‘എന്റെ വരികൾ ഞാൻ മറക്കാൻ ശ്രമിക്കുന്നു, മറ്റുള്ളവരുടേത് ഓർക്കാനും’; മനസ്സ് തുറന്ന് ബി.കെ.ഹരിനാരായണൻ, അഭിമുഖം

harinarayan-new1
SHARE

പാട്ടിലെ പുതുമയാർന്നൊരു ശൈലിയാണ്  ബി.കെ ഹരിനാരായണന്റെ പാട്ടുകൾ. പുതിയ കാലത്തിനൊപ്പം ചൂളമിട്ടു പായുമ്പോഴും പഴയ കാലത്തെയും തൃപ്തിപ്പെടുത്തുന്ന പാട്ടുകൾ. കോവിഡ് വറുതിയിൽ ഒരു കുളിർക്കാറ്റു പോലെ ആശ്വാസം പകർന്ന വാതുക്കലെ വെള്ളരിപ്രാവ്, കൊച്ചു കുട്ടികൾ വരെ ചുവടു വച്ചു പാടിയ കിം കിം കിം, തലമുറ ഭേദമില്ലാതെ എല്ലാവരും മൂളി നടന്ന ഓലേഞ്ഞാലിക്കുരുവി... പാട്ടുകൾ ഒന്നിനു പുറകെ ഒന്നായി ഹിറ്റാവുമ്പോഴും അതെന്റെ കഴിവല്ല, സിനിമ ഒരു സംഘ കലയാണെന്നു വിനയാന്വിതനാവുന്ന ചെറുപ്പക്കാരൻ. പാട്ടിനെക്കുറിച്ചും പാട്ടെഴുത്തിനെക്കുറിച്ചുമുള്ള വിശേഷങ്ങൾ ഹരിനാരായണൻ മനോരമ ഓൺലൈനിനോടു പങ്കുവയ്ക്കുന്നു.

പാട്ടെഴുത്തുകാരില്‍ ചിലര്‍ വയലാര്‍ ശൈലിയോടും ചിലര്‍ പി.ഭാസക്കരനോടും ചേര്‍ന്നു നില്‍ക്കാറുണ്ട്?

എന്നെ സംബന്ധിച്ച് വ്യക്തിപരമായി ഒരു ശൈലിയോടു ചേര്‍ന്നു നില്‍ക്കുക എന്നുള്ളതില്ല. എല്ലാ ശൈലികളുടെയും സ്വാംശീകരണങ്ങള്‍ നമ്മളെ സ്വാധീനിക്കുന്നുണ്ട്. വയലാര്‍ ശൈലി ഭാസ്‌കരന്‍ ശൈലി എന്നു മാത്രമല്ല, തമ്പി സര്‍ ജനകീയമായ ഒരു ശൈലി കൊണ്ടു വന്നു. ഒഎന്‍വി സര്‍  ശില്‍പ ഭദ്രതയുടെ ശൈലി കൊണ്ടു വന്നു. അതിനുമുമ്പ് അഭയദേവ് മാഷ്, മുതുകുളം, ജി.ശങ്കരക്കുറുപ്പ് ഇവരൊക്കെയുമുണ്ട്. എല്ലാവരും സ്വാധീനിച്ചിട്ടുണ്ടാവും. പ്രത്യക്ഷമായോ പരോക്ഷമായോ ഒക്കെയുണ്ടാവും. അത് എല്ലാവരിലുമുണ്ടാവുമെന്നു തോന്നുന്നു.

പാട്ടെഴുത്ത് ബുദ്ധിപരമാണോ അതോ വൈകാരികമാണോ?

കവിതയെഴുത്ത് കലയാണ്. എന്നാൽ സിനിമയ്ക്കുള്ള പാട്ട് എന്നു പറയുന്നത് ഒരു പ്രായോഗിക കലയാണ്. പാട്ടില്‍ അതിനുവേണ്ട സന്ദര്‍ഭവും കഥാതന്തുവും ഈണവുമൊക്കെ തന്നിട്ടാണല്ലോ എഴുതുന്നത്. ഹൃദയം കൊണ്ടാണ് എഴുതുന്നതെന്നു പറയുമെങ്കിലും ചിലപ്പോള്‍ ബുദ്ധിയുടെ അംശവും അതില്‍ വരും. പാട്ട് ജനകീയമാണ്. സിനിമ ഇന്‍ഡസ്ട്രിയുടെ ഭാഗമാണ്. കലാസൃഷ്ടിയാവുമ്പോള്‍ തന്നെ അത് ഒരു ഉത്പന്നവുമാണ്. അതില്‍ സംവിധായകന്റെയും സംഗീതസംവിധായകന്റെയും തിരക്കഥാകൃത്തിന്റെയുമൊക്കെ  ഇടപെടലുകളുമുണ്ടാവും.

പാട്ടില്‍ വ്യത്യസ്തത കൊണ്ടു വരാന്‍ സാധിക്കുന്നത് എങ്ങനെ? വായനയിലൂടെയാണോ?

 

പാട്ടില്‍ വ്യത്യസ്തത കൊണ്ടുവരാനൊരു ശ്രമം നടത്താറുണ്ട്. പക്ഷേ അത് അങ്ങനെ ഉണ്ടോ എന്നറിയില്ല. നമ്മളെ പൂര്‍ണമായങ്ങനെ ഉടച്ചു മാറ്റാനും ശീലങ്ങള്‍ മാറ്റാനും എളുപ്പമല്ലല്ലോ. നമ്മളെ ഇഷ്ടമുള്ളവര്‍, പാട്ടിനെ ഇഷ്ടപ്പെടുന്നവര്‍ ഒക്കെ വിമര്‍ശനാത്മകമായി പറയുന്നതിനെയെല്ലാം സ്വീകരിക്കാറുണ്ട്. പരിമിതിയില്‍ നിന്നുകൊണ്ട് മറികടക്കാറുണ്ട്. നമ്മുടെ പൂര്‍വ്വസൂരികള്‍ ചെയ്തതിന്റെ തുടര്‍ച്ച തന്നെയാണല്ലോ നമ്മളും ചെയ്യുന്നത് .അതൊക്കെ കേള്‍ക്കുന്നതു തന്നെ വലിയൊരു പഠനമായി തോന്നിയിട്ടുണ്ട്. വ്യത്യസ്തതയ്ക്കായി ശ്രമിക്കാറുണ്ട്, പക്ഷേ പരിമിതി കൊണ്ടു പറ്റുന്നില്ല എന്നാണ് തോന്നിയിട്ടുള്ളത്.

എഴുതിയ പാട്ടുകളില്‍ ഇഷ്ടം ഏതിനോടാണ്? 

ഏതു പാട്ടിനോടാണ് കൂടുതല്‍ ഇഷ്ടം എന്നു പറയാന്‍ പറ്റില്ല. എല്ലാ കുട്ടികളോടും വലിയ ഇഷ്ടം തന്നെയാണ്. മറ്റുള്ളവരുടെ വരികള്‍ ഓര്‍ക്കാന്‍ ഇഷ്ടപ്പെടുകയും എന്റെ വരികള്‍ മറക്കാന്‍ ശ്രമിക്കുകയുമാണ് ചെയ്യുന്നത്.

ഓലഞ്ഞാലി, ലൈലാകം, വെള്ളരിപ്രാവ്, കിംകിംകിം... അടിക്കടിയുള്ള ഹിറ്റുകള്‍ സന്തോഷമോ സമ്മര്‍ദമോ?

പാട്ട് സൃഷ്ടിക്കപ്പെടുമ്പോള്‍ ഒരു സന്തോഷം തന്നെയാണ് ഉണ്ടാവുന്നത്. എങ്കിലും ഏതു പാട്ടിന്റെ സൃഷ്ടിയിലും ഒരു സമ്മര്‍ദ്ദമുണ്ടാവും. ഈ പാട്ടുകളൊക്കെയും ഒരു സംഘകലയായാണ് ഉണ്ടായിട്ടുള്ളത്. അതിന്റെ ഭാഗമാകുന്നു എന്നതിലും അതിനു നമ്മളെ തിരഞ്ഞെടുക്കുന്നു എന്നതിലും സന്തോഷമുണ്ട്.

ഒഴിവു സമയത്ത് എഴുത്തോ വായനയോ കൂടുതല്‍?

ഒഴിവു സമയത്ത് എഴുത്ത് പതിവില്ല. വായന ഉണ്ടാവാറുണ്ട്, പാട്ട്, കച്ചേരികള്‍ അങ്ങനെയൊക്കെ കേള്‍ക്കും. കളിക്കാരനല്ലെങ്കിലും എല്ലാത്തരം സ്‌പോര്‍ട്‌സും  കാണാനിഷ്ടമാണ്.

പാട്ടെഴുത്തുകാര്‍ക്ക് വേണ്ടത്ര പ്രാധാന്യം കിട്ടുന്നില്ല, ക്ലേശകരമായ സംഗീതത്തിനനുസരിച്ചും പാട്ടുണ്ടാക്കാന്‍ നിര്‍ബന്ധിക്കപ്പെടുകയാണ് പാട്ടെഴുത്തുകാര്‍ എന്നു തോന്നിയിട്ടില്ലേ?

ഇതിനു മറ്റൊരു രീതിയില്‍ ഉത്തരം പറയാം. ഈണത്തിന് അനുസരിച്ച് എഴുത്ത് എല്ലാ കാലത്തും ഉണ്ടായിട്ടുണ്ട്. ചിലപ്പോള്‍ ഒരു പാട്ടെഴുത്തുകാരനെ സംബന്ധിച്ച് വരിയെഴുതുന്നതായിരിക്കും അയാളുടെ ശില്‍പഭദ്രതയ്ക്ക് എളുപ്പമെങ്കിലും രണ്ടു തരത്തിലും ഇവിടെ നടക്കുന്നുണ്ട്. പ്രശ്‌നം വരുന്നത് പക്ഷേ അവിടെയല്ല. പലപ്പോഴും പാട്ടെഴുത്തുകാര്‍ക്കു ക്രെഡിറ്റ് കൊടുക്കുന്നില്ല. എഫ്എം റേഡിയോയില്‍ ക്രെഡിറ്റ് പറയാതിരിക്കല്‍, കവര്‍ സോങ്ങില്‍ പേരു പറയാതിരിക്കുന്നത് ഒക്കെ സാധാരണമായിരിക്കുകയാണ്. ഈ തിരക്കുള്ള ജീവിതത്തിൽ യൂട്യൂബില്‍ ക്രെഡിറ്റ് നോക്കി ആരും താഴത്തേക്ക് ഒന്നും സ്ക്രോൾ ചെയ്തു പോവില്ല. ടൈറ്റിലിൽ പാട്ടുകാരന്റെ പാട്ടുകാരിയുടെ, സംഗീതസംവിധായകന്റെ, നായികയുടെ, നായകന്റെ, സിനിമയുടെ ഒക്കെ പേരുണ്ടാവും. പാട്ടെഴുത്തുകാരന്റെ പേരു മാത്രം പാട്ടു വരുന്ന യൂട്യൂബ് ടൈറ്റിലില്‍ കാണാറില്ല. താഴെ സ്‌ക്രോള്‍ ചെയ്താല്‍ ഇല്ല എന്നല്ല. ടൈറ്റിലില്‍ കൊടുക്കാത്തത് കാര്യമാക്കണ്ട എന്നൊക്കെ പലരും പറയും. എന്തിനാണ് പാട്ടെഴുത്തുകാരന്റെ പേരുമാത്രം ഒഴിവാക്കുന്നത് എന്നാണ് എനിക്കു ചോദിക്കാനുള്ളത്. ചിലപ്പോള്‍ സാങ്കേതികതയായിരിക്കാം.ആരും മനപൂര്‍വ്വമാവില്ല ചെയ്യുന്നത്. യൂട്യൂബ് ടൈറ്റിലില്‍ നമ്മുടെ പേരുള്ള പാട്ടുകളാണെങ്കില്‍ വളരെ പെട്ടന്നു തന്നെ അതു കണ്ടവരില്‍ നിന്നും പ്രതികരണങ്ങളുണ്ടാവാറുണ്ട്. അതേസമയം ഉള്ളിലെവിടെയെങ്കിലുമാണ് പേരുള്ളതെങ്കില്‍ പലപ്പോഴും പാട്ടെഴുത്തുകാരന്‍ തിരിച്ചറിയപ്പെടാതെ പോവുന്നുണ്ട്.

വ്യക്തിപരമായ ഒരനുഭവം പറയട്ടെ, ഒരിക്കല്‍ ഒരു പ്രമുഖ ചാനലില്‍ ഒരു പാട്ടു ശ്രദ്ധിക്കപ്പെട്ടതിന്റെ ആഘോഷം നടക്കുന്നു. ഒരു സുഹൃത്തു വിളിച്ചു പറഞ്ഞിട്ടാണ് ഞാനത് കാണുന്നത്. അതില്‍ സംഗീതസംവിധായകനുണ്ട്, ഗായകന്‍, ഗായിക അതുമായി ബന്ധപ്പെട്ടവരൊക്കെയുണ്ട്. പാട്ടെഴുത്തുകാരന്‍ മാത്രം അറിഞ്ഞിട്ടില്ല. പാട്ടെഴുതിയ ആള്‍ക്ക് അത് പാടിക്കാണിക്കാന്‍ പറ്റാത്തതു കൊണ്ടാണോ എന്നറിയില്ല .ഇത്തരം രംഗങ്ങളിൽ നിന്നും പരിപാടികളില്‍ നിന്നുമൊക്കെ പാട്ടെഴുത്തുകാരന്‍ ഒഴിവാക്കപ്പെടുന്നുണ്ട്. എന്റെ വ്യക്തിപരമായ അനുഭവം മാത്രമല്ല ഇത്. പാട്ടെഴുത്തുകാര്‍ പരസ്പരം പറയുന്ന കാര്യങ്ങളാണ്.

നിലവില്‍ കുറെ പാട്ടെഴുത്തുകാരുണ്ടല്ലോ. നിങ്ങള്‍ക്കിടയില്‍ സര്‍ഗാത്മകമായ മത്സരം നടക്കുന്നുണ്ടോ?

ആരോഗ്യപരമായ മത്സരം നല്ലതാണല്ലോ. അതിലും പ്രധാനമായൊരു കാര്യം കുറച്ചു കാലമായി പാട്ടെഴുത്തുകാര്‍ക്ക് രചന എന്നു പേരുള്ള ഒരു വാട്ട്‌സ്ആപ്പ് കൂട്ടായ്മയുണ്ട്. അതില്‍ പരസ്പരം പ്രശ്‌നങ്ങള്‍ പറയാറുണ്ട്. ഒരു സഹോദരത എല്ലാവരും തമ്മിലുണ്ട്. അത് വലിയ സന്തോഷം നല്‍കുന്ന കാര്യമാണ്.  അങ്ങനെ ഒരു കൂട്ടായ്മയുടെ ഭാഗമായി നില്‍ക്കുമ്പോള്‍ നമുക്കൊക്കെ ആളുകളുണ്ട് എന്ന ഒരു തോന്നലുണ്ട്.

ജിമിക്കിക്കമ്മല്‍, കിംകിംകിം.... പാട്ട് ഇറങ്ങുന്ന സമയത്ത് വലിയ ഓളമുണ്ടാക്കുമെങ്കിലും ആറുമാസം കഴിഞ്ഞാല്‍ അവ ആളുകള്‍ക്കു മടുക്കും എന്നു വിമര്‍ശനമുണ്ടല്ലോ?

അഭിരുചി എന്നു പറയുന്നത് മാറി മാറി വരുന്നതാണ്. ഓരോ കാലത്തും അഭിരുചി വ്യത്യാസമുണ്ടായിട്ടുണ്ട്. മുമ്പേയുള്ളവര്‍ പിന്നീട് വന്നതിനെ വിമര്‍ശിക്കാറുണ്ട്. നമ്മള്‍ നമ്മുടെ കാലത്തു നില്‍ക്കുമ്പോള്‍ നമുക്ക് ഇഷ്ടപ്പെട്ടതായിരിക്കും ചേര്‍ത്തു പിടിക്കുന്നത്. ഓരോ കാലത്തും ഇതു  മാറി വരുന്നുണ്ട്. ഏതൊക്കെയാണ് നിലനില്‍ക്കുന്നത് ഏതൊക്കെയാണ് മുന്നോട്ടു പോവുന്നത് എന്നുള്ളത് അതും കഴിഞ്ഞു വരുന്ന കാലത്തിനു മാത്രമേ തെളിയിക്കാന്‍ പറ്റുകയുള്ളൂ.

സാഹിത്യം വേണമെന്നില്ലല്ലോ ചില സംഗീതസംവിധായകര്‍ക്ക്? ഭാഷയ്ക്കു കേടു പറ്റുന്ന രീതിയില്‍ എഴുതാന്‍ നിര്‍ബന്ധിക്കപ്പെടാറുണ്ടോ?

ഭാഷയ്ക്ക് കേടുപറ്റുമെന്നു തോന്നിയാല്‍ അതു തുറന്നു പറയാന്‍ പറ്റുന്ന ഒരവസ്ഥയുണ്ടെന്നാണ് എനിക്കു തോന്നിയിട്ടുള്ളത്. ട്യൂണിന് എഴുതുമ്പോള്‍ അതിന്റെ ഉള്ളില്‍ നിന്നു തന്നെ നമ്മളെഴുതണം. പക്ഷേ നമ്മള്‍ ഒരു സംഗീതസംവിധായകനോടു പറയുകയാണ് ഇതിങ്ങനെയാണ് ഒന്നു മാറ്റണമെന്നു പറഞ്ഞാല്‍ അത് സൗഹാര്‍ദ്ദപൂര്‍വ്വം പരിഗണിക്കുന്നവരാണ് എല്ലാവരും എന്നു തന്നെയാണ് എനിക്കു തോന്നിയിട്ടുള്ളത്.

സിനിമയില്‍ ആദ്യം പണം കൊടുത്തു പിരിച്ചയക്കുന്നതു പാട്ടെഴുത്തുകാരനെയായതിനാല്‍ കുറഞ്ഞ പ്രതിഫലവും പാട്ടെഴുത്തുകാരനാണെന്ന് ബീയാര്‍ പ്രസാദ് പറഞ്ഞല്ലോ ?

പ്രസാദേട്ടന്‍ പറഞ്ഞതു നൂറു ശതമാനം ശരിയാണ്. എന്നാല്‍ സിനിമയില്‍ ആദ്യം  പൈസ കൊടുത്തയക്കുന്ന ആളായിക്കൊള്ളണമെന്നില്ല പാട്ടെഴുത്തുകാരന്‍. ചിലപ്പോള്‍ സിനിമയുടെ ഷൂട്ടു കഴിഞ്ഞും പാട്ടുണ്ടാക്കുന്നുണ്ട്. താരതമ്യേന കുറഞ്ഞ പ്രതിഫലം ഉള്ള സിനിമാവിഭാഗത്തില്‍ പെടുന്നവരാണ് പാട്ടെഴുത്തുകാരനെന്നു തോന്നുന്നു.  

സിനിമയ്ക്കു പുറത്തും ധാരാളം പാട്ടുകള്‍ എഴുതുന്നുണ്ടല്ലോ? മനസ്സിലെപ്പോഴും പാട്ടു തന്നെയാണോ?  

സ്വതന്ത്രമായ പാട്ടുകള്‍ ഇപ്പോള്‍ കുറെ വരാറുണ്ട്. ഞാൻ ഫേസ്ബുക്കില്‍ എഴുതിയിട്ട വരികള്‍ ചിലര്‍ പാട്ടാക്കാറുണ്ട്. അല്ലാതെയും എഴുതിക്കൊടുക്കാറുണ്ട്. കുറെ ആളുകൾ ഈയിടെ നല്ല അഭിപ്രായം പറഞ്ഞ വരികളാണ് ഇപ്പോള്‍ ഈ നിമിഷം  മനസിലോര്‍മ്മ വരുന്നത്. സിനിമേതരമായിട്ടുള്ള ഗാനമാണ്. 'നല്ലതൊന്നുമെന്റെ കണ്‍മണീ കണ്ണില്‍ നിന്ന് അങ്ങനങ്ങ് മായുകില്ലെടീ' അന്തിവിണ്ണിലമ്പിളിക്കല എന്ന പാട്ടിലെ വരികളാണ്.

പുറത്തിറങ്ങാനുള്ള പുതിയ പാട്ടുകള്‍ ഏതൊക്കെ?

കുറച്ചു സിനിമകളുടെ ഭാഗമായിട്ടുണ്ട്. ഈയവസ്ഥയൊക്കെ മാറി അതു പുറത്തു വരട്ടെ. അതു വരെ ഒരു സസ്‌പെന്‍സായി നില്‍ക്കട്ടെ.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN INTERVIEWS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

കലാലയങ്ങളിലേക്ക് തിരികെ

MORE VIDEOS
FROM ONMANORAMA