‘അംഗീകാരം ലഭിക്കാൻ സമയമെടുക്കും, എങ്കിലും ഞങ്ങൾ സന്തുഷ്ടരാണ്’; പുതിയ സംഗീതസൃഷ്ടിയെക്കുറിച്ച് ശാന്തി ബാലചന്ദ്രൻ

santy-balachandran
SHARE

വേറിട്ട ആശയാവിഷ്‌കാരവുമായി ആസ്വാദകമനസ്സുകളിൽ ഇടം നേടിയ സംഗീത ആൽബമാണ് ഒബ്ലിവിയോൺ. ഒരാളുടെ അന്ത്യനിമിഷങ്ങളിലൂടെ കടന്നു പോകുന്ന വിഡിയോയുടെ മനോഹരമായ ആശയം കണ്ടെത്തിയത് നടി ശാന്തി ബാലചന്ദ്രനായിരുന്നു. പഠനവും നാടകവുമായി നടക്കുമ്പോഴാണ് തരംഗത്തിലൂടെ ശാന്തി മലയാള സിനിമയിലേക്കു ചുവടു വച്ചത്. അഭിനയം മാത്രമല്ല എഴുത്തും വഴങ്ങുമെന്ന് ഇപ്പോൾ ഒബ്ലിവിയണിലൂടെ നടി തെളിയിച്ചിരിക്കുകയാണ്. ഒബ്ലിവിയോണിന്റെ എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസർ റോൾ കൂടി ശാന്തി ഭംഗിയായി നിർവഹിച്ചു. വിശേഷങ്ങളുമായി ശാന്തി ബാലചന്ദ്രൻ മനോരമ ഓൺലൈനിനൊപ്പം. 

പുതിയ ചുവടുകൾ

പുതിയൊരു മേഖലയിലേക്ക് കടന്നു വന്നപ്പോൾ വളരെയധികം സന്തോഷമായിരുന്നു. ക്രിയാത്മകമായി കാര്യങ്ങൾ ചെയ്യുന്നതിന് അവസരം ലഭിച്ചതിനൊപ്പം  ഒരുപാട് പുതിയ കാര്യങ്ങൾ പഠിക്കാനും സാധിച്ചു. എന്റെ കൂട്ടുകാർക്കൊപ്പം ജോലി ചെയ്യാൻ കഴിഞ്ഞതും ഏറെ സന്തോഷം നൽകുന്നു. എഴുതാൻ പണ്ട് മുതല്‍ താത്പര്യമുണ്ടായിരുന്നു. എഴുത്ത് സ്‌ക്രീനിലേക്ക് എത്തുന്നതിനെക്കുറിച്ചോർത്ത് വലിയ ആകാംക്ഷയാണ് തോന്നിയത്. ഈ സംഗീതവിഡിയോയുടെ ഓരോ ഘട്ടത്തിലും ഭാഗമാകാൻ കഴിഞ്ഞതിലും ഏറെ സന്തോഷവും അഭിമാനവും. 

വ്യത്യസ്തതയുമായി ഒബ്ലിവിയോൺ

അശ്വിൻ രഞ്ജു നേരത്തെ തന്നെ ഈ പാട്ടിനു വേണ്ടി സംഗീതമൊരുക്കിയിരുന്നു. മലയാളത്തിൽ അധികം കേൾക്കാത്ത ആർ ആൻഡ് ബി ട്രാപ്പ് ടൈപ്പ് ബീറ്റ് (R&B Trap Type Beat) ശൈലിയാണ് പാട്ടിൽ ഉപയോഗിച്ചിരിക്കുന്നത്. പുതുമയുളള സംഗീതത്തോടു ചേർന്നു നിൽക്കുന്ന സ്വതസിദ്ധമായിട്ടുള്ള ആൽബം നിർമ്മിക്കുക എന്നത്  തന്നെയായിരുന്നു ആദ്യ മുതലുളള പദ്ധതി. അത് തന്നെയായിരുന്നു അശ്വിന്റെയും ആവശ്യം. പുതുമ തോന്നുക എന്ന ഉദ്ദേശത്തോടെ തന്നെയായിരുന്നു വിഡിയോ ചെയ്തത്. ആസ്വാദകർക്ക് അത്തരത്തിലൊരു പുതുമ തോന്നി എന്ന് അറിഞ്ഞപ്പോൾ ഏറെ സന്തോഷം. മനു മഞ്ജിത്ത് എഴുതിയ വരികൾ വായിച്ചപ്പോൾ തന്നെ വളരെയധികം സാധ്യത തോന്നിയിരുന്നു. അവിടെ നിന്നാണ് ഒരാളുടെ അവസാന നിമിഷങ്ങളിലേക്കുള്ള ആശയം ഞാനെഴുതുന്നത്. വിഡിയോ സംവിധാനം ചെയ്ത ഡൊമനിക്ക് അരുണിന് ഈ ആശയം വളരെയധികം ഇഷ്ടപ്പെടുകയായിരുന്നു. അങ്ങനെയാണ് ഈ എഴുത്തു കൂടി ഉൾപ്പെടുത്തി പാട്ടിനെ വികസിപ്പിച്ചത്. ഈ വിഡിയോയ്ക്കു പിന്നിൽ പ്രവർത്തിച്ചവരെല്ലാം മികവുറ്റ കലാകാരന്മാരാണ്. എന്റെ എഴുത്തിന്റെ സാരാംശം അതേ രീതിയിൽ മനസ്സിലാക്കി ദൃശ്യവത്ക്കരിക്കാൻ നല്ലൊരു ടീം ആവശ്യമായിരുന്നു. അവരെല്ലാം തന്നെ ക്രിയാത്മകമായി ചിന്തിക്കുകയും, പരീക്ഷണങ്ങൾ നടത്താൻ താത്പര്യമുളളവരുമായിരുന്നു. സിനിമാറ്റോഗ്രഫി ചെയ്യുന്ന നിമിഷ് രവി, പ്രൊഡക്‌ഷൻ ഡിസൈനറായ ബംഗ്ലാന്‍ തുടങ്ങി എല്ലാവരും ദൃശ്യങ്ങൾ എങ്ങനെ ഭംഗിയാക്കാം എന്നു ചിന്തിച്ചവരായിരുന്നു. ഈ വിഡിയോയ്ക്ക് പുതുമ തോന്നുണ്ടെങ്കിൽ അതിന്റെ എല്ലാ അംഗീകാരവും ടീമിനുളളതാണ്. 

പേരിലെ കൗതുകം

‘ഒബ്ലിവിയോൺ’ എന്ന വാക്കിന്റെ അർത്ഥം ‘വിസ്മൃതി’ അല്ലെങ്കിൽ ഒന്നുമില്ലാത്ത അവസ്ഥ എന്നാണ്. ആൽബത്തിന്റെ ആശയത്തോട് ചേർന്നു നിൽക്കുന്ന വാക്കായതു കൊണ്ടാണ് ആ പേര് നൽകിയത്. ഒരാൾ ജീവിതത്തിനും മരണത്തിനും ഇടയിലുളള അവസ്ഥയിൽ നിൽക്കുമ്പോൾ അനുഭവിക്കുന്ന കുറച്ച് കാര്യങ്ങളാണ് ഇതിൽ പറയുന്നത്. അതിൽ നഷ്ടത്തിന്റെതായ ഒരു തലം കൂടി വരുന്നുണ്ട്. ഒപ്പം ഗൃഹാതുരത്വവുമുണ്ട്. ഒന്നുമില്ലായ്മയിലേക്കു പോകുന്ന ഒരാളുടെ യാത്രയെ കാണിക്കുന്ന വിഡിയോ ആയതിനാലാണ് ഒബ്ലിവിയോൺ എന്ന് പേരിട്ടിരിക്കുന്നത്.

പ്രൊജക്ടിലേക്ക് വരുന്നത് 

സംവിധായകൻ ഡൊമിനിക്ക് അരുണിനെയും സംഗീതസംവിധായകൻ അശ്വിനെയും എനിക്കു നാല് വർഷത്തോളമായി പരിചയമുണ്ട്. ഇരുവരും എന്റെ സുഹൃത്തുക്കളാണ്. ഞങ്ങളെല്ലാവരും തരംഗം സിനിമയുടെ ഭാഗമായി പ്രവർത്തിച്ചവരാണ്. അന്ന് മുതലാണ് പരിചയം. സുഹൃത്തക്കളോടൊപ്പം ജോലി ചെയ്യുക എന്നത് തികച്ചും രസകരമായ അനുഭവമായിരുന്നു. ഡൊമിനിക്കും ഞാനും ഒരുമിച്ച് കഴിഞ്ഞ വർഷം ഒരു സ്‌ക്രിപ്റ്റിൽ ജോലി ചെയ്തിരുന്നു. ആ സമയത്താണ് അശ്വിൻ സംഗീത വിഡിയോ ചെയ്യണമെന്ന ആഗ്രഹത്തോടെ ഈ പാട്ട് ഡൊമിനിക്കിന് അയക്കുന്നതും അവിടെ വച്ച് ഞാൻ പാട്ട് കേൾക്കാനിടയാകുന്നതും. ഞങ്ങൾ ഒരുമിച്ചിരുന്ന് ഈ പാട്ടിന് കൊടുക്കാവുന്ന ആശയങ്ങളെക്കുറിച്ച് ആലോചിച്ചു. ഞാൻ പറഞ്ഞ ഒരു ആശയം ഡൊമിനിക്കിന് ഇഷ്ടമാകുകയും എന്നോട് എഴുതാൻ പറയുകയായിരുന്നു. വേറിട്ടൊരു ആശയം നടപ്പിലാക്കാൻ താത്പര്യമുളള സംവിധായകൻ കൂടെ ഉണ്ടായതൊരു നേട്ടം തന്നെയാണ്. 

പരീക്ഷണം പാട്ടിൽ

പാട്ടിൽ നിന്നായിരുന്നു ഈ യാത്രയുടെ  തുടക്കം. അശ്വിൻ പാട്ടിൽ പരീക്ഷണങ്ങൾ നടത്താൻ ഇഷ്ടമുളള വ്യക്തിയായിരുന്നു. അതു കൊണ്ടാണ്  മലയാളത്തിൽ അധികം കേട്ടിട്ടില്ലാത്ത വിഭാഗത്തിൽ ഈ പാട്ടൊരുക്കിയത്. ഇതിനു പിന്നിൽ പ്രവർത്തിച്ചവരെല്ലാം ക്രിയാത്മകമായി നമ്മളെ തന്നെ എങ്ങനെ മെച്ചപ്പെടുത്താമെന്ന് ചിന്തിച്ചയുളളവരായിരുന്നു. അതു കൊണ്ടാണ് ഒബ്ലിവിയോണിന്റെ ആശയം എഴുതിയപ്പോൾ എനിക്കും ഒരു അവസരം ലഭിച്ചത്. സംഗീത ആൽബത്തിന്റെ ആശയം സ്വതന്ത്രമായി എഴുതാൻ സാധിക്കും. സിനിമ എഴുതുമ്പോൾ അതിനൊരു ഘടന, യുക്തി എന്നിവ ആവശ്യമാണ്. പക്ഷെ സംഗീത വിഡിയോയിൽ ഗാനം ഉള്ളതു കൊണ്ട് തന്നെ നമുക്ക് പരീക്ഷണങ്ങൾ നടത്തുന്നതിനുളള സ്വാതന്ത്ര്യം ഉണ്ടാകും. അതിന്റെ പ്രയോജനം പാട്ടിൽ ഉണ്ടായിരുന്നു.

എഴുത്തും അഭിനയവും

സിനിമയിൽ അഭിനയവും എഴുത്തുമാണ് ഇഷ്ടം. സംവിധാന മേഖലയിലേക്ക് കടക്കുന്നതിന് കൂടുതൽ അറിവും വൈദഗ്ധ്യവും ആവശ്യമാണ്. അതുകൊണ്ടുതന്നെ സംവിധാനം ചെയ്യുന്നതിനെക്കുറിച്ച് നിലവിൽ പദ്ധതികളില്ല. ‌സംവിധാനം വളരെ പ്രയാസമേറിയ ജോലിയായിട്ടാണ് എനിക്കു തോന്നുന്നത്. നമ്മുടെ ഭാവന പേപ്പറിൽ നിന്നും സ്‌ക്രീനിലേക്ക് എത്തിക്കുക എന്നത് സങ്കീർണം തന്നെയാണ്. അതിനുളള അറിവ് ഉണ്ടെന്ന് എനിക്ക് ഇതുവരെ വിശ്വാസം വന്നിട്ടില്ല. അഭിനയമല്ലാതെ ഏറെ ഇഷ്ടം എഴുത്തിനോടാണ്. എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസറെന്ന നിലയിൽ ഒരുപാട് കാര്യങ്ങൾ പഠിക്കാൻ സാധിച്ചു. സംവിധായകനൊപ്പം നല്ലൊരു ടീമിനെ കൈകാര്യം ചെയ്യാനും ഫണ്ടിങ് മാർക്കറ്റിങ്ങ് പോലുളള കാര്യങ്ങളും പഠിച്ചു. അതൊക്കെ രസകരമായ അനുഭവങ്ങൾ തന്നെ. 

ഒബ്ലിവിയോണും പ്രേക്ഷകശ്രദ്ധയും

ആൽബത്തിന്റെ പ്രവർത്തനങ്ങൾ തുടങ്ങിയപ്പോൾ മുതൽ ഞങ്ങളെല്ലാവരും ശ്രദ്ധിച്ചത് കിയാത്മകമായി എന്തൊക്കെ ചെയ്യാമെന്നതിലായിരുന്നു. ഇതിലൂടെ പുതുതായി പഠിക്കാനുളളതിനെ കുറിച്ചാണ് അധികവും ചിന്തിച്ചത്. യൂട്യൂബിൽ വിഡിയോ അപ്‌ലോഡ് ചെയ്യുമ്പോൾ നിശ്ചിത സമയത്തിനുളളിൽ ഇത്രയും ആളുകൾ കാണണമെന്നതിൽ ഞങ്ങളാരും ശ്രദ്ധ കേന്ദ്രീകരിച്ചിരുന്നില്ല. ആദ്യം മുതൽ തികച്ചും പരീക്ഷണാടിസ്ഥാനത്തിലുളള പ്രക്രിയയായിരുന്നു. പരിമിതമായ ബജറ്റിൽ നിന്നാണ് ഈ  വിഡിയോ പൂർത്തികരിച്ചത്. സുഹൃത്തുക്കളും മറ്റും പണം തന്നു പിന്തുണച്ചതോടെയാണ് ഒബ്ലിവിയോൺ ഷൂട്ട് ചെയ്തത്. ഇതിനൊരു മാർക്കറ്റിങ്ങ് ബജറ്റ് ഉണ്ടായിരുന്നില്ല. സംഗീത ആൽബം ഇഷ്ടപ്പെട്ട പ്രേക്ഷകരും അവരുടെ യഥാർത്ഥ പ്രതികരണവുമാണ് നിലവിലുള്ളത്. ഏത് മാധ്യമം ആയാലും പരീക്ഷണാടിസ്ഥാനത്തിലുളള പ്രവർത്തിനത്തിന് അംഗീകാരം ലഭിക്കാൻ സമയമെടുക്കും. ഞങ്ങൾ സന്തുഷ്ടരാണ്. യുട്യൂബിൽ എല്ലാ കാലത്തും വിഡിയോ ഉള്ളതിനാൽ ഇനിയും ആളുകൾക്കു കാണാനുളള അവസരമുണ്ട്.

പുതിയ പ്രാജക്ടുകൾ

ഞാനും ഡൊമിനികും ചേർന്നെഴുതുന്ന സിനിമ പ്രൊജക്ടിന്റെ ഷൂട്ടിങ് ഉടൻ ആരംഭിക്കാൻ സാധിക്കുമെന്നു പ്രതീക്ഷിക്കുന്നു. ബിബിൻ പോൾ സാമുവൽ സംവിധാനം ചെയ്യുന്ന ‘ആഹാ’ ഒരു സ്‌പോർട്‌സ് ഡ്രാമയാണ്. അതിൽ ഇന്ദ്രജിത്തിന്റെ നായികയാണ് ഞാൻ. സിദ്ധാർഥ് ഭരതൻ സംവിധാനം ചെയ്ത് സൗബിൻ ഷാഹിറിനൊപ്പമുളള ജിന്നാണ് റിലീസ് ചെയ്യാനിരിക്കുന്ന അടുത്ത ചിത്രം. സിദ്ധാർഥ് തന്നെ സംവിധാനം ചെയ്യുന്ന ചതുരത്തിൽ നാല് പ്രധാനപ്പെട്ട  കഥാപാത്രങ്ങളിൽ ഒരാളായും എത്തുന്നുണ്ട്.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN INTERVIEWS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

എന്നെ വിമർശിച്ചോളൂ, എന്തിനു വീട്ടുകാരെ പറയണം? | Anusree | Manorama Online

MORE VIDEOS
FROM ONMANORAMA