ADVERTISEMENT

കോവിഡ് ഭീതിക്കിടയിൽ സംവിധായകൻ രാജേഷ് നായർ സംവിധാനം ചെയ്ത ‘18 അവേഴ്സ്’ ഞായറാഴ്ച വൈകിട്ട് 6 മണിക്ക് മനോരമ മാക്സിൽ റിലീസ് ചെയ്തു. കെട്ടകാലത്തും പുതിയ ചിത്രങ്ങൾ എടുക്കാമെന്നും പുതുമുഖങ്ങളെയും രംഗത്ത് കൊണ്ടുവരാമെന്നും തെളിയിക്കുന്ന ഈ ചിത്രം മറ്റൊരു പുതുമുഖ നടനെക്കൂടി മലയാള സിനിമയ്ക്ക് നൽകുന്നു. ആ മുഖം പക്ഷേ സിനിമാപ്രേമികൾക്ക് അന്യമല്ല. മലയാളിക്കെന്നും ഏറെ പ്രിയപ്പെട്ട സംഗീതസംവിധായകൻ രതീഷ് വേഗയാണ് ചിത്രത്തിലൂടെ അഭിനയരംഗത്തും സജീവമായിത്തുടങ്ങുന്നത്. രാജേഷ് നായർ സംവിധാനം ചെയ്ത ‘തൃശൂർ പൂരം’ എന്ന ഹിറ്റ് ചിത്രത്തിന്റെ തിരക്കഥാകൃത്തായിരുന്ന രതീഷ് വേഗ സിനിമാലോകത്ത് പുത്തൻ മാനങ്ങൾ കണ്ടെത്താനുള്ള ശ്രമത്തിലാണ്, ഒപ്പം സംഗീതത്തെ എന്നും പ്രാണനെപ്പോൽ നെഞ്ചോടു ചേർക്കുന്നു. പുതിയ സിനിമ–പാട്ടു വിശേഷങ്ങൾ രതീഷ് വേഗ മനോരമ ഓൺലൈനിനോടു പങ്കുവയ്ക്കുന്നു. 

 

 

സംഗീതസംവിധായകൻ അഭിനയേതാവായതെങ്ങനെ?

 

എന്റെ തിരക്കഥയിൽ രാജേഷ് നായർ സംവിധാനം ചെയ്ത ചിത്രമായിരുന്നു തൃശൂർ പൂരം. അതിന്റെ ഷൂട്ടിങ്ങിനിടെ എടാ നിന്നിൽ നല്ല ഒരു അഭിനയേതാവുണ്ട് എന്ന് രാജേഷ് പറഞ്ഞിരുന്നു. ഷൂട്ടിങ്ങിനിടയിൽ ഞാൻ മറ്റുള്ളവർക്ക് സീൻ പറഞ്ഞു കൊടുക്കുന്നതും, ഡയലോഗ് പറയുന്നതുമൊക്കെ കണ്ടിട്ടായിരിക്കും രാജേഷിന് അങ്ങനെ തോന്നിയത്. "എടാ നീ ഇടക്കൊക്കെ അഭിനയിക്കുക കൂടി ചെയ്യണം" എന്ന് രാജേഷ് എന്നോടു പറയുമായിരുന്നു. സിനിമയാണ് എന്റെ പാഷൻ. സിനിയിൽ എന്തൊക്കെ ചെയ്യാൻ കഴിയുമോ അതൊക്കെ ചെയ്യണം എന്നാണ് ആഗ്രഹം. അങ്ങനെയിരിക്കെയാണ് കോവിഡ് കാലത്ത് ‘18 അവേഴ്സി’ന്റെ ചർച്ച വരുന്നത്. നിനക്കൊരു കഥാപാത്രമുണ്ട് നീ ചെയ്യണം എന്ന് രാജേഷ് പറഞ്ഞപ്പോൾ എനിക്ക് ചെയ്യാൻ പറ്റുമോ എന്ന് സംശയമുണ്ടായിരുന്നു. നീ ചുമ്മാതെ ചെയ്യ് നിന്നെക്കൊണ്ടു പറ്റും എന്നാണ് രാജേഷ് പറഞ്ഞത്. എന്നേക്കാൾ എന്നെ വിശ്വാസം രാജേഷിനായിരുന്നു.  

 

 

18 അവേഴ്സിലെ കഥാപാത്രം 

 

 

ഒരു സർവൈവൽ ത്രില്ലർ സിനിമയാണ് ‘18 അവേഴ്‌സ്’. പെൺകുട്ടികളുടെ കഥയാണ്. എന്റെ കഥാപാത്രം ചുരുങ്ങിയസമയം മാത്രമേ പ്രത്യക്ഷപ്പെടുന്നുള്ളു. എന്നാൽ സിനിമയുടെ ഒരു പ്രധാന വഴിത്തിരിവിൽ വന്നു പോകുന്ന കഥാപാത്രമാണത്. ഒരു യാത്രയുടെ ഇടയിൽ കുറച്ചു പെൺകുട്ടികൾക്ക് ഉണ്ടാകുന്ന ചില പ്രശ്നങ്ങളും അവരുടെ അതിജീവനവുമാണ് ചിത്രത്തിന്റെ ഇതിവൃത്തം. അവരെ സഹായിക്കാൻ വരുന്ന പോലീസ് ഓഫീസറുടെ വേഷമാണ് എന്റേത്. എന്റെ കഥാപാത്രത്തെ മികച്ചതാക്കാൻ എനിക്കു സാധിച്ചു എന്നാണ് വിശ്വാസം. രാജേഷും നല്ല അഭിപ്രായമാണ് പറഞ്ഞത്. ബാക്കിയെല്ലാം ഇനി പ്രേക്ഷകരുടെ കയ്യിലാണ്.   

 

 

സംഗീതസംവിധാനമോ അഭിനയമോ, ഏതാണ് എളുപ്പം?

 

 

രണ്ടും രണ്ടു മേഖലയാണല്ലോ. സംഗീതം എന്റെ ജീവനാണ് സിനിമ എന്റെ പാഷനും. പക്ഷേ സംഗീതം തന്നെയാണ് എളുപ്പം എന്നു തോന്നുന്നു. ഒരു സ്റ്റുഡിയോയുടെ ഉള്ളിൽ സുഖകരമായ അന്തരീക്ഷത്തിൽ ഇരുന്നു സംഗീതം ചെയ്യുന്നതുപോലെയല്ല അഭിനയം. ലൊക്കേഷനിൽ ഒരുപാട് കഷ്ടപ്പെട്ട് തന്നെയാണ് ഓരോരുത്തരും അഭിനയിക്കുന്നത്. ഈ ചിത്രത്തിൽ ഒരു വേഷം ചെയ്തതോടെ അഭിനേതാക്കളുടെ ബുദ്ധിമുട്ട് എന്താണെന്ന് അനുഭവിച്ചറിഞ്ഞു.  പൊലീസ് ഉദ്യോഗസ്ഥന്റെ വേഷം ആയതിനാൽ തന്നെ അക്രമികളെ പിന്തുടർന്ന് കാട്ടിൽകൂടി ഓടുന്ന സീൻ ഒക്കെ ചെയ്യേണ്ടി വന്നു. ഓട്ടം ഒന്നും ശീലമില്ലാത്തതിനാൽ ഓടി ഓടി തളർന്നു. റീടേക്ക് ചെയ്തപ്പോൾ കിതച്ചിട്ടു നിൽക്കാൻ പറ്റാത്ത അവസ്ഥയായി. പക്ഷേ അതൊന്നും എന്റെ സ്പിരിറ്റിനെ ബാധിച്ചില്ല. ഇത്രയും നല്ല ഒരു ടീമിനോടൊപ്പം വർക്ക് ചെയ്യുക എന്നത് മികച്ച അനുഭവം തന്നെയാണ്. ഒരു സിനിമയുടെ വർക്കുകൾ നടക്കുമ്പോൾ  നിർമ്മാതാവും സംവിധായകനും ചിലപ്പോൾ ടെൻഷനിൽ ആയിരിക്കും. മറ്റുള്ളവരൊക്കെ കൂൾ മൂഡിലും. ഞാൻ വളരെ ആസ്വദിച്ചാണ് അഭിനയിച്ചത്. 

 

 

സിനിമയുടെ ടീസർ വളരെയധികം ശ്രദ്ധിക്കപ്പെട്ടല്ലോ

 

അതെ, ടീസർ കണ്ടിട്ട് ഒരുപാട് പേർ ഫോണിൽ വിളിച്ച് മികച്ച അഭിപ്രായം പറഞ്ഞു. സംവിധായകരിൽ ചിലരും എന്റെ സംഗീതം ഇഷ്ടപ്പെടുന്നവരുമൊക്കെ വിളിച്ചിരുന്നു. നല്ല വാക്കുകൾ കേട്ടതിൽ സന്തോഷം തോന്നുന്നു. ഏത് വർക്ക് ആയാലും അത് നന്നായി ചെയ്യണം എന്നുള്ളത് എല്ലാ കലാകാരന്മാരുടെയും ആഗ്രഹമാണല്ലോ. എന്റെ സംഗീതം ഇഷ്ടപ്പെട്ട് വിളിക്കുന്നതിനേക്കാൾ കൂടുതൽ ആളുകൾ ഈ ചെറിയ ടീസർ കണ്ട് വിളിച്ചു എന്നതാണ് യാഥാർഥ്യം. സിനിമയല്ലേ എപ്പോഴാണ് ക്ലിക്ക് ആകുന്നതെന്നു പറയാൻ പറ്റില്ല. ശ്യാമപ്രസാദ് സർ, രഞ്ജി പണിക്കർ സർ, ജോയ് മാത്യു സർ, വികെപി, ജോണി ആന്റണി സർ അങ്ങനെ ഒരുപാടു സിനിമാ സംവിധായകർ അഭിനയരംഗത്ത് വന്നല്ലോ. അവരെല്ലാം അഭിനയത്തിൽ ശോഭിക്കുകയും ചെയ്തു. പുതിയ സിനിമ ചെയ്യാൻ പോകുന്നവർ, ഷോർട് ഫിലിം ചെയ്യാൻ തുടങ്ങുന്നവർ അങ്ങനെ ഒരുപാട് പുതിയ കുട്ടികൾ എന്നെ വിളിച്ചിരുന്നു. അവർ ചെയ്യാൻ പോകുന്ന സിനിമകളിൽ അഭിനയിക്കണം എന്നതാണ് ആവശ്യം. ഒരു അഭിനേതാവിനു കിട്ടുന്ന റീച് എത്രത്തോളമാണെന്ന് ഇത്രയുംകാലം സംഗീത രംഗത്ത് നിന്ന എനിക്ക്  ഇപ്പോഴാണ് മനസിലായത്. ചെറിയ കഥാപാത്രം ആയിട്ടും എല്ലാവരും ശ്രദ്ധിച്ചു എന്നതാണ് പ്രധാനം. ഇനി പ്രേക്ഷകർ ആണല്ലോ പറയേണ്ടത്. സിനിമയിൽ ഒന്ന് ഒന്നിന് വളമാണ്. ഞാൻ തിരക്കഥ എഴുതുമ്പോൾ അത് സംഗീതത്തിനു ഗുണം ചെയ്യും. നമ്മൾ ചെയ്യുന്ന ചിത്രത്തിനെങ്കിലും നമുക്ക് സംഗീതം ചെയ്യാം. ഒരു നടനാകുമ്പോൾ പുതിയ ആളുകളെ പരിചയപ്പെടാം, പുതിയ സംവിധായകാർ, തിരക്കഥകൃത്തുക്കൾ, ടെക്‌നിഷ്യൻസ് അങ്ങനെ ഒരുപാടുപേരെ കണ്ടുമുട്ടാനും ഒപ്പം ജോലി ചെയ്യാനും സാധിക്കും. അതിലൂടെ വിശാലമായ ഒരു ലോകമാണ് നമുക്കു മുന്നിൽ തുറന്നു കിട്ടുന്നത്. സിനിമയിൽ പ്രിയപ്പെട്ട ഒരുപാട് പേരെ ഇനിയും സമ്പാദിക്കാൻ കഴിയും എന്ന് കരുതുന്നു. 

 

 

അഭിനയത്തിലെ മുൻപരിചയം

 

 

സ്കൂളിലോ കോളജിലോ പഠിക്കുമ്പോഴൊന്നും കലാപരിപാടികളിൽ അഭിനയിച്ച പരിചയമില്ല. ഞാൻ ഇതുവരെ അഭിനയത്തിലേക്കു കടന്നിട്ടില്ല എന്നതാണ് യാഥാർഥ്യം. തൃശൂർ പൂരമാണ് ആദ്യമായി സ്‌ക്രിപറ്റ് എഴുതിയ ചിത്രം. അതിൽ ഞാൻ ചെറുതായി മുഖം കാണിച്ചിട്ടുണ്ട്. ‘സഖിയേ’ എന്ന പാട്ടിനിടയിൽ വന്നു പോകുന്ന ഒരു പൊലീസ് ഉദ്യോഗസ്ഥന്റെ വേഷമായിരുന്നു അത്. ആ സിനിമയുടെ കഥ ഞാൻ പറഞ്ഞുകൊടുക്കുന്നത് കാണുമ്പൊൾ എന്നിൽ ഒരു അഭിനേതാവ് ഉണ്ടെന്നു പലരും പറഞ്ഞിട്ടുണ്ട്. ഞാൻ ഓരോ കഥാപാത്രത്തെയും അഭിനയിച്ചു കാണിച്ചാണ് കഥപറയുന്നത്. കുറച്ചൊക്കെ മിമിക്രി ചെയ്യാറുണ്ട്.  ഈ ഓഫർ വന്നപ്പോൾ ജയസൂര്യയോടാണ് ഞാൻ ആദ്യം അഭിപ്രായം ചോദിച്ചത്. "നീ ധൈര്യമായി ചെയ്യെടാ" എന്ന് ജയേട്ടൻ പറഞ്ഞു. അങ്ങനെയാണ് അഭിനയച്ചതു തന്നെ.  

 

 

 

കുടുംബത്തിൽ നിന്നുള്ള പ്രതികരണം

 

 

എന്റെ ഭാര്യയ്ക്ക് ഇപ്പോഴും ടെൻഷൻ ആണ്. സിനിമ കണ്ടു കഴിഞ്ഞേ അവളുടെ പ്രതികരണം അറിയാൻ കഴിയൂ. അവൾക്ക് എന്നെ ഒരു സംഗീതസംവിധായകൻ ആയിട്ടേ കാണാൻ കഴിയൂ. ഞാൻ മറ്റെന്തു ചെയ്താലും അവൾക്കു ഞാൻ സംഗീതസംവിധായകൻ മാത്രമാണ്. ഞാൻ അഭിനയിച്ചു എന്ന് അവൾക്കു വിശ്വസിക്കാൻ പറ്റുന്നില്ല എന്നാണ് പറഞ്ഞത്. രണ്ടു ആൺകുട്ടികളാണ് എനിക്ക് നാദിൻ, നിർണവ്. അച്ഛന് ഇതൊക്കെ പറ്റുമോ അച്ഛാ എന്നാണു മകൻ ചോദിച്ചത്. എന്റെ പൊലീസ് വേഷം കണ്ടിട്ട് അവൻ എന്ത് പറയും എന്നറിയില്ല.

 

ആരാധകരിൽ നിന്നുള്ള സ്നേഹം

 

സിനിമയുടെ ടീസർ വന്നതിനു ശേഷം ഇൻസ്റ്റഗ്രാമിൽ ഒരുപാട് സ്റ്റോറി വരുന്നുണ്ട്. എന്റെ പാട്ട് ഇഷ്ടപ്പെടുന്നവരാണ് കൂടുതൽ. എങ്കിലും ഈ ഒരു ചെറിയ ടീസറിന് കിട്ടിയ വരവേൽപ്പ് വളരെ വലുതാണ്, അത് ചിത്രത്തിനും കിട്ടട്ടെ എന്ന് ആഗ്രഹിക്കുന്നു. ആദ്യമായ്‌ ചെയ്ത കഥാപാത്രം എല്ലാവരും സ്വീകരിക്കുമോ എന്നൊരു പേടിയുണ്ട്. എല്ലാവരുടെയും പ്രതികരണത്തിനായി കാത്തിരിക്കുകയാണ്. ഇനിയും കഥാപാത്രങ്ങൾ എന്നെ തേടി വന്നാൽ ചെയ്യണം എന്നു തന്നെയാണ് ആഗ്രഹം. അഭിനയമോ തിരക്കഥ എഴുത്തോ എന്റെ സംഗീതത്തെ ബാധിക്കില്ല, കാരണം സംഗീതം എന്റെ പ്രാണനാണ്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com