‘തിരുകിക്കയറ്റിയതല്ല 15 പാട്ടുകള്‍, ഗായകരിൽ പൃഥ്വിയും ദിവ്യയും’; ‘ഹൃദയം’ നിറയെ പാട്ടുകളുമായി ഹിഷാം

hridayam-hesham
SHARE

പ്രണയവും സൗഹൃദവും ഇഴചേർന്ന, നാരങ്ങാമിഠായി പോലുള്ള കഥകൾ മാത്രമല്ല നല്ല പാട്ടുകളുടേതും കൂടിയാണ് വിനീത് ശ്രീനിവാസൻ സിനിമകൾ. ആ പാട്ടുകളത്രയും തീർത്തതാകട്ടെ ഷാൻ റഹ്മാനും. പക്ഷെ പുതിയ ചിത്രമായ ഹൃദയത്തിൽ പാട്ടുകളൊരുക്കുന്നത് ഹിഷാം അബ്ദുൽ വഹാബാണ്.  സിനിമകളിൽ പാട്ടുകളുടെ നല്ലകാലം കഴിഞ്ഞുവെന്ന പറച്ചിലുകൾക്കിടയിലേക്കു പതിനഞ്ചു പാട്ടുകളുമായാണ് വിനീത് ചിത്രമെത്തുന്നത്. പാട്ടു വഴികളെക്കുറിച്ച് ഹിഷാം മനോരമ ഓൺലൈനിനോടു മനസ്സ് തുറക്കുന്നു. 

ആ സൗഹൃദം തന്ന ഹൃദയ ഗാനങ്ങൾ...

സംഗീതസംവിധായകൻ ആവുക എന്നുള്ളതായിരുന്നു എന്നത്തെയും ആഗ്രഹം. അതിന്റെ സാക്ഷാത്കാരമായിരുന്നു ‘സാൾട്ട് മാംഗോ ട്രീ’ എന്ന സിനിമ. പക്ഷെ അതിനു മുൻപേ ‘ഖദം ബദ്ഹ’ എന്നൊരു സംഗീത ആൽബം ചെയ്തിരുന്നു. സംഗീതസംവിധാനം എന്ന സ്വപ്നത്തിനു തുടക്കമാകുന്നതും ആത്മവിശ്വാസമാകുന്നതും ആ വിഡിയോയാണ്. വിനീത് ശ്രീനിവാസൻ ചേട്ടൻ എന്റെ പാട്ടുകൾ ശ്രദ്ധിക്കാൻ തുടങ്ങിയതും ആ വിഡിയോ കണ്ടതിനു ശേഷമാണ്. സാൾട്ട് മാംഗോ ട്രീക്കു ശേഷം കുറേ സിനിമകൾ ചെയ്തിരുന്നു. പക്ഷെ അതെല്ലാം ചെറു സിനിമകളും അധികനാൾ തിയറ്ററിൽ ഓടാത്ത ചിത്രങ്ങളുമായിരുന്നു. എന്നാൽ അവയെല്ലാം എനിക്ക് എന്നെന്നും പ്രിയപ്പെട്ട സിനിമകളാണ്. കാരണം, ഇനിയും ഏറെ നാൾ സംഗീതസംവിധായകനായി തന്നെ നിൽക്കണം എന്നു മനസ്സിലുറപ്പിച്ചു തന്നത് സിനിമകളായിരുന്നു. അത്‌ പകരംവയ്ക്കാനില്ലാത്ത സംഗീത പഠന അനുഭവങ്ങൾ കൂടിയായിരുന്നു. ഒരു വർഷം മുൻപ് ഇത്രയും പാട്ടുകളുടെ കാര്യം പറയാൻ വിനീത് ചേട്ടൻ എനിക്കരികിൽ എത്തിയതും ഈ സിനിമകൾ കാരണമാണ്. ‘ക്യാപ്പുച്ചിനോ’ എന്ന സിനിമയിൽ എനിക്ക് വിനീത് ചേട്ടനെക്കൊണ്ടു പാടിക്കാനായി. പ്രശസ്തമായ വിനീത് ശ്രീനിവാസൻ- ഷാൻ റഹ്മാൻ കൂട്ടുകെട്ടിൽ വന്ന ‘തിര’ എന്ന സിനിമയിൽ അവർ എനിക്കും ഒരു പാട്ട് പാടാനായി തന്നു. അതുപോലെ വിനീത് ചേട്ടന് എന്റെ ആദ്യ മ്യൂസിക് ആൽബവും വലിയ ഇഷ്ടമായി. അങ്ങനെ കുറേ നാളായി ഞങ്ങൾക്കിടയിലുള്ള സംഗീത സംബന്ധിയായ പരിചയമാണ് എന്നെ ഈ സിനിമയുടെ ഭാഗമാക്കിയത്. വിനീത് ചേട്ടനെ അറിയാമായിരുന്നുവെങ്കിലും ഇത്രയും വേഗം അദ്ദേഹത്തെപ്പോലെ ഒരു സംവിധായകനൊപ്പം ഒരു സിനിമ ചെയ്യാൻ കഴിയും എന്നു ഞാൻ വിചാരിച്ചിരുന്നില്ല. അതൊരു മഹാഭാഗ്യമായാണ് കരുതുന്നത്.

കണ്ടറിഞ്ഞു കൈതപ്രം മാജിക്‌

ഒരു വർഷം മുൻപാണ് ഹൃദയത്തിലെ പാട്ടുകളെക്കുറിച്ചു പറഞ്ഞുകൊണ്ടു വിനീത് ചേട്ടൻ വരുന്നത്. ആരാണ് പാട്ടെഴുതുന്നത് എന്നു ചിന്തിച്ചപ്പോൾ എന്റെ മനസ്സിലേക്ക് ആദ്യം വന്ന പേര് കൈതപ്രം ദാമോദരൻ നമ്പൂതിരിയുടേതായിരുന്നു. വിനീത് ചേട്ടനും മറ്റൊരു അഭിപ്രായം ഇല്ലായിരുന്നു. ഉടനെ തന്നെ ഞങ്ങൾ അദ്ദേഹത്തിനെ പോയി കണ്ടു സമ്മതം വാങ്ങി. എന്നെ എന്നും അത്ഭുതപ്പെടുത്തിയിരുന്ന പേരാണ് കൈതപ്രം ദാമോദരൻ നമ്പൂതിരി. അദ്ദേഹത്തിന് എങ്ങനെയാണ് ഇങ്ങനെ എഴുതാനുള്ള ഊർജ്ജവും ഭാവനയും കിട്ടുന്നതെന്നോർത്ത് പണ്ടൊക്കെ അത്ഭുതപ്പെട്ടിട്ടുണ്ട്. ആ കൗതുകത്തിൽ നിന്നാണ് വരികളെഴുതാൻ അദ്ദേഹത്തിനടുത്തേക്കു പോയാലോ എന്നു ചിന്തിച്ചത്. സിനിമയുടെ ആത്മാവറിഞ്ഞു വരികൾ എഴുതാനുള്ള അദ്ദേഹത്തിന്റെ പ്രതിഭ നേരിട്ടറിയുകയായിരുന്നു അന്ന്. വെറും നാല് മണിക്കൂർ കൊണ്ട് ആറ് പാട്ടുകളാണ് തിരുത്തലും കഴിഞ്ഞു ഞങ്ങൾക്കു തന്നത്. എഴുതുമ്പോൾ മറ്റൊന്നിലേക്കും അദ്ദേഹത്തിന്റെ ശ്രദ്ധ തിരിയാതെ, സിനിമയിലെ പ്രമേയത്തിനും പാട്ട് വരുന്ന സന്ദർത്തിലും മാത്രമാണ് മനസ്സ് എന്നതാണ് മനോഹരമായ എഴുത്തിനു പിന്നിലെ രഹസ്യം എന്ന് അന്നു മനസ്സിലാക്കി.

അവസാനമാണ് അറിഞ്ഞത്

പതിനഞ്ച് പാട്ടുകൾ എന്നത് വളരെ യാദൃച്ഛികമായി സംഭവിച്ച കാര്യമാണ്. കുറേ ഗാനങ്ങൾ വേണം എന്ന ചിന്തയോടെ പാട്ടുകൾ കുത്തിതിരുകിയതല്ല. എല്ലാം സിനിമയുടെ പ്രമേയത്തിന് അത്യാവശ്യമായ പാട്ടുകളായിരുന്നു. എല്ലാ ഗാനങ്ങളും കമ്പോസ് ചെയ്തതിനുശേഷമാണ് ട്രാക്കുകളുടെ എണ്ണം പോലും  നോക്കിയത്. അവസാനമായി ഞങ്ങൾ എണ്ണി നോക്കുമ്പോഴാണ് പതിനഞ്ചു പാട്ടുണ്ടെന്ന തിരിച്ചറിവുണ്ടാകുന്നത്. അതുവരെ ഞങ്ങൾ ഒരിക്കലും പാട്ടുകളുടെ എണ്ണമോ ഇത്ര പാട്ടുകൾ വേണമെന്നോ ഒന്നും ‌‌‌‌ചിന്തിച്ചിരുന്നില്ല. ആ സിനിമയോടും കഥയോടുമൊപ്പം ഞങ്ങൾ ഇങ്ങനെ സഞ്ചരിക്കുകയായിരുന്നു

15 ഗാനങ്ങളും പാടിയിരിക്കുന്നത് ഒരു വലിയ സംഘം ഗായകർ ചേർന്നിട്ടാണ്. അതിൽ വ്യത്യസ്തരായിട്ടുള്ളത് വിനീത് ചേട്ടന്റെ ഭാര്യ ദിവ്യ ചേച്ചിയും നടൻ പൃഥ്വിരാജുമാണ്. ദിവ്യ ചേച്ചിയുടെ ആദ്യത്തെ സിനിമയാണിത്. ഇന്നത്തെ സിനിമകളിൽ അഭിനേതാക്കളെ കൊണ്ടു പാടിക്കുന്ന രീതിയുണ്ടെങ്കിലും ഇവിടെ മനഃപൂർവം അങ്ങനെ ചെയ്തിട്ടേയില്ല. സിനിമയിൽ കേൾക്കുമ്പോഴും അല്ലാതെ കേൾക്കുമ്പോഴും ആ പാട്ട് പാടാൻ അനുയോജ്യമായ ശബ്ദം എന്നു തോന്നിയവരെ മാത്രമാണ് തെരഞ്ഞെടുത്തത്. പാട്ടുകൾ കേൾക്കുമ്പോൾ അത് മനസ്സിലാകും. ഒരു ഗാനം പാടിയത് ചിത്ര ചേച്ചിയാണ്. ചെന്നൈയിൽ വച്ചായിരുന്നു റെക്കോർഡിങ്. എന്തുകൊണ്ട് അവരൊക്കെ ഇതിഹാസ തുല്യരായി നിൽക്കുന്നു എന്നുള്ളത് മനസ്സിലാക്കി തന്ന നിമിഷങ്ങളായിരുന്നു അത്‌. ആദ്യം ഗാനം പാടുന്ന ശ്രദ്ധയോടെ സ്വര സ്‌ഥാനങ്ങളും പാട്ടിന്റെ വരികളും എഴുതിയെടുത്തു. കൈതപ്രത്തിന്റെ വരികളുടെ ഭംഗി അങ്ങേയറ്റം ഉൾക്കൊണ്ടുകൊണ്ടാണ് ചേച്ചി പാടിയത്. സംഗീത സംവിധായകൻ എന്നതിലുപരി വ്യക്തിപരമായി എനിക്കു വ്യത്യസ്തമായ അനുഭവമാണ് ‘ഹൃദയം’ സമ്മാനിച്ചത്. പ്രിയപ്പെട്ട കുറേ പാട്ടുകാരെ കൊണ്ടു പാടിക്കാനായി. ശ്വേത അശോക് എന്നൊരു പുതിയ ഗായികയെയും അവതരിപ്പിച്ചു. എന്നെന്നും പ്രിയപ്പെട്ട ഉണ്ണിമേനോൻ സർ, ശ്രീനിവാസൻ സർ എന്നിവരും എന്റെ ഈണങ്ങൾ പാടി. പുതിയ തലമുറയിലെ വ്യത്യസ്ത ഗായകരെ കൊണ്ടും പാടിക്കാനായി.

അത് മറ്റൊന്നിനു വഴിമാറി

സിനിമ പാട്ടുകളുടെ കാലം കഴിഞ്ഞു എന്നു ഞാൻ ചിന്തിക്കുന്നില്ല. എക്കാലത്തും ഇതുപോലെ തന്നെയായിരുന്നു. ഒരു പത്ത് വർഷം മുൻപുവരെ സിനിമയിൽ പാട്ടുകളുടെ സുവർണ്ണകാലമായിരുന്നു. ഒരു സിനിമ പുറത്തു വരുമ്പോൾ പാട്ടുകൾ ഏതെന്ന് എല്ലാവരും നോക്കിയിരിക്കും. അതുപോലെ നിശ്ചയമായും പാട്ടുകൾ വേണം എന്നു സംവിധായകർക്കും നിർബന്ധമുണ്ടായിരുന്നു അന്ന്. ഇന്ന് അതല്ല സ്ഥിതി സിനിമയിൽ പാട്ടുകൾ വേണമെന്നു നിർബന്ധമില്ല. ഹിറ്റുകളുടെ എണ്ണവും കുറഞ്ഞു. പക്ഷേ സംഗീതസംവിധായകർക്കുള്ള പ്രാധാന്യം കുറഞ്ഞിട്ടില്ല. കാരണം പാട്ടുകളുടെ എണ്ണം കുറവാണെങ്കിലും പശ്ചാത്തല സംഗീതത്തിനു വലിയ പ്രാധാന്യം ഇന്നത്തെ സംവിധായകർ നൽകുന്നുണ്ട്. അത്‌ ആളുകൾ ശ്രദ്ധിക്കുന്നുമുണ്ട്. ഇപ്പോൾ സംഗീതസംവിധായകർക്ക് സിനിമയിൽ പണ്ടത്തേക്കാളേറെ കാര്യങ്ങൾ ചെയ്യാനുണ്ട് എന്നാണ് എനിക്കു തോന്നിയിട്ടുള്ളത്. 

വ്യത്യസ്തതയാണ് ഓരോ സംവിധായകനും ആഗ്രഹിക്കുന്ന കാര്യം. അതിനു വേണ്ടിയുള്ള ഒരു സ്വാതന്ത്ര്യം അവർ സംഗീതസംവിധായകർക്കു നൽകുന്നുണ്ട്. പാട്ടുകാരെ തിരഞ്ഞെടുക്കാനും സംഗീതോപകരണങ്ങൾ അവതരിപ്പിക്കാനും വാദ്യോപകരണങ്ങൾ അല്ലാത്തവയും പശ്ചാത്തല സംഗീതത്തിൽ കൊണ്ടുവരാനുമൊക്കെ കഴിയുന്നതും വ്യത്യസ്തമായ ഒരു സംഗീത അനുഭവം സാധ്യമാക്കുന്നു. സംവിധായകർക്കു കുറച്ചുകൂടി വിശാലമായൊരു സംഗീതലോകം തുറന്നു നൽകപ്പെടുന്നതും അതുവഴി പുതിയ സൃഷ്ടികൾ സാധ്യമാകുന്നതും ഇതുകൊണ്ടു കൂടിയാണെന്നു ഞാൻ കരുതുന്നു.

അന്താരാഷ്ട്ര ശ്രദ്ധ നേടിയ ‘എൻജോയ് എൻജാമി’ പോലുള്ള പാട്ടുകളുണ്ടാകുന്നതും അതുകൊണ്ടാണ്. ധീ, സന്തോഷ്‌ നാരായണൻ എന്നിവർക്കൊക്കെ തമിഴ് സിനിമ മേഖലയിൽ നിന്നുകൊണ്ട് ഇത്തരം ആവിഷ്കാരങ്ങൾ ചെയ്യാൻ സാധിക്കുന്നതും അതുകൊണ്ടു തന്നെ. കുറച്ചുകൂടി സ്വതന്ത്രരാകാൻ ശ്രമിക്കുമ്പോൾ സംഗീതലോകം കുറേക്കൂടി വളരുകയാണ്, വിശാലമാവുകയാണ്, ഒപ്പം അതിനു പുതിയ അർഥങ്ങൾ കൈവരികയുമാണ്. അതുതന്നെയാണ് കാലം ആവശ്യപ്പെടുന്നതും.

സത്യസന്ധതയാണ് കയ്യൊപ്പ്

എനിക്ക് പലപ്പോഴും തോന്നിയിട്ടുള്ളതും ഞാൻ എന്റെ സുഹൃത്തുക്കളോടും വേണ്ടപ്പെട്ടവരോടും പറയാറുള്ളതും നമ്മുടെ വ്യക്തി ജീവിതത്തിന്റെ തുടർച്ചയാണ് കലാജീവിതം എന്നാണ്. വ്യക്തിജീവിതത്തിൽ നമ്മൾ എടുക്കുന്ന നിലപാടുകൾ, നമ്മുടെ ഇഷ്ടങ്ങൾ, നമ്മുടെ സത്യസന്ധത, ആത്മാർഥത ഇതെല്ലാംകൂടി ചേർന്നിട്ടുള്ളതാണ് നമ്മുടെ കലാജീവിതം. അത്‌ ജീവിതത്തിന്റെ തുടർച്ചയും പ്രതിഫലനവുമാണ്. വ്യക്തിജീവിതത്തിൽ എങ്ങനെയാണോ സത്യസന്ധത പുലർത്തുന്നത് അതുപോലെ ആയിരിക്കും നമ്മുടെ കലാജീവിതത്തിൽ നമ്മൾ ഏറ്റടുക്കുന്ന ഉത്തരവാദിത്തങ്ങളോടുള്ള ചിന്താഗതിയും നമുക്ക് അതിൽ നിന്നു കിട്ടുന്ന ഫലവും. ഇതേ ചിന്താഗതിയുള്ളവരോടൊത്തുള്ള അനുഭവങ്ങളും മനോഹരമായിരിക്കും എന്നുകൂടി മനസ്സിലാക്കി തന്ന ദിനങ്ങളായിരുന്നു വിനീത് ചേട്ടനോടൊത്തുള്ളത്. സിനിമകളും ആൽബങ്ങളും ഒരു ലക്ഷ്യമായി മുന്നിലുള്ളപ്പോൾ മാത്രമല്ല മിക്കപ്പോഴും ഞാൻ ചിന്തിക്കുന്നത് സംഗീതത്തെ കുറിച്ചാണ്. അതുപോലെ തന്നെയുള്ള ഒരു വ്യക്തിയായിരുന്നു വിനീത് ചേട്ടനും. പാട്ടുകളുടെ റെക്കോർഡിങ്ങിന് ഒരുമിച്ചിരിക്കുമ്പോഴൊക്കെ ഇടക്കിടെ ചേട്ടൻ എന്തോ ചിന്തിക്കുന്ന പോലെ എനിക്ക് തോന്നുമായിരുന്നു. അപ്പോൾ ഞാൻ ചോദിച്ചിരുന്നു ഹൃദയത്തെ കുറിച്ചല്ലേ ചിന്തിക്കുന്നതെന്ന്, അതേ എന്നു ചിരിച്ചുകൊണ്ട് ചേട്ടൻ ഉത്തരം നൽകും. അത്രമാത്രം സത്യസന്ധമായി സിനിമയെ സമീപിക്കുന്ന വ്യക്തിയാണ് അദ്ദേഹം. കലാജീവിതത്തിൽ മുന്നേറാൻ ഒരു വ്യക്തിക്ക് ആത്യന്തികമായി വേണ്ടതും എപ്പോഴും തന്റെ കർമമേഖലയെ കുറിച്ചുള്ള ചിന്തയായിരിക്കണം. എന്റെ ഈ ചിന്തയെ ഊട്ടിയുറപ്പിച്ച ദിനങ്ങളായിരുന്നു ഹൃദയത്തിനു വേണ്ടിയുള്ളത്. അതിൽ ഏറ്റവും മറക്കാനാകാത്തത് ഇസ്താംബൂളിൽ വിനീത് ചേട്ടനൊപ്പം പോയി താമസിച്ച ദിനങ്ങളാണ്.

ഉമർ ഹബീബ് എന്നൊരു പെർക്കൂഷനിസ്റ്റിന്റെ സ്റ്റുഡിയോയിലായിരുന്നു ഒരാഴ്ച്ചത്തെ താമസവും റെക്കോർഡിങ്ങും. പാട്ടിലെ കുറേ വാദ്യോപകരണങ്ങൾ അവിടെ വച്ചായിരുന്നു റെക്കോർഡ്‌ ചെയ്തത്. അവിടത്തെ സംഗീതജ്ഞർക്കും ഞങ്ങൾക്കുമിടയിലെ ഭാഷ സംഗീതം മാത്രമായിരുന്നു. ചിലപ്പോഴൊക്കെ സ്കോറുകൾ വായിച്ചു കഴിഞ്ഞ് അവർ വന്നു കൈ തരും. അപ്പോഴത്തെ അനുഭൂതി പറഞ്ഞറിയിക്കാനാകില്ല, അതുപോലെയായിരുന്നു ചിലപ്പോഴൊക്കെ വിചാരിച്ചതു പോലെ റെക്കോർഡിങ് ഭംഗിയായി പൂർത്തിയാകുമ്പോൾ വിനീത് ചേട്ടന്‍ ചിരിക്കുന്നതും ആ കണ്ണുകൾ വിടർന്നു വരുന്നതും.

പേടിച്ച പോലെയായില്ല ആ റെക്കോർഡിങ്ങുകൾ 

പൃഥ്വിരാജ് ചേട്ടനൊക്കെ അവരുടെ മേഖലയിൽ മികച്ച പ്രകടനം കാഴ്ചവയ്ക്കുന്ന ടെക്നീഷന്മാരാണ്.സംവിധായകനായും നടനായും ഗായകനായും തന്റേതായ ഒരു ശൈലി കൊണ്ട് വന്നിട്ടുളള ഒരു ടെക്നീഷ്യൻ. അദ്ദേഹവുമൊത്തുള്ള പാട്ടിന്റെ റെക്കോർഡിങ് സമയത്ത് എനിക്കു വലിയ ആകാംക്ഷയും ചെറിയ പേടിയും ഉണ്ടായിരുന്നു. കാരണം പൃഥ്വിരാജ് ചേട്ടന്‍ പാടാൻ വരുന്നു, അദ്ദേഹത്തിന്റെ പാട്ട് ഞാൻ റെക്കോർഡ് ചെയ്യണം,‌ ഞാൻ കമ്പോസ് ചെയ്തിട്ടുള്ള ട്രാക്ക് ഉദ്ദേശിച്ച രീതിക്കു തന്നെ വരുത്തണം, ഒരു തവണ പാടിയിട്ടു ശരിയായില്ലെങ്കിൽ പിന്നെ ഒന്നുകൂടി പാടാൻ പറയാനുള്ള പറ്റുമോ എന്നൊക്കെ ഞാൻ മനസ്സിൽ വിചാരിച്ചു. കാരണം അവരുടെ തിരക്കുകളിൽ നിന്നു കുറച്ചു സമയം മാറ്റി വച്ചിട്ടാണല്ലോ പാടാന്‍ വരുന്നത്. വന്നപ്പോൾ തന്നെ ട്രാക്ക് കേട്ട് അതിന്റെ വരികൾ എഴുതിയെടുത്തു. ഓരോ വരിയും കേട്ട് കേട്ട് ഒരു മികച്ച ഗായകൻ എങ്ങനെയാണോ റെക്കോർഡ് ചെയ്യുക അതുപോലെ തന്നെയായിരുന്നു പൃഥ്വിരാജ് ഏട്ടനും പാടിയത്. ‌എന്തു തെറ്റുണ്ടെങ്കിലും തിരുത്തുണ്ടെങ്കിലും പറയാൻ മടിക്കരുതെന്ന് പലപ്പോഴും ഞങ്ങളോടു പറയുകയും ചെയ്തു. അതു കേട്ടതോടെ എന്റെ ടെൻഷൻ മാറി. അദ്ദേഹത്തെ പോലെ വളരെ മുതിർന്ന ഒരു ആളിൽ നിന്നും, തിരക്കേറിയ ഒരാൾ നിന്നും അങ്ങനെ ഒരു വാചകം കേൾക്കാൻ കഴിയുമെന്നേ വിചാരിച്ചിരുന്നില്ല. വളരെ മനോഹരമായ ഒരു സെഷനായിരുന്നു അത്. ട്രാക്കിലും അത് പ്രതിഫലിച്ചിട്ടുണ്ട് എന്നാണ് എന്റെ വിശ്വാസം. 

ചിത്ര ചേച്ചിയോടൊപ്പമുളള അനുഭവവും ഇതുപോലെ തന്നെയാണ്. ഇപ്പോഴുള്ള എല്ലാ ഗായകരും കണ്ടു പഠിക്കേണ്ട ഒന്നാണ് ആ കൃത്യനിഷ്ഠ. അതുപോലെ തന്നെ ഒരു പാട്ട് തുടങ്ങുന്നതിനു മുൻപു തന്നെ അവരവരുടെ രീതിക്ക് അതിന്റെ സ്വരസ്ഥാനങ്ങൾ ചിട്ടപ്പെടുത്തുക. അതു പലതവണ റെക്കോർഡ് ചെയ്തു കേട്ടു പഠിക്കുക. അതിൽ എന്തു സംശയം ഉണ്ടെങ്കിലും സംഗീതസ൦വിധായകനോടു ചോദിക്കുക. സീനിയർ ആയാലും ജൂനിയർ ആയാലും അങ്ങനെ തന്നെ.  അന്ന് റെക്കോർഡിങ് സമയത്ത് ചേച്ചി കാണിച്ച അച്ചടക്കവും ആത്മാർത്ഥതയും എന്നെ വല്ലാതെ ആകർഷിച്ചിരുന്നു. ആ പാട്ട് എടുക്കുന്ന സമയത്ത് ഇത് ഏത് മോഡുലേഷനിൽ ചെയ്യണമെന്നുപോലും പലതവണ എന്നോട് ചോദിച്ചു കൊണ്ടിരുന്നു. ഞാൻ ചേച്ചിയോടു പറഞ്ഞതിനേക്കാൾ ചേച്ചി എന്നോടാണ് ചോദിച്ചു കൊണ്ടിരുന്നത്. ചിത്ര ചേച്ചിയെ വാനമ്പാടി എന്നു വിളിക്കുന്നതിൽ യാതൊരു സംശയവുമില്ല. ഇതിൽ നിന്നും ഒട്ടും വ്യത്യസ്തമായിരുന്നില്ല എനിക്ക് ഏറെ പ്രിയപ്പെട്ട ഉണ്ണി മേനോൻ സാറും ശ്രീനിവാസ് സാറും.

 

വെറുതെ പാടിച്ചതല്ല

വിനീത് ചേട്ടന്റെ ഭാര്യ ദിവ്യ ചേച്ചിയും സിനിമയിൽ പാടിയിട്ടുണ്ട്. ചേച്ചിയുടെ ആദ്യത്തെ സിനിമാ ഗാനം ആണിത്. അമേസിങ് കപ്പിൾ എന്നാണ് എനിക്കവരെക്കുറിച്ചു പറയാനുള്ളത്. വിവാഹ ശേഷം നമ്മുടെ നല്ല പാതിയുടെ നിലപാടുകളും ചിന്താഗതിയുമൊക്കെ നമ്മുടെ സർഗ്ഗ സൃഷ്‌ടികളിൽ പ്രതിഫലിക്കുമെന്നു വിശ്വസിക്കുകയും അത്‌ അനുഭവിച്ചറിയുകയും ചെയ്തയാളാണ് ഞാൻ. വിനീത് ചേട്ടന് ദിവ്യ ചേച്ചി നൽകുന്ന പിന്തുണ കണ്ടപ്പോൾ എനിക്കും അനുഭവപ്പെട്ടത് അതുതന്നെയാണ്. ഹൃദയത്തെ കുറിച്ച് വിനീത് ചേട്ടൻ എത്രമാത്രം ശ്രദ്ധലുവാണോ അത്രതന്നെയുണ്ടായിരുന്നു ചേച്ചിക്കും. പാട്ടുകാർ ആരൊക്കെയെന്നു ചിന്തിക്കുമ്പോൾ ആദ്യം ചേച്ചിയുടെ പേര് മനസ്സിലില്ലായിരുന്നു. പക്ഷേ ഒരു പാട്ട് ചെയ്തു വന്നപ്പോൾ ചേച്ചിയുടെ സ്വരം മാത്രമാണ് മനസ്സിലേക്കു വന്നത്. മുൻപൊരിക്കൽ ചേച്ചി പാടിയ ആൽബം പ്രോഗ്രാം ചെയ്തതുകൊണ്ട് ഈ പാട്ട് പാടാൻ ചേച്ചിയുടേതിനപ്പുറം നല്ലൊരു ശബ്ദമില്ല എന്നെനിക്കു തോന്നി. കുറേക്കാലം കാതിൽ തങ്ങി നിൽക്കുന്ന വ്യത്യസ്തമായ സ്വരമാണ് ചേച്ചിയുടേത്.

 

എക്കാലവും പ്രിയപ്പെട്ടവരും ഓർമ്മകളും

എന്നെന്നും പ്രചോദിപ്പിച്ച സംഗീത സംവിധായകൻ എ.ആർ റഹ്മാൻ സർ ആണ്. പ്രത്യേകിച്ച് 2010 വരെയുള്ള അദ്ദേഹത്തിന്റെ സിനിമകൾ. ‘ജോധ അക്ബർ’ സിനിമ ഇറങ്ങുന്ന സമയത്താണ് അദ്ദേഹത്തിന്റെ അടുത്ത് വോയ്സ് ടെസ്റ്റിന്  ഉഷ ഉതുപ്പ് വഴി പോകുന്നത്. എന്റെ വഴി സംഗീതസംവിധാനം തന്നെയാണെന്ന് ഉറപ്പിച്ചത് ആ യാത്ര കൊണ്ടുകൂടിയാണ്. മലയാളത്തിലാണെങ്കിൽ ജോൺസൺ മാസ്റ്ററിൽ നിന്നും ഔസേപ്പച്ചൻ സാറിൽ നിന്നുമൊക്കെ ഒരുപാട് പ്രചോദനം ഉൾക്കൊണ്ടിട്ടുണ്ട്. അവരുടെ എല്ലാം പാട്ടുകേട്ട് വളർന്നതു തന്നെയാണ് ഏറ്റവും വലിയ അനുഭവം. സൗദിയിലാണ് ഞാൻ പഠിച്ചതും വളർന്നതുമൊക്കെ. ഉമ്മ മലയാളം അധ്യാപിക ആയിരുന്നതിനാൽ ഞാൻ മലയാളമറിയാത്ത ഒരു പ്രവാസിയേയായിരുന്നില്ല. മലയാളം സിനിമകളുടെ ഓഡിയോ കാസറ്റുകൾ ഇറങ്ങുന്ന ദിവസം തന്നെ എന്നെയും കൊണ്ടുപോയി അതു വാങ്ങി തരുമായിരുന്നു. അടുത്തിടെ അവർ സൗദി ജീവിതം അവസാനിപ്പിച്ചു നാട്ടിലേക്കു മടങ്ങിയപ്പോൾ എന്റെ എല്ലാ കാസറ്റുകളും തിരികെ കൊണ്ടുപോന്നു. അവയിൽ മിക്കതും മലയാളം കാസറ്റുകൾ ആയിരുന്നു.

ഞാനും എന്റെ സംഗീത ജീവിതവും

ഞാൻ ഇപ്പോഴും പാട്ട് പഠിക്കുന്നുണ്ട്. കൊല്ലം ബാലമുരളി ആണ് എന്റെ അധ്യാപകൻ. 2007ൽ ചാനൽ റിയാലിറ്റി ഷോയിൽ പാടി തുടങ്ങിയതു മുതലുള്ള എന്റെ ഗുരുവാണ് അദ്ദേഹം. എല്ലാ ആഴ്ചയും കഴിവതും ഒരു ദിവസമെങ്കിലും ഞാൻ അദ്ദേഹത്തിന്റെ കൂടെ ചിലവഴിക്കാറുണ്ട്. രാഗങ്ങളുടെ കാര്യങ്ങൾ സംസാരിക്കാനും എന്റെ ക൪ണ്ണാട്ടിക് സംഗീത പഠനം തുടരാനും വേണ്ടിയാണത്. എന്റെ പഠനം തന്നെയാണ് എനിക്കു മുന്നോട്ടു പോകാനുള്ള ഊ൪ജം നൽകുന്നത്. കാരണം, ഒരു പാട്ട് ചെയ്തു കഴിഞ്ഞാൽ അടുത്തത് വ്യത്യസ്തമായി ചെയ്യാനാണ് എന്റെ ആഗ്രഹം. അതുകൊണ്ടു തന്നെ രാഗങ്ങൾ ഒരുപാട് ഉപയോഗിക്കുമ്പോൾ പല രീതിയിൽ ചിന്തിക്കാനും അതിനൊത്തു പ്രവൃത്തിക്കാനും സാധിക്കും. പല രാഗങ്ങൾ തിരഞ്ഞെടുത്ത് കമ്പോസ് ചെയ്യാനും പറ്റും. അതുകൊണ്ടു തന്നെയാണ് പഴയകാല സംഗീതമൊക്കെ ഒരുപാട് കാലം നിലനിലക്കുന്നതും. അതിന്റെ എല്ലാം അടിസ്ഥാനം രാഗമാണ്. അല്ലാത്തതും നില നിൽക്കാറുണ്ട്. പക്ഷെ, ഇതിനൊരു പ്രത്യേക മധുരമാണ്. ‘ലിവ് വിത്ത് മ്യൂസിക്’ എന്ന പേരിൽ എനിക്ക് സ്വന്തമായി ഒരു അക്കാദമി ഉണ്ട്. താൽപര്യമുള്ള സംഗീതഞ്ജർക്കു സോഫ്റ്റ്‌വെയർ പരിശീലനവും കൊടുക്കുന്നുണ്ട്. അതുകൊണ്ടു തന്നെ പഠിപ്പിക്കുമ്പോൾ എനിക്കും പഠിക്കാൻ സാധിക്കുന്നുണ്ട്.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN INTERVIEWS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

കലാലയങ്ങളിലേക്ക് തിരികെ

MORE VIDEOS
FROM ONMANORAMA