‘ബാലു അന്യായമായി ഒന്നും ചെയ്യില്ല, അവൻ യഥാർഥ സംഗീതജ്ഞൻ, സത്യം അറിയാൻ ഞാനും കാത്തിരുന്നു’; സ്റ്റീഫൻ ദേവസ്സി അഭിമുഖം

balabhaskar-stephen
SHARE

വേഗവിരൽകൊണ്ട് കീബോർഡിൽ ഇന്ദ്രജാലം തീർക്കുന്ന സ്റ്റീഫൻ ദേവസ്സിയുടെ മനസ്സ് ഇന്ന് അസ്വസ്ഥമാണ്. എന്നെന്നും തോളൊപ്പം ചേർന്നു നടന്ന പ്രിയ ബാലുവിന്റെ (ബാലഭാസ്കർ) പിറന്നാൾ ആണിന്ന്. വർഷങ്ങളായി പതിവു തെറ്റാതെ നേർന്നുകൊണ്ടിരുന്ന ആശംസകൾക്കു പകരം ഇപ്പോൾ ബാലുവിനായി ഓർമപ്പൂക്കൾ അർപ്പിക്കേണ്ടി വരുന്നു സ്റ്റീഫന്. ആശംസകൾ ഏറ്റുവാങ്ങാൻ പിറന്നാളുകാരൻ ഇല്ലാത്ത അവസ്ഥയെ എങ്ങനെ വിവരിക്കാനാകും? ആശിച്ചിട്ടും ആശംസ നേരാൻ കഴിയാത്ത വേദനയിലാണ് സ്റ്റീഫൻ. വയലിൻ വായിക്കുന്നതിനിടയിൽ തന്ത്രികൾ മുറിഞ്ഞതുപോലെയായിരുന്നു ബാലഭാസ്കറിന്റെ വിയോഗം. പൊട്ടിയ തന്ത്രികൾ കുത്തിക്കയറി രക്തം ചിന്തുന്നതു പോലെ ആ മരണവാർത്ത കേട്ട് കലാലോകം കണ്ണീർ ചിന്തി. ആശുപത്രിക്കിടക്കയിൽ വച്ച് ബാലുവിനെ കണ്ടു സംസാരിച്ചിറങ്ങുമ്പോൾ അത് പ്രിയ കൂട്ടുകാരനുമായുള്ള അവസാന കൂടിക്കാഴ്ചയായിരിക്കുമെന്ന് സ്റ്റീഫൻ ദേവസ്സി കരുതിയതേയില്ല. ബാലു മടങ്ങിവരുന്നതും കാത്തിരുന്ന സ്റ്റീഫന്റെ അടുത്തേയ്ക്കാണ് മരണ വാർത്തയെത്തിയത്. മനസ്സിൽ അന്നേറ്റ മുറിവുകൾ ഇനിയും ഉണങ്ങിയിട്ടില്ല, ഓർമകൾ വാടിയിട്ടുമില്ല. ഓരോ ജൂലൈ പത്തുകളും ഒക്ടോബർ രണ്ടുകളും കടന്നുപോകുമ്പോൾ സ്റ്റീഫൻ പ്രിയ ബാലുവിന് കണ്ണീർപ്പൂക്കളർപ്പിക്കുകയാണ്. ബാലഭാസ്കറിനെക്കുറിച്ചുള്ള ഓർമകൾ സ്റ്റീഫൻ ദേവസ്സി മനോരമ ഓൺലൈനിനോടു പങ്കുവച്ചപ്പോൾ. 

 

ആദ്യ കാഴ്ച

ബാലുവുമായി ആദ്യമായി ഒരുമിച്ചുകൂടിയത് ഒരു കോർപറേറ്റ് പ്രോഗ്രാമിനായിരുന്നു. ഓപ്പൺ എയർ ഫ്ലോറിൽ ആയിരുന്നു അത്. ഞാൻ ഒറ്റയ്ക്കുള്ള പ്രകടനമായിരുന്നു അന്നാദ്യം. അതുകഴിഞ്ഞ് ബാലഭാസ്കറിന്റെ ബിഗ് ബാൻഡ് വേദിയില്‍ കയറി. അന്നാണ് ഞാൻ ആദ്യമായി ബാലുവിനെ കണ്ടത്. എനിക്കന്ന് പ്രായം 20. ആ വേദി എനിക്കൊരിക്കലും മറക്കാൻ പറ്റില്ല. ഞങ്ങൾ ഒരുമിച്ചു പരിപാടി അവതരിപ്പിച്ചത് ഒരു റിയാലിറ്റി ഷോയുടെ ഗ്രാന്റ് ഫിനാലെയിൽ വച്ചായിരുന്നു. ഒരു കോമ്പിനേഷൻ ആയി ചെയ്യുന്നത് കോഴിക്കോട് നടന്ന മലബാർ മ്യൂസിക് ഫെസ്റ്റിവലിൽ പ്രോഗ്രാമിലും. ഞാൻ അന്ന് ഫ്യൂഷൻ മേഖലയിൽ പുതിയ ആളായിരുന്നു. ബാലു പരിചയസമ്പന്നനും. എന്റെ കൂടെ ചെയ്യുന്നവരിൽ നിന്ന് കണ്ടും കേട്ടും പഠിച്ചാണ് ഞാൻ ഫ്യൂഷൻ മേഖലയിലേക്കു വന്നത്. ഞാൻ വെസ്റ്റേൺ ക്ലാസ്സിക്കൽ മ്യൂസിക്കിലും ബാലു കർണാടിക് മ്യൂസിക്കിലും ആയിരുന്നു. ഞങ്ങൾ തമ്മിലുള്ള ആ കോമ്പിനേഷൻ ആയിരിക്കും ചിലപ്പോൾ എല്ലാവർക്കും ഇഷ്ടപ്പെട്ടത്. ബാലുവിന് വെസ്റ്റേൺ മ്യൂസിക്കിനെക്കുറിച്ച് ധാരണ ഉണ്ടായിരുന്നു. കർണാടിക് മ്യൂസിക് പഠിക്കാനുള്ള ശ്രമത്തിലായിരുന്നു ഞാൻ. ആ കോമ്പിനേഷൻ ആണ് ഞങ്ങളെ ശരിക്കും ബലപ്പെടുത്തിയത്. ബാലു വിധികർത്താവായെത്തിയ റിയാലിറ്റി ഷോയിൽ മ്യൂസിക് വായിച്ചിരുന്നത് ഞാനാണ്, അതുവഴിയാണ് ഞങ്ങൾ കൂടുതൽ അടുത്തത്. 

balu-stephen3

കൂട്ടുകൂടിയ യാത്രകൾ

ഞാനും ബാലുവും ഒരുമിച്ച് ഒരുപാട് യാത്രകൾ ചെയ്തിട്ടുണ്ട്. പല രാജ്യങ്ങളിലും പോയി. സാധാരണ യാത്രയിൽ ഞാൻ ഉറങ്ങാറാണ് പതിവ്. പക്ഷേ ബാലുവിനൊപ്പമുള്ള നാലര മണിക്കൂർ നീണ്ട ദുബായ് യാത്രയിൽ നാലു മണിക്കൂറും ഞങ്ങൾ ഒരുമിച്ചിരുന്ന് വർത്തമാനം പറഞ്ഞു, ഒരുമിച്ചു ഭക്ഷണം കഴിച്ചു. ദുബായിൽ എത്തിയതുപോലും ഞങ്ങൾ അറിഞ്ഞില്ല. അത്രയും രസകരമായ ഒരു ട്രിപ്പ് ആയിരുന്നു അത്. മറക്കാൻ പറ്റാത്ത ഒരുപാട് ഓർമകൾ ഉണ്ട് അതിൽ. ഒരിക്കൽ പ്രാഗ്രാമിനു പോയപ്പോൾ തണുപ്പ് കൂടി കൈക്കു വയ്യാതായി വയലിൻ വായിക്കാൻ പറ്റാതെ അവൻ ടെൻഷനടിച്ചു. അപ്പോൾ ഞങ്ങൾ ഒരുമിച്ചു പ്രാർഥിച്ചു, കെട്ടിപ്പിടിച്ചു കുറച്ചു നേരം നിന്നു. കൈ നല്ലതുപോലെ ഉരച്ചു ചൂടാക്കി കൊടുത്തു. അതു കഴിഞ്ഞു ഗംഭീരമായി ഞങ്ങൾ പ്രോഗ്രാം ചെയ്തു.  അതൊക്കെ ഒരിക്കലും മറക്കാൻ പറ്റാത്ത നല്ല അനുഭവങ്ങൾ ആണ്. യാത്രകൾക്കൊക്കെ ഞങ്ങൾക്കു രണ്ടു പേർക്കും അസിസ്റ്റന്റുമാർ ഉണ്ടാകും. വേദിയിൽ പരിപാടി അവതരിപ്പിക്കാനുള്ള അറേഞ്ച്മെന്റ്സ് ഒക്കെ അവരാണു ചെയ്യുക. ഒരിക്കൽ ഒരു യൂറോപ്പ് ട്രിപ്പ് ഉണ്ടായിരുന്നു. അത് വലിയ ട്രിപ്പ് ആയിരുന്നതു കൊണ്ടും കുറെ കലാകാരന്മാർ ഉണ്ടായിരുന്നതു കൊണ്ടും ഞങ്ങൾക്ക് രണ്ടുപേർക്കും അസിസ്റ്റന്റുമാരില്ലായിരുന്നു. അതുകൊണ്ടുതന്നെ വേദിയിൽ കാര്യങ്ങൾ സെറ്റ് ചെയ്യാൻ ഞങ്ങൾക്കു നേരത്തെ പോകേണ്ടി വരുമായിരുന്നു. അപ്പോഴൊക്കെ ഞങ്ങൾ പരസ്പരം സഹകരിച്ചും സഹായിച്ചും ആണ് ജോലികൾ തീർത്തിരുന്നത്. പക്ഷേ അവൻ എന്നെ സഹായിക്കാൻ വേണ്ടി നിൽക്കുമ്പോൾ എനിക്കു സങ്കടം തോന്നും. പൊയ്ക്കോളാൻ പറഞ്ഞാലും ‘സാരമില്ലെടാ’ എന്നു പറഞ്ഞ് കൂടെ തന്നെ നിൽക്കുമായിരുന്നു. 

ഒരുമിച്ചുള്ള വേദികൾ

സ്റ്റേജിൽ വച്ചുള്ള തമാശകളും ചിരികളും ബാലുവിന് ഏറെ പ്രിയപ്പെട്ടതായിരുന്നു. തനിക്കു ചുറ്റും എപ്പോഴും സന്തോഷകരമായ അന്തരീക്ഷം ഇഷ്ടപ്പെടുന്ന ഒരു വ്യക്തിയായിരുന്നു ബാലു. എന്തു വിഷമം ഉണ്ടെങ്കിലും സ്റ്റേജിൽ വരുമ്പോൾ ഞങ്ങൾ അതെല്ലാം മറക്കാറുണ്ട്. പിന്നെ ഞങ്ങളുടെ ഒരു ശക്തമായ പെർഫോമൻസ് ആളുകൾക്കും ഇഷ്ടമായതു കൊണ്ട് ഞങ്ങൾ അത് ഏറെ ആസ്വദിക്കുകയും ചെയ്തിരുന്നു. അതൊന്നും ഒരിക്കലും മറക്കാൻ പറ്റില്ല.  എന്റെ കൂടെ പെർഫോം ചെയ്യുന്നവരെയെല്ലാം ഞാൻ ബഹുമാനിക്കുകയും സ്നേഹിക്കുകയും ചെയ്യാറുണ്ട്. ബാലുവും അങ്ങനെ തന്നെയാണ്. അതുകൊണ്ടു തന്നെ ഞങ്ങളുടെ കോമ്പിനേഷൻ പ്രത്യേകിച്ചും മലയാളികളുടെ ഇടയിൽ ശക്തമായിരുന്നു. ഞങ്ങൾ ഒരുമിച്ചു സ്റ്റേജിൽ വരുമ്പോൾ ആളുകൾക്ക് ഒരുപാട് പ്രതീക്ഷയും സന്തോഷവും ഉള്ളതായി തോന്നിയിട്ടുണ്ട്. ഒരുമിച്ചു പെർഫോം ചെയ്യുന്നവരുടെ മനസ്സുകൾ തമ്മിൽ ഒരു ഐക്യം ഉണ്ടായിരിക്കണം. അല്ലെങ്കിൽ നന്നായി പരിപാടി അവതരിപ്പിക്കാൻ കഴിയില്ല എന്നാണ് ഞാൻ കരുതുന്നത്. 

ആത്മാവറിഞ്ഞ ബന്ധം

എനിക്കും ബാലുവിനുമിടയിൽ വലിയൊരു സൗഹൃദം ഉണ്ടായിരുന്നു. തികച്ചും നിർമലമായൊരു ആത്മബന്ധം. സംഗീതം മാത്രമാണ് ഞങ്ങളെ ഒരുമിച്ചാക്കിയത്. അല്ലെങ്കിൽ ഞാൻ ഒരിക്കലും ബാലുവിനെ കണ്ടുമുട്ടില്ലായിരുന്നു. ബാലുവിന്റെ പ്രോഗ്രാം ടിവിയിൽ കണ്ടിട്ടുള്ള വ്യക്തി എന്ന നിലയിൽ അദ്ദേഹത്തോട് എനിക്ക് ആദ്യമേ ഒരിഷ്ടം ഉണ്ടായിരുന്നു. പക്ഷേ ഒരുമിച്ചു കാണാനിടയാക്കിയതു തീർച്ചയായും സംഗീതം തന്നെയാണ്. എന്റെ ഭൂരിഭാഗം സൗഹൃദങ്ങളും സംഗീതത്തിലൂടെ മാത്രം രൂപപ്പെട്ടതാണ്. ജീവിതം ശക്തമാക്കുന്നതും ആ സൗഹൃദങ്ങൾ തന്നെ. ബാലു അതിൽ ഒരു മുഖ്യ കഥാപാത്രമായിരുന്നു. എന്നേക്കാൾ രണ്ടു വയസ് കൂടുതലുണ്ട് അദ്ദേഹത്തിന്. പക്ഷേ സമപ്രായക്കാർ എന്ന നിലയിലായിരുന്നു ഞങ്ങളുടെ സംഗീതയാത്ര. എനിക്ക് ചെയ്യാൻ പറ്റുന്നതിനേക്കാൾ ഒരുപടി അധികം അദ്ദേഹം ചെയ്യാൻ ശ്രമിക്കാറുണ്ട്, ചെയ്‌തിട്ടുമുണ്ട്‌. 

balu-stephen-2

കൊളുത്തി വലിക്കുന്ന ഓർമകൾ

ഞങ്ങൾ അവസാനമായി ഒരുമിച്ചു വേദി പങ്കിട്ടത് കൊല്ലത്തു നടന്ന പരിപാടിയിലാണ്. അവന് അപകടം സംഭവിക്കുന്നതിനു രണ്ടു മാസം മുൻപായിരുന്നു അത്. എനിക്കൊരിക്കലും മറക്കാനാകില്ല ആ ദിനം. ഒരു വിവാഹാഘോഷത്തിന്റെ ഭാഗമായിട്ടായിരുന്നു അന്നത്തെ ആ പരിപാടി. ബാലുവിന് മധുരം ഏറെ ഇഷ്ടമായിരുന്നു. അന്ന് ഞങ്ങളൊരുമിച്ചു മധുരപലഹാരമൊക്കെ കഴിച്ച് വർത്തമാനമൊക്കെ പറഞ്ഞ് ഒരുമിച്ചൊരു ഹോട്ടലിൽ ആണ് താമസിച്ചത്. ഒരുമിച്ചുള്ള അവസാനത്തെ ആ പരിപാടിയും ഞങ്ങൾ ഗംഭീരമായി അവതരിപ്പിച്ചു. ഇപ്പോഴും കൊല്ലത്ത് ആ വിവാഹം നടന്ന ഓഡിറ്റോറിയത്തിനു മുന്നിലൂടെ പോകുമ്പോൾ ഞാൻ അന്നത്തെ കാര്യങ്ങൾ ഓർക്കും. ഞങ്ങൾ ഒരുമിച്ചുകൂടിയ അവസാന പരിപാടി നടന്നയിടമാണെന്ന് കൂടെയുള്ളവരോടു പറയുകയും ചെയ്യും. 

അവസാന കാഴ്ച, അതിലേറെ വേദന

അപകടം സംഭവിച്ച് ബാലു ആശുപത്രിക്കിടക്കയിലായിരുന്നപ്പോഴാണ് ഞാൻ അവസാനമായി അവനെ കണ്ടത്. അടുത്ത് പോയി അവന്റെ കൂടെ നിന്നതും സ്നേഹത്തോടെ സംസാരിച്ചതുമൊക്കെ പിന്നീട് എനിക്കെതിരെയുള്ള വിമർശനമായി മാറി. ജീവിതത്തിൽ എന്നെ ഏറ്റവും വേദനിപ്പിച്ച വിഷയങ്ങളിൽ ഒന്നായിരുന്നു അത്. അതിനു ശേഷം ഞാൻ വലിയൊരു പാഠം പഠിച്ചു, സ്വന്തം അച്ഛൻ വെന്റിലേറ്ററിൽ ആയാലും ദൂരെ നിന്നു മാത്രം കാണുക.  ഞാൻ ബാലുവിനെ കാണാൻ പോയത് വലിയൊരു തെറ്റാണെന്നു പറഞ്ഞ് പലരും പല രീതിയിൽ എഴുതി. പിന്നാലെ പല കഥകളും പടച്ചുവിട്ടു.  അന്ന് എന്റെ കൂടെ നിന്ന ഡോക്ടർമാർക്കും നഴ്‌സുമാർക്കും അറിയാം ഞാൻ എങ്ങനെയാണ് ബാലുവിനോട് ഇടപെട്ടതെന്നും സംസാരിച്ചതെന്നും. തകർന്ന മനസ്സോടു കൂടിയാണ് ഞാൻ അന്ന് ആശുപത്രിയിൽ നിന്നിറങ്ങിയത്. ആ ഒരവസ്ഥ ഇനി ഒരാൾക്കും വരരുതേ എന്നാണ് എന്റെ പ്രാർഥന. കാരണം ബാലുവിനെ അങ്ങനെ കാണാൻ എനിക്ക് യാതൊരു താൽപര്യവും ഇല്ലായിരുന്നു. അവൻ തിരിച്ചു വരും എന്നൊരു പ്രതീക്ഷയായിരുന്നു എനിക്ക്. ഡോക്ടർമാരോടും ഞാൻ പറഞ്ഞത് അതായിരുന്നു. അവൻ വരും, അവന്റെയുള്ളില്‍ സംഗീതമാണ്, അവന്റെയുള്ളിൽ ദൈവം ഉണ്ട്, ഈ രണ്ടു കാര്യങ്ങളും ഉണ്ടെങ്കിൽ അവൻ തീർച്ചയായും തിരിച്ചു വരും എന്നാണ് ഞാൻ വിശ്വസിച്ചത്. അവന്റെ അച്ഛനോടും ഞാൻ ഇതേ കാര്യങ്ങൾ പറഞ്ഞു. അങ്ങനെ പറയാൻ ആ സമയം എനിക്ക് എവിടെ നിന്നോ ഒരു ആത്മവിശ്വാസം ഉണ്ടാവുകയായിരുന്നു. ആശുപത്രിയിൽ നിന്നും മടങ്ങിയ ശേഷം വൈകുന്നേരമായപ്പോഴാണ് അവൻ വിടവാങ്ങിയെന്ന വാർത്ത എന്നെത്തേടിയെത്തിയത്. അവസാന കാഴ്ച ഞാൻ മറക്കില്ല. മരിക്കുന്നതിനു മുന്‍പ് അവന്റെ ചിരിച്ച മുഖം ഞാൻ കണ്ടു. ശബ്ദം പുറത്തു വന്നില്ലെങ്കിലും അവൻ എന്താണു പറയാൻ ആഗ്രഹിച്ചതെന്നു ഞാൻ മനസ്സിലാക്കി. എനിക്ക് അവന്റെ അടുത്തിരിക്കാൻ സാധിച്ചു. അതൊക്കെ വല്ലാത്ത അനുഭവങ്ങൾ തന്നെയായിരുന്നു. 

അന്ത്യയാത്രയിലെ ഗാനാഞ്ജലി

ബാലു മരിച്ചു എന്നറിഞ്ഞ് ഞാൻ ആശുപത്രിയിൽ എത്തി. ഇടയ്ക്ക് എന്റെ മനസ്സ് പതറുമ്പോൾ എന്റെ ചേട്ടനും സുഹൃത്തുക്കളും ആശ്വാസവാക്കുകളുമായി കൂടെ നിന്നു. മനസ്സിനു ശക്തി പകർന്ന് സുരേഷ് ഗോപി ചേട്ടനും എനിക്കൊപ്പം ഉണ്ടായിരുന്നു. പിറ്റേ ദിവസം വൈകുന്നേരം മ്യൂസിക് പെർഫോം ചെയ്യണമെന്ന് സുരേഷ് ഗോപി ചേട്ടനാണ് എന്നോടു പറഞ്ഞത്. എനിക്ക് വായിക്കാൻ പറ്റില്ല, ഞാൻ തകർന്നിരിക്കുകയാണെന്നു പറഞ്ഞപ്പോൾ ‘അല്ല നീ വേണം നല്ലൊരു അന്ത്യ യാത്ര ബാലുവിന് കൊടുക്കാൻ’ എന്ന് അദ്ദേഹം എന്നോടു പറഞ്ഞു. മോൻ വായിക്കണം എന്നു പറഞ്ഞ് അദ്ദേഹം തന്നെയാണ് പ്ലാറ്റ്ഫോം തയ്യാറാക്കിത്തന്നത്. എല്ലാക്കാര്യങ്ങൾക്കും അദ്ദേഹം മുന്നിലുണ്ടായിരുന്നു. അദ്ദേഹത്തെ ഞാനൊരിക്കലും മറക്കില്ല. 

വേദനിപ്പിച്ച ചർച്ചകൾ

ബാലുവിന്റെ മരണം ചർച്ചയായതോടെ സിബിഐ എന്നെ വിളിപ്പിച്ചു. എന്റെ സുഹൃത്തിനെ ആരെങ്കിലും പ്രശ്നത്തിൽ അകപ്പെടുത്തിയതാണെങ്കിൽ അതെനിക്കും അറിയണം. ബാലുവിന്റെ കുടുംബത്തിനും മലയാളികൾക്കും എല്ലാവർക്കും അതറിയണമായിരുന്നു. ഇതൊരു കൊലപാതകമാണോ എന്താണ് ശരിക്കും സംഭവിച്ചതെന്ന് അറിയണം. ചില സമയത്ത് പത്രം വായിക്കുമ്പോൾ ഞെട്ടിക്കുന്ന വാർത്തകളാണ് കാണാനായത്. പക്ഷേ എനിക്കറിയാം ബാലു ഒരിക്കലും അന്യായമായ ഒരു കാര്യം ചെയ്യില്ല. അവൻ യഥാർഥ സംഗീതജ്ഞനാണ്. എന്താണ് സംഭവിച്ചത് എന്നറിയണം എന്നാണ് സിബിഐ ഉദ്യോഗസ്ഥരോടും ഞാൻ പറഞ്ഞത്. അവർ പറഞ്ഞ സമയത്ത് ചെന്നു മൊഴി കൊടുത്തു. പക്ഷേ ആളുകൾ എന്നെ ഏറെ വേദനിപ്പിച്ചു. പിന്നീട് വിധി വന്നു. എല്ലാം കാലം തെളിയിക്കും. അതു തെളിഞ്ഞു. എനിക്ക് ഒരാഗ്രഹമേയുള്ളു, അവന്റെ ആത്മാവ് സമാധാനത്തോടെ സ്വർഗത്തിൽ ആയിരിക്കണം. അവൻ കുറെ പേർക്ക് സന്തോഷം കൊടുത്തു. കുറേപ്പേരെ പ്രചോദിപ്പിച്ചു. ‌പക്ഷേ അവൻ നേരത്തെ പോയി. അതാണ് വിഷമം. എങ്കിലും വേദനയില്ലാത്ത, മഹാമാരികൾ ഇല്ലാത്ത ലോകത്ത് അവൻ സമാധാനമായിരിക്കട്ടെ. 

ഞാൻ ഒറ്റയ്ക്കായ വേദികൾ

ബാലു പോയ ശേഷമുള്ള എന്റെ എല്ലാ സ്റ്റേജ് പരിപാടികളിലും ഞാൻ അവനെ ഓർമിക്കാറുണ്ട്. വേദിയിൽ കയറുമ്പോഴും പെർഫോം ചെയ്യുമ്പോഴുമൊക്കെ മനസ്സിൽ അവനുണ്ടാകും. അവനു വേണ്ടി ഞാൻ ഒരു പാട്ട് പിയാനോയിൽ വായിക്കും. അവനെക്കുറിച്ച് വേദിയിൽ വച്ച് കാണികളോടു പറയും. എപ്പോഴും എനിക്ക് അങ്ങനെയൊക്കെ ചെയ്യാന്‍ സാധിക്കട്ടെയെന്ന് ആഗ്രഹിക്കുന്നു. 

balu-stephen-1

ലക്ഷ്മി ചേച്ചി...

ബാലുവുമായുള്ള പരിചയത്തിന്റെ ആദ്യകാലത്തു തന്നെ ലക്ഷ്മി ചേച്ചിയെയും പരിചയപ്പെട്ടു. ബാലു റിയാലിറ്റി ഷോയുടെ ഭാഗമായിരുന്ന കാലമായിരുന്നു അത്. അന്നൊക്കെ ഷൂട്ടിന്റെ സമയത്ത് ചേച്ചി ലൊക്കേഷനിൽ വരുമായിരുന്നു. പിന്നീട് ചേച്ചി പ്രോഗ്രാമുകൾക്കു വരാത്തതുകൊണ്ട് ഞാൻ ചേച്ചിയെ കണ്ടിട്ടില്ല. എന്റെ ഭാര്യയും പരിപാടികൾക്ക് കൂടെ വരാറില്ല. അതുകൊണ്ട് രണ്ടു കുടുംബങ്ങളുമായി വലിയ ബന്ധം ഉണ്ടായിരുന്നില്ല. ലക്ഷ്മി ചേച്ചി ഗർഭിണി ആയപ്പോഴും കുഞ്ഞുണ്ടായപ്പോഴുമൊക്കെ എന്നെ അറിയിച്ചിരുന്നു. എന്റെ ഭാര്യയും ലക്ഷ്മി ചേച്ചിയും തമ്മിൽ ഇതുവരെ കണ്ടിട്ടുമില്ല. ഞാൻ ലക്ഷ്‌മി ചേച്ചിയുമായി സംസാരിക്കാറേയില്ല. ബാലുവുമായിട്ടല്ലാതെ ഞങ്ങൾ തമ്മിൽ അങ്ങനെ ഒരു ബന്ധം ഇല്ല. ബാലു മരിച്ച ശേഷവും ചേച്ചിയെ ഞാൻ കോണ്ടാക്ട് ചെയ്തിട്ടില്ല. ഇതു വരെ കണ്ടിട്ടുമില്ല. പക്ഷേ കാര്യങ്ങളൊക്കെ അറിയാറുണ്ട്. ബാലുവിന്റെ കൂടെയുണ്ടായിരുന്ന മറ്റു സംഗീതജ്ഞർ എപ്പോഴും ചേച്ചയെക്കുറിച്ചു സംസാരിക്കും. അല്ലാതെ വേറെ ഒന്നും എനിക്ക് അറിയില്ല.

അവനു വേണ്ടി

ഈ  തലമുറയും അടുത്ത തലമുറയും ബാലഭാസകറിനെ മറക്കില്ലെന്ന് എനിക്കറിയാം. എന്റെ സംഗീത ജീവിതത്തിൽ അവനു വേണ്ടി എന്തെങ്കിലും ചെയ്യണം എന്നാഗ്രഹം ഉണ്ട്. അത് ഞാൻ ചെയ്തിരിക്കും. അതിനെപ്പറ്റി ഇപ്പോൾ വലിയ പദ്ധതികളില്ല. കാരണം ഇപ്പോൾ എല്ലാവരുടെയും മനസ്സിൽ ബാലഭാസ്‌കർ ഉണ്ട്. അടുത്ത തലമുറയുടെ മനസ്സിലും ഉണ്ടാകും. അതു കഴിഞ്ഞുള്ള തലമുറ വരുമ്പോൾ അവനു വേണ്ടി എന്തെങ്കിലും ചെയ്യണം എന്നാണ് ആഗ്രഹം. 

ബാലുവിനു പകരം ബാലു മാത്രം

ബാലഭാസ്‌കറിനു പകരം ഒരിക്കലും മറ്റൊരാളുണ്ടാവില്ല. ബാലുവിനെ കണ്ട് വയലിൻ സംഗീതത്തിലേയ്ക്കിറങ്ങിയ ഒരുപാട് പേരുണ്ട്. പക്ഷേ, ബാലുവുമായി താരതമ്യം ചെയ്യാൻ പറ്റിയ ആരെയും ഞാൻ കണ്ടിട്ടില്ല. അങ്ങനെയൊരാളെ കാണുമെന്ന് എനിക്കു തോന്നുന്നുമില്ല. ബാലുവിന്റെ കൂടെ പെർഫോം ചെയ്യുമ്പോൾ കിട്ടുന്ന എനർജി വേറൊരാൾക്കു തരാൻ പറ്റുമെന്ന് എനിക്കു തോന്നുന്നില്ല. ബാലഭാസ്‌കർ മരണപ്പെട്ട് രണ്ടാഴ്ച കഴിഞ്ഞ് ഞങ്ങൾക്ക് ഏതാനും ചില സ്റ്റേജ് പരിപാടികൾ ഉണ്ടായിരുന്നു. അതൊക്കെ ഞാൻ ഒറ്റയ്ക്കു ചെയ്യേണ്ടി വന്നു. തകർന്ന മനസ്സോടെയാണ് ഞാൻ അന്നൊക്കെ പെർഫോം ചെയ്തത്. ബാലുവിനെ അവസാനമായി കണ്ടപ്പോൾ ‘എടാ അടുത്താഴ്ച പ്രോഗ്രാം ഉണ്ട് നീ വേഗം റെഡി ആയി ഹോസ്‌പിറ്റലിൽ നിന്ന് ഇറങ്ങണം, നമുക്ക് പ്രോഗ്രാം ചെയ്യണം’ എന്നായിരുന്നു ഞാൻ പറഞ്ഞത്. പക്ഷേ.....

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN INTERVIEWS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

എന്നെ വിമർശിച്ചോളൂ, എന്തിനു വീട്ടുകാരെ പറയണം? | Anusree | Manorama Online

MORE VIDEOS
FROM ONMANORAMA