ജാഡക്കാരൻ, സ്റ്റുഡിയോയിൽ വൈകിയെത്തൽ... എല്ലാത്തിനും മറുപടിയുണ്ട്; ഖൽബിന്റെ ‘ആൽബം’ തുറന്ന് കൊല്ലം ഷാഫി‌

shafi-kollam
SHARE

‘സുന്ദരി നീ വന്നു ഗസലായ്....സുറുമ വരച്ച പെണ്ണേ റജിലാ..’. മനസിൽ എന്നും പ്രണയത്തിന്റെ കുളിർമഴ പെയ്യിക്കുന്ന ഗാനം. മാപ്പിളപ്പാട്ടിനെ ഹൃദയതാളമാക്കിയ പാട്ടുകാരൻ കൊല്ലം ഷാഫിയ്ക്കു പ്രണയമാണ് ജീവിതം. തേനൂറും ഇശവലുകളുടെ നീണ്ട നിര തന്നെ ആസ്വാദകർക്കു സമ്മാനിച്ച ഗായകൻ. സ്നേഹത്തിന്റെ മൈലാഞ്ചിത്തോപ്പിൽ ഷാഫി പാട്ട് തുടരുകയാണ്. 

ആൽബം പാട്ടുകളിൽ പരീക്ഷണങ്ങൾ നടത്തിയ ആളാണ്. എന്താണ് അടുത്ത പരീക്ഷണം?

മനസിലുണ്ട്. വെളിപ്പെടുത്താനായിട്ടില്ല. തൽക്കാലം രഹസ്യമായിരിക്കട്ടെ. ചെയ്തു നോക്കാം എന്നു മാത്രം. പാട്ടിൽ നിരവധി കാര്യങ്ങൾ ചെയ്യാനുണ്ട്. പരീക്ഷണങ്ങൾക്കു സാധ്യതയേറെയുള്ള മേഖലയാണ് സംഗീതം. പുതിയ സാധ്യതകൾ തേടണം. അത് പാട്ടിൽ മാത്രമല്ല, എല്ലാ മേഖലകളിലുള്ളവർക്കും ബാധകമാണ്. കാലത്തിനു അനുയോജ്യമായ മാറ്റങ്ങൾ എല്ലാ രംഗത്തു വേണം.

ലക്ഷ്യം?

എന്റെ പാട്ടുകൾ നാഴികക്കല്ലുകളായി നിലനിൽക്കണം. വിത്തു നട്ടാൽ അത് മരമായി മാറണം. പെട്ടെന്നൊരു ഫലം കിട്ടണമെന്ന് വാശിയില്ല. ഫലം പതുക്കെ മതി. അംഗീകാരങ്ങൾക്കു വേണ്ടി ഒന്നു ചെയ്യാറില്ല. എന്റെ കാലം കഴിഞ്ഞാലും എവിടെയെങ്കിലുമൊക്കെ അടയാളപ്പെടുത്തലുകൾ വേണം. വരും തലമുറയ്ക്കു ഉപകരിക്കണം. കാലഘട്ടത്തിനു മുൻപേ സഞ്ചരിച്ച മനസാണ് സംഗീതഞ്ജരുടേത്. ‘പടയപ്പ’ ചിത്രത്തിലേക്കു വേണ്ടി എ.ആർ റഹ്മാൻ രചിച്ച ഒരു ഗാനം അന്ന് ഏറെ വിമർശത്തിനു വഴി വച്ചിരുന്നു. എന്നാൽ ഇന്ന് ആ പാട്ട് ട്രെൻഡാണ്. ഇത്തരത്തിൽ നിരവധി പാട്ടുകൾ അദ്ദേഹത്തെ വിമർശന വിധേയനാക്കിയിട്ടുണ്ട്. ഇന്ന് എത്ര മികച്ച ക്ളാസിക് ഗാനവും രണ്ടു ദിവസത്തിനപ്പുറം ചർച്ച ചെയ്യുന്നില്ല. പണ്ടു കാലത്തു പാട്ടുകൾ മനസിലാണ് സൂക്ഷിക്കാറ്. ഇന്നത് ഡിവൈസുകളിലായി. പൂമുത്തോളെ... പോലുള്ള മനസിൽ തങ്ങി നിൽക്കുന്ന ഗാനങ്ങൾ കുറവാണ്.

യൂ ട്യൂബിൽ നിന്നുള്ള വരുമാനം?

ഒന്നും കിട്ടുന്നില്ല. യൂ ട്യൂബ് ഞാൻ ഇതുവരെ പ്രമോട്ട് ചെയ്തിട്ടില്ല. ചെയ്തിരുന്നെങ്കിൽ വരുമാനം കിട്ടുമായിരുന്നു. അഞ്ചു വർഷം മുൻപ് യൂ ട്യൂബിൽ നിന്നും കിട്ടിയിരുന്ന വരുമാനം ഇന്നില്ല. അന്ന് പത്തു മിനിറ്റ് നീളമുള്ള ഒരു വിഡിയോയിൽ മൂന്നു പരസ്യങ്ങൾ ഉണ്ടെന്നു കരുതുക. ഇത്  ഒരു ലക്ഷം ആളുകൾ ക്ളിക്ക് ചെയ്താൽ  5–10 ലക്ഷം രൂപ വരെ കിട്ടുമായിരുന്നു. വിഡിയോ മുഴുവൻ കാണണമെന്നില്ല. ആ സ്ഥാനത്ത് ഇന്ന് മാനദണ്ഡങ്ങൾ മാറി. അതായത് ഒരു സിസ്റ്റത്തിൽ നിന്നും ഒരാൾ നൂറു തവണ കണ്ടാലും അത് ഒരു വ്യൂ ആയി മാത്രമേ കണക്കാക്കുകയുള്ളൂ. പത്തു മിനിറ്റ് മുഴുവനായി കാണുകയും വേണം. എന്നാൽ മാത്രമേ വരുമാനം കിട്ടൂ. അതും വെറും 40000–50000 രൂപ മാത്രം. മത്സരം കൂടിയതാണു കാരണം. കമ്പനികളും കൂടി. കമ്പനികൾ കൂടുന്തോറും വരുമാനം കുറയും. താരമൂല്യം അല്ല ഇവിടെ നോക്കുന്നത്. ട്രോളാകാൻ മനപൂർവമായ ശ്രമമാണ് ചിലർ നടത്തുന്നത്. അതിലൂടെ കാഴ്ചക്കാരുടെ എണ്ണം കൂട്ടുകയാണ് ഇത്തരക്കാരുടെ ലക്ഷ്യം. ഇത് ബുദ്ധിപരമായി തെളിയിച്ചയാളാണ് സന്തോഷ് പണ്ഡിറ്റ്. വിഡിയോയിൽ അറിയാതെ പറ്റിപ്പോയതു പോലെ ചിലർ അഭിനയിക്കുന്നു. വസ്ത്രം നീങ്ങിപ്പോകുന്നതു പോലെയും മറ്റും. ഇതൊന്നും അറിയാതെ സംഭവിക്കുന്നതല്ല. മനപൂർവമാണ്. ഇത്തരം വിഡിയോ ചെയ്യുന്നവർക്കു വരുമാനം ലഭിക്കും. 

സമൂഹമാധ്യമം വഴി വരുമാനം നേടാൻ ശ്രമിച്ചിട്ടില്ലേ?

താൽപര്യമില്ലാഞ്ഞിട്ടല്ല. ശ്രമം നടത്തിയിരുന്നു. അതിനു വിശ്വസ്തരായ വ്യക്തികൾ കൂടെ വേണം. സോഷ്യൽമീഡിയ കൈകാര്യം ചെയ്യുന്ന വിദഗ്ധർ ഒപ്പമുണ്ടാകണം. ചിലരെ സമീപിച്ചു. പലർക്കും കച്ചവടക്കണ്ണുകളായിരുന്നു. ശരാശരി വരുമാനം എനിക്കു കിട്ടാതിരിക്കാൻ ശ്രമം നടത്തുന്നവരെയാണ് കാണാനായത്. എന്റെ നിരവധി ഹിറ്റ് ഗാനങ്ങൾ ഇപ്പോഴും യൂ ട്യൂബിൽ ഹിറ്റാണ്. അതിന്റെ വരുമാനം നിർമാതാവിനാണ്. പാടിയതിന്റെ പ്രതിഫലം ഞാൻ അന്ന് കൈപ്പറ്റി. അത്ര മാത്രം. അതു കഴിഞ്ഞാൽ പിന്നെ അവകാശമില്ല.

കവർ ഗാനങ്ങളെക്കുറിച്ച് എന്താണ് അഭിപ്രായം?

സ്വാഗതം ചെയ്യുന്നു. നമ്മുടെ കാലശേഷവും നമ്മുടെ പാട്ടുകൾ കേൾക്കുന്നുണ്ടെങ്കിൽ അതാണ് അംഗീകാരം. പണ്ടു കാലത്തെ പാട്ടുകൾ പുനർജനിക്കപ്പെടുന്നത് നല്ലതാണ്. കവർസോങ് അലോസരപ്പെടുത്തുന്നില്ല. പാട്ടുകാരനാണ് ഇവിടെ സാധ്യത. ഒരു പിയാനോയുടേയും ഗിറ്റാറിന്റേയും മാത്രം നേർത്ത അകമ്പടിയോടെ വരുന്നവയാണിവ. പച്ചക്കറിക്കായ തട്ടിൽ... എന്ന പാട്ടിന്റെ വരികളുടെ കാവ്യഭംഗി ഇപ്പോഴാണ് അറിയുന്നത്. അപ്പോഴായിരിക്കും ആ പാട്ടിന്റെ യഥാർഥ ഗായകനേയും കവിയേയും നമ്മൾ അന്വേഷിച്ചു പോകുന്നത്. പുതിയ തലമുറയ്ക്കും ആ പാട്ടുകൾ വീണ്ടും പരിചയപ്പെടാനാകും. പുതിയ ഗായകർക്ക് അവസരങ്ങളുടെ വാതിൽ തുറക്കും.

സിനിമയിൽ പാടാൻ അവസരം കിട്ടിയില്ലേ ?

ആഗ്രഹമുണ്ട്. അതിനുള്ള യോഗ്യത ആയി എന്നു സ്വയം തോന്നിയിട്ടില്ല. ആത്മവിശ്വാസം കുറവാണ്. അതുമല്ലെങ്കിൽ സംഗീതത്തിന്റെ അടിസ്ഥാനഘടകങ്ങൾ പഠിച്ചിട്ടുണ്ടാകണം. കഴിവുള്ള നിരവധി പേർ രംഗത്തുണ്ട്. സംഗീതം പഠിച്ചവർക്കു പോലും അവസരം കിട്ടാത്ത രംഗമാണിത്. എന്റെ പോരായ്മകൾ തിരിച്ചറിഞ്ഞ് ആരെങ്കിലും സിനിമയിൽ പാടാൻ അവസരം തരികയാണെങ്കിൽ സ്വീകരിക്കും. ഞാൻ തന്നെ കംപോസ് ചെയ്തു പാടാനാണെങ്കിൽ സാധിക്കും. എല്ലാത്തിനുമുപരി ഭാഗ്യവും വേണം. അഞ്ചു സിനിമകൾക്കു പാട്ട് എഴുതിയിട്ടുണ്ട്. 13 വർഷം മുൻപ് കല്ലായിക്കടവത്ത് എന്നൊരു സിനിമയിൽ പാടിയിരുന്നു. ചില പ്രശ്നങ്ങൾ കാരണം സിനിമ മുടങ്ങി. സിൽക്ക് എന്ന സിനിമയ്ക്ക് പാട്ടെഴുതി. പക്ഷേ ശ്രദ്ധിക്കപ്പെട്ടില്ല. തേനീച്ചയും പീരങ്കിപ്പടയും എന്ന ചിത്രത്തിലെ പാട്ടും ജയിച്ചില്ല. സൂഫിയും സുജാതയും, മരയ്ക്കാർ അറബിക്കടലിന്റെ സിംഹം എന്നി ചിത്രങ്ങളിലെ സൂഫി ലിറിക്സുകൾ മാത്രമാണ് ശ്രദ്ധിക്കപ്പെട്ടത്.

പ്രായത്തിനനുസരിച്ച് ചിന്താധാരകളും മാറ്റി കൊണ്ടിരിക്കണം. ഒരു കാര്യം നടന്നില്ല എന്നു കരുതി നിരാശയില്ല. അതിനെ പോസിറ്റീവായി  കാണാനുള്ള  മനസ്സ് ഉണ്ട്. മോഹൻലാലിന്റേയും മഞ്ജു വാരിയരുടെയും കൂടെ പ്രോഗ്രാം പദ്ധതിയിട്ടിരുന്നു. പക്ഷേ കോവിഡ് അതെല്ലാം മുടക്കി. എങ്കിലും നിരാശയില്ല.

ചാനലുകളിൽ വിധികർത്താവായി എവിടെയും കണ്ടിട്ടില്ലല്ലോ?

അവസരങ്ങൾ വന്നിരുന്നു. പക്ഷേ ഞാനത് നിരസിക്കുകയായിരുന്നു. അതിൽ ഒട്ടും ഖേദമില്ല. എന്നെക്കാൾ നന്നായി പാടുന്നവരുടെ പാട്ട് കേട്ട് അഭിപ്രായം പറയാൻ എനിക്കു സാധിക്കില്ല. മറ്റുള്ളവരുടെ പാട്ട് കേട്ടിട്ട് മാർക്ക് നൽകാനുള്ള യോഗ്യതയും എനിക്കില്ല. 

അഭിനയിക്കാൻ അവസരം കിട്ടിയാൽ സ്വീകരിക്കുമോ?

തീർച്ചയായും സ്വീകരിക്കും. അതിനുവേണ്ടി ശരീരത്തിൽ മാറ്റം വരുത്താനും കഥാപാത്രത്തെക്കുറിച്ച് പഠിക്കാനും തയ്യാറാണ്. അഭിനയത്തിൽ താൽപര്യമുണ്ട്. പരിചയക്കാരോടു ചാൻസും ചോദിച്ചിട്ടുണ്ട്. സംഭവിക്കാനുള്ളവ കൃത്യസമയത്തു സംഭവിക്കും. ശ്രമം തുടര്‍ന്നുകൊണ്ടേയിരിക്കും.

എത്ര വർഷമായി ഈ ആൽബം മേഖലയിൽ വന്നിട്ട്?

മിമിക്രിയിലേക്കു വരുന്നത് 25 വർഷം മുൻപാണ്. ആൽബം രംഗത്ത് 17 വർഷമാകുന്നു.

മത്സരം നേരിട്ടിട്ടുണ്ടോ?

എനിക്ക് അങ്ങനെ ആരോടും തോന്നിയിട്ടില്ല. പ്രൊഡ്യൂസർമാർക്ക് നഷ്ടം ഉണ്ടാകരുത് എന്ന് ആഗ്രഹിക്കുന്നു. എന്നെ വച്ച് പാട്ട് എഴുതിയിട്ട് ആരും നിരാശപ്പെടരുത്. പാട്ട് കൂടുതൽ ആളുകളിലേക്ക് എത്തരണം എന്നാഗ്രഹിക്കുന്നു. എന്നാൽ സോഷ്യൽ മീഡിയയിൽ ഇല്ലാത്ത ക്യാപ്ഷനിട്ട് ആളുകളെക്കൊണ്ട് ക്ളിക്ക് ചെയ്യിച്ച് പറ്റിക്കാൻ താൽപര്യമില്ല.

എത്ര പാട്ടുകൾ പാടിയിട്ടുണ്ടാകും?

ഏകദേശം 1000– 1500 പാട്ടുകൾ. എണ്ണത്തിലല്ല. എത്ര പാട്ടുകൾ ആളുകളുടെ മനസ്സിൽ പതിഞ്ഞിട്ടുണ്ട് എന്നതിലാണ് കാര്യം. പാട്ട് എഴുതുമ്പോൾ അതിനെക്കുറിച്ച് ആഴത്തിൽ പഠിച്ച് എഴുതുക എന്നുള്ളതാണ് എന്റെ രീതി.

ജാഡക്കാരനാണ്, സ്റ്റുഡിയോയിൽ വൈകിയെത്തുക തുടങ്ങിയ ആരോപണങ്ങൾക്കുറിച്ച്?

എന്റെ തുടക്കക്കാലത്തുള്ള ആരോപണമാണത്. മറുപടി ഞാനല്ല പറയേണ്ടത്. നമ്മുടെ കണ്ണീരും ചിരിയും വരെ അഹങ്കാരമാണെന്ന് പറയുന്നവരുണ്ടാകും. എന്തിനെയാണ് ജാഡ എന്നു പറയുന്നത് എനിക്കറിയില്ല. ചിരിക്കാതിരിക്കുന്നതാണോ? ആളുകൾക്കിടയിലേക്കിറങ്ങി അവരോടു സംസാരിക്കാത്തതാണോ?  എന്നോട് ഇടപെടുന്നവരോട് എത്ര നേരം സംസാരിക്കാനും ഞാൻ തയ്യാറാണ്. ജാഡ കാണിക്കാൻ എന്റെ കയ്യിൽ ഒന്നുമില്ല. എന്നെപ്പോലെ ആയിരണക്കണക്കിനു പാട്ടുകാരുണ്ട്. ആൽബത്തിൽ പാടാൻ ഒന്നോ രണ്ടോ ദിവസത്തെ ഫണ്ട് മാത്രമേ കാണൂ. സമയപരിധിക്കുള്ളിൽ നിന്നു കൊണ്ട് ഷൂട്ട് ചെയ്യാനായിരിക്കും ശ്രമം. ഇതിനിടയിൽ ഞാൻ ആളുകളോടു തമാശയും പറഞ്ഞ്, ഫോട്ടോയും എടുത്തു കൊണ്ടിരുന്നാൽ പ്രൊഡ്യൂസറും സംവിധായകനും നാളെ എന്നെ വിളിക്കില്ല. എന്റെ അന്നം മുടങ്ങും. ആ സാഹചര്യം മനസിലാക്കേണ്ടത് ജനങ്ങളാണ്. എല്ലാവരേയും തൃപ്തിപ്പെടുത്തി മുന്നോട്ടു പോകാനാകില്ല. രണ്ടോ മൂന്നോ പ്രൊഡ്യൂസർമാർ ഒരു ദിവസം തന്നെയായിരിക്കും ഡേറ്റ് ചോദിച്ചിട്ടുണ്ടാകുക. അങ്ങേയറ്റം ഒരു ദിവസം പത്തു പാട്ടുകൾ മാത്രമേ പാടാനാകൂ. അതിനപ്പുറത്തേക്കു സാധിക്കില്ല. വിചാരിച്ച സമയത്തു പാടിത്തീർത്ത് പോകാനായെന്നു വരില്ല. അങ്ങനെയാണ് സ്റ്റുഡിയോയിൽ വൈകിയെത്തുന്നത്. മനപൂർവമല്ല.

 

ദുരനുഭവങ്ങൾ നേരിട്ടിട്ടുണ്ടോ?

നിരവധി ഉണ്ടായിട്ടുണ്ട്. പ്രതികരിച്ചിട്ടും ഉണ്ട്. പാട്ടിനെ വിമർശിക്കുന്നത് തെറ്റല്ല. വ്യക്തിപരമാകുന്നതാണ് പ്രശ്നം. 13 വർഷം മുൻപായിരുന്നു ഒരു സംഭവം നടന്നത്. കോഴിക്കോട് ജില്ലയിൽ ഒരു വേദിയിയിൽ വച്ചാണ് അത്. ബാപ്പയുമായുള്ള എന്റെ ബന്ധം നിർവചിക്കാനാകാത്തതാണ്. ഉപ്പ അസുഖബാധിതനായിരുന്നു. ഓപ്പറേഷൻ തിയറ്റിനു മുന്നിൽ ഒപ്പിട്ട് കൊടുത്തിട്ട് നേരെ ഞാൻ വരുന്നത് പാടാനാണ്. നേരത്തെ ഏറ്റെടുത്ത പരിപാടിയാണ്. ആളുകൾക്കു മുന്നിൽ സങ്കടം പറയാനാകില്ല. പാടുന്നതിനിടെ ചിലർ ബാരിക്കേഡിൽ പിടിച്ചു കുലുക്കി. അത് വീണാൽ സ്ത്രീകളും കുട്ടികളും അടക്കമുള്ളവർക്കു പരുക്കേൽക്കാൻ സാധ്യതയുണ്ട്. ഞാൻ വിലക്കി. നിന്റെ ബാപ്പയോടു പോയി പറയെടാ എന്നു ഒരാൾ പറഞ്ഞു. നീ ആണാണെങ്കിൽ ആൾക്കൂട്ടത്തിനിടയിൽ നിന്നും പറയാതെ സ്റ്റേജിനു പിറകിലേക്കു വരാൻ ഞാനും പറഞ്ഞു. ഇതോടെ ഒരു സംഘം ഇയാളെ മർദ്ദിച്ചു. ഞാൻ കാരണമാണ് അയാൾക്കു അടിയേറ്റതെന്നും എന്നെ സ്ഥലത്തു നിന്നും വിടില്ലെന്നും പറഞ്ഞ് ഒരു വിഭാഗം ആളുകൾ രംഗത്തെത്തി. ഇത്തരം അനുഭവങ്ങൾ പല സ്ഥലത്തു നിന്നും ഉണ്ടായിട്ടുണ്ട്.

ഇപ്പോൾ എന്തു ചെയ്യുന്നു?

രണ്ടു മാസമായി നടുവണ്ണൂരിൽ ഒരു സുഹൃത്തിന്റെ ലേഡീസ് ആൻഡ് കിഡ്സ് വെയർ ഷോപ്പിൽ സെയിൽമാനായി ജോലി ചെയ്യുന്നു. പിന്നെ നേരത്തെ ഏറ്റെടുത്ത ചില പാട്ടുകളുടെ റെക്കോർഡിങ്ങും.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN INTERVIEWS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

കലാലയങ്ങളിലേക്ക് തിരികെ

MORE VIDEOS
FROM ONMANORAMA