ADVERTISEMENT

തിരുവനന്തപുരത്തെ ചെങ്കൽച്ചൂള കോളനി എന്നറിയപ്പെടുന്ന രാജാജി നഗറിലെ യുവകലാകാരന്മാരാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിലെ താരങ്ങൾ. തമിഴ്സൂപ്പര്‍താരം സൂര്യയുടെ ‘അയന്‍’ എന്ന സിനിമയിലെ ഗാനവും ചില രംഗങ്ങളും അതേപടി ആവിഷ്കരിച്ചാണ് ഇവര്‍ വൈറലായത്. കണ്ടവരെല്ലാം വിഡിയോ ഷെയർ ചെയ്തു തുടങ്ങിയതോടെ ഒടുവില്‍ അത് സൂര്യയുടെ പക്കലുമെത്തി. ‘ഗംഭീരം ഒരുപാട് ഇഷ്ടമായി’ എന്ന അടിക്കുറിപ്പോടെ താരം അത് പങ്കുവച്ചു. പിന്നാലെ ഈ കലാകാരന്മാരെ തേടി ആരാധനാപാത്രത്തിന്റെ വോയ്സ് മെസേജും എത്തി. സാധാരണ സൗകര്യങ്ങള്‍ മാത്രമുള്ള സ്മാര്‍ട്ഫോണില്‍ എസ്.അഭി എന്ന പ്ലസ് ടു വിദ്യാര്‍ഥിയാണ് ആശയവും ആവിഷ്കാരവും നിര്‍വഹിച്ചത്. കൂട്ടുകാരും കട്ടയ്ക്കു കൂടെ നിന്നു. അയനിലെ ഫൈറ്റ് സീൻ ആണ് സംഘം ആദ്യം പുനഃരാവിഷ്കരിച്ചത്. സൂര്യയുടെ പിറന്നാളിനോടനുബന്ധിച്ചാണ് പാട്ട് സീൻ ഒരുക്കിയത്. വിഡിയോ എഡിറ്റിങ് പഠിച്ചെടുക്കാൻ അഭി നടത്തിയ ചെറിയ ശ്രമങ്ങളാണ് ഇപ്പോൾ കോളിവുഡ് വരെ ചർച്ച ചെയ്യപ്പെടുന്ന കവർ വിഡിയോയ്ക്കു പിന്നിൽ. വിഡിയോ പിറന്ന വഴിയെക്കുറിച്ച് അഭി മനോരമ ഓൺലൈനിനോടു മനസ്സ് തുറക്കുന്നു.

 

 

 

വിഡിയോ ചെയ്യാനിടയായ സാഹചര്യം?

 

 

 

വിഡിയോ ഷൂട്ടിങ്ങും എഡിറ്റിങ്ങുമൊക്കെ എനിക്ക് ഒരുപാടിഷ്ടമാണ്. ടിക് ടോക് ഉണ്ടായിരുന്ന സമയം മുതൽ ഞാൻ വിഡിയോ ചെയ്യുമായിരുന്നു. ടിക് ടോക്കിനു നിരോധനം ഏർപ്പെടുത്തിയതോടെ ഇൻസ്റ്റാഗ്രാമിൽ ഐ ജി ടിവിയിൽ വിഡിയോ ചെയ്തിടാൻ തീരുമാനിച്ചു. അതിനായി വിഡിയോകൾ തിരഞ്ഞെടുക്കുന്നതിനിടയിലാണ് ‘അയൻ’ എന്ന സിനിമയിലെ ഫൈറ്റ് സീൻ ശ്രദ്ധയിൽപ്പെട്ടത്. ആ സീൻ ഒരുപാട് തവണ കണ്ടു പ്രാക്ടീസ് ചെയ്തു നോക്കി.  നാലുമാസത്തോളം അതിനുവേണ്ടി മാത്രം സമയം ചിലവഴിച്ചു. അതിനു ശേഷം ചെങ്കൽച്ചൂളയിലെ എന്റെ കൂട്ടുകാരോട് എനിക്കൊരു വിഡിയോ ചെയ്യണമെന്നും എല്ലാവരും കൂടെയുണ്ടാകണം എന്നും പറഞ്ഞു. കട്ടക്ക് കൂടെ നിൽക്കാം എന്ന് അവരെല്ലാം ഉറപ്പു നൽകി. വിഡിയോ ചെയ്യാനുള്ള തയ്യാറെടുപ്പുകളായിരുന്നു പിന്നീട്. അതിനായി ഞങ്ങൾ ഒരുപാട് കഷ്ടപ്പെട്ടു. വിഡിയോ ഷൂട്ട് ചെയ്ത് ഐ ജി ടിവിയിൽ ഇട്ടപ്പോൾ നിരവധി പേർ അത് കാണുകയും ഷെയർ ചെയ്യുകയുമുണ്ടായി. സൂര്യ ഫാൻസ് അസോസിയേഷനിലെ ചേട്ടന്മാർ ആ വിഡിയോ കണ്ടിട്ട് സൂര്യ സാറിന്റെ പിറന്നാളിനു വേണ്ടി സെപെഷൽ ആയി എന്തെങ്കിലും ചെയ്യാമോ എന്നു ചോദിച്ചു. അങ്ങനെയാണ് അയനിലെ ഈ പാട്ട് തന്നെ ചെയ്യാം എന്നു തീരുമാനിച്ചത്. ആശയം കൂട്ടുകാരുമായി ചർച്ച ചെയ്തപ്പോൾ അവരും സന്നദ്ധതയറിയിക്കുകയായിരുന്നു.

 

 

 

പരിമിതികളിൽ നിന്നുകൊണ്ട് ഇത്തരമൊരു വിഡിയോ എങ്ങനെ പ്രായോഗികമാക്കി? 

 

 

അയൻ ഫൈറ്റ് വിഡിയോ ചെയ്തു പഠിച്ചതിനു ശേഷം വിഡിയോ ഷൂട്ടിങ്ങും എഡിറ്റിങ്ങും കുറച്ച് എളുപ്പമായി തോന്നി. ഗാന ചിത്രീകരണത്തിനു വേണ്ടി ഒരാഴ്ച പ്രാക്ടീസ് ചെയ്തു. മൂന്നാഴ്ച കൊണ്ട് അത് ഷൂട്ട് ചെയ്തു തീർത്തു. ഫൈറ്റ് സീൻ വിഡിയോ എഡിറ്റ് ചെയ്തതിലൂടെ ഞാൻ എഡിറ്റിങ് സ്വായത്തമാക്കിയിരുന്നു. റെഡ് മീ നോട്ട് നയൻ പ്രൊ എന്ന ഫോണിൽ ആണ് ഷൂട്ടിങ്ങും എഡിറ്റിങ്ങും ഒക്കെ ചെയ്തത്. ഫൈറ്റ് സീൻ ഐ ജി ടിവിയിൽ നിന്നും എടുത്ത് മറ്റു പലരും യൂട്യൂബിൽ ഇട്ടു. അതുകൊണ്ട്  ഒരു പുതിയ യൂട്യൂബ് ചാനൽ തുടങ്ങിയതാണ് അയൻ ഡാൻസ് വിഡിയോ പോസ്റ്റ് ചെയ്തത്. അത് ഒരുപാട് ആളുകൾ ഷെയർ ചെയ്യുകയുമുണ്ടായി. അങ്ങനെയാണ് സൂര്യ സാറിന്റെ കയ്യിൽ എത്തിയതും അദ്ദേഹം ട്വിറ്ററിൽ പോസ്റ്റ് ചെയ്തതും. സത്യം പറഞ്ഞാൽ ഈ വിഡിയോ ചെയ്യുന്ന സമയ‌ത്ത് "എടാ ഇത് സൂര്യ സർ കാണുന്നത് ഒന്ന് ആലോചിച്ചു നോക്ക്" എന്ന് ഞങ്ങൾ പരസ്പരം പറഞ്ഞിരുന്നു. സർ അത് കണ്ടതും അഭിപ്രായം പറഞ്ഞതും മെസ്സേജ് അയച്ചതുമൊക്കെ ഒരു സ്വപ്‍നം പോലെയാണു തോന്നുന്നത്. ഈ വിഡിയോ വൈറൽ ആകാൻ എല്ലാവരും ഒരുപാട് സപ്പോർട്ട് ചെയ്തു.  

 

 

 

വിഡിയോ ചെയ്തപ്പോൾ നേരിട്ട പ്രയാസങ്ങൾ?  

 

 

ഞങ്ങള്‍ ഒരു സന്തോഷത്തിനു വേണ്ടി ചെയ്ത വിഡിയോ ആണിത്. കയ്യിൽ ഉണ്ടായിരുന്ന ഫോൺ മാത്രമാണ് ഇതിനായി ഉപയോഗിച്ചത്. വിഡിയോ ക്യാമറയോ ഹെലിക്യാമോ ക്യാമറ സ്റ്റാൻഡോ ഒന്നുമില്ലായിരുന്നു. കൊറിയോഗ്രഫി ചെയ്യാൻ വേറെ ആരുമില്ല. എല്ലാം ഞങ്ങൾ ഒരുമിച്ച് ആലോചിച്ച് സഹകരിച്ചാണു ചെയ്തത്. ഓരോ ഷോട്ട് എടുക്കുന്നതിനും മുൻപേ ഞാൻ ഞങ്ങളുടെ പരിസരത്തു പോയി നോക്കി ലൊക്കേഷൻ സെറ്റ് ചെയ്യും. ഒരു സുരക്ഷിതത്വവും ഇല്ലാതെയാണ് ഞങ്ങൾ ഇതു ചെയ്തത്. ഇടിഞ്ഞു വീഴാറായിരിക്കുന്ന വീടിന്റെ ടെറസിൽ ഒക്കെയായിരുന്നു ഷൂട്ടിങ്. ഹെലിക്യാം പോലെ തോന്നിയ സീൻ ചെയ്തത് ഒരു കമ്പിയിൽ സെൽഫി സ്റ്റിക്ക് കെട്ടി വച്ച് അതിൽ മൊബൈൽ ഘടിപ്പിച്ച് ടെറസിന്റെ അറ്റത്തു വന്നു നിന്നാണ്. അത് ശരിയായി വരാൻ ഒരുപാടു തവണ ഷൂട്ട് ചെയ്തു. സൂര്യ സർ വിഡിയോ കണ്ട് അഭിപ്രായം പറഞ്ഞപ്പോൾ അനുഭവിച്ച എല്ലാ പ്രയാസങ്ങളെല്ലാം ഞങ്ങൾ മറന്നു. ഒരു അവാർഡ് കിട്ടിയ സന്തോഷമാണ് തോന്നിയത്.

 

 

 

ജീവിതത്തോട് സമരം ചെയ്യുന്നവർ 

 

 

ഈ വിഡിയോയിൽ അഭിനയിച്ച പലരും ചെറിയ ജോലികൾ ചെയ്തു ജീവിക്കുന്നവരാണ്. ഞാൻ പ്ലസ് ടു കഴിഞ്ഞു നിൽക്കുന്നു. വിഡിയോ സംവിധാനം, ക്യാമറ, എഡിറ്റിങ് ഇവയെല്ലാം എല്ലാം ഞാൻ തന്നെയാണു ചെയ്തത്. സൂര്യ ആയി അഭിനയിച്ചത് കാർത്തിക് ആണ്. അവൻ ഡാൻസർ അല്ല. നമ്പർ പ്ലേറ്റ് കടയിൽ മെഷീൻ ഓപ്പറേറ്റർ ആണ്. ഈ വിഡിയോ ചെയ്യുന്നതിനു വേണ്ടി ഞങ്ങൾ അവനെ ഡാൻസ് പഠിപ്പിച്ചെടുത്തതാണ്. പ്രഫഷനൽ ആയി ഡാൻസ് പഠിച്ചവർ എന്നെക്കൂടാതെ സ്മിത്ത്, ജോബി എന്നിവരാണ്. പ്രണവ്, ജോജി, സൂരജ്, അജയ്, സിബി, അഭിജിത്ത്, പ്രബിത്ത്, ഗംഗ എന്നിവരാണ് ഇതിൽ അഭിനയിച്ച മറ്റു കൂട്ടുകാർ. സിബി ചേട്ടൻ ക്‌ളീനിങ് ജോലിക്കു പോവുകയാണ്. സൂരജ് സ്റ്റിക്കർ കടയിൽ ജോലി ചെയ്യുന്നു. നിഖിൽ കുടുംബശ്രീക്ക് വേണ്ടി ഓട്ടോറിക്ഷ ഓടിക്കുകയാണ്. ബാക്കിയുള്ളവരെല്ലാം വിദ്യാർഥികൾ. എല്ലാവർക്കും പാട്ടും ഡാൻസുമൊക്കെ വലിയ ഇഷ്ടമാണ്. സിനിമകളിൽ ചെറിയ വേഷങ്ങൾ ചെയ്യാനും നൃത്തം ചെയ്യാനുമൊക്കെ ആഗ്രഹമുള്ളവരാണ് എല്ലാവരും. 

 

 

സൂര്യ എന്ന വലിയ നടന്റെ അഭിനന്ദനം നൽകുന്ന പ്രചോദനം?

 

 

ഈ വിഡിയോ ചെയ്യുമ്പോൾ അത് സൂര്യ സാറിന്റെ അടുത്ത് എത്തിയെങ്കിൽ എന്ന് ആഗ്രഹിച്ചിരുന്നു. ആഗ്രഹിച്ചതുപോലെ തന്നെ സംഭവിച്ചു. വിഡിയോ അദ്ദേഹം ട്വീറ്റ് ചെയ്തതുകൂടി കണ്ടപ്പോൾ സന്തോഷം ഇരട്ടിയായി. ഈ പാട്ട് കണ്ടതിനു ശേഷം ഫൈറ്റ് സീനും സൂര്യ സർ കണ്ടു. രണ്ടും "loved it" എന്ന കമന്റോടെയാണ് അദ്ദേഹം പങ്കുവച്ചത്. ‘ഒരു സൗകര്യവുമില്ലാതെ ഇത്രയും നന്നായി വിഡിയോ ചെയ്തത് കലയോടുള്ള അമിതമായ സ്നേഹം കൊണ്ടാണ്, കെ.വി ആനന്ദ് സർ ഇപ്പോൾ ഉണ്ടായിരുന്നെങ്കിൽ അദ്ദേഹം സന്തോഷിക്കുമായിരുന്നു. നമ്മൾ ആഗ്രഹിക്കുന്നത് നിറവേറാൻ ഒന്നും തടസമല്ല എന്ന മെസ്സേജ് നിങ്ങൾ ഈ വിഡിയോയിലൂടെ എല്ലാവർക്കുമായി പകർന്നുകൊടുക്കുകയാണ്. എല്ലാവർക്കും നിങ്ങളൊരു പ്രചോദനമാണ്. നിങ്ങളുടെ നൃത്തവും നിങ്ങളുടെ എനർജിയും എനിക്ക് വളരെ ഇഷ്ടപ്പെട്ടു. അത് എന്നെ ഇത് ഷൂട്ട് ചെയ്ത കാലത്തിലേക്കു മടക്കിക്കൊണ്ടുപോയി. നിങ്ങൾക്കെല്ലാവർക്കും എന്റെ സ്നേഹവും നന്ദിയും. എല്ലാ ആശംസകളും നേരുന്നു. നിങ്ങൾ എല്ലാവരും ജീവിതത്തിൽ വലിയ വിജയം വരിക്കും എന്നു ഞാൻ പ്രത്യാശിക്കുന്നു" എന്നാണ് സൂര്യ സർ വോയ്‌സ് മെസ്സേജ് അയച്ചത്.  ഇതിൽ കൂടുതൽ വലിയ അംഗീകാരം ഞങ്ങൾക്കു കിട്ടാനില്ല. 

 

 

ശശി തരൂർ സർ, ഒമർ ലുലു സർ, മേയർ ആര്യ എന്നിവരും മികച്ച അഭിപ്രായങ്ങൾ പറയുകയും വിഡിയോ ഷെയർ ചെയ്യുകയുമുണ്ടായി. ഈ അഭിനന്ദനങ്ങളൊക്കെ ഞങ്ങൾക്ക് ഒരുപാട് പ്രോത്സാഹനം നൽകുന്നുണ്ട്. ഇനിയും കൂടുതൽ വിഡിയോകൾ ചെയ്യണം എന്നാണ് ആഗ്രഹം. ചെങ്കൽചൂളയിൽ ഉള്ള മുതിർന്നവരൊക്കെ ഞങ്ങൾ ഡാൻസ് ചെയ്യുമ്പോൾ വഴക്കു പറയാറുണ്ടായിരുന്നു. പക്ഷേ ഇപ്പോൾ എല്ലാവരും നല്ല പിന്തുണയാണു നൽകുന്നത്. ഇപ്പോൾ ഒരുപാടുപേർ ഞങ്ങളുടെ യൂട്യൂബ് ചാനലിൽ വിഡിയോ കാണുന്നുണ്ട്. സബ്സ്ക്രൈബേഴ്സിന്റെ എണ്ണവും കൂടി. കൂടുതൽ വിഡിയോകൾ ചെയ്തു ചാനൽ വളർത്തിയെടുക്കണം എന്നാണ് ആഗ്രഹം. എല്ലാവരുടെയും സപ്പോർട്ട് ഇനിയും ഞങ്ങളോടൊപ്പം ഉണ്ടാകും എന്നു കരുതുന്നു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com