‘ആ ഗാനം കേട്ടപ്പോൾ ദേവരാജൻ മാസ്റ്ററുടെ കാൽതൊട്ടു വന്ദിക്കാൻ തോന്നി...’

HIGHLIGHTS
  • മലയാളത്തിൽ കവിത്വവും മികവുമുള്ള സംഗീത സംവിധായകർ കുറഞ്ഞു
  • സിനിമയിൽ വ്യാപകമായി തെറി വാക്കുകൾ ഉപയോഗിക്കുന്നു; ഗാനങ്ങളിലും അത് കടന്നു
TP-Sasthamangalam-Interview
SHARE

ഗാനനിരൂപണ രംഗത്തു നാലു പതിറ്റാണ്ടു പിന്നിടുകയാണ് ടി.പി. ശാസ്തമംഗലം. ഒരു പാട്ടു വിജയിക്കണമെങ്കിൽ സാഹിത്യഗുണവും സംഗീതവും ഒത്തുവരണമെന്ന ഉറച്ച നിലപാടിൽ ഇക്കാലമത്രയും അദ്ദേഹം വിട്ടുവീഴ്ച ചെയ്തിട്ടില്ല. അതുകൊണ്ടുതന്നെ പൂമാലയ്ക്കൊപ്പം കല്ലേറും ഏറെ ഏറ്റുവാങ്ങേണ്ടിവന്നിട്ടുണ്ട്. 80കളിൽ ആദ്യ നിരൂപണം പുറത്തുവന്നപ്പോൾത്തന്നെ ശക്തമായ എതിർപ്പാണു കാത്തിരുന്നത്. അക്കാലത്ത് ഒരു കത്തു വന്നു. ‘പുണ്യാഹം നേരുന്നു’ - എന്നായിരുന്നു സന്ദേശം. യൂസഫലി കേച്ചേരിയുടേതായിരുന്നു അത്. ഇതാണു വേണ്ടത് ഇങ്ങനെയാണു വേണ്ടതെന്നും അദ്ദേഹം ആശംസിച്ചു. 

വയലാറിനെ നേരിൽക്കണ്ടിട്ടില്ലെങ്കിലും ഒ.എൻ.വി. കുറുപ്പ്, പി. ഭാസ്കരൻ തുടങ്ങിയ ഇരുത്തംവന്ന എഴുത്തുകാരും ജി.ദേവരാജനെപ്പോലെയുള്ള പ്രഗൽഭരായ സംഗീത സംവിധായകരും നൽകിയ പിന്തുണയും വായനക്കാരുടെ പ്രോത്സാഹനവുമാണ് ഈ രംഗത്തു തന്നെ നിലനിർത്തിയതെന്ന് അദ്ദേഹം പറയും. അനശ്വരങ്ങളായ ഒട്ടേറെ ഗാനങ്ങളുടെ പിറവിക്കു സാക്ഷിയാകാൻ കഴിഞ്ഞ അനുഭവങ്ങളിലൂടെ ടി.പി. ശാസ്തമംഗലം മനോരമ ഓൺലൈനോടു സംവദിക്കുമ്പോൾ മുന്നിൽ തെളിയുന്നത് മലയാള ചലച്ചിത്രഗാന ചരിത്രത്തിന്റെ കാണാപ്പുറങ്ങളാണ്...

പ്രതിസ്ഥാനത്ത്, ഓകെ പറയുന്ന സംവിധായകർ

സാങ്കേതികമായി വളരെ പിന്നാക്കം നിന്ന ഒരു ഭൂതകാലം മലയാള സിനിമയ്ക്കുണ്ട്. ആ പരിമിതികളെ അതിജീവിച്ചാണു മികച്ച  പല സിനിമകളും ഗാനങ്ങളുമുണ്ടായത്. എന്നാൽ, എല്ലാ സാധ്യതകളും സാങ്കേതിക വികാസവുമുണ്ടായിട്ടും എന്തുകൊണ്ടാണു നല്ല ഗാനങ്ങൾ ഇപ്പോൾ ഉണ്ടാകാത്തത്? കവിത്വമുള്ളവരും മികവുള്ള സംഗീത സംവിധായകരും കുറഞ്ഞതോടെയാണ് ചലച്ചിത്രഗാനങ്ങളുടെ സൗന്ദര്യം ചോർന്നു പോയതെന്നാണ് എന്റെ കണ്ടെത്തൽ. പഴശ്ശിരാജ എന്ന ചിത്രത്തിനായി ഒഎൻവി എഴുതിയ ഗാനത്തെ ഇളയരാജ വിമർശിച്ചത് ഈ അർഥത്തിലാണു മനസ്സിലാക്കേണ്ടത്. അവസാന നിമിഷം വരെ ഒഎൻവിയിലെ കവിത്വം നഷ്ടപ്പെട്ടിരുന്നില്ല. ട്യൂണിനു വേണ്ടി എന്തും എഴുതിക്കൊടുക്കുന്ന ആളായിരുന്നില്ല അദ്ദേഹം. വയലാർ, പി. ഭാസ്കരൻ, ശ്രീകുമാരൻ തമ്പി തുടങ്ങിയവരും അങ്ങനെ തന്നെയായിരുന്നു.

ശങ്കരാഭരണത്തിലെ ഗാനങ്ങൾ ശാസ്ത്രീയസംഗീതം അറിയാത്ത എസ്.പി. ബാലസുബ്രഹ്മണ്യത്തെക്കൊണ്ടു (എസ്പിബി) പാടിക്കാൻ തിരുവനന്തപുരത്തുകാരനായ വേലപ്പൻ നായരെന്ന പുകഴേന്തി നടത്തിയ വലിയ അധ്വാനമുണ്ട്. ഒപ്പമെത്താനുള്ള എസ്പിബിയുടെ പരിശ്രമങ്ങളും വിസ്മരിക്കരുത്. ഇങ്ങനെയാണ് നല്ല ഗാനങ്ങൾ പിറന്നതെന്നതു നവ സിനിമയുടെ വക്താക്കളും പ്രവർത്തകരും വല്ലപ്പോഴും ഓർമിക്കുന്നത് നല്ലതാണ്. ചലച്ചിത്രഗാനരംഗത്തെ സർഗാത്മക സംസ്കാരം മാറുകയാണെന്നു ദുഃഖത്തോടെ പറയേണ്ടി വരുന്നു. സിനിമയിൽ ഏറ്റവും കൂടുതൽ ഉപയോഗിക്കുന്ന പദമാണ് ‘ ഓകെ’ എന്നത്. എല്ലാറ്റിനും ‘ ഓകെ’ പറയുന്ന സംവിധായകർ തന്നെയാണ് ഗാനങ്ങളുടെ സൗന്ദര്യം ചോരുന്ന കാര്യത്തിലും പ്രതിസ്ഥാനത്തുള്ളത്

വരികളെ തഴുകുന്ന സംഗീതം

‘ഒരു ദലം മാത്രം വിടർന്നൊരു ചെമ്പനീർ

മുകുളമായ് നീ എന്റെ മുന്നിൽ നിന്നു...’

എന്നു തുടങ്ങുന്ന ഗാനം ജാലകം എന്ന സിനിമയ്ക്കു വേണ്ടി ഒഎൻവി എഴുതിയതാണ്. ചിത്രകാരനായ നായക കഥാപാത്രത്തെ അവതരിപ്പിച്ചിരിക്കുന്നത് അശോകനാണ്. പാർവതിയാണു നായിക. ആ കാലഘട്ടത്തിലെ നിർമലമായ പ്രണയത്തിന്റെ എല്ലാ ഭാവങ്ങളും ഈ ഗാനത്തിലൂടെ പ്രേക്ഷകന് അനുഭവിച്ചറിയാനാകും. നായിക യൗവനത്തിലേക്കു പ്രവേശിക്കുന്നതേയുള്ളൂ. അവളെ ഒന്നു സ്പർശിക്കണമെന്ന് നായകന് ഉള്ളിൽ മോഹമുണ്ട്. എന്നാൽ, അതിൽ നിന്നയാൾ ബോധപൂർവം മാറിനിൽക്കുകയാണ്. ഇത് കവി ആവിഷ്കരിച്ചിരിക്കുന്നത് എത്ര മനോഹരമായിട്ടാണെന്നു നോക്കുക:

‘തരള കപോലങ്ങൾ നുള്ളി നോവിക്കാതെ

തഴുകാതെ ഞാൻ നോക്കി നിന്നു’ – ഇതിൽക്കൂടുതൽ എന്തു പറയാനാണ്. 

വരികളെ തഴുകുന്ന സംഗീതമാണ് എം.ജി. രാധാകൃഷ്ണന്റേത്. മികച്ച ചിത്രീകരണം കൂടിയാകുമ്പോൾ പ്രണയത്തിന്റെയും വിരഹത്തിന്റെയും വൈകാരികതയുടെ ആഴത്തിലേക്കു പ്രേക്ഷകർ എത്തിച്ചേരുന്നു. ഓരോ ചലച്ചിത്രഗാനവും വിജയിച്ചിട്ടുള്ളത് ഇങ്ങനെയാണ്. വരികൾ, സംഗീതം, ആലാപനം, ചിത്രീകരണം ഇവയുടെ ഒത്തുചേരലാണു പ്രധാനം. ഇങ്ങനെ സമ്പൂർണമായി വിജയിച്ച ഒട്ടേറെ ഗാനങ്ങളുണ്ട് മലയാളത്തിൽ.

‘ആയിരം പാദസരങ്ങൾ കിലുങ്ങീ,

devarajan-new

ആലുവാപ്പുഴ പിന്നെയുമൊഴുകീ,’

‘അരികിൽ നീ ഉണ്ടായിരുന്നെങ്കിൽ...’

‘സീമന്തിനീ നിന്റെ ചൊടികളിലാരുടെ

പ്രേമ മൃദുസ്മേരത്തിൻ സിന്ദൂരം ...’ തുടങ്ങിയ ധാരാളം പാട്ടുകൾ എടുത്തു കാണിക്കാനാകും.

ഇതുപോലെയുള്ള ഗാനങ്ങളുള്ളതുകൊണ്ടാണ് നമ്മുടെ ചലച്ചിത്രസംഗീതം സമ്പന്നമാണെന്ന് ധൈര്യമായി പറയാൻ കഴിയുന്നത്.

സംഗീതത്തിന്റെ അടിവരയിട്ടവർ

പ്രതിഭയുള്ള കവികളെ ഗാനരചനയിലേക്കു കൊണ്ടുവരാനും നിലനിർത്താനും കഴിഞ്ഞതാണ് നമ്മുടെ ചലച്ചിത്രഗാന സംസ്കാരത്തിന്റെ വിജയത്തിനു പിന്നിലെ ചരിത്രം. ജി. ദേവരാജൻ, വി. ദക്ഷിണാമൂർത്തി, കെ. രാഘവൻ, എം.എസ്. ബാബുരാജ്, എം.കെ. അർജുനൻ തുടങ്ങിയ സംഗീത സംവിധായകർ ഇക്കാര്യത്തിൽ വലിയ പങ്കു വഹിച്ചിട്ടുണ്ട്. ഒരു ഗാനത്തിന് 51 ശതമാനം സാഹിത്യവും 49 ശതമാനം സംഗീതവുമേ പാടുള്ളൂ എന്ന് ഒരിക്കൽ ജി. ദേവരാജൻ പറഞ്ഞിട്ടുണ്ട്. എന്ന് അങ്ങനെ അല്ലാതാകുന്നോ അന്ന് ഗാനം പരാജയപ്പെടും എന്നാണ് അദ്ദേഹം ആവർത്തിച്ചിരുന്നത്. ഇന്നത്തെ പല ഗാനങ്ങൾക്കും 95 ശതമാനം സംഗീതവും 5 ശതമാനം സാഹിത്യവുമേയുള്ളൂവെന്നു നിരാശതയോടെ പറയേണ്ടിവരും.

വയലാറിന്റെയും പി. ഭാസ്കരൻന്റെ ഒഎൻവിയുടെയും വരികൾ ചിട്ടപ്പെടുത്തുകയല്ല, അവയ്ക്ക് സംഗീതത്തിന്റെ അടിവരയിടുക മാത്രമാണു ചെയ്യുന്നതെന്ന് മറ്റൊരിക്കൽ ജി. ദേവരാജൻ പറഞ്ഞിട്ടുണ്ട്. ഇങ്ങനെ എഴുതിയ വരികൾക്ക് ഈണമിട്ടവരെല്ലാം സംഗീതസംവിധാന രംഗത്ത് സ്ഥായിയായ ഇരിപ്പിടമുണ്ടാക്കിയിട്ടുണ്ട്. ഒരു ഗാനം കിട്ടിയാൽ ദക്ഷിണാമൂർത്തി അതിൽ തപസ്സിരിക്കുമായിരുന്നു. പി. ഭാസ്കരൻ എഴുതിയ വരികളിലൂടെ എം.എസ്. ബാബുരാജ് മനസ്സുകൊണ്ടു സഞ്ചരിക്കുമ്പോൾ അദ്ദേഹത്തിന്റെ ഉള്ളിന്റെയുള്ളിൽ ഊറിയിരുന്ന ചില രാഗങ്ങളിലൂടെ ഒട്ടേറെ അനശ്വര ഗാനങ്ങൾ പിറന്നു.

‘താനേ തിരിഞ്ഞും മറിഞ്ഞും

തൻ താമരമെത്തയിലുരുണ്ടും

മയക്കം വരാതെ മാനത്തു കിടക്കുന്നു

മധുമാസ സുന്ദര ചന്ദ്രലേഖ ’ എന്ന ഗാനം ഉദാഹരണം  

‘മഞ്ഞണിപ്പൂനിലാവ്

പേരാറ്റിൻ കടവിങ്കൽ

മഞ്ഞളരച്ചരച്ചു വച്ചു

നീരാടുമ്പോൾ ..’ എന്ന പി. ഭാസ്കരന്റെ വരികൾ കെ. രാഘവനാണു ചിട്ടപ്പെടുത്തിയിരിക്കുന്നത്. അതു കേൾക്കുമ്പോൾ ഒരു പെൺകുട്ടി വന്നു നീരാടുന്നതായി നമുക്ക് തോന്നാറില്ലേ? ഇങ്ങനെയൊക്കെയാണ് മലയാള സിനിമയിൽ എക്കാലത്തെയും മികച്ച ഗാനങ്ങളുണ്ടായിട്ടുള്ളത്.

അരികിൽ നീ ഉണ്ടായിരുന്നെങ്കിൽ...

ജി. ദേവരാജന്റെ തിരുവനന്തപുരത്തെ വീട്ടിലെ നിത്യസന്ദർശകനായിരുന്നു ഞാൻ. ഒരു ദിവസം അവിടെ എത്തിയപ്പോൾ അദ്ദേഹം ഒരു ഹാർമോണിയവുമായി ഇരിക്കുകയാണ്. അടുത്ത് മനോഹരമായ കയ്യക്ഷരത്തിലുള്ള ഒരു ഗാനം. 

‘ഇത് ഒഎൻവിയുടേതല്ലേ? നിങ്ങൾ വീണ്ടും ഒന്നിക്കുകയാണോ?’

ഞാൻ ചോദിച്ചു. രണ്ടു പേരും എന്തോ ഒരു സൗന്ദര്യപ്പിണക്കത്തിലാണെന്ന കാര്യം എനിക്ക് അറിയാമായിരുന്നു.

‘അങ്ങനെ സംഭവിക്കാൻ പോകുന്നു’ എന്നായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. അരികിൽ നീ ഉണ്ടായിരുന്നെങ്കിൽ എന്ന ഗാനമായിരുന്നു അത്. ഹാർമോണിയം പെട്ടിയുടെ മുകളിൽ ഒരു പേന ഇരിപ്പുണ്ടായിരുന്നു. അതെടുത്ത് പാട്ടിലെ ഒരു വരി അടയാളപ്പെടുത്തിക്കൊണ്ട് അദ്ദേഹം പറഞ്ഞു: ഇതു കണ്ടോ, ഇതിൽ ഒരു പ്രയോഗമുണ്ട്. ‘ഒരു മാത്ര വെറുതേ, നിനച്ചു പോയി’ . 

‘വെറുതേ എന്ന വാക്ക് ഒഎൻവി ഒരിക്കലും വെറുതേ പ്രയോഗിക്കില്ല. അതിനു വലിയൊരു അർഥതലമുണ്ട്. അത് ട്യൂൺ ചെയ്യാൻ സാധിക്കാത്തതുകൊണ്ടു മാറ്റി വച്ചിരിക്കുകയാണ്.’ അദ്ദേഹം പറഞ്ഞു.

ഒഎൻവിക്ക് ആ വാക്കിനോടുള്ള താൽപര്യത്തെക്കുറിച്ച് ഞാൻ ആലോചിച്ചു. അദ്ദേഹം പല ഗാനങ്ങളിലും വെറുതേ എന്ന വാക്ക് പ്രയോഗിച്ചിട്ടുണ്ട്. ‘നീയെത്ര ധന്യ’ എന്ന സിനിമയിൽ മുരളിയും കാർത്തികയും അഭിനയിച്ച രംഗമാണത്. ‘ഒരു മാത്ര വെറുതേ നിനച്ചു പോയിയെന്നാണ് പറയുന്നതെങ്കിലും നായികയെ കാണണമെന്നുതന്നെയാണു നായകന്റെ അതിയായ ആഗ്രഹം. അതങ്ങോട്ടു പ്രകടിപ്പിക്കാൻ കഴിയുന്നില്ല. ഈ വികാരത്തെയാണ് ‘അരികിൽ നീ ഉണ്ടായിരുന്നെങ്കിൽ എന്നു ഞാൻ ഒരു മാത്ര വെറുതേ നിനച്ചു പോയി’ എന്ന വാക്കുകളിൽ ഒഎൻവി ആവിഷ്കരിച്ചിരിക്കുന്നത്. ദേവരാജൻ മാസ്റ്റർ പറഞ്ഞതുപോലെ സങ്കീർണമായ ഒരു സന്ദർഭം. 

‘അങ്ങേക്കിതു സാധിക്കാതിരിക്കില്ല, ബ്രഹ്മാവിനാണോ ആയുസ്സിനു പഞ്ഞം’ എന്നു പറഞ്ഞു ഞാൻ ഇറങ്ങി. രണ്ടു ദിവസം കഴിഞ്ഞ് അദ്ദേഹം എന്നെ വിളിച്ചു പറഞ്ഞു.

‘അതിനെ ഞാൻ മെരുക്കിയെടുത്തു. നാളെ തരംഗിണിയിൽ വാ, പാട്ട് കേൾക്കാം.’

അരികിൽ, എന്ന് ഒരു നീട്ട് നൽകിയ ശേഷമാണ് അദ്ദേഹം അത് ട്യൂൺ ചെയ്തിരിക്കുന്നത്. ആദ്യ ഭാഗത്ത് വെറുതേ എന്നു പ്രയോഗിക്കുന്നതു പോലെയല്ല യേശുദാസ് പിന്നീടു പാടിയിരിക്കുന്നത്. അതു ദേവരാജൻ മാസ്റ്റർ വരുത്തിയ മാറ്റമാണ്. അന്ന് യേശുദാസ് യുഎസിലാണ്. എപ്പോഴെങ്കിലുമേ വരൂ. ട്രാക്ക് പാടി അദ്ദേഹത്തിന് അയച്ചു കൊടുക്കുന്നതാണ് പതിവ്. തരംഗിണിയിൽ യേശുദാസിനു വേണ്ടി ട്രാക്ക് പാടുന്ന ചന്ദ്രൻ എന്ന ഒരാളുണ്ടായിരുന്നു. കരുണാകരനാണ് റിക്കോർഡിങ് നടത്തിയത്. ചേംബറിൽ ദേവരാജൻ മാസ്റ്ററോടൊപ്പം ഇരുന്ന് ഈ പാട്ടു കേട്ടപ്പോൾ അദ്ദേഹത്തിന്റെ കാലു തൊട്ടു വന്ദിക്കാൻ തോന്നി. ഉത്തരേന്ത്യയിലാണ് അദ്ദേഹം ജനിച്ചിരുന്നതെങ്കിൽ ഒരു പക്ഷേ, നൗഷാദിന് ശേഷം കൊട്ടിഘോഷിക്കപ്പെടുന്ന സംഗീതജ്ഞനാകുമായിരുന്നു ജി.ദേവരാജൻ .

onv-new

വിദ്യാധരൻ മാസ്റ്ററും ചില അനശ്വര ഗാനങ്ങളും

ഗാനങ്ങളുമായി ധ്യാന നിമഗ്നനായി ഇരിക്കുന്ന പ്രകൃതം വിദ്യാധരൻ മാസ്റ്ററിനുമുണ്ടായിരുന്നു.‌‌ ‘അച്ചുവേട്ടന്റെ വീട്’ എന്ന സിനിമയിലെ ഗാനം എഴുതിയത് എസ്. രമേശൻ നായരാണ്. അതിലെ ‘ചന്ദനം മണക്കുന്ന പൂന്തോട്ടം’ എന്ന വരികൾ വായിച്ചിട്ട് അതു മനോഹരമായിരിക്കുന്നതായി അദ്ദേഹം പറഞ്ഞത് ഓർമയുണ്ട്. അദ്ദേഹത്തിന്റെ ശബ്ദത്തിൽ ഹാർമോണിയം ഉപയോഗിച്ച് പാടി കേൾപ്പിച്ചപ്പോൾതന്നെ അത് ഹിറ്റാകുമെന്ന് ഉറപ്പായിരുന്നു. 

മോഹൻലാൽ അഭിനയിച്ച സിനിമയാണ് പാദമുദ്ര. അതിന്റെ സംവിധായകൻ ആർ. സുകുമാരനും ഗാനരചന നടത്തിയ ഹരി കുടപ്പനക്കുന്നും എന്റെ അടുത്ത സുഹൃത്തുക്കളാണ്. 

‘അമ്പലമില്ലാതെ ആൽത്തറയിൽ വാഴും

ഓങ്കാര മൂർത്തീ ഓച്ചിറയിൽ’ എന്ന ഗാനം വിദ്യാധരൻ ചിട്ടപ്പെടുത്തിയത് തിരുവനന്തപുരത്തെ വേളി യൂത്ത് ഹോസ്റ്റലിൽ വച്ചാണ്. ഹരിയുടെ ആ പാട്ടുമായി വിദ്യാധരൻ മാസ്റ്റർ ഹാർമോണിയം പെട്ടിക്കു മുന്നിൽ ധ്യാനനിമഗ്നനായി ഇരുന്ന രംഗമാണ് ഓർമ വരുന്നത്. പെട്ടെന്നാണ് അതിന്റെ സംഗീതം വന്നത്. അതാണ് നമ്മൾ ഇപ്പോൾ കേൾക്കുന്നത്. പ്രതിഭയുണ്ടായിരുന്നിട്ടും ഈ ഒരു ഗാനത്തിൽ ഒതുങ്ങേണ്ടിവന്നു ഹരിക്ക്.

മനസ്സിൽ മഴ പെയ്യിക്കുന്നവർ...

ഗുരുവായൂർ കേശവനിലെ ‘ഇന്നെനിക്ക് പൊട്ടുകുത്താൻ..’ ചാമരത്തിലെ ‘നാഥാ നീ വരും കാലൊച്ച കേൾക്കുവാൻ,’ പാളങ്ങളിലെ ‘ഏതോ ജന്മ കൽപനയിൽ’ തുടങ്ങിയ ഗാനങ്ങൾ പ്രേക്ഷകരുടെ മനസ്സിൽനിന്നു മാഞ്ഞു പോകാത്തവയാണ്. ഈ വിജയത്തിനു പിന്നിൽ വലിയൊരു പങ്ക് ചിത്രീകരണത്തിനുണ്ട്. ആ രംഗത്ത് ഏറെ വിജയിച്ചിട്ടുള്ളത് ഭരതനാണ്. വൈശാലിയെന്ന സിനിമ ക്ലൈമാക്സിലേക്കു നീങ്ങുകയാണ്. തിയറ്ററിൽ ലൈറ്റ് തെളിയാൻ പോകുന്നു. കഥ മനസ്സിലായതുപോലെ  പ്രേക്ഷകർ സീറ്റിൽനിന്ന് എണീറ്റു. പെട്ടെന്നാണ് ഇടിമുഴക്കത്തിന്റെ അകമ്പടിയോടെ  ‘ദുംദുംദുംദും ദുന്ദുഭിനാദം’ എന്ന ഗാനം കടന്നു വന്നത്. പിന്നാലെ മഴയെത്തി. അതു പ്രേക്ഷകരുടെ മനസ്സിലേക്കു പെയ്തിറങ്ങി. . 

കഥാപാത്രങ്ങൾക്കൊപ്പം അവരും മഴ നനഞ്ഞു. ആരും തിയറ്റർ വിട്ടില്ല. ഭരതൻ സ്പർശമെന്നോ മാജിക് എന്നോ ഇതിനെ വിശേഷിപ്പിക്കാം. രവി ബോംബെയുടെ സംഗീതവും ഒഎൻവിയുടെ വരികളും ഭരതന്റെ ചിത്രീകരണവും ഒരുമിച്ച, അദ്ഭുതപ്പെടുത്തുന്ന ചലച്ചിത്രാനുഭവം. ഹരിഹരന്റെ ചില സിനിമകൾക്കും ഇത്തരം അനുഭവങ്ങൾ പങ്കുവയ്ക്കാനായിട്ടുണ്ട്. വിൻസന്റ് മാസ്റ്ററുടെ ഗാന ചിത്രീകരണങ്ങളും പ്രേക്ഷകരെ വിസ്മയിപ്പിക്കുന്നതായിരുന്നു. ചിത്രീകരണം പാളിയ ചില ഗാനങ്ങളുണ്ട്. ഉദാഹരണത്തിന്

‘മാണിക്യവീണയുമായെൻ

മനസ്സിന്റെ താമരപ്പൂവിലുണർന്നവളേ..’

എന്ന ഗാനം..

പാരിജാതം തിരുമിഴി തുറന്നു...

അതിശയിപ്പിക്കുന്ന  നിമിഷ കവിയായിരുന്നു വയലാർ രാമവർമ. നേരിട്ടു കണ്ടിട്ടില്ലെങ്കിലും അദ്ദേഹത്തിന്റെ പാട്ടെഴുത്തിനെക്കുറിച്ച് ഒപ്പമുണ്ടായിരുന്ന പലരിലൂടെയും പറഞ്ഞു കേട്ട കഥകൾ അതിശയിപ്പിക്കുന്നതാണ്. പി.എൻ. മേനോൻ പറഞ്ഞ ഒരു കഥ ഇങ്ങനെയാണ്: 

വയലാറിനും എസ്.കെ. നായർക്കുമൊപ്പം ഒരു യാത്രയിലായിരുന്നു. അംബാസഡർ കാറിന്റെ പ്രതാപകാലം. കായംകുളത്ത് എത്താറായി. വയലാർ കാർ നിർത്താൻ ആവശ്യപ്പെട്ടു. അവിടെ ഒരു മാവിൽ നല്ല ചുവന്നു തുടുത്ത മാങ്ങ നിൽക്കുന്നുണ്ടായിരുന്നു. വയലാറിന് അതു കഴിച്ചേ തീരൂ. അതിനാണു വണ്ടി നിർത്തിച്ചത്. എസ്.കെ. നായർ കാറിൽ നിന്നിറങ്ങി മാങ്ങ ഇടാൻ ആളെ അന്വേഷിച്ചു നടന്നു. ‘തോക്കുകൾ കഥ പറയുമ്പോൾ’ എന്ന സിനിമയ്ക്കു പാട്ടെഴുതുന്ന സമയമാണ്. ആ ദിവസമാണ് പാട്ട് കൊടുക്കെണ്ടത്. വഴിയിൽവച്ചുതന്നെ അത് വയലാറിനെ പി.എൻ. മേനോൻ ഓർമിപ്പിച്ചു. അന്ന് പാസിങ് ഷോ എന്നൊരു സിഗരറ്റുണ്ട്. അതിന്റെ കവർ പി.എൻ. മേനോന്റെ പോക്കറ്റിൽ കിടക്കുന്നുണ്ടായിരുന്നു. വയലാർ പെട്ടെന്ന് ആ കവറെടുത്ത് രണ്ടായി കീറി കാറിന്റെ മുകളിൽ വച്ച് എഴുതി:

പാരിജാതം തിരുമിഴി തുറന്നു,

പവിഴമുന്തിരി പൂത്തുവിടർന്നു.

നീലോൽപലമിഴി,

നീലോൽപലമിഴി,

നീ മാത്രമെന്തിനുറങ്ങീ...

ഇതിനിടെ മാങ്ങ എത്തി. അതൊക്കെ കഴിച്ച് ഒന്നും സംഭവിക്കാത്തതുപോലെ യാത്ര തുടർന്നു.

പത്മ തീർഥമേ ഉണരൂ...

തിരുവനന്തപുരത്തെ നെയ്യാറ്റിൻകര ഗെസ്റ്റ് ഹൗസിൽ ഒരു രാത്രി ഇരുട്ടിവെളുക്കുന്നതിനു മുൻപാണ് ‘ഗായത്രി’യെന്ന സിനിമയിലെ ഗാനങ്ങൾ പിറന്നത്. അതിനെപ്പറ്റി മലയാറ്റൂർ രാമകൃഷ്ണന്റെ സ്മരണ ഇങ്ങനെ: ദേവരാജൻ മാസ്റ്ററായിരുന്നു അതിന്റെ സംഗീത സംവിധായകൻ. അദ്ദേഹത്തിന്റെ വാശി പ്രസിദ്ധമാണ്. അടുത്ത ദിവസം പാട്ട് കിട്ടിയില്ലെങ്കിൽ പിൻവാങ്ങുമെന്ന മുന്നറിയിപ്പുമായിട്ട് മറ്റൊരു മുറിയിൽ താമസിക്കുകയായിരുന്നു അദ്ദേഹം. വയലാർ രാത്രി വൈകിയും പാട്ടെഴുതാതെ സംഭാഷണത്തിലാണ്. ഒപ്പമുള്ളവർ അദ്ദേഹത്തെ പിടിച്ചു കിടത്തി ഉറക്കാൻ മലയാറ്റൂർ രാമകൃഷ്ണനെ ചട്ടം കെട്ടി അദ്ദേഹം അങ്ങനെ ചെയ്തു.

പുലർച്ചെ വയലാറിനെക്കൊണ്ട് പാട്ട് എഴുതിക്കാനായിരുന്നു. പ്ലാൻ. വിളിച്ചുണർത്താൻ ഒരു ലൈറ്റ് ബോയിയെ ചുമതലപ്പെടുത്തി. അയാളെത്തി മലയാറ്റൂരിനെ വിളിച്ചു. അദ്ദേഹം എഴുന്നേൽപിക്കാൻ ശ്രമിച്ചപ്പോൾ വയലാർ മേശയിലേക്ക് കൈ ചൂണ്ടി. അതിൽ ഒരു പേപ്പർ വെയിറ്റിനു താഴെ ഗാനങ്ങൾ എഴുതിയ കടലാസുകൾ. യേശുദാസിന് ദേശീയ പുരസ്കാരം കിട്ടിയ ‘പത്മതീർഥമേ ഉണരൂ.’ ഉൾപ്പെടെയുള്ള ഗാനങ്ങൾ അങ്ങനെയാണു പിറന്നത്. ഉറങ്ങിക്കിടന്ന വയലാർ എപ്പോഴായിരിക്കും എഴുന്നേറ്റ് പാട്ടെഴുതിയത്?

സംഗീതവും സർഗശക്തിയും

അസാമാന്യമായ സർഗശക്തിയുള്ള കവികൾ മലയാള ചലച്ചിത്രഗാന രംഗത്തെ ഭരിച്ചിരുന്ന ഒരു കാലമുണ്ടായിരുന്നു. അതിലേക്ക് ആദ്യമെത്തിയത് പി. ഭാസ്കരനാണ്. പിന്നീട് ഒഎൻവി വന്നു. വയലാർ, യൂസഫലി കേച്ചേരി, ശ്രീകുമാരൻ തമ്പി എന്നിവർ പിന്നാലെ. സംഗീത സംവിധാന രംഗത്ത് ജി. ദേവരാജൻ, വി. ദക്ഷിണാമൂർത്തി, കെ.രാഘവൻ, എം.എസ്. ബാബുരാജ്, എം.കെ. അർജുനൻ എന്നിവർക്കു ശേഷം പ്രതിഭയുള്ളവർ കുറഞ്ഞു. പിന്നാലെ വന്ന പലരുടെയും ഗാനങ്ങൾ ആദ്യകാലത്തുണ്ടാക്കിയ തരംഗങ്ങൾ ക്രമേണ കെട്ടടങ്ങി. പലതും വിസ്മൃതരായി. രവീന്ദ്രനും ജോൺസനുമൊക്കെ വരികൾക്ക് സംഗീതം നൽകുന്നതിനേക്കാൾ ട്യൂണിട്ടിട്ട് എഴുതിക്കുന്നതിലായിരുന്നു താൽപര്യം. ഇതു തുടങ്ങിവച്ചത് സലിൽ ചൗധരിയാണ്.

മുന്നോട്ടു പോകാനാകാത്തവർ

ഒരു പാട്ടു മാത്രംകൊണ്ട് ശ്രദ്ധിക്കപ്പെട്ട ധാരാളം പേരുണ്ട്. ‘കടലിനു പതിനേഴു വയസ്സായി’ എന്ന ഗാനം എഴുതിയ ഗൗരീശപട്ടം ശങ്കരൻ നായർ, ‘ദേവീക്ഷേത്രനടയിൽ ദീപാരാധന വേളയിൽ’ എഴുതിയ പരത്തുള്ളി രവീന്ദ്രൻ ‘അമ്പലമില്ലാതെ ആൽത്തറയിൽ വാഴും’  എഴുതിയ ഹരി കുടപ്പനക്കുന്ന് എന്നിവർക്കൊന്നും കൂടുതൽ മുന്നോട്ടു പോകാനായില്ല സിനിമയിലെ ക്ലിക്കിന്റെ ഭാഗമായിരിക്കാം അതൊക്കെ .

‘അല്ലിയാമ്പൽക്കടവിലന്നരയ്ക്കു വെള്ളം’ എന്ന പി. ഭാസ്കരന്റെ ഗാനത്തിനു സംഗീതം ഒരുക്കിയ ജോബ് മാഷിനെപ്പോലെ ചിലരുമുണ്ട്. അത് പാടേണ്ടിയിരുന്നത് ഉദയഭാനുവാണ്. ചുമയും ജലദോഷവും കാരണം മാറി നിന്ന അദ്ദേഹത്തിന്റെ നിർദേശ പ്രകാരമാണ് അവിടെയുണ്ടായിരുന്ന യേശുദാസ് എന്ന യുവാവിനെക്കൊണ്ടതു പാടിച്ചത്. അതിലൂടെ ഒരു ചരിത്രം പിറക്കുകയായിരുന്നു. ആ ജോബ് മാഷിന് എന്തുപറ്റിയെന്നു നമ്മൾ അന്വേഷിച്ചിട്ടുണ്ടോ?

മുഴച്ചു നിൽക്കുന്ന സംഗീതം

ഇപ്പോഴത്തെ സിനിമകളിൽ ഗാന രചയിതാവിന് പൊതുവേ ഇടമില്ല അവിടെ സംഗീത സംവിധായകനാണു മേൽക്കൈ. ഇപ്പോഴത്തെ സംഗീത സംവിധായകർക്ക് വാക്ക് എന്തായാലും പ്രശ്നമില്ല, സംഗീതം മുഴച്ചു നിൽക്കണമെന്നേയുള്ളൂ. വ്യാപകമായി തെറി വാക്കുകൾ ഉപയോഗിക്കുന്ന ശീലമാണ് ഇന്നത്തെ സിനിമയിൽ. അത് ഗാനങ്ങളിൽ പോലും കടന്നു വരുന്നു. അതൊക്കെ ആളുകളെ അടിച്ചേൽപിക്കുകയാണ്. മത്സര രംഗത്തുള്ള കുട്ടികൾ പോലും പാടുന്നതു പഴയ പാട്ടുകളാണെന്ന് മറക്കരുത്.

നിരൂപണമല്ല, ഭാഷയ്ക്കു വേണ്ടിയുള്ള ജാഗ്രത

ഞാൻ ചലച്ചിത്ര ഗാനങ്ങൾ നിരൂപണം ചെയ്തു തുടങ്ങിയിട്ട് നാലു പതിറ്റാണ്ടായി. വായനക്കാരുടെയും പ്രേക്ഷകരുടെയും പക്ഷത്തുനിന്നാണു ഗാനങ്ങളെ സമീപിക്കുന്നത്. അതിനെ യൂസഫലി കേച്ചേരി, ഒഎൻവി, പി. ഭാസ്കരൻ എന്നിവർ അകമഴിഞ്ഞു പ്രോത്സാഹിപ്പിച്ചിട്ടുണ്ട്. അവർക്കു ശേഷം വന്ന ബിച്ചു തിരുമല, പൂവച്ചൽ ഖാദർ, കൈതപ്രം, ഗിരീഷ് പുത്തഞ്ചേരി, റഫീഖ് അഹമ്മദ് എന്നിവരുടെ മികച്ച ഗാനങ്ങളെ അഭിനന്ദിക്കുകയും മോശമെന്നു തോന്നുമ്പോൾ ചൂണ്ടിക്കാണിക്കുകയും ചെയ്തു. അതിനൊക്കെ പിന്നിൽ ഭാഷയോടുള്ള സ്നേഹമാണ്. ഗാനങ്ങളിലെ ഘടനാപരവും ഭാവനാപരവുമായ തെറ്റുകൾ അടുത്ത തലമുറയെയാണ് ബാധിക്കുന്നത്. അതിനു വേണ്ടിയുള്ള ജാഗ്രതയാണിത്.

English Summary: Exclusive Interview with TP Sasthamangalam

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN INTERVIEWS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

പോഞ്ഞിക്കരയും പ്യാരിയും പിന്നെ കല്യാണരാമനും | Rewind Reels | Kalyanaraman movie

MORE VIDEOS
FROM ONMANORAMA