ADVERTISEMENT

എട്ടു മിനിറ്റ് 41 സെക്കൻഡോ? ഒരു മ്യൂസിക് വിഡിയോയ്ക്ക് ഈ ദൈർഘ്യം അൽപം കൂടുതലല്ലേ? ഈ ചോദ്യങ്ങളെ അപ്രസക്തമാക്കിയാണ് ഷാൻ റഹ്മാനും നോബിൾ തോമസും ചേർന്നൊരുക്കിയ മേയ്ഡ് ഇൻ ഹെവൻ എന്ന മ്യൂസിക് വിഡിയോ യുട്യൂബ് ട്രെൻഡിങ്ങിൽ മുന്നേറുന്നത്. ഇടയ്ക്കിടെ കൊച്ചു സംഭാഷണങ്ങൾ... നർമ മുഹൂർത്തങ്ങൾ... അവയ്ക്കിടയിലൂടെ അതിസ്വാഭാവികമായി ഒരു പാട്ടൊഴുകുകയാണ്... 

കൺമണി കൺമണി ഞാൻ വരവായി അഴകേ...

വെൺമതി വെൺമതി നീ മതി എന്നരികേ...

ആദ്യ കേൾവിയിൽ തന്നെ 'റിപ്പീറ്റ് മോഡ് ഓൺ' എന്ന ലിസ്റ്റിലേക്ക് ആരാധകർ ചേർത്തു വയ്ക്കുന്ന പാട്ട് ഒരു പുഞ്ചിരിയോടെയല്ലാതെ കണ്ടുതീർക്കാനാവില്ല. ഓരോ ഫ്രെയിമിലും ഓരോ തുടിപ്പിലും ചെറുപ്പത്തിന്റെ കുസൃതിയും കുറുമ്പും നിറങ്ങളും നിറഞ്ഞുനിൽക്കുന്ന ഈ കഥയ്ക്ക് സംഗീതം നൽകാമോ എന്ന് സംവിധായകൻ നോബിൾ തോമസ് സംഗീത സംവിധായകൻ ഷാൻ റഹ്മാനോട് ചോദിച്ചപ്പോൾ അദ്ദേഹം ഒരു കാര്യം മാത്രമാണ് തിരിച്ചു ചോദിച്ചത്, ഈ വിഡിയോ ഞാൻ നിർമിച്ചോട്ടെ? അങ്ങനെ സംഗീത സംവിധായകൻ തന്നെ നിർമാതാവായി. മേയ്ഡ് ഇൻ ഹെവന്റെ വിശേങ്ങളുമായി ഷാൻ റഹ്മാൻ മനോരമ ഓൺലൈനൊപ്പം. 

നോബിളിന്റെ ചോദ്യവും ഷാനിന്റെ ഓഫറും

എടാ... നമുക്കിങ്ങനെയൊരു സംഭവം ചെയ്താലോ എന്ന് ആദ്യം എന്നോടു പറയുന്നത് നോബിളാണ്. ഇപ്പോഴാണെങ്കിൽ അത്രയും തിരക്കുമില്ല. കഥ കേട്ടപ്പോൾ തന്നെ എനിക്ക് നന്നായി ഇഷ്ടപ്പെട്ടു. അപ്പോൾ ഞാൻ നോബിളിനോടു ചോദിച്ചു, എടാ.. ഞാനിത് പ്രൊഡ്യൂസ് ചെയ്തോട്ടെ? കാരണം അത്രയും vibrant ആയിരുന്നു കഥയും വിവരണവും. ആകെ ഡാർക്ക് സീനടിക്കുന്ന പാട്ടല്ല. വിഷമിച്ചിരിക്കുന്ന ആരെങ്കിലും ഇതു കാണുകയാണെങ്കിൽ ഒന്നു സന്തോഷിക്കണം... ഒന്നു ചിരിക്കണം... നമ്മുടെ ഉദ്ദേശം അത്രയേ ഉണ്ടായിരുന്നുള്ളൂ. പൂർണമായും ഈ ആശയം നോബിളിന്റേതാണ്. 'പലവട്ടം കാത്തു നിന്നു ഞാൻ' എന്ന മ്യൂസിക് വിഡിയോ ചെയ്യുന്ന കാലം മുതൽ എനിക്ക് നോബിളിനെ അറിയാം. പലവട്ടത്തിന്റെ സെറ്റ് ഡിസൈൻ ചെയ്തത് നോബിളാണ്. പലവട്ടം ഇറങ്ങുന്നതിന് ഒരു വർഷം മുൻപെ ഞങ്ങൾ തമ്മിൽ പരിചയമുണ്ട്. വിനീത് ശ്രീനിവാസന്റെ ക്ലാസ്മേറ്റ് കൂടിയാണ് നോബിൾ. അവർ എൻജിനീയറിങ് ഒരുമിച്ചായിരുന്നു. വിനീതുമായുള്ള സൗഹൃദം പോലെ അത്രയും പഴക്കമുള്ള സൗഹൃദമാണ്. 

നോബിളിന് ആദ്യം ട്യൂൺ ഇഷ്ടമായില്ല

ഞാൻ ആദ്യമൊരു ട്യൂൺ നോബിളിനു കൊടുത്തു. അപ്പോൾ നോബിൾ പറഞ്ഞു, എടാ... ഇത് എനിക്ക് ഇഷ്ടമായി... പക്ഷേ, വേറൊന്നു കൂടി ചെയ്യാമോ എന്ന്. പറഞ്ഞു വരുമ്പോൾ ഞാൻ പ്രൊഡ്യൂസറാണ്. പക്ഷേ, പാട്ട് സംവിധായകൻ ഓകെ പറയാതെ രക്ഷയില്ലല്ലോ! ഒറ്റയടിക്ക് അഭിപ്രായം പറയാതെ, ഒരു നാലഞ്ചു തവണ കേട്ടു നോക്കിയിട്ട് അഭിപ്രായം പറയാൻ ഞാൻ വീണ്ടും ആവശ്യപ്പെട്ടെങ്കിലും 'ഇത് വർക്ക് ആവുന്നില്ല' എന്ന മറുപടിയാണ് കിട്ടിയത്. അങ്ങനെ ഞാൻ രണ്ടാമതൊരു ഓപ്ഷൻ കൂടി ചെയ്തു. അതു കൊടുത്തപ്പോൾ നോബിൾ പറഞ്ഞു, 'എടാ... ഫസ്റ്റ് ട്യൂൺ ഞാനിങ്ങനെ കേട്ടു നോക്കുകയായിരുന്നു... അതിപ്പോൾ എനിക്ക് നന്നായി വർക്ക് ആകുന്നുണ്ട്' എന്ന്. ഇതു ഞാൻ നേരത്തെ പറഞ്ഞതല്ലേ എന്നായി ഞാൻ. അങ്ങനെ ആദ്യത്തെ ട്യൂൺ തന്നെ ഞങ്ങൾ തിരഞ്ഞെടുത്തു. രണ്ടാമത്തെ ട്യൂൺ കയ്യിലുണ്ട്. അതു വച്ച് വേറെ എന്തെങ്കിലും ചെയ്യാമെന്നാണ് ഇപ്പോഴത്തെ പ്ലാൻ.  

ക്വാളിറ്റിയിൽ വിട്ടുവീഴ്ചയില്ല

made-in-heaven

മ്യൂസിക് പ്രൊഡക്ഷൻ പൂർണമായും ഓൺലൈനായിട്ടാണ് ചെയ്തത്. തുടങ്ങിയ സമയത്ത് ഇതെങ്ങനെ മുന്നോട്ടു പോകുമെന്ന ആശങ്കയുണ്ടായിരുന്നു. കാരണം, ആരും പരസ്പരം നേരിൽ കാണുന്നില്ലല്ലോ. അങ്ങനെയൊരു സാഹചര്യവുമല്ല നിലവിലുള്ളത്. ക്വാളിറ്റിയുടെ കാര്യത്തിൽ യാതൊരു വിട്ടുവീഴ്ചയും ചെയ്യില്ലെന്ന കാര്യത്തിൽ ഞങ്ങൾക്ക് നിർബന്ധമുണ്ടായിരുന്നു. ഏറ്റവും മികച്ച ടീമിനെയാണ് ഈ പ്രൊഡക്ഷനു വേണ്ടി കണ്ടെത്തിയത്. വിനായക് ശശികുമാറിന് ട്യൂൺ അയച്ചു കൊടുത്തു. വരികൾ ഫോൺ വഴി അദ്ദേഹം തിരച്ച് അയച്ചു തന്നു. അതുപോലെ തന്നെയാണ് ഗായകൻ ബെന്നി ദയാലും. അദ്ദേഹം മുംബൈയിൽ നിന്നാണ് ട്രാക്ക് പാടി അയച്ചു തന്നത്. മിക്സ് ചെയ്തത് ചെന്നൈയിൽ ബാലു തങ്കച്ചനായിരുന്നു. അങ്ങനെ എല്ലാമങ്ങ് സംഭവിച്ചു. 

ആ ക്രെഡിറ്റ് നോബിളിനും എഡിറ്റർക്കും

പാട്ടും സംഭാഷണങ്ങളും ഇട കലർന്നു വരുന്നത് ഒരു ചലഞ്ച് തന്നെയായിരുന്നു. മുഴുവൻ വിഡിയോ കാണുമ്പോൾ ഒറ്റ പാട്ടായി തോന്നണം. എട്ടു മിനിറ്റാണ് ദൈർഘ്യം. അതിൽ പാട്ടു വരുന്നതും പോകുന്നതും പ്രേക്ഷകർ പെട്ടെന്ന് തിരിച്ചറിയാൻ പാടില്ല. അത്തരത്തിൽ ബ്ലെൻഡ് ചെയ്തെടുത്തത് നോബിളിന്റെയും എഡിറ്ററിന്റെയും കഴിവാണ്. അത്ര മനോഹരമായാണ് എഡിറ്റ് ചെയ്തിരിക്കുന്നത്. സാധാരണ എട്ടു മിനിറ്റിൽ നാലു മിനിറ്റ് പാട്ടാണെങ്കിൽ അത് ഒറ്റയടിക്ക് വന്നു പോകും. ഇത് അങ്ങനെയല്ല. വലിയൊരു വെല്ലുവിളി തന്നെയായിരുന്നു. ഈ പാട്ട് ഒറ്റയടിക്ക് കേൾക്കണമെങ്കിൽ ഐട്യൂൺസിലോ എഫ്.എമ്മിലോ ഒക്കെ കേൾക്കേണ്ടി വരും. 

വിനീതില്ലാതെ എന്ത് ആഘോഷം!

വിനീത് ശ്രീനിവാസന്റെ സർപ്രൈസ് എൻട്രി തീർച്ചയായും നോബിളിന്റെ ഐഡിയ ആയിരുന്നു. വിനീതിനെ വിഷ്വലി കൊണ്ടുവരണമെന്ന് ആഗ്രഹിച്ചിരുന്നു. എന്നാൽ അതു ഷൂട്ട് ചെയ്തെടുക്കാൻ ഇപ്പോഴത്തെ സാഹചര്യത്തിൽ ഏറെ ബുദ്ധിമുട്ടായതുകൊണ്ട് ശബ്ദത്തിൽ മാത്രമായി ആ സർപ്രൈസ് ഒതുക്കേണ്ടി വന്നു. വിനീതിന്റെ ശബ്ദം മലയാളികൾക്ക് എത്രയോ വർഷങ്ങളായി സുപരിചിതമാണ്! ആകെ രണ്ടു വാക്കേ ഉള്ളൂ... ആരാടാ നീ?! പക്ഷേ, അതു കേട്ട ഉടനെ എല്ലാവർക്കും മനസിലായി ഇത് ആരാണ് പറയുന്നത് എന്ന്! ആർക്കും ഒരു സംശയം പോലും തോന്നിയില്ല. പിന്നെ, നമ്മുടെ ഒരു പ്രൊഡക്ട് ആയതുകൊണ്ട് വിനീതിന്റെ ഒരു സാന്നിധ്യം ഇല്ലെങ്കിൽ അതു ശരിയാകില്ല. 

പ്രൊഡ്യൂസറെ, രണ്ടാം ഭാഗം വരുമോ?

വിനീതിന്റെ ശബ്ദത്തിൽ ആ ചോദ്യം വന്നതോടെ ആരാധകർക്ക് ആകാംക്ഷയായി. ഈ മ്യൂസിക് വിഡിയോയ്ക്ക് രണ്ടാം ഭാഗം വരുമോ എന്നാണ് എല്ലാവർക്കും അറിയേണ്ടത്. നോബിൾ എന്നോടു പറഞ്ഞു, പ്രൊഡ്യൂസറെ... എല്ലാവരും രണ്ടാം ഭാഗം ചോദിക്കുന്നുണ്ട്. ഞാനെന്തു പറയണം? എന്തായാലും ഈ വിഡിയോ ഇപ്പോൾ ഇറങ്ങിയതല്ലേ ഉള്ളൂ. ഒന്നും പറയാറായിട്ടില്ല. ഇതുമായി കണക്ട് ചെയ്യുന്ന നല്ലൊരു കഥയുമായി നോബിൾ വന്നാൽ തീർച്ചയായും രണ്ടാം ഭാഗത്തെപ്പറ്റി ആലോചിക്കും. നിർമാതാവ് എന്ന നിലയിൽ അതു ഞാൻ സ്വാഗതം ചെയ്യും. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com