്‍’ എന്ന ഗാനമായി മാറിയതെന്നും  വിമര്‍ശനമുയര്‍ന്നു. പാട്ടുകള്‍ക്കു സംസ്ഥാന പുരസ്‌ക്കാരം പ്രഖ്യാപിച്ചപ്പോള്‍ സംഗീതസംവിധായകന്‍ ദേവരാജന്‍ പ്രതിഷേധവുമായി രംഗത്തെത്തിയിരുന്നു. അനുകരണക്കാര്‍ക്കു പുരസ്‌ക്കാരം നല്‍കി ആദരിക്കുന്ന രീതിയോട് യോജിക്കാനാവില്ലെന്ന നിലപാടുമായി മുതിര്‍ന്ന സംഗീതസംവിധായകന്‍ തന്നെ രംഗത്തെത്തിയത് ഏറെ ചര്‍ച്ചകള്‍ക്കും വഴി വെച്ചു.  

സിനിമ അത് ജനങ്ങൾക്ക് ആസ്വദിച്ച് കണ്ടിരിക്കാൻ ഉണ്ടാക്കുന്നതാണെന്ന പതിവ് നിലപാട് ആവർത്തിക്കാറുണ്ട് പ്രിയദർശൻ ചിത്രങ്ങൾ. തേൻമാവിൻ കൊമ്പത്തിലൂടെ ആസ്വദിപ്പിക്കുക മാത്രമല്ല രസിപ്പിച്ച് പ്രേക്ഷകരുടെ മനസ് നിറയ്ക്കുകയും ചെയ്തു സംവിധായകൻ. ജീവിതത്തിലെ നിറങ്ങളും പാട്ടും പ്രണയവും നിരാശയും വേദനയും എല്ലാം പങ്കുവച്ച തേന്‍മാവിന്‍ കൊമ്പത്തിനെ പ്രേക്ഷകര്‍ ഇന്നും നെഞ്ചോടു ചേര്‍ത്തു വയ്ക്കുന്നു.. മതിയാവോളം ചിരിച്ചും രസിച്ചും മാത്രം തിയറ്റര്‍ വിട്ടിറങ്ങിയ കാണികൾ ചിത്രം ടിവിയില്‍ വരുമ്പോഴൊക്കെ എല്ലാ തിരക്കുകളും മാറ്റി വച്ച് കണ്ടിരിക്കുന്നതും യൂട്യൂബില്‍ തിരഞ്ഞു പോവുന്നതും ആ  സാങ്കല്‍പിക ഭൂമിയും അതിലെ കഥാപാത്രങ്ങളും അത്രമേല്‍ കൊതിപ്പിക്കുന്നതു കൊണ്ടു തന്നെയാണ്. പ്രിയദര്‍ശന്‍  മോഹന്‍ലാല്‍ കൂട്ടുകെട്ടും അതില്‍ തന്നെ മോഹന്‍ലാല്‍ ശോഭന താരജോഡിയും പാട്ടും പ്രണയവും... ജീവിതം തീര്‍ന്നു പോവാത്ത ഒരു സ്വപ്‌നമാണെന്ന് നമ്മെ വിശ്വസിപ്പിക്കുകയാണല്ലോ.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN INTERVIEWS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

ദുരിതപ്പെയ്ത്തോ?, മേഘവിസ്ഫോടനമോ?– മനോരമ ഓൺലൈൻ എക്സ്പ്ലെയ്നർ

MORE VIDEOS
FROM ONMANORAMA